- (രചന: രജിത ജയൻ)
” ടീച്ചറേ ഇങ്ങളറിഞ്ഞോ ഇന്നലെ മജീദിനെ അവന്റെ ഏട്ടൻ തല്ലോണം തല്ലി ചതച്ചത് ..?
രാവിലെ സ്ക്കൂളിലെത്തി സ്വന്തം സീറ്റിലേക്കിരിക്കാൻ തുടങ്ങുകയായിരുന്ന രേവതി അടുത്ത സീറ്റിലെ മിനി ടീച്ചർ പറഞ്ഞതു കേട്ടപ്പോൾ ഞെട്ടി പോയ് …മജീദിനെ തല്ലുകയോ ..? എന്തിന് ..?
അവൾ മിനി ടീച്ചറോട് ചോദിക്കുന്നതു കേട്ടപ്പോൾ തൊട്ടപ്പുറത്തിരുന്ന സുധാകരൻ മാഷിന്റെ മുഖത്തൊരു പരിഹാസച്ചിരി വിരിഞ്ഞു.
“അവനെ, അവന്റെ ഏട്ടൻ തല്ലുന്നത് എന്തിനാന്നെന്ന് ഈ സ്ക്കൂളിലെ ചെറിയ കുട്ടികൾക്ക് വരെ അറിയാം ,എന്നിട്ടും ടീച്ചർക്കറിയില്ലേ ?
അയാൾ പരിഹാസത്തിൽ ചോദിച്ചെങ്കിലും രേവതിയുടെ കത്തുന്ന മിഴികൾക്ക് മുമ്പിലയാളുടെ ചോദ്യം അമർന്നു പോയ്..
“ടീച്ചർ സുധാകരൻ മാഷിനെ നോക്കി പേടിപ്പിക്കേണ്ട ,മാഷ് പറഞ്ഞതു സത്യം തന്നെയാണ് ..”ഇവിടുള്ള എല്ലാവർക്കും അറിയാം മജീതൊരു മോശം മനുഷ്യനാണെന്ന് ..
മിനി ടീച്ചർ പറഞ്ഞു”മോശം മനുഷ്യനോ ..?രേവതി വീണ്ടും മിനിയെ നോക്കി .”ആ.. അതെ മോശം മനുഷ്യൻ ,
ആണിന്പെണ്ണിനോടും ,പെണ്ണിന് ആണിനോടും ആഘർഷണം തോന്നുന്നത് സർവ്വസാധാരണയാണ് ..
“എന്നാലിവനോ കല്യാണം കഴിഞ്ഞിട്ടും നാട്ടിലുള്ള ആണുങ്ങളുടെ പുറകെയാണ് .. എപ്പോഴും കേൾക്കാം അവനെ അവിടെന്ന് പിടിച്ചു.. ഇവിടുന്ന് പിടിച്ചൂന്നൊക്കെ… ഒക്കെ ഓരോ ആണുങ്ങളുടെ കൂടെ മോശം അവസ്ഥയിലും …
മിനി ടീച്ചർ പറഞ്ഞു വരുന്നത് മനസ്സിലായിട്ടും രേവതി അവളുടെ മുഖത്തേക്ക് തന്നെ ചോദ്യഭാവത്തിൽ നോക്കി ..
“ഞാൻ പറഞ്ഞതു സത്യം തന്നെയാണ് ടീച്ചറെ.. അവന് ആണുങ്ങളോടാണ് ഇഷ്ട്ടം .. ആരു കൂടെ കിടക്കാൻ വിളിച്ചാലും അവനവരുടെ കൂടെ പോവും ,അതിനു രാത്രിന്നുമില്ല ,പകലെന്നുമില്ല..
“ഇന്നലെ രാത്രിയും പോയിത്രേഏതോ വണ്ടിക്കാരുടെ കൂടെ .. വിവരമറിഞ്ഞ് അവന്റെ ഏട്ടൻ പുറകെ ചെന്നപ്പോൾ പുല്ലാനി തോടിന്റെ മറവിൽ വേണ്ടാതീനം കാണിക്കുകയായിരുന്നു അവനും ,അവനെ കൊണ്ടുപോയവരും …
“അവിടുന്ന് അവനെ അടിക്കാൻ തുടങ്ങിയതാ അവന്റെ ഏട്ടൻ, വീട്ടിലെത്തി അവന്റെ ഭാര്യയുടെ കണ്ണുനീർ കണ്ടപ്പോഴാ അയാൾ അടി നിർത്തിയതെന്നാ കേട്ടത് …
മിനി ടീച്ചർ പറഞ്ഞു കൊണ്ടേയിരുന്നെങ്കിലും അതൊന്നും രേവതി കേൾക്കുന്നുണ്ടായിരുന്നില്ല.അവളുടെ മനസ്സപ്പോൾ ആദ്യമായ് മജീദിനെ കണ്ടതോർക്കുകയായിരുന്നു ..
സ്ഥലം മാറ്റം കിട്ടി ഇവിടുത്തെ സ്ക്കൂളിൽ ജോയിൻ ചെയ്ത ആദ്യ ദിവസം തന്നെ പരിച്ചയപ്പെട്ടതാണ് മജീദിനെ ..
സ്ക്കൂളിലെ അല്ലറ ചില്ലറ പണികൾക്കെല്ലാം സഹായിച്ചിരുന്ന മജീദിനെ തനിക്ക് താമസിക്കാനുള്ള വീട് വൃത്തിയാക്കാൻ ഹെഡ് മാഷ് ഏൽപ്പിക്കുന്നത് കേട്ടപ്പോൾ മനസ്സിലാദ്യം തോന്നിയത് അമ്പരപ്പായിരുന്നു ..
പൊടിയും മാറാലയും തട്ടി കളഞ്ഞ് വീടടിച്ചുവാരി തുടയ്ക്കാനൊരാണിനോട് പറയുന്നതു കേട്ടപ്പോഴുള്ള അമ്പരപ്പ്അതു പക്ഷെ കുറച്ചു നേരത്തേക്ക് മാത്രമേ നീണ്ടു നിന്നുള്ളു ..
ഒരു പെണ്ണ് ചെയ്യുന്നതിനെക്കാൾ വൃത്തിയോടെയും വെടിപ്പോടെയും അവനാ ജോലി സന്തോഷത്തോടെ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനെ ശരിക്കും ശ്രദ്ധിച്ചത് ..
അഞ്ചര അടിയിലേറെ പൊക്കവും അത്യാവശ്യം തടിയുമുള്ളൊരു ചെറുപ്പക്കാരൻ ,സ്ത്രൈണത നിറഞ്ഞു നിന്ന മുഖത്ത് താടിയോ മീശയോ ഉണ്ടായിരുന്നില്ല..
കയ്യിലുള്ളതോർത്ത് മുസ്ലീം സ്ത്രീകൾ തട്ടം ധരിക്കുന്നതു പോലെ തലയിൽ ഇട്ടിട്ടുണ്ട് .. ടീ ഷർട്ടും മുണ്ടുമാണ് വേഷം .. മുണ്ട് മടക്കി കുത്താതെ അഴിച്ചിട്ടിരിക്കുന്നു ..
ജോലിക്കിടയിൽ ഇടയ്ക്ക് മുണ്ടിന്റെ ഒരു തുമ്പെടുത്ത് എളിയിൽ തിരുക്കുന്നതും കൈ തുടയ്ക്കുന്നതും കണ്ടപ്പോൾ മനസ്സിൽ തെളിഞ്ഞതൊരു പെണ്ണിന്റെ രൂപമായിരുന്നു .
തുടർന്നുള്ള ദിവസങ്ങളിൽ പലപ്പോഴും തനിക്കോരോ സഹായത്തിനും മുമ്പിൽ നിന്നത് മജീദായിരുന്നു ..
പുരുഷന്റെ രൂപവും സ്ത്രീയുടെ മനസ്സുമാണവനെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റുള്ളവർക്കു തോന്നിയതു പോലെ തനിക്ക് അത്ഭുതമോ അമ്പരപ്പോ ഒന്നും തോന്നിയില്ല കാരണം തന്റെ
ഇതുവരെയുള്ള ജീവിതത്തിനിടയിൽ ഇതുപോലെയുള്ള ധാരാളം ആളുകളെ കാണാനും പരിച്ചയപ്പെടാനും മനസ്സിലാക്കാനും തനിക്ക് സാധിച്ചിട്ടുണ്ട് എന്നതുകൊണ്ടുതന്നെ ..
അവനെ മനസ്സിലാക്കാൻ മറ്റാരെക്കാളുമധികം തനിക്ക് സാധിക്കും എന്നവന് മനസ്സിലായതു മുതൽ താനവന് വളരെ പ്രിയപ്പെട്ടൊരാളായ് മാറി…
മറ്റുള്ളവരെല്ലാം അവനെ പെണ്ണനെന്നും ചാന്തുപൊട്ടൊന്നും പറഞ്ഞു കളിയാക്കാർ ഉണ്ടെന്നു പറഞ്ഞവൻ കരഞ്ഞപ്പോൾ അവനെ ആശ്വസിപ്പിക്കാൻ മാത്രമെനിക്കന്ന് വാക്കുകൾ കിട്ടിയില്ല ,കാരണം മാറേണ്ടതവനല്ല ഈ സമൂഹമാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു..
ഇടയ്ക്ക് പലപ്പോഴും കേട്ടിരുന്നു മജീദ് പുരുഷൻമാർക്കൊപ്പം പലയിടത്തേക്കും പോവുന്നതിനെ പറ്റി ..
ഒരിക്കൽ പോലും അതിനെ പറ്റിയവനോട് ചോദിച്ചിട്ടില്ല കാരണം അവനും അവന്റെ ശരീരവും ആഗ്രഹിക്കുന്നതൊരു പുരുഷന്റെ തണലും അത്തരമൊരു ജീവിതവുമാണെന്ന് പറയാതെ പറഞ്ഞവൻ പലപ്പോഴും കാണിച്ചു തരാറുണ്ട് ..
പെണ്ണ് പെണ്ണിനെയും ആണ് ആണിനേയും സ്നേഹിക്കുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന ഈ കാലത്ത് പക്ഷെ ഈ നാട്ടുക്കാർക്കതൊന്നും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞിരുന്നില്ലെന്ന് മാത്രം ..
മിനി ടീച്ചറിൽ നിന്നറിഞ്ഞ വാർത്തയും മറ്റുള്ളവരുടെ മജീദിനെ പറ്റിയുള്ള കളിയാക്കി സംസാരവുമെല്ലാം രേവതിയുടെ മനസ്സിനെ വല്ലാതെ അസ്വസ്തമാക്കിയിരുന്നു
അതുകൊണ്ടുതന്നെ വൈകുന്നേരം സ്കൂൾ വിട്ടയുടനെ അവൾ മജീദിനെ കാണാനായ് അവന്റെ വീട്ടിലെത്തി..
നിറയെ തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന പറമ്പ് കടന്ന് വീട്ടിലേക്ക് കയറുമ്പോഴേ രേവതി കണ്ടുഉമ്മറത്തിട്ട ചാരുപടിയിൽ ചെരിഞ്ഞു കിടക്കുന്ന മജീദിനെ ..
അവനെ വിളിക്കാനായവൾ കൈ നീട്ടി ..”ഓനുറങ്ങാണ് ടീച്ചറെ..പുറകിൽ നിന്നൊരു ശബ്ദം കേട്ട് രേവതി തിരിഞ്ഞു നോക്കി ..പുള്ളി തുണിയും വെള്ളക്കുപ്പായവുമിട്ട് മജീദിന്റെ ഉമ്മ ..
അവളവരെ നോക്കി പുഞ്ചിരിച്ചു..”ടീച്ചർ ഓനെ കാണാൻ വന്നതാണോ ..?അതോ വല്ല പണിയും ഏൽപ്പിക്കാൻ വന്നതാണോ …?
രേവതിക്കിരിക്കാൻ കസേര ഇട്ടു കൊടുക്കുന്നതിനിടയിൽ അവരവളോട് ചോദിച്ചു ..
“ഞാൻ, വെറുതെ മജീദിനെ ഒന്നു കാണാൻ …അവൾ വാക്കുകൾക്കായൊരു നിമിഷം പരതി ..”ഇപ്പോ ഇന്റെ കുട്ടി എല്ലാവർക്കും ഒരു കാഴ്ച പണ്ടമാണ് ല്ലേ ടീച്ചറേ…?
നെഞ്ചു പൊടിയുന്ന വേദനയോടെയാ ഉമ്മ ചോദിച്ചതും തീ കൊണ്ടു കുത്തേറ്റതു പോലെ രേവതി പെട്ടെന്നെഴുന്നേറ്റു …
“അയ്യോ.. ഉമ്മാ … ഞാനങ്ങനെയൊന്നും വിജാരിച്ച് വന്നതല്ല ..അവൾ പറഞ്ഞു”എനിക്കറിയാം ടീച്ചറേ ഇങ്ങളെ ,ഇങ്ങളെ പറ്റി ഓനെപ്പോഴും പറയും. ഓനെ മനസ്സിലാവണ രണ്ടു പേർ ഞാനും ഇങ്ങളും മാത്രമാണെന്ന് ..
അവർ പറഞ്ഞതു കേട്ട് അൽഭുതത്തോടെ രേവതി അവരെ നോക്കി.. ഇത്രമാത്രം താനവന്റെ മനസ്സിനെ സ്വാധീനിച്ചിരുന്നോ ..?”നേരാണ് ടീച്ചറേ.. എല്ലാർക്കും ഇന്റെ മോനൊരു കോമാളിയാ .. എല്ലാരും ഓനെ കാണുന്നതും അങ്ങനാ … ഓന്റെ ഭാര്യ പോലും .. ഓൾക്ക് പോലും ഓനെ വെലയില്ല… ഓനെ ഇഷ്ട്ടവുമില്ല ഓൾക്ക് …
“മജീദ് ഇങ്ങനെയാണെന്നറിഞ്ഞു കൊണ്ട് എന്തിനാണുമ്മാ നിങ്ങൾ അവനെ കൊണ്ട് കല്യാണം കഴിപ്പിച്ചത് ..?”അവനെ അവന്റി ഷ്ട്ടത്തിന് ജീവിക്കാൻ വിട്ടൂടായിരുന്നോ ..?
“അവനെ പോലുള്ള എത്രയോ പേർ നമ്മടെ ഈ സമൂഹത്തിൽ ജീവിക്കുന്നുണ്ട് ,അവരാഗ്രഹിക്കുന്ന , ഇഷ്ട്ടപ്പെടുന്ന ജീവിതം ജീവിച്ചു കൊണ്ട്…
“മനസ്സുകൊണ്ട് പെണ്ണായ് ജീവിക്കുന്ന ഒരുവനെകൊണ്ട് മറ്റൊരുപെണ്ണിനെ വിവാഹം കഴിപ്പിച്ചാൽ അവരെങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിയ്ക്കും ..
“നിങ്ങൾ മജീദിന്റെ മാത്രമല്ല ആ പെൺക്കുട്ടിയുടെ ജീവിതവും കൂടിയാണ് നശിപ്പിച്ചത് ..
അവർ രണ്ടു പേരും ആഗ്രഹിക്കുന്നതൊരു പക്ഷെ ഒരാണിന്റെ കീഴിലുള്ള ജീവിതവും സന്തോഷവും ആയിരിക്കും ,അതുകൊണ്ടാവും മറ്റുള്ള പുരുഷൻമാർ വന്നു വിളിക്കുമ്പോൾ മജീദ് അവരുടെ കൂടെ പോവുന്നത് .
“ആ പെൺക്കുട്ടിയോ തന്റെ മോഹങ്ങളും ആഗ്രഹങ്ങളുമെല്ലാം മനസ്സിലൊതുക്കി വീർപ്പുമുട്ടിയങ്ങനെ കഴിയും കുറച്ചു നാൾ.. പിന്നീടൊരിക്കലൊരു പക്ഷേ അവളും പൊട്ടിതെറിക്കാം നിങ്ങളോട് … അവളുടെ ജീവിതം തകർത്തതിന് ,സ്വപ്നങ്ങൾ നശിപ്പിച്ചതിനെല്ലാം ..
അവനെ അവന്റെ ലോകത്തേക്ക് വിടൂ ഒപ്പം ആ പെൺകുട്ടിയേയും സ്വതന്ത്ര്യ യാക്കൂ .. അവൾക്കിനിയെങ്കിലും ഒരു നല്ല ജീവിതം കിട്ടട്ടേ ..
രേവതി പറഞ്ഞു നിർത്തുമ്പോൾ വീടിനകത്തുനിന്നാ പെൺകുട്ടി, മജീദിന്റെ ഭാര്യ അവൾക്കു നേരെ കൈ കൂപ്പുന്നുണ്ടായിരുന്നു നന്ദിയോടെ …
രേവതി പറഞ്ഞു നിർത്തുമ്പോൾആ ഉമ്മയും അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു .. അവൾ പറഞ്ഞ ഓരോ വാക്കുകളും പതിഞ്ഞതവരുടെ ഹൃദയത്തിലായിരുന്നു …
ഒന്നു രണ്ടാഴ്ച്ച കഴിഞ്ഞൊരു ദിവസം മജീദ് എങ്ങോട്ടോ നാടുവിട്ടു പോയെന്ന വാർത്ത നാട്ടിൽ പരന്നപ്പോൾ എല്ലാവരും അമ്പരന്നു പോയെങ്കിലും രേവതി മാത്രമൊരു പുഞ്ചിരിയോടെയാ വാർത്തയെ സ്വീകരിച്ചു കാരണം
അവൾക്കുറപ്പുണ്ടായിരുന്നു അവൻ പോയത് അവളായ് മടങ്ങി വരാനാണെന്ന് ..ആ തിരിച്ചുവരവിനായ് അവളും കാത്തു നിന്നു പ്രതീക്ഷയോടെ …