ഒരച്ഛൻ എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും അയാൾ ഒരു പൂർണ്ണ പരാജയം തന്നെയായിരുന്നു…അതിൽ പിന്നെ ഞാൻ അയാളെ അച്ഛൻ എന്ന് വിളിച്ചിട്ടില്ല..

(രചന: J. K)

 

അമ്മയുടെ ചേതനയറ്റ ശരീരം കാണുംതോറും അയാൾക്കുള്ളിൽ വല്ലാത്ത നോവ് തോന്നി…

തന്നെ ഈ ഭൂമിയിൽ ഉറപ്പിച്ചു നിർത്തുന്ന ഒരേ ഒരു കണ്ണി ഒരു പക്ഷേ ഇതുകൂടി ഇല്ലായിരുന്നെങ്കിൽ താൻ എന്നേ മരണത്തെപ്പറ്റി ചിന്തിച്ചേനെ…

ഇന്ന് അതും തനിക്ക് നഷ്ടമായിരിക്കുന്നു ഓർക്കുംതോറും അയാൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..

ആരൊക്കെയോ വരുന്നുണ്ട് അമ്മയെ നോക്കുന്നുണ്ട് ആ നോട്ടം തന്നിലേക്ക് നീളുന്നുണ്ട് അതിൽ സഹതാപമോ മറ്റെന്തൊക്കെയോ ഭാവങ്ങൾ അവ സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായപ്പോഴാണ് മെല്ലെ അമ്മയുടെ അരികിൽ നിന്ന് എണീറ്റ് അമ്മയുടെ മുറിയിലേക്ക് നടന്നത്…

ഒരിക്കലും പൂട്ടി വെച്ചു കണ്ടിട്ടില്ലാത്ത അലമാര വെറുതെ ഒന്ന് തുറന്നു… മടക്കി ഒതുക്കിവെച്ച അമ്മയുടെ ഒരുപാട് സാരികൾ..

ഇത്തവണ ഓണത്തിനു താൻ എടുത്തുകൊടുത്തത് കൂടി ആ കൂട്ടത്തിൽ ഭദ്രമായി ഇരിക്കുന്നുണ്ട് അതൊന്ന് ഉടുത്തു നോക്കി പോലും കാണില്ല…

അടിയിലെ നിറയെ കുഞ്ഞുടുപ്പുകളാണ് പണ്ടത്തെ തന്റെ ഉടുപ്പുകൾ എന്തിനാണെന്ന് അറിയില്ല അമ്മയെല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്..എല്ലാം കണ്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു പോയി..

വീട്ടിൽ അധികവും അമ്മ വേഷ്ടിയാണ് ഉടുക്കാറ് അതൊരു അറയിൽ, അത്രയും തന്നെ വൃത്തിയിൽ അല്ലാതെ മടക്കി വച്ചിട്ടുണ്ട് അതിൽ നിന്ന് ഒന്ന് എടുത്ത് മുഖത്തോട് ചേർത്തു….

അമ്മയുടെ ചെമ്പരത്തിയാധി എണ്ണയുടെ ഗന്ധം അതിലിപ്പോഴും ഉണ്ടെന്ന് തോന്നി അമ്മ അരികിൽ വന്ന് നിൽക്കുന്നത് പോലെ…

ഇനിയാ ഗന്ധവും അമ്മയും എല്ലാം തനിക്ക് അന്യമാണ് ഒരിക്കലും തിരിച്ചു കിട്ടാൻ ആവാത്ത വിധം അത് നഷ്ടപ്പെട്ടിരിക്കുന്നു..

മിഴികൾ നീറുന്നതു പോലെ അയാൾക്ക് തോന്നി… എല്ലാവരെയും പോലെ ആയിരുന്നില്ല അമ്മയോട് കൂടുതൽ അടുപ്പം ആയിരുന്നു… മറ്റൊരു രീതിയിൽ പറഞ്ഞാൽ ലോകത്ത് തനിക്ക് അമ്മ മാത്രമേ സ്വന്തം എന്ന് പറയാൻ ആയിട്ട് ഉണ്ടായിരുന്നുള്ളൂ..

അച്ഛൻ എന്നത് ഓർമ്മവച്ച നാൾ മുതൽ ഒരു പേടി സ്വപ്നമായിരുന്നു.. അനാവശ്യ കാര്യത്തിന് ഉപദ്രവിക്കും.. തന്റെ ഒരു ആവശ്യം പോലും അച്ഛൻ നിറവേറ്റി തന്നത് ഓർമ്മയിൽ പോലും ഇല്ല..

അമ്മ പശുവിനെ കറന്നുതരുന്നത് എല്ലായിടത്തും എത്തിച്ച്..അവരുടെ കയ്യിൽ നിന്ന് പണം മാസംതോറും മേടിക്കുമ്പോൾ, വല്ലാത്ത സന്തോഷമാണ് കീറിയ ബാഗിനും തീർന്നുപോയ പുസ്തകങ്ങൾക്കും എല്ലാം പരിഹാരമാണ് കയ്യിലിരിക്കുന്ന മുഷിഞ്ഞ നോട്ട്കൾ എന്ന പൂർണ്ണ ബോധ്യമാണ് അതിന് കാരണം…

അച്ഛൻ പലപ്പോഴും അമ്മയെയും ഉപദ്രവിക്കാറുണ്ടായിരുന്നു അതെല്ലാം സഹിച്ച് ഒരു ചിരിയോടെ എന്നെ നോക്കി സാരമില്ല എന്ന് കാണിക്കും. ആ ഒരു ചിരിയിൽ ആയിരുന്നു ഞാൻ സമാധാനം കണ്ടെത്തിയിരുന്നത്…

എല്ലാം ക്ഷമിക്കാൻ പഠിച്ചിരുന്നത്..ഇഷ്ടമില്ലാത്ത വിവാഹം അച്ഛന് ദോഷം വരും എന്ന് പറഞ്ഞ നാളിൽ ഉള്ള ഈ മകന്റെ ജനനം ഇതൊക്കെയാണത്രേ അയാളെ അങ്ങനെ ആക്കി തീർത്തത്…

അച്ഛനെ ന്യായീകരിച്ച് എപ്പോഴോ അമ്മ പറഞ്ഞു തന്ന കാരണങ്ങളാണ്.. എനിക്ക് മാത്രം ഉൾക്കൊള്ളാൻ ആവാത്ത അമ്മയുടെ ന്യായീകരണങ്ങൾ…

അച്ഛൻ കൊണ്ടുവരുന്ന മത്സ്യം മുഴുവൻ അമ്മ വൃത്തിയാക്കി അച്ഛന് വേണ്ട രീതിയിൽ വച്ചു വിളമ്പുമ്പോൾ അച്ഛൻ അറിയാതെ ഒരു കഷണം അമ്മ എനിക്ക് വേണ്ടി മാറ്റിവയ്ക്കുമായിരുന്നു…

ആദ്യമൊക്കെ അച്ഛൻ എന്ന വാക്കിനോട് ഭയമായിരുന്നുവെങ്കിൽ പിന്നീട് അച്ഛൻ എന്ന് കേൾക്കുമ്പോൾ ഒരുതരം മരവിപ്പും പുച്ഛവും മാത്രമായി..

അത് പൂർണ്ണമായത് ഒരിക്കൽ നെഞ്ചുവേദന വന്ന തളർന്നു കിടക്കുന്ന അയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അതിന് 500 രൂപ പ്രതിഫലം ആയി നീട്ടിയപ്പോഴാണ്…

അന്ന് കണ്ണുനിറച്ച് അയാളോട് അമ്മ പറയുന്നത് കേട്ടു ഇത്രയ്ക്ക് എന്റെ കുട്ടിയോട് വേണ്ടായിരുന്നു എന്ന്..അയാൾക്ക് ആരോടും സ്നേഹം ഉണ്ടായിരുന്നില്ല അയാളോട് ഒഴിച്ച്..

ഒരുപക്ഷേ അയാളുടെ ചെറുപ്പകാലത്ത് തിക്താനുഭവങ്ങൾ ആവാം അയാളെ അങ്ങനെ ആക്കിയത്.. കാരണം എന്തുതന്നെയായാലും കിട്ടുന്നതല്ലേ തിരിച്ചു കൊടുക്കാൻ പറ്റൂ. ഒരിക്കൽ പോലും ഞങ്ങളെ സ്നേഹിച്ചിട്ടില്ലാത്ത ഒരാൾക്ക് എങ്ങനെയാണ് തിരിച്ച് സ്നേഹം നൽകുക…

ഒരച്ഛൻ എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും അയാൾ ഒരു പൂർണ്ണ പരാജയം തന്നെയായിരുന്നു…അതിൽ പിന്നെ ഞാൻ അയാളെ അച്ഛൻ എന്ന് വിളിച്ചിട്ടില്ല..

അയാൾ കൊണ്ടുവരുന്നതൊന്നും തന്നെ ഉപയോഗിച്ചിട്ടില്ല എനിക്കും അമ്മയ്ക്കും ഞാൻ സാധനങ്ങൾ മേടിച്ചു കൊണ്ടുവരും അയാളുടേത് അയാളുടെത് മാത്രമായി സൂക്ഷിക്കാൻ ഞാൻ അമ്മയോട് പറഞ്ഞിരുന്നു…

എല്ലാം ഒരിക്കൽ ശരിയാവും പരസ്പരം എല്ലാവരും സ്നേഹിച്ചു തുടങ്ങും എന്ന് സ്വപ്നം കണ്ട് ജീവിക്കുന്ന അമ്മയ്ക്ക് അത് വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു..

അച്ഛൻ ആരോടൊക്കെയോ ചെന്ന് പറഞ്ഞതായി കേട്ടു അവൻ എന്റെ മകൻ ഒന്നുമല്ല എന്ന്….

എന്നിട്ട് പോലും ഒരു വീട്ടിൽ ഒരു കൂര കീഴിൽ ഞങ്ങൾ കഴിഞ്ഞു. അമ്മ എന്ന ഒരു മധ്യസ്ഥ ഞങ്ങൾക്കിടയിൽ ഉള്ളതുകൊണ്ട് മാത്രം…

അച്ഛനെയും എന്റെയും ഇടയിൽപ്പെട്ട് ആ മനസ്സ് വല്ലാതെ നോവുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു… ആരെങ്കിലും ഒരാൾ ചേർത്തു പിടിച്ചില്ലെങ്കിൽ അത് അമ്മയ്ക്ക് തന്നെ നഷ്ടപ്പെടും എന്നും…

അതുകൊണ്ടാണ് സമരം അവസാനിപ്പിച്ച് ഞാൻ അമ്മയെ ചേർത്ത് പിടിച്ചത്..ഇതിനിടയിൽ വല്ലാത്തൊരു ആശ്വാസമായിരുന്നു എനിക്ക് നല്ലൊരു ജോലി കിട്ടിയത്.. അല്ലെങ്കിലും അമ്മയെ സഹായിക്കാൻ പഠിക്കുന്ന സമയത്ത് തന്നെ പല ജോലികൾക്കും ഞാൻ പോയിരുന്നു..

ജോലി കഴിഞ്ഞ് ഉടനെ നല്ലൊരു കമ്പനിയിൽ അത്യാവിശ്യം നല്ല സാലറി ഒരു ജോലി ശരിയായപ്പോൾ കരുതി ഇനി അമ്മയെ കൊണ്ട് ഒരു ജോലിയും ചെയ്യിപ്പിക്കില്ല എന്ന്…

ഇത്രയും കാലം എനിക്ക് വേണ്ടി കഷ്ടപ്പെട്ട അമ്മയ്ക്ക് സുഖമായ ഒരു ജീവിതം കൊടുക്കണം എന്ന്..പക്ഷേ എല്ലാം തകിടം മറിഞ്ഞത് ആ രാത്രിയാണ്…

കുറെ ദിവസമായിരുന്നു വയ്യ ക്ഷീണമാണ് എന്നൊക്കെ പറയാൻ തുടങ്ങിയിട്ട്..വയറുവേദനയും ഉണ്ടത്രേ ഡോക്ടറെ കാണാൻ പോകാം എന്ന് പറഞ്ഞ് കാലു പിടിച്ചതാണ് പക്ഷേ സമ്മതിച്ചില്ല മെഡിക്കൽ ഷോപ്പിൽ പറഞ്ഞു വേദനയ്ക്ക് മരുന്ന് വാങ്ങി തന്നാൽ മതി എന്ന് പറഞ്ഞു വിട്ടു…

പറഞ്ഞതുപോലെ തന്നെ ചെയ്തു. അല്ലെങ്കിലും അച്ഛനോളം ഇല്ലെങ്കിലും സ്വന്തം കാര്യങ്ങൾ പലതിലും അമ്മയ്ക്കും വാശി മുന്നിലാണല്ലോ…

അത് കുടിച്ച് ഭേദമുണ്ട് എന്ന് പറഞ്ഞപ്പോൾ പിന്നെ ഞാനും ആ വഴിക്ക് ചിന്തിച്ചില്ല….

പക്ഷേ അന്ന് രാത്രി വയറുവേദന കലശലായി അമ്മയെയും കൊണ്ട് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി. അവരെന്തോ മരുന്ന് നൽകി തൽക്കാലിക ശമനം ഉണ്ടായി…

പക്ഷേ പിറ്റേദിവസം അമ്മയെയും കൊണ്ടു വരാൻ പറഞ്ഞു ചില ചെക്കപ്പുകൾ ഒക്കെ ചെയ്യണം എന്ന്…

അമ്മയ്ക്ക് വലിയൊരു രോഗമുണ്ടെന്നും അത് അമ്മയെ കാർന്നു തിന്നാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി എന്നും ഡോക്ടർമാർ പറഞ്ഞു എനിക്ക് അത് വിശ്വസിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല കാരണം ജീവിതം ഇനി തുടങ്ങണം എന്ന് ആശിച്ച് ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾ രണ്ടുപേരും…

സ്വന്തം രോഗം അറിഞ്ഞതിനേക്കാൾ അത് കേട്ട് വിഷമിക്കുന്ന എന്നെ സമാധാനിപ്പിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു ആ പാവം..

അമ്മയില്ലാതെ എനിക്ക് പറ്റില്ല എന്ന് എനിക്ക് പൂർണമായും അറിയാമായിരുന്നു മറ്റാർക്കും ആ സ്ഥാനത്തേക്ക് എത്താൻ ആവില്ല എന്നും..

ചെറിയൊരു ഹോപ്പ് ഉണ്ട് എന്ന ഡോക്ടർ പറഞ്ഞപ്പോൾ സ്വർഗ്ഗം കിട്ടിയത് പോലെ ആയിരുന്നു അതിനായി എന്തുതന്നെ ചെയ്താലും പണം സംഘടിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നു..

ആദ്യമായി ഞാൻ അമ്മയ്ക്ക് വേണ്ടി അച്ഛനോട് ഒരു കാര്യം ആവശ്യപ്പെട്ടു ആ വീടിന്റെ ആധാരം..

പണയം വയ്ക്കാനായി മാത്രം ഞാൻ തന്നെ തിരിച്ചെടുത്തു കൊള്ളാം എന്നും ഉറപ്പു കൊടുത്തു..മുഖമടച്ച് ഒരു അടിയായിരുന്നു പകരം കിട്ടിയത്..

“” എന്റെ വീടിന്റെ ആധാരം പണയം വെച്ചല്ല നിന്റെ തള്ളയുടെ അസുഖം ഭേദം ആക്കേണ്ടത് “”

എന്നൊരു താക്കീതും.. തിരിഞ്ഞുനോക്കിയപ്പോൾ കണ്ടു അമ്മയെ എല്ലാം കേട്ടിട്ടുണ്ട് എന്നത് വ്യക്തമായിരുന്നു. ആ മിഴികൾ അത് പറയാതെ പറഞ്ഞിരുന്നു…

അമ്മയുടെ കൈപിടിച്ച് ഞാൻ അമ്മയ്ക്ക് ഉറപ്പു കൊടുത്തിരുന്നു അമ്മ വിഷമിക്കേണ്ട എങ്ങനെയെങ്കിലും ഞാൻ പണം കണ്ടെത്തും എന്ന് അമ്മയുടെ മകനെ അമ്മയ്ക്ക് വിശ്വാസമില്ലേ എന്ന് ചോദിച്ചപ്പോൾ എന്നെ ചേർത്ത് പിടിച്ച് എന്റെ നെറുകിൽ ചുണ്ടുകൾ അമർത്തി…

ആ അമ്മ പിന്നെ എണീറ്റില്ല.. രാവിലെ ചായയുമായി വിളിക്കാൻ ചെന്നതാണ് എന്നെയും പറ്റിച്ച് മറ്റേതോ ഒരു ലോകത്തേക്ക് പോയി മറഞ്ഞിരുന്നു..

ലോകം മുഴുവൻ ശൂന്യമാകുന്നത് പോലെ തോന്നി കണ്ണിനു മുമ്പിൽ ഒന്നും കാണാത്തതുപോലെ..

അമ്മയെ തെക്കേ പറമ്പിലേക്ക് എടുക്കുമ്പോൾ നിസംഗതയോടെ തന്നെയാണ് എല്ലാം നോക്കിയത്…

ആ ചിതയിലേക്ക് അഗ്നി പകരുമ്പോൾ മാത്രം ഉള്ളോന്ന് പിടഞ്ഞു…. അവിടെ നിന്നും എടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല അമ്മയുടെ ചിത കത്തി തീരുന്നത് വരെ കാത്തു നിന്നു പിന്നെ മെല്ലെ ആ പടിയിറങ്ങി എനിക്കായി ഇനി അവിടെ ആരും ഇല്ല….

ഉമ്മറത്തിനയിൽ അയാൾ എപ്പോഴും കിടന്നിരുന്നു സമാധാനത്തോടെ തനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ധാർഷ്ട്യത്തിൽ…

അതെ നഷ്ടപ്പെട്ടത് മുഴുവൻ എനിക്കാണ്.. എന്റെ ലോകം തന്നെ..കിട്ടിയ ജോലി ഉപേക്ഷിച്ച് ദൂരെ ഒരു സ്ഥലത്ത് പോയി.. ആദ്യം അവിടെ തുച്ഛമായ വരുമാനത്തിന് ജോലി ചെയ്തു.. അവിടെ നിന്നും മാറി മറ്റു ജോലി.. പതുക്കെ മെച്ചപ്പെട്ട്, ജീവിത നിലവാരം നല്ല നിലയിൽ തന്നെ എത്തിപ്പെട്ടു… അമ്മയുടെ അനുഗ്രഹം ആവാം…

അവസാനം ഒരു അമേരിക്കൻ കമ്പനിയിൽ എത്തിപ്പെട്ടു.. അവിടെ നിന്നും ഇനി അന്യ നാട്ടിലേക്ക് പോവുകയാണ്…

രണ്ടുവർഷത്തോളമായി നാട്ടിലേക്ക് പോയിട്ട് എന്തോ ഇപ്പോൾ പോകണം അമ്മയുടെ അസ്ഥി തറയിൽ തൊട്ടു തൊഴണം എന്നൊക്കെ തോന്നി….

അവിടെ ചെന്നപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ആരോടും അയാളെ പറ്റി ചോദിക്കാൻ തോന്നിയില്ല പക്ഷേ എന്നിട്ടും ആരോ വന്ന് പറഞ്ഞു,

“” മോൻ കൂടെ പോയതിനുശേഷം ഭയങ്കര കുടിയായിരുന്നു എന്ന് പിന്നെ അക്രമാസക്തനാവാൻ തുടങ്ങി നാട്ടുകാരുടെയൊക്കെ മേക്കിട്ട് കേറും അവസാനം എല്ലാവരും കൂടി പ്രാന്താശുപത്രിയിൽ കൊണ്ടാക്കി അവിടെ കിടന്നു നരകിക്കുന്നുണ്ട്….

എന്ന്…അത് കേട്ട് അയാളോട് ഒരു സഹതാപം തോന്നിയോ? ഇല്ല ഒട്ടും ഇല്ല.. അങ്ങനൊന്നു തോന്നാൻ മാത്രം അയാൾ തന്നെ സ്വാധീനിച്ചിട്ടേയില്ല…

ഒരുപക്ഷേ അയാളന്നങ്ങനെ പറയാതിരുന്നെങ്കിൽ…അമ്മയുടെ മനസ്സ് വേദനിക്കാതിരുന്നെങ്കിൽ… എനിക്ക് അമ്മയെ രക്ഷിക്കാൻ ആകുമായിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

ഇല്ല അയാൾ ഒരു ദയയും എന്നിൽ നിന്ന് അർഹിക്കുന്നില്ല അതുകൊണ്ടുതന്നെ അയാളെ പറ്റി ഒന്ന് അന്വേഷിക്കുക കൂടെ ചെയ്യാതെ മെല്ലെ നടന്നകന്നു…ഇതാണ് എന്റെ മാത്രം ശരി…

Leave a Reply

Your email address will not be published. Required fields are marked *