വീട്ടിലുള്ള പെണ്ണുങ്ങക്കു കഴിവില്ലെങ്കി ആണുങ്ങള് വേറെ ആളെ തേടി പോകും. അതു നാട്ടുനടപ്പാ. പക്ഷേല് കാശു കടം പറയരുത്”

അവിഹിതം
(രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ)

“എടി കൊച്ചേ നീയാ വിനയന്റെ കെട്ടിയോളല്ലേ. അവനോടു വാസന്തീടെ കാശ് വൈകുന്നേരം വീട്ടിലെത്തിക്കാൻ പറയ്. ഇല്ലേല് വാസന്തീടെ സ്വഭാവം മാറുവേ”

റേഷൻ കടയിൽ നിന്നും അരിയുമായി പുറത്തേക്കിറങ്ങുമ്പോളാണ് ആൽത്തറ വാസന്തി എന്നു ചെല്ലപ്പെരുള്ള വാസന്തി മുന്നിൽ വന്നു പെട്ടത്.

‘എന്റീശ്വര വിനയേട്ടൻ ഇതും തുടങ്ങിയോ’ഞായറാഴ്ചകളിൽ കൂട്ടുകാരുമൊത്ത് അല്പസ്വല്പം വെള്ളമടിയും ചീട്ടുകളിയുമൊക്കെ ഉണ്ടെന്നറിയാം.

പക്ഷെ വാസന്തി യെപോലുള്ളവരുമായി ബന്ധമുണ്ടെന്ന് ഇന്നാണറിയുന്നത്.ചുറ്റും നിൽക്കുന്നവർ സഹതാപത്തോടെ തന്നെ നോക്കുന്നത് അവൾ കണ്ടു. താൻ ഭൂമിയിലേക്ക്‌ താഴ്ന്നു പോകുന്നത് പോലെ മീരയ്ക്ക് തോന്നി.

“വീട്ടിലുള്ള പെണ്ണുങ്ങക്കു കഴിവില്ലെങ്കി ആണുങ്ങള് വേറെ ആളെ തേടി പോകും. അതു നാട്ടുനടപ്പാ. പക്ഷേല് കാശു കടം പറയരുത്”

ബാർബർഷാപ്പിന്റെ വരാന്തയിലിരുന്നു മുറിബീഡിയും വലിച്ചുകൊണ്ട് ചട്ടൻ ദിവാകരൻ മീരക്കു കേൾക്കാവുന്ന വിധത്തിൽ ലോട്ടറി വാസുവിനോട് പറഞ്ഞു.

“അതു ശരിയാ”ഒരു വഷളൻ ചിരി പാസാക്കിക്കൊണ്ടു വാസു മീരയുടെ അഴകളവുകൾ കണ്ണുകൊണ്ടുഴിഞ്ഞു.

ഒരു വിധത്തിലാണ് മീര വീട്ടിലെത്തിയത്. കരഞ്ഞുകൊണ്ട് അവൾ ബെഡ്റൂമിലേക്കോടി. വന്നുവന്ന് വിനയേട്ടൻ കണ്ട തേ വി ടി ശ്ശികളെ തേടിപ്പോയിരിക്കുന്നു

തനിക്കെന്താണ് കുറവുള്ളത്?അയാളിന്നു വരട്ടെ. ഇന്നത്തോടെ ഈ വിവാഹബന്ധം അവസാനിപ്പിക്കണം. പട്ടിണിയായാലും കുഴപ്പമില്ല. തന്റെ വീട്ടിൽ ആത്മാഭിമാനത്തോടെ കഴിയാമല്ലോ

തന്റെ സ്ത്രീത്വമാണ് അപമാനിക്കപ്പെട്ടിരിക്കുന്നത്. അവൾ ബാഗെടുത്തു തന്റെ ഡ്രസ് എല്ലാം അതിൽ കുത്തിത്തിരുകി.

എന്തായാലും വിനയൻ വന്നു നാലു വാക്ക് പറഞ്ഞിട്ടെ പോകുകയുള്ളു എന്നവൾ തീരുമാനിച്ചു.

വിനയൻ പതിവിലും വൈകിയാണ് വീട്ടിലെത്തിയത്. വീടാകെ ഇരുണ്ടു കിടക്കുകയായിരുന്നു ലൈറ്റൊന്നും ഇട്ടിട്ടില്ല. ഇവളിതെവിടെ പോയി കിടക്കുന്നു. വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു.

“മീരേ എടി മീരേ ഈ പിശാശ് എവിടെ പോയിക്കിടക്കുന്നു”പിറുപിറുത്തുകൊണ്ട് മൊബൈലിന്റെ വെളിച്ചത്തിൽ സ്വിച്ച് കണ്ടുപിടിച്ചു ലൈറ്റിട്ടു.

അപ്പോഴാണ് അകത്തെ മുറിയിൽ നിന്നും ഏങ്ങലടികൾ ഉയർന്നത്.ഇവൾക്കിതെന്തുപറ്റി. അയാൾ അകത്തേക്ക് ചെന്നു കട്ടിലിൽ കിടന്ന് പൊട്ടിക്കരയുന്ന മീര

“എന്തു പറ്റി”“നിങ്ങളെന്തിനാ ഇങ്ങോട്ടു വന്നേ”“പിന്നെ ഞാൻ ഇങ്ങോട്ടല്ലാതെ എങ്ങോട്ടാ പോകാ”“വാസന്തി യുടെ അടുത്തേക്ക് പോയാ പോരായിരുന്നോ”

“ഞാൻ പോയിട്ടാ വരുന്നത്”“എന്റെ ഭഗവതി പരസ്യമായും തുടങ്ങിയോ” അവളുടെ ആർത്തനാദം ഉയർന്നു“അതിനു നീയെന്തിനാ കിടന്നു മോങ്ങണത്”

“പിന്നെ സ്വന്തം ഭർത്താവ് കണ്ട തേ വി ടി ശ്ശി കളുടെ കൂടെ അഴിഞ്ഞാടി നടക്കുന്നത് കണ്ടു ഞാൻ തുള്ളിച്ചാടണോ”

“അഴിഞ്ഞാടി നടക്കുവാന്നോ നീ എന്താ ഈ പറേണത്”“പിന്നെന്തിനാ നിങ്ങളവിടെ പോയത്”“ഞാൻ രാമേട്ടന്റെ കുറിക്കാശ് അവരെ ഏൽപ്പിക്കാൻ പോയതാ”

“രാമേട്ടന്റെ കുറിക്കാശോ. അതെന്തിനാ നിങ്ങൾ ഏൽപ്പിക്കുന്നത്”“രാമേട്ടനോട് കഴിഞ്ഞാഴ്ച രണ്ടായിരം രൂപ കടം വാങ്ങിയിരുന്നു. നിന്റെ കുഞ്ഞമ്മേടെ മോളുടെ കല്യാണം കൂടാൻ വേണ്ടി.

അത് ഇന്നലെ വാസന്തിക്കു കുറിക്കാശായി നൽകാൻ പറഞ്ഞിരുന്നു. ഇന്നലെ കൊടുക്കാൻ പറ്റിയില്ല. ഞാൻ അതു കൊടുക്കാൻ പോയതാ . അതിനു നീയെന്തിനാ കിടന്നു ബാധകൂടിയതുപോലെ തുള്ളുന്നത്”

“അപ്പൊ അതാണോ കാര്യം .ഞാൻ വിചാരിച്ചു വിനയേട്ടൻ വാസന്തീടെ തിണ്ണ നിരങ്ങാൻ പോയിട്ടു കാശ് കടം പറഞ്ഞതാണെന്നു”

മീരയിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു.“ഓ എന്റെ പെണ്ണുമ്പിള്ളേ നിന്നെ മേക്കാൻ തന്നെ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ. പിന്നല്ലേ വാസന്തി”അവൻ തലയിൽ കൈ വച്ചുകൊണ്ട് കട്ടിലിലേക്കിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *