തീയിൽ കുരുത്തവൾ
(രചന: Ammu Santhosh)
“ഈ കല്യാണത്തിന് നീ സമ്മതിക്കാൻ പോവാണോ മാളൂ?” ജാനിചേച്ചി മുറിയിലേക്ക് വന്നപ്പോൾ മാളവിക മൊബൈലിൽ സംസാരിച്ചു കൊണ്ടരുന്നത് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി
ചേച്ചി അങ്ങനെ ആരുടെയും കാര്യങ്ങൾ അന്വേഷിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. അതൊക്കെ വർഷങ്ങൾക്ക് മുന്നേ ചേച്ചി അവസാനിപ്പിച്ചിരുന്നു.”അതെ “മാളു ഉറച്ച സ്വരത്തിൽ പറഞ്ഞു
“നിനക്കിപ്പോ കഷ്ടിച്ച് ഇരുപത് വയസ്സേയുള്ളു. ഡിഗ്രി പോലും കൈയിൽ ഇല്ല. പഠിക്കണ്ടേ നിനക്ക്? നീ കുറച്ചു ബോൾഡ് ആയി ഒരു നൊ പറയു മോളെ ”
മാളു ചിരിച്ചു”ചേച്ചി ഞാൻ കല്യാണം കഴിക്കുന്നത് ഞാൻ സ്നേഹിക്കുന്നവനെയാ. അവരൊക്കെ വലിയ വീട്ടുകാരാ. എന്നെ പഠിപ്പിച്ചോളും. അവർ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ എന്റെ ഭാഗ്യമാണെന്നാ അച്ഛൻ പറയുന്നത്”
അത് ജാനകിക്ക് പുതിയ അറിവായിരുന്നു. അവളോടാരും ഇതൊന്നും പറഞ്ഞില്ല. അമ്മ പോലും. അവളും അവളുടെ തയ്യൽ മഷിനും ഒരു മുറിയിൽ ഉണ്ടെന്ന് പോലും അവർ ചിലപ്പോൾ ഓർക്കാറുപോലുമില്ല എന്നതാണ് സത്യം.
“പ്രേമം എന്നത് ഒരു കാലയളവിൽ തോന്നുന്ന ഭ്രമം മാത്രം ആണ് മോളെ. കുറച്ചു കഴിയുമ്പോൾ നിനക്ക് തോന്നും പഠിക്കാമായിരുന്നു.
ജോലി കിട്ടിയിട്ട് മതിയാരുന്നു എന്നൊക്കെ. എന്റെ കാര്യം തന്നെ നോക്ക്. പ്ലസ് ടു കഴിഞ്ഞ ഉടനെ എന്നെ കല്യാണം കഴിപ്പിച്ചു. ഞാൻ എത്ര പറഞ്ഞു ഇവിടെ എനിക്ക് പഠിക്കണം എന്ന്.
ആരും കേട്ടില്ല ഏതോ ഒരാൾക്ക് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അയാൾ സമ്പന്നൻ ആണെന്നും കൂടെ അറിഞ്ഞപ്പോൾ ഒരു ഭാരം ഒഴിവാക്കുന്ന പോലെ എന്നെ ഇറക്കി വിട്ടു. എന്നിട്ടെന്തായി. അയാളുടെ ഇഷ്ടം ഒക്കെ മൂന്ന് മാസം കൊണ്ടു തീർന്നു.”
“ചേച്ചിക്ക് കുറച്ചു അഡ്ജസ്റ്റ് ചെയ്യാമായിരുന്നു ചേട്ടൻ ഒന്ന് തല്ലിയപ്പോ പിച്ചി, മാന്തി എന്നൊക്കെ പറഞ്ഞു ഉപേക്ഷിച്ചിങ്ങോട്ട് പോരുന്നു. ഭർത്താക്കന്മാരായാൽ ഒന്ന് തല്ലി എന്നൊക്കെ വരും. അത് അങ്ങ് പോട്ടെ എന്ന് വെച്ചേക്കണം ”
“കഷ്ടം ഇത്രയും വലിയ വിഡ്ഢിത്തം ആരാ നിന്നേ പറഞ്ഞു പഠിപ്പിച്ചേ? അമ്മയോ? അമ്മയ്ക്ക് തല്ല് കൊള്ളു ന്നത് നീ കണ്ടിട്ടുണ്ടോ? അച്ഛൻ ഇത് വരെ അത് ചെയ്തിട്ടില്ല.
അടിയുടെ ചൂട് അമ്മ അറിഞ്ഞിട്ടില്ല. അത് അറിഞ്ഞവളാണ് ഞാൻ. മുഖം അടച്ചൊന്നു കിട്ടിയാൽ ഒരാഴ്ച ചെവി കേൾക്കില്ല.
തല നേരേ നിൽക്കില്ല. പുറത്ത് ഒരിടി ശക്തിയിൽ കിട്ടിയാൽ ശ്വാസം എടുക്കാൻ കഴിയില്ല ചുമച്ചു ചുമച്ചു ഇരിക്കുമ്പോൾ അടിവയറ്റിൽ ഒരു തൊഴി കൂടി കിട്ടിയാലോ? വേദന കൊണ്ടു മൂത്രം ഒഴിച്ച് പോകും..
ഒടുവിൽ അവന്റെ മുഖത്തു ഒന്ന് കൊടുത്തു ഇറങ്ങി പോരുമ്പോൾ എനിക്ക് കുറ്റബോധമുണ്ടായിരുന്നില്ല. പക്ഷെ ചേച്ചി സഹിച്ചതൊന്നും നീ സഹിക്കാൻ പാടില്ല ”
മാളൂ നടുക്കത്തിൽ അത് കേട്ട് നിന്നു, അവള്ക്ക് ഇതൊന്നും അറിയില്ലായിരുന്നു…പാവം ചേച്ചി
“ഇങ്ങോട്ട് വന്നപ്പോൾ എല്ലാം പറഞ്ഞപ്പോൾ അച്ഛനും അമ്മയും പറഞ്ഞു സഹിക്കാൻ, ക്ഷമിക്കാൻ… മനസ്സില്ല എന്ന് പറഞ്ഞു ഞാൻ.”
ജാനകി വിഷാദത്തോടെ ചിരിച്ചു.
“അച്ഛനുമമ്മയും ആണെങ്കിലും അവർക്ക് എന്നെ മനസിലായില്ല. എന്നെ മനസ്സ് കൊണ്ടു ഉപേക്ഷിച്ച പോലെയായി പിന്നെ. എനിക്ക് അതിലിപ്പോ സങ്കടം ഒന്നുമില്ല.
ഞാനും എന്റെ വഴി തിരഞ്ഞെടുത്തു കഴിഞ്ഞു. വേണമെങ്കിൽ എനിക്കിത് നിന്നോട് പറയാതെയിരിക്കാം. കാരണം നീ ഒരിക്കലും എന്നോട് ഒന്നും ചോദിച്ചിട്ടില്ല. എന്നെ കേൾക്കാൻ മനസ്സ് കാണിച്ചിട്ടുമില്ല.”
“അത് ചേച്ചി… ഞാൻ.. അച്ഛനും അമ്മയും പറഞ്ഞത് ചേച്ചിയുടെ വാശി, ദേഷ്യം.. ഒക്കെ ആണ് കാരണം എന്നാണ്. പിന്നെ ചേച്ചി എന്നോടും ഒന്നും പറഞ്ഞിട്ടില്ലല്ലോ. പക്ഷെ എല്ലാ ആണുങ്ങളും ഒരു പോലെയല്ലല്ലോ ചേച്ചി. എന്റെ അഭിജിത് നല്ലവനാണ്.
എന്നെ ഇനിയും പഠിപ്പിക്കാൻ തയ്യാറാണ്. അത് കഴിഞ്ഞ് ഞങ്ങളുടെ ലോകം ചിലപ്പോൾ വിദേശത്തായിരിക്കും. അതാണ് പ്ലാൻ. ഇതൊക്കെ സമ്മതിച്ചത് കൊണ്ടാണ് ഞാനും ഈ കല്യാണത്തിന് സമ്മതിച്ചത് തന്നേ .”ജാനകി വെറുതെ തലയാട്ടി.
മാളുവിന്റെ കണ്ണിലെ ആത്മവിശ്വാസം കണ്ടപ്പോൾ പിന്നെ ഒന്നും പറയാനും അവൾക്ക് തോന്നിയില്ല.
“നിന്റെ വിശ്വാസം നിന്നേ രക്ഷിക്കട്ടെ
പക്ഷെ ഒരടി പോലും കൊള്ളാൻ നിന്നു കൊടുക്കരുത്. പിന്നെ നിലത്തിട്ട് ചവിട്ടി അരച്ച് കളയും. നിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന എത്തിടത്ത് നിന്നും ഇറങ്ങി പൊന്നേക്കുക. ചേച്ചി ഉണ്ട് നിനക്ക് ”
ജാനകി അവളുടെ കയ്യിലേക്ക് ഒരു പിടി നോട്ടുകൾ വെച്ചു കൊടുത്തു”ഇതൊന്നും വേണ്ട ചേച്ചി ”
“വേണം. സ്വന്തം എന്ന് പറയാൻ പെണ്ണിന് അവളുടെ കയ്യിൽ പണം വേണം. ഒരു പൊട്ടിന് , കണ്മഷിക്ക്, ലിപ്സ്റ്റിക്കിന് ഒക്കെ കൈ നീട്ടി ചളിപ്പോടെ നിൽക്കുന്ന പെണ്ണുങ്ങളെ ചേച്ചിക്ക് അറിയാം.
വലിച്ചെറിഞ്ഞു കൊടുക്കുന്ന നോട്ടുകളിൽ ഒന്ന് പോലും എടുക്കരുത്. സ്വയം സമ്പാദിക്കുന്ന നോട്ടുകളെക്കാൾ മൂല്യമില്ല അതിന് ” ജാനകി മുറി വിട്ട് പോയി
മാളു നിറഞ്ഞ കണ്ണുകളോടെ ആ നോട്ടുകൾ നെഞ്ചിൽ ചേർത്ത് പിടിച്ചു.കല്യാണം ഗംഭീരമായി നടന്നു
ഒരു മൂലയ്ക്ക് ജാനകി നിന്നു. ആരുമവളോട് വിശേഷങ്ങൾ തിരക്കിയില്ല. ആരുമവളോട് ഭക്ഷണം കഴിക്കാൻ വരുന്നില്ലേ എന്ന് ചോദിച്ചില്ല.
മാളവിക യാത്ര ആകുമ്പോൾ ആരും അവളോട് അങ്ങോട്ട് ചെല്ല് എന്ന് പറഞ്ഞുമില്ല, അവൾ അവളുടെ സ്കൂട്ടിയിൽ തയ്ച്ചു വെച്ചിരിക്കുന്ന വസ്ത്രങ്ങളുമായി അതിന്റെ ഉടമസ്ഥരുടെ വീടുകളിലേക്ക് പോയി.പുതിയ വീട്, പുതിയ ആൾക്കാർ, Ac മുറികൾ
മുന്തിയ ഇനം ഭക്ഷണങ്ങൾ, എന്തിനും ഏതിനും ജോലിക്കാർ, താൻ ഒരു സ്വർഗത്തിൽ ചെന്നെത്തിയ പോലെ മാളവികക്ക് തോന്നി
അഭിജിത്തിന്റ അമ്മയെ ഇടക്ക് എപ്പോഴോ ഒന്ന് കണ്ടു. ഒരു പുഞ്ചിരി മിന്നിമാഞ്ഞത് പോലെ. അത്ര തന്നെ. ആരും ആരോടും വലിയ സംസാരങ്ങളൊന്നുമില്ല. നിശബ്ദത. അഭിജിത്തിനു വലിയ സ്നേഹം തന്നെ
ചേച്ചി പറഞ്ഞതൊക്കെ ചേച്ചിയുടെ അനുഭവം.ചേച്ചിയുടെ വിധി , തനിക്ക് കിട്ടിയത് ഇതാണ്.
അവൾ പതിയെ ചേച്ചിയെ മറന്നു. വീടിനെയും.”കോളേജ് തുറന്നു ട്ടോ അഭി ”
അവൻ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ അവൾ പറഞ്ഞു”തുറക്കട്ടെ.. എനിക്ക് നിന്നേ പിരിഞ്ഞിരിക്കാൻ വയ്യ മാളൂ. ഞാനുച്ചക്ക് വരും അപ്പൊ നീ ഉണ്ടാവണം ഇവിടെ. എന്റെ അമ്മയെ കണ്ടില്ലേ എൽ എൽ ബി ഫസ്റ്റ് റാങ്കാ.
പക്ഷെ അച്ഛനെയും ഞങ്ങളെയും നോക്കി ഇവിടെ ഇരിക്കാൻ ആയിരുന്നു അമ്മയ്ക്ക് ഇഷ്ടം. നീ അമ്മയുമായി കമ്പനി കൂടിക്കോ. ഉച്ചക്ക് ഞാനേത്തും പിന്നെ നമ്മൾ കറങ്ങാൻ പോവാ.. പോരെ?”
ആ വാക്ധോരണിയിൽ അവൾ മയങ്ങി.അമ്മ അധികം സംസാരിക്കാൻ നിന്നു തരില്ല.ഭക്ഷണം കഴിക്കുമ്പോ ചിലപ്പോൾ ചോദിക്കും”ഇത് മാളവികക്ക് ഇഷ്ടം ആണോ? ഇത് വരെ കഴിച്ചിട്ടുണ്ടാവില്ല ഈ ഡിഷ്?”
ആദ്യമൊക്കെ അത് സ്നേഹം കൊണ്ടാണെന്നു തോന്നി , പിന്നെ മനസിലായി അത് ഒരു ഓർമിപ്പിക്കലാണ്. നീ എത്തി ചേർന്നിടം നീ അർഹിക്കുന്നില്ല എന്നുള്ള ഒരു കുത്ത്.പുറത്ത് പോകുമ്പോഴും അതെ
“മാളവിക ഈ ഹോട്ടലിൽ മുൻപ് വന്നിട്ടുണ്ടാവില്ല ഫൈവ് സ്റ്റാർ ആണ്.
എൻജോയ് ” കുടിലമായ ഒരു ചിരി ഉണ്ടാകും അപ്പൊ.
കഴിയുന്നതും അവരുടെ കൂടെ പോകാതായി
ആദ്യത്തെ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അഭിജിത് ഓഫീസിൽ നിന്നു വൈകുന്നേരം മാത്രം ആണ് എത്തുക. അത് വരെ വെറുതെ ഇരുന്ന് അവൾക്ക് മടുത്തു
” എനിക്ക് എന്തെങ്കിലും ചെയ്യണം. പഠിക്കാൻ പോണം “”അത് ഒന്നും ചിന്തിക്കേണ്ട മാളൂ. പ്രെഗ്നൻസിയെ കുറിച്ച് ചിന്തിക്കാം നമുക്ക്. ഒരു പാട് വൈകിയ കുട്ടികൾ ഉണ്ടാവില്ല ത്രേ.”
“എനിക്ക് ഇരുപത് വയസ്സേ ആയുള്ളൂ ഇപ്പോഴേ എനിക്ക് വയ്യ.””അത് നീ മാത്രം അല്ല തീരുമാനിക്കുക. ഒരു കുഞ്ഞിന് ആണ് ആദ്യ പരിഗണന.”അവൻ ദേഷ്യത്തോടെ പറഞ്ഞു
“എനിക്ക് വയ്യാന്നു പറഞ്ഞില്ലേ?”അവളുടെ ശബ്ദം ഉയർന്നു”ഈ വീട്ടിൽ ഇങ്ങനെ ഉറക്കെ സംസാരിക്കാൻ പാടില്ല “അമ്മ മുറിയിൽ
“നിങ്ങളുടെ ലോക്കൽ സംസ്കാരം ഇവിടെ പറ്റില്ല”അമ്മ സ്വരം താഴ്ത്തി ആണ് പറയുന്നത് എങ്കിലും ഒരു പുഴുവിനെ നോക്കും പോലെ അവളെ നോക്കുന്നുണ്ടായിരുന്നു. അന്ന് രാത്രി അവൾ വീട്ടിൽ വിളിച്ചു എല്ലാം പറഞ്ഞു
“അവർ പറയുന്നത് അല്ലെ ശരി? അവർ നാട്ടുടുനടപ്പല്ലേ പറഞ്ഞത്? മര്യാദക്ക് അനുസരിക്കു”
അമ്മ പറഞ്ഞു”എനിക്ക് വയ്യ അമ്മേ കുറച്ചു ദിവസം ഞാൻ അങ്ങോട്ട് വന്നു നിൽക്കട്ടെ ”
“കല്യാണം കഴിഞ്ഞാൽ ഭർത്താവ് പറയുന്നത് കേട്ട് അവിടെ നിന്നോണം. ഇവിടെ ഒരുത്തി വന്നു നിൽക്കുന്ന നാണക്കേട് മാറിയിട്ടില്ല ”
അവർ ഫോൺ കട്ട് ചെയ്തു അഭിജിത് അവളോട് അധികം സംസാരിക്കാതെയായി. കുഞ്ഞ് ഉടനെ വേണം എന്നുള്ള അവന്റെ തീരുമാനത്തോടവൾക്ക് യോജിക്കാനും സാധിച്ചില്ല
” കുഞ്ഞുങ്ങൾ വേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ഒരു ജോലി ഒക്കെ ആയിട്ട് മതി. ഞാൻ ഡിഗ്രി ഒന്ന് പാസ്സ് ആയിക്കോട്ടെ ”
അവൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി”അത് നടക്കില്ല. ഈ വീട്ടിൽ പെണ്ണുങ്ങൾ ജോലിക്ക് പോകാറില്ല. നിനക്ക് മറ്റ് എല്ലാ സ്വാതന്ത്ര്യവും ഉണ്ടല്ലോ “”എന്റെ സ്വാതന്ത്ര്യം തരുന്നത് നിങ്ങളാണോ ?”
അവൾ ദേഷ്യത്തിൽ ചോദിച്ചു”അതെ..നീ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ നിന്റെ ഭർത്താവാണ്.””അത് കൊണ്ട്?”
“അത് കൊണ്ടടങ്ങി ഒതുങ്ങി എന്റെ കുഞ്ഞുങ്ങളെയും വളർത്തി കഴിഞ്ഞു പോകാമെങ്കിൽ ആവാം. ഇല്ലെങ്കിൽ നിന്റെ ചേച്ചിയെ പോലെ ഒരു മെഷിനും ഇട്ട് ജീവിക്കാം ”
അവളുടെ ഉള്ളിൽ എന്തൊ പൊട്ടിതകർന്നു. കല്യാണത്തിനു മുൻപ് പറഞ്ഞതൊന്നുമല്ല ഇപ്പൊ.
കല്യാണത്തിന് മുൻപ് കണ്ട ആളുമല്ല , അമ്മയുമായി മുറിയിൽ പോയിരുന്നു അടക്കി പിടിച്ചു സംസാരിക്കുന്നത് കാണാം. അമ്മ എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട്. തന്നോടധികം മിണ്ടാറില്ല …
“എനിക്ക് ഒന്ന് വീട്ടിൽ
പോകണം “ഒരു ദിവസം അവൾ പറഞ്ഞു”പൊയ്ക്കോളൂ പിന്നെ ഇങ്ങോട്ട് വരരുത് “അവൻ മുഖം കറുപ്പിച്ചു പറഞ്ഞു
വീട്ടിൽ അച്ഛനും അമ്മയും ഒറ്റയ്ക്ക് വന്നതിന് അവളെ കുറെ വഴക്ക് പറഞ്ഞു. അവൾ ചേച്ചിയുടെ മുറിയിൽ ചെന്നു.”ചേച്ചി എവിടെ?”
“അവൾ സ്വന്തം ഷോപ്പ് ഒക്കെ തുടങ്ങി. നീ അറിഞ്ഞില്ലേ?”അമ്മ അലസമായി പറഞ്ഞു
ചേച്ചിയെ ഇത് വരെ വിളിച്ചിട്ടില്ലല്ലോ എന്ന് അപ്പോഴാണ് അവൾ ഓർത്തത്. ആറുമാസത്തിൽ കൂടുതൽ ആയി.
ചേച്ചിയുടെ ഷോപ്പ് കണ്ട് അവൾ അമ്പരന്നു വലിയ ഒരു ഷോപ്പ് , പത്തു പന്ത്രണ്ട് ജോലിക്കാർ”ഇതൊക്കെ എപ്പോ?”അവൾ അതിശയത്തിൽ ചോദിച്ചു
“കുറച്ചു വർഷങ്ങളായി സ്വര്കൂട്ടി വെച്ച പൈസ ആണ്.ഇതിന് പിന്നിൽ ഒരു യൂണിറ്റ് ഉണ്ട് വാ കാണിച്ചു തരാം “ചേച്ചി ചിരിച്ചു
ഒരു വലിയ ഹാൾ, അവിടെയും കുറച്ചു സ്ത്രീകൾ ഇരുന്ന് തയ്ക്കുന്നുണ്ട്. വേറെയും ജോലികൾ നടക്കുന്നു.
“നേരെത്തെ തുടങ്ങി വെച്ചതാ. ആരോടും പറഞ്ഞില്ല. ഷോപ്പ് മാത്രം ഇപ്പൊ
എടുത്തതാണ്.”
ചേച്ചി കുറച്ചു കൂടി ചെറുപ്പമായ പോലെ, കടും മഞ്ഞ ചുരിദാറിൽ അപൂർവ സുന്ദരിയെ പോലെ.. തന്റെ അനിയത്തി ആണെന്നെ പറയു
“ഡിഗ്രിക്ക് പിന്നെ ചേരാൻ അവർ സമ്മതിച്ചില്ല അല്ലെ?’ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു എല്ലാം പറഞ്ഞു
“നിനക്ക് പഠിക്കണം എങ്കിൽ ഞാൻ പഠിപ്പിക്കാം.. പക്ഷെ തീരുമാനം നിന്റെ മാത്രം ആണ് “മാളവിക കണ്ണീർ തുടച്ചു
അഭിജിത്തിനെ ഉപേക്ഷിക്കണമെന്ന് അവൾ ആഗ്രഹിച്ചില്ല പക്ഷെ ഡിവോഴ്സ് നോട്ടീസ് വന്നപ്പോൾ ഒരു എതിർപ്പും കാണിക്കാതെ അവൾ ഒപ്പിട്ട് കൊടുത്തു.
അമ്മയും അച്ഛനും രണ്ടു മക്കളും ഇങ്ങനെ തല തിരിഞ്ഞു പോയല്ലോ എന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.
അവൾ വീണ്ടും പഠിച്ചു തുടങ്ങി. ഡിഗ്രി കഴിഞ്ഞപ്പോൾ എൽ എൽ ബിക്ക് ചേർന്നു. വർഷങ്ങൾക്ക് ശേഷം ഹൈ കോടതിയിൽ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യുമ്പോൾ മാളവികയ്ക്ക് ഒപ്പം ജാനകി ഉണ്ടായിരുന്നു.ജാനകി മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു കോട്ട പോലെ അവളെ കാത്തു കൊണ്ട്…
ഒരു കുടപോലെ അവൾക്ക് മുകളിൽ പെയ്യുന്ന മഴയെ തടുത്ത് കൊണ്ട്, ജാനകി… അത്രമേൽ ധീരയായ ഒരു പെണ്ണിന് മാത്രമെ മറ്റൊരു പെണ്ണിനെ നയിക്കാനാവു. തീയിൽ കുരുത്തവൾ വെയിലിൽ വാടില്ലല്ലോ…