ഗേറ്റു തുറക്കുമ്പോഴെ കാണാമായിരുന്നു, കർട്ടനപ്പുറത്തെ മെലിഞ്ഞ നിഴൽ രൂപത്തെ. വാതിൽ തുറന്നു തന്ന്, അകത്തേ മുറിയിലേക്കു അമ്മ

ആർദ്രം
(രചന: രഘു കുന്നുമ്മക്കര പുതുക്കാട്)

മീനത്തിലെ നിലാവിനെന്തു ചേലാണ്.
രണ്ടുദിവസം മുൻപു, ആർത്തലച്ചു പെയ്തൊരു പകൽ മഴയുടെ പ്രഹരശേഷിയിൽ ഉലഞ്ഞുപോയ ഹരിതപത്രങ്ങൾക്കു മേലെ ചുളിയാത്ത കസവു പുതപ്പിച്ച നിലാവ്.

ഗേറ്റ് കടന്ന് മുറ്റത്തേക്കു കയറും മുൻപേ, വിനോദ് വാച്ചിൽ നോക്കി.
പതിനൊന്നു കഴിഞ്ഞിരിക്കുന്നു.
ഇടതു ചുമലിലൂടെ വലത്തേക്കിട്ടു ബന്ധിച്ച ‘ശേഷം കെട്ടിയ തുണി’ ഭദ്രമായി ഇല്ലേയെന്നു, ഷർട്ടിനു മുകളിലൂടെ

പതുക്കേ വിരലോടിച്ചുറപ്പു വരുത്തി.
തെക്കേത്തൊടിയിൽ, ഒരു മൺകൂന തെല്ലുയർന്നു നിൽപ്പുണ്ട്.
അതിനു മുകളിലായി തെങ്ങോലകളുടെ നിഴൽ പതിഞ്ഞിരിക്കുന്നു.

പവിത്രം ധരിച്ച്, ഈറനായി, തറ്റുടുത്ത്, പ്ലാശിൻ കമ്പുകളാൽ അസ്ഥികൾ പെറുക്കിയെടുത്ത് മൺകുടത്തിലാക്കി സാഗരത്തിൽ നിമജ്ജനം ചെയ്തത്,
ഇന്നു രാവിലെയായിരുന്നു.
കടലിൽ മുങ്ങിനിവർന്നു,

പിന്തിരിഞ്ഞു നടക്കുമ്പോൾ തിരകൾ കൂട്ടിക്കൊണ്ടു വന്ന ചെത്തിപ്പൂക്കൾ,
ഒരു ചെമ്പട്ട്.
കാതിലപ്പോൾ അമ്മയുടെ പിൻവിളി കേൾക്കുന്നുണ്ടായിരുന്നു.
“മോനേ, വിനൂ…. ”

ഇരുമ്പുഗ്രില്ലിനു പുറകിലുള്ള കർട്ടനുള്ളിലൂടെ ഇറയത്തെ വെളിച്ചം നേർത്തു മഞ്ഞച്ചു കാണാം.
ഇന്നലെകളിലെ പാതിരാക്കാലങ്ങളിൽ വീടണയുമ്പോൾ,
ഗേറ്റു തുറക്കുമ്പോഴെ കാണാമായിരുന്നു, കർട്ടനപ്പുറത്തെ മെലിഞ്ഞ നിഴൽ രൂപത്തെ.

വാതിൽ തുറന്നു തന്ന്,
അകത്തേ മുറിയിലേക്കു അമ്മ പിൻവലിയുമ്പോൾ,
മുറിയകത്തു നിന്നും അച്ഛൻ്റെ ശബ്ദം കേൾക്കാം.”വന്നോ, അവൻ?”

ഒരു മൂളലിൽ ഒതുങ്ങുന്ന അമ്മയുടെ മറുപടിയും.
ഇനിയാ കാത്തിരിപ്പുകളും, ചോദ്യോത്തരങ്ങളുമില്ല.
കാളിംഗ് ബെൽ മുഴക്കി തെല്ലുനേരം കാത്തുനിന്നു.
ഗ്രിൽ തുറക്കപ്പെട്ടു.

നിഷയാണ്,
ഉച്ചിയിൽ തലമുടിയുയർത്തിക്കെട്ടി, രാവുടുപ്പും ധരിച്ചെത്തിയ അവളുടെ മിഴികളിൽ ഉറക്കം മുറിഞ്ഞതിൻ്റെ കലക്കങ്ങളുണ്ടായിരുന്നു.

ഉമറത്തേക്കു കയറിയപ്പോൾ, മിഴികൾ പൂമുഖവാതിലിൻ്റെ മുകളിലേക്കു നീണ്ടു.
അച്ഛൻ്റെ, തെല്ലു പഴക്കം വന്ന വലിയ ചിത്രത്തിനരികിൽ ഇന്നു സ്ഥാപിക്കപ്പെട്ട അമ്മയുടെ ഫോട്ടോ.
രണ്ടിലും, പ്ലാസ്റ്റിക് ഹാരങ്ങൾ ചാർത്തിയിരിക്കുന്നു.
ഒരു കുഞ്ഞു ബൾബ് കെടാവിളക്കായി കത്തുന്നുണ്ട്.

“എന്താ ഏട്ടാ വൈകീത്?
ഞാൻ കുറേനേരം കാത്തുകിടന്നു.
മോനുറങ്ങീപ്പോ അറിയാതെയുറങ്ങിപ്പോയി,
അടിയന്തിരം പറഞ്ഞവസാനിച്ചു ല്ലേ?
ഏട്ടൻ, ഭക്ഷണം കഴിച്ചോ?
ഇല്ലെങ്കിൽ ഞാനെടുത്തു തരാം.”

ഭാര്യയുടെ ചോദ്യത്തിന്, “ഇല്ല” എന്ന ഒറ്റ വാചകത്തിൽ മറുപടി നൽകി.
അവൾ അടുക്കളയിലേക്കു നടന്നു.
പുല വീടും വരേ പുറമേ നിന്നും ഭക്ഷണമരുതെന്നു അവൾ മറന്നുപോയിട്ടുണ്ടാകും.

ഉമ്മറവാതിലടച്ച്, അടുക്കളയിലേക്കു നടക്കാൻ തുടങ്ങുമ്പോൾ അകത്തളത്തിലെ മുറിയുടെ വാതിൽക്കലേക്കു വെറുതെ കണ്ണോടിച്ചു.
ഒരു പരുക്കൻ ശബ്ദത്തിൽ ചോദ്യമുയരുന്നുണ്ടോ.

“അവൻ, വന്നോ…?”
വാത്സല്യത്തിൻ്റെ താരള്യമുള്ള ഒരു മൂളൽ മറുപടിയായുയരുന്നുണ്ടോ?

ഓർമ്മകളിൽ,
ഇല്ലായ്മകളുടെ ഇന്നലെകളിൽ ചേർത്തുപിടിച്ച അമ്മയുടെ അദ്ധ്വാനങ്ങളുടെ വേർപ്പുഗന്ധം.
കൗമാരങ്ങളിൽ അടുക്കളപ്പടിയിൽ കുന്തിച്ചിരിക്കുമ്പോൾ

തലമുടിയിഴകളിലൂടെ പരതിനടന്ന നാട്ടുപണിയെടുത്തു തഴമ്പിച്ച വിരലുകൾ.
മുൻകോപിയായ അച്ഛൻ്റെ ശിക്ഷണങ്ങളെ പ്രതിരോധിക്കാൻ ഇടയിൽ കയറുന്ന വാത്സല്യം.”വിനുവേട്ടാ,ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്.”

നിഷയുടെ ശബ്ദം.
തീൻമേശക്കരികിലേക്കു നടക്കുമ്പോൾ വിനോദിൻ്റെ ചിന്തകളിൽ ഒരു ചെമ്പട്ടായിരുന്നു.
തിരകൾ, തിരികെയെത്തിക്കാൻ വെമ്പിയ വാത്സല്യങ്ങളുടെ ചുവന്ന പട്ട്.
സ്ഥാനം തെറ്റിയ

ജാലകവിരികൾക്കിടയിലൂടെ ഒരു നിലാക്കീറ് അകത്തളത്തിലേക്കു നീളുന്നുണ്ടായിരുന്നു.
വിനോദ്, നെഞ്ചിനു കുറുകേക്കിടന്ന വെള്ളത്തുണിയിൽ കൈവിരലുകൾ ചേർത്തു.
ഉള്ളിലിരുന്നാരോ പറയുന്നു.” ഉണ്ട്, അമ്മയരികിലുണ്ട്”

Leave a Reply

Your email address will not be published. Required fields are marked *