രാത്രി കാമത്തോടെയും സമീപിക്കുന്ന ഒരു വിഭാഗം ആൾക്കാർ മാത്രേ നമുക്ക് ചുറ്റുമുള്ളു , സമൂഹം അവരെ വേശ്യയെന്ന് വിളിച്ച് അകറ്റി നിർത്തും

തെറ്റും ശരിയും
(രചന: ശ്യാം കല്ലുകുഴിയില്‍)

” എന്റെയുമ്മ ഒരു ഭ്രാന്തിയായിരുന്നു…. അമ്മ ഒരു വേശ്യയും ….. “നിറഞ്ഞ സദസ്സിനെ നോക്കി മാധവൻ സംസാരിച്ച് തുടങ്ങുമ്പോൾ അവിടെയാകെ പെട്ടെന്ന്

നിശബ്ദമായി. വല്യ ഹാളിന് ചുറ്റും വച്ചിരിക്കുന്ന ഫാനിന്റെ ശബ്ദം മാത്രം എല്ലാവരുടെയും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു….

” അതേ സത്യമാണ്…. “നിശബ്ദമായ സദസ്സിനെ നോക്കി ഒരു പുഞ്ചിരിയോടെ മാധവൻ സംസാരിച്ച് തുടങ്ങി….

” എന്റുമ്മ സുന്ദരിയായിരുന്നു, നിറയെ മുടികളുള്ള, വെളുത്ത് തുടുത്ത, ആരും പ്രണയിക്കാൻ കൊതിച്ചുപോകുന്ന സുന്ദരിക്കുട്ടി. ഉമ്മയ്ക്കും ഉണ്ടായിരുന്നു പ്രണയം, അന്ന് ഉമ്മയ്ക്ക് പതിനാറോ,

പതിനേഴോ വയസ്സ്, ഇന്നത്തെപ്പോലെയല്ലല്ലോ അന്ന്, വല്ലപ്പോഴുമാകും ഒന്ന് കാണാനോ, മിണ്ടാനോ കഴിയുന്നത്, അതും ആരും കാണാതെ ഒളിച്ചും പാത്തുമാകും ….

സ്നേഹിച്ചവൻ മറ്റൊരു പെണ്ണുമായി നിക്കാഹും ഉറപ്പിച്ച് ദുബായ്ക്ക് പറന്ന് കഴിഞ്ഞാണ് എന്റെയുമ്മ അറിയുന്നത്, അതിന് മുന്നേ കണ്ടപ്പോൾ അങ്ങേര്

സമ്മാനിച്ച സന്തോഷ നിമിഷത്തിന്റെ ബാക്കിപത്രമായി ഒരു കുഞ്ഞു മാധവൻ ഉമ്മയുടെ വയറ്റിൽ തുടിക്കുന്നത് അറിയും മുന്നേ ഉമ്മയുടെ മനസ്സ് കൈ വിട്ട്

പോയിരുന്നു. അല്ലെങ്കിലും പ്രീയപ്പെട്ടവരുടെ നഷ്ടങ്ങൾ തന്നെയാണല്ലോ മനുഷ്യനെ ഭ്രാന്തനാക്കുന്നത്….”

മാധവൻ അത് പറഞ്ഞ് നിർത്തി അൽപ്പനേരം സദസ്സിന് ചുറ്റും കണ്ണോടിച്ചു. എല്ലാവരും ബാക്കി കേൾക്കാൻ അക്ഷമയോടെ ഇരിക്കുകയാണ്….

” വീട്ടുകാർ അറിഞ്ഞ് ഡോക്ടറെ കാണുമ്പോഴേക്കും വയറ്റിലിട്ട് നശിപ്പിച്ചു കളയാനുള്ള സമയമൊക്കെ കഴിഞ്ഞിരുന്നു,

എന്നാൽ ഈ തന്തയില്ലാത്തവൻ ജനിച്ചിട്ട് എന്തേലും ചെയ്യാമെന്ന് ആ വീട്ടുക്കാർ തീരുമാനിച്ചത് കൊണ്ടാകും ഞാൻ ജനിച്ചത്… ഒരു ഭ്രാന്തിയുടെ മകന്റെ ജനനം…..

ഈ പൂച്ചയും പട്ടിയുമൊക്കെ പെറ്റ് കിടക്കുമ്പോൾ ആരേലും അടുത്തേക്കെങ്ങാനും ചെന്നാൽ കടിക്കാൻ ചാടി വീഴില്ലേ അതുപോലെ ആയിരുന്നു ഉമ്മ, ഊണും ഉറക്കവും

ഇല്ലാതെ എപ്പോഴും ചേർത്ത് പിടിച്ചിരിക്കും, എല്ലാവരെയും സംശയമായിരുന്നു ഉമ്മയ്ക്ക്. സ്നേഹിച്ചവൻ പോയത് പോലെ ഇനി എന്നെയും ആരെങ്കിലും തട്ടിയെടുക്കുമോയെന്ന പേടി…..

ഉമ്മയുടെ അവസ്ഥ കണ്ടാകും പിന്നെ വീട്ടുകാർ കുടുംബവും കുടുംബമഹിമയും മറന്ന് തുടങ്ങി, പക്ഷേ സമനില തെറ്റിയ ഏതോ ഒരു രാത്രി ആരോടും പറയാതെ

ഉമ്മ എന്നെയും കൊണ്ട് ആ വീട് വിട്ടിറങ്ങി, എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ് നടന്നു , രാത്രി കടത്തിണ്ണയിൽ ഉറങ്ങി, വിശക്കുമ്പോൾ നാട്ടുകാർക്ക് മുന്നിൽ കൈനീട്ടി, ചിലർ

ഭ്രാന്തിയെന്ന് പറഞ്ഞ് ആട്ടിയോടിച്ചു, ചിലർ സഹതാപത്തോടെ നോക്കി നിന്നു, ചിലർ പേഴ്സിന്റെ അടിയിൽ നിന്ന് ചില്ലറ തപ്പി പിടിച്ച് തന്നു…. “മാധവൻ നിശബ്ദതമായ സദസ്സിനെ നോക്കി അൽപ്പനേരം നിന്നു….

” രാത്രി ഏതോ കടത്തിണ്ണയിൽ ഉമ്മയുടെ ചൂടും പറ്റി കിടക്കുമ്പോഴാണ് അമ്മയെ കാണുന്നത്, പകൽ ആൾക്കാർ പുച്ഛത്തോടെയും രാത്രി കാമത്തോടെയും സമീപിക്കുന്ന ഒരു വിഭാഗം ആൾക്കാർ മാത്രേ നമുക്ക് ചുറ്റുമുള്ളു ,

സമൂഹം അവരെ വേശ്യയെന്ന് വിളിച്ച് അകറ്റി നിർത്തും… അതേ പറഞ്ഞുറപ്പിച്ചു പൈസ കിട്ടാൻ വേണ്ടി തല്ല് കൂടിയും, തെറി വിളിച്ചും, സമൂഹത്തിൽ ഇന്നും അവർ കൊള്ളരുതാത്തവരായി ജീവിക്കുന്നു…

അന്ന് ഏതോ ഹർത്താൽ ദിവസമായിരുന്നു, രണ്ട് മൂന്ന് ദിവസത്തെ പട്ടിണി ഉമ്മയെ എഴുന്നേൽക്കൻ പോലും സാധിക്കാത്തത് പോലെ തളർത്തികിടത്തിയിരുന്നു.

രാത്രി ആയപ്പോഴും ആ കിടപ്പിൽ നിന്ന് എഴുന്നേൽക്കാതിരുന്നപ്പോഴാണ് പേടിച്ച് തുടങ്ങിയത്, പക്ഷേ ആ പേടിക്കും മുകളിൽ ആയിരുന്നു വിശപ്പ്, അതാണന്ന് അമ്മയുടെ പുറകെ നടന്നത്….

എന്നെ ആട്ടിയോടിക്കാൻ അമ്മ ശ്രമിക്കുന്നതും, ഇലാസ്റ്റിക് വലിഞ്ഞ് ഊരിപ്പോകുന്ന നിക്കർ ഒരു കൈ കൊണ്ട് പിടിച്ച്, ഒരു കൈവിരലിലെ നഖവും കടിച് നിൽക്കുന്ന ആ മാധവനെ ഞാനെപ്പോഴും ഓർക്കും….

പോകാതെ ഞാൻ പിന്നാലെ കൂടിയത് കൊണ്ടാണ് അമ്മ വഴക്കും പറഞ്ഞ് എന്നെ വീട്ടിലേക്ക് കൂട്ടിയത്, അന്ന് എനിക്ക് ഉണ്ടാക്കി തന്ന ഗോതമ്പ് ദോശയും, തലേ ദിവസത്തെ മീങ്കറിയുടെ ചാറും, അതിലും രുചിയുള്ള ഭക്ഷണം വേറെ കഴിച്ചിട്ടില്ല…

അന്ന് വയറൊന്ന് നിറഞ്ഞ് കഴിഞ്ഞാണ് ഉമ്മയുടെ കാര്യം ആലോചിക്കുന്നത് തന്നെ, ഉമ്മയ്ക്ക് കൊടുക്കാൻ അമ്മ തന്ന ദോശയും കയ്യിൽ പിടിച്ച് തിരികെ നടക്കുമ്പോൾ അമ്മയും കൂടെയുണ്ടായിരുന്നു.

ഞാൻ ചെല്ലുമ്പോഴും ഉമ്മ ആ കിടപ്പിൽ നിന്ന് എഴുന്നേറ്റിട്ടില്ല, തട്ടി വിളിച്ചിട്ടും അനക്കമൊന്നും ഇല്ലാതിരുന്നപ്പോഴാണ് അമ്മകൂടി വിളിച്ച് നോക്കിയത്, അൽപ്പനേരം ഉമ്മയെ നോക്കി നിന്നിട്ട് അമ്മയൊന്നും മിണ്ടാതെ റോഡിലൂടെ

നടന്ന് പോകുന്ന ഒന്ന് രണ്ട് പേരെ വിളിച്ചു…. വരുന്നവർ വരുന്നവർ ഉമ്മയെ നോക്കിയിട്ട് എന്നെയും സഹതാപത്തോടെ നോക്കി അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്….

അമ്മ തന്ന ദോശയുടെ രുചി വായിൽ നിന്ന് പോകാതെ ഇരുന്നപ്പോൾ പിന്നെയും വിശപ്പ് തോന്നിയത് കൊണ്ടാണ് ഉമ്മയ്ക്ക് കൊണ്ടുവന്ന ദോശയും തിന്ന്

തുടങ്ങിയത്, ഉമ്മ മരിച്ച് പോയെന്നോ ഇനിയൊരിക്കലും തിരികെ വരില്ലെന്നോ തിരിച്ചറിയാറാനുള്ള പ്രായം ആയിയില്ലല്ലോ അന്ന്….. ”

കണ്ണുനീർ കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ച് മാധവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ച് നിന്നു…

” ആരൊക്കെയോ വന്ന് ഉമ്മയെയെടുത്ത് വണ്ടിയിൽ കൊണ്ട് പോകുമ്പോൾ ദോശയും ചുരുട്ടിപിടിച്ച് പുറകെ നടന്നയെന്നെ അമ്മ കയ്യിൽ പിടിച്ച് വലിച്ച് അവർക്കരികിൽ നിർത്തി.

അന്ന് തിരികെ ഉമ്മയുടെ അരികിലേക്ക് പോകാതെ എന്നെ പിടിച്ച് നിർത്തിയതും അമ്മ തന്ന ഭക്ഷണത്തിന്റെ രുചിയാണ്. അല്ലെങ്കിലും ഉമ്മയുടെ അരികിലേക്ക്

പോകാൻ വേണ്ടി മനോനില തെറ്റിയ ഉമ്മയിൽ നിന്ന് ഓർത്തെടുക്കാൻ നല്ലയോർമ്മകൾ ഒന്നും ഇല്ലായിരുന്നു. സ്നേഹമോ, ലാളനയോ, അങ്ങനെയൊന്നും…….

അമ്മയുടെ കൂടെ പോകുമ്പോ സന്തോഷമായിരുന്നു, ഭക്ഷണം കിട്ടുമെന്നുള്ള സന്തോഷം. ഇനി പട്ടിണി കിടക്കേണ്ടി വരില്ലല്ലോയെന്ന ആശ്വാസം….

അമ്മയും ഉമ്മയെപ്പോലെ ആയിരുന്നു, അവരും വഞ്ചിക്കപ്പെട്ടത് സ്നേഹം കൊണ്ടാണ്. ഉമ്മയുടെ മനസ്സ് കൈ വിട്ടുപോയപ്പോൾ അമ്മയ്ക്ക് പിന്നെ എല്ലാവരോടും ഒരു തരം ദേഷ്യവും

വാശിയും ആയിരുന്നു. ആ വാശിയോടെ തന്നെയാണ് അവർ ഓരോ ആണുങ്ങൾക്കൊപ്പവും പോയത്, ആ വാശി തന്നെയാണ് അവരെ ജീവിക്കാൻ പ്രേരിപ്പിച്ചതും….

എന്റെ അമ്മ ഒരാളോടും സ്നേഹത്തോടെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, സ്നേഹത്തോടെ പെരുമാറുന്നത് കണ്ടിട്ടില്ല, ഒരു മൂളിപ്പാട്ട് പോലും പാടുന്നത് കേട്ടിട്ടില്ല, പിറമേ നിന്ന് കാണുന്നവർക്ക് അമ്മ ഒരു ദേഷ്യക്കാരിയും,

മോശം സ്ത്രീയുമാണ്….. പക്ഷെ അമ്മ അങ്ങനെയൊന്നും ആയിരുന്നില്ല, സാഹചര്യങ്ങൾ ആണ് അമ്മയെ അങ്ങനെ ഒരു സ്ത്രീയാക്കി മാറ്റിയത്, സ്നേഹവും വാത്സല്യവുമൊക്കെ ഇപ്പോഴും അമ്മയുടെയുള്ളിൽ ഉണ്ട്….

എന്നെ ഞാനാക്കിയ, എന്നെ നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ നിർത്താൻ പ്രാപ്തനാക്കിയ, എന്റെയമ്മ നിങ്ങൾക്കിടയിൽ ഇരിപ്പുണ്ട്….. ”

മാധവൻ അത് പറയുമ്പോ സദസ്സിലിരുന്നവർ ചുറ്റും ആ അമ്മയെ തിരയുന്നുണ്ടായിരുന്നു….” അമ്മ കയറി വാ…. ”

മാധവൻ അത് പറയുമ്പോൾ സദസ്സിൽ നിന്നൊരു സ്ത്രീ എഴുന്നേറ്റു. എല്ലാവരുടെയും കണ്ണുകൾ അവരിലേക്കായിരുന്നു. അവർ ഓരോ കാൽ ചുവട് വയ്ക്കുമ്പോഴും ഉച്ചത്തിൽ

കയ്യടികൾ ഉയർന്ന് കഴിഞ്ഞിരുന്നു. മാധവൻ അവരെയും ചേർത്ത് പിടിച്ച് സദസ്സിന് മുന്നിൽ കുറച്ച് നേരം നിന്ന ശേഷമാണ് സദസ്സ് വീണ്ടും നിശബ്ദമായത്…

” ഇതാണെന്റെ അമ്മ…. “അത് പറഞ്ഞ് മാധവൻ ഒന്ന് കൂടി അവരെ തന്നിലേക്ക് ചേർത്ത് നിർത്തി…

” എനിക്ക് ഈ പേര് തന്നത് എന്റെ അമ്മയാണ്, അമ്മയ്ക്ക് ഒരു കുഞ്ഞ് ഉണ്ടാകുമ്പോൾ ഇടാൻ വച്ചിരുന്ന പേരായിരുന്നു മാധവൻ, മനോഹരമായ പേരല്ലേ മാധവൻ…. “സദസ്സിനെ നോക്കി ചോദിക്കുമ്പോൾ അതേ എന്നവർ ഉച്ചത്തിൽ പറഞ്ഞു…

” അപ്രതീക്ഷിതമായി ഞാൻ അമ്മയുടെ ജീവിതത്തിലേക്ക് കടന്ന് വന്നതിന്റെ ബുദ്ധിമുട്ട് അമ്മയ്ക്ക് ഉണ്ടായിരുന്നു, പല രാത്രിയിലും അമ്മയെ തേടി വരുന്നവരെ അമ്മ ഇറക്കി വിട്ടു, ആ തൊഴിൽ തന്നെ നിർത്തിയെന്ന് പറയുന്നതാകും ശരി….

നിങ്ങൾക്ക് അറിയാല്ലോ ജീവിതത്തിൽ ഒരു തവണ ആ പേര് വീണാൽ പിന്നെ എന്ത് ചെയ്താലും അത് അങ്ങനെ തെളിഞ്ഞു നിൽക്കും. അമ്മയ്ക്കും അതുപോലെ ആയിരുന്നു അമ്മ പലയിടങ്ങളിലും

ജോലിക്ക് പോയി പക്ഷേ ആ പഴയ ജോലിക്ക് ആണേൽ എല്ലാവർക്കും സമ്മതം ആവശ്യമുള്ള പൈസയും കൊടുക്കും അല്ലാതെ മറ്റൊരു ജോലി…….

കുറെ കഷ്ടപ്പെട്ടു എന്റെയമ്മ, ആ നാട് തന്നെ വിട്ട് പോകാമെന്ന് കരുതിയതാണ്, പക്ഷേ തോറ്റ് ഓടാൻ അമ്മയ്ക്ക് പറ്റില്ലായിരുന്നു അങ്ങനെ പറ്റുന്ന ജോലിക്ക് എല്ലാം പോയി എനിക്ക് വേണ്ടി, എന്നെ സ്കൂളിലാക്കി…

എന്നെ സ്കൂളിൽ ചേർത്തപ്പോഴാണ് ഭ്രാന്തിയുടെ മകൻ വേശ്യയുടെ മകനായി മാറിയത്. സ്കൂളിലെ കുട്ടികളൊക്കെ പലപ്പോഴും ഞാൻ കേൾക്കാതെയും, എന്നെ കേൾപ്പിച്ചും വിളിക്കും വേശ്യയുടെ മകനെയെന്ന്, എനിക്കതിൽ വിഷമം

ഒന്നും തോന്നിയില്ല കാരണം എന്നിൽ ജീവൻ നിലനിൽക്കുന്നത് തന്നെ അങ്ങനെയൊരു സ്ത്രീ ഉള്ളത് കൊണ്ടാണ്. പട്ടിണി കിടന്ന് മരിക്കുന്നതിലും നല്ലത് വേശ്യയുടെ മകനായി ജീവിക്കുന്നതാണ്….

സത്യത്തിൽ എന്റെയുമ്മയും അമ്മയുമൊക്കെ തോറ്റ് പോയത് സ്നേഹത്തിന്റെ മുന്നിലാണ്, സ്നേഹിച്ചവരെ വിശ്വസിച്ചതിന്റെ പേരിലാണ്. സ്നേഹിച്ചയാളിന് മുന്നിൽ സ്വന്തം ജീവിതം തന്നെ അടിയറവ്

പറഞ്ഞവർ, അവസാനം എന്ത് നേടി ഇവരൊക്കെ, കുടുംബക്കാരുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്താലും കളിയാക്കലും, ചിലരുടെ ഒക്കത്ത് എന്നെപ്പോലെ തന്തയില്ലാത്ത കുഞ്ഞുങ്ങളും മാത്രം….. ആരെങ്കിലും

അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചിട്ടുണ്ടോ, അവർക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടോ, അവരുടെ കണ്ണുനീർ തുടച്ചിട്ടുണ്ടോ, ഒരു ആശ്വാസവാക്കെങ്കിലും…..

നമ്മൾ എല്ലാവരും അങ്ങനെയാണ് എല്ലാവരെയും പുറമെ നിന്ന് കണ്ട് വിലയിരുത്തും, അവരുടെ ഉള്ളിലെ അവരെയാണ് നമ്മൾ തിരിച്ചറിയേണ്ടത്, പുറമെ മാന്യത കാണിച്ച് ആരും

അറിയില്ലെന്ന് നടിച്ച് പല ഉടായിപ്പുകളും നടത്തുന്ന ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ നമുക്ക് ചുറ്റും ഉണ്ട് പക്ഷേ അവരെന്നും സമൂഹത്തിൽ മാന്യന്മാരായി തന്നെ നിൽക്കും…. അവർക്ക് മാത്രം ഉള്ളതാണ് ഈ സമൂഹം എന്ന് ചിന്തിക്കുന്നവർ….

ഇന്ന് ഈ സ്ഥാപനം തുടങ്ങുന്നത് അവർക്ക് വേണ്ടിയാണ് ഒന്നുമറിയാത്ത അനാഥമാകുന്ന ബല്യങ്ങൾക്ക് വേണ്ടി, മുഷിഞ്ഞ വസ്ത്രങ്ങളുമായി നിങ്ങൾക്കരികിൽ വരുമ്പോൾ നിങ്ങൾ

മൂക്ക് പൊത്തില്ലേ, നിങ്ങൾക്ക് നേരെ കൈ നീട്ടുമ്പോൾ കണ്ടില്ലെന്ന് നടിച്ചിരിക്കില്ലേ, അതേ അതുപോലുള്ള ബാല്യങ്ങൾക്ക് വേണ്ടി, അവരുടെ കുട്ടിക്കാലവും നല്ല നല്ല

ഓർമ്മകൾ കൊണ്ട് നിറയ്ക്കാൻ വേണ്ടി, അവരെ പഠിപ്പിക്കാൻ വേണ്ടി, നല്ല ജോലി കിട്ടാൻ വേണ്ടി. നാളെയുടെ മുതൽക്കൂട്ടായി…..”അത് പറഞ്ഞപ്പോഴേക്കും സദസ്സിൽ നിന്ന് ഉച്ചത്തിൽ കയ്യടി ഉയർന്നു…

അമ്മയുടെ കയ്യും പിടിച്ച് മാധവൻ പുറത്തേക്ക് നടന്നു. അവിടെ കൂടി നിന്ന് കളിച്ചു കൊണ്ട് നിന്ന് കുട്ടികൾ അയാൾക്കും അമ്മയ്ക്കും അരികിലായി വട്ടമിട്ടു നിന്നു,

കുട്ടികളോട് എന്തൊക്കെയോ പറഞ്ഞ് പൊട്ടി ചിരിച്ച് അയാളും അമ്മയും, മനസ്സ് നിറഞ്ഞ സന്തോഷത്തോടെ അവർക്കൊപ്പം, അവരിലൊരാളായി സന്തോഷം പങ്കിട്ടു…..

ആ സന്തോഷം നിമിഷങ്ങൾ അസൂയയോടെ മാറി നിന്ന് കണ്ട് ഫോട്ടോയെടുത്ത് പോസ്റ്റി കമന്റ്റും ലൈക്കും വാങ്ങി മറ്റ് ചിലരും അവരുടെ സന്തോഷം കണ്ടെത്തി……

 

Leave a Reply

Your email address will not be published. Required fields are marked *