കഴുത്തിൽ വീണ താലിചരട് ആ പാറുവിനെ എവിടെയോ കെട്ടിയിട്ടുവെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു…ചുമലിൽ

വീണ്ടും തളിർക്കുന്ന സ്വപ്‌നങ്ങൾ
(രചന: Vandana M Jithesh)

മകളുടെ മുഖത്ത് നിഴലിച്ച വിഷാദ ഭാവം കാണവേ അയാളുടെ ഉള്ളാകെ പിടഞ്ഞു..എത്ര ഓമനയായ മോളായിരുന്നു തനിക്കവൾ.. തന്റെ പാറുമോൾ.. നുള്ളി പോലും നോവിച്ചിട്ടില്ല.. ചെറുപ്പം തൊട്ട് കൈവെള്ളയിൽ കൊണ്ട് നടന്നതാണ് അവളെ..

അവളുടെ ഇഷ്ടത്തിനു പഠിപ്പിച്ചു.. അവൾക്കും ഇഷ്ടപ്പെട്ടവനെ വിവാഹം കഴിപ്പിച്ചു…ആ മോളാണ് ഇന്ന് തന്റെ മുന്നിൽ ദുഃഖം ഘനീഭവിച്ച മുഖവുമായി ഇരിക്കുന്നത്..

അവളുടെ കവിളിൽ തിണർത്ത് കണ്ട അവന്റെ ദേഷ്യത്തിന്റെ ശേഷിപ്പുകൾ അയാളെ നോക്കി പല്ലിളിയ്ക്കുന്നതായി അയാൾക്ക് തോന്നി..

“വലിയ തറവാട്ടുകാരാണ്.. ചെറുക്കൻ ഒറ്റമോനാണ്.. ഗ വണ്മെന്റ് ജോലിയാണ്.. കാണാനും സുന്ദരൻ.. പിന്നെന്ത് വേണം.. എല്ലാം കൊണ്ടും ഭാഗ്യമാണ് ഈ ബന്ധം..”

അഞ്ചു വർഷങ്ങൾക്ക് മുൻപ് കാതിൽ കേട്ട വാക്കുകൾ.. അന്നതിനു മഞ്ഞിന്റെ തണുപ്പായിരുന്നു.. ഇന്നത് പഴുത്ത ഈയം പോലെ കാതിനെ പൊള്ളിക്കുന്നു.. അയാൾ മുഖം കുനിച്ചിരുന്നു..

” അച്ഛൻ വിഷമിക്കണ്ട.. എനിക്കിപ്പോ ഇതൊക്കെ ശീലമായി.. ഇടയ്ക്ക് ഇങ്ങോട്ട് വിടുന്നുണ്ടല്ലോ.. അത് തന്നെ സമാദാനം ”

വേദനയോടെ പുഞ്ചിരിക്കുന്ന പാറുവിനെ അയാൾ തുറിച്ചു നോക്കി.. അവളെത്ര മാറിയിരിക്കുന്നു

“എന്നാലും മോളെ… ഇത്ര നല്ല ഒരു ജോലി കിട്ടിയിട്ട് പോകണ്ട എന്നവൻ പറയാമോ.. നീയിത്രയും പഠിച്ചതല്ലേ “.അയാളുടെ ചോദ്യത്തിന് അവൾ ഒരു വരണ്ട പുഞ്ചിരി മാത്രം നൽകി..

“അല്ലെങ്കിലും അവൻ പറഞ്ഞതിൽ എന്താ തെറ്റ്? ഇവള് ജോലിക്ക് പോയിട്ട് വേണോ ഇവർക്ക് കഴിയാൻ? അവന്റെയും കുഞ്ഞിന്റെയും വീട്ടിലെയും കാര്യങ്ങൾ നോക്കി അടങ്ങി ഒതുങ്ങി നിൽക്കണം..

അതാ വേണ്ടത്.. അല്ലാതെ അവനെ എതിർത്തു ദേഷ്യം പിടിപ്പിക്കുകയല്ല.. വളർത്തുദോഷം എന്നെ അവര് പറയൂ ”

അമ്മയുടെ വാക്കുകൾ അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല.. അവൾ കുഞ്ഞിനേയും കൂട്ടി അകത്തേക്ക് നടന്നു..

വാതിൽക്കലെത്തി തിരിഞ്ഞു നോക്കി.. എന്തോ ചിന്തിച്ച് ദുഖിച്ചിരിക്കുന്ന അച്ഛനെ ഗൂഢമായൊരു ചിരിയോടെ നോക്കുന്ന അമ്മ. അമ്മയ്ക്കിത് പ്രതികാരമാണ്..

വർഷങ്ങൾക്ക് മുൻപ് അമ്മയുടെ ജീവിതത്തിൽ അരങ്ങേറിയ ഇതേ രംഗങ്ങളോട്. അമ്മയെ നാല് ചുവരുകൾക്കുള്ളിൽ അടച്ചിട്ട അച്ഛനോട്.

അമ്മയെ അന്ന് ചേർത്ത് പിടിക്കാഞ്ഞ മുത്തശ്ശിയോട്. നിശബ്ദയാക്കിയ ജീവിതത്തോട്.. അമ്മയുടെ പ്രതികാരം.

” നമ്മുടെ മോളു ഇത്രേം പഠിച്ചിട്ടു അടുക്കളയിൽ കിടക്കണമെന്നാണോ നീ പറയുന്നത്? ”

അയാൾ അമർഷത്തോടെ ഭാര്യയോട് ചോദിച്ചു.. അവർ അയാളുടെ അടുത്തേക്ക് ചെന്ന് മുഖം താഴ്ത്തി..”പൊള്ളുന്നുണ്ടോ?

അവരുടെ കണ്ണിൽ ചിന്തിയ തീ കണ്ട് അയാൾ പകച്ചു.. മറുപടി പറയാനാകാതെ അയാൾ തല താഴ്ത്തി..

” നിങ്ങൾക്ക് പൊള്ളുന്നുണ്ടോ? ഇതുപോലെ എന്റെ അമ്മയും ഉരുകി ഇരുന്നിട്ടുണ്ട്.. എന്നെ നിങ്ങളീ വീടിന്റെ അടുക്കളയിൽ തളച്ചിട്ടപ്പോൾ..

അന്ന് എന്റെ അമ്മയ്ക്ക് നിങ്ങളോട് എതിർത്തു പറയാൻ നിവർത്തി ഇല്ലായിരുന്നു.. ഇന്ന് ഞാൻ പറഞ്ഞത് അന്ന് അമ്മായി പറഞ്ഞു..

അന്ന് ആരും കാണാതെ കരഞ്ഞു തീർത്തതാണ് ഞാനെന്റെ സങ്കടം.. അന്ന് അത് നിങ്ങൾ കണ്ടില്ല.. അല്ലാ… കണ്ടില്ലെന്നു നടിച്ചു.. ഇന്ന് എന്റെ സ്ഥാനത്തു മകൾ വന്നപ്പോൾ നിങ്ങൾക്ക് നൊന്തു അല്ലെ. ”

അവർ കിതച്ചുപോയിരുന്നു.. അയാൾക്ക് അവരെ തലയുയർത്തി നോക്കാൻ കഴിഞ്ഞില്ല.. അവർ അകത്തേക്ക് പോയെന്നറിഞ്ഞു ഒരു നെടുവീർപ്പോടെ അയാൾ കണ്ണുകളടച്ചു.

വർഷങ്ങൾക്ക് മുൻപ് ജോലിക്ക് പോകണമെന്ന മോഹവുമായി തന്റെ മുന്നിൽ ആശയോടെ നിന്നവളെ ഓർത്തു..അന്ന് തന്റെ അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അവളെ അടുക്കളക്കാരിയാക്കി..

തറവാടിന്റെ മഹിമയും പാരമ്പര്യവും കൂട്ട് പിടിച്ചു അവളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ചു.. അച്ഛനില്ലാത്ത മകളെ, സഹോദരന്റെ വീട്ടിൽ കഷ്ടപ്പെട്ട് ഒരു പാവം അമ്മ നേടിക്കൊടുത്ത ബിരുദം ചിതലെടുത്തു..

തല കുനിഞ്ഞു പോയ ആ അമ്മയുടെ മുന്നിൽ അന്ന് തനിക്കൊരു വിജയിയുടെ ഭാവമായിരുന്നു.. ഇന്ന് കാലം അതെ വിധി തന്ന് തന്നെ പരാജിതനാക്കി.. അയാൾ സ്വയം നിന്ദിച്ചു..

അകത്തെ മുറിയിൽ ജനാലഴികളിലൂടെ പുറത്തേക്ക് നോക്കി നിൽക്കയായിരുന്നു പാറു..

ഈ തൊടിയിലൂടെ പൊട്ടിച്ചിരിച്ചു മഞ്ചാടി പെറുക്കിയും, മൈലാഞ്ചി അണിഞ്ഞും പാറി നടന്ന ഒരു പാറുവിനെ അവൾ തിരഞ്ഞു…

കഴുത്തിൽ വീണ താലിചരട് ആ പാറുവിനെ എവിടെയോ കെട്ടിയിട്ടുവെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു…ചുമലിൽ ഒരു കൈ പതിഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി..

” അമ്മ.. “” അമ്മ അങ്ങനെ പറഞ്ഞപ്പോ മോൾക്ക് വിഷമായല്ലേ… “അലിവോടെ കവിളിൽ കൈ ചേർത്ത് അമ്മ ചോദിച്ചതും അത്ര നേരം അടക്കിപ്പിടിച്ച സങ്കടം മുഴുവനും അവൾ അമ്മയുടെ മാറിലേക്ക് ഒഴുക്കി..

ഉള്ളിലെ വേദനയ്ക്കനുസരിച് ഉയർന്നു പൊങ്ങുന്ന അവളെ അമ്മ അരുമയായി തലോടിക്കൊണ്ടിരുന്നു..

“മോളുടെ മനസ്സ് അമ്മയ്ക്കറിയാം.. മറ്റാരേക്കാളും.. നിന്റെ ഇതേ സ്ഥാനത്തു അമ്മ ഒരിക്കൽ നിന്നിട്ടുണ്ട്.. അന്ന് ചേർത്ത് പിടിക്കാൻ ആരുമില്ലാത്തത് കൊണ്ട് ഈ വീട്ടിൽ സ്വപ്നങ്ങളും മോഹങ്ങളും ഹോമിച്ചവളാണ് അമ്മ..

പക്ഷേ ആ സ്ഥിതി നിനക്ക് വരാൻ അമ്മ അനുവദിക്കില്ല.. നിനക്ക് അമ്മയുണ്ട്.. എന്നും കൂടെ ”

തലയുയർത്തി നോക്കിയ പാറു അമ്മയുടെ മുഖത്തെ നിശ്ചയദാർഢ്യം കണ്ടു അമ്പരന്നു..

“അവനോട് എന്താ പറയേണ്ടത് എന്ന് അമ്മയ്ക്കറിയാം.. അല്ലെങ്കിൽ എന്താണ് വേണ്ടതെന്നും.. എന്റെ മോൾ അമ്മയെപ്പോലെയാവാൻ ഈ അമ്മ സമ്മതിക്കില്ല. ഇതിനൊരു തുടർച്ച വേണ്ട ”

അമ്മയുടെ ഉറച്ച തീരുമാനം പുതിയൊരു ഉണർവ് തന്നത് പോലെ പാറുവിന് തോന്നി..

അതേ ആശ്വാസത്തിൽ അമ്മച്ചൂടിലേക്ക് അവൾ അണയുമ്പോൾ മുരടിച്ച സ്വപ്‌നങ്ങൾ വീണ്ടും തളിർക്കാൻ തുടങ്ങിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *