ഞാൻ തന്നതിനേക്കാൾ എന്ത് സുഖാ അവൻ നിനക്ക് തന്നത് ?”” സുധിയേട്ടാ ഞാൻ…” “മിണ്ടരുത് നിനക്കിനി അതിനവകാശമില്ല

(രചന: ജ്യോതി കൃഷ്ണകുമാര്‍)

അല്ലെങ്കിൽ ഫോൺ വിളിച്ചാൽ വയ്ക്കാത്ത പെണ്ണാ.. ഇതിപ്പോ എന്താ പറ്റീത്? രണ്ടേ രണ്ട് വാക്ക് .. ഓക്കെ ഏട്ടൻ പിന്നെ വിളിക്കു എന്ന് പറയും ..

അല്ലെങ്കിൽ എന്തെങ്കിലും പണിയോ, തലവേദനയോ ആണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും… എന്ത് പറ്റി ഇവൾക്ക്?

ചുട്ടുപൊള്ളുന്ന ഈ മണലാരണ്യത്തിൽ ഒരു കുളിർ മഴയാണ് അവളുടെ ശബ്ദം എന്നവൾ മറന്നോ..? പാവം അവളെയും പറഞ്ഞിട്ട് കാര്യമില്ല.. പ്രണയo വിവാഹത്തിൽ എത്തിയപ്പോൾ എന്ത് സന്തോഷമായിരുന്നു …

പക്ഷെ എത്ര നാൾ…? എത്ര നാൾ ഒരുമിച്ചുണ്ടായി? ജീവിതം രണ്ടറ്റം കൂട്ടിമുട്ടാതായപ്പോൾ, കടത്തിന്റെ കായലിൽ മുങ്ങാംകുഴിയിട്ടപ്പോൾ…

രണ്ട് പെൺകുട്ടികളെ ദൈവം കൈക്കുടന്നയിൽ വരമായി തന്നപ്പോൾ., ഇഷ്ടമില്ലാഞ്ഞിട്ടും പ്രവാസിയുടെ വേഷം അണിയേണ്ടിവന്നു…. ഇതിനിടയിൽ ഒരുമിച്ച് കിട്ടിയത് ചുരുങ്ങിയ കാലം മാത്രം

എനിക്കും ചിലപ്പോൾ ഭ്രാന്ത് പിടിക്കാറുണ്ട്. ഇവിടെ നിന്ന് ഓടിപ്പോവാൻ തോന്നാറുണ്ട് കീഴിൽ ജോലി ചെയ്യുന്ന ബം ഗ്ലാ ദേ ശികളുടെ നേരേ ചീത്ത പറഞ്ഞാണ് പലപ്പോഴും എന്റെം അരിശം തീർക്കാറുള്ളത്…

അക്കരയും ഇക്കരയുമായി അവൾക്കും മടുത്തിട്ടുണ്ടാകും അതിന്റെ പ്രകടനമാവും ഇതൊക്കെ പാവം എന്നോടല്ലാതെ ആരോടാ ….

“അല്ല സുധ്യേ.. യ്യ് ജോലിക്ക് പോണില്ലേ? അല്ലെങ്കി ബാത്ത് റൂമിൽ ഫസ്റ്റ് കേറാൻ തല്ല് ണ്ടാക്കണ ആളാ ഇന്നെന്താ ഭയങ്കര ചിന്ത? ന്താടാ എന്തെങ്കിലും പ്രശ്നണ്ടാ? ലേഖേനെ വിളിച്ചിലേ ഇയ്യ് ? ഓളെന്തേ പറഞ്ഞ്?

ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു .. ബഷീർക്കയാണ് ഇവിടെ ദുബായിയിൽ ഉള്ള ഞങ്ങടെ വല്യേട്ടൻ… നിഷ്കളങ്കമായി ചിരിക്കാനും അതിലേറെ നിഷ്കളങ്കമായി സ്നേഹിക്കാനും മാത്രം അറിയാവുന്നവൻ… പാവം….

“ആ ഇക്ക ഒന്നൂല്യ, ഞാൻ നാട്ടിലേക്കൊന്ന്ന് പോയാലോ ന്ന് വിചാരിക്കുകുകയാ… ഒന്നര കൊല്ലായി കുട്ട്യോളെ കാണാൻ തോന്നുന്നു.. ”

“അങ്ങനെ കുട്ട്യോളെ മാത്രാക്കണ്ട കെട്ട്യോളീം കണ്ടിട്ട് വന്നാ മതി””പോ ഇക്കാ…”

“വാ വണ്ടി വരാറായിക്ക്ണ് വേം പോരെ ”
ചിന്തിക്കാൻ ഒരു പാട് ഉള്ളവരാണ് എല്ലാവരും.. പ്രത്യേകിച്ച് പ്രവാസികൾ നാട്ടിലെ ഓരോ കാര്യങ്ങളും ഒരോ നല്ല മുഹൂർത്തങ്ങളും ചിന്തിച്ച് ചിന്തിച്ച് അതിന്റെ ആലസ്യത്തിൽ കഴിയുന്നവർ..

ചോ രയും നീരും ഉള്ള നല്ല പ്രായം മുഴുവൻ അന്യനാട്ടിൽ കഷ്ടപ്പെട്ട് ഒടുവിൽ തൊണ്ടാകുമ്പോൾ തിരിച്ചെത്തുന്നവർ… അപ്പോ സമ്പാദ്യം കുറേ അസുഖങ്ങൾ മാത്രമാകും…..

ഇപ്പോ ഭക്ഷണ സമയം ആണ്.
ഭക്ഷണം എന്നൊന്നും പറയാൻ പറ്റില്ല ..
കുബ്ബൂസും യോഗർട്ടും…

രാത്രിയാണ് ചോറു വക്കുന്നേ അതിന് തൈരും എന്തേലും ഉപ്പേരിയും .., ആരേലുo നാടിൽ നിന്ന് വന്ന സമയാണെങ്കിൽ ഒരച്ചാറും… ആഹാ സദ്യ തന്നെയാണത് ഞങ്ങൾക്ക്. ഇതെല്ലാം ചെലവുചുരുക്കലിന്റെ ഭാഗമാണ് …..

നന്നായി ഭക്ഷണം ഉണ്ടാക്കാനോ കഴിക്കാനോ അറിയാഞ്ഞിട്ടല്ല, ഇവിടെ മുണ്ട് മുറുക്കി ഉടുത്താലേ നാട്ടിൽ അടുപ്പെരിയൂ….കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോണടിക്കുന്നതു കേട്ടത്, അളിയനാണ്, പെങ്ങളുടെ ഭർത്താവ്..

അതിലുപരി തന്റെ അമ്മയുടെ വയറ്റിൽ പിറക്കാത്ത തന്റെ കൂടപ്പിറപ്പ്…. പൂർണ്ണ തൃപ്തിയോടെ താൻ പെങ്ങളെ കൈ പിടിച്ചേൽപ്പിച്ച തന്റെ ബാല്യകാല സുഹൃത്ത്…. “ഹാ അളിയാ.. എന്തൊക്കെയുണ്ടെടാ ഇന്ന് നീ ബസിൽ ട്രിപ്പ് പോയില്ലേ?””സുധീ.. സുഖമാടാ ..നീ തെരക്കിലാണോ? ”

“അല്ലടാ…. പറ എന്തേലും പ്രശ്നം ഉണ്ടോ? സന്ധ്യ അവൾക്കും മോനും സുഖല്ലേ? എടാ അമ്മക്കും കുഴപ്പം ഒന്നൂല്യല്ലോ?”

” ടാ സുധീ ഞാൻ വെറുതെ നിന്നേ ഓൺലൈനിൽ കണ്ടപ്പോ ഒന്ന് വിളിച്ചുന്നെ ഉള്ളൂ. നീ ടെൻഷനാവണ്ട.. എല്ലാർക്കും സുഖാടാ.. അമ്മക്ക് സുഖം തന്നെയാ ..സന്ധ്യ സുഖായിട്ട് ഇരിക്കുന്നു.., മോനും പോരെ”

” ഇല്ല ഞാൻ ചോദിച്ചൂന്നേ ഉള്ളൂ.. പിന്നെ പറ അളിയാ നമ്മടെ ടീം സ് ഒക്കെ എങ്ങനെ പോണു…? ഇപ്പഴും പാടത്ത് മാച്ച് വക്കാറുണ്ടോ? ഞാനും മനോജ് ചേട്ടനും അല്ലേ ടീമിൽ നിന്ന് വിട്ടിട്ടുള്ളു ബാക്കിയുള്ളവർ ഇല്ലേടാ ”

“സുധീ.. ” എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് സുധിക്ക് മനസ്സിലായി ഉള്ളിൽ ഒരു വെപ്രാളം പോലെ

“എന്താടാ … പറയടാ…. നിനക്ക് കാശ് വല്ലതും വേണോ?” പറയാൻ ഉള്ളത് പറഞ്ഞു തുടങ്ങാൻ ഉള്ള വൈഷമ്യം മറുതലക്കൽ നിന്നും വ്യക്തമായിരുന്നു ….

“ടാ ലേഖ ഇന്നലെ എങ്ങോട്ടെങ്കിലും പോണ കാര്യം നിന്നോട് പറഞ്ഞിരുന്നോ?”” ഇല്ല … ഒന്നും പറഞ്ഞില്ല എന്താടാ ”

“ഏയ് അവളിന്നലെ എതോ ബൈക്കിൽ കേറി പോണത്…. നിനക്ക് വല്ല സംശയവും ഉണ്ടോ?”

“പ്രവീണേ…. ടാ അളിയാ നീ എന്തൊക്കെയാ ടാ പറയുന്നേ? നീ നമ്മടെ ലേഖയെ പറ്റിയാ പറയുന്നേ നിനക്ക് എന്താ വട്ടാണോ?”

“സുധീ….. ടാ നീ വിഷമിക്കല്ലേ.. അവൾ കമ്പ്യൂട്ടർ പഠിക്കാൻ പോയില്ലേ അവിടുത്തെ സാറാണെന്നാ കേട്ടത്… സൗഹൃദാവുംന്നാ എല്ലാരും കരുതീത് പിന്നെ ഓരോരുത്തര് പല പല തവണ കണ്ടെന്നും ഒക്കെ പറയുന്നുണ്ട്.. നീ നാട്ടിൽ വാ.”

“പ്രവീണേ ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം ഞാൻ നിനക്ക് തന്നിട്ടുണ്ട് വേണ്ടിയിരുന്നില്ല എന്ന് ഇപ്പോ തോന്നുന്നു…. അല്ലെങ്കിൽ എന്റെ ലേഖയെ പറ്റി നീ…. നിർത്തിക്കോ.. മേലിൽ എന്നെ വിളിക്കരുത്… ആരെ പറ്റിയാ പറഞ്ഞത്? എന്റെ ലേഖയെ? അവൾ അവളങ്ങനെ പോവ്വോടാ…? നിനക്കറിയാലോ… അളിയാ…”

“സുധീ… നീ എത്രയും പെട്ടെന്ന് നാട്ടിൽ വാ; ഇനി ഒക്കെ നേരിൽ സംസാരിക്കാo… പിന്നെ നീ പലപ്പോഴും ചെയ്തപ്പോലെ അവളെ മാത്രം ഓർത്ത് വിഡ്ഡിത്തരങ്ങൾ ചെയ്യാൻ നിക്കണ്ട …. നിനക്ക് ഇവിടെ ഒരമ്മ കൂടി ഉള്ള കാര്യം മറക്കണ്ട ” ഫോൺ ഡിസ്ക്കണക്ട് ആയി … സുധി അങ്ങനെ ഇരുന്ന് പോയി….

“അല്ല, ന്റെ പഹയാ ജ്ജ് ഇത് വരെ കഴിച്ച് കഴിഞ്ഞില്ലേ?” ബഷീർക്കയാണ്….
ഇക്കാ…… എന്നും വിളിച്ച് ആ തോളത്തേയ്ക്ക് ചാഞ്ഞു…. കുറച്ച് നേരം പൊട്ടിക്കരഞ്ഞു.,,.”ന്താടാ മോനേ? ഇങ്ങനെ ബേജാറാവാൻ മാത്രം അണക്ക് എന്താടാ പ്രശ്നം?”

“ഇക്കാ നമ്മൾ ഉയിരുകൊടുത്ത് സ്നേഹിക്കണോര് നമ്മളെ ചതിച്ചാ.. അവൾ…… അവൾ….. അവൻ പറഞ്ഞത് സത്യാണെങ്കിൽ അവളിനി വേണ്ട… കൊ ല്ലും അവനെയും അവളെയും … ”
സുധിയുടെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് അവൻ ആർത്തലക്കാൻ തുടങ്ങി.,,,

അടുത്ത പുലർച്ച നാല് മണിക്കുള്ള ടിക്കറ്റാ കിട്ടിയത്… സാധാരണ ആരു നാട്ടിൽ പോകുമ്പോഴും പെട്ടി ഒരുക്കാൻ ഒരു മാസം മുമ്പ് തുടങ്ങും. പ്രിയപ്പെട്ടവരുടെ വിയോഗങ്ങിൽ സംബന്ധിക്കാൻ പോകുമ്പോൾ മാത്രമാണ് അതിനൊരു മാറ്റം..

ശ്രദ്ധയില്ലാതെ പെട്ടിയിൽ എന്തൊക്കെയോ വാരിവലിച്ചിടുകയാണ് സുധീപ്…. പിറുപിറുക്കുകയും ഇടക്ക് ദേഷ്യം. കൊണ്ട് എന്തൊക്കെയോ എറിയുകയും ചെയ്യുന്നുണ്ട്.. ബഷീർ മനപ്പൂർവം മറ്റുള്ളവരെ മാറ്റിയിട്ടുണ്ട്..

ഒരു സാരി എടുത്ത് സുധീപ് കയ്യിലിട്ട് ഞെരുക്കുന്നുണ്ട്… ബഷീറിന് നേരെ തിരിഞ്ഞ്…. പറയാൻ തുടങ്ങി”ഇക്കാക്കറിയോ എന്നോ ഒരു ടു സൈഡ് സാരിയുടെ കാര്യം അവൾ പറഞ്ഞിരുന്നു..

അവൾ പോലും മറന്ന് പോയിക്കാണും, പക്ഷെ അവൾടെ ഓരോ ആഗ്രഹങ്ങളും മോഹങ്ങളും എന്റെ നെഞ്ചിലാ ഞാൻ ഏറ്റാറ് അത് നടത്തിക്കൊടുക്കണ വരെ ഒരു തരം ശ്വാസം മുട്ടലാ .. ഇത് ഓർത്ത് ഞാൻ വാങ്ങീതാ എന്തിന് …? പക്ഷെ… പക്ഷെ … അവൾ എന്താ എനിക്ക് തിരിച്ച് തന്നത്?”

“പോട്ട ടാ മോനേ ഓര് ചെറ്യേ കുട്ട്യോളല്ലേ.. ഒരു തന്റോടായിട്ടില്ല…. ഇയ്യ് ഒന്ന് ചെന്നാൽ തീരണ പ്രശ്നേ ഉണ്ടാവൂ. അന്റെ ശുദ്ധഗതിക്ക് പടച്ചോൻ കൂടുതലൊന്നും പരീക്ഷിക്കൂല ”

ഒരു ആശ്വാസ വാക്കിനും അവന്റെ ഉള്ളിലെ തീയണക്കാൻ കഴിയില്ല… അത് ആളി കത്തി പടർന്ന് അവന്റെ വിവേകത്തെ ചുട്ടെരിക്കുന്നുണ്ട്

“ഇക്കാ ഇങ്ങക്കറിയോ എന്നെ പ്രാണനെ പോലെ കരുതണ അമ്മയെയാ ഞാൻ അവൾക്ക് വേണ്ടി അനിയത്തിയുടെ കൂടെ ആക്കിയത്. എന്നെ കരുതി മാത്രം ജീവിക്കണ അമ്മയെ.. അമ്മ പോരടിക്കാന്ന് പറഞ്ഞ് … ഒരുറുമ്പിനെ പോലും നോവിക്കാത്ത ന്റെ അമ്മ…”

“അത് അന്റെ തെറ്റ്.. ചെലോറ്റങ്ങള് ണ്ട് കെട്ട്യാ പിന്നെ വേറെങ്ങടും കണ്ണ് കാണൂല… കാത് കൊടുക്കൂല… കെട്ട്യോളെ മന്ത്രം മാത്രേ പിന്നെ തിരിയൂ.. ഉമ്മ വേണ്ട കൂടപ്പിറപ്പ് വേണ്ട ന്നട്ടോ ലാസ്റ്റ് ഇമ്മാരി ഓരോന്ന് ണ്ടാവും ചെയ്യും.. അന്റെ ഉമ്മ കൂടെ ഇണ്ടെങ്കി ഇതൊക്കെ നടക്കുവോ? ഓളെം പറഞ്ഞിട് കാര്യല്ല്ല്യ.. ”

“അവളെ പറഞ്ഞിട്ട് കാര്യമില്ല… പക്ഷെ ഒക്കെ ശരിയാണെങ്കിൽ , ചെയ്യാൻ ഉണ്ട്… ഇക്ക കണ്ടോ”

“ജ്ജ് ഓളേനെ അങ്ങട്ട് കൊ ല്ല്വോ…. ന്നാ ചെല്ല് അന്റെ രണ്ട് പെങ്കുട്ട്യോള് റോഡിലിറങ്ങി തെണ്ടും.. നാളെ അവറ്റകൾക്ക് എന്താ ഒരു ഭാവി ണ്ടാവാ.,.. ഒക്കെ ഓർത്തിട്ട് മതി അന്റെ ചെയ്തികൾ

സുധി ഒരു നിമിഷം മൗനമായി എന്നിട്ട് തന്റെ ബാഗ് എടുത്ത് പുറത്തേക്ക് നടന്നു… എയർപ്പോട്ടിലേക്ക് അകമ്പടി സേവിച്ച് ബഷീർക്കയും ഉണ്ടായിരുന്നു..

തന്നെ കെട്ടിപ്പിടിച്ച് ഒരു കുഞ്ഞിനെ പോലെ കരയുന്ന സുധിയെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്ന് ബഷീറിന് അറിവില്ലായിരുന്നു… സ്വപ്നങ്ങൾ കെട്ടിപ്പടുത്തത് ചീട്ട് കൊട്ടാരം പേലെ തകർന്നപ്പോൾ ..
കാലിന്നടിയിലെ അവസാന മണ്ണും ഒലിച്ചു പോയപ്പോ ..

നിസാഹായനായ ഒരു പാവം..
പ്രിയപ്പെട്ടവളാൽ എന്തിന്റെ പേരിലാണെങ്കിലും കബളിക്കപ്പെട്ടപ്പോൾ.. മറ്റുള്ളവർക്ക് വെറും കോമാളിയായി മാറുന്നവർ… ഒളിഞ്ഞും തെളിഞ്ഞും, തന്റേടമില്ലാത്തവൻ, എന്ന് പരിഹസിക്കപ്പെടാൻ പോകുന്നവൻ…
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം ഞാൻ… ?

ഇനിയവന് ഏറ്റുവാങ്ങാനുള്ളത് പല തരം കുറ്റപ്പെടുത്തലും ഉപദേശങ്ങളും..
ഒന്നോ രണ്ടോ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒഴിച്ചാൽ ബാക്കിയുള്ളവർക്ക് ഉള്ളിൽ ചിരിച്ച് പുറമേ അഭിനയിക്കാൻ ഉള്ള ഒരു കഥാ പാത്രം …

ഇതൊക്കെ അവനും ഓർത്തിരിക്കാം.. അതിൽ നിന്ന് ഒരു ഉത്തരം കണ്ടെത്തിയിരിക്കാം..

മരംചാടി നടക്കുന്ന കുരങ്ങനെ പോലാണ് മനസ്സ് എന്ന് പറയുന്നത് എത്ര വാസ്തവം.. അത് എങ്ങോട്ട് വേണമെങ്കിലും ചാടാം… അവന്റെ തീരുമാനം എന്താണെന്ന് ആർക്കും പ്രവചിക്കുവാൻ കഴിവില്ല…. എന്ത് തന്നെയായാലുo പടച്ചവൻ അവന്ന് കൂട്ടായിരിക്കട്ടെ….

സുധി പോകുന്നത് കണ്ണിൽ നിന്ന് മറയുവോളം ആ സ്നേഹസമ്പന്നനായ മനുഷ്യൻ നോക്കി നിന്നു….സാധാരണ സുധി വരുന്നെന്നറിഞ്ഞാൽ പിന്നെ കൂട്ടുകാർക്കിടയിൽ ഉത്സവമാണ്..
ഒരാളെ പോലും മറക്കില്ല അവൻ, എല്ലാർക്കും എന്തേലും കരുതും.
തരുന്ന സാധനത്തിന്റെ വിലയോ ഗുണമോ നോക്കിയല്ല..

തിരക്കിലും മറക്കാതെ ഓരോ മുഖങ്ങളും ഓർത്ത ആ വലിയ മനസ്സാണ് അവന്റെ പ്രത്യേകത… അതു കൊണ്ട് തന്നെ അവനെ എതിരേൽക്കാൻ ഒരു നാട് തന്നെ എയർപ്പോട്ടിൽ കാത്ത് കിടക്കാറുണ്ട്..
ഇതാദ്യമായാ ആരെയും അറിയിക്കാതെ ആരും ഇല്ലാതെ …. പ്രവീൺ ഓർത്തു.. ..

അവന്റെ പെങ്ങളെ ഇഷ്ടപ്പെട്ടതും.. അത് പറയാൻ മടിച്ചതും, ഒടുവിൽ എന്റെ മനസ്സ് വായിച്ചവൻ അവന്റെ പെങ്ങളെ ഈ കയ്യിൽ വച്ച് തന്നതും,
പ്രവീണിനും കണ്ണുകൾ നിറഞ്ഞ് വന്നു.

സുധിയെന്ന് വച്ചാൽ അത്രക്ക് പ്രിയപ്പെടവനാണ് എല്ലാവർക്കും.. ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ ആരേയും വിഷമിപ്പിക്കാൻ കഴിയാത്തവൻ, ഏറെ മോഹിച്ച് സ്വന്തമാക്കിയതാണ് അവളെ ‘ലേഖയെ” ..

അച്ഛനില്ലാത്ത, കുട്ടി. ബികോം പാസായി, ബൈക്കിന്റെ സർവ്വീസ് സെന്ററിൽ ബില്ലിംഗിൽ ഇരുന്ന അവളെ ഒരു തരത്തിൽ ദുരിതക്കടലിൽ നിന്ന് കൈപിടിച്ച് കേറ്റുകയായിരുന്നു അവൻ.

അവന്റെ അമ്മയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ആദ്യമൊക്കെ വളരെ നല്ല പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ അവളുടെ തലയിൽ എപ്പഴാണ് ചെകുത്താൻ കയറിയത്…

ഒരു മോളേക്കാൾ അവളെ സ്നേഹിച്ച അവന്റ അമ്മയെ എന്തൊക്കെ നുണ പറഞ്ഞ് വീട്ടിൽ നിന്ന് അകറ്റി..
വിഷമമുണ്ടെങ്കിലും കൂടി അമ്മയെ അവൻ ഞങ്ങളുടെ കൂടെ നിർത്തി..
അവൻ ചെയ്തതിൽ തെറ്റ് കാണാൻ പറ്റില്ല.

കാരണം അവനവകാശപ്പെട്ട തറവാട് എനിക്കും അവന്റെ കുഞ്ഞനിയത്തിക്കും ആയി അവൻ തന്നിരുന്നു. എന്നിട്ട് അവൻ പുതിയ വീട് വച്ചു, അമ്മയെ അങ്ങോട്ട് കൊണ്ട് പോയി. തറവാട്ടിൽ ഞങ്ങൾ..

അമ്മക്കും ഇവിടെ നിൽക്കാൻ ആയിരുന്നു ഇഷ്ടം.. പിന്നെ അവൻ പോയപ്പോൾ കൂട്ടിനായി പോയതായിരുന്നു അമ്മ. ഇപ്പോ ഞങ്ങടെ കൂടെ പുണ്യമായി ഞാൻ ചെയ്ത സുകൃതം കൊണ്ട്.. ഞങ്ങടെ … അമ്മ.. അവന്റെ അമ്മയല്ലേ അങ്ങനെ അല്ലേ വരൂ …

അനൗൺസ്മെന്റ് പ്രവീണിനെ ചിന്തകളിൽ നിന്ന് ഉണർത്തി.. അവൻ പുറത്തേക്ക് ഇപ്പോ വരും.. എന്താവും അവന്റെ അവസ്ഥ .. ഞാൻ എന്ത് പറയും

.. ദൂരേ നിന്നേ സുധിയെ കണ്ടു ഒരു ചെറിയ ബാഗും ഒരു ചെറിയ കാർട്ടൺ തള്ളി കൊണ്ടും വരുന്നുണ്ട് …
എന്നെ കണ്ടതും നിറമില്ലാതെ ഒന്നു ചിരിക്കാൻ ശ്രമിച്ചു.

“അളിയാ സുധി നീ എന്തേലും കഴിച്ചോ?”മൗനമായിരുന്നു മറുപടി.”പ്രവീണേ വേഗം വാ എനിക്കവളെ ഒന്ന് കാണണം”

“ഉം, നീ കാണണം തീർച്ചയായും കാണണം, അതിന് മുമ്പ് നീ വാ നമുക്ക് എന്നേലും കഴിക്കാം. .”

“നീ പോയി കഴിച്ച് വാ … ഒരു കോമാളിയായി ഞാൻ ഇങ്ങനെ നിക്കുമ്പോ എനിക്ക് എന്തേലും ഇറങ്ങുമോടാ” സുധി കരയാൻ തുടങ്ങി

“ടാ, ആൾക്കാർ കാണും നീയീ കാറിൽ കേറ്” ഒരു കണക്കിന് സുധിയെ പ്രവീൺ കാറിൽ കയറ്റി, അത്ര തിരക്കില്ലാത്ത എന്നാൽ പ്രൈവസി കിട്ടുന്ന ഒരു റെസ്റ്റോറണ്ടിൽ കയറി..

അത്രയാരും ശ്രദ്ധിക്കാത്ത ഒരു സീറ്റ് കണ്ടു പിടിച്ച് അവിടെ ഇരുന്നു.
സുധിയുടെ ഭാവം പെട്ടെന്ന് മാറി, അവൻ പോക്കറ്റിൽ കൈയ്യിട്ട് എന്തോ എടുത്തു.
അത് എന്താണെന്ന് കണ്ടപ്പോൾ പ്രവീണിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി… കാരണം അതൊരു കത്തിയായിരുന്നു.

“പ്രവീണേ ഇന്നലെ വാങ്ങി വച്ചതാ ഇതവൾക്കാ.. ആ പെഴച്ചവൾക്ക്, ചങ്ക് പറിച്ച് കൊടുത്തിട്ടും അത് തട്ടിത്തെറിപ്പിച്ചവൾക്ക്…”

“സുധി എനിക്ക് നിന്നോടൊന്നും പറയാൻ ഇല്ല, ഈ വീഡിയോ ഒന്ന് എനിക്ക് വേണ്ടി കാണാമോ ”

പ്രവീൺ തന്റെ ഫോണിൽ ഒരു വീഡിയോ ക്ലിപ്പിംഗ് എടുത്ത് സുധിയെ കാണിച്ചു.. സുധി അതിലേക്ക് നോക്കിയതും പൊട്ടിക്കരഞ്ഞ് പോയി…
സുധിയുടെ അമ്മയുടെതായിരുന്നു..

രാത്രി ഉറങ്ങുമ്പോ അവന്റെ ഷർട്ടും കെട്ടിപ്പിടിച്ച് അതിൽ മുഖമമർത്തി കിടക്കുന്ന അവന്റെ പെറ്റമ്മ …

“സുധീ നീ പോയാ പിന്നെ അമ്മ ഇങ്ങനാട, മനസ്സിന് ഒരു ബലാ എന്നും പറഞ്ഞ് നിന്റെ ഷർട്ടും കെട്ടിപ്പിടിച്ച്‌ കിടക്കും.. ഇതു കൂടി ഓർത്തിട്ട് വേണം ട്ടോ നിന്റെ ചെയ്തികൾ, എന്തിനും ഞാനും കൂടെ ണ്ടാവുo,” സുധി ഒരു കൊച്ച് കുഞ്ഞിന്നെ പോലെ പൊട്ടക്കരഞ്ഞു. …

ആരും ശ്രദ്ധിക്കാത്ത ഇടത്ത് ഇരുന്നതിനാൽ അവൻ പ്രവീൺ മാത്രമേ ഇതെല്ലാം കണ്ടുള്ളൂ… കുറേ നേരം അവിടെ ഇരുന്ന് അവർ വീട്ടിലേക്ക് തിരിച്ചു.. വീടെത്താൻ ആവും തോറും പ്രവീണിന്റെ നെഞ്ച് കത്തുന്നുണ്ടായിരുന്നു.

എന്തും സംഭവിക്കാം. വികാരം വിവേകത്തെ അടക്കി വാഴുന്ന ഇത്തരം ചില സന്ദർഭങ്ങൾ ഉണ്ട്..

അവിടെ ആര് എന്ത് തന്നെ പറഞ്ഞാലും അതൊക്കെ കുടം കമഴ്ത്തിയിട്ട് വെള്ളം ഒഴിക്കുന്ന പോലെ വ്യർത്ഥമാണ്
സുധിയെ ഇടക്ക് തിരിഞ്ഞ് നോക്കുമ്പോ അവന്റെ കണ്ണിൽ നിന്ന് അഗ്നി ഒഴുകും

പോലെ ഈ സുധിയെ തനിക്ക് പരിചയമില്ലാത്തതാണ് സുധിയെ പോലെ ഒരാൾക്ക് ഇത്തരത്തിൽ ആവാൻ പറ്റുമോ?.

സാഹചര്യത്തേക്കാൾ ഒരാളെ മാറ്റിമറിക്കാൻ കഴിവുള്ള മറ്റൊന്നില്ല…
വീടിന്റെ മുന്നിൽ കാറെത്തി, പ്രവീണിന് എന്താ ചെയ്യണ്ടതെന്ന് വ്യക്തമല്ലായിരുന്നു.

എന്തും നടക്കാം, അവൻ മനസ്സിനും ശരീരത്തിന്നും ശക്തി കിട്ടാൻ ഒരു നിമിഷം ഒന്ന് പ്രാർത്ഥിച്ച് പോയി, സുധി ബാഗെടുത്ത് വീട്ടിലേക്ക് നടന്നു.
പ്രവീൺ ധൃതിയിൽ പെട്ടിയുമായി പുറകിലും..

സുധിയാണ് കോളിംഗ് ബെൽ അടിച്ചത്…
കുറച്ച് നേരത്തിന് ശേഷം അവർക്ക് മുന്നിൽ കതക് തുറക്കപ്പെട്ടു. ലേഖയാണ് വാതിൽ തുറന്നത്.. ഫോൺ ഒരു ചെവിയിലും വച്ചായിരുന്നു നിൽപ്.

സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ട സുധി കാതടച്ച് ഒന്നു കൊടുത്തു.. സുധിയെ കണ്ട് സ്തബ്ദയായ ലേഖ സുധിയുടെ അടിയിൽ പതറിപ്പോയി..

അവളുടെ കൈയ്യിലെ ഫോൺ നിലത്ത് വീണു, സുധി ഓടി ചെന്ന് ഫോൺ എടുത്തു.. പരിചയമില്ലാത്ത പുരുഷശബ്ദമാണ് .. ഹലോ… ഹലോ എന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു…

“ആരാടാ നായേ നീ .. ആരായാലും നിനക്കുള്ളത് സുധീപ് തന്നിരിക്കുo ”
അതൊരലർച്ച പോലെ ആയിരുന്നു.
സംഗതി പന്തിയല്ലെന്ന് കണ്ടപ്പോൾ മറുതലക്കൽ ഉള്ളയാൾ പതുക്കെ ഫോൺ ഡിസ്കണക്ട് ആക്കി..
സുധി ഫോൺ നിലത്തെറിഞ്ഞു …

അത് പടികളിൽ തട്ടി മുറ്റത്തേക് തെറിച്ച് വീണു. സുധി പ്രവീണിന്റെ നേരെ തിരിഞ്ഞു ..

“നീ പോവാൻ നോക്ക്.. എന്റെ അമ്മയോട് സുധി ഉടനെ അങ്ങോട്ട് വരും ന്ന് നീ പറയണം. അമ്മേടെ ആ പഴയ സുധിക്കുട്ടനായിട്ട് ” പ്രവീൺ ആകെ പകച്ചു നിൽകുകയാണ്.

“സുധീ നമ്മൾ സംസാരിച്ചതൊക്കെ മറന്നോ… ഞാൻ പറഞ്ഞതൊക്കെ നിനക്ക്?”, മുഴുമിക്കാൻ സമ്മതിക്കാതെ സുധി അവനെ തടഞ്ഞു.

“ഇവിടത്തെ കാര്യം ഓർത്ത് നീ വിഷമിക്കണ്ട… ന്റെ അമ്മക്ക് മകൻ വേണo, ന്റെ കുട്ട്യോൾക്ക് അച്ഛൻ വേണം… ഇവിടെ ഒന്നും സംഭവിക്കില്ലെടാ നീ ചെല്ല്.. സംശയിക്കണ്ട ഇത് സുധി ടെ വാക്കാ.. ”

മനസ്സില്ലാ മനസോടെ ആണെങ്കിലും പ്രവീൺ സുധി വന്ന കാറിൽ കയറി.. കാറ് കണ്ണിൽ നിന്ന് മറയുന്നവരെ സുധി നോക്കി കൊണ്ട് നിന്നു.. ഈ സമയം ലേഖ

എന്താ ചെയ്യണ്ടത് എന്നറിയാതെ നിൽക്കുകയായിരുന്നു … സുധി എല്ലാം അറിയും എന്നും നാട്ടിൽ വരും എന്നും സ്വപ്നത്തിൽ പോലും കരുതിയില്ല…

കമ്പ്യൂട്ടർ സെന്ററിന്റെ ഓണർ ഷഹീമിനോട് തോന്നിയ ഒരു കൗതുകം.
ഒരിക്കൽ ഫീസ് തവണകൾ ആക്കി അടച്ചോട്ടെ എന്ന് ചോദിക്കാൻ വിളിച്ചതും.

പിന്നീട് ആ നമ്പറിൽ നിന്ന് വാട്ട്സാപ്പിൽ ഗുഡ് മോണിഗ് പതിവായതും .. തിരിച്ച് എന്നോ അയച്ചപ്പോൾ പിന്നെ മെസേജുകൾ കാഷ്വൽ സംഭാഷണങ്ങൾ ആയതും..

അത് വിളികളായതും.. ലിമിറ്റുകളും നിയന്ത്രണങ്ങളും ലംഘിച്ചതും .. എല്ലാം അവളുടെ മുന്നിൽ നിമിഷ നേരം കൊണ്ട് മിന്നി മറഞ്ഞു. പെട്ടെന്നാണ് സുധി വന്നു എന്ന സ്ഥലകാലബോധത്തിലേക്ക് അവൾ തിരിച്ചെത്തിയത്…

അതോടെ ഉള്ളിൽ ഒരു കൊളളിയാൻ മിന്നി.. പകൽ കണ്ട ഒരു പേടി സ്വപ്നമായിരുന്നെങ്കിൽ ഇതെന്ന് അവൾ ആഗ്രഹിച്ചു..

അവൾ മുറിയിലേക്ക് വന്നിരുന്നു..
ഉമ്മറ വാതിൽ ശക്തിയായി അടയുന്നത് അവൾ അറിഞ്ഞു.. അതിന്റെ ശബ്ദത്തോടൊപ്പം അവളും ഞെട്ടിത്തരിച്ച് പോയി.. എന്താവും സുധിയുടെ ഭാവം.. എന്തായാലും ഇത്രയും ആയില്ലേ ഇനി വരുന്നത് വരട്ടെ… സുധി അവൾടെ അരികിൽ എത്തി അവളെ തന്നെ നോക്കി..

അവൾ മെല്ലെ മുഖമുയർത്തി അയാളെ നോക്കി.. മുമ്പെന്നും കണ്ടിട്ടില്ലാത്ത വിധം സുധിയുടെ മുഖം വരിഞ്ഞു മുറുകിയിരിക്കുന്നു… കണ്ണുകൾ ജ്വലിക്കുന്നത് പോലെ തോന്നി.. ലേഖയുടെ ഹൃദയമിടിപ്പ് കൂടി കൈകളിൽ വിറയൽ അനുഭവപ്പെടാൻ തുടങ്ങി….

“എന്നേക്കാൾ എന്ത് പ്രത്യേകതയാ നീ അവനിൽ കണ്ടത് ” ലേഖയുടെ തൊലി ഇളകി ഉരിഞ് പോകുന്നത് അവൾ അറിഞ്ഞു…

“പറയടി… ഞാൻ തന്നതിനേക്കാൾ എന്ത് സുഖാ അവൻ നിനക്ക് തന്നത് ?”” സുധിയേട്ടാ ഞാൻ…”

“മിണ്ടരുത് നിനക്കിനി അതിനവകാശമില്ല.. സുധിയുടെ ജീവിതത്തിൽ ഇനി നീയെന്ന കാൻസർ വേണ്ട.. മുറിച്ച് കളയാൻ പോവാ….
നിനക്ക് എടുക്കാൻ ഉള്ളതൊക്കെ എടുത്തോ.. “”എന്നോട് ക്ഷമിക്കണം… ഞാൻ കാലു പിടിക്കാം… ”

“എന്തിന്… ? തെറ്റെന്റേതല്ലേ… നിന്നെ മാത്രം വിചാരിച്ച് ചുറ്റുമുള്ളവരെ ഒക്കെ കാണാതിരുന്നതിന്… നീ പറഞ്ഞത് മാത്രം കേട്ട് മറ്റാർക്കും ചെവി കൊടുക്കാത്തതിന് .. എന്നിട്ടും എന്റെ നന്മാത്രം ആഗ്രഹിക്കാൻ അവരുണ്ടെടീ … ഇപ്പോ എന്റെ ബലം അതാ ”

ലേഖ എന്താ ചെയ്യണ്ടേ എന്നറിയാതെ അറച്ച് നിന്നു…”എടുക്കാൻ ഉള്ളതൊക്കെ എടുത്ത് ഇറങ്ങാൻ ” തന്റെ വീട്ടിലെ സ്ഥിതി ഒരു നിമിഷം ലേഖ ഓർത്തു..

കുടിയനായ എട്ടന് മിക്കവാറും ബോധo കാണില്ല.. കഴുത്തിന് ചുറ്റും നാക്കുള്ള ഏടത്തിയമ്മയാ പിന്നെള്ളത് … ഈ അവസ്ഥയിൽ ചെന്നാൽ അവർ തന്നെ കൊത്തിപ്പറച്ചു തിന്നും.. ഠേ.. ഒരെണ്ണം കൂടി അപ്രതീക്ഷിതമായി അവളുടെ കരണത്തു വീണു.. വീണുപോയി ലേഖ അടിയുടെ ആഘാതത്തിൽ…

“നിന്നോട് ഇറങ്ങാനല്ലേടി പറഞ്ഞത് ”
സുധി അലറി. ലേഖ വേഗം പുറത്തേക്കോടി. ഒരു നിമിഷത്തെ സുഖത്തിന് പുറകേ പോയി നഷ്ടപ്പെടുത്തിയ ജീവിതത്തിന് മീതെയായി

ഒന്നും അവൾക്ക് അവിടെ നിന്ന് എടുക്കാൻ ഇല്ലായിരുന്നു.
എങ്ങോട്ടാണ് പോകുന്നത് എന്ന് ഓർത്തപ്പോൾ അവൾക്ക് ആധിയായി..
സുധിയുടെ ബൈക്കിൽ കയറി..

“ദേഹത്ത് തൊടാതെ ഇരുന്നോണം… നിന്നെ പോലെ ഒന്നടുത്തിരുന്നാൽ തന്നെ ഓക്കാനം വരും .. ”

സുധി പറഞ്ഞത് പോലെ അവൾ അവന്റെ ദേഹത്ത് തൊടാതെ ഇരിക്കാൻ ശ്രദ്ധിച്ചു. പോകുന്ന വഴി മുഴുവൻ സുധിയുമൊത്തുള്ള പണ്ടത്തെ ജീവിതമായിരുന്നു അവളുടെ മനസ്സിൽ നിറയെ ..

അത്ര സന്തോഷ പ്രദമായിരുന്നു..
ജീവനായിരുന്നു തങ്ങൾക്ക് പരസ്പരം..
എന്തിനു വേണ്ടി…? എന്തിനു വേണ്ടി താൻ… എന്നിട്ടെന്തു നേടി…? വഴി പെഴച്ചവൾ എന്ന പേരോ? വീട്ടിലേക്കുള്ള വഴിയല്ലായിരുന്നു അത് ..

എങ്ങോട്ടെന്ന് ലേഖക്ക് കമ്പ്യൂട്ടർ സെന്ററിന്റെ താഴെ ബൈക്ക് വച്ചപ്പോൾ ആണ് മനസിലായത്
ഓഫീസിനുള്ളിലെ എ സി യുടെ ശീതളിമയിൽ ഏതോ പെണ്ണിന് വൃത്തികെട്ട മെസേജും അയച്ച് അതിന്റെ സുഖത്തിൽ ഇരിക്കുകയായിരുന്നു ഷഹീം..

വാതിൽ തള്ളിത്തുറന്ന് സുധി കയറിച്ചെന്നു. ലേഖയെ കൂടി കണ്ടപ്പോ അയാൾക്ക് സoഗതി മനസ്സിലായി..

“ആരാ എന്തായിത് മര്യാദയില്ലാതെ…? ഇങ്ങനെയാണോ ഒരു ഓഫീസിൽ കയറി വരുന്നത്?” മര്യാദ ഞാൻ കാണിച്ച് തരാടാ എന്ന് പറഞ്ഞ് സുധി അവന്റെ നെഞ്ചത്ത് ചവിട്ടി

“ഇനി ഇവളെ അങ്ങ് ഏറ്റെടുത്തോ … എനിക്കിനി വേണ്ട…””ഡോ സൂക്ഷിച്ച് സംസാരിക്കണം… കണ്ട വേസ്റ്റ്കളെ മുഴുവൻ ഏറ്റെടുക്കാൻ ഞാനെന്താ മുനിസിപ്പാലിറ്റിയോ? “ഷഹീം പറഞ്ഞ് തീർന്നതും ചെവിടടച്ച് ഒന്ന് കിട്ടിയതും ഒരുമിച്ചായിരുന്നു.

“നായേ ഇനിയെത്രയെണ്ണം ഉണ്ടടാ ഇത് പോലെ.. കെട്ട് പൊട്ടിയവ നിന്റെ കൂടെ..?
നിന്റെ വീട്ടിൽ അറിയിച്ചിടുണ്ട്..

അമ്മായിഅപ്പന്റെ പണത്തിന്റെ ഹുങ്ക് ഇനി നിനക്കില്ല.. നിന്റെ പണക്കാരി ഭാര്യ അവൾടെ കാര്യം നോക്കി പോയ ടാ, ഇനി പുഴുത്ത പട്ടിടെ വില പോലും നിനക്കില്ല”

ഷഹീം തളർന്ന് കസേരയിൽ വീണു..
സുധി നടന്നു പുറത്തു കടന്നു … ലേഖ ആകെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ എത്തി…

എന്ത് ചെയ്യണം എന്നറിയാതെ സുധിയുടെ പുറകേ ചെന്നു…. വിവേകത്തെ വികാരം കാർന്ന് തിന്ന ആ നിമിഷത്തെ അവൾ ശപിച്ചു…. ഇനി എന്ത്..?

ഉത്തരം കിട്ടാത്ത ആ ചോദ്യം അവൾക്കു മുന്നിൽ വന്ന് കൊഞ്ഞനം കുത്തി..
സ്നേഹ സമ്പന്നനായ, ഭർത്താവിനെ ചതിച്ച താൻ എന്ത് നേടി’ ‘..

കുടുംബഭദ്രത എന്നൊന്നുണ്ട്…അത് ആണും പെണ്ണും ഒരു പളുങ്കുപാത്രം കണക്കെ തേച്ചു മിനുക്കി കൊണ്ട് പോവണം… അതിൽ ഒരു വിള്ളൽ വന്നാൽ തീർന്നു. പിന്നെ മറ്റൊരു കണ്ണിലൂടെ മാത്രമേ ആളുകൾ കാണൂ..

എന്റെ കുഞ്ഞുങ്ങൾ നാളെ ഒരു വീട്ടിൽ മരുമകളായി ചെല്ലേണ്ടവർ അവർക്ക് എന്ത് സ്ഥാനമാകും ഇനി കിട്ടുക..
ചെയ്യാത്ത കുറ്റത്തിന് ഞാൻ ആരെയൊക്കെ ശിക്ഷിക്കുന്നു..

അവൾ മുന്നിൽ ധൃതിയിൽ പടികൾ ഇറങ്ങുന്ന സുധിയെ നോക്കി… തനിക്ക് എത്തിപ്പിടിക്കാൻ പറ്റുന്നതിനേക്കാൾ എത്രയോ ഉയരത്തിലാണ് സുധി എന്നവൾക്ക് തോന്നി..

സ്വയം അറപ്പും വെറുപ്പും മാത്രം..
ജീവിതത്തിന് ഒരു റീവൈൻഡ് ബട്ടൻ ഉണ്ടായിരുന്നെങ്കിൽ? എല്ലാ തെറ്റും തിരുത്തി സുധിയേട്ടന്റെ മാത്രമായി ഒന്നൂടി ജീവിക്കാൻ കഴിഞ്ഞെങ്കിൽ….
കരയാൻ പോലും അശക്തയായിരുന്നു ലേഖ..

ഒരു മരവിപ്പ് മാത്രമേ തന്നിലിപ്പോൾ ഉള്ളന്ന് അവൾ തിരിച്ചറിഞു. സുധി ബൈക്ക് സ്റ്റാർട് ചെയ്ത് കുറച്ചു മുന്നോട്ട് എടുത്ത് ബൈക്ക് റേസ് ആക്കി.. അനുസരണയുള്ള ഒരു അടിമയെ പോലെ അവൾ അതിൽ കയറി .. നേരേ ഒരു ഫാമിലി റെസ്റ്റോറണ്ടിലേക്ക് വണ്ടി എത്തി.. വണ്ടി സുധി നിർത്തിയപ്പോൾ ലേഖ ഇറങ്ങി…

“നടക്ക്” സുധി അജ്ഞാപിച്ചു. അവൾ പുറകേ ചെന്നു. ഫാമിലിയായി ഇരിക്കാൻ ഉള്ള ഒരു റൂമിൽ അവർ കയറി

“ഇനിയെന്താ നിന്റെ പ്ലാൻ… ഇവനെന്തായാലും നിന്നെ വേണ്ട! വേറെ ആരെങ്കിലും ഉണ്ടോ… എന്നാ പറഞ്ഞോ… കൊണ്ട് ചെന്ന് ആക്കിയേക്കാം ”

“സുധിയേട്ടാ.. ഞാൻ “”അയ്യോ വേണ്ട മോളെ ഈ പൂങ്കണ്ണീരൊന്നും ഇനി വേണ്ട, ഇതൊക്കെ കണ്ടും കേട്ടും മനസ് പിടയണ ഒരു സുധിയുണ്ടായിരുന്നു. ഇപ്പോ ഇല്ല ..

ഞാൻ ചോ ര നീരാക്കി പണം അയച്ചത് കൊണ്ട് തിന്ന് എല്ലിന്റെ ഇടയിൽ കുത്തിയപ്പോ നീ കാണിച്ചതൊക്കെ കൊള്ളാം, ചേട്ടന് ഇഷ്ടായി… ഇങ്ങനെ വേണം… ”

“സുധിയേട്ടാ ” ലേഖ കരഞ്ഞ് മുന്നിൽ ഒരു മേശക്കപ്പുറം ഇരിക്കുന്ന സുധിയുടെ കാലിൽ വീണു.”മാപ്പ്… മാപ്പ്….”

“നീ എണീക്ക് ഇത് ഹോട്ടലാ… പിന്നെ… എന്റെ കുട്ടികളുടെ കാര്യങ്ങളും അമ്മയുടെ കാര്യങ്ങളും നോക്കാൻ ഒരു വേലക്കാരിയെ വേണം നിനക്ക് പറ്റുമെങ്കി പോരെ, പിന്നെ അവരെന്തേലും കുറ്റം പറഞ്ഞാ അന്ന് തീരും നിന്റെ സേവനം”

“ഞാൻ നിന്നോളാം സുധിയേട്ടാ ഒരു വേലക്കാരിയായി ഇനിയുള്ള കാലം…. ഒരു പരിഗണനയും എനിക്ക് വേണ്ട.. ചെയ്ത തെറ്റിന് ഞാൻ…. ഞാൻ …..”
അവൾക്ക് മുഴുമിക്കാൻ കഴിഞ്ഞില്ല….

സുധി പ്രവാസ ജീവിതം ഒഴിവാക്കി…. ഇപ്പോൾ നാട്ടിൽ സ്ഥിരമാക്കി അമ്മയെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു.

വേലക്കാരി എന്നത് മാറി ഭാര്യയുടെ എല്ലാ പരിഗണനയും ക്രമേണ ലേഖക്ക് ലഭിച്ചു തുടങ്ങി… ലേഖ ല്ലാം ക്ഷമിക്കാൻ പഠിച്ചു.. എതിർന്നൊന്നും പറയാതെ സുധി പറഞ്ഞ പോലെ അമ്മയെയുo മക്കളെയും നോക്കി…

വേലക്കാരിയല്ലാതെ ഭാര്യ തന്നെയായി…..
എങ്കിലുo ചിലപ്പോ പഴയതൊക്കെ തികട്ടി വരും… അത് ജീവിതത്തിൽ പ്രശ്നങ്ങളും സൃഷ്ടിക്കും, ഏച്ച് കെട്ടിയത് മുഴച്ചിരിക്കും പോലെ…..

Leave a Reply

Your email address will not be published. Required fields are marked *