എന്നെ മറ്റൊരു കണ്ണിൽ കൂടെ കണ്ടിട്ടില്ലാത്ത ഉണ്ണിയേട്ടൻ എന്റെ പ്രണയം അറിഞ്ഞ നിമിഷം തന്നെ ആ കൈകൾ എന്റെ ഇടത്തെ കവിൾ ചുവപ്പിച്ചു

എഴുത്ത്: Reshja Akhilesh

ദയ വാതിൽ തുറന്ന് കൊടുത്തതും ആക്രോശിച്ചു കൊണ്ട് അടുത്ത, ഹരിയുടെ കൈകളിൽ നിന്ന് അവൾക്ക് കവിളിൽ പ്രഹ-രമേറ്റതും ഒരുമിച്ചായിരുന്നു.

സ്വീകരണ മുറിയിൽ ഒഴിഞ്ഞു മാറി നിന്നിരുന്ന ബന്ധുക്കളെല്ലാം ആ കാഴ്ച്ച കണ്ട് അമ്പരന്ന് പോയി.

എന്താണ് സംഭവിയ്ക്കുന്നത് എന്ന് ചിന്തിക്കാൻ പോലും കഴിയാതെ ആ അടിയിൽ മരവിച്ചു തറഞ്ഞു നിൽക്കുകയായിരുന്നു അവൾ.

കവിളിൽ നോവ് പതിഞ്ഞു ചുവന്ന രാശി പടരും മുൻപേ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങി.

കണ്ണുനീർ തുള്ളികൾ കാഴ്ച അവ്യക്തമാക്കി.
മുൻപിൽ അനക്കമില്ലാതെ, കണ്ണുനീർ വാർത്തു നിൽക്കുന്ന ഭാര്യയെ കണ്ട് ഒരല്പം പോലും അലിവ് തോന്നിയില്ല എന്ന് മാത്രമല്ല ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്.

മുഷ്ടി ചുരുട്ടി, പല്ലിറുമ്മി കോപവും സങ്കടവും അടക്കാനാകാതെ രണ്ടടി മുൻപോട്ട് നടന്നപ്പോഴാണ് സ്വീകരണ മുറിയിലെ അലങ്കാരങ്ങളും അമ്പരന്ന് നിൽക്കുന്ന വിരുന്നുകാരേയും കാണുന്നത്.

ഹരിയ്ക്ക് കാര്യം മനസ്സിലായില്ല. ബാഗ് സെറ്റിയിലേയ്ക്ക് ഇട്ട് വന്ന വഴിയേ തിരികെ നടന്ന് ഗാർഡനിലേക്ക് നടന്നു.

ദയ നട്ട് വളർത്തിയ പല നിറത്തിലുള്ള പൂക്കൾ, അത്രയും നേരം തങ്ങളെ തലോടിക്കൊണ്ടിരുന്ന സൂര്യ കിരണങ്ങൾ പിൻവാങ്ങി തുടങ്ങിയതിന്റെ നിരാശയിലെന്ന പോലെ അവയെല്ലാം വാടി നിൽക്കുന്നു.

ആ പൂക്കളെ നോക്കി നിൽക്കവേ, ഒരുപാട് നിമിഷങ്ങളൊന്നും വേണ്ടി വന്നില്ല, തന്റെ പ്രവർത്തി അസ്ഥാനത്തായിരുന്നു എന്ന് തിരിച്ചറിയാൻ… ദയയുടെ ഹൃദയം എത്രത്തോളം പൊള്ളിയിട്ടുണ്ടാകുമെന്ന് അയാൾ ഊഹിച്ചു.

എവിടെയാണ് തനിയ്ക്ക് തെറ്റ് പറ്റിയതെന്ന് അയാൾ ചിന്തിച്ചു.
അതെ, രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപായിരുന്നു ചാരം മൂടിക്കിടന്ന ചിന്തകൾക്ക് മേലെ കാറ്റ് വീശി ആ കനൽ പുറത്ത് വന്നത്!

ഹരിയോട് പറയാതെ പലയിടങ്ങളിലേയ്ക്കും അവൾ പോയിരുന്നു.
ചില നേരങ്ങളിൽ കണ്ണു വെട്ടിച്ചു കൊണ്ടുള്ള ഫോൺ സംഭാഷണങ്ങൾ…
എല്ലാം അയാളിലെ കനലിനെ ആളിക്കത്തിച്ചു.

പക്ഷെ എല്ലാം കൂട്ടിയിണക്കി ഓർത്തു നോക്കിയപ്പോഴാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ചും
ദയയുടെ പ്രവർത്തികളുടെ പുറകിലെ ഉദ്ദേശത്തെക്കുറിച്ചും ബോധ്യമായത്.

അപ്പോഴും ദയ വാതിലിനോരം തന്നെ നിൽക്കുകയായിരുന്നു. പുറകിൽ നിന്ന് ദയയുടെ സഹോദരി ആശ്വസിപ്പിയ്ക്കാൻ എന്നവണ്ണം അവളുടെ ചുമലിൽ കൈ ചേർത്തു.

മിയയെ മുഖം പാതി തിരിച്ചൊന്നു നോക്കിയ ശേഷം അവളുടെ കൈകൾ പതിയെ എടുത്തു മാറ്റി ഹരി പോയ വഴിയേ അവളും നടന്നു.

അത്തരമൊരു രംഗത്തിന് സാക്ഷിയാകേണ്ടി വന്നതിൽ ഉറ്റ ബന്ധുക്കൾക്ക് വലിയ നിരാശ അനുഭവപ്പെട്ടു. അധികം നേരം അവിടെ നിൽക്കണോ വേണ്ടയോ എന്ന് അവർ സംശയിച്ചു.”ഹരി…”

ദയയുടെ ഇടറിയ ഒച്ചയിലുള്ള വിളി കേട്ടിട്ട് ഹരി തിരിഞ്ഞു നോക്കിയില്ല.
അവളെ എങ്ങനെ നേരിടും എന്ന് അവന് ഒരൂഹവും ഇല്ലായിരുന്നു.

അവന്റെ മൗനം കനക്കുന്നതല്ലാതെ ഒന്നും സംഭവിയ്ക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ അവൾ വീണ്ടും പറഞ്ഞു തുടങ്ങി.

“ഹരി, ഇന്ന് നമ്മുടെ അഞ്ചാമത് വിവാഹവാർഷികമല്ലേ… നിനക്ക് വേണ്ടി എന്തൊക്കെ സർപ്രൈസ് ആണെന്ന് അറിയോ ഞാൻ ഒരുക്കിയിരിക്കുന്നത്…അതൊക്കെ നീ

അറിയാതെ ഇരിക്കാൻ ഞാൻ എത്ര കഷ്ടപ്പെട്ടെന്നോ… എന്നിട്ട് നീയെന്തിനാ എന്നോട് ഇങ്ങനെ പെരുമാറിയത് എന്ന് ഏത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. പക്ഷെ നീയെന്ത്‌

ചെയ്താലും നിന്റെ ഭാഗത്തു തന്നെയായിരിക്കും ശരിയെന്നു എനിക്ക് അറിയാം. എനിക്ക് ഒട്ടും സങ്കടമില്ല, പറയ് ഹരി… എന്ത് പറ്റി?”

“അത്… ദയ, നിന്നെ പുറത്ത് പലയിടത്തും വെച്ച് കണ്ടെന്നു… പിന്നെ എന്നെയൊളിച്ചു നീ ആരോടൊക്കെയോ…എന്നോട്…”
കുറ്റബോധം കൊണ്ട് അയാളുടെ

വാക്കുകൾ അലക്ഷ്യമായി ചിതറിക്കൊണ്ടിരുന്നു എന്ത് പറയണമെന്നറിയാതെ ഉഴറുന്ന, കണ്ണുകൾ നിറഞ്ഞു കൊണ്ടിരിക്കുന്ന, ഹരിയോട് അവൾ ചേർന്ന് നിന്നു.

“മതി ഹരി, ഒന്നും പറയണ്ട, എനിക്ക് ഊഹിക്കാവുന്നതേയുള്ളു.വാ നമുക്ക് അകത്തേയ്ക്ക് പോകാം.”

ഹരിയുടെ കൈകൾ പിടിച്ചു വലിച്ചു നടക്കാൻ ഒരുങ്ങിയിട്ടും ഹരി ഒരടി പോലും മുൻപോട്ട് വെച്ചില്ല.
അവളുടെ മുഖത്തേയ്ക്ക് ഒരു നിഷേധഭാവത്തോടെ അതിലേറെ ദയനീയമായി അവൻ നോക്കി.
അതിന്റെ അർത്ഥം അവൾ മനസ്സിലാക്കി.

ഭാര്യയെ ത-ല്ലുന്ന,നിയന്ത്രിക്കുന്ന,ഭരിയ്ക്കുന്ന ഒരു വ്യക്തി ആയിരുന്നില്ല ഇപ്പോഴും അങ്ങനെയല്ല അവന്റെ അനുഭവങ്ങളാണ്, തന്റെ ഭാഗത്തു നിന്ന് ഉണ്ടായ ഒരിക്കലും

മായ്ക്കാൻ കഴിയാത്ത ഒരു തെറ്റാണ് അവനെ ഭ്രാന്ത് പിടിപ്പിക്കുന്നത് എന്ന് അവൾക്ക് അറിയാം.
ഇഷ്ടങ്ങൾക്ക് ഒന്നിനും എതിര് നിലക്കാത്ത, അസ്വാതന്ത്ര്യത്തിന്റെ

തടവറയിൽ പൂട്ടിയിടുന്ന, സംശയത്തിന്റെ മുള്ളുകൾ കൊണ്ട് വരിയുന്ന ഒരാളായിരുന്നില്ല അവനെന്ന് ആരെക്കാളും അവൾക്ക് ബോധ്യമുണ്ടായിരുന്നു.

വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഹരിയുടെയും ദയയുടെയും.
ദയയ്ക്ക് ആകട്ടെ മറവിയുടെ ഗർത്തത്തിലിട്ട് മൂടാൻ കഴിയാതിരുന്നൊരു പ്രണയവും.

രണ്ട് വർഷം വളരെ സന്തോഷം നിറഞ്ഞ കാലയളവായിരുന്നു.
അപ്പോഴാണ് ആ നഷ്ടപ്രണയം പൂർവ്വാധികം ശക്തിയോടെ പിന്നെയും അവളെ കണ്ട് മുട്ടുന്നത്.
ചെയ്യുന്നതിലെ തെറ്റും ശരിയുമൊന്നും

തന്റെ പ്രണയത്തെ കണ്ടു മുട്ടുമ്പോഴെല്ലാം അവൾ ആലോചിച്ചതേയില്ല.
പക്ഷെ ഹരി, അപ്രതീക്ഷിതമായി ദയയെയും അവളുടെ പ്രണയത്തെയും തിരിച്ചറിഞ്ഞത് മനസ്സ് തകർന്ന് പോകുന്ന സന്ദർഭത്തിലായിരുന്നു.

അവൾ പ്രണയമെന്ന് വിളിച്ചിരുന്ന ആ മോഹവളെ കൈയ്യൊഴിഞ്ഞു, പക്ഷെ ജീവനായി സ്നേഹിച്ചവനവളെ പിന്നെയും കൂടെക്കൂട്ടുകയാണ് ഉണ്ടായത്.

പിന്നെയും മാസങ്ങൾ ഒത്തിരി കഴിഞ്ഞതോടെ പഴയതെല്ലാം ഒരു ചീത്ത സ്വപ്നമായി അവർ മറന്നു കളഞ്ഞിരുന്നു.
വിവാഹവാർഷികത്തിന് അവനെ സന്തോഷിപ്പിക്കാനും

ആശ്ചര്യപ്പെടുത്താനും അവനെയൊളിച്ചു നടത്തിയ യാത്രകളും തയ്യാറെടുപ്പുകളുമാണ് അവൻ തെറ്റിദ്ധരിയ്ക്കാൻ ഇടയാക്കിയ സാഹചര്യം എന്ന് അവൾക്ക് മനസ്സിലായി.

പൊട്ടിപ്പോയൊരു ചരടിനെ എത്ര ഭംഗിയായി യോജിപ്പിച്ചാലും ആ മുറിവിന്റെതായ എന്തെങ്കിലുമൊന്ന് അവശേഷിയ്ക്കുമെന്ന് ആർക്കാണ് അറിയാത്തത്!

സാരമില്ലെന്ന മട്ടിൽ ദയ അവന് നേരെ കണ്ണുകൾ ഇറുക്കിയടച്ചു.അവളോട് ചേർന്ന് അവനും ആ പൂമുഖവാതിൽ കടന്ന് അലങ്കാരങ്ങളിലേയ്ക്കും ആഘോഷത്തിലേയ്ക്കും മടങ്ങാൻ അകത്തേയ്ക്ക് പ്രവേശിച്ചു.

ഇനിയൊരു തെറ്റിദ്ധാരണ അവർ ഇരുവർക്കുമിടയിൽ ഉണ്ടാകില്ലെന്ന് ആശ്വസിച്ച് ആ സന്ധ്യയും ഇരുളിലേക്ക് ചായാൻ വെമ്പി നിന്നു.

സ്വന്തം തെറ്റുകൾക്ക് കൊണ്ട് വിള്ളൽ വീഴ്ത്താതെ അതീവ കരുതലോടെ യാത്ര ചെയ്യേണ്ട ഒരു നേർത്ത പാതയാണ് ജീവിതമെന്ന് ഇതിനെല്ലാം സാക്ഷിയായ, കാമുകിയാകുന്ന ആ സന്ധ്യ പ്രിയതമനായ ഇരവിനോട്‌ മന്ത്രിച്ചു കാണും…

 

 

❤️രേഷ്ജ അഖിലേഷ് ❤️

Leave a Reply

Your email address will not be published. Required fields are marked *