പെണ്ണുങ്ങളെ കാണുമ്പോൾ തുണിയഴിക്കും ,കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയി കണ്ണുകുത്തിപ്പൊട്ടിക്കും ..ഹഹ ഹ “”

വില്ലൻ
രചന: Sebin Boss J

”’ ജയന്തീ … ഞാനാ മോഹൻ . ഒരു റോളുണ്ട്… നീ വാതില് തുറക്ക് “””‘കുഞ്ഞിന് നല്ല സുഖമില്ല. സാർ . അല്ലെങ്കിലും ഈ സമയത്തിനി ഞാനില്ല . “”‘ വാതിലിൽ തട്ടിയിട്ട് , പുറത്തു നിന്നുള്ള ശബ്ദത്തിന് മറുപടിയായി ജയന്തി പറഞ്ഞു .

“” “‘ജയന്തീ … ഇതിവിടെ അടുത്താണ് . പെട്ടന്ന് തന്നെ പോരുകയും ചെയ്യാം . ഈ നേരത്ത് ഞാൻ ഇനി ആരെ തപ്പാനാ ? . നീ വാ . . നീയെത്ര നാളായി ജോലിക്ക് പോയിട്ട്?. ഇന്നലെയും നീ എന്നോട് എന്തെങ്കിലും വേഷമുണ്ടോ എന്ന് ചോദിച്ചതല്ലേ . അതുകൊണ്ട് ഈ വേഷത്തെ പറ്റി പറഞ്ഞപ്പോൾ ഞാൻ മറ്റാരെയും തിരക്കാതെ ഓടിയിങ്ങ് പോന്നത് “”‘

“” എന്തായാലും ഞാനില്ല ഈ സമയത്ത് . കുഞ്ഞിന് പനിയാ സാറെ . “‘ ജയന്തി വാതിൽ അല്പം തുറന്നു മോഹനെ നോക്കി ചിരിച്ചു .

മോഹനവളെ നോക്കി .വില കുറഞ്ഞ , നിറം മങ്ങിയ പഴയ ഒരു കോട്ടൺ സാരിയും ഒറ്റമുറിയിൽ ഫാനില്ലാതെ , കനത്ത ചൂടിൽ വിയർത്തൊലിക്കുന്ന മുഖവും അവളുടെ ദൈന്യതയെയും കഷ്ടപ്പാടിനെയും വിളിച്ചറിയിക്കുന്നതായിരുന്നു . അന്ന് ആദ്യമായി കണ്ടപ്പോഴുള്ള അവളുടെ സ്ഥായിയായ പ്രസന്നഭാവം എന്നാലുമാ ആ മുഖത്തുണ്ട് .

“” ഞാൻ പറഞ്ഞന്നേ ഉള്ളൂ … സൂപ്പർ സ്റ്റാർ ജയേഷ് വർമയുടെ വേലക്കാരിയുടെ റോളാ . അര മണിക്കൂറിനുള്ളിൽ തീരും . അയാൾ വീട്ടിലേക്ക് വന്നു കയറുമ്പോൾ വാതിൽ തുറന്നു കൊടുക്കുന്നതും പിന്നെ ആഹാരം വിളമ്പുന്നതും . ങാ ഇതിലൊരു ഡയലോഗും ഉണ്ട് . ഡാൻസിലും മറ്റും മുഖം കാണിക്കുന്നതല്ലാതെ ഡയലോഗ് ഉള്ള ഒരു റോൾ പോലും ഇത്രയും നാളിനിടയിൽ കിട്ടിയിട്ടില്ലല്ലോ “”‘

“‘ എന്റെ കുഞ്ഞിന് പനിയാ സാറെ “” അകത്ത് കരയുന്ന കുഞ്ഞിനെ നോക്കി ജയന്തി വീണ്ടും പറഞ്ഞു . .

“‘ങാ ..നീ വരാൻ പറ്റുമോന്ന് നോക്ക് “‘ മോഹൻ അവസാനമെന്നോണം പറഞ്ഞിട്ട് തിരിഞ്ഞു .,

“‘ആരാടാ അവിടെ ?”’ കോണിപ്പുറത്തു നിന്നുള്ള മുഴങ്ങുന്ന ശബ്ദം . ഇരുട്ടിൽ കത്തുന്ന ബീഡിയുടെ കനൽ മാത്രം .

“‘ മോഹനാ മാർക്കോസെ ..ജയന്തിക്കൊരു വേഷം “”
വേഷമില്ലാതിരിക്കുന്ന അനേകരില്‍ ഒരുവനായ ആ പഴയ വില്ലനെ മുഴക്കമുള്ള ശബ്ദത്തിൽ നിന്ന് തന്നെ മോഹന് മനസിലായി . .

“‘ ഈ രാത്രിക്കാണോടാ വേഷം . നിന്നെയൊന്നും ഈ നേരത്തിവിടെ കണ്ടുപോയേക്കരുതെന്നു പറഞ്ഞിട്ടുള്ളതല്ലേ “”
മാർക്കോസ് കോണിപ്പടികളിറങ്ങുന്ന ശബ്ദം അവിടെ മുഴങ്ങി .

“‘ മാർക്കോസണ്ണാ മോഹൻ സാറിനെ എനിക്ക് പണ്ട് മുതലെ അറിയാവുന്നതാ “‘
ജയന്തി ഇരുട്ടിൽ തെളിയുന്ന ബീഡിക്കനലിലേക്ക് നോക്കിപ്പറഞ്ഞു .”ഹമ് ..ശെരി ശെരി … .നീ പോകുന്നുണ്ടേൽ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം “”‘

“” എല്ലാരേം ഒരു കണ്ണാൽ കാണരുതെന്ന് ആ കാർക്കോടകന്റടുത്തു പറഞ്ഞു കൊടുത്തേര് . ചുമ്മാതല്ല കഴിവുണ്ടായിട്ടും ഇങ്ങനെ തെണ്ടി നടക്കുന്നെ . താഴേണ്ടടത്ത് അൽപ്പം താണു കൊടുത്തെന്ന് വെച്ച്

കുഴപ്പമൊന്നുമില്ലല്ലോ . നല്ല വില്ലനാരുന്നു ,നല്ല അഭിനയവും . കയ്യിലിരുപ്പ് കൊണ്ടാരും വിളിക്കുന്നില്ല . “” “”‘ മോഹൻ ജയന്തിയുടെ ചെവിയിൽ പറഞ്ഞിട്ട് തിരിഞ്ഞു .

“‘ സാറെ ..എവിടാ ഞാൻ വരേണ്ടത് “”‘”” നീ വരുന്നുണ്ടേൽ അരമണിക്കൂറിനകം ഞാൻ വണ്ടി വിട്ടേക്കാം “”‘മോഹൻ തിരിഞ്ഞു നിന്നു .

“‘ പൊള്ളുന്ന പനിയുണ്ടല്ലോടീ … നീ ആശുപത്രിയിൽ കാണിച്ചില്ലേ ?”” കുഞ്ഞിനെ മാർക്കോസിന്റെ മുറിയിൽ ബെഡിൽ കിടത്തുമ്പോഴേക്കും കരഞ്ഞു തളർന്നുറങ്ങിയ അവൻ ഞെട്ടിയെണീറ്റിരുന്നു . തന്റെ നെറ്റിയിൽ

തൊട്ടു നോക്കുന്ന വസൂരിക്കുത്തുള്ള , ചുവന്ന കണ്ണുള്ള മാർക്കോസിന്റെ മുഖത്തേക്ക് നോക്കിയ ആ നാലു വയസുകാരൻ വീണ്ടും അലറിക്കരഞ്ഞു .

“” അവനു അണ്ണനെ കാണുന്നതേ പേടിയാ “‘
ജയന്തി കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചു തട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു .

“‘വില്ലനല്ലെടീ ഞാൻ ..പെണ്ണുങ്ങളും കുഞ്ഞുങ്ങളും ഒരേപോലെ പേടിക്കുന്ന വില്ലൻ . പെണ്ണുങ്ങളെ കാണുമ്പോൾ തുണിയഴിക്കും ,കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയി കണ്ണുകുത്തിപ്പൊട്ടിക്കും ..ഹഹ ഹ “” മാർക്കോസ് പൊട്ടിച്ചിരിച്ചു . കുഞ്ഞത് കേട്ട് വീണ്ടും ശക്തിയിൽ കരയാൻ തുടങ്ങി .

“‘അണ്ണന്റെ ഈ ചിരിയൊന്ന് നിർത്ത് . കുഞ്ഞുറങ്ങിയിട്ട് വേണം എനിക്ക് പോകാൻ ..ആണ്ടെ , വണ്ടിയും വന്നെന്നു തോന്നുന്നു . “” പുറത്തെ ഹോണടി ശബ്ദം കേട്ട് ജയന്തി ജനാലയിലൂടെ എത്തി നോക്കി .

“‘ ജയന്തീ …നീയീ നേരത്തു പോകുന്നതല്ലല്ലോ “”
കുഞ്ഞൽപം ശാന്തമായി , കണ്ണുകൾ അടച്ചപ്പോൾ അവനെ മെല്ലെ തട്ടിക്കൊണ്ട് ചെരിഞ്ഞു കിടന്ന് മാർക്കോസ് അവളെ നോക്കി

”ഇത് സൂപ്പർ സ്റ്റാർ ജയേഷ് വർമയുടെ വേലക്കാരിയുടെ റോളല്ലേ .. പോരാത്തേന് ഡയലോഗും ഉണ്ട് “‘ ജയന്തിയുടെ മുഖത്ത് പരിഹാസവും പുച്ഛവും ഇടകലർന്നിരുന്നു .

“” ങാ .. ജയേഷ് ആയതുകൊണ്ട് നിനക്ക് പേടിക്കാതെ പോകാം . അയാളൊന്നും ചെയ്യില്ലല്ലോ . അല്ലെങ്കിൽ സൈഡ് റോൾ കഴിഞ്ഞു വേറെ റോൾ ചെയ്യേണ്ട വന്നേനെ ഈ സമയത്ത് . ” ജയന്തി അതിനു മറുപടി പറഞ്ഞില്ല .

നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്തുള്ള , പഴയ പ്രതാപത്തിന്റെ ആഢ്യത്തം എടുത്തുകാണിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിക്ക് കീഴിലുള്ള ഒറ്റമുറിയിലായിരുന്നു ജയന്തി താമസിച്ചിരുന്നത് . നാലഞ്ചുവർഷം മുൻപ് നാടും വീട്ടുകാരെയും ഉപേക്ഷിച്ച്കാമുകന്റെ കൂടെ സിനിമയെന്ന മായാലോകം സ്വപ്നം

കണ്ടെത്തിച്ചേർന്നവൾ . പിന്നെ നടന്നതെല്ലാം സ്വപ്നം പോലെയായിരുന്നു . സ്വപ്നം കണ്ടെഴുന്നേറ്റപ്പോൾ അവൾക്കൊരു കുട്ടിയുണ്ടായിരുന്നു . ഇന്നവന് നാല് വയസ്

. നായികയോ സഹനായികയോ ആകുന്നത് സ്വപ്നം കാണാൻ പോലും പറ്റില്ലന്നറിഞ്ഞപ്പോൾ ഗ്രൂപ്പ് ഡാൻസറും സൈഡ് റോളുമായി ഒട്ടനവധി സിനിമകൾ . കാമുകനുമായി ഈ നഗരത്തിലെത്തിയപ്പോൾ ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിലായിരുന്നു അവളാദ്യം .

കിട്ടുന്ന സിനിമകളുടെ എണ്ണവും റോളുകളുടെ പ്രാമുഖ്യവും വെച്ച് അന്ന് ഒന്നാം നിലയിൽ കൂടെയുണ്ടായിരുന്നവർ രണ്ടാം നിലയിലേക്കും മൂന്നാം നിലയിലേക്കും താമസം മാറ്റിയപ്പോൾ ജയന്തി കോണിപ്പടിക്ക് കീഴിലുള്ള ഒറ്റമുറിയിലേക്കും മാറി . അതും ലോഡ്ജ് ഉടമയുടെ കാരുണ്യത്തിൽ, മുറികൾ

വൃത്തിയാക്കുന്ന ജോലി വാടകക്ക് പകരമായി ചെയ്യാമെന്ന ഉറപ്പിൽ . . അന്നവളുടെ കൂടെ ഉണ്ടായിരുന്നവർ മിക്കവരും വീടുകളും കാറുകളും സ്വന്തമാക്കിയപ്പോൾ ജയന്തി സ്വന്തമാക്കിയത് താൻ വിശ്വസിച്ച , തന്നെ കൈപിടിച്ച്‌ ഈ നഗരത്തിലേക്ക് കൊണ്ട് വന്ന കാമുകന്റെ കുഞ്ഞായിരുന്നു .

അകലെ നിന്നെ ജയന്തി ആ വലിയ കെട്ടിടത്തിന്റെ ഏഴാം നിലയിലെ മുറിയിലെ തീവ്രമായ പ്രകാശം കണ്ടിരുന്നു . കാരവനും മറ്റു വണ്ടികളുമൊക്കെ നിറഞ്ഞിരുന്ന ആ കെട്ടിടത്തിന്റെ സ്റ്റെപ്പുകൾ കയറുമ്പോൾ രണ്ടാം

ദിവസവും അരവയർ മാത്രം നിറഞ്ഞിരുന്ന , അവളുടെ മെല്ലിച്ച ശരീരം കിതച്ചു തുടങ്ങിയിരുന്നു . എങ്കിലും നായികയാവാൻ തക്കവണ്ണം സൗന്ദര്യമുള്ള അവളുടെ മുഖത്ത് പുഞ്ചിരി കെട്ടിരുന്നില്ല .

“‘ ആ .. ഇവരെ മേക്കപ്പ് ചെയ്യൂ “” ഡയറക്ടർ ജയന്തിയെ അടിമുടി നോക്കിയിട്ട് പറഞ്ഞു .

മേക്കപ്പ്മാന്റെ മുന്നിൽ നിർവികാരതയോടെ കണ്ണുകളടച്ചിരിക്കുമ്പോൾ വേഷം തീരുമ്പോൾ കിട്ടുന്ന രൂപക്ക് മകനെ ഏതു ഹോസ്പിറ്റലിൽ കാണിക്കാൻ പറ്റുമെന്നായിരുന്നു അവളുടെ ചിന്ത .

“‘ എടോ .. താൻ റെഡിയാണോ ? ജോമോനെ നീ ഡയലോഗ് ഒന്ന് നോക്കിക്കേ … ഒന്ന് രണ്ട ടേക്ക് എടുത്തിട്ട് ജയേഷ് സാറിനെ വിളിച്ചാൽ മതി .
അല്ലേൽ പുള്ളിയിവിടെക്കിടന്ന് ബഹളം വെക്കും . “‘

ഡയറക്ടർ നിർദേശം നൽകിയപ്പോൾ അസിറ്റന്റ് ജയന്തിയെ മാറ്റി നിർത്തി ചെയ്യേണ്ട വേഷത്തെ പറ്റി പറയാൻ തുടങ്ങി .

“” ജയേഷ് സാർ വന്നു കോളിംഗ് ബെൽ അടിക്കും . നിങ്ങള് വാതിൽ തുറന്നിട്ട് സാറിന്റെ കയ്യിലുള്ള ബാഗും വാങ്ങി തിരിച്ചകത്തേക്ക് നടക്കണം . എന്നിട്ട് തിരിഞ്ഞു നിന്ന് ആഹാരം എടുക്കട്ടെ എന്ന് ചോദിക്കണം. അത്രേയുള്ളൂ …””

“‘ശെരി സാർ “” ജയന്തി തലയാട്ടി . ആ മുറിയിൽ ഒരു ടേക്കിൽ അവൾ തന്റെ റിഹേഴ്സൽ ഭംഗിയായി പൂർത്തിയാക്കി .

“‘ഓക്കേ ..അത് മതി ..ജോമോനെ സാറിനെ വിളിച്ചോ .നമുക്കൊറ്റ ടേക്കിലെടുക്കാം . ജയേഷ് സാറിന്റെ പുറത്തുനിന്നുള്ള എൻട്രി അല്ലല്ലോ …സാറിനോട് പറഞ്ഞേക്കൂ എൻട്രി എങ്ങനെയെന്ന് . “”’

പിന്നേ …ജയേഷ് സാറിന്റെ കൂടെ ആദ്യമായിരിക്കുമല്ലോ . സൂപ്പർസ്റ്റാറിനെ കണ്ടു വിറച്ചു നിന്നെക്കരുത് “” ഡയറക്ടർ പറഞ്ഞപ്പോൾ ജയന്തി ഒന്ന് ചിരിച്ചു .

“‘ ഓക്കേ … സാർ പുറത്തുണ്ട് … ജയന്തീ ഒന്ന് കൂടി നോക്കണോ “‘ നായകൻ പുറത്ത് വന്നതറിഞ്ഞപ്പോൾ ഡയറക്ടർ ഒന്ന് കൂടി ആവർത്തിച്ചു

“‘വേണ്ട സാർ “‘”‘ ജയേഷ് സാർ ഒരു പാവമാണ് …പേടിക്കയൊന്നും വേണ്ട “” ഡയറക്ടര്‍ ആശ്വാസ വാക്കുകൾ ആവർത്തിക്കുന്നത് കണ്ട ജയന്തി അയാളെ നോക്കി പുഞ്ചിരിച്ചു .”‘ ആക്ഷൻ

അടച്ചിട്ട വാതിൽ തുറക്കാനായി ജയന്തി മുന്നോട്ട് നീങ്ങി . കുറ്റി എടുത്തു വാതിൽ തുറന്നതും ജയേഷ് അകത്തേക്ക് കയറി . ജയന്തിയെ ഒന്ന് നോക്കിയതും ജയേഷ് വർമയുടെ മുഖം വിളറി . വേച്ചുപോയ അയാളെ ജയന്തി പൊടുന്നനെ താങ്ങി , എന്നിട്ട് ബാഗ് കയ്യിൽ നിന്നും വാങ്ങി അയാളുടെ കയ്യിൽ പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു . ജയേഷ് അവളുടെ കൈ തട്ടിത്തെറിപ്പിച്ചു .

“‘കട്ട് “” ഡയറക്ടർ കട്ട് പറഞ്ഞയുടനെ ജയന്തി നായകന്റെ കൈ വിട്ടു മാറി നിന്നു .”‘ ഇവർ ..ഇവർ പറ്റില്ല . ഈ സീനിൽ ഇവർ പറ്റില്ല “‘ ജയേഷ് പറഞ്ഞപ്പോൾ ജയന്തിയുടെ കണ്ണിൽ നിന്നൊരുതുള്ളി കണ്ണീർ പൊടിഞ്ഞു .

“‘ എന്ത് പറ്റി ജയേഷ് . സ്വാഭാവികമായ അഭിനയം ആയിരുന്നല്ലോ അവരുടേത്. ഭാര്യ പിണങ്ങിപ്പോയ വിഷമത്തിൽ മദ്യപിച്ചു വരുന്ന നിങ്ങൾ , അവരോട് പറയാതെ തന്നെ വീഴാൻ പോയ നിങ്ങളെ അവർ താങ്ങിയല്ലോ .. നന്നായി കിട്ടുകയും ചെയ്തു ആ സീൻ “‘ മോണിറ്ററിൽ നിന്നും കണ്ണുകളെടുത്ത് ഡയറക്ടർ ജയേഷ് വർമയെ നോക്കി .

“‘ ഇവരെ മാറ്റണം .. ഇവര് പറ്റില്ല “” ജയേഷ് വർമ്മ ക്ഷുഭിതനായി മുറിയിൽ നിന്നിറങ്ങിപ്പോയി .

“‘ നാശം പിടിക്കാൻ … ഇവർക്കെന്തെലും കൊടുത്തു പറഞ്ഞു വിടടോ “” ഡയറക്ടർ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് പ്രൊഡക്ഷൻ കൺട്രോളർ ജയന്തിയെ നോക്കുമ്പോൾ അവൾ ആ കെട്ടിടത്തിന്റെ ഗേറ്റ് കടന്ന് റോഡിലെത്തിയിരുന്നു .

“” കുഞ്ഞിന് പനി കുറയുന്നില്ല ജയന്തീ . നീ വരാൻ താമസിച്ചാൽ ഞാൻ ഇവനേം കൊണ്ട് അങ്ങോട്ട് വരാൻ ഇരിക്കയായിരുന്നു .”‘ ജയന്തി വരുന്നതും കാത്തു വാതിൽക്കൽ നിന്ന മാർക്കോസ് അവളെ കണ്ടതേ കുഞ്ഞിനേയും എടുത്തു പുറത്തിറങ്ങി .

“നീ വാ ..ഹോസ്പിറ്റലിൽ പോകാം “””‘അണ്ണാ ..എന്റെ കയ്യിൽ “”ജയന്തി ദൈന്യതയോടെ മാർക്കോസിനെ നോക്കി .”‘ അത്യാവശ്യത്തിനുള്ളത് എന്റടുത്ത് ഉണ്ട് . ബാക്കി നമുക്ക് നാളെ പകൽ നോക്കാം .

“” ജയൻ … ഫുൾ നെയിം പറയ് “” ചിൽഡ്രൻസ് സ്‌പെഷ്യൽ ഹോസ്പിറ്റലിൽ ചീട്ടെഴുതുന്ന പെണ്ണ് ജയന്തിയെ നോക്കി . അവരുടെ പുറകിലെ ഭിത്തിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ആഡ് സില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം ഡോക്ടറുടെ വേഷത്തില്‍ ചിരിതൂകി നിൽക്കുന്ന സൂപ്പർ

സ്റ്റാര്‍ ജയേഷ് വര്‍മയുടെ പല പോസിലുള്ള ഫോട്ടോകളിലേക്ക് പ്രകാശം കെടാത്ത കണ്ണുകളോടെ ഒന്ന് നോക്കിയതല്ലാതെ ജയന്തി ഒന്നും മിണ്ടിയില്ല ,.കണ്ണുകൾ നിറഞ്ഞതുമില്ല .

“‘ ഫുൾ നെയിം പറയ് “‘
ചീട്ടെഴുതുന്ന പെണ്ണ് ജയന്തിയെ നോക്കി വീണ്ടും ചോദിച്ചു .”‘ ജയൻ ..ജയൻ മാർക്കോസ് “” പുറകിൽ നിന്ന് കേട്ട പരുഷ ശബ്ദത്തിന്റെ ഉടമയെ അവരും ജയന്തിയും ഒരുപോലെ തിരിഞ്ഞു നോക്കി .

“” നായകനല്ല ..വില്ലനാണ് . നിന്റത്രയും സൗന്ദര്യമില്ല . പക്ഷെ നിന്നെ ഉപയോഗിച്ച് സ്ഥാനങ്ങൾ നേടി തെരുവിൽ ഉപേക്ഷിക്കില്ല ഞാൻ . അധ്വാനിക്കാനുള്ള മനസും ആരോഗ്യോമുണ്ടെനിക്ക് . സിനിമ ഇല്ലെങ്കിൽ തന്നെയും നിന്നെ നോക്കാനെനിക്ക് പറ്റും . . അവൻ എന്റെ

രക്തത്തിൽ പിറന്നവൻ അല്ലെങ്കിലും എന്നെ പോലെ തന്തയില്ലാത്തവൻ ആയി വളരേണ്ട . ഒന്നിനും നിർബന്ധിക്കുന്നില്ല ഞാൻ. സമ്മതം ആണെങ്കിൽ മാത്രം “”

ജയന്തി നിറകണ്ണുകളോടെ അയാളെ നോക്കി . സ്ത്രീകൾ പേടിച്ചു വിറയ്ക്കുന്ന വില്ലനെ ..അല്ല തന്റെ നായകനെ ….

പതിയെ അവളുടെ കൈ അയാളുടെ കരം ഗ്രഹിച്ചു കൊണ്ട് ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു .

Leave a Reply

Your email address will not be published. Required fields are marked *