നാട്ടിലെ യുവത്വങ്ങൾ ഏറെ ആരാധിച്ചിരുന്ന സൗന്ദര്യം. സ്വതേ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരിയായ ചേച്ചിക്ക് പ്രണയവും പ്രലോഭനങ്ങളും തികച്ചുമന്യമായിരുന്നു.

കനലുകൾ
(രചന: രഘു കുന്നുമ്മക്കര പുതുക്കാട് )

കൊറോണക്കാലം;
സബിത, ഒരിക്കൽക്കൂടി പടിഞ്ഞാറെ വേലിയ്ക്കൽ വന്നെത്തി നോക്കി.
രാവിലെ കൃത്യം പത്തുമണിക്കു തന്നേ രവിയേട്ടൻ്റെ മൃതദേഹം സംസ്കാരത്തിനായി ശ്മശാനത്തിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ

പടിഞ്ഞാറെ വീട്ടിൽ നടക്കുന്നുണ്ട്.
കൊറോണ ഭീതി മൂലം വളരെക്കുറച്ചാളുകളേ മരണവീട്ടിലുള്ളൂ.
രാവിലെയൊരു തവണയങ്ങോട്ടു പോയതാണ്.
ഇനിയാ കൂട്ടത്തിലേക്കു പോകുന്നില്ല.

പോയിട്ടെന്തിനാണ്?
ഷിജേച്ചിയുടേയും, അഞ്ചുവയസ്സുകാരി മാളുവിൻ്റെയും മിഴിനീരിൻ്റെ തുടർക്കാഴ്ച്ചകളല്ലാതെ മറ്റെന്തുണ്ടവിടെ കാണാൻ.

ഇന്നലെ രാവിലെക്കൂടി വീടിൻ്റെ മുറ്റത്തുകൂടെ കടന്നുപോകുമ്പോൾ രവിയേട്ടൻ തന്നെ നോക്കി ചിരിച്ചതാണ്.
പതിവില്ലാതെ രണ്ടുവാക്കു സംസാരിക്കുകയും ചെയ്തു.

” സബിതാ, ഞാൻ ചിലപ്പോൾ നാളെ ചെന്നൈക്കു പോയേക്കും.
മടക്കം എന്നെന്നറിയില്ല.
ഷീജേച്ചിക്കും മാളൂനും കൂട്ടായിട്ടിരിക്കണം ട്ടാ”

അതുകേട്ട് തല കുലുക്കി സമ്മതിച്ചെങ്കിലും, ഈ കൊറോണക്കാലത്ത് ജോലിക്കെന്നും പറഞ്ഞു രവിയേട്ടൻ പോകുന്നതെവിടേക്കെന്നും, യാതൊരു പൊതുഗതാഗത ഉപായങ്ങളുമില്ലാതെ എങ്ങനെ മദ്രാസിൽ പോകുമെന്നും ചിന്തിച്ചത് രവിയേട്ടൻ പോയിക്കഴിഞ്ഞാണ്.

ഇന്നലെയുച്ചതിരിഞ്ഞ് ഷീജേച്ചി അടുക്കളപ്പുറത്തേ അലക്കുകല്ലിൽ തുണി കഴുകിക്കൊണ്ടിരിക്കുന്ന നേരത്താണ്, രവിയേട്ടൻ വീട്ടിനുള്ളിലേക്കു പതുങ്ങിക്കടന്നുവന്ന്, ഒരു മുഴം കയറിൽ ജീവിതത്തിനു പരിസമാപ്തി കുറിച്ചത്.

മാളു, അന്നേരം രണ്ടു പറമ്പപ്പുറമുള്ള ഷിജേച്ചിയുടെ സ്വന്തം വീട്ടിൽ ഉറങ്ങുകയായിരുന്നു.
ഷീജേച്ചിയുടെ നിലവിളി കേട്ട്, ഓടിയാദ്യം വന്നവരാണ് തന്നെ തടഞ്ഞുനിർത്തിയത്.
കെട്ടറുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പോസ്റ്റുമാർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയായി.
ശ്മശാനം തുറക്കുമ്പോൾ തന്നെ സംസ്കാരം നടത്താനും തീരുമാനമായി.

സബിത, ഷീജേച്ചിയേക്കുറിച്ചോർത്തു.
കോളേജ് അപ്രതീക്ഷിതമായി അടച്ചതിനാൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഷീജേച്ചിയോടു അടുത്തിടപഴകാൻ സാധിച്ചിരുന്നു.
ഷീജേച്ചിയുടെ വീട്, തൊട്ടു പടിഞ്ഞാറെയാണ്.

താൻ ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഷീജേച്ചിയുടെ വിവാഹം.
കല്ല്യാണത്തിനു മുൻപും ചേച്ചിക്കു വലിയ കാര്യമായിരുന്നു.
അതിസുന്ദരിയായിരുന്നു ചേച്ചി.

നാട്ടിലെ യുവത്വങ്ങൾ ഏറെ ആരാധിച്ചിരുന്ന സൗന്ദര്യം.
സ്വതേ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരിയായ ചേച്ചിക്ക് പ്രണയവും പ്രലോഭനങ്ങളും തികച്ചുമന്യമായിരുന്നു.

കൗമാരത്തിൽ ചേച്ചിയെ തെല്ലു കുശുമ്പോടെയാണു നോക്കാറുള്ളത്.
എന്തു ഭംഗിയാണ് ചേച്ചിക്ക്.
കിണറ്റിൻകരയിൽ, പാവാട കയറ്റിവച്ച് തുണിയലക്കുമ്പോൾ ചേച്ചിയുടെ കാൽമുട്ടുകൾക്കു മീതേ വ്യക്തമായിക്കാണാം.

ഉരുണ്ട കാൽവണ്ണകൾ, നിറഞ്ഞ മാറിടങ്ങൾ.
കൊക്കിൻ്റെതു പോലുള്ള സ്വന്തം കാലുകളോടും, ഉയർച്ചയെത്താത്ത നെഞ്ചിനോടും അന്നേറെ കലി തോന്നിയിരുന്നു.

പടിഞ്ഞാറ്, ഏതോ തീരദേശത്തേക്കായിരുന്നു ചേച്ചിയെ വിവാഹം കഴിച്ചയച്ചത്.
രവിയേട്ടൻ സുന്ദരനായിരുന്നു.
ഒരു മനോജ്.കെ.ജയൻ ഛായ.
ഇരുനിറത്തിലുള്ള രവിയേട്ടനെ കണ്ടപ്പോൾ, ഷീജേച്ചിയോടു തെല്ലു

കുശുമ്പാണന്നു തോന്നിയത്.
രവിയേട്ടനന്നു പ്രവാസിയായിരുന്നു.
ഒന്നോ, രണ്ടോ തവണ വിസിറ്റിംഗ് വിസയെടുത്ത് ചേച്ചിയെ കൊണ്ടുപോകുകയും ചെയ്തു.

പിന്നീടുള്ള മൂന്നുനാലു വർഷങ്ങളിൽ ഷീജേച്ചിയൊട്ടും ഇങ്ങോട്ടു വരാതായി.
ചേച്ചിയുടെ അമ്മയോടും, ആങ്ങളയോടുമൊക്കെ വിശേഷം തിരക്കിയാൽ
ചേച്ചിയ്ക്കവിടെ സുഖമാണെന്നു മറുപടി ലഭിച്ചു.

മോളുണ്ടായിട്ടും, ഒരു തവണ പോലും ചേച്ചി സ്വന്തം വീട്ടിലേക്കു വന്നില്ല.
ചേച്ചി, പതിയേ മറവിയിലേക്കു പിന്തള്ളപ്പെടുകയായിരുന്നു.
കഴിഞ്ഞ വേനലിൽ, പടിഞ്ഞാറെപ്പറമ്പിൽ പുരപണിയുടെ ആരംഭം കുറിച്ചപ്പോളാണറിഞ്ഞത്,

ചേച്ചിയും, രവിയേട്ടനും മോളും ഇവിടെ താമസമാക്കുന്നുവെന്ന കാര്യം.
കരാറേൽപ്പിച്ചിരുന്ന വീടു കാണാനോ നിർദ്ദേശങ്ങൾ നൽകാനോ രവിയേട്ടനും, ചേച്ചിയുമെത്തിയില്ല
ചേച്ചിയുടെ ആങ്ങളയാണ്, എല്ലാം നോക്കി നടത്തിയത്.
ഗൃഹപ്രവേശത്തിൻ്റെയന്നാണ് ചേച്ചിയേയും കുടുംബത്തേയും പിന്നീടു കാണുന്നത്.

രവിയേട്ടൻ്റെ നാട്ടിലേക്കുള്ള തിരിച്ചുവരവും,ബിസിനസ് തകർച്ചയും ചേച്ചി പറഞ്ഞറിഞ്ഞു.
താൻ,നിറയൗവ്വനത്തിലെത്തിയ കാരണമായിരുന്നിരിക്കാം, ചേച്ചി കാര്യങ്ങൾ തുറന്നു സംസാരിച്ചിരുന്നു.
രവിയേട്ടൻ നാട്ടിലൊരു ടാങ്കർ ലോറിയുടെ ഡ്രൈവറായി.
അതിരാവിലെ പോകും, രാത്രി വൈകി മടങ്ങിയെത്തും.

പിറ്റേന്നു അവധിയായിരിക്കും.
അങ്ങനെ ഒന്നിടവിട്ടുള്ള പ്രവർത്തിദിനങ്ങളിൽ രവിയേട്ടൻ പോകുമ്പോൾ ചേച്ചിയ്ക്കരുകിലെത്തും.
ഏറെ സംസാരിക്കും.

” ചേച്ചിയെന്താ മുഴുവൻ സമയം ഉടുപ്പാക്കിയത്?
മാളു ഉണ്ടായേപ്പിന്നെയാണോ?
ചേച്ചിക്കു സാരിയും ഭംഗിയാണ് ട്ടോ.
പക്ഷേ, പഴയപോലെ സാരി പൊക്കിക്കുത്തി തുണിയലക്കാൻ നിന്നാൽ കുഴപ്പമാകും. ഇപ്പളത്തേ ആമ്പിള്ളേര് മൊബൈലിൽ പിടിക്കും”

ചേച്ചിയതു കേട്ടു ചിരിച്ചതേയുള്ളൂ.
പക്ഷേ, അതു ചേച്ചിയുടെ പഴയ ചിരിയുടെ നിഴൽ മാത്രമായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസമായി ചേച്ചിയോടു കൂടുതൽ അടുത്തിടപഴകാൻ സാധിച്ചു.
രവിയേട്ടനു സ്ഥിരം ഓട്ടമുണ്ട്.
കൊറോണക്കാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾ അവശ്യവസ്തുവായതു നന്നായി.

മൂന്നു ദിവസം മുൻപ് ചേച്ചിയോടു തുറന്നു ചോദിച്ചു.” നിങ്ങള് തമ്മില് എന്തെങ്കിലും പ്രശ്നമുണ്ടോ ചേച്ചീ?

ചേച്ചി എത്ര ഉഷാറായിരുന്നു. ഭംഗിയായിരുന്നു.
എല്ലാം പാതിയായി.
രവിയേട്ടനു സാമ്പത്തികബാധ്യതകൾ ഏറെയുണ്ടോ?
ചേച്ചിയുടെ ആഭരണങ്ങളെല്ലാം എവിടെപ്പോയി?
എന്തിനാണ്, മാളൂനെ വൈകീട്ട് ചേച്ചിയുടെ വീട്ടിലാക്കുന്നത്?”

ഷീജേച്ചിയുടെ കിടപ്പുമുറിയിലെ കട്ടിലിലിരുന്നു ഞാൻ ഒറ്റശ്വാസത്തിൽ ഒട്ടനേകം കാര്യങ്ങൾ ചോദിച്ചു.
ചേച്ചി, മുറിയുടെ വാതിലടച്ചു. എനിക്കു മുന്നിൽ വന്നു നിന്നു.
ഞാൻ അന്തിച്ചു നിൽക്കേ,

ചേച്ചി സ്വന്തം ഉടുപ്പ് തുടകൾക്കു മുകളിലേക്കുയർത്തി.
ഞാൻ അന്ധാളിച്ചു പോയി.
ഇരു തുടകളിലും പൊള്ളലേറ്റ അനേകം വൃത്താകൃതിയിലുള്ള പാടുകൾ.
അവയിൽ ചിലതിൽ നിന്നും

വെള്ളമൊലിക്കുന്നു.
ചിലതു കരിഞ്ഞിട്ടുണ്ട്.
ചേച്ചി, ഉടുപ്പിൻ്റെ ഹുക്കുകൾ അഴിച്ചുമാറ്റി.
മാറിടങ്ങളിലും അതേയവസ്ഥ.
ഞാൻ അന്തിച്ചു നിന്നു.

അവിടേ നിന്നൊരു കഥയുടെ ആരംഭം കുറിക്കുകയായിരുന്നു.
അന്ധവിശ്വാസിയായ, സദാ സംശയദൃഷ്ടിയുള്ള, അമിത മദ്യപാനിയായ രവിയേട്ടൻ്റെ കഥയുടെ ആരംഭം
സംശയത്തിൻ്റെ ഉത്തുംഗത്തിൽ ത്യജിക്കപ്പെട്ട പ്രവാസജീവിതം,
ഭർതൃവീട്ടിലെ പീഡനങ്ങൾ.

സ്വന്തം സഹോദരങ്ങളേപ്പോലും ഭാര്യയുമായി ചേർത്തുവച്ചു സംശയിക്കുന്ന മാനസികവൈകൃതങ്ങൾ.
ആങ്ങളയും, അമ്മയും എല്ലാമറിഞ്ഞിട്ടും ഏറെ സഹിച്ചു.
സ്വന്തം പറമ്പിൻ്റെ ഒരു ഭാഗം തീറെഴുതിക്കൊടുത്ത്, ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നു.

ഇത്തിരിക്കാലം നല്ല രീതിയിൽ മുന്നോട്ടു പോയി.
പിന്നീട്, ഉപദ്രവങ്ങൾ പൂർവ്വാധികം ശക്തമായി.
കുഞ്ഞിനേ, രാത്രികളിൽ അമ്മയേയേൽപ്പിച്ചു.

ഇല്ലാ ജാരൻമാരുടെ കഥകൾ മെനഞ്ഞുണ്ടാക്കി കാൽത്തുടകൾ സിഗരറ്റുതീയാൽ വേവിച്ചു.
ജോലി കഴിഞ്ഞു കൊണ്ടുവരുന്ന മദ്യക്കുപ്പികൾ അന്നന്നുതന്നേ കാലിയാക്കി.
നരകങ്ങളങ്ങനേ തുടർന്നുകൊണ്ടിരുന്നു.

“മോളേ, ഈ ലോക്ക്ഡൗണിൽ മദ്യം കിട്ടാതായപ്പോൾ കാണിക്കുന്ന പരവേശങ്ങൾ ചില്ലറയല്ല.
വീടനകത്തു ഉഴറി നടക്കും.
ഇപ്പോൾ, സിഗരറ്റും കിട്ടാതായിരിക്കുന്നു.
ആ മനുഷ്യന് ഊണും ഉറക്കവും നഷ്പ്പെട്ടിട്ടു ദിവസങ്ങളായി.
ഞാനെന്തു ചെയ്യും മോളെ.”

ഓരോ തിരിച്ചറിവുകളും കാതിൽ നടുക്കങ്ങളായാണ് വന്നു പതിച്ചത്.
ഉടഞ്ഞു ചിതറിയതൊരു ഉത്തമപുരുഷൻ്റെ വിഗ്രഹമായിരുന്നു.
നാട്ടിലൊരാൾക്കും അഹിതം പറയാനാകാത്ത വിധം ഒരാൾക്കെങ്ങനെ ഇരട്ടവ്യക്തിത്വം കാണിക്കാനാകുന്നുവെന്നോർത്ത് ഏറെയതിശയിച്ചു.

മൃതദേഹവും വഹിച്ച്, ആംബുലൻസ് യാത്രയായി.
ഷീജേച്ചിയും കുഞ്ഞും കൂടെപ്പോയിരിക്കുമോ?
പോയിട്ടുണ്ടാകാം,
രവിയേട്ടൻ സൂചിപ്പിച്ച ചെന്നൈ യാത്ര ഇതായിരുന്നിരിക്കാം.

അൽപ്പം നേരത്തിനകം അദ്ദേഹം ചിതയിൽ കനലാകും,
പക്ഷേ, പച്ചമാംസത്തിൽ അഗ്നിത്തുണ്ടുകളമർത്തുമ്പോൾ അനുഭവപ്പെടുന്ന വേദന ആ ശരീരമറിയില്ലല്ലോ.
അതു കഷ്ടമായിപ്പോയി,
തീർച്ച.
സബിത, സ്വന്തം വീട്ടിലേക്കു തിരിഞ്ഞുനടന്നു.

Leave a Reply

Your email address will not be published. Required fields are marked *