അച്ഛനാൽ മകൾ ഗർഭം ധരിച്ചുവെന്നയാ വാർത്ത ദേവകിയുടെ മനസ്സിനെ വല്ലാത്തയൊരു ഉൾഭയത്തിലേക്ക് കൊണ്ടെത്തിച്ചു.

(രചന: ഗുരുജി)

പതിനാറുകാരിയായ മകളുടെ വയറിലൊരു കുഞ്ഞ് വളരുന്നുണ്ടെന്ന് മനസ്സിലാക്കിയ ദേവകിയുടെ ദേഹം ആസകലം വിറച്ചു.

തന്നിൽ നിന്ന് തന്റെ കണ്ണും കൈയ്യും കാണാതായത് പോലെ ആകെയൊരു പരവേശമായിരുന്നു ആ അമ്മക്ക്. ഒറ്റമോളാണ്. എത്രത്തോളം

ഈ ഭൂമിയിലൊരു കുഞ്ഞിനെ കൊഞ്ചിക്കാൻ പറ്റും അത്രത്തോളം തോളിലേറ്റി വളർത്തിയതാണ് അവളെ ആ മാതാപിതാക്കൾ..

സ്കൂളിൽ പഠിക്കുന്ന പെണ്ണിന്റെ ശരീരം കൊച്ച് മനസ്സിലേ ഗർഭം ധരിച്ചെന്ന് വിശ്വസിക്കാൻ തന്നെ ദേവകി പാടുപെട്ടു. എങ്ങനെ..!? ആരിൽ നിന്ന്…!?

മകൾക്ക് സംഭവിച്ച അബദ്ധത്തെ ഓർത്തോർത്ത് അവൾ കരഞ്ഞു. പതിയേയൊരു പെരുമഴ നനഞ്ഞ കരിയില പോലെ കട്ടിലിൽ കിടന്ന് അവൾ കുതിർന്നു. തുടർന്ന് പൊടിഞ്ഞു.

ആ ഹൃദയവേദനയുമായി താൻ മരിച്ചുപോകുകയാണോ എന്ന് പോലും അവൾ സംശയിച്ചു.

ജോലി കഴിഞ്ഞ് എത്താൻ പോകുന്ന മകളുടെ അച്ഛൻ മാധവനോട്‌ എങ്ങനെയിത് പറയുമെന്ന് ഓർത്ത്‌ ദേവകിയുടെ ചങ്ക് വെപ്രാളത്തോടെ ഇടിക്കുകയാണ്.

പെണ്ണാണെങ്കിൽ ഒരക്ഷരം മിണ്ടുന്നില്ല. എന്ത്‌ ചോദിച്ചാലും കരച്ചിലോട് കരച്ചിൽ തന്നെ.. കരഞ്ഞ് കരഞ്ഞ് അവളുടെ കണ്ണുകൾ പഴുത്ത് തുടത്തയൊരു ചാമ്പക്ക പോലെ ചുവന്നു..

പതിവിലും സന്തോഷത്തോടെ അന്ന് അയാൾ വീട്ടിലെത്തി. മകൾക്ക് വേണ്ടി വാങ്ങിയ പതിനൊന്നാം തരത്തിന്റെ വർഷ പരീക്ഷാ ചോദ്യോത്തര പതിപ്പെടുത്ത് മേശമുകളിൽ വെച്ചു.

എന്നിട്ട്, കുളിക്കാനിത്തിരി വെള്ളം ചൂടാക്കെടീയെന്ന് കിടപ്പ് മുറിലേക്ക് കേൾക്കാൻ പാകം അയാൾ പറഞ്ഞു. അത് കേട്ടിട്ടും ദേവകി അവിടെ തന്നെ വിങ്ങി വിങ്ങി ചുരുണ്ടു.’എന്താ നിനക്ക് പറ്റിയത്….?’

കട്ടിലിൽ ഇരുന്ന് ദേവകിയുടെ നെറ്റിയിൽ കൈവെച്ച് കൊണ്ടാണ് അയാളത്‌ ചോദിച്ചത്. കറന്റ്‌ അടിച്ചപ്പോൾ തെറിച്ച ഇരുമ്പ് ദണ്ഡ് പോലെ അവൾ അയാളിലേക്ക് വീണു.

രണ്ട് കൈയ്യും കഴുത്തിലൂടെയിട്ട് അയാളെ ശ്വാസം മുട്ടിക്കും വിധം അവൾ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഒന്നും മനസ്സിലാകാതെയൊരു മൗനിയെ പോലെ അയാൾ അവളെ ഇമവെട്ടാതെ നോക്കി.

‘…മ്മളെ മിനിമോൾക്ക്..!'”മിനിമോൾക്ക്…!?”മിനിമോൾക്ക് വയറ്റിലുണ്ട് മാധവേട്ടായെന്നവൾ പറഞ്ഞപ്പോഴേക്കും

അയാളുടെ കണ്ണുകളൊരു മഴമേഘം പോലെയിരുണ്ടു. എന്നിരുന്നാലും തന്റെ പ്രായോഗിക ബുദ്ധിയിലേക്ക് അയാൾ പെട്ടെന്ന് തന്നെ തിരിച്ചെത്തി.’ആരാണെന്നവൾ പറഞ്ഞോ…!?'”ഇല്ല.”

അയാൾ പറഞ്ഞത് പോലെ ദേവകി മാത്രം വീണ്ടും മകളുടെ മുറിയിലേക്ക് പോയി ആരാണ് കാരണക്കാരാനെന്ന് സൗമ്യമായി ചോദിച്ചു. അവളപ്പോൾ തലയിണയിലേക്ക് കൂടുതൽ മുഖം പൂഴ്ത്തി കിടന്നു.

തിരിച്ച് വന്ന് ഒരു രക്ഷയുമില്ലെന്ന് ദേവകിയൊരു നെടുവീർപ്പോടെ അയാളോട് പറഞ്ഞു. നേരം വെളുക്കട്ടെയെന്നും എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്നും പറഞ്ഞ് അയാൾ അവളെ ആശ്വസിപ്പിച്ചു.

അന്നാ വീട്ടിൽ നിന്ന് മൂന്ന് പേരും മൂന്ന് ലോകത്തിലെന്ന പോലെ നേരം വെളുപ്പിച്ചു. ഒരത്സാഹവുമില്ലാതെ ദേവകി കാലത്തെഴുന്നേറ്റ് നോക്കുമ്പോൾ മിനിമോളെ കണ്ടില്ല.

അയാളെ ഉണർത്തി കാര്യം പറഞ്ഞപ്പോൾ ഒരു ദുഃസ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ അയാളുടെ കണ്ണുകൾ കൂടുതൽ മിഴിച്ചുനിന്നു. ഒരു ഷർട്ടും വലിച്ചിട്ട് മകളെ തിരഞ്ഞ് ആ അച്ഛൻ പുറത്തേക്ക് പോയി.

റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റോപ്പിലും അവളുടെ കൂട്ടുകാരികളുടെ വീട്ടിലുമൊക്കെയായി അയാൾ മകളെ തിരഞ്ഞ് ഭ്രാന്തമായി അലഞ്ഞു.

എന്നാൽ അതിലും ഭ്രാന്തമായ ലോകത്തിലെയെല്ലാ വിഭ്രാന്തിയും ഒരമ്മയിൽ കൊണ്ടെത്തിക്കുന്ന പത്രവാർത്തയിൽ സംശയത്തോടെ തുറിച്ച് നോക്കുകയായിരുന്നു ദേവകിയപ്പോൾ..

എന്തൊക്കെയാണ് ഈ ലോകത്ത് നടക്കുന്നതെന്ന് ഓർത്തപ്പോൾ അവൾ തളർന്നൊരു പാവപോലെ കുഴഞ്ഞിരുന്നു.

മറ്റേതോ ഒരിടത്ത് അച്ഛനാൽ മകൾ ഗർഭം ധരിച്ചുവെന്നയാ വാർത്ത ദേവകിയുടെ മനസ്സിനെ വല്ലാത്തയൊരു ഉൾഭയത്തിലേക്ക് കൊണ്ടെത്തിച്ചു.

മകളെ കാണാതെ നെഞ്ച് തകർന്ന് തിരിച്ചെത്തിയ അയാളെ അവൾ സംശയത്തോടെ നോക്കി…

ആ നോട്ടം കൃത്യമാ അച്ഛന്റെ നെറ്റിയിൽ തന്നെ കൊണ്ടു. ദേവകിയുടെ കയ്യിലെ പത്ര വാർത്ത അയാളും ശ്രദ്ധിച്ചു.

ഒരു കുറ്റവാളിയെ പോലെ ദേവകി തന്നെ സസൂഷ്മം നിരീക്ഷിക്കുകയാണെന്ന് ബോധ്യമായപ്പോൾ, അയാളൊരു യന്ത്രമനുഷ്യനെ പോലെ തലയനക്കാതെ വീട്ടിൽ നിന്നിറങ്ങി പോയി..!

മൗനം വിഴുങ്ങിയ വീട്ടിൽ ദേവകിയാ പത്രവുമായി ഉമ്മറത്ത് തനിച്ചങ്ങനെ ഇരുന്നു. ഒരു പ്രതിമ പോലെ…! ചുറ്റും കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കുന്നത് പോലെ…!

അതിലൊന്ന് തന്റെ മിനിമോളുടേതാണെന്ന് തിരിച്ചറിഞ്ഞത് പോലെ..! തന്റെ മാധവട്ടന്റെ മുഖം മാറുന്നത് പോലെ..! ലോകം അവസാനിക്കുന്നത് പോലെ..!

സന്ധ്യയായപ്പോൾ മകൾ തിരിച്ചുവന്നു. കൂടെ അവളുടെ ഒരു കൂട്ടുകാരിയും കൂട്ടുകാരിയുടെ അമ്മയുമുണ്ടായിരുന്നു. ദേവകി അപ്പോഴും അതേ ഇരിപ്പായിരുന്നു.

മകളെ കണ്ടതും അവളൊരു കാളിയെ പോലെ ഉറഞ്ഞ് തുള്ളി, മകളുടെ ഇടം കരണത്തൊന്ന് പൊട്ടിച്ചു.

ഇതെങ്ങനെ സംഭവിച്ചതാടിയെന്നും പറഞ്ഞ് രണ്ടാമതുമൊന്ന് കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും കൂട്ടുകാരിയുടെ അമ്മ അവളെ തടഞ്ഞു.

കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ എന്തുചെയ്യുമെന്നറിയാതെ വീണ്ടും ദേവകി നിന്ന ഇടത്ത് തന്നെ ഇരുന്നു. വേണ്ടതൊക്കെ താൻ ചെയ്തിട്ടുണ്ടെന്നും ഇനിയൊന്നും പേടിക്കാനില്ലെന്നും പറഞ്ഞ് മകളുടെ കൂട്ടുകാരിയുടെ അമ്മ അവളെ ആശ്വസിപ്പിച്ചു.

മകൾക്ക് ഉയർന്ന മാർക്ക് കിട്ടാൻ രാത്രിയെന്നോ പകലെന്നോ നോക്കാതെ ട്യൂഷന് പറഞ്ഞ് വിടുമ്പോൾ കുറച്ച് കൂടി ശ്രദ്ധിക്കണമെന്ന് ആ രണ്ട് അമ്മമാർക്കും അന്ന് മനസ്സിലായി.

സ്കൂളിലും ട്യൂഷൻ സ്ഥാപനത്തിലും ഒരു പോലെ പഠിപ്പിക്കാൻ വരുന്നയൊരു അധ്യാപകനായിരുന്നു വില്ലൻ.

പരാതി കൊടുത്തയുടൻ അയാളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്‌തെന്നും തുടർന്ന് ഡോക്റ്ററെ കണ്ടെന്നും മകളുടെ കൂട്ടുകാരിയുടെ അമ്മ ദേവകിയോട് പറഞ്ഞു.

തന്റെ മകൾക്കും മറ്റ് ചില കുട്ടികൾക്കും ദുരനുഭവം ഉണ്ടായെന്ന് കൂടി നിറകണ്ണുകളോടെ ആ അമ്മ പറഞ്ഞു.

എന്നാൽ ഇതൊന്നും ദേവകി കേൾക്കുന്നുണ്ടായിരുന്നില്ല. മകളെ അന്വേഷിച്ച് പോയ തന്റെ മാധവേട്ടൻ മാത്രമായിരുന്നു അവളുടെ

മനസ്സിലപ്പോൾ… തന്റെ പ്രാണ പ്രിയനെ സംശയിച്ച തലയ്ക്ക് കയ്യും വെച്ച് ഒരു മുളന്തണ്ട് കീറുന്ന ശബ്ദത്തിൽ അവൾ കരഞ്ഞു.

കാര്യങ്ങളെല്ലാം ഒരുവിധം തീർപ്പാക്കിയെന്ന് അറിയുമ്പോൾ അദ്ദേഹത്തിന് സമാധാനമാകും. ഒന്നിനുമല്ലെങ്കിലും വെറുതേ ആ കാലുകൾ പിടിച്ച് മാപ്പ് പറയണമെന്നും തീരുമാനിച്ച് ദേവകി അയാളെ കാത്തിരുന്നു.

പക്ഷേ, എന്തുചെയ്യാം… അന്നൊരു യന്ത്രം പോലെ ആ വീട്ടിൽ നിന്ന് തല അനക്കാതെ ഇറങ്ങിപ്പോയ മാധവൻ പിന്നീട് ഒരിക്കലും തിരിച്ച് വന്നില്ല. അയാളെ ആരും പിന്നീട് കണ്ടതേയില്ല…

Leave a Reply

Your email address will not be published. Required fields are marked *