ആദ്യ രാത്രിയല്ലേ. അവനിപ്പൊ കാമ പരവശനായി കാണുമോ? എനിക്ക് നിഷേധിക്കപ്പെട്ട പലതും അവനിപ്പൊ അവൾക്ക് നൽകുന്നുണ്ടാവുമോ?.

 

പൊട്ടി തകർന്ന കിനാക്കൾ
രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

”ഇന്നെന്റെ ജിത്തുവിന്റെ ആദ്യ രാത്രിയല്ലേ. അവനിപ്പൊ കാമ പരവശനായി കാണുമോ? എനിക്ക് നിഷേധിക്കപ്പെട്ട പലതും അവനിപ്പൊ അവൾക്ക് നൽകുന്നുണ്ടാവുമോ?.

.അവൻ അവളെ ചുമ്പനങ്ങൾ കൊണ്ട് മൂടി കാണുമോ?
അവരുടെ ശരീരങ്ങൾ ഒന്നായി കാണുമോ?.അതോ വേറെ പലതും ചെയ്തു കാണുമോ?”.

അഹല്യ മിഴിഞ്ഞ കണ്ണുകളുമായി കട്ടിലിൽ എഴുന്നേറ്റിരുന്നു കൊണ്ട് ഓർത്തു. കണ്ണുനീർ തുളുമ്പി വീണു കൊണ്ടിരുന്നു.

അവളുടെ നെഞ്ച് പിടച്ചു. “എല്ലാം നേരത്തേ പറഞ്ഞുറപ്പിച്ച പോലെ പിരിഞ്ഞതല്ലേ ഞങ്ങൾ. എന്നിട്ടും എനിക്കെന്താ ഇനിയുമൊരു പിടിവള്ളി കിട്ടാത്തത് “.. അവൾ തേങ്ങി കരഞ്ഞു.

പിന്നെ കണ്ണുകൾ തുടച്ചു കൊണ്ട് കട്ടിലിലേക്ക് വീണു മലർന്നു. നെഞ്ച് വല്ലാതെ പൊടിയുന്നു. ഒരു ചെടി ചട്ടി കയറ്റി വെച്ച പോലെ ഭാരം തിങ്ങുന്നു.

“ഞാൻ എന്തിനിങ്ങനെ സങ്കടപെടുന്നു. അവൻ ആദ്യമേ പറഞ്ഞതല്ലേ. ഒരിക്കലും ഒന്നിക്കാൻ പറ്റില്ലാന്ന്. അതിന് തയ്യാറാണെങ്കിൽ സ്നേഹിച്ചാൽ മതിയെന്ന്. ഞാനും അത് സമ്മതിച്ചതല്ലേ.

അതോ മനസ്സറിഞ്ഞിരുന്നില്ലേ ആ സമ്മതം. എങ്കിലും ജിത്തുവിന് ഒരു സങ്കടവും ഇല്ലേ. കല്യാണ മണ്ഡപത്തിൽ അവൻ സന്തോഷവാനായിരുന്നുവോ?. താലി കെട്ടുമ്പോൾ ചിരിച്ചിരുന്നുവോ?.

സങ്കടം ഉണ്ടാവും. പാവം വെറുതേ സന്തോഷം നടിക്കുന്നതായിരിക്കും”… അറ്റമില്ലാത്ത ചിന്തകളുടെ കരിമ്പുക അഹല്യയുടെ മനസ്സിൽ കിടന്നു കട്ട പിടിച
“”അല്ല പെണ്ണേ….നിന്റെ മുതലാളി

ചെക്കന്റെ കല്യാണമായിട്ട് നീയെന്താ ഇന്നലെ സദ്യ പോലും കഴിക്കാതെ നേരത്തേ പോന്നത്””..ഏട്ടത്തിയമ്മ പിറ്റേന്ന് രാവിലെ മുഖം കനപ്പിച്ചു കൊണ്ട് അഹല്യയോട് ചോദിച്ചു. അഹല്യ ഒന്നും മിണ്ടിയില്ല.

“”എനിക്കെല്ലാം അറിയാം.. നീയെന്ത് കരുതി അവൻ നിന്നെ കെട്ടുമെന്നോ.. അവൻ മുതലാളിയാ. എന്താ ചന്തം കാണാൻ.. നീയോ കറുത്തൊരു കരി വണ്ട്.

അവനേക്കാൾ നാല് വയസ്സ് മൂപ്പും””.. ഏട്ടത്തിയമ്മ ചുണ്ടൊന്നു പരിഹാസ്യ രൂപേണ കോട്ടി പിടിച്ചു.

അഹല്യയുടെ ഉള്ളകം പിടഞ്ഞു തുടിച്ചു. എവിടെയൊക്കെയോ തറച്ച ഏട്ടത്തിയമ്മയുടെ വാക്കുകൾ വല്ലാതെ നോവിച്ചു. കണ്ണുകൾ ഈറനണിഞ്ഞത് മറക്കാൻ അവൾ ചുണ്ട് കടിച്ചു പിടിച്ചു.

“”ഏട്ടത്തിയമ്മേ.. ഇല്ലാത്തത് പറയരുത്..അർഹിക്കാത്തത് ആശിക്കാൻ ഞാൻ ഒരു പൊട്ടിയൊന്നുമല്ല””. അഹല്യ പറഞ്ഞു. കരിം നുണ മറക്കാനായി അവൾ ചിരിച്ചെന്ന് വരുത്താൻ ചുണ്ടൊന്ന് വിടർത്തി.

അന്ന് മുഴുവൻ അവൾ മുറിയിൽ കഴിച്ചു കൂട്ടി. ഓർമ്മകൾ തത്തി കളിക്കുന്ന ഹൃതടത്തിന്റെ ഉള്ളറകിലേക്ക് മനസ്സ് ഊർന്നിറങ്ങി.

“മുതലാളിയുടെ മകൻ എന്നതിനപ്പുറം ഞാൻ അവനെ ശ്രദ്ധിച്ചത് എന്ന് മുതലാണ്.മനം മയക്കുന്ന ചിരിയും ആകർഷകമായ നോട്ടവും. അവൻ എടുത്ത അമിത സ്വാതന്ത്ര്യം ഞാൻ പലപ്പോഴും തെറ്റിദ്ധരിച്ചു.

മനപ്പൂർവം അല്ലാത്ത ഇടപഴകലുകൾ. ആരോടും കാണിക്കാത്ത ശ്രദ്ധകൾ അവൻ എന്നോട് കാണിച്ചപ്പോൾ ഞാൻ ആകർഷിക്കപ്പെട്ടതാണോ. പിന്നെ ഞാൻ ഇയാം പാറ്റയെ പോലെ അവനോടുള്ള പ്രണയ തീയിൽ വീഴുകയായിരുന്നില്ലേ.

മനസ്സറിഞ്ഞു കൊണ്ട് തന്നെ അവനെ മുട്ടിയുരുമ്മാൻ നോക്കി. ഒട്ടും യാദൃശ്ചികമല്ലാത്ത ചില ഒളിഞ്ഞു നോട്ടങ്ങളിൽ ഞങ്ങളുടെ കണ്ണുകൾ പലപ്പോഴും ഉടക്കി..

“”എന്താ അഹല്യാ.. കല്യാണം കഴിക്കാത്തെ?..വയസ്സ് കുറേ ആയില്ലേ””. ഒരു നാളിൽ ജിത്തു ചോദിച്ചു.

അവൾ ചിരിച്ചു..””കുറേ ആയി..മുപ്പത് വയസ്സായി. കല്യാണമൊക്കെ ഞാൻ ഒറ്റക്ക് തീരുമാനിച്ചാൽ പോരല്ലോ. തീരുമാനങ്ങൾ എടുക്കാൻ ആരെങ്കിലും വേണ്ടേ എനിക്ക്.

പിന്നെ ആർക്കെങ്കിലുമൊക്കെ കണ്ട് ഇഷ്ടാവണ്ടേ എന്നെ. ആഗ്രഹം ഇല്ലാതൊന്നുമില്ല. അനിയത്തിക്ക് വരുന്ന ആലോചനകൾ പോലും ഞാൻ മൂത്തു നിൽക്കുന്നത് കാരണം മുടങ്ങാണ്. അതാണ് ആകെയുള്ള സങ്കടം””.. അഹല്യ പറഞ്ഞു.

“”അഹല്യാ…നിനക്കെന്നെ ഇഷ്ടമാണോ?””… അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. എന്നെ അവൻ എങ്ങനെ മനസ്സിലാക്കി. എന്റെ ഉള്ള് എങ്ങനെ അവനറിഞ്ഞു. ഞാൻ പലപ്പോഴായി ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം.

ഒരിക്കലും ചേരില്ലാ എന്ന് മനസ്സ് പറഞ്ഞു പഠിപ്പിച്ചിട്ടു ഒതുക്കി നിർത്തിയ ആ ചോദ്യം. ജിത്തു ചോദിച്ചിരിക്കുന്നു.. ആയിരം പൂക്കൾ വിരിഞ്ഞു അവളുടെ ഉള്ളിൽ സുഗന്ധം പരത്തി. കരളും മനസ്സും ഒന്നിച്ചു പുളകങ്ങളാൽ മൂടി.

“”ജിത്തൂ….ഞാൻ… എനിക്കങ്ങനെ ആഗ്രഹിക്കാൻ പറ്റുമോ?””..അഹല്യയുടെ മുഖം അത്ഭുതം കൊണ്ട് വിടർന്നു. ചെറിയൊരു നാണവും വിരിഞ്ഞു.

“”അതെന്താ.. നിനക്കെന്നെ ഇഷ്ടമല്ലേ. എനിക്കെന്നോ മനസ്സിലായി. മനസ്സിലെ ഇഷ്ടം അയാളോട് പറഞ്ഞില്ലെങ്കിലും അയാൾ അത് തിരിച്ചറിയും.

ഭാവങ്ങൾ അങ്ങനെയാവും. എത്ര ഒളിപ്പിച്ചു വെച്ചാലും മറനീക്കി പുറത്തു വരും””.ജിത്തു ചിരിച്ചു കൊണ്ട് പറഞ്ഞു.

അഹല്യ ഒളികണ്ണാൽ അവനെ നോക്കി നാണത്തിൽ കുതിർന്നു ചിരിച്ചു…””അല്ല… നീ വലിയ ആളല്ലേ.. എന്റെ മുതലാളിയുടെ മകനല്ലേ. നല്ല ഭംഗിയും ഉണ്ട് കാണാൻ. ഞാനോ?.. കറുത്തിട്ട് ഒരു ചന്തവും ഇല്ലാതെ. നിന്നെക്കാൾ പ്രായവും കൂടില്ലേ..

വെറുതേ നമുക്ക് ആരെ വേണമെങ്കിലും മോഹിക്കാലോ. അത്രേയുള്ളൂ.. അത്ര മാത്രമേയുള്ളൂ ജിത്തൂ””.. അഹല്യയുടെ മിഴികൾ ആർദ്രമായി.

“”അത്രേയുള്ളൂ?… അപ്പൊ തിരിച്ചു വേണ്ടേ സ്നേഹം?””.. ജിത്തു അവളെ നെറ്റി ചുളിച്ചു കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു.

“”നീ തരുമോ?””..അഹല്യ കരിമിഴികൾ വിടർത്തി കൊണ്ട് ചോദിച്ചു. കവിളുകൾ വിറച്ചു. ദയനീയമായി അവനെ നോക്കി നിന്നു.””തരാം… പക്ഷേ””…?..

അഹല്യ അവനെ ജിജ്ഞാസയോടെ നോക്കി. “”അഹല്യാ. കൂടുതൽ മോഹന വാഗ്ദാനങ്ങൾ എനിക്ക് തരാൻ ആവില്ല. ഞാൻ ഇവിടം വിട്ടു പോകുന്നത് വരെ.. അല്ലെങ്കിൽ എന്റെ വിവാഹം വരെ. അതു വരെഞാൻനിന്റേതായിരിക്കും?.സമ്മതമാണോ?””.

“ലോകത്ത് ആദ്യായിട്ടായിരിക്കും ഇങ്ങനെ കരാർ ഒപ്പിട്ട് സ്നേഹിക്കുന്നത്”.. അഹല്യ മനസ്സിൽ പെയ്ത മഞ്ഞു മഴക്ക് അകമ്പടിയായി ഇങ്ങനെ മനസ്സിൽ പറഞ്ഞു. അവൾ പ്രണയ പൂർവ്വം പതുക്കെ സമ്മതം മൂളി.

””എനിക്ക് ഇതിൽ കൂടുതൽ എന്ത് നിധി കിട്ടാനാ ജിത്തൂ. നിനക്കറിയില്ലേ എന്റെ കാര്യങ്ങൾ. ചെറുതിലെ എന്റെ അച്ഛൻ മരിച്ചു. ഏഴാം ക്ലാസ്സിൽ ഞാൻ പഠിത്തം നിർത്തി. ഒരു ഏട്ടൻ ഉള്ളത് പണിക്ക് പോവില്ല.

പോയാൽ തന്നെ കിട്ടിയ പൈസക്ക് ദൂർത്തും. ഏട്ടത്തിയമ്മയെയും രണ്ട് കുട്ടികളെയും ഞാൻ നോക്കണം. എങ്കിലും ഞാനിങ്ങനെ മൂത്തു നരച്ചു നിൽക്കുന്നത് കാരണം ആർക്കും എന്നെ കണ്ടൂടാ. എന്നെ ചീത്ത പറയും.

പൈസ കൊടുത്തില്ലെങ്കിൽ ഏട്ടൻ പൊതിരെ തല്ലും. വയ്യെങ്കിലും അമ്മ ജീവിച്ചിരിക്കുന്നു എന്നതാണ് എന്റെ ഏക സമാധാനം. ഞാൻ ജീവിച്ചിരിക്കുന്നതിനും കാരണം അതാണ്‌. ചിലപ്പോഴെങ്കിലും ഞാൻ സന്തോഷിക്കുന്നുണ്ടെങ്കിൽ അതെല്ലാം ഇവിടുത്തെ കനിവാണ്.

ജിത്തൂന്റെ അച്ഛന്റെ നല്ല മനസ്സാണ്. ആ കൂട്ടത്തിൽ ജിത്തൂനും എന്നെ ഇഷ്ടാണെന്ന് അറിയുമ്പോ… എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല””.. അഹല്യ വിതുമ്പി.

“”എനിക്കറിയാം അഹല്യാ. കരയണ്ടാ. നിന്നോടുള്ള ഇഷ്ടത്തിന് കാരണവും അത് തന്നെയാണ്. സഹതാപമല്ല.. ഒരു തരം ബഹുമാനം..ഞാൻ പറഞ്ഞില്ലേ.

എന്റെ പരിമിതികൾക്കുള്ളിൽ നിന്ന് ഞാൻ നിന്നെ സ്നേഹിക്കും. ഇവിടെ ഉള്ള കാലത്തോളം.. ഉറപ്പാണ്””. ജിത്തു അവളെ സാകൂതം നോക്കി.

“”നീ സൗന്ദര്യം ഇല്ല എന്നൊന്നുമില്ല കെട്ടോ. ഒരു പ്രത്യേക മുഖശ്രീയും ഭംഗിയുള്ള ഒരു ശരീരവും നിനക്കുണ്ട്. കാണുന്നവർക്ക് ഒറ്റ നോട്ടത്തിലാണ് സൗന്ദര്യത്തിന്റെ അളവ് കോൽ.. പക്ഷേ കൺകെ കൺകെ ഒരു സൗന്ദര്യമുണ്ട്.

നിന്നെ നേരെ നോക്കാത്തോണ്ടാണ്. നോക്കിയാൽ ആർക്കും ഒരിഷ്ടമൊക്കെ തോന്നും.””. ജിത്തു ഒരു പുഞ്ചിരിയോടെ പറഞ്ഞു.

എണ്ണമയമാർന്ന കവിളുകൾ വിടർത്തി നിരയൊത്ത വെളുത്ത പല്ലുകൾ കാണിച്ചു അഹല്യ ചിരിച്ചു.അവളുടെ നിറഞ്ഞ മാറിടങ്ങളും ഒതുങ്ങിയ ഉദരവും വിരിഞ്ഞ അരക്കെട്ടും ജിത്തു പതുങ്ങി നോക്കി.

അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു. അവളുടെ കാലടികൾക്കനുസരിച്ചു തുളുമ്പുന്ന വടിവൊത്ത നിതംബങ്ങൾ കണ്ട് ജിത്തുവിന്റെ ഉള്ളിൽ മഞ്ഞു വീണു.

അന്നു മുതൽ അവൾ പൂത്തുലഞ്ഞു തുടങ്ങി. പ്രേമം വഴിഞ്ഞൊഴുകിയ ദിനരാത്രങ്ങൾ പലതും കടന്നു പോയി. ചെരിപ്പ് കമ്പനിയിൽ ജിത്തു ഇല്ലാത്ത ദിനങ്ങളിൽ അഹല്യക്ക് വല്ലാത്ത മടുപ്പും

ശൂന്യതയും അനുഭവപ്പെട്ടു. അടുത്തുള്ള നിമിഷങ്ങളിൽ പരിസരം മറന്നവർ പൊട്ടിചിരിച്ചു. അടുത്തിടപഴകി അനുരാഗത്തിന് നിറം പകർന്നു. നിലാവുള്ള രാവുകളിൽ ഉറക്കം വരാതെ മുറ്റത്തിറങ്ങി അവൾ ഉലാത്തി.

എപ്പോഴും ഒരു പുഞ്ചിരി ചുണ്ടിൽ വിരിയിച്ചു അവൾ സ്വയം മറന്നു നടന്നു. ഒരു മായാ ലോകത്തെന്ന പോലെ.. അവൾ തന്നെ മനസ്സിൽ ഒരുക്കിയെടുത്ത ഒരു സാങ്കല്പിക ലോകത്ത് അവൾ മാത്രം പ്രണയ പൂർണ്ണതയിൽ വിരാചിച്ചു.

ജിത്തു അഹല്യ അടുത്തുള്ളപ്പോൾ മാത്രം അവളെ ഓർത്തു. അപ്പോൾ മാത്രം അവൻ സ്വയം മറന്ന് പ്രണയം ആസ്വദിച്ചു.മറ്റുള്ള തൊഴിലാളികൾ അവരെ സംശയത്തോടെ നോക്കി.

”’എന്താ ജിത്തൂ ഇത്. കയ്യിൽ ഒരു കടലാസ്?””.. അഹല്യ ഒരിക്കൽ ചോദിച്ചു.””ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ഓർഡറാ””. ജിത്തു സന്തോഷത്തോടെ പറഞ്ഞു.

അഹല്യയുടെ ഉള്ള് കിടുങ്ങി. അറിയാതെ ഹൃദയം ഒന്ന് ഞെട്ടി വിറച്ചു. “ഈശ്വരാ.. ജിത്തു പോവുമോ?. ഇത്ര വേഗം…?”

“”ആണോ… നല്ല സന്തോഷം ഉണ്ടല്ലോ മുഖത്ത്… എവിടെയാ?.. കുറേ ദൂരെയാണോ?.ഇടക്ക് അവധി കിട്ടുമോ?.അവിടെ പോയി നിൽക്കേണ്ടി വരുമോ?””..

അഹല്യ ഉള്ളിലെ നിരാശയും സങ്കടവും പുറത്തു കാണിക്കാതെ ചിരി അഭിനയിച്ചു ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു.

“”ആദ്യം അച്ഛൻ സമ്മതിക്കുമോ എന്ന് നോക്കട്ടെ?.. എന്നിട്ട് ബാക്കി പറയാം””.. ജിത്തു നടന്നകന്നു.

അഹല്യ വിതുമ്പി കരഞ്ഞു. പെട്ടെന്ന് തന്നെ കണ്ണീർ തുടച്ചു.”ഞാൻ എന്തിനാ കരയുന്നേ. അവൻ ആദ്യമേ പറഞ്ഞതല്ലേ. ഇവിടെ ഉള്ളിടത്തോളം കാലം മാത്രേ സ്നേഹിക്കൂന്ന്.. കിട്ടിയ സ്നേഹം ലാഭം..

എനിക്കുറപ്പാണ്.. അവൻ ഇതുവരെ തന്നത് സ്നേഹം തന്നെയാണ്.. ആ ഓർമ്മകളെങ്കിലും ബാക്കി നിൽക്കട്ടെ… എങ്കിലും അവൻ പോവുമോ.. പോയാൽ ഞാനും പോവും ഇവിടുന്ന്””….അവൾ ഇങ്ങനെ ഓർത്തു.

“”അഹല്യാ… അച്ഛൻ സമ്മതിക്കുന്നില്ല ഇവിടം വിട്ടു പോകാൻ.. എല്ലാം എന്നെ ഏൽപ്പിക്കാനാ അച്ഛന്റെ പരിപാടി””.. ഗോഡൗണിൽ മനസ്സില്ലാ മനത്തോടെ

ചെരിപ്പുകൾ പെട്ടിയിലാക്കുകയായിരുന്ന അഹല്യ എഴുന്നേറ്റു നിന്ന് അവനെ നോക്കി.ചെറിയൊരു വിഷമം അവന്റെ ഉള്ളിൽ ഉടലെടുത്തത് അഹല്യക്ക് മനസ്സിലായി.

എങ്കിലും അഹല്യയുടെ ഉള്ളിൽ ഒരു കുളിർ തെന്നൽ മെല്ലെ വീശി. ആ കുളിരിൽ അവൾ കുതിർന്നു. നെഞ്ചിലെ ഭാരം എങ്ങോട്ടോ പോയി മറഞ്ഞു.””ആണോ… അതാണ്‌ ജിത്തൂ നല്ലത്. സ്വന്തായിട്ട് ഒരു

സ്ഥാപനം ഉണ്ടാവുമ്പോ മറ്റുള്ളവരുടെ അടിമ പണിക്ക് പോണ്ടല്ലോ””..അഹല്യ ചിരിച്ചു കൊണ്ട് പറഞ്ഞു..””അത് മാത്രമാണോ കാരണം?””

“”അല്ല….എനിക്ക് കുറച്ച് നാള് കൂടി കണ്ടോണ്ടിരിക്കാലോ നിന്നെ. അച്ഛൻ സമ്മതിക്കല്ലേ എന്ന് പ്രാർത്ഥിച്ചിരുന്നു ഞാൻ””..

“”അമ്പടീ… കൊള്ളാലോ നീ””..ജിത്തു അവളെ കയ്യിൽ പിടിച്ചു വലിച്ചു ദേഹത്തേക്ക് ചേർത്തു. അവൾ അവന്റെ നെഞ്ചിൽ തല ചേർത്തു നിർവൃതിയാൽ കണ്ണടച്ചു..

അനുരാഗം വീണ്ടും തീക്ഷ്‌ണമായി തളിർത്തു പടർന്നു പന്തലിച്ചു. ഇരുവരും പലപ്പോഴും സ്വയം മറന്നു. അധരങ്ങൾ ചേർത്തു ചുമ്പിച്ചു.

ജിത്തുവും പൂർണ്ണമായി പ്രണയത്തിന്റെ തീവ്രതയിലേക്ക് എടുത്തെറിഞ്ഞത് പോലെ വീണു. ദിവസങ്ങൾ പ്രണയത്തിൽ കുതിർന്നു കടന്നു പോയി.

“”ജിത്തൂ.. നീ ഇപ്പോൾ ജോലിക്ക് ശ്രമിക്കുന്നില്ലേ. ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആയ നീ എന്തിനാ ഇങ്ങനെ ഭാവി നശിപ്പിക്കുന്നത്?””.. അച്ഛന്റെ

വായിൽ നിന്ന് ഒരിക്കൽ ഇങ്ങനെ കേട്ടപ്പോൾ ജിത്തു ഞെട്ടി. തികച്ചും അപ്രതീക്ഷിതമായിരുന്നു അവനാ വാക്കുകൾ..

“”അല്ലച്ഛാ…അന്ന് അച്ഛൻ പറഞ്ഞു ഇവിടം വിട്ടു പോവണ്ടാന്ന്..അതു കൊണ്ട് ഞാൻ പിന്നെ ജോലിക്ക് ശ്രമിച്ചിട്ടില്ല””..

“”എന്നാ ഞാനിപ്പൊ തിരുത്തി പറയുന്നു. നീ വീണ്ടും ശ്രമിക്കണം. ആദ്യം കിട്ടുന്നതിന് തന്നെ നീ പോണം””..

ജിത്തു അച്ഛനെ ആശങ്കാകുലിത മനസ്സുമായി നോക്കി. “അച്ഛൻ എന്തൊക്കെയോ അറിഞ്ഞിരിക്കുന്നു”..

“”ജിത്തൂ എന്റെ മാത്രം അധ്വാനമാണ് ഈ സ്ഥാപനം. ആർക്കും ഒരു പങ്കും ഇതിൽ അവകാശപ്പെടാനില്ല. അതിന് പേരു ദോഷം കേൾപ്പിക്കാൻ ഞാൻ ആരെയും

സമ്മതിക്കില്ല… ജിത്തൂ… അഹല്യ നല്ലൊരു ജോലിക്കാരിയാണ്. ഇവിടെ വന്നിട്ടിപ്പൊ പത്ത് വർഷവുമായി. അവളുടെ ആത്മാർത്ഥതക്ക് ഞാൻ കണ്ടറിഞ്ഞു ശമ്പളവും കൊടുക്കുന്നുണ്ട്.ആ നന്ദിയും

കടപ്പാടും അവൾക്ക് എന്നോടും എനിക്ക് അവളോടും ഉണ്ട്. അത്രേ പാടുള്ളൂ..അതിൽ കൂടുതൽ അടുപ്പമൊന്നും അവളോട് കാണിക്കേണ്ട കാര്യം നിനക്കില്ല.. ഞാൻ പറഞ്ഞത് മനസ്സിലാകുന്നുണ്ടോ ജിത്തൂന്?””..

ജിത്തു പതുക്കെ തലയാട്ടി..””അപ്പൊ എത്രയും വേഗം നല്ലൊരു ജോലിക്ക് ശ്രമിക്കൂ. നീ ഇനി ഇവിടെ ഉള്ളിടത്തോളം കാലം എന്റെ ഉള്ളിൽ കനലാണ്. അവളെ പറഞ്ഞു വിടാൻ എനിക്കാവില്ല.

നന്ദികേട് കാണിക്കാൻ ശിവദാസൻ പഠിച്ചിട്ടില്ല. എനിക്ക് എന്റെ മകനെയല്ലേ ഉപദേശിക്കാൻ ആവൂ””.. അച്ഛൻ പതുക്കെ നടന്നു നീങ്ങി.

ജിത്തു മൗനിയായി അവിടെ ഇരുന്നു. ചിന്തകളുടെ വള്ളി കെട്ടുകളിലൂടെ അവൻ ഊർന്നിറങ്ങി. ആ കെട്ടുകളുടെ കുരുക്കഴിക്കാനുള്ള അവന്റെ ഒരു ശ്രമവും വിജയിച്ചില്ല. കൺ കോണിൽ രണ്ട് തുള്ളി കണ്ണീർ മാത്രം പൊടിഞ്ഞതും അവൻ അറിഞ്ഞില്ല.

“”അഹല്യാ അച്ഛൻ എല്ലാം അറിഞ്ഞു. എന്നോടിനി ഇവിടെ നിൽക്കണ്ടാന്ന്. വേഗം എന്തെങ്കിലും ജോലിക്ക് പോകണമത്രേ””..ജിത്തുവിന്റെ തൊണ്ട വരണ്ടു. ശബ്ദം ഇടറി.

അഹല്യ നിറ കണ്ണുകളോടെ തിരിഞ്ഞു നോക്കി. “”അച്ഛൻ എന്നെയും കണ്ടിരുന്നു. എന്തെങ്കിലും ആശ ഉള്ളിലുണ്ടെങ്കിൽ നുള്ളി കളയാനും പറഞ്ഞു. നുള്ളി കളയാൻ പൂ മൊട്ടൊന്നുമല്ലല്ലോ.

വളർന്നു വള്ളികൾ പിണഞ്ഞു വലുതായി വലിയൊരു ചെടിയായി പൂവും കായും വന്നില്ലേ ജിത്തു””.. അഹല്യ ശബ്ദം ഉണ്ടാക്കാതെ തേങ്ങി.

“”ജിത്തൂ.. എങ്കിലും സാരമില്ല. മുതലാളി എന്റെ അച്ഛന് തുല്യമാണ്. സങ്കടങ്ങളിൽ ഒട്ടേറെ ചേർത്തു പിടിച്ചതാണ് അദ്ദേഹം. ഇത്രയും കാലം ഇവിടെ അദ്ദേഹത്തിന്റെ കൂടെ നിന്നിട്ട് അവസാനം നന്ദികേട് കാണിച്ചു പടിയിറങ്ങാൻ എനിക്കാവില്ല..

നമുക്ക് എല്ലാം നിർത്താം ജിത്തൂ. നീ പറഞ്ഞ ആ കരാർ കുറച്ചു നേരത്തെയായി എന്ന് തിരുത്തിയെഴുതിക്കോളൂ””.. അഹല്യ ഇടറിയ സ്വരത്തിൽ പറഞ്ഞു.

വിതുമ്പൽ അടക്കി നിർത്താൻ അവൾ കൈപത്തി വായക്ക് കുറുകെ പിടിച്ചു. ജിത്തു അവളുടെ കരതലം കവർന്നു.

“”ഞാൻ എങ്ങും പോകുന്നില്ല അഹല്യാ..എനിക്കിനി ഇവിടം വിട്ട് എങ്ങോട്ടും പോകാൻ വയ്യ. അത്രയ്ക്കും ഹൃദയം ബന്ധിക്കപ്പെട്ടു. നീയുമായും ഇവിടമായും..അച്ഛൻ അറിയാതിരുന്നാ പോരെ. അച്ഛന്റെ മുമ്പിൽ നമ്മൾ

സ്നേഹിക്കുന്നില്ലെന്ന് നടിക്കാം. എല്ലാം മറന്നതായി അഭിനയിക്കാം.. അത്രേയുള്ളൂ ഇനി നമുക്ക് ചെയ്യാൻ””.. ജിത്തു പറഞ്ഞു.

അഹല്യ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കവിൾ ചേർത്തു. “”ജിത്തൂ.. നീയെന്നെ വീണ്ടും മോഹിപ്പിക്കുന്നോ?.. വേണ്ട ജിത്തൂ.. ഒരിക്കൽ നമ്മൾ

പിരിയേണ്ടതല്ലേ””.. ജിത്തു അത് കേട്ടതായി ഭാവിച്ചില്ല. അവളുടെ കഴുത്തിലൂടെ അവന്റെ ചുണ്ടുകൾ ഇഴഞ്ഞു. അവൾ കണ്ണടച്ചു പതുക്കെ തേങ്ങി.

ജിത്തുവിന്റെ അച്ഛൻ ശിവദാസന്റെ മുമ്പിലും കമ്പനിയിലും തികച്ചും അപരിചിതരായി അവർ പിന്നീടെന്നും പെരുമാറി. എങ്കിലും ഹൃദയങ്ങൾ കൂടുതൽ കൂട്ടി കെട്ടി വലിഞ്ഞു മുറുകി കെട്ട് പിണഞ്ഞു.ഒളിക്കണ്ണുകളാൽ അവർ

പിന്നീട് പ്രണയം കൈമാറി. അപൂർവ്വമായി കിട്ടുന്ന ചില അവസരങ്ങളിൽ അവർ അടുത്തു. തൊട്ടു. ചുമ്പിച്ചു. ആലിംഗനം ചെയ്തു. കൂടുതൽ ഊഷ്മളതയിലേക്ക്

അനുരാഗം ആഴ്ന്നിറങ്ങി. ശിവദാസൻ മുതലാളി ഭയന്നു പിടക്കുന്ന നെഞ്ചുമായി നിഴൽ പോലെ അവരെ പിന്തുടർന്നു.

നാളുകൾ അടർന്നു വീണിട്ടും മാസങ്ങൾ പൊഴിഞ്ഞു പോയിട്ടും വർഷങ്ങൾ വീണ്ടും മറിഞ്ഞിട്ടും അവർ ഉള്ളുരുകി പ്രണയിച്ചു കൊണ്ടിരുന്നു. അഹല്യയും ജിത്തുവും വളരെ ഉല്ലാസപരതയോടെ കമിതാക്കളായി ആഹ്ലാദിച്ചു.

അഹല്യയെ പ്രണയം പൂത്ത പൂമരം പോലെ സുന്ദരിയാക്കി. തനിക്ക് കിട്ടിയ മഹാ കടാക്ഷമാണ് ജിത്തുവെന്നു അവൾ പലപ്പോഴും ഓർത്തു നിർവൃതിയടഞ്ഞു. ജിത്തുവും കൂടുതൽ ആകർഷണമുള്ളവനായി.

അവർക്ക് മുകളിൽ വട്ടമിട്ടു പറന്ന ശിവദാസൻ മുതലാളിയുടെ കണ്ണുകളിൽ ഒരിക്കൽ അവരുടെ പ്രണയ സല്ലാപം പതിഞ്ഞു. മുതലാളി ഞെട്ടി തരിച്ചു. “ഇവർ രണ്ടു പേരും കൂടി എന്നെ ചതിക്കുവായിരുന്നോ?.

ഇനിയും അവർ പരസ്പരം മറന്നിട്ടില്ല. വെറുതേയൊരു സംസാരം അല്ല ഇത്. ആ ഭാവങ്ങളും ചലനങ്ങളും അത് വിളിച്ചു പറയുന്നുണ്ട്. ചുറ്റും ശത്രുക്കളാ. ഇത്രയും പരിചയസമ്പന്നയായ അവളെ പറഞ്ഞു

വിട്ടാൽ എന്റെ ബിസിനസ് തകരാൻ അത് മതി. അത് പാടില്ല”.. ശിവദാസൻ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ മുഖം കനപ്പിച്ചു.

“”ജിത്തൂ… എന്തായി ജോലിയുടെ കാര്യം?””.. അന്ന് രാത്രി വീട്ടിൽ വെച്ചു അച്ഛൻ ചോദിച്ചു. സ്വരത്തിലെ കാർക്കശ്യം അവനിൽ സംശയമുണർത്തി.””അച്ഛാ… ഞാൻ നോക്കുന്നുണ്ട്””.. അവൻ പതുക്കെ പറഞ്ഞു…

“”എന്നാ ഇനി നോക്കണ്ട.. നിനക്ക് കല്യാണം കഴിക്കാത്ത കുറവുണ്ട്. വയസ്സ് ഇരുപത്താറായില്ലേ. ഒരു കുട്ടിയുണ്ട്. ഞങ്ങൾ കണ്ടു. മിടുക്കിയാ. നാളെ നീ പോയെന്നു കാണണം””..അച്ഛൻ പറഞ്ഞു.

ജിത്തുവിന്റെ നെഞ്ചിലൂടെ ഒരു ഇരമ്പം വന്നു നിന്നു. നെഞ്ച് സ്വയം കേൾക്കുമാറുച്ചതിൽ മിടിച്ചു. ഒന്നും മിണ്ടാതെ അവൻ താഴോട്ടു നോക്കി ഉമിനീരിറക്കി.

“”നീയെന്താ ഒന്നും മിണ്ടാത്തത്. പറഞ്ഞത് കേട്ടില്ലേ?””.. അച്ഛൻ ഉറക്കെ ഒച്ച വെച്ചു. ജിത്തു തലകുലുക്കി കൊണ്ട് മുറിയിലേക്ക് പോയി. അവന്റെ മനസ്സ് തിങ്ങി വിങ്ങി. “എല്ലാം തീരുകയാണോ. ഞങ്ങളുടെ ഇഷ്ടങ്ങൾ നാളെ അവസാനിക്കുമോ”…

പിറ്റേന്ന് ജിത്തു മനസ്സില്ലാ മനസ്സോടെ പെണ്ണു കാണാൻ പോയി.. കമ്പനിയിൽ ജിത്തുവിനെ കാത്ത് അഹല്യ ജോലികൾ ചെയ്തു. “ഒന്നിനും തോന്നുന്നില്ല. ഒന്നിനും ഒരു വേഗമില്ല.അവനെന്ത് പറ്റി. വയ്യായ്ക വല്ലതും?”.. അവൾ പിടഞ്ഞ മനസ്സോടെ ഓർത്തു.

ശിവദാസൻ മുതലാളി പതുക്കെ അഹല്യയുടെ അടുത്ത് ചെന്നു. “”വേഗം പാക്ക് ചെയ്യൂ അഹല്യ.. എന്താ ഇന്നിത്ര അമാന്തം””.. അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

അവൾ ചിരിച്ചു കൊണ്ട് ജോലി വേഗത്തിലാക്കി. “”പിന്നേയ്… ജിത്തൂനെ ഒരു പെണ്ണ് കാണാൻ പറഞ്ഞു വീട്ടിരിക്കുകയാ. അവന് കല്യാണം കഴിക്കാനുള്ള പ്രായമൊക്കെ ആയില്ലേ””..

അയാൾ ഒളികണ്ണോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് വിരിയുന്ന ഭാവ വ്യത്യാസത്തിനായി അയാൾ സൂക്ഷിച്ചു അവളെ നോക്കി.

അവളുടെ ഉള്ളൊന്ന് കലങ്ങി. എവിടെ നിന്നോ പെട്ടെന്നൊരു കടൽ നെഞ്ചിൽ ഇരമ്പിയാർത്തെത്തി. അധരങ്ങൾ കൂർത്തു വന്നു. തുറിച്ച മിഴികൾ

അലക്ഷ്യമായി എങ്ങോട്ടോ പായിച്ചു കൊണ്ടിരുന്നു. ഹൃദയവും കരളും ഒരു പോലെ പിടച്ചു.

അവൾ മങ്ങി ചിരിച്ചു. “”ആയല്ലോ….. പെണ്ണുകെട്ടാനൊക്കെ അവനായി””.. അവൾ കണ്ണുകൾ നനയാതിരിക്കാൻ നന്നേ പ്രയാസപ്പെട്ടു. ശിവദാസൻ മുതലാളി ഒരു ആശ്വാസത്തിന്റെ നെടു വീർപ്പിട്ടു. അയാൾ ചിരിച്ചു.

വൈകുന്നേരം ജിത്തു കമ്പനിയിൽ വന്നു. അഹല്യ ചിരിച്ചു. ജിത്തു ചിരി അഭിനയിച്ചു.””പെണ്ണിനെ ഇഷ്ടായോ?.. സുന്ദരിയാണോ?.. അവൾ ചോദിച്ചു.

അവൻ മൂളി.. അവളും പതുക്കെ മൂളി.””നമ്മുടെ പ്രണയ കരാറിന്റെ പരിധി കഴിഞ്ഞു അല്ലേ.. നിനക്ക് ദു:ഖമില്ലേ?… അഹല്യാ… ഞാൻ?””

“”അതെ… കഴിഞ്ഞു.. ദുഃഖമുണ്ടാവാതിരിക്കാൻ ഞാൻ കളിപ്പാവയൊന്നുമല്ലല്ലോ ജിത്തൂ. എല്ലാം ഉള്ളിലൊതുക്കണം. അങ്ങനെയല്ലേ നമ്മുടെ കരാറും. കരാർ ലംഘിക്കാൻ പറ്റുമോ?””. അവൾ തേങ്ങിയില്ല.

അവൻ മറുപടി ഒന്നും പറയാതെ തിരിഞ്ഞു നടന്നു… “എനിക്ക് വയ്യ ദൈവമേ…പണ്ടാരമടങ്ങാൻ ഉണ്ടായ ഒരു പ്രേമവും കരാറും”..അഹല്യയിൽ നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ചു കൂടി പുണർന്നു…നിലത്തിരുന്ന് പൊട്ടി കരഞ്ഞു.

അവളുടെ ഊണും ഉറക്കവും എവിടെയൊക്കെയോ പോയി മറഞ്ഞു. അലക്ഷ്യമായ നോട്ടവും മട്ടും ഭാവവും ഒരു ഭ്രാന്തിയെ പോലെ അവളെ തോന്നിച്ചു.

അമ്മയോടും മുതലാളിയോടുമുള്ള പ്രതിബദ്ധത ജോലി മതിയാക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിച്ചു. ഒരു മെഷീൻ പോലെ അവൾ യന്ത്രികമായി ജോലി ചെയ്തു കൊണ്ടിരുന്നു. മനസ്സ് പലപ്പോഴും

പതറി. എങ്കിലും വേഗം അവൾ മനസ്സിനെ തിരിച്ചു വിളിക്കും. ഇടക്ക് കണ്ണുകൾ നിറയും. എങ്കിലും വേഗം അവൾ തുടക്കും.

ജിത്തു സംസാരിക്കാൻ വരുമ്പോൾ അവൾ ഒഴിഞ്ഞു മാറും. “”വേണ്ട ജിത്തു. ഇനിയും വയ്യ. കരാർ തീർന്നില്ലേ. അതുമായി പൊരുത്തപെട്ടു വരുന്നേ ഉളളൂ. ഇനി എന്നെ വെറുതെ വിടൂ.. വെറുതെ

വീണ്ടും മോഹിപ്പിക്കാതെ””..ജിത്തു പിന്നെ ഒന്നും മിണ്ടാൻ പോയില്ല. ഒരു തളർന്ന നോട്ടത്തിലും വിളറിയ ചിരിയിലും അവർ പ്രേമത്തിന്റെ ബാക്കി പറയാതെ പറഞ്ഞു ലാഞ്ചനയായി കൈമാറി.

“”അഹല്യാ…നാളെ മുതൽ ഞാൻ ഇനി കല്യാണം കഴിയുന്നത് വരെ ഇങ്ങോട്ട് വരില്ല..നീ കല്യാണത്തിന് വരില്ലേ””.. ജിത്തു ഒരു ദിവസം പറഞ്ഞു.

അഹല്യ ചിരിച്ചു.””ഞാൻ വരില്ല ജിത്തു. ഒന്നൂല്ല.. ഞാൻ പൊട്ടി പോകും ചിലപ്പോൾ””..

“”നീ വന്നില്ലെങ്കിൽ ഞാൻ താലി കെട്ടിന് പോകില്ല. ആളുകൾ സംശയിക്കും. അച്ഛന്റെ വിശ്വസ്ഥയായ നീ എന്തേ വന്നില്ല എന്ന് ചോദിക്കില്ലേ?””..””ഓഹോ.. അതാണോ കാര്യം””..അവൾ മൂളി..

“”ജിത്തൂ… എനിക്ക് വിഷമമില്ല. നിനക്ക് നല്ലൊരു പെണ്ണിനെ കിട്ടിയതിൽ കുശുമ്പും നിരാശയുമില്ല. എനിക്കുറപ്പാണ് എന്റേത് മാത്രമായിരുന്ന നാളുകളിൽ നീ എന്നെ അതിയായി സ്നേഹിച്ചിരുന്നു. കളങ്കമില്ലാത്ത കലർപ്പില്ലാത്ത സ്നേഹം തന്നെയാണ് നീ എനിക്ക് തന്നത്.

ഈ കാലം വരെ പ്രണയം എന്ന വാക്കിനെ കുറിച്ച് പോലും ചിന്തിച്ചിട്ടില്ലാത്ത എനിക്ക് ഇതിൽ കൂടുതൽ എന്ത് ആഗ്രഹിക്കാനാ ജിത്തൂ.. എല്ലാം നമ്മൾ ആദ്യമേ പറഞ്ഞുറപ്പിച്ചിരുന്ന സ്ഥിതിക്ക് എന്റെ സങ്കടങ്ങളും വിഷമങ്ങളും എല്ലാം വ്യർത്ഥമാണ്””.. അഹല്യ പറഞ്ഞു.

ജിത്തു അവളെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ തിരിഞ്ഞു നടക്കാൻ തുടങ്ങി…. “”ജിത്തൂ””…അഹല്യ വിളിച്ചു. അവൻ തിരിഞ്ഞു നിന്നു.

“”ഒരു ചെറിയൊരു മോഹം കൂടിയുണ്ട്. പറഞ്ഞോട്ടെ?. ഇപ്പൊ പറഞ്ഞില്ലെങ്കിൽ അതിനി ഒരിക്കലും എനിക്ക് പറയാൻ കഴിയില്ല””..അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”എന്താ.. അഹല്യാ. നമുക്കിടയിൽ മുഖവുരയോ.. നീ പറയാറാണല്ലോ പതിവ്. എന്താണെങ്കിലും പറഞ്ഞോ?””..

അഹല്യ മുഖം താഴ്ത്തി. അല്പം നാണം മുഖത്ത് വിരിഞ്ഞു. പിന്നെ അവൾ പതുക്കെ മുഖമുയർത്തി അവനെ നോക്കി.

“”ജിത്തൂ.. എനിക്ക് പൂർണ്ണമായി നിന്നെ അല്പ നേരത്തേക്ക് വേണം. നീ എന്നിലെ സ്ത്രീയുടെ വികാരങ്ങളെ അറിയണം. അടക്കി വെച്ച എന്നിലെ പെണ്ണിന്റെ കാമനകൾക്ക് പൂർണ്ണത വേണം.

ആ ഒരേ ഒരു ആഗ്രഹം മാത്രമേ എനിക്കുള്ളൂ..നിനക്ക്.. നിനക്ക്..പറ്റുമോ?”” അഹല്യ കാതര ഭാവത്തോടെ പറഞ്ഞു.

മറുപടി കേൾക്കാൻ അവൾ കണ്ണിലെ കൃഷ്ണമണികൾ വികസിപ്പിച്ചു അവന്റെ മുഖത്തേക്ക് നോക്കി. ജിത്തുവിന്റെ അധരങ്ങൾ താനേ പിളർന്നു. അവളുടെ ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ആഗ്രഹം കേട്ട് അവൻ മറുപടിയില്ലാതെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

അഹല്യയുടെ ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരി വിരിഞ്ഞു. കണ്ണുകളിൽ കാമത്തിന്റെ തിരയിളക്കം. കവിളുകൾ വല്ലാതെ തുടുത്തു. മുഖവും ശരീരവും ലാസ്യ ഭാവം നിറഞ്ഞു തുളുമ്പി..ജിത്തുവിന്റെ മൗനം അവളെ അലോസരപ്പെടുത്തി.

“”ജിത്തൂ… ഞാൻ അപേക്ഷിക്കുന്നതൊന്നുമല്ല. എനിക്കിനി വേറെ ഒരു ജീവിതമില്ല. ഒരു പാട് നല്ല ഓർമ്മകൾക്കിടയിൽ ഇതും കൂടി ആയിരുന്നെങ്കിൽ കൂടുതൽ ആ ഓർമ്മകൾക്ക് തെളിച്ചമായെങ്കിൽ.. അത്രേ

ഞാൻ ആഗ്രഹിച്ചതുള്ളൂ. ആവേശം ആറി തണുത്താൽ ഒരിക്കലും നിറഞ്ഞ വയറുമായി ഞാൻ നിന്റെ ജീവിതത്തിലേക്ക് കടന്നു വരില്ല””.. അഹല്യ വീണ്ടും പറഞ്ഞു.

ജിത്തു എന്ത് പറയണം എന്നറിയാതെ ഉഴറി.കുറച്ചു നിമിഷങ്ങൾ മൗനിയായി..””നമ്മൾ മാത്രമായപ്പോൾ പലതും ചെയ്തിട്ടില്ലേ.. അഹല്യാ.. ഇനി?””..ജിത്തു പതുക്കെ പറഞ്ഞു.

അഹല്യ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. “”പലതല്ലേ ചെയ്തുള്ളൂ. ഒന്നും പൂർണ്ണതയിൽ എത്താൻ നീയും ഞാനും സമ്മതിച്ചിട്ടുണ്ടോ?””..അഹല്യ അവനെ നോക്കി.

“”നീയൊരു പെണ്ണല്ലേ അഹല്യ.നിനക്ക് ഭ്രാന്തായോ?. ഇങ്ങനെയൊക്കെ ചിന്തിക്കാമോ?. ജിത്തു സ്വരം കനപ്പിച്ചു. അല്പം വെറുപ്പോടെ അവളെ നോക്കി.

“”പെണ്ണാണെങ്കിലെന്ത്.. പെണ്ണായത് കൊണ്ടാണ് എന്നും വെച്ചോളൂ.. ജിത്തൂ.. ഞാൻ ഒരു മോശകാരി പെണ്ണൊന്നുമല്ല. ജീവന് തുല്യം സ്നേഹിച്ച നിന്നോടല്ലേ ചോദിച്ചത്. ആ അധികാരം വെച്ചു തന്നെയാണ് പറഞ്ഞത്…ശരി ജിത്തൂ..

നിനക്ക് നിന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്ന പെണ്ണിനോട് പ്രതിപത്തി കാണും.. ഒന്നും വേണ്ട..നീ പൊയ്ക്കോ ജിത്തൂ””.. അഹല്യ ഇടറിയ സ്വരത്തിൽ പറഞ്ഞു.

ജിത്തു എന്തോ പറയാൻ ആഞ്ഞു..””പോ.. ജിത്തൂ””.. അഹല്യ സ്വരം കനപ്പിച്ചു. അവൾ കണ്ണുകൾ തുടച്ചു കൊണ്ട് നടന്നു നീങ്ങി.

വിവാഹ ശേഷം ആദ്യമായി ജിത്തുവും ഭാര്യ നീരജയും കമ്പനിയിലെത്തി. അവൻ വളരെ ഉല്ലാസവാനായി കാണപ്പെട്ടു. അവൻ പൂശിയിരുന്ന സെന്റിന്റെ മണം അവിടെ വല്ലാതെ പരന്നൊഴുകി. ജിത്തു എല്ലാം ഭാര്യക്ക് കാണിച്ചു കൊടുത്തു. ജോലിക്കാരെ പരിചയപ്പെടുത്തി.

“”നീരജാ…ഇത് അഹല്യ.. ഇവളാണ് ഇവിടുത്തെ എല്ലാം.. അച്ഛന്റെ വിശ്വസ്ഥ ജോലിക്കാരി. ഒരുപാട് കാലമായി ഇവിടെ നിഴൽ പോലെയുണ്ട്””. ജിത്തു ഭാര്യയോട് പറഞ്ഞു. അഹല്യ വലിയ താല്പര്യം

ഇല്ലാതെ ഒരു ഹെലോ പറഞ്ഞു തിരിഞ്ഞു നടന്നു. ജിത്തുവിന്റെ ഭാര്യ ഒരു വല്ലായ്മയോടെ അവനെ നോക്കി. അവന്റെ നെഞ്ച് പിടച്ചു. നീരജയെ മറ്റു ജോലിക്കാർ അകത്തേക്ക് സന്തോഷത്തോടെ കൂട്ടി കൊണ്ട് പോയി.

ജിത്തു അഹല്യയെ തെരഞ്ഞു നടന്നു. തങ്ങൾ സംഗമിക്കാറുള്ള ഗോഡൗണിൽ അവളുണ്ടാകുമെന്ന് അവൻ ഊഹിച്ചു. അവൻ അങ്ങോട്ട് നടന്നു. അവന്റെ കാലൊച്ച കേട്ട അവൾ എഴുന്നേറ്റു അവന്റെ അടുത്തേക്ക് നടന്നു.

””നീ കരയുകയായിരുന്നോ?””.. ജിത്തു ചോദിച്ചു.””ഹേയ്.. എന്തിന്””.. അവൾ ചിരിച്ചു..

“”ജിത്തൂ .. നീ ആളാകെ മാറി. മുഖത്ത് അതിയായ സന്തോഷം..പെർഫ്യൂം ഇഷ്ടമില്ലാത്ത നീ പൂശിയ പെർഫ്യൂമിന്റെ മനം മയക്കുന്ന ഗന്ധം. കടും നിറത്തിലുള്ള ഷർട്ട്.. എനിക്കത്ഭുതം തോന്നുന്നു””.. അഹല്യ ചിരിച്ചു കൊണ്ട് പറഞ്ഞു..

ജിത്തു ചിരിച്ചില്ല.””നീ നീരജയോട് പെരുമാറിയത് ശരിയായില്ല””.. ജിത്തു നീരസത്തോടെ പറഞ്ഞു.

അഹല്യ വീണ്ടും ചിരിച്ചു. “”തകർന്ന മനസ്സിൽ നിന്ന് ചിലപ്പോഴൊക്കെ വെറുപ്പ് പുറത്തു വരും. കാര്യമാക്കേണ്ട.അഭിനയം ചിലപ്പോഴൊക്കെ വല്ലാത്ത മടുപ്പാണ്””.. അഹല്യ പറഞ്ഞു.

ജിത്തു ഒന്നും മിണ്ടിയില്ല. ഒന്നും പറയാനില്ലാതെ അവൻ വിമ്മിഷ്ടപെട്ടു. അഹല്യ ചെരിപ്പുകൾ പാക്ക് ചെയ്യുന്ന ജോലി തുടർന്നു. “”അഹല്യാ””.. അവൻ വിളിച്ചു. അവൾ മൂളി വിളിക്കേട്ടു.

“”നീയുമൊരു വിവാഹം കഴിക്കുമോ?. എന്റെ നെഞ്ചിന്റെ നീറ്റൽ മാറാൻ വേണ്ടിയെങ്കിലും.. നീ ഇങ്ങനെ ഇവിടെ നിൽക്കുന്നിടത്തോളം കാലം എനിക്ക് സമാധാനം ഉണ്ടാവില്ല. നിന്റെ മുഖത്ത് പോലും നോക്കാനുള്ള ത്രാണി പോലും എനിക്കില്ലാതാവുന്നു””.. ജിത്തു പറഞ്ഞു.

അഹല്യ എഴുന്നേറ്റു. അവനെ നോക്കി നിറമില്ലാത്ത ഒരു ചിരി ചിരിച്ചു. “”ജിത്തൂ… ഞാൻ എപ്പോഴെങ്കിലും നിന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടോ. നീ എന്നെ ചതിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ. നീ

നിശ്ചയിച്ച സമയ പരിധി ഞാൻ അംഗീകരിച്ചു നമ്മൾ സ്നേഹിച്ചതല്ലേ. ആ പരിധി കഴിഞ്ഞു. നമ്മൾ പിരിഞ്ഞു””. അഹല്യ ജിത്തുവിനെ നോക്കി. അവൻ കുനിഞ്ഞ ശിരസ്സുമായി നിന്നു.

“‘ജിത്തൂ…നീ തന്ന ഓർമ്മകൾ തന്നെ എനിക്ക് ധാരാളമാണ്. നിന്നോടുത്തുള്ള പ്രണയം എന്റെ വിദൂര സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. ആ നിലക്ക് ഞാൻ പുണ്യവതിയാണ്.

ആ ഓർമ്മ ചെപ്പ് ഞാൻ ഇടക്കിടെ തുറക്കും. അതിൽ സന്തോഷവും സങ്കടവും കിനാക്കളും മോഹവും മോഹഭംഗവും എല്ലാം ഇല്ലേ.. അതിനനുസരിച്ചു എന്റെ വികാരങ്ങളും മാറി മാറി വരും..അതൊക്കെയും ഇനി

തികച്ചും എന്റെ സ്വകാര്യതകളാണ്.. എന്റെ മാത്രം. നീ സമ്മാനിച്ചതാണെങ്കിൽ പോലും ആ ഓർമ്മകളിൽ നിനക്കിനി അവകാശമില്ല””…

ജിത്തു ശിരസ്സുയർത്തി അവളെ നോക്കി. കണ്ണുകൾ നിറഞ്ഞിരുന്നു. പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ തടയും മുമ്പേ അവനെ അഹല്യ തടഞ്ഞു.

“”ജിത്തു പൊയ്ക്കോ.. ഇനി നീയുമായി എനിക്കൊരു പ്രണയമില്ല. ഞാൻ വിവാഹിതയാവുകയോ ഇല്ലയോ എന്നത് നിന്റെ ജീവിതത്തിൽ ഒരു തടസ്സമാവില്ല. സ്നേഹിച്ചതിൽ ഞാനും നീയും തെറ്റുകാരല്ല. സ്നേഹത്തിന് പരിധി

നിശ്ചയിച്ചത് മാത്രമാണ് തെറ്റ്.. പൊയ്ക്കോ.. അവൾ കാത്തിരിക്കുന്നുണ്ടാവും””…അഹല്യ വീണ്ടും ജോലിയിൽ മുഴുകി.. ജിത്തു പതുക്കെ തിരിഞ്ഞു നടന്നു..… ശുഭം….നന്ദി..

 

Leave a Reply

Your email address will not be published. Required fields are marked *