മൂത്തവനെന്തോ ചെറിയ മാനസീക പ്രശ്നമൊക്കെയുണ്ടെന്ന് ഇവിടെ പരക്കെയൊരു സംസാരമുണ്ട് .. അങ്ങനെ ഒരുത്തനു വേണോ നമ്മുടെ ജീന കൊച്ചിനെ കൊടുക്കാൻ …?

ജീന
(രചന: രജിത ജയൻ)

“അല്ലാ.. ആരിത് മത്തായി യോ … ? തന്നെ കുറച്ചു ദിവസായിട്ട് ഈ വഴിക്കൊന്നും കാണാറേ ഇല്ലല്ലോ..?എന്താണ് പുതിയ വല്ല കേസും തടഞ്ഞോ തനിക്ക്..?

രാവിലെ ചായക്കടയിലെത്തിയ ഇല്ലിക്കൽ മത്തായിയോട്, കടയിൽ ചായ കുടിക്കാനെത്തിയ രാമേട്ടൻ കുശലം ചോദിച്ചതും മത്തായി ചായകടയിലിരിക്കുന്ന എല്ലാവരെയും തെല്ലഹങ്കാരത്തോടെ ഒന്നു നോക്കി ഒരു ചിരിയോടെ അടുത്തു കണ്ട ബഞ്ചിലിരുന്നു..

“കുറച്ചു തിരക്കിലായി പോയി രാമേട്ടാ.. നിന്നു തിരിയാൻ പറ്റാത്തത്ര തിരക്കാണ് കുറച്ചു ദിവസായിട്ട് ..

ആ .. ചിലതൊക്കെ ഞാനും കേട്ടിരുന്നു ,ജീന കൊച്ച് വരുന്നുണ്ടല്ലേ കാനഡയിൽ നിന്ന് …?

ഓ.. ഇതൊക്കെ ഇത്ര പെട്ടെന്നിവിടെ ചായക്കടയിലും എത്തിയോ ..?തെല്ലൊരു അതൃപ്തിയോടെ മുഖം ചുളിച്ച് മത്തായി ചോദിച്ചു

ഇതു മാത്രമല്ല മത്തായി ,താൻ തന്റെ രണ്ടു പെൺകൊച്ചുങ്ങളുടെയും കല്യാണം നിരവത്തെ തോമസിന്റെ ആൺമക്കളുമായ് നടത്താൻ പോകുവാണെന്നും ഞങ്ങളറിഞ്ഞും …

ഓ… അതും ഇവിടെ വാർത്ത ആയോ… ചോദിച്ചു കൊണ്ട് മത്തായി ബഞ്ചിൽ നിന്നെണീറ്റതും രാമേട്ടൻ മത്തായിയുടെ മുന്നിലെത്തി.

മത്തായി… നിരവത്തെ തോമസിനെയും മക്കളെയും ഇവിടെ എല്ലാവർക്കും അറിയാം നല്ലവരാ.. പക്ഷെ തോമസ്സിന്റെ മൂത്തവനെന്തോ ചെറിയ മാനസീക പ്രശ്നമൊക്കെയുണ്ടെന്ന് ഇവിടെ പരക്കെയൊരു സംസാരമുണ്ട് .. അങ്ങനെ ഒരുത്തനു വേണോ നമ്മുടെ ജീന കൊച്ചിനെ കൊടുക്കാൻ …?

ഒന്നൂല്ലെങ്കിലും നിന്നെ ഇപ്പോഴത്തെ ഈ ഇല്ലിക്കൽ മത്തായി മുതലാളിയാക്കി മാറ്റിയത് ആ കൊച്ചൊരുത്തി അല്ലേ ..?

കഴിഞ്ഞ അഞ്ചാറു കൊല്ലമായിട്ടു നാട്ടിൽപ്പോലും വരാതെ അതവിടെ കഷ്ട്ടപ്പെട്ടിട്ടല്ലേ..?
നീ ഒന്നൂടെ ഒന്ന് ആലോച്ചി ….”ഫ്‌ ഭ ചെറ്റേ .. നീ വല്ലാതെ എന്റെ കുടുംബത്തീ കേറി ഉണ്ടാക്കണ്ട .

തനിക്ക് മുമ്പിൽ നിൽക്കുന്ന രാമേട്ടനെ പുറക്കോട്ടു തള്ളിമാറ്റി കൊണ്ട് ദേഷ്യത്തിൽ മത്തായി മുമ്പിലിരുന്ന ഡസ്ക്കിലാഞ്ഞടിച്ചു പറഞ്ഞു ..

മത്തായിയുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ടമ്പരന്ന് രാമേട്ടൻ പിന്നോടു വേച്ചുപോയി .. കടയിലുണ്ടായിരുന്നവർ പകച്ച മുഖത്തോടെ മത്തായിയെ നോക്കി

“അതേ ഇവിടെ ഉള്ള എല്ലാവരും കേൾക്കാൻ വേണ്ടി പറയുവാ.. എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കാനും നടത്താനും എനിക്കറിയാം ,അതിനു പുറത്തു നിന്നാരുടേയും ഉപദേശം എനിക്ക് വേണ്ട .. എന്റെ കുടുംബത്ത് കേറി ഉണ്ടാക്കരുത് …

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് രാമേട്ടനെ ഒന്നു രൂക്ഷമായ് നോക്കി മത്തായി തന്റെ ബുള്ളറ്റിൽ കയറി പാഞ്ഞു പോയി

“നിങ്ങൾക്കിതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ രാമേട്ടാ .. ?പണം കൊണ്ട് കണ്ണ് മഞ്ഞളിച്ചിരിപ്പാണ് മത്തായിയുടെ…അവനിപ്പോ ഇവിടെ എല്ലാവരോടും പുച്ഛമാണ് ..

പണ്ടിവിടെ പള്ളിപറമ്പിൽശവകുഴി എടുത്തിരുന്ന കുഴിമത്തായി അല്ലവനിപ്പോൾ, ഇല്ലിക്കൽ മത്തായി മുതലാളിയാണ് ..ചായക്കടക്കാരൻ ബീരാൻ പറഞ്ഞത് ശരിവെച്ചു എല്ലാവരും

അഞ്ചാറു കൊല്ലം മുമ്പുവരെ ശവക്കുഴി കുത്തി വൈകുന്നേരം കള്ളും കുടിച്ച് കവലയിലൂടെ ഉടുതുണി പോലും ഇല്ലാതെ നടന്നു പോയ ഒരു മത്തായിയുടെ രൂപം അവരുടെ എല്ലാം ഉള്ളിൽ തെളിഞ്ഞു..

ആ കൊച്ചിനും കൂടി ഇഷ്ട്ടം ആയിട്ടാവും മത്തായി ഈ കല്യാണത്തിന് സമ്മതിച്ചത് , തന്തയുടെ അല്ലേ മോള് ,തോമസ്സിന്റെ സ്വത്തിലായിരിക്കും തന്തയുടെയും പെൺമക്കളുടെയും കണ്ണ് ,

അല്ലെങ്കിൽ പിന്നെ ഒറ്റ മനസ്സും ശരീരവുമായ് അവളെ ജീവനെ പോലെ സ്നേഹിച്ച നമ്മുടെ ബേസിലിനെ അവള് തള്ളിക്കളയുമോ ..?

അതും അവൾ കാനഡയിൽ എത്തി രണ്ടു മാസം കഴിഞ്ഞപ്പോ തന്നെ ..,,ശരിയാ ..അതും അവൾക്ക് കാനഡയിൽ പോവാൻ പൈസ വരെ കൊടുത്തവനെ ..ബീരാന്റെ വാക്കുകൾ ശരിവെക്കും പോലെ വേറൊരാൾ പറഞ്ഞു ..

അതോടെ ആ ചെക്കന്റെ ജീവിതം പോയെന്നു പറഞ്ഞാൽ മതിലോ .. എങ്ങനെ നടന്നിരുന്ന ചെക്കനാ.. ഇപ്പോ കള്ളും കുടിച്ച് കഞ്ചാവും വലിച്ച് ,തല്ലും ഉണ്ടാക്കി ഒരു ഗുണ്ടയെ പോലെ …കഷ്ട്ടം

അവള് നാട്ടിലെത്തിയാൽ അറിയാം അവനെന്താ ചെയ്യാന്ന്.. ഭ്രാന്തെടുത്ത് നടപ്പാണ് ചെക്കൻ …

അവരെന്തെങ്കിലും ചെയ്യട്ടെ …, നമ്മുക്കെന്താ ..?
മത്തായി പറഞ്ഞതുപോലെ അതവരുടെ കാര്യം …ചായകടയിലെ സംസാരം ബീരാൻ അവിടെ അവസാനിപ്പിച്ചു ..

“സ്വന്തമായി അധ്വാനിച്ച് പത്തു പൈസ ഉണ്ടാക്കുന്നതിന്റെ അഹങ്കാരം നീ ഈ അപ്പച്ചനോട് കാണിച്ചാൽ നീ എൻറെ മോളാണെന്ന കാര്യം ഞാൻ തൽക്കാലം അങ്ങ് മറക്കും…

കാലു രണ്ടും തല്ലിയൊടിച്ചു നിന്നെ പെരക്കകത്തിട്ട് പൂട്ടിയിട്ടാൽ എന്നോടതു ചോദിക്കാൻ ഇവിടെ ഒരു പട്ടിയും വരില്ല ,ഇതെന്റെ വീടാണ് ഇല്ലിക്കൽ മത്തായി എന്ന എന്റെ വീട്…

ഇവിടെ ഞാനാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് .. ഈ ഞാൻനെഞ്ചിൽ അടിച്ചു കൊണ്ട് അഭിമാനത്തോടെ പറയുന്ന അപ്പച്ചനെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു ജീന..

കാര്യം എൻറെ പിടിപ്പുകേടുകൊണ്ട് നമ്മുടെ കുടുംബത്തിന് ഞാൻ കുറെ നഷ്ടം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് ,നീ അതെല്ലാം ജോലിയെടുത്ത് വീട്ടിയിട്ടുമുണ്ട്

പക്ഷേ അങ്ങനെ ഒരു ജോലിക്കാരി ആക്കി നിന്നെ മാറ്റാൻ ഞാനും കുറെ വിയർപ്പൊഴുക്കിയിട്ടുണ്ട് നീയൊഴുക്കിയതിനെക്കാൾ..

നമ്മുടെ കുടുംബത്തിനു വേണ്ടി ഞാനൊഴുക്കിയ അത്ര വിയർപ്പൊന്നും എന്തായാലും അപ്പച്ചൻ ഒഴുക്കിയിട്ടുണ്ടാവില്ല ..ജീന പറഞ്ഞു
അതു പോട്ടെ അതല്ലല്ലോ ഇപ്പോ ഇവിടെ വിഷയം ,ഞാനേതു കാര്യത്തിലാണ് ഇതുവരെ അപ്പച്ചനെ അനുസരിക്കാതെ ഇരുന്നത് ?

“ഇതുവരെ നീ ഞാൻ പറഞ്ഞതെല്ലാം അനുസരിച്ചിട്ടുണ്ട് ,പക്ഷെ ഇപ്പോ നിന്റെ കല്യാണ കാര്യത്തിൽ മാത്രം ….

മതി അപ്പച്ചാ.. കൂടുതൽ പറഞ്ഞു കാര്യം വഷളാക്കണ്ട ,വിവാഹം എന്നത് എന്റെ ഭാവി ജീവിതത്തിന്റെ കാര്യമാണ് ,

അതിൽ സ്വന്തമായൊരു തീരുമാനം എടുക്കാനും നടപ്പിലാക്കാനുമുള്ള പ്രായവും പക്വതയും എനിക്കുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം ഒന്നൂല്ലെങ്കിലും കടത്തിൽ മുങ്ങി താഴ്ന്ന് മരണവക്കിലെത്തിയ ഈ കുടുംബത്തെ ഇന്നത്തെ നിലയിലെത്തിച്ചത് ഞാനല്ലേ…?

അപ്പോ ഞാൻ മതി എന്റെ വിവാഹകാര്യം തീരുമാനിക്കാൻ.. അതിലപ്പച്ചനോ അമ്മച്ചിയോ അനിയത്തിയോ ഇടപ്പെടേണ്ട..

അപ്പച്ചന് പുറക്കിലായ് തന്നെ ദേഷ്യത്തിൽ നോക്കി കൊണ്ടിരുന്ന അനിയത്തി ജിൻസിയെ നോക്കി കടുപ്പത്തിൽ പറഞ്ഞു കൊണ്ട് ജീന പുറത്തേക്കു പോയി..

ജീനയുടെ എടുത്തടിച്ചതു പോലുള്ള സംസാരത്തിൽ മത്തായിയൊരു നിമിഷം പതറിപ്പോയി .. തന്റെ വാക്കിനൊരു മറുവാക്കില്ലാത്തവൾ ഇന്നുതന്നെ വാക്കുകൾ കൊണ്ടടിച്ചിരുത്തുന്നു ..

“കണ്ടില്ലേ അപ്പച്ചാ ചേച്ചിയുടെ അഹങ്കാരം … ഈ കുടുംബം ഇന്നത്തെ നിലയിലെത്തിച്ചത് ചേച്ചിയാണെന്ന അഹങ്കാരം കൊണ്ടാ ചേച്ചി അപ്പച്ചനെ അനുസരിക്കാത്തത് ..

ജിനയുടെ സംസാരവും പ്രവർത്തിയും ഇഷ്ട്ടപ്പെടാതെ അവൾ പോയ വഴിയേ നോക്കി നിന്ന മത്തായിയെ ജിൻസി എരിക്കേറ്റി

“ദേ ജിൻസി ഞാനൊരു കാര്യം പറഞ്ഞേക്കാം നിന്റെ സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി നീ ഇല്ലാതാക്കാൻ നോക്കുന്നത് നിന്റെ കൂടപ്പിറപ്പിന്റെ ജീവിതമാണ് ..

ഒന്നുമില്ലെങ്കിലും നീയൊക്കെ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയതു അവളുടെ ശമ്പളം ഈ വീട്ടിലേക്കെത്തി തുടങ്ങിയതു മുതലല്ലേ ?

ആ.. അതെ.. അതു ചേച്ചിയുടെ കടമയാണ് അമ്മച്ചി …. ജിൻസി വീറോടെ പറഞ്ഞു

അങ്ങോട്ടു നിങ്ങളൊന്നും കാണിക്കാത്ത എന്തു കടമയും സ്നേഹവുമാടി അവൾക്ക് നിങ്ങളോട്…?

മറിയേ .. നീ വെറുതെ എന്റെ കുഞ്ഞിനോട് ദേഷ്യപ്പെടരുത് ,അവൾ പറഞ്ഞതിലെന്താ തെറ്റ് ..?

എന്താ ജീന നിങ്ങളുടെ മകളല്ലേ .. അവളെ കാണാൻ ഇവളുടെ അത്രയും ചന്തമൊന്നും ഇല്ലെങ്കിലും അവളും നിങ്ങളുടെ മകൾ തന്നെയാണ് ,പക്ഷെ നിങ്ങൾക്കെന്നും ഇഷ്ട്ട കൂടുതൽ ഇളയവളോടാണ്

ആ … അതെ ,എനിക്ക് കൂടുതലിഷ്ട്ടം ഇവളെ തന്നെയാണ് ,ഇവൾക്കേ എന്റെ അമ്മയുടെ രൂപമാ ..മത്തായി ജിൻസിയെ തന്നോടു ചേർത്ത് നിർത്തി അഭിമാനത്തോടെ പറഞ്ഞു

രൂപം മാത്രമല്ല ,സ്വഭാവവും അതു തന്നെ സ്വന്തം കാര്യം എങ്ങനെയും നടത്തണമെന്നേ ഉള്ളൂ ഇവൾക്ക് നിങ്ങളുടെ തള്ളയെ പോലെ..ദേ ..മറിയേ നീ പറഞ്ഞു പറഞ്ഞു എന്റെ അമ്മയെ പറയരുത് …

ഞാനൊന്നും പറയുന്നില്ല ,പക്ഷെ ഇവളെ കണ്ടിഷ്ട്ടപ്പെട്ട ചെക്കൻകൂട്ടർക്ക് ഇവളുടെ ചേച്ചിയായ ജീനയെയും അവരുടെ മരുമകളായ് വേണം ന്ന് എന്താ ഇത്ര നിർബന്ധം ..? നിങ്ങളന്വോഷിച്ചോ അതിനെ പറ്റി….?

ആ … അതൊക്കെ ഞാൻ അന്വേഷിച്ചതാ ,
ഈ നാട്ടുക്കാര് പറയുംമ്പോലെ അത്ര വലിയ മാനസീക പ്രശ്നം ഒന്നും അവനില്ല , അവനിഷ്ട്ടപ്പെടാത്ത കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അവനു ദേഷ്യം വരും അപ്പോ കണ്ണിൽ കണ്ടതൊക്കെ എറിഞ്ഞുടയ്ക്കും ,അതു കഴിഞ്ഞാ അവന്റെ ദേഷ്യവും മാറും ..

ജീന ഒരു നേഴ്സല്ലേ ടീ ,അവളൊരു തഞ്ചത്തിലും മയത്തിലുമൊക്കെ അവനോട് പെരുമാറിക്കോളുമെന്ന് അവർക്ക് മനസ്സിലായതുകൊണ്ടാണ് അവരിങ്ങനെ ഒരു നിർദ്ദേശം വെച്ചത് .. നമ്മുടെ ഭാഗ്യം …

എങ്ങനെ എങ്കിലും അവളെ കൊണ്ടിതിനു സമ്മതിപ്പിക്കണം ആ കല്യാണം നടന്നാലേ എന്റെ ഈ ജിൻസി മോളാഗ്രഹിച്ച ചെക്കനെ ഇവൾക്കും ,ഞാൻ ആഗ്രഹിച്ച നിരവത്തെ തോമസ്സിന്റെ സ്വത്ത് എനിക്കും കിട്ടുകയുള്ളു .. അവളിങ്ങ് വരട്ടെ ,അവളെ എങ്ങനെ സമ്മതിപ്പിക്കണം എന്നെനിക്കറിയാം.. മത്തായി ചിന്തയോടെ പറഞ്ഞു

എന്താടീ പേടിച്ചു പോയോ ..?അടച്ചിട്ട മുറിയിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ ബേസിലിനു മുമ്പിൽ നിൽക്കുമ്പോൾ ജീനക്കൊട്ടും പേടി തോന്നിയില്ല ..

ഞാനെന്തിനാ ബേസിലെ നിന്നെ പേടിക്കുന്നത് ..?ആരും കാണാതെ എന്നെ തട്ടികൊണ്ടു വന്ന് കെട്ടിയിട്ടെന്ന് കരുതി ഞാൻ നിന്നെ പേടിക്കുകയോ ..?

ജീന അക്ഷോഭ്യയായ് പറഞ്ഞതും ബേസി ലവളുടെ കവിളിൽ കുത്തി പിടിച്ചുനീ പേടിയ്ക്കും ടീ .. നിന്നെ ഞാൻ പേടിപ്പിക്കും ,

അവന്റെ ഞെരിഞ്ഞമർന്ന പല്ലുകൾക്കിടയിലൂടെ വാക്കുകൾ പകയോടെ പുറത്തു ചാടി.. അവന്റെ വായിൽ നിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം മുഖത്തടിച്ചതും ജീന മുഖം വെട്ടിച്ചു

ഹ.. അങ്ങനെയങ്ങ് മുഖം വെട്ടിക്കാതെ ടീ ..അഞ്ചാറു കൊല്ലം മുമ്പ് ഇതേ മുഖത്ത് ഞാൻ എത്രയോ വട്ടം ഉമ്മ വെച്ചിട്ടുണ്ട് അന്നൊന്നും നീയിങ്ങനെ തല വെട്ടിച്ചില്ലല്ലോ ..? പിന്നെ എന്തു പറ്റി ഇപ്പോൾ ..?

അന്നൊന്നും നീയിങ്ങനെ കള്ളുകുടിയനായിരുന്നില്ല ബേസിൽ.., ഇതേ പോലെ കഞ്ചാവുപയോഗിക്കുന്നവനും ആയിരുന്നില്ല .. ജീന വേദനയോടെ പറഞ്ഞു

“ശരിയാണ് ഞാനിങ്ങനെ ആയിരുന്നില്ല ,ഇങ്ങനെ ആക്കിയത് നിയാണ് …നിന്റെ തന്തയെ പോലെ പണം കണ്ടപ്പോൾ നിന്റെ കണ്ണ് മഞ്ഞളിച്ചു ,ബേസിൽ ഒന്നിനും കൊള്ളാത്തവനായ് ,അല്ലേ ടീ ചൂലേ ..?

പകയോടെ ബേസി ലവളുടെ കഴുത്തിൽ
ഞെക്കി പിടിച്ചു .ശ്വാസം കിട്ടാതെ ജീന തല വെട്ടിച്ചതും അവൻ കൈ എടുത്തു”എന്റെ ജീവനിൽ കലർന്ന വളായിരുന്നു നീ ,നീയില്ലെങ്കിൽ ഞാനില്ല എന്ന് എത്ര പ്രാവശ്യം നീയെന്നോട് പറഞ്ഞിട്ടുണ്ടെ ടീ ..?

ആ നിനക്ക് നാലു പുത്തൻ കയ്യിൽ വന്നപ്പോഴെന്നെ വേണ്ട ,ഭ്രാന്തനാണെങ്കിലും പണക്കാരനെ മതി അല്ലേടീ നന്ദി ഇല്ലാത്തവളെ …

അതേ ടാ ഭ്രാന്തനാണെങ്കിലും എനിക്കവനെ മതി അവന്റെ തന്തയുടെ കയ്യിലെ പണം മതി എനിക്ക് സുഖിച്ച് ജീവിക്കാൻ .. നിന്റെ കയ്യിൽ എന്തുണ്ട് ..? വെറുതെ ആണാന്നെന്ന് പറഞ്ഞു നടക്കാനറിയാമെന്നല്ലാതെ ..

“ആണാണെന്ന് വെറുതെ പറഞ്ഞു നടക്കുകയല്ലെ ടീ ഞാൻ .. ഞാൻ ആണ് തന്നെയാ .. അതു നിനക്കും മനസ്സിലാക്കി തരാൻ തന്നെയാ നിന്നെ ഞാൻ ഇങ്ങോട്ടു കൊണ്ടുവന്നത്..

എന്നെ പറ്റിച്ചു സന്തോഷായി കഴിയാമെന്ന് കരുതിയവളല്ലേ നീ ? അപ്പോൾ ഒരു വട്ടമെങ്കിലും നിന്റെ വട്ടനെക്കാൾ മുമ്പേ നിന്നെ എനിക്കറിയണമെടീ..

ഞാൻ തന്ന സ്നേഹത്തിന്റെ പകരമായിട്ട് ഞാൻ അനുഭവിച്ചതിന്റെ ഉച്ഛിഷ്ട്ടം മതി അവന് .. സ്നേഹം കൊണ്ടുംശരീരം കൊണ്ടും നിന്നെ ആദ്യം നേടുന്നവൻ ഞാനാവട്ടെ ..

പകയോടെ പറഞ്ഞവൻ അവളുടെ ദേഹത്ത് കയ്യ് വെച്ചിട്ടും മുഖത്ത് യാതൊരു പേടിയുമില്ലാതെ അവൾ അവനെ നോക്കി നിന്നു

എന്താടീ ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസമായില്ലേ…?അവളുടെ ഭയമില്ലായ്മ അവനെ അമ്പരപ്പിച്ചു ..

“ഇല്ല ബേസിൽ നീയെന്നെ ഒന്നും ചെയ്യില്ല .. നിനക്കതിനാവില്ല .. എന്റെ ഈ മനസ്സും ശരീരവും അതെന്നെ കെട്ടുന്ന നിരവത്തെ പയ്യനു മാത്രമുള്ളതാണ് .. വീറോടെ ജീന പറഞ്ഞു

ഇത്ര നേരം ഞാൻ നിന്റെ ചെയ്തികൾ കണ്ടു നിന്നത് ഒരിക്കൽ ഞാൻ നിന്നെ ഇഷ്ട്ടപ്പെട്ടിരുന്നതുകൊണ്ടു മാത്രമാണ്

മര്യാദയ്ക്ക് എന്റെ കൈ കാലിലെ കെട്ടുകൾ അഴിച്ചുവിടെ ടാ ചെറ്റേ .. പറഞ്ഞതും ജീന തനിക്കരിക്കിൽ നിൽക്കുന്ന ബേസിലിന്റെ നെഞ്ചിൽ തല കൊണ്ട് ഒരിടി നൽകിയതും ഒരുമ്മിച്ചായിരുന്നു

പ്രതീക്ഷിക്കാതെ കിട്ടിയ പ്രഹരത്തിലൊരു നിമിഷം അവൻ പകച്ചു പോയെങ്കിലും ജീനയുടെ മുഖഭാവം അവന്റെ കോപത്തെ ആളിക്കത്തിച്ചു ..

നീ അത്രയ്ക്കയോ ടീ .. നിന്റെ സൂക്കേട് ഇന്നു ഞാൻ തീർത്തു തരാടീ. പറഞ്ഞതും അവനവളുടെ സാരിയിൽ പിടിമുറുക്കിയൊരു വലി

ബേസിൽ വേണ്ട … അരുത് ബേസിൽ ..തനിക്ക് മുന്നിൽ ഭയത്തോടെ നിൽക്കുന്ന ജിനയെ കണ്ടതും അവനിലൊരു ലഹരി പാഞ്ഞുകയറി ശരീരമാകെ വ്യാപിച്ചു ..

കൈകളിലെ കെട്ടഴിച്ചവളെ നിലത്തേകമർത്തി അവളുടെ ശരീരത്തിനു മുകളിൽ അമരുമ്പോൾ മദ്യവും മയക്കുമരുന്നും പകർന്ന ധൈര്യത്തിൽ ബേസിൽ പൂർണ്ണമായും മറ്റൊരാളാവുകയായിരുന്നു

ദേഹത്താകെ ചെളിയും അഴുക്കുമായ് വീടിനകത്തേയ്ക്ക് കയറി വന്ന ജീനയെ കണ്ടമ്പരന്നു പോയിരുന്നു മത്തായിയും കുടുംബവും

അവൾക്കെന്താണ് സംഭവിച്ചതെന്ന് അവളു പറയാതെ തന്നെ അവളുടെ പൊട്ടിയ ചുണ്ടുകളും കീറിയ വസ്ത്രങ്ങളും അവർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ടായിരുന്നു .

“എന്റെ മോളേന്നൊരു നിലവിളിയോടെ അവളിലേക്ക് വീഴാൻ തുടങ്ങിയ മറിയാമ്മയെ ജീന അടുത്തുള്ള സോഫയിലിരുത്തി .. പിന്നെ മെല്ലെ മുറിയിലേക്ക് പോയ്മോളെ… മത്തായി വിളിച്ചതും അവൾ തിരിഞ്ഞു നിന്നയാളെ നോക്കി ..

നിന്നോടൊറ്റയ്ക്ക് പുറത്തു പോവരുതെന്ന് പറഞ്ഞതല്ലേ … ഇനിയെന്തു ചെയ്യും കർത്താവേ ഞാൻ … നെരവത്തുക്കാരോട് ഞാനിനി എന്തു പറയും, ഈ നാട്ടുകാരുടെ മുഖത്ത് ഞാനിനി എങ്ങനെ നോക്കും .. എന്നെ എതിർത്തോണ്ട് നീയിറങ്ങി പോയതുകൊണ്ടല്ലേ ടീ ഇപ്പോ ഇതെല്ലാം സംഭവിച്ചത് ..

സങ്കടം ദേഷ്യത്തിനു വഴിമാറിയതും മത്തായി പെട്ടന്നു പൊട്ടിത്തെറിച്ചവളെ നോക്കി ..

എല്ലാം ഇവൾ നശിപ്പിച്ചു അപ്പച്ചാ.. പഴയ ഇഷ്ട്ടക്കാരന്റെ കൂടെ അഴിഞ്ഞാടിയിട്ടു വന്നേക്കുന്നു അവൾ ..

ഇനിയെങ്ങനെയാ ഞാൻ ആൽബിയുടെ മണവാട്ടി ആക്കുന്നത് ,ഇവളെ കെട്ടാൻ അവരിനി വരില്ല.. എന്റെ ജീവിതം പോയല്ലോ അപ്പച്ചാന്ന് പറഞ്ഞു ജിൻസി മത്തായിയെ കെട്ടി പിടിച്ചു കരഞ്ഞു.

ചേച്ചി .. ചേച്ചിയെ കാണാതെ ഞങ്ങളാക്കെ വിഷമിച്ചിരിക്കുകയായിരുന്നു ,ചേച്ചിക്കെന്താന്ന് പറ്റിയത് എന്നുചോദിക്കേണ്ട അനിയത്തിയുടെ പ്രകടനം കണ്ടതും ജീനയുടെ മുഖത്ത് വേദനയിൽ പൊതിഞ്ഞൊരു ചിരി വിടർന്നു ..

അവളൊന്നും മിണ്ടാതെ മുറിയിലേക്ക് പോയി ..പിറ്റേന്ന് രാവിലെ പുറത്തേക്ക് ഇറങ്ങിയ മത്തായി അതിയായ സന്തോഷത്തോടെ വിട്ടിലേക്ക് മടങ്ങി വന്നതും സോഫയിൽ ഇരുന്ന ജിൻസിയെ സന്തോഷത്തോടെ കെട്ടി പിടിച്ചു ..

അപ്പച്ചന്റെ സന്തോഷത്തിന്റെ കാര്യമറിയാതെ ജിൻസി പകച്ചപ്പച്ചനെ നോക്കിയ നേരത്തു തന്നെയാണ് ജീന വാതിൽ തുറന്ന് പുറത്തേക്ക് വന്നത്

ആ മോളെ.. ഞാൻ പുറത്തെല്ലാം പോയെ ടീ നിനക്ക് സംഭവിച്ച അപകടം ആരും അറിഞ്ഞിട്ടില്ല ,അവനാരോടും ഒന്നും പറഞ്ഞിട്ടില്ല .. നമ്മുടെ ഭാഗ്യം…

കർത്താവ് നമ്മുടെ ഒപ്പം ആണ് ,എത്രയും പെട്ടന്ന് നമ്മുക്ക് നെരവത്തുക്കാരുമായിട്ടുള്ള കല്യാണം നടത്തണം മോളെ ..

അതിനു ഞാൻ ആദ്യം തന്നെ ആ കല്യാണത്തിന് സമ്മതിച്ചിട്ടില്ലല്ലോ അപ്പച്ചാ ജീന പൊടുന്നനെ പറഞ്ഞതും മത്തായിയുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു …നീ .. നീ .. എന്താടി പറഞ്ഞത് ..?അയാൾ ദേഷ്യത്തിൽ ചോദിച്ചു

അപ്പച്ചനു മനസ്സിലായില്ലേ ഇതുവരെ കാര്യങ്ങൾ ,ഇവൾ അവളുടെ പഴയ കാമുകനെ തന്നെ കെട്ടാനുള്ള പരിപാടിയാണ് ,ഒന്നൂല്ലങ്കിലും ഉടുതുണിയില്ലാതെ ഇവളെ ആദ്യം കണ്ടവനല്ലേ..?

ആണോടി…. പട്ടിച്ചീ.. എന്നെ നീ വിഡ്ഢിവേഷം കെട്ടിക്കുകയായിരുന്നോ ..?എന്റെയും എന്റെ കൊച്ചിന്റെയും ഏറ്റവും വലിയ സ്വപ്നമാണ് നീ ഇല്ലാതാക്കിയത് ,ഞങ്ങളുടെ ശവത്തിൽ ചവിട്ടിയേ നീയവനൊപ്പം പൊറുക്കുള്ളു .. മത്തായി യാ പറയുന്നത് …

കണ്ട സ്വപ്നങ്ങൾ തകർന്നടിയുന്ന വിഷമത്തിൽ മത്തായി ഓരോന്നും വിളിച്ചു പറയുമ്പോൾ അവൾ അയാളുടെ തൊട്ട് മുമ്പിലെത്തി

അപ്പച്ചാ… ,അയാളുടെ കണ്ണിൽ നോക്കി ശാന്തതയോടെ അവൾ വിളിച്ചു .. ഒരു വലിയ പേമാരിക്കുള്ള മുമ്പുള്ള ശാന്തത ..

ഈ കുടുംബത്തിനു വേണ്ടി അന്യനാട്ടിൽ പോയി കഷ്ട്ടപ്പെട്ട എന്റ്റെ ജീവിതത്തിന് നിങ്ങൾ വിലയിട്ടത് നിങ്ങളുടെ സ്വപ്നങ്ങൾ കൊണ്ടാണ് ,ആ തിരിച്ചറിവ് എനിക്ക് ഉണ്ടായതു കൊണ്ടാണ് ഞാനിത്രയും പറയുന്നത് എല്ലാം ശ്രദ്ധിച്ചു കേൾക്കണം നിങ്ങൾ ,

സാധാരണ ഒരു പെൺക്കുട്ടി തളർന്നു പോവേണ്ട അവസ്ഥയിലൂടെയാണ് ഞാനിന്നലെ കടന്നു പോയത് ,എന്നിട്ടും പതറാതെ ഞാനിന്നിവിടെ ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അത് ഉടുതുണിയില്ലാതെ എന്നെ കണ്ടബേസിലിനെ ഇവൾ പറഞ്ഞതുപോലെ കെട്ടാം എന്നു കരുതിയല്ല .

അങ്ങനെ എന്നെ ഉടുതുണി ഇല്ലാതെ കണ്ടവൻമാരെ കെട്ടാനായ് ഞാൻ ഇറങ്ങി തിരിച്ചാൽ അതൊരു ബേസിലിലൊന്നും ഒതുങ്ങില്ല …. ജീന പറയുന്നതെന്താണെന്നൊരു സെക്കന്റ് മത്തായിക്കും ബാക്കിയുള്ളവർക്കും മനസ്സിലായില്ല ,മനസ്സിലായതും ഞെട്ടി പകച്ചവർ ജീനയെ നോക്കി

എന്തേ ഞെട്ടിപ്പോയോ അപ്പച്ചൻ .. എന്നാൽ ഞെട്ടണ്ട.. ഞാൻ പറഞ്ഞതു സത്യമാണ് ,ഒരാൾക്കല്ല എത്രയോ ആൾക്കാരുടെ മുന്നിൽ ഉടുതുണിയുരിഞ്ഞവളാണ് ഞാൻ ..

ജീന പറയുന്നത് വിശ്വസിക്കാൻ കഴിയാതെ ജിൻസിയവളെ തുറിച്ചു നോക്കി ,തന്റെ ശരീരം തളർന്നെന്ന പോലെ മത്തായി മറിയയുടെ അരികെ സോഫയിലിരുന്നു ..

ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഡോക്ടറുടെ ചതിയിലാണ് എനിക്കെന്നെ ആദ്യമായ് നഷ്ട്ടപ്പെട്ടത് ,ജീവിതം തീർന്നെന്ന് ഞാൻ കരുതിയ ദിവസങ്ങൾ .. അന്നാണ് ഞാൻ ബേസിലിനെ വിളിച്ച് ബന്ധം അവസാനിപ്പിക്കാമെന്ന് ആദ്യം പറഞ്ഞത് ..

മറ്റൊരുത്തൻ ചതിയിലൂടെ ആണെങ്കിലും സ്വന്തമാക്കിയ ശരീരവുമായ് എനിക്കവനൊപ്പം ജീവിക്കാനാവില്ലായിരുന്നു ,അത്രയും പ്രാണനായിരുന്നു എനിക്കവൻ …

ഒരിക്കൽ ചതിയിലൂടെ എന്നെ നേടിയവൻ പിന്നീട് ഭീഷണിയുടെ സ്വരത്തിൽ വീണ്ടുമെന്നെ തേടിയെത്തി ..

മരണമാണ് മുമ്പിലുള്ള രക്ഷാമാർഗ്ഗം എന്നു കരുതി യൊരിക്കൽ ,അപ്പോഴാണ് നാട്ടിൽ നിന്ന് പലപല ആവശ്യങ്ങൾക്ക് പണം ചോദിച്ചു കൊണ്ടുള്ള അപ്പച്ചന്റെ വിളികൾ എത്തിയത്… എന്റെ കയ്യിൽ ഒന്നുമില്ല നാട്ടിലേക്കയക്കാൻ എന്ന് ഞാൻ പറയുമ്പോൾ അപ്പച്ചനെന്താണ് പറയാറുണ്ടായിരുന്നത് എന്നോർമ്മയുണ്ടോ ?

എന്നെ പഠിപ്പിച്ചു വളർത്തിയ കണക്കുകൾ ,പിന്നെ ശവക്കുഴി മത്തായി എന്ന പേര് മാറ്റി ആളുകൾ ഇല്ലിക്കൽ മത്തായി മുതലാളി എന്ന് വിളിച്ചു കേൾക്കാൻ ഉള്ള ആഗ്രഹത്തെ പറ്റി … അല്ലേ..?

ചാവാൻ പോവുന്ന എന്നെ കൊണ്ട് നിങ്ങൾക്കെങ്കിലും ഉപകാരമാവട്ടെ എന്ന് കരുതി ജോലിക്ക് പുറമെ അന്നു മുതൽ ഞാനെന്റെ ശരീരവും ആവശ്യക്കാർക്ക് നൽകി തുടങ്ങി .. ഒരു തരം ലഹരി .. ഒടുവിൽ നിങ്ങളെല്ലാം രക്ഷ നേടിയെന്ന് തോന്നിയപ്പോൾ അവസാനിപ്പിക്കാനൊരുങ്ങിയതാ ഞാനെന്നെ…

അപ്പോൾ തോന്നി നിങ്ങളെ എല്ലാം ഒന്നൂടി ഒന്ന് കാണണമെന്ന് ,ജിൻസിയുടെ കല്യാണം കൂടിയിട്ടങ്ങ് പോണംന്ന് .. പക്ഷെ ആ വരവ് ഇങ്ങനെയായ് തീർന്നു ,

ഇതെല്ലാം നിങ്ങളോടു പറയാതെ പോവണംന്നാ കരുതിയത് പക്ഷെ എനിക്ക് വേദനിച്ചപ്പോഴും നിങ്ങൾ ചിന്തിച്ചത് നിങ്ങളുടെ നഷ്ട്ടങ്ങളെ പറ്റിയാണ് എന്നോർത്തപ്പോൾ ….

എനിക്ക് തോന്നി നിങ്ങളുടെ കയ്യിലുണ്ടെന്ന് നിങ്ങൾ അഹങ്കരിക്കുന്ന ആ പണം അതെന്റെ ശരീരം കൂടി വിറ്റ് ഞാൻ നിങ്ങൾക്കയച്ചു തന്നതാണെന്ന് നിങ്ങൾ അറിയണമെന്ന്…

ഇപ്പോ വേദന എന്റെ അമ്മച്ചിയെ ഓർത്തു മാത്രമാണ് ,പൊറുക്കണം അമ്മച്ചി.. മറക്കണം ഇങ്ങനെ ഒരു മകളെ.. പിന്നെ ബേസിൽ ,ഒരിക്കൽ തേച്ചിട്ടുപോയവളെ ആദ്യം അനുഭവിച്ചവൻ എന്ന പകപോക്കലിൽ അവനിനി ജീവിച്ചോളും..

ഇന്നലെ ഞാനവനോട് സ്നേഹത്തിൽ കുറച്ചു നേരം സംസാരിച്ചിരുന്നെങ്കിൽ അവനെന്നെ തൊട്ടു പോലും വേദനിപ്പിക്കാതെ ഇവിടെ തിരികെ എത്തിക്കുമായിരുന്നു ..

പക്ഷെ ഞാനവനെ വാശി കേറ്റി, ആ വാശിയിലാണ് അവനെന്റെ ശരീരം സ്വന്തമാക്കിയത് ,, അങ്ങനെ എങ്കിലും അവന്റെ ദേഷ്യം തീരട്ടെ …

അവന്റെ ജീന ഒരു പിഴ ആയിരുന്നെന്ന് അവനൊരിക്കലും അറിയണ്ട, അവന് മുമ്പേ ഒരു പാട് പേർ കയറി നിരങ്ങിയ ഒരു ശരീരം മാത്രമാണ് ഞാനെന്നവൻ അറിയണ്ട..

അപ്പോ ശരി ഞാനിറങ്ങുകയാണ് ,എന്തായാലും എല്ലാവരും എല്ലാം അറിഞ്ഞ സ്ഥിതിക്ക് മരണത്തിലേക്ക് പോണില്ല, എനിക്ക് ഞാനായി ജീവിക്കാൻ പറ്റുന്നിടത്ത് ഞാനുണ്ടാവും.. ബന്ധങ്ങളുടെ ബന്ധനങ്ങളുമായ് ഈ പിഴച്ചവളെ ഇനിയാരും തേടി വരരുത് …

യാത്ര പോലും പറയാതെ ഇല്ലിക്കൽ വീടിന്റെ പടിയിറങ്ങി ജീന പോവുപ്പോൾ എല്ലാം അറിഞ്ഞും കേട്ടും ആ വീടിനു പുറത്തൊരാൾ കൂടെ ഉണ്ടായിരുന്നു ,ബേസിൽ …

Leave a Reply

Your email address will not be published. Required fields are marked *