ഒറ്റ തല്ലിന് ഭാര്യയെ കൊന്ന ക്രൂരനായ ഭർത്താവിനെ പറ്റിയാകും അടുത്ത ഫ്ലാഷ് ന്യൂസ്‌.

#ഡ്രാമ.
രചന: Navas Amandoor

പെട്ടന്ന് വന്ന ദേഷ്യത്തിൽ തല്ലിപ്പോയി.പക്ഷെ ഒറ്റ തല്ല് കൊണ്ട് ഒരാൾ മരിച്ചു പോകുമോ…?

ചുണ്ടിൽ കട്ട പിടിച്ച ചോരയുമായി കിടക്കുന്ന മീനുവിനെ കണ്ടപ്പോൾ സച്ചി പേടിച്ചു.

ബെഡിലും ചോരയുടെ നനവ് കൂടി കണ്ടപ്പോൾ കണ്ണിൽ ഇരുട്ട് കയറിത്തുടങ്ങി.

പലവട്ടം കുലുക്കി വിളിച്ചിട്ടും മുഖത്ത് വെള്ളം കുടഞ്ഞിട്ടും അനക്കമില്ലാത്തത് കൊണ്ട് മീനു മരിച്ചെന്നു സച്ചിക്ക് തോന്നി.

അപ്പോഴത്തെ മാനസികാവസ്ഥയിൽ പൾസുണ്ടോ.. ശ്വാസമുണ്ടോ എന്നൊന്നും നോക്കാതെ അവൻ മീനുവിന്റെ മരണം ഉറപ്പിച്ചു.

പേടിയും സങ്കടവും മനസ്സിനെ ചിന്തിക്കാൻ വിട്ടില്ല.അടുത്ത നിമിഷം മുതൽ നാടും നാട്ടുകാരും വീട്ടുകാരും ലോകം മുഴുവനും അവനെ വിചാരണ ചെയ്യും.

ഒറ്റ തല്ലിന് ഭാര്യയെ കൊന്ന ക്രൂരനായ ഭർത്താവിനെ പറ്റിയാകും അടുത്ത ഫ്ലാഷ് ന്യൂസ്‌.പോലിസ്….കോടതി..ജയിൽ..

അതിന്റെ ഇടയിലെ ഓരോ നിമിഷവും പകർത്തി വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ക്യാമറക്കണ്ണുകൾ.

ഓർക്കുമ്പോൾ തല പെരുക്കുന്നു.ആരെങ്കിലും അറിയും മുൻപേ മീനുവിന്റെ ഒപ്പം പോകണം.

ഭാര്യയെ ഒരുപാട് സ്‌നേഹിക്കുന്ന ഭർത്താവിന് എങ്ങനെയാണ് അവളെ കൊന്ന കുറ്റത്തിന് തല കുനിച്ചു പൊതുജന മധ്യത്തിൽ നിൽക്കാൻ കഴിയുക.സച്ചി ഒരു പേപ്പർ എടുത്തു എഴുതാൻ തുടങ്ങി.

“എന്റെ അവിവേകം.. കൊല്ലണമെന്ന് കരുതി ചെയ്തതല്ല.. ദേഷ്യത്തിൽ അടിച്ചു പോയി.. ആ അടിയിൽ അവൾ മരിച്ചു. എനിക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു.. എന്നോട് ക്ഷമിക്കണം ”

വിറക്കുന്ന കൈ കൊണ്ട് എഴുതുമ്പോൾ കണ്ണുകൾ നിറഞ്ഞൊലിച്ചു.അനക്കമില്ലാതെ ചോര ഒലിപ്പിച്ചു കിടക്കുന്ന മീനുവിനെ ഒന്നൂടെ നോക്കി.

സച്ചി ലുങ്കി കൊണ്ട് ഒരു കുടുക്ക് ഉണ്ടാക്കി ഫാനിൽ കെട്ടി…..”ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ചെയ്യും…””നിനക്ക് നിന്റെ ഇഷ്ടം പോലെ ചെയ്യണങ്കിൽ ഒറ്റക്ക് ജീവിക്കേണ്ടി വരും.”

പറഞ്ഞു തീരും മുൻപേ മീനുവിന്റെ കവിളിൽ സച്ചിയുടെ കൈ പതിഞ്ഞു.നല്ല ദേഷ്യത്തിൽ ആയത് കൊണ്ട് അടിയുടെ ശക്തി കൂടി. അടിയുടെ ആഘാതത്തിൽ പെട്ടെന്ന് അവൾ മറിഞ്ഞു ബെഡിൽ വീണു.

അവൾ മറിഞ്ഞു വീണത് കണ്ടിട്ടും സച്ചി കാണാത്തത് പോലെ ആഞ്ഞ് നിലത്ത് ചവിട്ടി പുറത്തിറങ്ങി പോയി.

“സ്വർണ്ണം ആവശ്യത്തിന് വേണ്ടപ്പെട്ടവർക്ക് പണയം വെക്കാൻ കൊടുക്കുന്നതിൽ തെറ്റില്ല .. പക്ഷെ അത് ഭർത്താവായ ഞാൻ അറിയാതെ ചെയ്താൽ തെറ്റല്ലേ.”

“ചേട്ടാ.. ഇയാള് സമ്മതിക്കില്ലാന്ന് കരുതി.. അതോണ്ടാ.. ആതിര ചോദിച്ചപ്പോൾ കൊടുത്തു പോയി.. ഇന്നോ നാളെയോ അവൾ അത് കൊണ്ട് തരും.സോറി.”

“എല്ലാം കഴിഞ്ഞിട്ട്.. ഒരു സോറി..”അങ്ങനെ തുടങ്ങിയ വാക്പോര് തല്ലിലാണ് അവസാനിച്ചത്.

തല്ല് കൊണ്ട് വീണ മീനു സച്ചി പോയപ്പോൾ കട്ടിലിൽ നിന്നും എണീറ്റ് കണ്ണാടിയിൽ നോക്കി. കവിളിൽ വിരലുകളുടെ പാട്.

“ദുഷ്ടൻ… എന്തൊരു അടിയാണ്.. നല്ലൊരു പണി കൊടുക്കണം.”അവൾ കണ്ണാടിയിൽ നോക്കി ചെറുതായിട്ട് പുഞ്ചിരിച്ചു.മുൻപ് എപ്പോഴോ കണ്ടതോ വായിച്ചതോ ആയ ഒരു ഡ്രാമ മനസ്സിൽ പ്ലാൻ ചെയ്തു.

ആദ്യം ചുമപ്പ് കളർ പെയിന്റ് എടുത്തു. കുറച്ചു ചുണ്ടിൽ തേച്ചു.കുറച്ചു ബെഡിൽ ചോര ഒഴുകി ഒലിച്ചപോലെ ഒഴിച്ചു.

ഇനി വിളിച്ചാലും കുലുക്കിയാലും വെള്ളം തളിച്ചാലും കണ്ണ് തുറക്കാതെ കിടക്കണം.അതിന് എന്ത്‌ വേണെമെന്ന് ചിന്തിച്ചപ്പോഴാണ് മുൻപ് ഡോക്ടർ എഴുതിയ ഉറക്കഗുളിക ഓർമ്മ വന്നത്.

ഒരിക്കലേ മീനു ആ ഗുളിക കഴിച്ചിട്ടുള്ളു. അന്ന് വെള്ളം തളിച്ചിട്ടും വിളിച്ചിട്ടും കുലുക്കി വിളിച്ചിട്ടും ഉണരാതെ കണ്ണ് തുറക്കാതെ കിടന്ന മീനു സച്ചിയെ പേടിപ്പിച്ചു. അതുകൊണ്ട് ഇനി ഈ ഗുളിക കഴിക്കണ്ടെന്ന് സച്ചി പറഞ്ഞതിന് ശേഷം ഗുളിക കഴിച്ചിട്ടില്ല.

അവൾ അലമാരയിൽ നിന്ന് ഉറക്കഗുളികയിൽ നിന്നും ഒരെണ്ണം എടുത്തു.

“സച്ചി വരുന്നതിന് മുൻപ് ഇത് ഒരെണ്ണം കഴിച്ചു അങ്ങനെ കിടക്കാ.. വിളിച്ചിട്ട് എണീക്കാതെ ആകുമ്പോൾ പേടിച്ചോളും..മരിച്ചൂന്ന് കരുതിക്കോളും..”

മീനു ഒരു ഗുളിക എടുത്തു വായിൽ ഇട്ട് വെള്ളം കുടിച്ചു.കട്ടിലിൽ കിടന്നു.പെട്ടെന്ന് തന്നെ മയക്കത്തിലായി.ഉറക്കഗുളികയുടെ മയക്കത്തിൽ ആയതിനാൽ മീനു ഒന്നും അറിഞ്ഞില്ല.

സച്ചി വന്നതും…സങ്കടവും വിഷമവും പേടിയും കൊണ്ട് തിളച്ചു മറിഞ്ഞ മനസ്സുമായി അവളുടെ അടുത്ത് ഇരുന്നത്.

പിന്നെ മീനു മരിച്ചെന്നു കരുതി സച്ചി ഫാനിൽ കെട്ടി തൂങ്ങിയതും കഴുത്തിൽ കുരുക്ക് മുറുകുമ്പോ ശ്വാസം കിട്ടാതെ പിടഞ്ഞതും കണ്ണുകൾ തുറിച്ചു കൈ വിരലുകളിലെ നഖം കൊണ്ട് തുടയിൽ മാന്തിയതും അവസാനം പിടഞ്ഞു പിടഞ്ഞു ജീവൻ പോയതും അവൾ അറിഞ്ഞിട്ടില്ല.

അവൾ മയക്കത്തിൽ നിന്നും ഉണർന്ന് കണ്ണുകൾ തുറക്കുമ്പോൾ അവൾ അറിയും അവൾ കാണും.. ജീവൻ പോയി ഫാനിൽ തൂങ്ങിയാടുന്ന സച്ചിയെ…

 

Leave a Reply

Your email address will not be published. Required fields are marked *