താൻ ഇവിടെ വന്നാൽ അമ്മയ്ക്ക് ഒരു ആശ്രയം ആകുമല്ലോ അല്ലേ . അമ്മ ഒരു പാവം ആണ്. തന്റെ അമ്മേ പോലെ ഒക്കെ തന്നെയാ ഏതാണ്ട്

പുതുവഴിയിലെ സഹയാത്രികർ
(രചന: പുഷ്യ)

“”അതേ അവർക്ക് ഇഷ്ടമായ സ്ഥിതിക്ക് ഇനി ഇപ്പോൾ നമുക്ക് ഇതുമായി മുന്നോട്ട് പോകാമല്ലോ “” ഋധിമയും രോഹിത്തും സമ്മതം അറിയിച്ചപ്പോൾ ബാക്കി വിവാഹകാര്യങ്ങളിലേക്കുള്ള ചർച്ച തുടങ്ങി മുതിർന്നവർ.

ഒരു അറേഞ്ച് മാര്യേജിന്റ പരിധിയിൽ നിന്നുള്ള പരിചയപ്പെടലിൽ സമ്മതം മൂളിയെങ്കിലും അവിടെനിന്ന് ഇറങ്ങുമ്പോൾ ഇരുവരുടെയും മനസ്സിൽ ആശങ്കകൾ ഉണ്ടായിരുന്നു.

എന്നിരുന്നാലും കുറച്ചു ദിവസങ്ങൾകൊണ്ട് തന്നെ ഫോണിലൂടെയും ചെറിയ കൂടിക്കാഴ്ചകളിലൂടെയും അവർ വേഗം തന്നെ അടുത്തു.

വിവാഹസ്വപ്നങ്ങൾ പങ്കുവയ്ക്കുന്ന പ്രണയിതാക്കൾ ഇണങ്ങിയും പിണങ്ങിയും അഭിപ്രായങ്ങൾ പങ്കുവെച്ചും പുതുജീവിതത്തെ സ്വീകരിക്കാൻ തയ്യാറെടുത്തുകൊണ്ടിരുന്നു.

“” അമ്മേ ഇന്നെന്താ കഴിക്കാൻ “” രോഹിത് രാവിലെ അടുക്കളയിൽ തിരക്കൊഴിയാതെ നിൽക്കുന്ന അമ്മയുടെ തോളിൽ കയ്യിട്ട് അടുപ്പിൽ തിളച്ചുകൊണ്ടിരിക്കുന്ന വിഭവം എന്താണെന്ന് എത്തിനോക്കിക്കൊണ്ട് ചോദിച്ചു.

“” അപ്പവും ഗ്രീൻപീസ് കറിയുമാ മോനേ. കറി വെന്തു വരുന്നതേയുള്ളു. ഒരു പത്തു മിനുട്ട് നിക്ക്.

“” ഹാ ഇപ്പോൾ തന്നെ വിശന്നു വലഞ്ഞു. എത്ര നേരാ അമ്മേ ഇത് “” രോഹിത് പരിഭവം പറഞ്ഞു.

“” നിനക്ക് വിശക്കുന്നു എന്ന് പറഞ്ഞു കിടന്നു ബഹളം വച്ചാൽ മതി. വെളുപ്പിനെ മുതൽ ഞാനീ വയ്യാത്ത നടുവും വച്ചു ഈ നിൽപ്പ് തുടങ്ങിയതാ അടുക്കളയിൽ. നിന്റെ ചേച്ചി ഉണ്ടായിരുന്നപ്പോ ഒരു കൈസഹായം ഉണ്ടായിരുന്നു.

അവള് പോയേ പിന്നെ ഞാൻ ഒറ്റയ്ക്കു കിടന്ന് കഷ്ടപ്പെടുവാ. നിന്റെ അനിയത്തി ഉണ്ടല്ലോ ഒരെണ്ണം. ഇളയതാന്ന് പറഞ്ഞു കുറച്ചൂടെ കൊഞ്ചിച്ചോ.

ഒരു സഹായത്തിനു വിളിച്ചാ അപ്പൊ എടുക്കും ബുക്ക്‌. അത്രനേരം ഇല്ലാത്ത പഠിത്തമാ പെണ്ണിന്. ഹാ ഞാനൊരുത്തി ഉണ്ടല്ലോ ഇവിടെ “” അവർ പരിഭവം പറയുന്നതിനിടയിലും ജോലി തുടർന്നു.

“” അവള് കുഞ്ഞല്ലേ. പിന്നെ അവള് ബുക്കും വച്ചു ഇരിക്കുന്നേൽ അതിനുള്ള മാർക്കും മേടിക്കുന്നുണ്ടല്ലോ. ഇനി എങ്ങാനും പ്ലസ് ട്യൂവിൽ മാർക്ക്‌ കുറഞ്ഞാൽ ഈ പറയുന്ന അമ്മ തന്നെ അവളുടെ മെക്കിട്ട് കേറും.

പഠിക്കട്ടെന്നെ. നമ്മളായിട്ട് ശല്യം ചെയ്യണ്ട. അമ്മയ്ക്ക് എന്തേലും സഹായം വേണേൽ എന്നെ വിളിച്ചൂടെ.””രോഹിത് ചോദിച്ചു.

“” ഓ നീ ഇനി ഇവിടെ വന്നു മല മറിച്ചിടാൻ ഒന്നും നിൽക്കണ്ട. മൂന്നു മാസം കഴിയുമ്പോ നിന്റെ പെണ്ണ് വരുമല്ലോ.

അത്ര നാള് കൂടി ഇങ്ങനെ ഒറ്റയ്ക്കു പണിയെടുത്തു തളർന്നാ മതിയല്ലോ. ഇങ്ങനെ ഇവിടെ കിടന്നു വച്ചുണ്ടാക്കുമ്പോഴാ നിന്റെ കല്യാണം ഒന്ന് വേഗം കഴിഞ്ഞാൽ മതി എന്ന് തോന്നുന്നത്…

നീ ചെന്ന് ഇരിക്ക്. ആ പെണ്ണിനോടും പറ കഴിക്കാൻ വരാൻ. വെളുപ്പിനെ പോയതാ ഒരു കട്ടൻ കാപ്പിയും കൊണ്ട് റൂമിലോട്ട്.”” അവർ കറി വാങ്ങി വച്ചുകൊണ്ട് പറഞ്ഞു.

രാത്രി ഒത്തിരി നേരമായി രോഹിത്തും ഋധിമയും ഫോണിൽ സംസാരിക്കുകയാണ്. ഇടയ്ക്ക് എപ്പോഴോ രോഹിത് വീട്ടിലെ കാര്യങ്ങൾ പറയുന്നതിനിടെ അമ്മ രാവിലെ പറഞ്ഞ കാര്യങ്ങൾ അവളോട് പങ്കുവെച്ചു.

“എടോ താൻ ഇവിടെ വന്നാൽ അമ്മയ്ക്ക് ഒരു ആശ്രയം ആകുമല്ലോ അല്ലേ . അമ്മ ഒരു പാവം ആണ്. തന്റെ അമ്മേ പോലെ ഒക്കെ തന്നെയാ ഏതാണ്ട്.

ഇന്ന് തന്നെ വയ്യാത്തത്തിന്റെ പരിഭവവും ഒറ്റയ്ക്കു ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടും ഒക്കെ പറഞ്ഞു സങ്കടം ആയിരുന്നു. മൂന്നു മാസം കഴിഞ്ഞാൽ താനും ഒപ്പം കൂടിക്കോളണേ.”” രോഹിത് പറഞ്ഞു.

“”അതൊന്നും ഓർത്തു പേടിക്കണ്ട. എനിക്ക് അത്യാവശ്യം നല്ല രീതിക്ക് ഫുഡ്‌ ഉണ്ടാക്കാൻ അറിയാം. ഇവിടേം അമ്മയ്ക്ക് ഞാനല്ലേ ഉള്ളു സഹായത്തിന്.

അതുകൊണ്ട് ആ കാര്യം സേഫ് ആണ്. രോഹിത്തിന്റെ അമ്മയ്ക്കും പ്രായത്തിന്റെ ബുദ്ധിമുട്ട് ഒക്കെ ഉണ്ടാവുമല്ലോ. ഞാൻ വന്നാൽ അധികം കഷ്ടപ്പെടുത്തില്ല. അത് എന്റെ വാക്ക് “”ഋധിമ അവനോട് പറഞ്ഞു.

“”ഗുഡ് ഗേൾ. അങ്ങനെ വേണം പെൺപിള്ളേർ ആയാൽ. അമ്മ ഇന്നും പറഞ്ഞു ചേച്ചിടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഒറ്റയ്ക്കു പാടുപെടുന്നതാ ഇനി മരുമോൾ വന്നിട്ട് വേണം ഒന്ന് റസ്റ്റ്‌ എടുക്കാൻ എന്ന് “” രോഹിത് തമാശയായി പറഞ്ഞു

“”വെയിറ്റ്…ഞാനൊന്ന് ചോദിച്ചോട്ടെ. ചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി “” ഋതിമ ചോദിച്ചു

“”അതിപ്പോ ഒരു 5 വർഷം ആയി. എന്തേ ചോദിച്ചേ.

“”അല്ലാ അമ്മയെപ്പറ്റി ഇത്ര കരുതലും സ്നേഹവും ഉള്ള ആള് അഞ്ചു വർഷം അമ്മ ഒറ്റയ്ക്കു പണിഎടുത്തിട്ടും എന്തേ ഒന്ന് ചെന്ന് സഹായിക്കാത്തെ…

ഓ സോറി അമ്മയെ സഹായിക്കാൻ ആണല്ലോ ഇപ്പോൾ കല്യാണം കഴിച്ചു ഒരു മരുമകളെ സംഭാവന ചെയ്യുന്നേ “”ഋതിമ തമാശയോടെയാണ് അത് പറഞ്ഞത് “”

“”ഹമ്മേ എന്റെ ഋതുകുട്ടീടെ ഉള്ളിൽ ഒളിഞ്ഞിരുന്ന ഫെമിനിസ്റ്റ് മോഡ് ഓൺ ആയേ “” രോഹിത് അവളെ കളിയാക്കി.

“”അതിന് ഇയാളോടാരാ പറഞ്ഞെ ഫെമിനിസം എന്ന് പറഞ്ഞാൽ വീട്ടിലെ ജോലി ചെയ്യാതിരിക്കലും ഫാമിലിയുമായി സഹകരിക്കാതിരിക്കലും ഒക്കെ ആണെന്ന്.

കളിയാക്കണ്ട ഞാൻ ചോദിച്ചതിന് എന്തേലും മറുപടി ഉണ്ടോ. സ്ഥിരം അമ്മേ സഹായിച്ചുകൊണ്ടിരുന്ന ചേച്ചി വീട്ടിൽനിന്ന് പോയ ശേഷം അമ്മയെ ഇത്രനാലും ഒന്ന് ഹെല്പ് ചെയ്യാൻ രോഹിതിന് എന്താ തോന്നാതിരുന്നത് “” അവൾ ചോദിച്ചു.

“”അല്ലാ അത് പിന്നെ. എടോ എനിക്ക് മടിയൊന്നും ഇല്ല. ഇന്നുംകൂടി അമ്മയോട് ഞാൻ ചോദിച്ചതാ. അതെങ്ങനാ എന്നെ അങ്ങോട്ട് അടുപ്പിക്കണ്ടേ.

ഞാൻ ചെയ്താൽ ശെരിയാവില്ല എന്ന് പറഞ്ഞു ഒഴിവാക്കും. ഞാൻ മാത്രം വിചാരിച്ചാൽ മതിയോ സഹായിക്കാൻ. അമ്മയ്ക്ക് കൂടി തോന്നണ്ടേ “”രോഹിത് പറഞ്ഞു.

“”ചേച്ചി ചെയ്താലും ശെരിയാവും രോഹിതിനേക്കാൾ ആറേഴ് വയസിനു ഇളപ്പമുള്ള രോഷ്നി ചെയ്താലും ശെരിയാവും. ഇയാള് ചെയ്താൽ മാത്രം ശെരിയാവില്ല. അതെന്താ അങ്ങനൊരു കണക്ക് “” ഋതു ചോദിച്ചു

അൽപനേരം രോഹിത് മൗനമായി. അവൻ ശെരിക്കും അവൾ പറഞ്ഞതിലെ കാര്യം ആലോചിക്കുകയായിരുന്നു.

“”ശെരി. ഞാനിപ്പോ എന്താ വേണ്ടേ. നമ്മുടെ കല്യാണം കഴിഞ്ഞോട്ടെ. നമുക്ക് ഇവിടുത്തെ പണി എല്ലാം ഷെയർ ചെയ്യാം. പോരേ “”അവൻ ചോദിച്ചു

“”ഹാ അതൊക്കെ ഓക്കേ. പക്ഷേ സഹായിക്കണേൽ മോന് എന്തേലും അറിയണ്ടേ. അതിനും ഇനി ഞാൻ വന്നിട്ട് വേണ്ടേ പഠിപ്പിക്കാൻ. ഹോ എന്നാലും ഒന്നും അറിയാത്ത ഒരു ചെക്കനെ ആണല്ലോ ഞാൻ കെട്ടിക്കോളാം എന്ന് ഏറ്റത് “”

അവൾ അവനെ കളിയാക്കി കിട്ടിയ തക്കത്തിനു ഒരു കൊട്ട് കൊടുത്തു. അതും പറഞ്ഞു അവൾ ചിരിയടക്കി പിടിച്ചു.

“”ഡീ ഡീ… കിട്ടിയ ചാൻസിൽ എനിക്കിട്ട്
പണിയുന്നോ. എന്നെ അത്ര അങ്ങട് കൊച്ചാക്കല്ലേ. സാഹചര്യം കിട്ടാത്തകൊണ്ട് നിനക്ക് ചെയ്യാൻ കഴിയുന്ന ചില പണികൾ എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല.

എന്നിരുന്നാലും എനിക്ക് അതൊക്കെ പഠിച്ചെടുക്കാനുള്ള മനസില്ലെ… ഹാ എന്റെ നിഷ്കളങ്കമായ മനസിന്‌ ഇവിടെ ഒരു വിലയുമില്ല “” അവൻ കള്ളക്കണ്ണീർ സ്വരത്തിൽ പറഞ്ഞു.

അവളും അതിനൊത്തു ചിരിച്ചു. അങ്ങനെ കളിചിരികളായി അവർ അൽപനേരം കൂടി സംസാരിച്ചു.

പിറ്റേന്ന് രാവിലെ തന്നെ അവൻ അടുക്കളയിലെത്തി. ജോലിയിൽ തന്നേക്കൂടി കൂട്ടാൻ രോഹിത് ശാട്യം പിടിച്ചു. ഇതെന്താ ഇപ്പൊ പുതുമ എന്നാ നിലയ്ക്ക് അനിയത്തി റോഷ്‌നിയും വാ പൊളിച്ചു നിൽക്കുകയാണ്.

“”ഒന്നാമതെ നേരത്തും കാലത്തും ഒന്നും ജോലി തീരുന്നില്ല. അതിനിടെ ചുമ്മാ കളിക്കാൻ വരല്ലേ ചെക്കാ “” എന്ന് പറഞ്ഞു രോഹിത്തിന്റെ അമ്മ ഒഴിഞ്ഞുമാറി.

“” അതാ എനിക്ക് മനസിലാവാത്തത്. ഞാൻ കൂടി ഇതൊക്കെ അറിഞ്ഞുവച്ചിരുന്നേൽ അമ്മയ്ക്ക് അല്ലേ ഇപ്പൊ നേട്ടം. ഞാനൂടെ സഹായിക്കില്ലാരുന്നോ “”അവൻ ചോദിച്ചു.

“”അതൊക്കെയുള്ളതാ. പക്ഷേ ഒന്നുമറിയാത്ത നിന്നെ ഈ തിരക്കിനിടയിൽ പഠിപ്പിച്ചെടുക്കണേൽ ഒരാഴ്ച ആഹാരം പുറത്തൂന്ന് വാങ്ങേണ്ടി വരും. ഞാനിപ്പോ ഒരു താളത്തിന് പണിയൊക്കെ തീർക്കുവാ. ശല്യം ചെയ്യാണ്ട് പോയേ.

ഇനി ഇതൊക്കെ പഠിക്കണം എന്ന് അത്ര നിർബന്ധം ആണേൽ ഋതുമോളിങ്ങു വന്നോട്ടെ. അവളോട് പറ. അതുവരെ ക്ഷമിക്ക് “” അവർ അവനെ കയ്യൊഴിഞ്ഞു

“”ആഹ് ബെസ്റ്റ്.അവള് വരുമ്പോഴേക്കും ഇതൊക്കെ പഠിച്ചു ഒരു മാസ്റ്റർ ഷെഫ് ആയി ഷൈൻ ചെയ്യാം എന്ന് വിചാരിച്ചാൽ അമ്മ സമ്മതിക്കേം ഇല്ല “” അവൻ മനസിലോർത്തുകൊണ്ട് തലചൊറിഞ്ഞു.അത് കണ്ട് ചുണ്ട് കൂട്ടി ചിരിക്കുകയാണ് റോഷ്‌നി

“”എന്താടി “”അവൻ അവളെനോക്കി പുരികമുയർത്തി.””സത്യം പറഞ്ഞോ ഏട്ടത്തിടെ മുന്നിൽ ഷോ ഇറക്കാൻ വേണ്ടിയല്ലേ ഇപ്പൊ ഈ പുതിയ പരിപാടി “”അവൾ അവന്റെ മനസ് വായിച്ചെന്ന പോലെ ചോദിച്ചു. അതിന് അവൻ മറുപടി പറയാതെ അവളെ നോക്കി പല്ലിളിച്ചു കാട്ടി.

“”ആഹ് എന്തായാലും നല്ലതാ. ഈ കാര്യം ഞാനേറ്റു. അമ്മയെ നോക്കണ്ട. ചിലനേരത്ത് ജോലി ചെയ്യാൻ തുടങ്ങിയാൽ പ്രാന്ത.

സഹായിക്കാൻ ചെന്നാലും ശല്യം ചെയ്യാതെ പോയിത്താ എന്ന് പറയും. എന്നാൽ അതും കേട്ട് പോയാലോ നമ്മൾ സഹായിച്ചില്ലെന്ന് പരാതിയും പറയും. അൽ സൈക്കോ മമ്മി. “”. അവൾ മെല്ലെ പറഞ്ഞു

അവൾ ഓരോ ജോലികളായി പറഞ്ഞുകൊടുത്തു. ആദ്യമേ അടുക്കളയിൽ ഓരോ സാധനങ്ങൾ ഇരിക്കുന്ന സ്ഥലവും കറിക്കൂട്ടുകളും ഒക്കെ പരിചയപ്പെടുത്തി. പിന്നെ എല്ലാം കഴിഞ്ഞു അടുക്കള വൃത്തി ആക്കുന്നത് ഒരു യുദ്ധമായിരുന്നു രോഹിതിനെ സംബന്ധിച്ചു.

യൂടൂബിന്റെയും റോഷ്‌നിയുടെയും സഹായത്തോടെ ആദ്യമായി പരീക്ഷിച്ച വിഭവങ്ങളൊക്കെ അതിഗംഭീരമായി പാളിപ്പോകുകയും ചെയ്തു.

വൈകിട്ട് ഋതുവിനെ വിളിച്ചപ്പോൾ അവൻ അന്നത്തെ അവന്റെ ആദ്യശ്രമങ്ങളെ പറ്റി ഒക്കെ പറഞ്ഞു. അടുക്കളയിൽ അന്ന് കാണിച്ചുകൂട്ടിയ കോപ്രായങ്ങൾ കേട്ട് അവൾ പൊട്ടിച്ചിരിച്ചുപോയി.

“” ഹേലോ… ഇയാള് അത്രയങ് ചിരിക്കണ്ട… ആദ്യായിട്ട് ആവുമ്പോ ഇങ്ങനൊക്കെയാ. ഇയാള് പിന്നെ ജനിച്ചപ്പോഴേ വല്യ ഷെഫ് ആയിട്ട് അല്ലേ വന്നേ.

അല്ലേൽ അതൊക്കെ പോട്ടെ . തനിക്ക് ഞാൻ ചെയുന്ന പോലെ ഒരു ഫാമിലിയിലെ മുഴുവൻ ചെലവും നോക്കി നടത്താൻ പറ്റുമോ.”” അവൻ പെട്ടന്ന് കിട്ടിയ ഒരു ഡയലോഗ് എടുത്തു അവൾക്ക് മറുപടി കൊടുത്തു.

“” അതിനിപ്പോ എന്താ എനിക്ക് ജോലി ഉണ്ടല്ലോ. പിന്നെന്താ എന്നെക്കൊണ്ട് പറ്റാത്തെ. “” അവൾ ചോദിച്ചു.

“” തന്റെ സാലറി താനിപ്പോ എന്തിനാ യൂസ് ചെയ്യുന്നേ. തന്റെ ആവശ്യങ്ങൾക്ക് അല്ലേ. അത് എല്ലാവർക്കും പറ്റും.

ഞാൻ ചോദിച്ചത് അതല്ല. തന്റെ സാലറികൊണ്ട് മാത്രം ഒരു വീട് മൈന്റൈൻ ചെയ്യാം എന്ന കോൺഫിഡൻസ് തനിക്ക് ഉണ്ടോ എന്നാ “”അവൻ ചോദിച്ചു. അവൾ കുറച്ചു നേരം അതിനെപ്പറ്റി ആലോചിച്ചു.

“”അച്ഛന്റെ സാലറിക്ക് ആണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്. ന്തേലും ഞാൻ വീട്ടിലേക്ക് കൊടുത്താലും വേണ്ട മോൾടെ ആവശ്യങ്ങൾക്ക് ഇരിക്കട്ടെ. അല്ലേൽ ബാങ്കിൽ ഇട്ടോ. ഇപ്പൊ സേവ് ചെയ്താൽ നല്ലതാ എന്ന് പറഞ്ഞു തിരികെ തരും അച്ഛൻ.

പക്ഷേ അച്ഛനും എനിക്കും ഏതാണ്ട് ഒരേ റേഞ്ച് ആണ് സാലറി ഒക്കെ. അപ്പൊ അച്ഛന് നോക്കാൻ പറ്റുന്ന പോലെ തന്നെ എന്നെക്കൊണ്ടും പറ്റുമല്ലോ. എന്താ പറ്റാത്തെ “” അവൾ അവനോട് ചോദിച്ചു.

“”ശെരി എന്നാൽ നീ ഇത്തവണ അച്ഛനോട് പറ ഈ ഒരുമാസത്തെ ചിലവ് ഫുൾ നീ നോക്കിക്കോളാം അച്ഛന്റെ കാശ് സൂക്ഷിച്ചു വച്ചോ എന്ന്. നീയൊന്നു ട്രൈ ചെയ്തു നോക്ക് എന്നിട്ട് റിസൾട്ട്‌ പറ “”അവൻ പറഞ്ഞത് അവളും സമ്മതിച്ചു.

ദിവസങ്ങൾ കഴിഞ്ഞു. ഋതുവിന്റെ ഈ മാസത്തെ സാലറി ക്രെഡിറ്റ്‌ ആയി.വീട്ടുചിലവ് അവൾ ഏറ്റടുത്തു

ഇവിടെ രോഹിത്തും റോഷ്‌നിയും കൂടി പുതിയ പരീക്ഷണങ്ങളിലൂടെ അടുക്കള കീഴ്മേൽ മറിക്കുമ്പോൾ അവിടെ ഋതു രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടപ്പാട് പെടുകയാണ്. അവൾ കരുതിയ പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ. അനിയന്റെ ഫീസ്…

ഒരുമാസത്തെ വീട്ടുസാധങ്ങൾ.. ഒന്ന് രണ്ട് ലോൺ. പിന്നെ മസാമാസം കൃത്യമായി എത്താറുള്ള ബില്ലുകൾ എല്ലാം കൂടി ആദ്യ ആഴ്ച തന്നെ അവളുടെ സാലറിയിൽ പകുതിയും സ്വാഹാ.

ഒരു മാസത്തെ ശമ്പളംകൊണ്ട് തന്നെ വീട്ടുചിലവ് മുഴുവൻ നടത്തി ബാക്കി സേവിങ്സ് ആക്കണം എന്ന് പ്ലാൻ ചെയ്തിട്ട് അത് ഇങ്ങനെയാകും എന്ന് അവൾ തീരെ കരുതിയില്ല.

“”രോഹിത് നീ പറഞ്ഞത് ശെരിയാ. എന്നെക്കൊണ്ട് കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല.

ഇവിടെ ഒരാഴ്ചകൊണ്ട് തന്നെ കിട്ടിയ ക്യാഷ് മൊത്തം ആവിയായി. പൈസ പോകുന്ന വഴി അറിയുന്നില്ല. അച്ഛൻ എങ്ങനെയാണോ ഇത്രനാൾ ഇതൊക്കെ ചെയ്തത്.

ശെരിയാ ഇതൊന്നും നിങ്ങളെ പോലെ ഞങ്ങൾ പെൺകുട്ടികൾക്ക് അത്ര വഴങ്ങില്ല. ഞാൻ തോൽവി സമ്മതിച്ചു “” ഋതു ചെറിയ ചമ്മലോടെയും പരിഭവത്തോടെയും പറഞ്ഞു

“”എന്റെ മോളേ… നിന്നോടാരാ പെണ്ണേ പറഞ്ഞെ ഇതൊക്കെ പെൺകുട്ടികളെകൊണ്ട് പറ്റാത്ത പണിയാണെന്ന്. ഞാൻ നിന്നോട് അങ്ങനെയാണോ പറഞ്ഞെ. നിന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു. ശെരിയാ.

പക്ഷേ സാഹചര്യം കൊണ്ട് വീട്ടിലെ പ്രാരാബ്ദം മുഴുവൻ ചുമലിലേറ്റുന്ന എത്രയോ പെൺകുട്ടികളുണ്ട്. എന്റെ കൂടെ കോളേജിൽ പഠിച്ചവർ തന്നെ ഉണ്ടല്ലോ പാർട്ട്‌ ടൈം ജോലിക്ക് പോയി വീട്ടിലെ കാര്യങ്ങൾ നോക്കുന്നവർ.

അതെല്ലാം പോട്ടെ ഇവിടെ തന്നെ ഞങ്ങളുടെ കാര്യം നിനക്കറിയില്ലല്ലോ. രോഹിണിചേച്ചി പ്ലസ് ടു പഠിക്കുമ്പോഴാ അച്ഛൻ മരിച്ചത്. ഞാൻ പത്തിലും.

സാമ്പത്തികമായി ആകെ വലഞ്ഞുപോയ സമയത്തു ചേച്ചി പഠിത്തം നിർത്തി തുണിക്കടയിൽ ജോലിക്ക് പോയും വീട്ടിലിരുന്നു തയ്ച്ചും പിന്നെ മൂന്നു നാല് കുഞ്ഞിപ്പിള്ളേർക്ക് ട്യൂഷൻ എടുത്തും ഒക്കെ ആണ് ഞങ്ങളെ പഠിപ്പിച്ചത്.

ഞാൻ ഒരു ജോലിയിൽ കയറിയപ്പോഴാ ഇവിടെ ഒന്ന് പച്ചപ്പിടിച്ചത്. അതുവരെ ചേച്ചിടെ മാത്രം മനക്കരുത്തിലും അധ്വാനത്തിലുമാ ഞങ്ങൾ പട്ടിണി ഇല്ലാതെ കഴിഞ്ഞത്.

അങ്ങനെ വളർന്ന എനിക്ക് ഒരിക്കലും ഇതൊന്നും പെൺപിള്ളേർക്ക് പറ്റാത്ത പണി ആണെന്ന് പറഞ്ഞു ആക്ഷേപിക്കാൻ കഴിയില്ല.

രോഹിത് പറഞ്ഞ കാര്യങ്ങൾ ഒക്കെ അവൾ കൗതുകപൂർവ്വം കേട്ടിരുന്നു.അവന്റെ ജീവിതസാഹചര്യങ്ങൾ ഒക്കെ അടുത്തറിയുമ്പോൾ അവളും അവനോട് കൂടുതൽ അടുക്കുകയായിരുന്നു.

“” പിന്നെന്താ നല്ലൊരു ജോലി ഉണ്ടായിട്ടും എന്നെക്കൊണ്ട് പറ്റില്ല ഇതൊന്നും എന്ന് രോഹിത് പറഞ്ഞെ “” അവൻ ഒരു കുട്ടിയുടെ കുറുമ്പോടെയും പരിഭവത്തോടെയും ചോദിച്ചു.

“”അതോ. ഇത്ര നാളുകൊണ്ട് തന്നെ തന്റെ വീട്ടുകാരെ എനിക്ക് കുറച്ചൊക്കെ മനസിലായിട്ടുണ്ട്.

തന്റെ സാഹചര്യങ്ങൾ വച്ചു തനിക്ക് ഇതൊന്നും അത്ര പരിചയമില്ല എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഒരാഴ്ചകൊണ്ട് തന്നെ എന്റെ ഋതു കിളികൾ പറന്നു സുല്ലിടും എന്ന് എനിക്ക് അറിയാമായിരുന്നു. അത്രേ ഉള്ളു.””

“”ശെരിയാണ്. തനിക്ക് സാലറി കിട്ടുമ്പോൾ സന്തോഷത്തോടെ അച്ഛനും അമ്മയ്ക്കും ഒരു പങ്ക് കൊടുക്കാറുണ്ട്. അല്ലാണ്ട് വീട്ടുചിലവിനെ പറ്റി താൻ ആലോചിക്കാറില്ല.

കോളേജിൽ പഠിക്കുമ്പോഴും ഇവിടെ അച്ഛനും അമ്മയും പറയുന്നത് മര്യാദയ്ക്കു പഠിച്ചു ജോലി വാങ്ങിച്ചാൽ എനിക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാം ഇല്ലേൽ ഭർത്താവിനെ ബുദ്ധിമുട്ടിക്കേണ്ടി വരും അടുക്കളയിൽ ജീവിക്കേണ്ടി വരും എന്നൊക്കെയാണ്.

അനിയനോട് പറയുന്നത് അവന് ജോലി കിട്ടിയിട്ട് വേണം അച്ഛന് വിശ്രമിക്കാൻ എന്നും. അന്ന് അതിലെ പൊരുത്തക്കേട് ചിന്തിച്ചിട്ടില്ല.

പഠിത്തം കഴിഞ്ഞു ജോലി കിട്ടിയപ്പോ ഇനി എന്റെ കാര്യങ്ങൾക്ക് അച്ഛനെ വെറുതെ ബുദ്ധിമുട്ടിക്കണ്ടല്ലൊ എന്ന് മാത്രമായിരുന്നു മനസ്സിൽ “”ഋതു ഓർത്തു.

“എന്താ എന്റെ പെണ്ണ് ആലോചിച്ചു കൂട്ടുന്നെ ” നിശബ്ദത പടർന്നപ്പോൾ രോഹിത് അവളോട് ചോദിച്ചു.””ഏയ്‌ ഒന്നുമില്ല ഞാൻ ഓരോന്ന് ഇങ്ങനെ..””അവൾ പറഞ്ഞു..

“”എടോ താൻ എന്നോട് വെല്ലുവിളിച്ചു തോറ്റതായിട്ട് ഒന്നും എടുക്കണ്ട. താൻ വളർന്ന സാഹചര്യത്തിന് വിരുദ്ധമായിട്ട് ഒരു കാര്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ആദ്യ അറ്റെമ്പ്റ്റ് പാളിപ്പോയി. ഇന്നലെ ഞാൻ അടുക്കള കുരുക്ഷേത്രമാക്കിയപോലെ.

പിന്നെ ഈ ഒരാഴ്ച കൊണ്ട് അത്യാവശ്യം ഒരു നേരത്തേക്ക് ഉള്ള ആഹാരം ഒക്കെ ഞാൻ റെഡിയാക്കാൻ പഠിച്ചുകേട്ടോ “”രോഹിത് വല്യ അഭിമാനത്തോടെയാണ് അത് പറഞ്ഞത്

“”ശെരിയാ രോഹിത് പറഞ്ഞത്. നല്ലോണം വീട്ടിലെ കാര്യങ്ങളും കുക്കിങ്ങും ഒക്കെ ചെയ്യുന്ന ആണ്പിള്ളേരുമുണ്ട് ചിലവ് നോക്കി നടത്തുന്ന പെൺപിള്ളേരുമുണ്ട്.

നമ്മൾ വളർന്ന സാഹചര്യം ആണ് നമ്മളെ ഇങ്ങനെയാക്കിയത്. പിന്നെ പഴയ ശീലങ്ങളെ മുറുകെപിടിച്ചു പരസ്പരം വഴക്കുണ്ടാക്കാതെ പുതിയവ ശീലിക്കാനുള്ള മനസ്സുണ്ടല്ലോ നമുക്ക് രണ്ടാൾക്കും. അത്രേം ആശ്വാസം “”ഋതു പറഞ്ഞു.

“”അതേടോ. നമ്മൾ മാത്രമല്ല എല്ലാവരും ഇതുപോലൊക്കെ മാറുന്നത് നല്ലതാ. ഭാര്യ ഒരുമാസം വയ്യാതെ കിടന്നാൽ ഹോട്ടൽ ഫുഡ്‌ കഴിച്ചു പിള്ളേർ ഒരു വഴിയാകും.

അതുപോലെ കെട്യോന് എന്തേലും വയ്യായ്ക വന്നാൽ ആശുപത്രി ചിലവും വീട്ടുചിലവും എല്ലാം കൂടി ഭാര്യ നട്ടം തിരിയും.

ആ ഒരു മാസം മതി അതുവരെ സന്തോഷമായിട്ട് ജീവിച്ച ഒരു കുടുംബം കടക്കെണിയിൽ ആവാൻ. ഭർത്താവിന് മാത്രം ജോലിയുള്ള ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയുടെ അവസ്ഥ ആണ് ഇത്.

വെറുതെ പഴയ നാട്ടുനടപ്പ് ഫോളോ ചെയ്തിട്ട് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ പരസ്പരം സപ്പോർട്ട് ചെയ്യാൻ പോലും കഴിയാതെ ലോക്ക് ആയി പോകുന്ന അവസ്ഥ. അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാവരുതെടോ…

ഈ പാചകവും വീട്ടുചിലവും മാത്രമൊന്നുമല്ല. നമ്മൾ ഇതുവരെ നല്ലരീതിയിൽ ബാച്‌ലർ ലൈഫ് അടിച്ചുപൊളിച്ചു നടന്നവരാ. ഇനിയങ്ങോട്ട് പല മാറ്റങ്ങളും വരും ജീവിതത്തിൽ.

അപ്പോഴൊക്കെ പരസ്പരം പഴി പറയാനും ഈഗോ കലരാനും നിൽക്കാതെ അതൊക്കെ ഉൾക്കൊള്ളാനും അതിനനുസരിച്ചു മാറാനും നമ്മൾ തയ്യാറായിരിക്കണം. ഇയാള് കട്ടയ്ക്ക് കൂടെയുണ്ടാവില്ലേ “” രോഹിത് ചോദിച്ചു.

വീണ്ടും ഇണക്കങ്ങളും പിണക്കങ്ങളുമായി അവരുട ഫോൺ കാളുകൾ നീണ്ടു. ഓരോ ദിവസങ്ങളിലും അവർ പുതിയ ജീവിതത്തെ വരവേൽക്കാൻ മനസുകൊണ്ട് ഒരുങ്ങിക്കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *