കാറി തുപ്പുന്നവൾ
രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട്
ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്നു കുനിഞ്ഞു പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി. ആ നോട്ടം നിരർത്ഥകമാണെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല. എങ്കിലും വെറുതേ ഒരു പ്രതീക്ഷ..
ആരുമില്ല. “ആരും വരില്ല..ജയിലിൽ പോലും ആരും കാണാൻ വന്നിട്ടില്ല”..അവൾ അകമേ മന്ത്രിച്ചു.
സുകന്യ ജയിലിൽ നിന്നു കിട്ടിയ തന്റെ സാധനങ്ങളടങ്ങിയ തുണി സഞ്ചി ചുരുട്ടി മാറോടടക്കി പിടിച്ചു. ചുരുണ്ട് കൂടിയ കോട്ടൺ സാരിയുടെ ഞൊറിവിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
ആ കയ്യിൽ ജയിലിൽ ജോലി ചെയ്തു കിട്ടിയ ശമ്പളം ചുരുട്ടി മുറുക്കി പിടിച്ചിരുന്നു. യാന്ത്രികമായിരുന്നു ആ നടത്തം. തികച്ചും ലക്ഷ്യമില്ലാത്ത നടത്തം. അലസമായ കാലടികൾ, പാറിപറക്കുന്ന മുടിയിഴകൾ, നിർവികാരമായ മുഖഭാവം. കൊലുന്നനെയുള്ള ആ മുപ്പത്
വയസ്സുകാരിയുടെ കഴുത്തിലുള്ള ഞരമ്പുകൾ നീലിച്ചു കാണപ്പെട്ടു. നെഞ്ചിലെ എല്ലുകൾ തെളിഞ്ഞു കണ്ടു. എങ്കിലും മുഖം ഭംഗിയുള്ളതായിരുന്നു.
“ആദ്യം എന്തെങ്കിലും കഴിക്കണം. ജയിലിലെ ഭക്ഷണം സ്വാദിഷ്ടമാണെങ്കിലും അവിടെ സ്വാതന്ത്ര്യമില്ലല്ലോ. സ്വാതന്ത്രത്തോടെ എന്തെങ്കിലും കഴിക്കണം.” സുകന്യ മനസ്സിൽ ഓർത്തു.
“”സഹോദരാ..നല്ല ഭക്ഷണം കിട്ടുന്ന ഏതെങ്കിലും ഒരു ഹോട്ടലിലേക്ക് വിട്””.സുകന്യ റോഡിന്റെ വശത്ത് നിർത്തിയിട്ട ഒരു ഓട്ടോറിക്ഷയിൽ കയറിയിരുന്നു കൊണ്ട് പറഞ്ഞു.
ഓട്ടോക്കാരൻ ഒന്ന് തിരിഞ്ഞു നോക്കി. തിളക്കം വറ്റിയ അവളുടെ കണ്ണുകൾ കണ്ട അയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി.
“”നിങ്ങളുടെ കയ്യിൽ എനിക്ക് വാടക തരാൻ പണമുണ്ടോ. ആ നോട്ടവും വേഷവുമൊക്കെ കാണുമ്പോൾ.?””.. ഓട്ടോക്കാരൻ അർദ്ധ ശങ്കയാൽ പറഞ്ഞു.
“”എടോ… ഞാൻ ജയിലീന്ന് വരികയാണ്. അവിടെ ജോലി ചെയ്ത പണമുണ്ട് കയ്യിൽ. എനിക്കിപ്പൊ തർക്കിക്കാനുള്ള ആരോഗ്യമില്ല””. സുകന്യ തുറിച്ച കണ്ണ് കൊണ്ട് അയാളെ നോക്കി പറഞ്ഞു
ഓട്ടോക്കാരൻ ഒന്ന് നടുങ്ങി. അയാൾ പിന്നെ അവളെ നോക്കാൻ ധൈര്യപ്പെട്ടില്ല “”ചേച്ചിക്ക് നല്ല ബിരിയാണി വേണോ?. ഇവിടെ അടുത്തൊന്നും അല്ല. ടൗണിൽ പോണം. നല്ലൊരു ഹോട്ടൽ ഉണ്ട്””. അയാൾ പറഞ്ഞു.
“”ശരി. അങ്ങോട്ട് വിട് “”.അവൾ പതിഞ്ഞ ഇടറിയ സ്വരത്തിൽ പറഞ്ഞു. തൊണ്ടയിൽ തടഞ്ഞ കഫം അവൾ ഒച്ചയനക്കി പുറത്തെടുത്തു തുപ്പി.
ഓട്ടോ പാഞ്ഞു. അവൾ ചുറ്റും നോക്കി. മൂന്ന് വർഷത്തിനുള്ളിൽ ടൗണിൽ വന്ന മാറ്റങ്ങൾ സുകന്യയേ അത്ഭുതപെടുത്തി. ഓട്ടോയിലെ സ്റ്റീരിയോയിൽ നിന്നു വന്ന തട്ടുപൊളിപ്പൻ തമിഴ് പാട്ടിന് അവൾ
വിരലുകൾ കൊണ്ട് പതുക്കെ താളമിട്ടു. ഓട്ടോ ഹോട്ടലിന് മുന്നിൽ നിർത്തി. ഓട്ടോകാരൻ തിരിഞ്ഞു നോക്കി.സുകന്യ വേഗത്തിൽ ഇറങ്ങി.
“”നൂറു രൂപ ചേച്ചി””…അയാൾ പറഞ്ഞു.അവൾ ചുരുട്ടി പിടിച്ച നോട്ടുകൾക്കിടയിൽ നിന്ന് ഒരു അഞ്ഞൂറിന്റെ നോട്ടെടുത്തു കൊടുത്തു..
“”ചേച്ചി ജയിലിൽ ആയിരുന്നു അല്ലേ. എന്തായിരുന്നു കുറ്റം. കണ്ടിട്ട് അങ്ങനെയൊരു കുറ്റം ചെയ്തത് പോലെ തോന്നുന്നില്ല””. അയാൾ അവളുടെ മെല്ലിച്ച ശരീരത്തെ മുച്ചൂടും നോക്കി കൊണ്ട് പരിഹാസ ചിരിയോടെ പറഞ്ഞു.
അവൾ രൂക്ഷമായി അയാളെ നോക്കി. കണ്ണുകൾ ക്ഷീണമാർന്നതെങ്കിലും തീപ്പൊരി ചിതറുന്നത് പോലെ അയാൾക്ക് തോന്നി. “”എന്താടോ… വ്യഭിചാര കുറ്റം മാത്രമേ പെണ്ണുങ്ങൾ ചെയ്യൂ എന്നുണ്ടോ?””.സുകന്യ കുറച്ചു ഉച്ചത്തിൽ പറഞ്ഞു. രോഷത്താൽ പല്ല് ഞെരിച്ചു.
സുകന്യക്ക് അയാളുടെ മുഖത്ത് കാർക്കിച്ചു തുപ്പാനാണ് തോന്നിയത്. പക്ഷെ അവളത് അടക്കി വെച്ചു. അയാൾ വേഗം ബാക്കി കൊടുത്തു. ഒന്നും മിണ്ടാതെ ഓട്ടോ വേഗത്തിൽ ഓടിച്ചു പോയി. അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു മറഞ്ഞു. സുകന്യ ഹോട്ടലിനകത്തേക്ക് കയറി.
വാഷ് റൂമിൽ പോയി മുഖത്തേക്ക് തുടരെ തുടരെ വെളളം ചീറ്റിച്ചു. പിന്നെ മുഖം ഉയർത്തി വാഷ് ബേസിനു മുകളിൽ വെച്ച കണ്ണാടിയിലേക്ക് നോക്കി. സാരി തലപ്പ് വലിച്ചു മുഖം തുടച്ചു. അവൾ കുറച്ചു പുറകിലേക്ക് മാറി നിന്നു കണ്ണാടിയിലേക്ക് സൂക്ഷ്മമായി നോക്കി. ”
ശരിയാ.. ആ ഓട്ടോക്കാരൻ പറഞ്ഞത്. തോളിലെ എല്ലുകൾ തെളിഞ്ഞു കാണുന്നു. ഒട്ടിയ പോലെ മാറും കവിളുകളും മെല്ലിച്ച ഇടുപ്പും ഉള്ള ഒരു സ്ത്രീ രൂപത്തെ എങ്ങനെ ആണുങ്ങൾ ഉപയോഗിക്കും.
തുടുത്ത വേശ്യകളെ മാത്രമാണോ ആണുങ്ങൾക്ക് പ്രിയം?.അവിടെയും തരം തിരിവുണ്ടോ?”.സുകന്യയുടെ ഉൾപൂവ് ഇങ്ങനെ പിറു പിറുത്തു.
അവൾ എല്ലാം മറന്ന് കോഴി ബിരിയാണി ആസ്വദിച്ചു കഴിച്ചു. തുടയിറച്ചി കടിച്ചു പറിച്ചു ചവച്ചിറക്കി. “ജയിലിലെ ബിരിയാണിക്ക് ഈ രുചി ഉണ്ടായിരുന്നോ?.
ഉണ്ടാവുമായിരിക്കാം. ചങ്കു പിടച്ചു, മനസ്സ് വിങ്ങി, കൂട്ടിലടക്കപ്പെട്ടു തിന്ന രുചി ആരോർക്കാൻ”. അവൾ കൈ വിരലുകൾ നക്കി തുടക്കുന്നതിനിടെ ഓർത്തു.
ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ സുകന്യയെ വീണ്ടും അലക്ഷ്യത പൊതിഞ്ഞു. “ഇനിയെന്ത്?.എങ്ങോട്ട്?. വീട്ടിലേക്ക് പോയാലോ. എന്റെ രണ്ടാനമ്മ. അവർ ജീവിച്ചിരിക്കുന്നുണ്ടാകുമോ?.
ചേയ്… ഞാനിപ്പോ എന്തിനാണ് അവരെ കുറിച്ചോർത്തത് “.അവൾ എന്തോ ദേഷ്യത്തോടെ മുഖം വെട്ടിച്ചു. വേഗത്തിൽ തിരികെ വീണ്ടും ആ ഹോട്ടലിലേക്ക് കയറി.
“”ഇവിടെ റൂം ഉണ്ടോ?””…അവൾ കുറച്ചു ഉറക്കെ തന്നെ ചോദിച്ചു.””ഉണ്ടല്ലോ മാഡം.. അപ്പുറത്തെ ബിൽഡിങ്ങിലാണ് “” . ഹോട്ടലിലെ ക്യാഷ്യർ ഒരു കെട്ടിടത്തെ ചൂണ്ടി കൊണ്ട് പറഞ്ഞു.
സുകന്യ അങ്ങോട്ട് വലിഞ്ഞു നടന്നു. ആ ക്യാഷ്യർ അവൾ പോകുന്നത് ഒരു വഷളൻ ഭാവത്തോടെ നോക്കി.
“”എനിക്കൊരു റൂം വേണം. രണ്ട് ദിവസത്തിന്””. സുകന്യ റിസപ്‌ഷനിസ്റ്റ് പയ്യനോട് പറഞ്ഞു.
ആ പയ്യൻ അവളെ ദൃഷ്ടി തുറുപ്പിച്ചു കുറച്ചു നേരം നോക്കി നിന്നു.””ഹേയ് മിസ്റ്റർ.. നിങ്ങൾ എന്താണ് ഇങ്ങനെ നോക്കുന്നത്. റൂം തരില്ലേ””..സുകന്യ ഉറക്കെ ചോദിച്ചു.
റിസപ്ഷനിസ്റ്റ് ഒന്നു ഞെട്ടി. “”തരാം മാഡം.. ഇവിടെ പേരും അഡ്രസ്സും എഴുതിക്കോളൂ”” അയാൾ പരിഭ്രമത്തോടെ പറഞ്ഞു.
റൂം ബോയ് മുറി തുറന്നു കാണിച്ചു. അയാൾ അവളെ ഇടക്കിടെ ഒളികണ്ണെറിഞ്ഞു നോക്കി. അവൾ തുണി സഞ്ചി മേശക്ക് മുകളിൽ വെച്ചു.
“”ഒറ്റക്കേ ഉള്ളൂ നിങ്ങൾ?””.റൂം ബോയിക്ക് ആകാംഷ അടക്കാനായില്ല.സുകന്യ അയാളെ തുറിച്ചു നോക്കി. അയാൾ വല്ലാതെ ചൂളികൊണ്ട് തല ചൊറിഞ്ഞു.
“”അ അല്ല മാഡം. ചോദിച്ചന്നേയുള്ളൂ.. എന്തേലും ആവശ്യം ഉണ്ടെങ്കിൽ ബെല്ലടിച്ചാൽ മതി””..അയാൾ ദൃതിയിൽ മുറിയിൽ നിന്ന് ഇറങ്ങി പോയി.
“ഇവളെയൊക്കെ ഉപയോഗിക്കാനും ആളുകളുണ്ടോ. എങ്ങനെയാണോ ഈ എല്ലും തോലുമൊക്കെ”.പോകുന്ന വഴി റൂം ബോയ് പതുക്കെ പറഞ്ഞു ചിരിച്ചു.
അവൾ മുറിയിലെ ജനാലകൾ തുറന്നിട്ടു. കുറച്ചു നേരം പുറത്തേക്ക് നോക്കി നിന്നു. നഗരത്തിൽ തിരക്കുണ്ട്. ആളുകൾ പരക്കം പായുന്നു. റോഡിലൂടെ വണ്ടികളുടെ ബാഹുല്യം. എന്തോ ഒരു
ദുർഗന്ധം മൂക്കിലടിച്ചപ്പോൾ സുകന്യ കർട്ടൺ നീക്കിയിട്ടു. ഫാനിട്ട് കട്ടിലിൽ മലർന്നു കിടന്നു. വല്ലാത്തൊരു ആശ്വാസം അവൾക്ക് തോന്നി. ചെറിയൊരു ആലസ്യത്തിൽ പൊതിഞ്ഞൊരു മയക്കം അവളെ പൊതിഞ്ഞു.
“”സാർ… ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ ചതിക്കപ്പെട്ടതാണ്. എനിക്ക് ഒന്നും അറിയില്ല””. സുകന്യ കരഞ്ഞു പറഞ്ഞു.
“”അങ്ങനെയാണെങ്കിൽ കോടതിയുണ്ടല്ലോ. അവിടേ തെളിയിക്കാം. ഇപ്പൊ നടക്ക്””.ഒരു വനിതാ പോലീസുകാരി പറഞ്ഞു.
സുകന്യ തുളുമ്പുന്ന കണ്ണുകളോടെ തിരിഞ്ഞു രണ്ടാനമ്മയേ നോക്കി. അവർ ഒന്നും മനസ്സിലാകാതെ അവളെ നോക്കി നിന്നു. ഒരു പോലീസുകാരൻ അവരുടെ അടുത്തേക്ക് നടന്നു വന്നു.
“”സുകന്യ ജോലി ചെയ്തിരുന്ന എക്സ്പോർട്ടിങ് കമ്പനിയുടെ എംഡിയുടെ പരാതിയിലാണ് അറസ്റ്റ്. സാമ്പത്തിക തട്ടിപ്പാണ്.
അന്വേഷണത്തിൽ കഴമ്പുണ്ടെന്നു കണ്ടിട്ടാണ് അറസ്റ്റ്. ജാമ്യം എടുക്കാം. ഇപ്പൊ കൊണ്ട് പോവുകയാണ്””..ആ പോലീസുകാരൻ പറഞ്ഞു.
രണ്ടാനമ്മ സന്തോഷത്തോടെ ചുണ്ട് കോട്ടിയൊന്നു ചിരിച്ചു. അവളെ പുച്ഛത്തോടെ നോക്കി ക്രൂരമായൊരു ചിരി ചിരിച്ചു.
“”എംഡി അധിക ജോലിക്ക് കാശൊന്നും കൊടുക്കുന്നുണ്ടാവില്ല. അപ്പൊ അവളത് ഇങ്ങനെ ഈടാക്കി””.കൂടി നിന്ന ആളുകൾക്കിടയിൽ നിന്ന് ഒരാൾ അടക്കം പറഞ്ഞു ചിരിച്ചു.
കുനിഞ്ഞ ശിരസ്സുമായി സുകന്യ നടന്നു പോലീസ് ജീപ്പിൽ കയറി. നാട്ടുകാർ കൂക്കി വിളിച്ചു.
പെട്ടെന്ന് സുകന്യ ഞെട്ടിയെഴുന്നേറ്റു. “ഓർക്കേണ്ട എന്നു വെച്ചാലും ഇതിങ്ങനെ തികട്ടി വരുവാണല്ലോ”. അവൾ നിരാശയോടെ ഇരുന്നു പിറുപിറുത്തു.
അവൾ എഴുന്നേറ്റു തുണി സഞ്ചി തപ്പി നോക്കി. ഒരു തോർത്തു മുണ്ടുണ്ട്. കൂടെ മുഷിഞ്ഞു തുടങ്ങിയ ഒരു ചുരിദാറും.”ഒന്ന് കുളിക്കണം”.അവൾ തോർത്തും ചുരിദാറുമെടുത്തു കുളിമുറിയിലേക്ക് കയറി.
വലിയ കണ്ണാടിയിൽ തന്റെ രൂപം കണ്ട അവൾക്ക് സ്വയം അവജ്ഞ തോന്നി. സഹ തടവുകാരി കാമ പൂരണം നടത്തിയതിൽ ബാക്കിയായ മാറിടത്തിലെ ചുവന്ന വറുകൽ തെളിഞ്ഞു കാണപ്പെട്ടു.
“ഉരുകിയില്ലാതായതാണ് ഞാൻ. കണ്ണീരിലൂടെ ഒഴുകിയില്ലാതായത് ഈ ഓജ്ജസ്സും തേജസുമാണ്. രക്തവും മാംസവും മജ്ജയുമാണ്. ഈ പൊയ്ക്കോലം പോലെ ഞാൻ ആയതാണ്.
സുന്ദരിയായിരുന്നു. മിനുപ്പുണ്ടായിരുന്നു. ആ മിനുപ്പ് കൊതിച്ചതാണ് ആ പിശാച്. അവന് വഴങ്ങാതായപ്പോൾ കേറിപ്പിടിച്ചു. പുറത്തു പറയും എന്ന ഭയത്താൽ വ്യാജ രേഖകൾ ചമച്ചു ആ പിശാച് എന്നെ കുടുക്കി”.
ഷവറിൽ നിന്നുള്ള തണുത്ത വെളളം ദേഹത്ത് വീണപ്പോൾ ശരീരം മാത്രമല്ല കുളിർത്തത്. പൊള്ളുന്ന ഓർമ്മകളും നനഞ്ഞു കെട്ടടങ്ങി.
കുളി കഴിഞ്ഞു വസ്ത്രം മാറി പുറത്തിറങ്ങിയപ്പോൾ വാതിലിൽ മുട്ട് കേട്ടു. അവൾ വാതിൽ തുറന്നു. റൂം ബോയിയും ഒരു മധ്യവയസ്കനും അകത്തേക്ക് കയറി വന്നു.
“”നിങ്ങൾ വേഗം റൂം വെക്കേറ്റ് ചെയ്തു പോണം മാഡം. ജയിൽ പുള്ളികൾക്ക് ഞങ്ങൾ റൂം കൊടുക്കാറില്ല””.അയാൾ കുറച്ചു അമർഷത്തോടെ പറഞ്ഞു.
പെട്ടെന്നു ഇത് കേട്ട സുകന്യ ഞെട്ടി. അവൾ അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി. “ഞാൻ കുറ്റവാളിയല്ല. ചെയ്യാത്ത കുറ്റത്തിനാണ് ഞാൻ ജയിലിൽ പോയത്. എനിക്ക് വേണ്ടി വാദിക്കാൻ ആരുമില്ല”.
എന്നൊക്കെയുള്ള ചിന്തകൾ അവളുടെ ഉള്ളിൽ നിന്നു വാക്കുകളായി പുറത്ത് ചാടാൻ വെമ്പിയെങ്കിലും അവൾ നിയന്ത്രിച്ചു നിർത്തി. “അതിവിടെ പറഞ്ഞിട്ടെന്തു കാര്യം?.
അല്ലെങ്കിൽ പറയേണ്ട കാര്യമെന്ത്?. ഞാൻ ആരുടെയൊക്കെ മുമ്പിൽ എന്നെ തുറന്നു കാണിക്കണം?”. സുകന്യയുടെ മനസ്സ് ചോദ്യങ്ങളാൽ കലുഷിതമായി.
“”മാഡം.. എനിക്ക് നിങ്ങളെ മനസ്സിലായി. ദയവ് ചെയ്ത് വേഗം ഇറങ്ങി പോണം.” അയാൾ അവൾ കൊടുത്ത റൂമിന്റെ വാടക അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“”എന്റെ പേരിൽ ഇപ്പൊ കുറ്റമില്ല. ചെയ്യാത്ത കുറ്റമെങ്കിലും ശിക്ഷ കഴിഞ്ഞിറങ്ങിയതാണ് ഞാൻ””.അവൾ മെല്ലെ പറഞ്ഞു.
“”ശരിയായിരിക്കാം. ബുദ്ധിമുട്ടാൻ വയ്യ മാഡം. നിങ്ങൾ ഇറങ്ങണം””.അയാൾ സ്വരം കടുപ്പിച്ചു.
കടുത്ത നിരാശ അവളെ പൊതിഞ്ഞു. തന്റെ ഇനിയുള്ള ഭാവി ഇനിയിങ്ങനെയാവും എന്നവൾ ഭയന്നു. ആ തോന്നലിൽ നിന്നുടലെടുത്ത അപകർഷതാ ബോധം അവളിൽ ഒരു പുച്ഛ ഭാവം സൃഷ്ടിച്ചു.
അവൾക്ക് കാർക്കിച്ചു തുപ്പാനാണ് തോന്നിയത്. അവളവിടെ ആഞ്ഞു കാറി തുപ്പി… “” ക്ക്രാ…. തൂ””… അവരുടെ ഹൃദയത്തിലേക്ക് തെറിച്ചു വീണ ആ തുപ്പൽ ദുർഗന്ധം വമിപ്പിക്കുന്നതായി അവർക്ക് തോന്നി. ആ ഞെട്ടൽ അവൾ ആസ്വദിച്ചു.
അവൾ ഒന്നും മിണ്ടാതെ തുണി സഞ്ചിയും ചുരുട്ടി പിടിച്ചു പുറത്തേക്ക് നടന്നു. വീണ്ടും അലക്ഷ്യമായ, അലസമായ മുഖ ഭാവത്തോടെ അവൾ റോഡിലേക്കിറങ്ങി പതുക്കെ നടന്നു.
നേരം വൈകുന്നേരത്തെ പുൽകാൻ തുടങ്ങിയിരിക്കുന്നു. “എങ്ങോട്ടാണ് ഞാൻ പോകുന്നത്?.
ഒരു അഭയകേന്ദ്രം എവിടെ?”.ചോദ്യങ്ങൾ ഉള്ളിൽ കിടന്നു നീറി പുകഞ്ഞു. അതിനൊപ്പം അവളുടെ കാലടികളുടെ വേഗതയും കുറഞ്ഞു കൊണ്ടിരുന്നു. “എനിക്ക് ജീവിക്കണം… പക്ഷേ എങ്ങനെ”.അവൾ അകമേ പറഞ്ഞു കൊണ്ടു നടന്നു.
“സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്”.ഒരു തുണി കടയുടെ മുന്നിലെ ഗ്ലാസിൽ പതിപ്പിച്ച ഇങ്ങനെ ഒരു ബോർഡിൽ സുകന്യയുടെ കണ്ണുകൾ ഉടക്കി. അവൾ ആ കടയുടെ മുന്നിൽ ചെന്നു കുറച്ചു നേരം നോക്കി നിന്നു.
സുന്ദരികളായ പെൺകുട്ടികൾ ഒരേ നിറത്തിലുള്ള സാരികളുടുത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ചിരിക്കുന്നു. ആളുകളോട് ചിരിച്ചു സംസാരിക്കുന്നു. മടിച്ചു മടിച്ചു അവൾ അകത്ത് കയറി.
“”സാർ.. ഇവിടെ സെയിൽസിന് ആളെ വേണോ””. അവൾ പതുക്കെ ചോദിച്ചു.കടമുതലാളി തന്റെ വലിയ വയറും താങ്ങി പിടിച്ചു എഴുന്നേറ്റു അവളെ നഖശിഖാന്തം ഒന്നു നോക്കി.
“”നിങ്ങളാണോ കക്ഷി?…പേരെന്താ? വീട് എവിടെയാ. മുമ്പ് എന്ത് ചെയ്തിരുന്നു””. എന്തോ ആർത്തി പൂണ്ട പോലെ ചോദിച്ചു കൊണ്ടേയിരുന്നു.
“”അതേ. പേര് സുകന്യ. വീട് കുറച്ചു ദൂരെയാ. മുമ്പ് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. ആ ജോലി പോയി. എനിക്ക് പിജിയുണ്ട് സാർ””.
“”നിങ്ങടെ നമ്പർ തരൂ. ഞാൻ വിളിക്കാം. ഒന്നാലോചിക്കട്ടെ””…””എനിക്ക് ഫോൺ ഇല്ല സാർ. ഇവിടുത്തെ നമ്പർ തരുമോ?.ഞാൻ വിളിച്ചോളാം””.
അയാൾ അത്ഭുതം കൂറി. “ഒരു മൊബൈൽ പോലുമില്ലാത്ത ഒരു പെൺകുട്ടിയോ ഈ കാലത്ത്”.അയാൾ ഓർത്തു. എന്ത് കൊണ്ടോ അയാൾ അത് ചോദിച്ചില്ല. അയാൾ വിസിറ്റിംഗ് കാർഡെടുത്ത് കൊടുത്തു.
“”വളരേ ഉപകാരം സാർ””…സുകന്യ ചിരിച്ചു കൊണ്ട് ഇറങ്ങി നടന്നു.””മുതലാളി ഇത് എന്തറിഞ്ഞിട്ടാ.. ഞാൻ എല്ലാം കേട്ടു. ആ പെണ്ണ് ജയിലിൽ ആയിരുന്നു. ടീവിയിൽ ഒക്കെ വന്നിരുന്നല്ലോ””. ഒരു സെയിൽസ് ഗേൾ പെട്ടെന്ന് ഓടി വന്നു അയാളോട് വികാരഭരിതയായി കൊണ്ട് പറഞ്ഞു.
അയാളുടെ മുഖം മാറി. “”എന്തിന്. എന്തിനാ ജയിലിൽ പോയത്””..അയാൾ പരിഭ്രാമത്തോടെ ചോദിച്ചു.
“”സാമ്പത്തിക തട്ടിപ്പ്. ക്യാപിറ്റൽ എക്സ്പോർട്ടിങ് കമ്പനിയിൽ മാനേജർ ആയിരുന്നു. ലക്ഷങ്ങൾ തട്ടിയില്ലേ കള്ളി. അവിടുത്തെ എംഡിയുടെ അടുപ്പകാരിയായിരുന്നു എന്നൊക്കെയാ ചാനലുകളിലൊക്കെ വന്നത് “”. ആ സെയിൽസ് ഗേൾ പറഞ്ഞു.
“”എന്നിട്ടും പാവം പോലെ നടക്കുന്നത് കണ്ടില്ലേ. പെരുങ്കള്ളി””. സെയിൽസ് ഗേൾ വെറുപ്പോടെ കൂട്ടി ചേർത്തു.
അയാൾ കണ്ണ് മിഴിച്ചു ഒന്നും മിണ്ടാതെ എഴുന്നേറ്റു. വേഗത്തിൽ പുറത്തേക്ക് നടന്നു. സെയിൽസ് ഗേൾ ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു.
“”ഏയ്.. കുട്ടീ.. ഒന്നവിടെ നിന്നേ””…പുറകിൽ നിന്നൊരു കൈ കൊട്ടും വിളിയും കേട്ട് സുകന്യ തിരിഞ്ഞു നോക്കി.
നേരത്തേ കണ്ട ആ മുതലാളി വേഗത്തിൽ നടന്നു വരുന്നത് കണ്ട അവൾ റോഡിന്റെ അരികിലേക്ക് മാറി നിന്നു. അവൾ ചിരിച്ചു കൊണ്ട് അയാളെ നോക്കി.
“”അതേയ്…ഞാൻ എല്ലാം അറിഞ്ഞു. ആ കാർഡ് ഇങ്ങ് തന്നോളൂ. ജയിൽ പുള്ളികൾക്ക് ജോലി കൊടുക്കലല്ല എന്റെ പണി””. അയാൾ അരിശത്തോടെ പറഞ്ഞു.
അവൾ മരം പോലെ കുറച്ചു നിമിഷങ്ങൾ നിന്നു. നിസ്സഹായതയും അസഹനീയതും നൈരാശ്യവും കൂടി കലരുമ്പോൾ ഉണ്ടാകുന്ന ഒരു വികാരം അവളുടെ മുഖത്തെ അലങ്കരിച്ചു. അവസാന പിടിവള്ളി കണക്കേ ഒരിക്കൽ കൂടി അവൾ പറഞ്ഞു.
“”സാർ..ഞാനിപ്പോ കുറ്റവാളിയല്ല. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതാണ്. എന്തിനീ മുദ്ര വീണ്ടും പതിപ്പിച്ചു തരുന്നു””.
””എനിക്കതൊന്നും അറിയില്ല കുട്ടീ. ബുദ്ധിമുട്ടാൻ വയ്യ. നാലാളറിഞ്ഞാൽ എന്റെ ഇടപാടുകൾ കുഴയും””. അയാൾ പതുക്കേ പറഞ്ഞു.
തിരിഞ്ഞു പോകാൻ നിന്ന അവളെ അയാൾ ഒന്നു കൂടി വിളിച്ചു. തലക്ക് പുറകിൽ ഉഴിഞ്ഞു കൊണ്ട് ഒരു ശൃംഗാര ചിരി ചിരിച്ചു
“”എനിക്കൊരു വീട് കൂടിയുണ്ട് കുറച്ചു ദൂരേ. നോക്കാനൊന്നും ആളില്ല. അവിടേ കൂടുന്നോ. ഈ തടിയൊക്കെ ഒന്ന് നന്നാക്കിയെടുക്കാം.”” അയാൾ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു. ””ഞാൻ ഇടക്ക് വന്നു കണ്ടോളാം””. അയാൾ സുകന്യയെ അടിമുടി കണ്ണുകളാൽ ഉഴിഞ്ഞു.
അവൾ ജ്വാല പറക്കുന്ന കണ്ണുകളോടെ അയാളെ നോക്കി. ആ ഭാവമാറ്റം കണ്ട അയാൾ പരുങ്ങി. അവൾ വീണ്ടും കാറി തുപ്പി.””ക്ക്രാ…. തൂ'”
ആ തുപ്പൽ കപട സദാചാരത്തിൽ കിടന്നു നാറി. എന്തെങ്കിലും പറയാൻ അവൾക്ക് ഇടക്കൊടുക്കും മുമ്പ് രണ്ടടി പിറക്കോട്ടു മാറി പെട്ടെന്ന് ജനങ്ങൾക്കിടയിൽ മറഞ്ഞു.
“ചോര കുടിക്കുന്ന ഈ ജന്തുകളുടെ ഇടയിൽ എങ്ങനെ ജീവിക്കും”..അവൾ വീണ്ടും അറപ്പോടെ കാർക്കിച്ചു തുപ്പി. “”തൂ””
റോഡിലൂടെ രാത്രി ഏറെ വൈകിയും അലഞ്ഞു തിരിഞ്ഞു നടന്ന അവളെ പല ആണുങ്ങളും സമീപിച്ചു. “”തൂ””..എന്നു കാർക്കിച്ചു തുപ്പി ആണുങ്ങളെ അവൾ ആട്ടിയകറ്റി. എല്ലാ പ്രതിഷേധവും ആ തുപ്പലിൽ അവൾ ഒതുക്കി.
ആയിരം വാക്കുകളുടെ മേനിയുള്ള ആ തുപ്പൽ ആണുങ്ങളുടെ അഭിമാനത്തിൽ വീണു ദുർഗന്ധം വമിപ്പിച്ചു. ആ നാറ്റം സഹിക്കാൻ ആവാതെ ആണുങ്ങൾ ഒഴിഞ്ഞു മാറി നിന്നു പിറുപിറുത്തു.
”ഈ എല്ലും തോലും കടിച്ചു പറിക്കാനും ആളുകളുണ്ടോ.കഷ്ടം”.. അവളും ഇങ്ങനെ പിറു പിറുത്തു. ക്ഷീണിച്ച അവൾ ഒരു സിമന്റ് ബെഞ്ചിൽ കിടന്നുറങ്ങി പോയി.
“”ഹേയ്..എഴുന്നേൽക്ക് “”. ഒരു സ്ത്രീ ശബ്ദം കേട്ട അവൾ ഞെട്ടിയുണർന്നു. അവൾ എഴുന്നേറ്റിരുന്നു. അരണ്ട തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ സുകന്യ ആ സ്ത്രീയേ നോക്കി. തടിച്ച് നാല്പത് വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്നൊരു സ്ത്രീ.
“”പുതിയ ആളാണോ?.. ഇങ്ങനെ കിടന്നാൽ എങ്ങനാ. റോഡിൽ ഇറങ്ങി നിന്നൂടെ. ആളെ കിട്ടും””. ആ സ്ത്രീ പറഞ്ഞു.
””തൂ””…നാണമില്ലേ സ്ത്രീയേ നിങ്ങൾക്ക്. എന്റെ അമ്മയുടെ പ്രായം കാണുമല്ലോ””. സുകന്യ പിറുപിറുത്തു.
അവർ ചിരിച്ചു. “”ഞാനും നിന്റെ പ്രായത്തിൽ ഇങ്ങനെയായിരുന്നു.”” അവർ പറഞ്ഞു.
സുകന്യ ഒന്നും മിണ്ടാതെ എഴുന്നേറ്റു നടന്നു. ഒരു നിമിഷം എന്തോ ആലോചിച്ച ആ സ്ത്രീ വേഗം അവളുടെ പിറകേ നടന്നെത്തി. രാത്രി പട്രോളിംഗിനിറങ്ങിയ ഒരു പോലീസ് ജീപ്പ് ശബ്ദമുണ്ടാക്കി
അവരുടെ അടുത്ത് ബ്രേക്ക് ചവിട്ടി നിർത്തി. ആ സ്ത്രീ വേഗം അവളെ അവർക്ക് പിന്നിൽ ഒളിപ്പിച്ചു. പക്ഷെ അവൾ മുന്നിലേക്ക് നീങ്ങി നിന്നു.
””വീട്ടിൽ പോവാൻ ആയില്ലെടീ”‘.ജീപ്പിൽ നിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു.””ക്ക്രാ… തൂ””…സുകന്യ ജീപ്പിനടുത്തേക്ക് ആഞ്ഞു തുപ്പി. ഒരു പോലീസുകാരൻ തലയിട്ടു നോക്കി. അവളും തുറുപ്പിച്ചു നോക്കി. ആ സ്ത്രീ ആകെ വൈക്ലബ്യം പൂണ്ടു.
“”പോവാണ് സാർ”‘. ആ സ്ത്രീ വേഗം മറുപടി പറഞ്ഞു. ജീപ്പ് മുരണ്ടു കൊണ്ട് വീണ്ടും പാഞ്ഞു.
സുകന്യ മുന്നോട്ടു നടന്നു. ആ സ്ത്രീ അവളെ അത്ഭുതാദരങ്ങളോടെ കുറച്ചു നിമിഷം നോക്കി നിന്നു. “ആയിരം വാക്കുകളേക്കാൾ വിലയുണ്ടല്ലോ ഈ പെണ്ണിന്റെ ഒരു കാറി തുപ്പലിന്”. അവർ സ്വയം പറഞ്ഞു. ആ സ്ത്രീ വേഗത്തിൽ നടന്നു അവളുടെ ഒപ്പമെത്തി.
””നിന്നെ കുറിച്ച് പറയാമോ?എന്നോട് വിരോധമില്ലെങ്കിൽ. ഈ തൊഴിലിനു അല്ലെന്ന് മനസ്സിലായി. പിന്നെ?. സ്ത്രീ ചോദിച്ചു.””സഹതപിക്കാനാണോ?'”. സുകന്യ ചോദിച്ചു.
അവർ ചിരിച്ചു. ””എന്തിന്. നീ സഹതാപം അർഹിക്കുന്നില്ലല്ലോ. നീ ശക്തയായ പെണ്ണല്ലേ. അത് വെറുമൊരു തുപ്പലല്ല. ചിലരുടെയൊക്കെ കപട
ആത്മാഭിമാനത്തിന് പുറത്തല്ലേ തുപ്പി നാറ്റിച്ചത്. കഴിവുള്ള സ്ത്രീകൾക്കേ ഇങ്ങനെയൊക്കെ കഴിയൂ””. സ്ത്രീ പറഞ്ഞു.
സുകന്യയിൽ വല്ലാത്തൊരു ഊർജ്ജം വന്നു നിറഞ്ഞു. ആദ്യമായി കിട്ടിയ അംഗീകാരം. അതും ഒരു തെരുവ് വേശ്യയിൽ നിന്ന്. അവൾ മനസ്സ് തുറന്നു ചിരിച്ചു. ആത്മാഭിമാനത്തോടെ ഉള്ള് തുറന്ന ചിരി..
എല്ലാ കഥകളും സുകന്യ അവരോട് പറഞ്ഞു. “”അവന് വഴങ്ങി കൊടുക്കണം ഞാൻ. ഇങ്ങനെയൊന്നും ആയിരുന്നില്ല ഞാൻ. അതി സുന്ദരിയായിരുന്നു.
മിനുപ്പും കൊഴുപ്പുമുണ്ടായിരുന്നു. കാര്യം കാണാൻ അയാൾ എന്നോട് സ്നേഹം നടിച്ചു. കാമ പൂർത്തീകരണത്തിനായുള്ള ആണിന്റെ ഏതറ്റം വരേയുമുള്ള പോക്ക് ഞാൻ അയാളിൽ കണ്ടു.
എന്നോട് കെഞ്ചി.യാചിച്ചു. അവസാനം ഭീഷണിപ്പെടുത്തി. ഞാൻ വഴങ്ങിയില്ല””. സുകന്യയുടെ ശബ്ദം ഇടറി. അവൾ വിതുമ്പി
””എനിക്കൊരു പത്ര സമ്മേളനം വിളിച്ചു കൂട്ടി എല്ലാം വിളിച്ചു പറയാം. ആ ചെകുത്താൻ എംഡിയേ അപമാനിക്കാം. കയ്യിൽ തെളിവുകളില്ലാത്ത എനിക്കിനി അതേ പറ്റൂ.. പക്ഷെ…
എനിക്ക് പിന്നെ സ്വൈര്യമായി ജീവിക്കാൻ ആവില്ല.
അയാളെ പേടിയില്ല. പക്ഷെ മാറാത്ത വ്യവസ്ഥിതിയേ ഭയക്കുന്നു””.സുകന്യ പറഞ്ഞു നിർത്തി.
ആ സ്ത്രീ സുകന്യയേ ചേർത്തു പിടിച്ചു. ആദ്യമായൊരു സ്നേഹാലിംഗനം അവൾ അറിഞ്ഞു. ഒരു കച്ചിതുരുമ്പ് കിട്ടിയ പോലെ അവൾക്ക് തോന്നി. അവൾ സ്വയം മറന്നു അലിഞ്ഞു ചേർന്നു. കണ്ണീർ പൂക്കൾ പൊടിഞ്ഞു. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
””ജയിലിൽ കിടന്ന സ്ത്രീക്ക് രക്ഷയില്ലേ ഈ ലോകത്ത്. അവൾക്ക് ഭാവി ഇരുളടഞ്ഞതാണോ. പിഴച്ചവൾ എന്ന പേര് മാത്രമാണോ ബാക്കി. ശരീരം വിൽക്കാതെ എനിക്കിനി ജീവിക്കാനാവില്ലേ.. പറയ് ചേച്ചി””. അവൾ സ്വയം മറന്നു പൊട്ടി കരഞ്ഞു
“”മോളെ..മോള് കരയരുത്. പൊയ്ക്കോ. ദൂരേ എവിടെയെങ്കിലും പോയി അന്തസായി ജീവിക്ക്. നീ ജീവിക്കും. എനിക്കുറപ്പുണ്ട്. ജീവിക്കാൻ വേണ്ടി ഒരു പെണ്ണ് ഇറങ്ങി പുറപ്പെട്ടാൽ ആർക്കും അവളെ തടയാനാവില്ല””. ആ സ്ത്രീ പറഞ്ഞു.
സുകന്യ തിരിഞ്ഞു നടന്നു.””മോളെ””.. ആ സ്ത്രീ വീണ്ടും വിളിച്ചു. സുകന്യ നിന്നു. ആ സ്ത്രീ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു..””മോളെ ഒരിക്കലും മാംസം വിറ്റ് ജീവിക്കരുത്.
ഒരിക്കൽ ഒരാണിന്റെ മുമ്പിൽ തുണിയുരിഞ്ഞാൽ മരണം വരെ പിന്നെയൊരു മോചനമില്ല. നമ്മൾ ആഗ്രഹിച്ചാൽ പോലും അത് സാധിക്കില്ല. ആ പേര് സ്ഥായിയാകും.
ഒരിക്കൽ സുഖം തേടി വന്ന യോഗ്യന്മാർ തന്നെ തിരിഞ്ഞു കുത്തും””.. സ്ത്രീയുടെ കണ്ഠം ഇടറി. കണ്ണുകൾ ഈറനണിഞ്ഞു.
“”തെരുവ് വേശ്യ ഉപദേശിക്കേണ്ടത് അവർ തന്നെ ഉപദേശിക്കേണ്ടേ..ഈ കാര്യത്തിൽ എനിക്കല്ലാതെ ആർക്ക് ഉപദേശിക്കാൻ കഴിയും. നിസ്സാരമാക്കി തള്ളി കളയരുത്.””സ്ത്രീ പറഞ്ഞു. സുകന്യ അവരെ പൂണ്ടടക്കം ചുറ്റി പിടിച്ചു. അവർ അവളുടെ നെറുകിൽ തലോടി.
“”ഇനി പൊയ്ക്കോ. ഇപ്പൊ ഒരു തീവണ്ടിയുണ്ട് വടക്കോട്ട്…..പിന്നെ….ഇനിയും ഈ വ്യവസ്ഥിതിയുടെ മുഖത്ത് നീ കാർക്കിച്ചു തുപ്പണം””.ആ സ്ത്രീ പറഞ്ഞു.
കൂക്കി പായുന്ന തീവണ്ടിയിൽ സുകന്യ അന്ന് മനം വിട്ടുറങ്ങി. എഴുന്നേൽക്കുമ്പോൾ പുതിയൊരു പുലരി കണി കാണുമെന്നു അവൾക്കുറപ്പായിരുന്നു.…..ശുഭം….നന്ദി…