ഒരിക്കൽ ചതിച്ചവൻ ഇനിയും നിന്നെ ചതിക്കും… അവസാനം കുഞ്ഞിനേയും കൊണ്ട് ഇവിടെ വന്ന് നിന്ന് അച്ഛനെ എന്റെ മോൾ ബുദ്ധിമുട്ടിക്കരുത്

സ്നേഹമർമ്മരങ്ങൾ
(രചന: Jils Lincy)

ഡീ നീ മോളോട് കാര്യം പറഞ്ഞോ… രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ വിശ്വൻ ഭാര്യയോട് ചോദിച്ചു…

മ്.. ഞാൻ ചെറുതായി ഒന്ന് സൂചിപ്പിച്ചു…
പക്ഷേ അവൾ അത് കേട്ട മട്ടു കാണിച്ചില്ല….

ഇതിങ്ങനെ നീട്ടി കൊണ്ട് പോകാൻ പറ്റുന്ന കാര്യമാണോ.. പെട്ടന്ന് തീരുമാനം എടുക്കണം നമ്മുടെ മോൾ ചെറുപ്പമാ… നമ്മൾ വേണം അവളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്..

ങ്ഹാ.. ഒരു ചതി നമ്മൾക്ക് പറ്റി” വിശ്വൻ ഒന്ന് നെഞ്ചു തിരുമ്മി ദീർഘ നിശ്വാസം എടുത്തു….എന്റെ കുഞ്ഞിന് ഞാനായിട്ട് വരുത്തി വെച്ച ദുർവിധി ഞാൻ തന്നെ മാറ്റും….

ഇപ്പോൾ വാക്ക് പറഞ്ഞു ഉറപ്പിച്ചു വെച്ചാൽ അശ്വിൻ അടുത്ത അവധിക്ക് വരുമ്പോൾ കല്യാണം നടത്താം..

അവന് ഇങ്ങനെ ഒരു മനസ്സ് തോന്നിയത് നമ്മുടെ ഭാഗ്യം… അല്ലെങ്കിൽ തന്നെ ഒരു വിവാഹം കഴിഞ്ഞ പെണ്ണിനെ കെട്ടാൻ ആര് വരും?….

ഓ.. ഇപ്പൊ അവൻ നിങ്ങൾക്ക് നല്ലതായി…. അന്നവൻ പെണ്ണ് ചോദിച്ചപ്പോൾ നിങ്ങൾക്കവന്റെ ജോലി പോരാ.. നിറം പോരാ പിന്നെ ജാ തി പോരാ…ഇല്ലാത്ത കുറ്റം ഇല്ലായിരുന്നു…

ഇപ്പൊ ഒരു കുഴപ്പവുമില്ല. അന്നേ ഞാൻ പറഞ്ഞതാ അവനെക്കൊണ്ട് കെട്ടിച്ചാൽ മതിയെന്ന്. മോൾക്കാണെങ്കിൽ അവനോട് ഒരു ചെറിയ ഇഷ്ടം ഉണ്ടാരുന്നു താനും…..

ആ എന്റെ കുട്ടീടെ വിധി.. അല്ലെങ്കിൽ ആർക്കും പറ്റാത്ത ചതിയല്ലേ അവരെന്റെ കുട്ടിയോട് കാണിച്ചേ….
സുജാത കണ്ണു തുടച്ചു…..

കഴിഞ്ഞത് കഴിഞ്ഞു ഇനി അതോർത്തു കരഞ്ഞിട്ട് കാര്യമില്ല….നമ്മൾ നമ്മുടെ മോളെ കുറിച്ചോർത്താൽ മതി…..

കുഞ്ഞിനെക്കൂടി സ്വീകരിക്കില്ല എന്ന് അശ്വിൻ തീർത്തു പറഞ്ഞിട്ടുണ്ട്.. അവന്റെ പരിചയത്തിലുള്ള ഒരു gynacologist ഉണ്ടത്രേ അവൻ വിളിച്ചു പറഞ്ഞിട്ടുണ്ട്… ഒരീച്ച പോലും അറിയാതെ അ ബോ ർഷൻ നടത്തി തരും….

നീ ഇന്ന് തന്നേ മോളോട് സംസാരിച്ചു സമ്മതിപ്പിക്കണം…..നാളെ തന്നെ നമുക്ക് ഹോസ്പിറ്റലിൽ പോകാം….

ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം സുജാത മോളുടെ റൂമിലേക്ക് ചെന്നുമോളേ… ദയേ… മോളുറങ്ങിയോ….

ഇല്ലമ്മേ.. അമ്മ കയറി പോരെ… അകത്തു നിന്നവളുടെ ചിലമ്പിച്ച സ്വരം കേട്ടു….കട്ടിലിൽ തലയിണ ഉയർത്തി വെച്ച് കിടക്കുന്ന അവളെ കണ്ടപ്പോൾ

സുജാതയ്ക്ക് സങ്കടം തോന്നി… പാവം.. എന്റെ കുട്ടി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു…. എന്ത് സന്തോഷത്തിൽ ഇരിക്കേണ്ട സമയമാണ്…..ആ വിധി..”അല്ലാതെന്താ….

എന്താ മോളേ മോളുറങ്ങാഞ്ഞേ…..
തലകറക്കം ഇപ്പോഴും ഉണ്ടോ…..
ഇല്ലമ്മേ… എന്തോ ഉറക്കം വരുന്നില്ല…..

മോളൊന്നും ആലോചിച്ചു വിഷമിക്കേണ്ട….. എല്ലാറ്റിനും അച്ഛൻ പരിഹാരം കണ്ടിട്ടുണ്ട്…. നമ്മളോട് ഈ ചതി ചെയ്തവരെ അങ്ങനെ വെറുതെ വിടാൻ പാടില്ല…..

അവനെ മറന്നേരെ മോളേ…. അതാ നിനക്ക് നല്ലത്…നിനക്കിനിയും ഒരു ജീവിതം ഉണ്ട്….. കല്യാണത്തിന് മുൻപേ ഇങ്ങനെ ഒരു അസുഖം ഉണ്ടെന്നൊരു വാക്ക് അവന് പറയാൻ പാടില്ലായിരുന്നോ….

ചതിച്ചതല്ലേ അവനും അവന്റെ അമ്മയും കൂടി നമ്മളെ…ക്യാ ൻ സറിന് ചികിൽസയിൽ കഴിയുന്ന ഒരുത്തനാണ് ചെക്കൻ എന്നറിഞ്ഞിരുന്നെങ്കിൽ നിന്റച്ഛൻ ഇതൊരിക്കലും നടത്തില്ലായിരുന്നു…..

ന്റെ ദേവീ ഞങ്ങളോട് ഇത് ചെയ്തല്ലോ… സുജാത മൂക്ക് പിഴിഞ്ഞു….മറന്നേരെ മോളേ ഇനി അവനെ നമുക്ക് വേണ്ട.. മോളുടെ തലയിൽ തലോടി അവർ പറഞ്ഞു…..മറുപടി ഒരു പൊട്ടി കരച്ചിൽ ആയിരുന്നു…

പറ്റുന്നില്ല… അമ്മേ എനിക്കിത് സഹിക്കാൻ ആവുന്നില്ല… വെറും ഏഴു മാസമേ ജീവിച്ചുള്ളൂ എങ്കിലും ദേവേട്ടനേ ഈ ജന്മത്തിൽ എനിക്ക് മറക്കാൻ ആവില്ല….. അമ്മയുടെ മടിയിലേക്ക് തല വെച്ചവൾ പൊട്ടി കരഞ്ഞു…..ഈശ്വരാ.. എന്റെ കുഞ്ഞിനോടവൻ ഇങ്ങനെ ക്രൂരത ചെയ്തല്ലോ…

പെണ്ണ് കാണാൻ വന്നത് ഇന്നലെ എന്ന പോലെ ഓർക്കുന്നു… മിടു മിടുക്കൻ
K S E B എൻജിനീയർ ,ഒറ്റ മോൻ അച്ഛനില്ല മരിച്ചു പോയി… ഒരമ്മ മാത്രം നല്ല കുടുംബം പത്തിൽ പത്തു പൊരുത്തം എല്ലാം കൊണ്ടും ഭാഗ്യം എന്ന് കരുതി….

അങ്ങനെ തന്നെയായിരുന്നു എല്ലാം… രണ്ടു മാസം മുൻപ് യാദൃശ്ചികമായി ചികിത്സയുടെ രേഖകൾ മോളുടെ കയ്യിൽ കിട്ടുന്നത് വരെ…..

തൈ റോയ്ഡ് കാ ൻസർ സെക്കന്റ്‌ സ്റ്റേജ്… തകർന്നു പോയി എന്റെ മോൾ കൂടെ ഞങ്ങളും….

രോഗത്തേക്കാൾ കൂടുതൽ അവരിത് ഒളിപ്പിച്ചു കല്യാണം നടത്തിയതാണ് ഞങ്ങളെ വിഷമിപ്പിച്ചത്….

മൂന്ന് പെൺകുട്ടികളാണ് ഒന്നിനെയെങ്കിലും ഇറക്കി വിട്ട സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ഇങ്ങനെ…

വലിയ വഴക്കായി അവസാനം മോളെയും കൂട്ടി പോന്നു… അവനൊരക്ഷരം മിണ്ടിയതേ ഇല്ല. തലയും താഴ്ത്തി ഇരുന്നു….

അല്ല അവനെന്തു പറയാനാണ്.. എന്റെ കുഞ്ഞിന്റെ സ്വപ്നങ്ങളെല്ലാം തകർത്തിട്ട്…

വന്നൊരു മാസം കഴിഞ്ഞപ്പോൾ വന്ന ഒരു തലകറക്കത്തിൽ മനസ്സിലായി … രണ്ടു മാസം ഗർഭിണിയാണെന്ന്…. മോളാകെ തകർന്നിരിക്കുവാണ് ഒരു തരം നിർവികാരത…..

സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്ന് പെട്ടന്ന് താഴേക്കു പതിച്ചാൽ ആരും തകർന്ന് പോകും…..

മോൾ അമ്മ പറയുന്നത് കേൾക്ക്‌ “നമുക്ക് അവനേം വേണ്ട ഈ കുഞ്ഞിനേം വേ ണ്ട… ആര് നോക്കാനാണീ കുഞ്ഞിനെ? ആരും അറിയില്ല അച്ഛൻ അതിനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്….

അമ്മേ… പെട്ടന്ന് അടിവയറ്റിൽ നിന്നൊരു നോവ് വന്ന പോലെ അവൾ ചാടിയെണീറ്റു… എങ്ങനെ പറയാൻ പറ്റുന്നു അമ്മേ ഇങ്ങനെ….

കാര്യം അദ്ദേഹം എന്നോട് ചതി കാണിച്ചിട്ടുണ്ടാവാം പക്ഷേ ആ മനുഷ്യൻ എന്റെ ഭർത്താവാണ് ഇത് ഞങ്ങളുടെ കുഞ്ഞും……

പിന്നെ അദ്ദേഹത്തിന്റെ അസുഖം….. അത് ചികിൽസിച്ചാൽ മാറുന്നതേ ഉള്ളൂ. പക്ഷേ എന്നെ വിളിക്കാൻ അച്ഛനും അമ്മയും വന്നപ്പോൾ ഒരു വാക്ക് കൊണ്ട് പോലും എന്നോട് ക്ഷമിക്ക് നീ പോകരുത് എന്നദ്ധേഹം പറഞ്ഞില്ല…

വന്നിട്ട് ഇത്രയും നാളായിട്ടും ഒരു ഫോൺ പോലും വിളിച്ചില്ല… അതാണെന്റെ വിഷമം….നിനക്ക് താഴെ വേറെ രണ്ടാൾ കൂടി ഉണ്ട് അതെന്റെ മോൾ മറക്കല്ലേ…

ഒരിക്കൽ ചതിച്ചവൻ ഇനിയും നിന്നെ ചതിക്കും… അവസാനം കുഞ്ഞിനേയും കൊണ്ട് ഇവിടെ വന്ന് നിന്ന് അച്ഛനെ എന്റെ മോൾ ബുദ്ധിമുട്ടിക്കരുത്… ങ്ഹാ.. ഞാൻ പറയാനുള്ളത് പറഞ്ഞു ഇനിയെല്ലാം നിന്റെ ഇഷ്ടം….

അമ്മ മുറി വിട്ടിറങ്ങി ദയ പതുക്കെ വയറിൽ കൈ വെച്ചു നോക്കി.. രണ്ടു കുഞ്ഞു കണ്ണുകൾ എന്നെ ഒന്നും ചെയ്യല്ലേ അമ്മേ എന്ന് വിളിച്ചു കരയുന്നത് പോലെ അവൾക്ക് തോന്നി….

ഈ ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലം അമ്മയുടെ ഗർഭപാത്രമാണെന്ന് ആറാം ക്ലാസ്സിൽ ഭാസ്കരൻ മാഷ് പറഞ്ഞത് അവൾക്കോർമ്മ വന്നു….

ഉറങ്ങാൻ പറ്റുന്നില്ല… ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തൊഴുത്തിൽ പെറ്റ് മൂന്നു ദിവസം ആയ തന്റെ കുഞ്ഞിനെ നക്കി തോർത്തുന്ന ചെമ്പിയെ കണ്ടു…. അവൾക്കെന്തൊരു സ്നേഹാണ് തന്റെ കുഞ്ഞിനോട്…..

പെട്ടന്ന് മുൻപൊരിക്കലും തോന്നാത്ത ഒരു വാത്സല്യത്തോടെ അവൾ വയറിൽ തഴുകി പറഞ്ഞു മറ്റൊന്നിനും വേണ്ടി അമ്മ നിന്നെ വേണ്ടെന്ന് വെക്കില്ലെടാ കണ്ണാ….. ഉറങ്ങിക്കോട്ടോ…. അമ്മയുണ്ടാവും നിനക്കെന്നും…

പിറ്റേന്ന് രാവിലെ ഒരുങ്ങി വന്ന മകളെ കണ്ട് സുജാത ഞെട്ടി…”നീ എങ്ങോട്ടാ.. രാവിലെ.???..

ഞാൻ പോകുവാണമ്മേ എന്റെ വീട്ടിലേക്ക് എന്റെ ദേവേട്ടന്റെ അടുത്തേക്ക്…. അച്ഛനോട് പറഞ്ഞേക്കൂ…….

മോളേ അച്ഛൻ വന്നിട്ട് പറഞ്ഞിട്ട് പോരേ??അതിനവൾ മറുപടി പറഞ്ഞില്ല….ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ പല ചിന്തകളും വന്നു… അച്ഛൻ വന്ന് ഒരുപാട് ചീത്ത വിളിച്ചതാണ്…. തന്നെ ഇനി ദേവേട്ടൻ സ്വീകരിക്കുമോ? അല്ലെങ്കിൽ താൻ എന്തു ചെയ്യും….

കാല് പിടിച്ചായാലും ഇവിടെ നിൽക്കണം ഇനി വീട്ടിലോട്ടില്ല…. അവിടെ നിന്നാൽ തന്റെ കുഞ്ഞിനെ തനിക്ക് നഷ്ടമാകും….

വീട്ടിലെത്തി അമ്മ കതക് തുറന്ന് തന്നെ കണ്ടതും കെട്ടിപിടിച്ചു കരച്ചിലായിരുന്നു… എന്റെ മോള് വന്നോ? ഈ ഒരു മാസം കൊണ്ട് അമ്മയാകെ വൃദ്ധയായ പോലെ അവൾക്ക് തോന്നി…

മതി.. എനിക്കിത് മാത്രം മതി എന്റെ ഭഗവാനെ…. എന്റെ കുഞ്ഞു വന്നല്ലോ….ദേവേട്ടൻ? അവൻ ഓഫീസിൽ പോയി… മോള് പോയ ശേഷം മുറിക്കു പുറത്തിറങ്ങില്ലായിരുന്നു… ഭക്ഷണം വേണ്ട മരുന്ന് വേണ്ട…

കുറെ നാളുകൾക്കു ശേഷം കൂടി ഇന്നെന്തോ അത്യാവശ്യത്തിനു പോയതാണ് ഓഫീസിൽ… അതും ഞാൻകാല് പിടിച്ചിട്ട്…

മോള് വാ അമ്മ കുളിക്കാൻ വെള്ളം എടുത്ത് വെക്കാം യാത്ര കഴിഞ്ഞു വന്നതല്ലേ…

കുളിയും കഴിഞ്ഞു അമ്മ സ്നേഹത്തോടെ വിളമ്പി തന്ന ചൂട് ചോറും കറിയും കഴിച്ചു ക്ലോക്കിലേക്ക് നോക്കിയിരുന്നു..

അഞ്ചര ആറു മണിയാകുമ്പോഴേക്കും സാധാരണ ആളു വരും… വരുമ്പോൾ തനിക്കായി എന്തെങ്കിലും ഒരു സ്പെഷ്യൽ ഉണ്ടാകും…. മിക്കവാറും ഡയറി മിൽക്ക്.. അല്ലെങ്കിൽ മറ്റെന്തെങ്കിലും….

എന്റെ കുഞ്ഞു വന്ന കാര്യം ഞാനവനോട് വിളിച്ചു പറയട്ടെ…. അമ്മ ഫോണെടുത്തു കൊണ്ട് പറഞ്ഞു….

വേണ്ടമ്മേ ഒരു സർപ്രൈസ് ആയിക്കോട്ടെ ഞാൻ പറഞ്ഞു…..മോൾക്കമ്മയോട് പിണക്കമുണ്ടോ??സാധാരണ ആലോചനകൾക്കെല്ലാം ഞങ്ങളിത് പറയാറുണ്ടായിരുന്നു…..

പക്ഷേ.. മോളെ കണ്ടപ്പോൾ തന്നെ അവനിഷ്ടപ്പെട്ടു പോയി വല്ലാതെ…..
ഇതറിഞ്ഞു ഈ ആലോചന നടക്കാതിരിക്കുമോ എന്നവൻ ഭയന്നിരുന്നു…..

എന്റെ മോളെ അവന് ജീവനാണ്…. പിന്നെ ചികിൽസിച്ചാൽ മാറുന്നതേ ഉള്ളൂ എന്ന ഡോക്ടറുടെ ഉറപ്പ് കൂടിയായപ്പോൾ എന്റെ കുഞ്ഞു പ്രതീക്ഷിച്ച് പോയി….

മോളവനെ വെറുക്കരുത്…. പാവമാണ്….
അമ്മ കണ്ണീരൊപ്പി….ഞാനെന്തെങ്കിലും പറയുന്നതിന് മുൻപ് ഏട്ടന്റെ വണ്ടി വന്ന ശബ്ദം കേട്ടു….

വാതിൽ തുറന്ന് വന്നപ്പോൾ തന്നെ കണ്ടതും ക്ഷീണിച്ച ആ മുഖത്തു സന്തോഷവും സങ്കടവും ഒരേ നിമിഷം മിന്നിമറയുന്നത് താൻ കണ്ടു….

ഒന്നും മിണ്ടിയില്ല… തല കുനിച്ചു റൂമിലേക്ക് പോയി…. പുറകെ താനും….എന്തിനാണ് വന്നത്? മരിച്ചോ എന്നറിയാനാണോ…. കാൻസർ അത്രേം പെട്ടന്ന് ആരെയും കൊല്ലില്ല… ആ സ്വരം ചിലമ്പിച്ചിരുന്നു…..

മരിക്കാനോ? ഞാൻ പതുക്കെ പുറകിൽ നിന്ന് കൈ ചേർത്തു പിടിച്ചു ആ ദേഹത്തോട് ചേർന്നു നിന്നു….. നിങ്ങൾ പോയാൽ പിന്നെ എനിക്കാരാണ്….

പിന്നെ…. അദ്ദേഹത്തിന്റെ കൈ എന്റെ വയറിനോട് ചേർത്ത് വെച്ച് ഞാൻ ചോദിച്ചു.. പിന്നെ..എന്റെ വയറ്റിൽ കിടക്കുന്ന നിന്റെ കുഞ്ഞിന്റെ കാര്യം ആരും നോക്കും…..

തളർന്ന ആ കണ്ണിൽ സങ്കടവും സന്തോഷവും ഒരു പോലെ മിന്നിമറയുന്നത് ഞാൻ കണ്ടു…..
സത്യം.. അത് ചോദിക്കവേ അദ്ദേഹം കരഞ്ഞു പോയിരുന്നു കൂടെ ഞാനും…..

ആ നെഞ്ചോടു ചേർന്ന് നിൽക്കവേ ഞാൻ മനസ്സിലാക്കുകയായിരുന്നു ഇതാണെന്റെ സ്വർഗം ….. ഇത് ഞാനാർക്കും വിട്ട് കൊടുക്കില്ല മരണത്തിനു പോലും….

അമ്മ കരയുവാണോ?? ഒരു നിമിഷം ഞാൻ ചുറ്റു പാടും നോക്കി വിജനമായ കോറിഡോർ…. മുൻപിൽ IC U എന്ന ബോർഡ്‌…..മുൻപിൽ തന്റെ മോൻ Dr ആദിൽ ദേവ് എന്ന കണ്ണൻ

അച്ഛൻ okke ആണ് അമ്മയെ അന്വേഷിക്കുന്നു….. വാ കാണിച്ചു തരാം… മോന്റെ പുറകെ പോകുമ്പോൾ 21 വയസ്സിലെ ദയയെക്കാൾ തീർത്തും ദുർബലയാണ് താനീ അമ്പതാമത്തെ വയസ്സിൽ എന്നവർക്ക് തോന്നി….

ബെഡിൽ അദ്ദേഹം കിടക്കുകയാണ് ചുറ്റിനും കുറെ വയറുകൾ ഉണ്ട് എന്തൊക്കെയോ ബീപ് ശബ്ദങ്ങളും…..
തന്നെ കണ്ടതും ആ മുഖത്തു സ്നേഹം നിറയുന്നത് താൻ കണ്ടു…..

പേടിച്ചു പോയോ… അദ്ദേഹം പതുക്കെ ചോദിച്ചു…. ഞാനൊന്നും പറഞ്ഞില്ല പകരം രണ്ടു തുള്ളി കണ്ണീർ അദ്ദേഹത്തിന്റെ മുഖത്തു വീണു…

തളർന്ന കൈകൾ എന്റെ മുഖത്തു തലോടി കണ്ണീർ തുടച്ചദ്ദേഹം പറഞ്ഞു. നീ കരയരുത് നീയാണെന്റെ ബലം…. നീ എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് മരണത്തെ പോലും പേടിയില്ല…..

ചെറിയൊരു അറ്റാക്ക് കുഴപ്പമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്…..ആ മതി മതി നിങ്ങളുടെ പഞ്ചാര അടി മതി അധികം സംസാരിച്ചാൽ മോനിപ്പോൾ ശരിക്കും ഡോക്ടർ മാത്രമാകും അങ്ങോട്ട് വന്ന ഞങ്ങളുടെ മോൻ കണ്ണൻ പറഞ്ഞു ..

ഒരു ചെറിയ heart pain അത്രേ ഉള്ളൂ എന്റമ്മേ.. അല്ലേലും അതിപ്പോൾ അമ്മയെ കണ്ടാൽ അച്ഛന് ഓക്കെ ആവും.

അത് കേട്ടതും അദ്ദേഹത്തിന്റെ മുഖത്തൊരു ചിരി നിറഞ്ഞു കൂടെ അതെന്റെയും മനസ്സ് നിറച്ചു… അല്ലേലും ആ ചിരി തന്നെയാണെന്റെ ലോകം…..

Leave a Reply

Your email address will not be published. Required fields are marked *