പെൺകുട്ടികൾ ആയാൽ അടക്കവും ഒതുക്കവും വേണമത്രെ! അതെന്താ, ആൺകുട്ടികൾക്ക് ഈ അടക്കവും ഒതുക്കവും ഒന്നും പാടില്ലെന്നുണ്ടോ?

(രചന: ശാലിനി)

അത്താഴം കഴിഞ്ഞു അടുക്കളയിലെ പണികളെല്ലാം ഒതുക്കി വാതിലും അടച്ചു പുറത്തിറങ്ങുമ്പോഴാണ് നീതുവിന്റെ മുറിയിൽ വെളിച്ചം കണ്ടത്.

പഠിത്തമാണോ അതോ ഉറക്കമാണോ എന്നൊന്ന് അറിയണമല്ലോ. ഹിമ അവളുടെ വാതിൽ മെല്ലെ തുറന്നു. തുറന്നു വെച്ച പുസ്തകത്തിലേയ്ക്ക് മുഖം ചേർത്ത് വെച്ച് നീതു ഉറക്കമായിട്ട് ഏറെ നേരമായെന്നു തോന്നുന്നു.

ഇവളെക്കൊണ്ട് തോറ്റല്ലോ! പ്ലസ് ടു വിന് പഠിക്കുന്ന മകളാണ് മറ്റെന്നാൾ എക്സാം ഉള്ളതാണ്. ഇങ്ങനെ കിടന്നുറങ്ങിയാൽ എന്താകും ദൈവമേ! സമയം പതിനൊന്നു പോലുമായിട്ടില്ല.

“എടീ..നീതൂ..”അമ്മയുടെ അലർച്ച കേട്ടതും അവളെ ചുറ്റി വരിഞ്ഞ ഉറക്കത്തിന്റെ ഞരമ്പ് വേരടർന്നു നിലം പതിച്ചതും പെട്ടെന്നായിരുന്നു!

“ഇതാണല്ലേ നിന്റെ പഠിത്തം! മാർക്ക് കിട്ടട്ടെ. ഞാൻ കാണിച്ചു തരാം. “രൂക്ഷമായൊരു നോട്ടത്തോടെ അവർ അവളെ ഒന്ന് നോക്കിയിട്ട് മുറിവിട്ട് പോയി. എന്തൊരു കഷ്ടമാണ്! പകല് മുഴുവനും പഠിച്ചു മടുത്തതും പോരാഞ്ഞിട്ടാണ് ഇനി രാത്രിയിലും കൂടി.

മടുത്തു! ഇത് ലാസ്റ്റ് എക്സാം ആണ്.
അതുകഴിഞ്ഞു വരുന്ന സൺ‌ഡേ ആണ് പിങ്കിയുടെ ബർത്ത്ഡേ ഫങ്ഷൻ.
അച്ഛൻ എപ്പോഴേ അനുവാദം തന്നു കഴിഞ്ഞു.
പക്ഷെ, അമ്മയും മുത്തശ്ശിയുമാണ് ഒന്നും സമ്മതിക്കാത്തത്.

പെൺകുട്ടികൾ ആയാൽ അടക്കവും ഒതുക്കവും വേണമത്രെ!
അതെന്താ, ആൺകുട്ടികൾക്ക് ഈ അടക്കവും ഒതുക്കവും ഒന്നും പാടില്ലെന്നുണ്ടോ?

ഉറക്കെ ചിരിച്ചാൽ കുഴപ്പം, നടക്കുമ്പോൾ നിലത്ത് ഒച്ച കേട്ടാൽ അതിലും കുഴപ്പം.
ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഇട്ടാൽ…
ജീൻസ് ഇട്ടാൽ…

എല്ലാം കുഴപ്പമാണ്!ഇഷ്ടപ്പെട്ടതൊക്കെയും വലിച്ചെറിയാൻ തോന്നിപ്പോകും ചില നേരത്തെ അമ്മയുടെ ഉപദേശം കേൾക്കുമ്പോൾ. അവൾ എഴുന്നേറ്റു മുഖം കഴുകാനായി പോയി. തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ നല്ല സുഖം തോന്നിച്ചു.

പക്ഷെ കവിളിൽ മുളച്ചു നിൽക്കുന്ന മുഖക്കുരുവും, കറുത്ത പാടുകളും കണ്ട് പെട്ടെന്ന് ആ സന്തോഷവും പോയിക്കിട്ടി. നല്ല കണ്ണാടി പോലെ തെളിഞ്ഞ തന്റെ പഴയ മുഖം ഓർമ്മിച്ചപ്പോൾ വല്ലാത്ത കരച്ചിൽ വന്നു.

ഈ പ്രായത്തിൽ ഇതൊക്കെ സാധാരണയാണെന്നാണ് അമ്മ പറയുന്നത്.
ആയിരിക്കും, അതുകൊണ്ട് ആവും അപർണ്ണയുടെയും, ഗായത്രിയുടെയും ഒക്കെ മുഖവും ഇതുപോലെ കുരുക്കൾ നിറഞ്ഞിരിക്കുന്നത്.

ഹ്ഹോ! എന്നാലും വല്ലാത്തൊരു പ്രായം തന്നെ.
തന്നിൽ നിന്ന് ആരോ കുട്ടിക്കാലത്തെ പെട്ടെന്ന് എടുത്തെറിഞ്ഞിരിക്കുന്നു. എന്നിട്ട് ഏതോ ഒരന്യ രൂപത്തെ, അരുതുകളുടെ രൂപക്കൂടിൽ ബന്ധനസ്ഥയാക്കി ഇട്ടിരിക്കുന്നു.

അമ്മയുടെയും അച്ഛന്റെയും ബന്ധക്കാരുടെ വീട്ടിൽ പോലും അവധിക്ക് പോയാൽ നിർത്താൻ സമ്മതിക്കില്ല. അവിടുത്തെ സമപ്രായക്കാരായ വിഷ്ണുവും ദേവുവും തന്നെ കണ്ടാൽ തിരിച്ചു പോകാൻ സമ്മതിക്കത്തെയില്ല.

രണ്ടു ദിവസം അവരുടെ കൂടെ നിന്ന് അടിച്ചു പൊളിക്കാൻ വല്ലാത്ത ആശയുണ്ട്. പക്ഷെ, കാലം വല്ലാത്തതാണെന്ന് പറഞ്ഞു കൊണ്ട് അമ്മ കണ്ണുരുട്ടും.

ഈ പറയുന്ന കാലത്തിനു പോലും പെൺകുട്ടികളെ ഇത്രയ്ക്ക് അലർജ്ജി ആയത് എന്ത് കൊണ്ടാണാവോ ? വേണ്ടായിരുന്നു. ഒരു പെണ്ണായി ജനിക്കണ്ടായിരുന്നു.

ചേട്ടനും താനും തമ്മിൽ എത്ര കളികളാണ് ഒന്നിച്ചു കളിച്ചിരുന്നത്. ഇപ്പൊ കുറച്ചു നാളായിട്ട് അതിനും വിലക്കാണ്!

എല്ലാത്തിനും കാരണം ആ നശിച്ച വയറ് വേദനയാണ്. പിന്നെ… ഒന്നും ഓർക്കാൻ ഇഷ്ടമില്ലാതെ അവൾ തലയിണയിലേയ്ക്ക് മുഖമമർത്തി.

ക്ലാസ്സിലെ ബെഞ്ചിൽ നിന്നെഴുന്നേൽക്കുമ്പോൾ പിന്നിൽ തെളിയുന്ന ചുവപ്പ് വളയങ്ങളിലേയ്ക്ക് കൈ ചൂണ്ടി കുട്ടികൾ പരിഹസിച്ചു ചിരിക്കുന്ന രംഗം എപ്പോഴും അവളെ കുത്തി മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.

പതിവ് പോലെ രാവിലെ എഴുന്നേൽക്കാൻ താമസിച്ചു. അപ്പോഴേക്കും അമ്മ ഉറഞ്ഞു തുള്ളി എത്തി.

വല്ല വീട്ടിലും പോയി ജീവിക്കേണ്ട പെണ്ണാണ്.
ഇങ്ങനെ ബോധം കെട്ടുറങ്ങിയാൽ രണ്ട് ദിവസത്തെ പൊറുതി കഴിയുമ്പോഴേയ്ക്കും അവര് ഇവിടെ കൊണ്ട് വിട്ടേച്ചു പോകും. നോക്കിക്കോ!

ഹ്ഹോ! സഹികെട്ടു.”അപ്പൊ അമ്മ എന്നെ വല്ല വീട്ടിലും വേലയ്ക്ക് പറഞ്ഞു വിടാനാണോ വളർത്തുന്നത്?”

“പിന്നെ പെൺ കുട്ടികളായാൽ വല്ല വീട്ടിലും പോയി ജീവിക്കേണ്ടവരല്ലേ? സ്വന്തം വീട്ടിൽ കാണിക്കുന്ന ശീലമാണ് മറ്റുള്ളടത്തും ചെയ്യുന്നത്. വളർത്തി വിട്ടവർക്ക് ആണ് പേരുദോഷം ഉണ്ടാവുന്നത്, അത് നിനക്ക് അറിയുമോ ?

ദയനീയമായി അച്ഛനെ ഒന്ന് നോക്കി.
പത്രം വായിക്കുന്ന അച്ഛൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു. ഒന്നും സാരമില്ലെന്ന മട്ടിൽ.

കുളിച്ചു വന്നു മുറിയിൽ കയറി കുറ്റിയിട്ടു.
ഈ മുറി മാത്രമാണ് തന്നെ നോക്കി ഒന്നും എതിർത്ത് പറയാത്തത്.

കണ്ണാടിയിൽ നോക്കി ഏറെ നേരം നിൽക്കുമ്പോൾ ആകെയൊരു സങ്കടം ഉള്ളിൽ അലറി വിളിക്കുന്നുണ്ടായിരുന്നു. എല്ലാം വലിച്ചെറിയാനും, തല്ലി തകർക്കാനുമുള്ള രോഷം പതഞ്ഞു പൊന്തുന്നുണ്ടായിരുന്നു.

” മോളെ..വാതിൽ തുറന്നെ..”അച്ഛനാണ്. അമ്മ അച്ഛനും സ്വസ്ഥത കൊടുത്തു കാണില്ല. അതാണ് ഈ വരവ്.വാതിൽ തുറന്നു കൊടുത്തിട്ട് കബോർഡിൽ എന്തോ തിരയുന്ന മട്ടിൽ നിന്നു.

“മോള് അവള് പറയുന്നതൊന്നും കാര്യമാക്കണ്ട. അമ്മമാര് അങ്ങനെയാണ്. മക്കളെക്കുറിച്ച് എപ്പോഴും ആധിയും, ടെൻഷനുമാണ്.

പ്രത്യേകിച്ച്, പെൺകുട്ടികൾ ഉള്ള അമ്മമാർക്ക്!
നീ നിന്റെ സമയത്തിനും ഇഷ്ടത്തിനും വളർന്നാൽ മതി കേട്ടോ. എങ്കിലേ നിനക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാവൂ.”

മനസ്സ് കൂട് തുറന്നു വിട്ട പറവയുടെ ആഹ്ലാദത്തിൽ അമരുന്ന പോലെയൊരു സുഖമാണ് തോന്നിയത്.

അച്ഛനെ കെട്ടിപ്പിടിച്ചു ആ കവിളിൽ ഒരുമ്മ കൊടുക്കാൻ തോന്നിപ്പോയി. പക്ഷെ, ഇനി അത് കണ്ടിട്ട് വേണം അമ്മയ്ക്ക് ഹാലിളകാൻ!

പെൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം അച്ഛന്റെ അടുത്ത് പോലും അതിരു വിട്ട് പെരുമാറരുത് എന്നാണ് കല്പന!
എന്തൊരു കാലമാണ്! വേണ്ടായിരുന്നു.. ഒരു പെണ്ണായി ജനിക്കണ്ടായിരുന്നു!

എങ്കിലും അച്ഛനെങ്കിലും തന്നെ മനസ്സിലാക്കുന്നുണ്ടല്ലോ എന്ന സന്തോഷം ചില്ലറയല്ലായിരുന്നു. അതിന്റെ ആശ്വാസത്തിൽ അവൾ കണ്ണാടിയിൽ നോക്കി ഒരു മൂളിപ്പാട്ടോടെ മുടി ചീകാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *