അവളുടെ തൊലി വെളുപ്പ് കണ്ട് കേറി പ്രേമിച്ചതല്ലേ നീ.. എന്നിട്ടിപ്പോ എന്തായി അപ്പഴേ ഞാൻ വാൺ ചെയ്തതല്ലേ

(രചന: ദേവൻ)

ഇപ്പോൾ ഞാൻ പറഞ്ഞത് എങ്ങനെ ഉണ്ട്.അന്ന് നിനക്ക് ഞാൻ പറയുന്നതിലും വിശ്വാസം അവളെ ആയിരുന്നല്ലോ…

അവളുടെ തൊലി വെളുപ്പ് കണ്ട് കേറി പ്രേമിച്ചതല്ലേ നീ.. എന്നിട്ടിപ്പോ എന്തായി അപ്പഴേ ഞാൻ വാൺ ചെയ്തതല്ലേ ഈ പോക്ക് നന്നല്ലെന്ന്. ഇപ്പൊ നേരിട്ട് കണ്ടപ്പോ തൃപ്തി ആയോ നിനക്ക്.

ഇത്തിരി മുന്നേ കണ്മുന്നിൽ കണ്ടത് പോലും വിശ്വസിക്കാൻ കഴിയാതെ കൂട്ടുകാരന്റെ വാക്കുകൾ കൊണ്ടുള്ള വേദന വേറെയും… അവന്റെ നെഞ്ചം പിളർന്നു പോവുകയായിരുന്നു അപ്പോൾ.

തലമുടിയിൽ കൈ കൊരുത്തു വലിക്കുന്നവനെ നോക്കി യധു വീണ്ടും കലി അടങ്ങാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

“വിവേകിന് വൈഷ്ണവിയെ കണ്ടതും പരിചയപ്പെട്ടതും പ്രണയത്തിൽ ആയതും വളരെ ചുരുങ്ങിയ നാൾക്കൊണ്ട് അവൾ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതും എല്ലാമെല്ലാം കണ്മുന്നിൽ എന്ന പോലെ മനസ്സിൽ തെളിഞ്ഞു വന്നു.

“ഹായ് വിവേക്…. ഞാൻ വൈഷ്ണവി..””ഹലോ വൈഷ്ണവി…. എന്തൊക്കെ വിശേഷങ്ങൾ..”

ഒരു ദിവസം ഫേസ് ബുക്ക്‌ വഴി റിക്വസ്റ്റ് അയച്ചു തുടങ്ങിയ ചാറ്റിംഗ് വെറും സൗഹൃദത്തിനപ്പുറം രണ്ട് വ്യക്തികളിൽ പ്രണയവും അതിനപ്പുറം ഒരു വൈവാഹിക ജീവിതവും സമ്മാനിച്ചു.

രണ്ട് വീട്ടുകാരും പൂർണമായും തള്ളി കളഞ്ഞ അവരുടെ സ്വതാല്പര്യാർത്ഥം ഒരുമിച്ച് ജീവിച്ചത് കഴിഞ്ഞ അഞ്ച് വർഷക്കാലം ആണ്..

വിവേകിനു ഒരു ഐ ടി കമ്പനിയിൽ ആയിരുന്നു ജോലി.. വൈഷ്ണവി ഒരു പ്രൈവറ്റ് ബാങ്കിലും.

ഇരുവർക്കും അവരവരുടെ കാര്യങ്ങൾ നടന്നു പോകാൻ ഉള്ള വരുമാനം ഉള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടുകളോ തമ്മിൽ വഴക്കുകളോ ഒന്നും ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

രാവിലെ 9മണിക്ക് വിവേകിനു ഓഫീസിൽ പോകണം.. അത് കൊണ്ട് തന്നെ പത്തു മണിക്കേ ബാങ്കിൽ എത്തേണ്ടത് ഉള്ളുവെങ്കിലും വൈഷ്ണവിയും വിവേകിനൊപ്പം തന്നെ ഇറങ്ങുമായിരുന്നു.

വിവേക് പോയി കഴിഞ്ഞാൽ ഒറ്റയ്ക്ക് ഫ്ലാറ്റിൽ ഇരിക്കണ്ടേന്ന് കരുതി ആയിരുന്നു വൈഷ്ണവി ഒപ്പം പോയി കൊണ്ടിരുന്നത്…

ടൗണിൽ നിന്നും അല്പം ഉള്ളിലേക്ക് ഉള്ള സ്ഥലത്തായിരുന്നു ഇരുവരും താമസിച്ചിരുന്നത്…

ടൗണിൽ നിന്നും വൈഷ്ണവിക്ക് പതിനഞ്ചു മിനിറ്റ് ദൂരം വേറെ റൂട്ടിൽ സഞ്ചാരിച്ചാൽ ആണ് അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് എത്താൻ കഴിയുക…

അതുകൊണ്ട്, ടൗണിലെ ബസ് സ്റ്റോപ്പിൽ വൈഷ്ണവിയെ ഇറക്കിയിട്ട് ആണ് വിവേക് പോയിരുന്നത്.

ഒൻപത് മണിക്ക് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയാൽ ഇരുപത് മിനിറ്റ് ദൂരം ഉണ്ട് ടൗണിലേക്ക്. അവിടുന്ന് പത്ത് മിനിറ്റ് തികച്ചു വേണ്ട വിവേകിന്റെ ഓഫീസിൽ എത്താൻ.

വിവേക് പോയി കഴിഞ്ഞാൽ പത്ത് മിനിറ്റ് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴേക്കും വൈഷ്ണവിയുടെ കൂടെ ജോലി ചെയ്യുന്ന അനുരാധ അവിടെ എത്തും…

ആള് ബാങ്കിലെ സീനിയർ സ്റ്റാഫ് ആണ്.. ബാങ്കിന്റെ തുടക്ക കാലം മുതലേ അവിടെ ഉള്ള ആളാണ് അനുരാധ രഘുറാം.

വൈഷ്ണവിയോട് നല്ല സ്നേഹമാണ് ചേച്ചിക്ക്.കാരണം വേറൊന്നുമല്ല അവരും പ്രണയിച്ച് വിവാഹം കഴിച്ചവർ ആയിരുന്നു..

പ്രതിസന്ധികൾ ഒക്കെ അവരുടെ ജീവിതത്തിലും ഉണ്ടായിരുന്നുവെന്നും കുഞ്ഞുങ്ങൾ ഒക്കെ ആയി കഴിഞ്ഞപ്പോൾ അവയെല്ലാം മാറിയെന്നും ഇപ്പോൾ സന്തോഷകരമായ ദാമ്പത്യം ആണ് അവർക്കെന്നും ചേച്ചി പറയുമായിരുന്നു.

അതുകൊണ്ട് വൈഷ്ണവിയോട് അവർ ഒരു സഹോദരിയുടെ സ്ഥാനത്ത് നിന്ന് അവൾ ചെയ്യേണ്ട കടമകളെ കുറിച്ചും കർത്തവ്യങ്ങളെ കുറിച്ചും എല്ലാം വൈഷ്ണവിക്ക് അവർ പറഞ്ഞു കൊടുക്കുമായിരുന്നു.

അനുരാധയുടെ ഭർത്താവ് രഘുറാം പഞ്ചാബ് നാഷണൽ ബാങ്കിലെ മാനേജർ ആണ്. ഇരുവർക്കും രണ്ട് മക്കൾ ആണ് അനുഗ്രഹും അനുശ്രീയും.. ഇരുവരും എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.

രാവിലെ തന്നെ ഇരുവരും വീട്ടു വിശേഷങ്ങൾ ഒക്കെ പങ്ക് വയ്ക്കുമ്പോഴേക്കും അവർക്ക് പോകാനുള്ള ബസ് വരും.

പിന്നെ ഓഫീസിൽ എത്തുന്നത് വരെ വിശേഷം പറച്ചിൽ തന്നെ ആയിരിക്കും.ഓഫീസിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഇരുവർക്കും തമ്മിൽ കാണണമെങ്കിൽ ലഞ്ച് ടൈം ആകണം.. ഉച്ച വരെ നല്ലൊരു ശതമാനം തിരക്ക് ഉണ്ടാകും ബാങ്കിൽ.

ഉച്ചയോടെ തിരക്ക് എല്ലാം ഏറെ കുറേ തീരും.. പിന്നീട് മൂന്ന് മണിക്ക് ശേഷം 5മണി വരെ കണക്കുകൾ ക്ലോസ്സ് ചെയ്യേണ്ട സമയം ആയിരിക്കും.

ലഞ്ച് ടൈമിൽ ഉള്ള ആ ഒരു ഒന്നൊന്നര മണിക്കൂർ വൈഷ്ണവിക്ക് കാര്യമായ വർക്കുകൾ ഒന്നും ഉണ്ടാവാറില്ല പലപ്പോഴും.. ആ നേരം അവൾ ഫോണിൽ നോക്കിയിരിക്കും.

ജോലി കാര്യങ്ങളിൽ മാത്രമായി ഒതുങ്ങി കൂടേണ്ടി വന്ന ഒരു ജീവിതം ആയിരുന്നു വിവേകിന്റെയും വൈഷ്ണവിയുടെയും..

വിവാഹം കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിന് ജന്മം നൽകാൻ ഇരുവർക്കും സാധിക്കാതെ വരുന്നത് വിവേകിനും വൈഷ്ണവിക്കും ഇടയിൽ ചെറിയ ആസ്വാരസ്യങ്ങൾക്ക് വഴി തെളിക്കാൻ തുടങ്ങിയിരുന്നു.

ആദ്യമാദ്യം ചെറിയ ചെറിയ പിണക്കങ്ങളിൽ തുടങ്ങി പിന്നീടത് ദീർഘ നാളത്തെ പിണക്കത്തിലേക്ക് വഴി വക്കാൻ തുടങ്ങിയപ്പോൾ വിവേകും വൈഷ്ണവിയും തമ്മിലുള്ള സംസാരം പൊതുവെ കുറഞ്ഞു വന്നു.

പൊതുവെ സംസാരപ്രിയൻ അല്ലാതിരുന്ന വിവേകിന്റെ ജീവിതത്തിലേക്ക് വൈഷ്ണവി വന്നതിൽ പിന്നെ ആണ് അവൻ അത്യാവശ്യം ഒന്ന് ആക്റ്റീവ് ആയത് പോലും.

സംസാരങ്ങൾ കുറഞ്ഞു വന്നതിൽ വൈഷ്ണവിക്ക് വിവേകിനോട് അതിയായ ദേഷ്യം തോന്നാൻ കാരണമായി.

രണ്ടുപേരുള്ള വീട്ടിൽ എത്ര നാളെന്ന് വച്ചാൽ പരസ്പരം മിണ്ടാതെയും പറയാതെയും ജീവിക്കും.

വീട്ടിൽ വിവേക് സൈലന്റ് ആണെങ്കിൽ പുറത്ത് ഇറങ്ങിയാൽ ഓഫീസിലും ഫ്രണ്ട്സിനും ഇടയിൽ അവൻ വളരേ ഹാപ്പി ആയിരുന്നു.

വൈഷ്ണവി എന്നാൽ നേരെ തിരിച്ചും ആയിരുന്നു. വിവേകിനോട്‌ പിണങ്ങുന്ന ഒരു ദിവസം പോലും അവൾക്ക് തന്റെ കടമകൾ വേണ്ടവിധം പൂർത്തീകരിക്കുവാൻ സാധിച്ചിരുന്നില്ല വീട്ടിലും ജോലി സ്ഥലത്തും.

താൻ മിണ്ടിയില്ലെങ്കിലും തന്റെ സാമീപ്യം ഇല്ലെങ്കിലും വിവേക് സന്തോഷവാനാണ് എന്ന് മനസ്സിലാക്കിയ വൈഷ്ണവിക്ക് പിന്നീട് വിവേകിനോട് ഉള്ളത് ഒരു തരം വാശി ആയിരുന്നു.

തന്റെ വിഷമതകളെ ചേർത്തു നിർത്താനോ
ആശ്വസിപ്പിക്കാനോ താല്പര്യം ഇല്ലാത്ത ഒരുവന്റെ കൂടെ കരഞ്ഞും സങ്കടപ്പെട്ടും ജീവിക്കുന്നതിൽ ഒരർത്ഥം ഇല്ലെന്ന് അവൾക്ക് ബോധ്യം വന്നു.

അങ്ങനെ അവൾ വിവാഹത്തിന് ശേഷം ഉപയോഗ ശൂന്യമായി കിടന്ന തന്റെ ഫേസ് ബുക്ക്‌ പൊടി തട്ടി എടുത്തു…

അതിൽ പുതിയൊരു അക്കൗണ്ട് ക്രീയേറ്റ് ചെയ്ത് ഒന്ന് രണ്ട് ഗ്രൂപ്പുകളിലും മറ്റും ആക്റ്റീവ് ആയി.

എഴുതാനും വായിക്കാനും, സൗഹൃദം പങ്ക് വയ്ക്കാനും തുടങ്ങി പ്രണയിക്കുന്നവർക്കും പ്രണയിക്കപ്പെടുന്നവർക്കും പ്രണയം നഷ്ടമായവർക്കും അങ്ങനെ പല പല പേരുകളിലുള്ള ഒട്ടനവധി ഗ്രൂപ്പുകളിൽ അവൾ അംഗത്വം ആരംഭിച്ചു.

തന്റെ ഫ്രീ ടൈം മുഴുവനും അവൾ ഗ്രൂപ്പിലും സുഹൃത്തുക്കളോടുമായി പങ്ക് വച്ച് തന്നിൽ നിന്നും നഷ്ടപ്പെട്ടു പോയ സന്തോഷങ്ങളെ തിരികെ കൊണ്ടു വന്നു.

വിവേക് എന്നൊരു വ്യക്തി അവളുടെ ജീവിതത്തിൽ ഉണ്ടെന്ന് പോലും പലപ്പോഴും മറന്നു കൊണ്ടു അവൾ തന്റെ സുഹൃത്തുക്കൾക്കു വേണ്ടി സമയം കണ്ടെത്തി.

ഒഴിവ് ദിവസങ്ങളിൽ ഓരോ ഗ്രൂപ്പിന്റെയും സൗഹൃദ സംഗമത്തിലൂടെ അത്യാവശ്യം രണ്ട് മൂന്ന് ഫ്രണ്ട്സിനവൾ ഫോൺ നമ്പർ കൈമാറുകയും അവരുമായി ദിവസവും ചാറ്റിംഗിലും കാളിങ്ങിലും ഏർപ്പെടുകയും ചെയ്തു.

അതിനിടയിൽ വിവേക്കുമായുള്ള വഴക്കുകൾക്ക് മാറ്റ് കൂട്ടുകയും ചെയ്തു പോന്നു.

അങ്ങനെ കഴിഞ്ഞ രണ്ട് രണ്ടര വർഷക്കാലം മൊത്തത്തിൽ വിവാഹം കഴിഞ്ഞ് ഏതാണ്ട് നാലര വർഷത്തോളം ആയപ്പോൾ ഇരുവർക്കുനിടയിൽ ഒരു മതിൽ തന്നെ രൂപീകൃതമായി.

വിവേകിൽ പലപ്പോഴും ആയി വൈഷ്ണവി തീർക്കുന്ന അതിർവരമ്പ് ബേധിച്ചു മുൻപത്തെക്കാളും അവളെ സ്നേഹിക്കാനും പ്രണയിക്കാനും താലോലിക്കാനും ചുംബനങ്ങൾ കൊണ്ട് പൊതിയാനും ഒക്കെ അവന്റെ ഉള്ളം അതിയായി മോഹിക്കുമായിരുന്നു.

പക്ഷേ ഉള്ളിൽ തലയുയർത്തി നിൽക്കുന്ന ഈഗോ അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ടിരുന്നു.

ആ സമയം മുഴുവനും വൈഷ്ണവിയുടെ ലോകത്തിലേക്ക് പുതിയ അതിഥികൾ കടന്ന് വന്നിരുന്നു.

പലപ്പോഴും അത് അവളുടെ സുഹൃത്തുക്കൾ മാത്രമാണെന്നുള്ള മിഥ്യ ധാരണ അവന്റെ മനസ്സിനെ കീഴ്പ്പെടുത്തി കളഞ്ഞിരുന്നു.. അത് കൊണ്ട് തന്നെ അവളെ തിരുത്താനോ മറ്റോ അവൻ മുതിർന്നതുമില്ല.

ഒരിക്കൽ വിവേകിന്റെ ഫ്രണ്ട് ആയ യധു ടൗണിലെ ഒരു മാളിൽ വച്ച് വൈഷ്ണവിയെ മറ്റൊരു പുരുഷന്റെ കൂടെ കാണാൻ ഇടയായി… അന്നവൻ

വിവേകിനോട് അത് പറഞ്ഞില്ല.. എന്നാൽ പിന്നീട് ആ കാഴ്ച പതിവായപ്പോൾ അവൻ വിവേകിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ തന്റെ പ്രിയപ്പെട്ടവളിലുള്ള അമിത വിശ്വാസം മൂലം വിവേകിനു അവളെ അവിശ്വസിക്കാൻ കഴിഞ്ഞില്ല.

ഫ്രണ്ട്സ് ആരെങ്കിലും ആകും എന്ന് കരുതി കണ്ടില്ലെന്ന് പലപ്പോഴും അവനത് കണ്ടില്ല കേട്ടില്ല എന്ന് വച്ചു..

എന്നാൽ അതേ വ്യക്തിക്കൊപ്പം വൈഷ്ണവിയെ പല വട്ടം പല സ്ഥലങ്ങളിൽ വച്ച് കാണാൻ ഇടയായ സാഹചര്യം യധു അവന്റെ ഫോൺ ക്യാമറയിൽ പകർത്തിയത് വിവേകിനു ഫോർവേഡ് ചെയ്തു കൊടുത്തിരുന്നു.

അതിനെ പറ്റിയുള്ള ചർച്ചകളിൽ മുഴുകി ഇരിക്കുന്ന സമയത്താണ് സിനിമ തിയേറ്ററിൽ നിന്നും അയാളെ പുണർന്നു ചുംബിച്ചു കൊണ്ട് ഇറങ്ങി വരുന്ന വൈഷ്ണവിയെ വിവേക് കാണാൻ ഇടയാകുന്നതും അവൾക്ക് മുൻപേ ഫ്ലാറ്റിലേക്ക് അവൻ എത്തുന്നതും.

കണ്ണിനു മുന്നിൽ കണ്ട കാഴ്ചകൾ അപ്പഴും വിവേകിനു വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

അവന്റെ ചുണ്ടുകൾ വിറക്കുകയും ചെന്നിയിൽ വിയർപ്പു കണങ്ങൾ പൊടിയുകയും ചെയ്തു.

യധുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു ഫോൺ ചെവിയോട് ചേർത്തെങ്കിലും പെട്ടെന്ന് തന്നെ കാൾ ഡിസ്കണക്ട് ചെയ്തു ബെഡിലേക്ക് വീഴുമ്പോൾ വിവേകിന്റെ കണ്ണുകൾ നിറഞ്ഞ് കാഴ്ചയെ മറച്ചു കളഞ്ഞിരുന്നു.

വൈകിട്ട് അഞ്ചു മണിയോടെ ഫ്ലാറ്റിൽ തിരിച്ചെത്തുമ്പോൾ വിവേകിന്റെ ബൈക്ക് പോർച്ചിൽ കിടക്കുന്നത് വൈഷ്ണവി കണ്ടിരുന്നു.

റൂമിൽ എത്തിയ വൈഷ്ണവിയെ കാത്ത് വിവേക് ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു

റൂമിലേക്ക് കയറാൻ തുടങ്ങിയ വൈഷ്ണവിയെ വിവേക് പിന്നിൽ നിന്നും ചേർത്ത് പിടിച്ചു. അപ്രതീക്ഷിതമായ വിവേകിന്റെ പ്രവൃത്തിയിൽ വൈഷ്ണവി ഞെട്ടി പോയിരുന്നു.

ആ നിമിഷം അവളുടെ ഉള്ളിൽ ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഇതുപോലെ തന്നെ ചേർത്തു പിടിച്ച മറ്റൊരുവന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു.

ഉള്ളിലെ ആധി പുറത്ത് വരുന്നതിനു മുന്നേ വൈഷ്ണവിയും വിവേകിനെ തിരിഞ്ഞു പുണർന്നു.

ഇരുവരുടെയും ശ്വാസഗതി ദ്രുതഗതിയിലായപ്പോൾ വൈഷ്ണവി അവനെ ഗാഡമായി ചുംബിച്ചു.ആ ചുംബനം ഏൽക്കുമ്പോൾ വിവേകിനു അന്നാദ്യമായി അവളോട് അറപ്പ് തോന്നി.

തന്നിൽ മുറുകിയിരിക്കുന്ന അവളുടെ കരങ്ങളെ അവൻ തന്റെ കൈപ്പിടിയിലാക്കി അമർത്തി വച്ചു. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന അവളെ വിവേക് വീണ്ടും വീണ്ടും തന്നിലേക്ക് അണച്ചു പിടിച്ചു അതിശക്തമായി.

കണ്ണുകൾ തുറിച്ച് പ്രണയ വായുവിനായി പിടയുന്നവളെ ഭ്രാന്തിന്റെ കൊടുമുടിയിലെന്ന പോൽ ചുംബനം കൊണ്ടു മൂടുമ്പോൾ അവളിൽ നിന്നും പ്രവഹിക്കുന്ന ചൂടിന്റെ കാടിന്യം താനേ കുറഞ്ഞു വരുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *