പഴയ കാമുകിയെ മറക്കാൻ സാധിക്കാതെ ഇഷ്ടക്കേടുകൾ കാണിച്ചും കലഹിച്ചും വിവാഹമോചനത്തിന് മുൻകൈ എടുത്തതും

പ്രിയം
എഴുത്ത്: Reshja Akhilesh

ഡിസംബറിലെ അവസാന പുലരിയിൽ തണുപ്പാസ്വദിച്ചുകൊണ്ട് ,പരസപരം പുണർന്നുറങ്ങുകയാണ് ശരത്തും അയാളുടെ പ്രിയതമയും.

എന്തോ ഉൾവിളിയെന്നോണം ശരത്തിന്റെ കൈകൾ തന്നിൽ നിന്ന് പതിയെ അടർത്തി മാറ്റിക്കൊണ്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ശരത് അതിന് അനുവദച്ചില്ല.

“നീയിതെങ്ങോട്ടാ… കുറച്ചു നേരം കൂടി കഴിഞ്ഞിട്ട് എഴുന്നേൽക്കാം.” ഉറക്ക ചടവില്ലെങ്കിലും അവളെ ഒന്നുകൂടി മുറുകെ പിടിച്ച് കൊണ്ടു ശരത് പറഞ്ഞു.

“അയ്യോ. അതു പറ്റില്ല. സമയം എത്രയായെന്ന വിചാരം. അടുക്കളയിൽ ശബ്ദം കേൾക്കുന്നുണ്ട്.” വേവലാതിയോടെ അവൾ പറഞ്ഞു.

“ആഹ്… കേൾക്കട്ടെ. നീയിപ്പോ ഇവിടുത്തെ അടുക്കളക്കാരിയല്ല. വിരുന്നുകാരിയാ… മര്യാദക്ക് ഇവിടെ കിടക്ക് ” ഗൗരവത്തിൽ ശരത്തിന്റെ വാക്കുകൾ മുഴങ്ങിയപ്പോൾ അവളതനുസരിച്ചു.

“പ്രിയേ പ്രാതൽ എടുത്തു വെച്ചില്ലേ ഇതു വരെ … മിഥുനേട്ടൻ പോകാൻ നിൽക്കാ…” നീരസത്തോടെ കീർത്തി പ്രിയയെ നോക്കി ചോദിച്ചു.

” അയ്യോ ഒന്നും ആയിട്ടില്ല ചേച്ചി രാത്രി നല്ല തല വേദന ആയിരുന്നു ഉറങ്ങിയിട്ടേയില്ല. നേരം വെളുക്കാൻ ആയപ്പോഴാ ഒന്നു കണ്ണടച്ചത്. ”

“രാവിലെതന്നെ പച്ചക്കള്ളം പറഞ്ഞു നീ ബുദ്ധിമുട്ടണ്ട. ഞാൻ കല്ല്യാണം കഴിഞ്ഞു വരുന്ന കാലത്തെ നീ പോത്തു പോലെ കിടന്നുറങ്ങാൻ മിടുക്കി ആയിരുന്നു.”

“അത് പണ്ടല്ലേ ചേച്ചി, എന്നോട് വഴക്കിനു വരാതെ ചേച്ചി ചെല്ല്. ഞാൻ പെട്ടന്നുണ്ടക്കാം.”

“എന്താ കീർത്തി അവടെ, രാവിലെത്തന്നെ?” കയ്യിൽ പാക്കറ്റ് പാലും കൊണ്ടു പ്രിയയുടെ അമ്മ അവിടേക്കു കടന്ന് വന്നു.

“ഇവള് ഇത്രേം നേരായിട്ട് ഒന്നും ഉണ്ടാക്കിയില്ലമ്മേ മിഥുനേട്ടന് പോകാൻ സമയമായി “”എന്താ പ്രിയേ ഇത്‌ നിനക്കിതൊക്ക നോക്കിം കണ്ടും ചെയ്തുടെ “”അമ്മേ…”

പ്രിയ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും അമ്മ കൈകൊണ്ട് മതിയെന്ന ആഗ്യം കാണിച്ചുകൊണ്ടു തുടർന്നു “കെട്ടിച്ചു വിട്ടിടത്തു ഒരു വർഷം തികച്ചില്ല, ഇവിടെയെങ്കിലും നല്ലമ്പോലെ നിന്നൂടെടി നിനക്ക്, അസത്ത് “.

കവിളിലേയ്ക്കു ചുടു കണ്ണുനീർ ഒഴുകവേ അവൾ ഓർമ്മയിൽ നിന്നും ഉണർന്നു.
ശരത് വീണ്ടും നല്ല ഉറക്കത്തിലാണ്. അവനറിയാതെ തന്നെ ചുറ്റിയ കൈകൾ എടുത്തു മാറ്റി അവൾ പതിയെ എഴുന്നേറ്റു മുറി വിട്ടു അടുക്കളയിലേക്ക് പോയി.

കീർത്തിയുടെയും അമ്മയുടെയും തന്നോടുള്ള പെരുമാറ്റത്തിൽ ചെറിയ തോതിൽ മാറ്റമുള്ളതായി പ്രിയ തിരിച്ചറിഞ്ഞു.

ഒരു മാസമായിട്ടേയുള്ളു താൻ ഇവിടെ നിന്നും പോയിട്ട് അതുവരെ സ്വന്തം വീട്ടിൽ അഭയാർത്ഥി ആയി കഴിഞ്ഞതിന്റെ നീറ്റൽ ഇപ്പോഴും ഇടനെഞ്ചിൽ ശേഷിക്കുന്നുണ്ട്.

ഒരു വർഷം മാത്രം നീണ്ടു നിന്ന വിവേകിനൊപ്പമുള്ള ദാമ്പത്യത്തിൽ നിന്നും മോചിതയപ്പോൾ സ്വസ്ഥവും സമാധാനപരവുമായ ജീവിതമായിരുന്നു മുൻപിൽ.

വിവാഹശേഷവും പഴയ കാമുകിയെ മറക്കാൻ സാധിക്കാതെ ഇഷ്ടക്കേടുകൾ കാണിച്ചും കലഹിച്ചും വിവാഹമോചനത്തിന് മുൻകൈ എടുത്തതും അയാൾ ആയിരുന്നു. വിട്ടു വീഴ്ചകൾ ചെയ്തു മുൻപോട്ടു പോകാനാണ് അമ്മയും മിഥുനേട്ടനും

നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നത്. എങ്കിലും വിവാഹമോചനം നടന്നു. അയാൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക് പോയപ്പോൾ തനിക്കു കിട്ടിയത് കുറ്റപ്പെടുത്തലിന്റെ ലോകമായിരുന്നു.

തനിക്കു സർവ്വ സ്വാതന്ത്ര്യമുണ്ടായിരുന്ന വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനം. എത്ര ഗതികേട് ഉണ്ടായാലും എന്തു പ്രശ്നം ആയാലും ശരി ഭർത്താവ് ഉപേക്ഷിച്ചു ഒരു പെണ്ണും സ്വന്തം വീട്ടിൽ

വന്നു താമസിക്കുന്നത് എരിതീയിൽ നിന്ന് വറ ചട്ടിയിലേക്ക് എന്ന പോലെയാണെന്ന് ബോധ്യമായ നീണ്ട ഒരു വർഷം. പെറ്റമ്മ പോലും പൊരെടുക്കുന്ന ദുരവസ്ഥ!

പ്രിയയുടെ ഏട്ടനായ മിഥുനിന്റെ ഭാര്യയാണ് കീർത്തി. അമ്മായിഅമ്മ ആയിരുന്നിട്ട് കൂടി കീർത്തിയോട് സസ്നേഹം പെരുമാറുകയും പ്രിയയോട് അവഗണന കാണിക്കുകയും ചെയ്യുന്ന

അമ്മ തന്നെയാണ് കീർത്തി പ്രിയയോട് കാണിക്കുന്ന വെറുപ്പിന് മൗനാനുവാദം നൽകുന്നതും.
തന്റെ ഭർത്താവിന് പ്രിയ ഒരു ഭാരമായെക്കുമോ എന്ന ചിന്ത മാത്രമല്ലായിരുന്നു അതിന് പുറകിൽ.

പ്രിയ കീർത്തിയേക്കാൾ സുന്ദരിയാണ് കല്യാണം കഴിഞ്ഞ് വന്ന നാൾ മുതൽ അതിലൊരു ചെറിയ അസൂയയും കൂടി കീർത്തിയ്ക്കുണ്ടായിരുന്നു. മകളെക്കാൾ കൂടുതൽ മകനെ സ്നേഹിച്ച അമ്മ പ്രിയയെ മനപ്പൂർവം അവഗണിച്ചു.

ഉണ്ണുന്നതിനും ഉറങ്ങുന്നതിനും ഉടുക്കുന്നതിനും കണക്കു പറയുന്ന വീട്ടുകാർക്കിടയിൽ അവൾ അന്യയായി.
ജോലിയ്ക്ക് പോകുന്നതിനും ആദ്യമേ വിലക്ക് ഉണ്ടായിരുന്നു.

നാട്ടുകാർ എന്തെങ്കിലും പറയുമെന്ന പേടി!
കീർത്തിയുടെ ദ്രോഹവും പരിഹാസവും എല്ലാം സഹിക്കാൻ ശീലിച്ചു.

അങ്ങനെയിരിക്കെയാണ് മിഥുനിന്റെ സഹപ്രവർത്തകനായ ശരത്തിന്റെ വിവാഹലോചന പ്രിയയെ തേടിയെത്തിയത്. പ്രിയയെകുറിച്ച് എല്ലാം അറിയുന്ന ഒരാൾ.

പ്രിയയ്ക്ക് നല്ലൊരാളെ ഭർത്താവായി കിട്ടുന്നതിൽ കീർത്തിയ്ക് ഒരൽപം മനപ്രയാസം ഉണ്ടായിരുന്നുവെങ്കിലും ശല്ല്യം ഒഴിഞ്ഞു പോകുമല്ലോ എന്നു കരുതി എല്ലാവരും കൂടി നിർബന്ധപൂർവ്വം പ്രിയയും ശരത്തും തമ്മിലുള്ള വിവാഹം നടത്തി.

വീട്ടിലെ അവഗണനകളിൽ നിന്നുമൊരു രക്ഷപ്പെടൽ മാത്രമായിരുന്നു പ്രിയയുടെ ചിന്ത. എന്നാൽ അതുവരെ സഹിച്ചതിനെല്ലാം ദൈവം നൽകിയ സമ്മാനമായിരുന്നു ശരത് എന്ന

ജീവിതപങ്കാളി. വിവാഹം കഴിഞ്ഞു ഒരു മാസം ആയി. വീട്ടിലേക്കു വിരുന്നു വന്നിരിക്കയാണ് ശരത്തും പ്രിയയും.

“എന്താ പ്രിയേ നിന്റെ രണ്ടാം ഭർത്താവ് എങ്ങനെയുണ്ട്. ഇനി അവനും നിന്നെ കളഞ്ഞിട്ടു പോവോ. എന്ത് കഷ്ടപ്പാടണേലും അവടെ നിന്നോണം മറ്റുള്ളോർക് ശല്ല്യം ആവരുത് ” പരിഹാസം കലർന്ന കീർത്തിയുടെ സംസാരം കേട്ടാണ് ശരത് സ്വീകരണമുറിയിലേക്കെത്തിയത്.

“ചേച്ചി പ്രിയയ്ക് ഞാൻ രണ്ടാം ഭർത്താവല്ല. അവൾക്കു ഒരു ഭർത്താവെ ഉണ്ടായിട്ടുള്ളൂ അത് ഞാനാ… താലി കെട്ടിയത് കൊണ്ട് ഭർത്താവാകുമോ?

മനസ്സിൽ മറ്റൊരുവളെ കൊണ്ടു നടന്നിട്ട് ഒരു ചരടിൽ കോർത്താൽ അത് വിവാഹമാകില്ല.
പിന്നെ ഞാൻ അവളെ ഉപേക്ഷിക്കുമോ എന്നല്ലേ… ഒരിക്കലുമില്ല. ചേച്ചിടെ ഭർത്താവും ഞാനും ഒരെ കമ്പനിയിൽ

അല്ലെ വർക്ക്‌ ചെയ്യുന്നത്… ഒരേ ശമ്പളം… എന്നാൽ ഇനിയെങ്ങനെയല്ല ഇവളെന്റെ ഭാഗ്യാ… എനിക്ക് പ്രൊമോഷൻ കിട്ടി പിന്നേം ഉണ്ട്‌ ഒരു കാര്യം…” കീർത്തിയുടെ ഉള്ളിലെ അസൂയയെ പുറത്തെടുക്കുവാനെന്ന പോലെ ശരത് വാചാലനായി.

“എന്റെ കുഞ്ഞിന്റെ അമ്മയാവാൻ പോണ എന്റെ പെണ്ണിനെ ഞാൻ എങ്ങനെയാ കളയാ”അതു കേട്ടതും “അതെപ്പോ” എന്ന ഭാവത്തിൽ പ്രിയ ശരത്തിനെ നോക്കി.

കീർത്തിയെ അസൂയയുടെ പരകോടിയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ നിൽക്കുന്ന ശരത് പ്രിയയെ കണ്ണിറുക്കി കാണിച്ചു.

വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായെങ്കിലും കുഞ്ഞുങ്ങൾ തല്ക്കാലം വേണ്ടെന്നു വെച്ച കീർത്തിയ്ക് അതു കൂടി കേട്ടപ്പോൾ നെഞ്ചിൽ ഒരായിരം സൂചി കൊള്ളുന്ന നീറ്റൽ ആയിരുന്നു.

“മിഥുനേട്ടൻ ചേച്ചിയെ കളയാതെ നോക്കിക്കോട്ടാ… വർഷം ഇത്രേം ആയില്ലേ… ഒരു അച്ഛനാവാൻ ആർക്കും ഉണ്ടാവില്ലേ ആഗ്രഹം.”

അസൂയയും ദേഷ്യവും ചുവപ്പിച്ച മുഖവുമായി കീർത്തി അവിടെ നിന്നും പോയി.
തന്റെ പെണ്ണിനെ ഇത്രയും കാലം നോവിച്ച അവരോട് ഇത്രയെങ്കിലും പറയണ്ടെയെന്ന്

ശരത് ആലോചിച്ചു നിൽക്കവേ, തന്റെ ഭർത്താവിന്റെ കുഞ്ഞു കുസൃതിയിൽ ആഹ്ലാദിച്ചു പ്രിയ അരികിൽ നിന്നു.

ആണെന്നാൽ പണിക്കു പോയി പെണ്ണിനെ പോറ്റുന്നവൻ എന്ന പഴയ സങ്കൽപം മാത്രമല്ല, ഏതു സാഹചര്യത്തിലും ചേർത്ത് നിർത്തുന്നവനാണെന്ന് അവൾക് ബോധ്യമായി.

വൈകി എത്തിയതെങ്കിലും ഒരിക്കലും തീരാത്ത ഒരു വസന്തമായി അവൻ അവളുടെ ജീവിതത്തിൽ തളിരിട്ടുപോയതായി അവളറിഞ്ഞു.

എഴുതി തുടങ്ങിയ നാളുകളിൽ എഴുതിയ ഒരെഴുത്താണ്. തെറ്റ് കുറ്റങ്ങൾ ഒരുപാട് ഉണ്ടാകാം… ചിലയിടങ്ങളിൽ കണ്ടപ്പോൾ വീണ്ടും പോസ്റ്റ് ചെയ്യാൻ തോന്നി…
അഭിപ്രായം പറയുമല്ലോ

Leave a Reply

Your email address will not be published. Required fields are marked *