പിഞ്ചു കുഞ്ഞിനെ കൊണ്ട് അവസാനമായി തന്റെ അമ്മയുടെ ശരീരത്തിൽ തൊടുവിപ്പിക്കുമ്പോൾ ആ ദൃശ്യം കണ്ടുനിന്നവരടക്കം വിതുമ്പി കരഞ്ഞു പോയി

(രചന: അംബിക ശിവശങ്കരൻ)

 

തെക്കേ മുറ്റത്ത് ചിതയൊരുക്കുന്ന നേരവും കുഞ്ഞ് നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.

“അതിനു വിശക്കുന്നുണ്ടാകും.മുലപ്പാൽ മാത്രം കുടിച്ചു വളരേണ്ട പ്രായമല്ലേ ഇനി ആരാ….”

ആരോ പറഞ്ഞത് കേട്ട് വീണയുടെ അമ്മയും അനിയത്തിയും അലമുറയിട്ട് കരഞ്ഞു.അപ്പോഴും അവളുടെ മൃത ശരീരത്തിന് അരികിൽ ഒന്ന് പൊട്ടിക്കരയാൻ പോലും ആകാതെ അവൻ തളർന്നിരുന്നു.

കുഞ്ഞു ജനിച്ച് ആറുമാസം തികയുന്നതേ ഉള്ളൂ…കടുത്ത പനിയെ തുടർന്നാണ് അവളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.ഏഴു ദിവസം ഐസിയുവിൽ കിടന്നെങ്കിലും എട്ടാമത്തെ ദിവസം അവൾ തന്റെ ജീവൻ വെടിഞ്ഞു പോയി.

കുളിപ്പിച്ച് പുതിയ വസ്ത്രമിട്ട് അണിയിച്ചൊരുക്കിയാണ് അവളെ അവസാനമായി കിടത്തിയത്.

പിഞ്ചു കുഞ്ഞിനെ കൊണ്ട് അവസാനമായി തന്റെ അമ്മയുടെ ശരീരത്തിൽ തൊടുവിപ്പിക്കുമ്പോൾ ആ ദൃശ്യം കണ്ടുനിന്നവരടക്കം വിതുമ്പി കരഞ്ഞു പോയി.

എല്ലാ കർമ്മങ്ങളും കഴിഞ്ഞ് വെള്ളത്തുണിയിൽ പൊതിഞ്ഞ് തന്റെ പാതിജീവനെ ചിതയിലേക്ക് എടുക്കുമ്പോൾ അത്രനേരം തരിച്ചിരുന്ന അവൻ സർവ്വ നിയന്ത്രണവും വിട്ട് അലറി.

ജന്മനാ സംസാരശേഷിയില്ലാത്ത അവന് അവസാനമായി അവളുടെ പേരുപോലും ഉച്ചരിച്ച് കരയാൻ സാധിക്കാതെ ആരുടെയൊക്കെയോ കൈവലയങ്ങളിൽ കിടന്ന് പിടഞ്ഞു കൊണ്ടിരുന്നു.

കത്തിക്കല്ലേ എന്ന് അവൻ തൊഴുതു പിടിച്ചുകൊണ്ട് കാണിച്ചുകൂട്ടുന്ന പരാക്രമങ്ങൾ അത്രയും അവിടെ തടിച്ചുകൂടിയവരുടെ കണ്ണുകളെ ഈറൻ അണിയിച്ചു.

ചിതകത്തി തീരുവോളം അവനവളുടെ ചാരയായി തന്നെയിരുന്നു.”അവൾക്ക് നോവുന്നുണ്ടാകും…..” ഞാൻ മരിച്ചാലും എന്നെ കത്തിക്കരുത് എന്ന് പറയണേ വിനുവേട്ടാ….കുഴിച്ചിട്ടാൽ മതിയെന്ന് പറഞ്ഞാൽ മതി. എനിക്ക് പേടിയാ കത്തിക്കുന്നത്.”

ഇടയ്ക്കിടയ്ക്ക് ഈ കാര്യം പറയുമ്പോഴൊക്കെയും അവളോട് വഴക്കുണ്ടാക്കുമായിരുന്നു.

നിനക്ക് മുന്നേ ഞാൻ പോകും എന്ന് അവളോട് ദേഷ്യത്തോടെ പറയും.എന്നാൽ ഇപ്പോൾ അവളുടെ വാക്ക് അറം പറ്റിയിരിക്കുന്നു. ആരോടും യാത്ര പോലും ചോദിക്കാതെ അവൾ പോയിരിക്കുന്നു.

“എന്നോട് ക്ഷമിക്ക് വീണേ…. നിന്നെ ചിതയിൽ വയ്ക്കല്ലേ എന്ന് ഞാൻ തൊഴുതു കരഞ്ഞു പറഞ്ഞു… ഈ പൊട്ടന്റെ വാക്കുകൾ ആര് കണക്കിലെടുക്കാനാണ്? നീ മാത്രമല്ലേ എന്നെ അറിഞ്ഞിരുന്നുള്ളൂ… നീ മാത്രമല്ലേ എന്നെ മനസ്സിലാക്കിയിരുന്നുള്ളൂ….”

മനസ്സിൽ ഒരായിരം വട്ടം അവളോട് മാപ്പ് പറഞ്ഞുകൊണ്ട് അവൻ പൊട്ടിക്കരഞ്ഞു.മൃതദേഹം ദഹിപ്പിക്കുന്ന ചടങ്ങ് കഴിഞ്ഞതോടെ വന്നവർ ഓരോരുത്തരായി വീട് വിട്ടു പോയി തുടങ്ങി. അപ്പോഴും അവളുടെ ഓർമ്മയെന്നോണം കുഞ്ഞിന്റെ കരച്ചിൽ അവിടമാകെ മുഴങ്ങി കൊണ്ടിരുന്നു.

അവൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു മുറിയിൽ ചെന്ന് നോക്കിയതും വീണയുടെ അനിയത്തി തന്റെ കുഞ്ഞിനെ മടിയിൽ ഇരുത്തി പാലൂട്ടുന്നതാണ് കണ്ടത്. അവൾക്കും ഒരു വയസ്സുള്ള കുഞ്ഞാണ്.

ആ കാഴ്ച ഒരു നോട്ടം നോക്കി അവൻ പുറത്തുവന്ന് അവളുടെ ചാരെ വന്നു നിന്ന് പൊട്ടിക്കരഞ്ഞു.

“ഞാനെങ്ങനെയാ വീണേ ഇതൊക്കെ കണ്ടുനിൽക്കേണ്ടത്? നീ പാലൂട്ടി വളർത്തേണ്ട നമ്മുടെ കുഞ്ഞല്ലേ അത്… നമ്മുടെ മോൾ എന്ത് തെറ്റ് ചെയ്തു? നിനക്ക് അവളെ എങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലേ?”

മനസ്സിൽ എന്തൊക്കെയോ വിചാരങ്ങൾ കടന്നുപോകുമ്പോഴും അവൻ എരിഞ്ഞടങ്ങുന്ന ആ ചിതയിലേക്ക് തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു. അലറി കരയണമെന്നുണ്ട് പക്ഷേ അതിനുപോലും കഴിയാത്ത വിധം മനസ്സും മരവിച്ചിരിക്കുന്നത് പോലെ…

ചടങ്ങുകൾ എല്ലാം കഴിയുന്നതുവരെ വീണയുടെ അമ്മയും അനിയത്തിയും മാമന്മാരും അവിടെ തന്നെയാണ് നിന്നത്.

കിടപ്പിലായ ഒരു അമ്മയാണ് അവിടെ ആകെ ഉണ്ടായിരുന്നത്. മരണവീട്ടിൽ ആരുമില്ലാതെ ആയാലും ശരിയാകില്ലെന്ന് പറഞ്ഞ് മാമന്മാരും അമ്മായിമാരും അവിടെ തന്നെ നിന്നു.

പ്രണയവിവാഹം ആയതുകൊണ്ടും വിനുവേട്ടൻ അല്ലാതെ മറ്റാരെയും വേണ്ടെന്നു വീണ വാശിപിടിച്ചതുകൊണ്ടുമാണ് എല്ലാവരും മനസ്സില്ലാ മനസോടെ വിവാഹം നടത്തി കൊടുത്തത്.

“അന്നേ ഞങ്ങൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എന്റെ മോൾക്ക് ഈ ഗതി വരില്ലായിരുന്നു…”

എന്നുപറഞ്ഞ് അമ്മ കരയുന്നത് അവൻ കേൾക്കാനിടയായെങ്കിലും അവളുടെ വേർപാടിന്റെ അത്ര വേദന തരുന്നതല്ല ഒരു കുത്തുവാക്കുകളും എന്ന് അവൻ തിരിച്ചറിഞ്ഞു.

മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും തിരികെ പോകാൻ തയ്യാറായി നിൽക്കുമ്പോഴാണ് മൂത്ത അമ്മാവൻ ആയ വേണു മാമൻ അവനെ എല്ലാവർക്കും ഇടയിലേക്ക് വിളിപ്പിച്ചത്.

“വിനു… ഇതിപ്പോ വീണ മോള് ഇങ്ങനെ പെട്ടെന്ന് പോകും എന്ന് ആരും കരുതിയതല്ല… ഇത്തിരി വിഷമം ഉള്ള കാര്യമാണ് എങ്കിലും ഞങ്ങൾ ഒരു തീരുമാനമെടുത്തിട്ടുണ്ട് നീയത് അംഗീകരിച്ചേ മതിയാകൂ…”

എന്താണെന്നുള്ള ഭാവത്തിൽ അവൻ അവരെ നോക്കി.”ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ നമ്മളെ ഏൽപ്പിച്ചിട്ടാണ് അവൾ പോയത്. ആ കുഞ്ഞിനെ പൊന്നുപോലെ നോക്കുക എന്നതാണ് നമ്മൾ ഇനി വീണു മോളോട് ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്വം.”

ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന് അവൻ ആംഗ്യം കാണിച്ചു.” നീ നോക്കില്ല എന്നല്ല വിനു പറയുന്നത്. ഒരു അമ്മയ്ക്ക് മാത്രം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.അതൊക്കെ ചെയ്തുതീർക്കാൻ പറ്റുമോ നിനക്ക്?ഇല്ല….

അതുകൊണ്ട് കുഞ്ഞിനെ വീണയുടെ അമ്മ കൊണ്ടുപോയിക്കോട്ടെ… അവിടെ വീണയുടെ അനിയത്തിയും ഉണ്ടല്ലോ…. ഭർത്താവ് ഗൾഫിൽ ആയതു കൊണ്ട് അവൾ ഇപ്പോൾ അവിടെയാണ്.

” വീണയ്ക്ക് പകരമാകില്ലെങ്കിലും അവൾ കുഞ്ഞിനും പാലൂട്ടിക്കോളും… കുട്ടിയൊന്നു വലുതായിട്ട് നീ അവളെ കൊണ്ടുവന്നോളൂ… അതുവരെ കുഞ്ഞവരോടൊപ്പം നിൽക്കട്ടെ.. ”

അയാൾ അത് പറഞ്ഞു തീർന്നതും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ അവന് തോന്നി. അവൾ പോയപ്പോൾ ഏക ആശ്വാസം കുഞ്ഞായിരുന്നു. കുഞ്ഞിനെ കൂടി നഷ്ടമായാൽ എന്തായിരിക്കും തന്റെ അവസ്ഥ?അവന് ആകെ ഭ്രാന്ത് കയറുന്നത് പോലെ തോന്നി.

കുഞ്ഞിനെ താൻ വിട്ടു തരില്ലെന്ന് അവൻ ശാഠ്യം പിടിച്ചപ്പോൾ അയാളുടെ ശബ്ദം കനത്തു.”സംസാരിക്കാൻ കഴിവില്ലാത്ത നീ എങ്ങനെയാണ് ഒരു കുഞ്ഞിനെ വളർത്തുക? അതും മാറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ.. ഒരു പാട്ടുപാടി ഉറക്കാൻ എങ്കിലും നിന്നെക്കൊണ്ട് സാധിക്കുമോ?

കുഞ്ഞിന്റെ ആവശ്യങ്ങൾ ചോദിച്ചു നിറവേറ്റാൻ നിനക്ക് കഴിയുമോ? ആരും നിന്റെ കുഞ്ഞിനെ അടർത്തിയെടുക്കുകയല്ല,.. ഇത് നിന്റെ കുഞ്ഞാണ് നിനക്ക് എപ്പോൾ വേണമെങ്കിലും അവളെ വന്നു കാണാം…

കുറച്ചു കാലം കഴിഞ്ഞാൽ അവർ കുഞ്ഞിനെ നിന്നെ തന്നെ തിരിച്ചേൽപ്പിക്കും. കുഞ്ഞിന്റെ ജീവിതം നീയായിട്ട് തകർക്കരുത് വിനു…”

ശരിയാണ് വേണു മാമൻ പറഞ്ഞത് സംസാരിക്കാൻ കഴിയാത്ത തനിക്ക് കുഞ്ഞിനെ ഒന്ന് താരാട്ട് പാട്ട് പാടി ഉറക്കാൻ പോലും ആകില്ല. അവർ കൊണ്ടുപോയിക്കോട്ടെ…. കൊണ്ടുപോയിക്കോട്ടെ….

കണ്ണുനിറഞ്ഞു കൊണ്ട് അവൻ കൊണ്ടുപോയിക്കൊള്ളൻ ആംഗ്യം കാണിച്ചു.കുഞ്ഞിനെയും കൊണ്ട് അവരിറങ്ങുമ്പോൾ മതിവരുവോളം അവൻ തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ച് മുത്തം വച്ചു. നെഞ്ച് തകരുന്ന വേദനയിലും അവൻ തന്റെ കുഞ്ഞിനെ നോക്കി പുഞ്ചിരിച്ചു.

തന്റെ കൈവിരൽ വിടാതെ മുറുകെപ്പിടിച്ച അവളുടെ കുഞ്ഞിളം കൈ അവൻ ബലം പ്രയോഗിച്ച് വിടുവിച്ചു. കണ്ണിൽ നിന്നും മായുവോളം ആ കുഞ്ഞ് അവനെ തന്നെ നോക്കി കിടന്നു.

കുഞ്ഞ് കണ്ണിൽ നിന്നും മാഞ്ഞതോടെ അവൻ ചെന്നത് അവളുടെ അടുത്തേക്കാണ്.” അവർ നമ്മുടെ മോളെ കൊണ്ടുപോയി വീണേ…., എനിക്കിനി ആരുമില്ല….. സംസാരിക്കാൻ കഴിവില്ലാത്ത എനിക്ക് നമ്മുടെ മോളെ നോക്കാൻ പറ്റില്ലെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ കൊണ്ടുപോയി കൊള്ളാൻ പറഞ്ഞു.

ഞാൻ എല്ലായിടത്തും തോറ്റുപോയി വീണേ….സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഇന്ന് ആദ്യമായി അത്രമാത്രം കൊതിച്ചു പോയി.. എങ്കിൽ എന്റെ കുഞ്ഞിനെ എങ്കിലും എനിക്ക് നഷ്ടമാവില്ലായിരുന്നു… “തന്റെ മനസ്സ് അവളുടെ മുന്നിൽ തുറക്കുമ്പോഴും കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *