നിനക്ക് പുതിയൊരു ബോയ് ഫ്രണ്ടിനെ കിട്ടിയത് പോലെയുണ്ടല്ലോ.”പുറകിൽ മാർട്ടീനയാണ് ,അവൾ

പദ്മരാഗം
രചന: നിഷ പിള്ള

ഉണർന്നിട്ടും അലസതയോടെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു സ്റ്റെഫാനി.ആ നിമിഷം വിശ്വത്തിൻ്റെ കരവലയത്തിൽ കിടന്നുറങ്ങാൻ അവൾ കൊതിച്ചു.എത്ര പെട്ടെന്നാണ് അയാളൊരു കാന്തം പോലെ അവളിലേക്ക് അടുത്തത്.

ഇപ്പോൾ അവളുടെ വീട്ടിൽ അവളെ കൂടാതെ മാർട്ടീന കൂടിയുണ്ട്.തലേ ദിവസത്തെ പാർട്ടി കഴിഞ്ഞു അവൾ സ്റ്റെഫാനിയ്ക്കൊപ്പം ഇങ്ങോട്ട് പോരുകയായിരുന്നു.പണ്ടൊന്നും മറ്റൊരാൾ തന്റെ വീടും കിടക്കയും പങ്കിടുന്നതൊന്നും സ്റ്റെഫാനിയ്ക്കിഷ്ടമായിരുന്നില്ല.

ഈയിടെയായി അവളാകെ മാറി പോയി.വല്ലാത്തൊരു അനുകമ്പ അവളുടെ സ്വഭാവത്തിൽ പ്രതിഫലിയ്ക്കാൻ തുടങ്ങി.എല്ലാവരോടും കരുണ കൂടിയത് പോലെ.വിശ്വമാണ് അവളുടെ മാറ്റത്തിന് കാരണക്കാരൻ.

വർഷങ്ങളായി ഒരേ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന അവൾക്കുണ്ടായ മാറ്റം അവളുടെ സഹപ്രവർത്തകരും തിരിച്ചറിയാൻ തുടങ്ങി .എന്തിനും ഏതിനും ഒരു കാരണമില്ലാതെ പൊട്ടിത്തെറിച്ച ആ പഴയ പെൺകുട്ടി ഇപ്പോൾ എല്ലാവരേയും നോക്കി ചിരിച്ച് കുശലം പറഞ്ഞാണ് നടക്കുന്നത്.ഓർത്തപ്പോൾ അവൾക്ക് ചിരി വന്നു.

“സ്റ്റെഫീ , നിനക്ക് പുതിയൊരു ബോയ് ഫ്രണ്ടിനെ കിട്ടിയത് പോലെയുണ്ടല്ലോ.”പുറകിൽ മാർട്ടീനയാണ് ,അവൾ ടോയ്‌ലറ്റിൽ നിന്നിറങ്ങി വന്നു വസ്ത്രം ധരിക്കുകയാണ്.ഇന്നലെ പാർട്ടി കഴിഞ്ഞു

ഛർദ്ദിയിൽ മുങ്ങി കുളിച്ച നിലയിലാണ് അവളെ ഇങ്ങോട്ട് സ്റ്റെഫി കൊണ്ട് വന്നത്.അവൾക്കു ധരിക്കാൻ സ്‌റ്റെഫി തന്റെ വസ്ത്രങ്ങൾ നൽകി.അവൾ മടങ്ങി പോകാനുള്ള തയ്യാറെടുപ്പാണ്.

അവളുടെ ചോദ്യത്തിന് സ്‌റ്റെഫാനി ഉത്തരം നൽകിയില്ല ,പകരം അവൾ പുഞ്ചിരിച്ചു.

“ആരാണവൻ ? പഞ്ചാബിയാണോ ,എന്തായാലും ഏഷ്യനാണ്.””പഞ്ചാബിയല്ല , പിന്നെ നീ ഏഷ്യനാണെന്ന് പറയാൻ കാരണം?”

“നിന്റെ ടോയ്‌ലറ്റിൽ ബക്കറ്റും കപ്പും,കണ്ടപ്പോൾ തന്നെ കാര്യം മനസിലായി.പേപ്പർ ഉപയോഗിക്കാത്ത വർഗ്ഗം.എന്റെ പഴയ കാമുകന് വേണ്ടി യാത്രകളിൽ കപ്പും ലഗേജിനൊപ്പം കരുതിയ ഒരു കാലം എനിക്കുമുണ്ടായിരുന്നു.”

“അദ്ദേഹം ഒരു മല്ലുവാണ്,ബോയ്ഫ്രണ്ട് ഒന്നുമല്ല ,ഒരു സൗഹൃദം.അദ്ദേഹം വിവാഹിതനാണ് ,ഒരു കുട്ടിയും ഉണ്ട്.”

“സൂക്ഷിക്കണം,ചതിച്ചു കളയും ,അവർക്കു ഇതൊക്കെ ഒരു ടൈം പാസ് ആണ്,നീയും അങ്ങനെ മാത്രമേ കാണാൻ പാടുള്ളു.നിൻ്റെ നാലു പഴയ ബന്ധങ്ങളിൽ നിന്ന് നീയൊന്നും പഠിച്ചില്ലേ സ്റ്റെഫി.നിന്റെ സന്തോഷമാണ് എന്റെ സന്തോഷം ,ഐ ലവ് യു സ്റ്റെഫീ,അടുത്ത വീക്കെൻഡിൽ കാണാം.”

അവൾ ഡോർ ചാരി പുറത്തിറങ്ങി പോയി.എന്നിട്ടും സ്‌റ്റെഫാനി ബെഡിൽ നിന്നും എഴുന്നേറ്റില്ല.അവൾക്കു പെട്ടെന്ന് വിശ്വത്തെക്കുറിച്ച് ഓർമ്മ വന്നു.അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞു.

ഒരു വർഷം മുൻപാണ് അവൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ ഡോക്ടർ വിശ്വനാഥൻ എന്നൊരു ഇന്ത്യക്കാരൻ വന്നത്.വളരെ പ്രശസ്തനായ കാർഡിയോളജിസ്റ്റ് ആയിരുന്നു അദ്ദേഹം. ആശുപത്രി മാനേജ്മെന്റിനോട് അദ്ദേഹം

ആകെ ഡിമാൻഡ് ചെയ്തത്,വളരെ ആത്മാർത്ഥതയുള്ള ഒരു കൂട്ടം സ്റ്റാഫിനെ തൻ്റെ കൂടെ വേണമെന്നാണ്.മാനേജ്മെന്റ് തെരെഞ്ഞെടുത്ത പതിനാലു സ്റ്റാഫിൽ സ്‌റ്റെഫാനിയുമുണ്ടായിരുന്നു.അങ്ങനെ ഡോക്ടർ വിശ്വനാഥിന്റെ ടീമിൽ അവളും പെട്ടു.

അവളും മറ്റു സ്റ്റാഫും കാത്തിരുന്നത് വയസ്സനായ ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റിനെ ആയിരുന്നു.പകരം വന്നത് കരുത്തനായ ഒരു ചെറുപ്പക്കാരൻ.കറുത്ത താടിയും മീശയുമുള്ള ,ലജ്ജാലുവായ ഒരു സുന്ദരൻ.ആരോടും അധികം മിണ്ടാത്ത, പെൺകുട്ടികളെ കണ്ടാൽ തല കുനിയ്ക്കുന്ന,മിടുക്കനായ ഡോക്ടർ .

എല്ലാവർക്കും സർവ സമ്മതൻ,ഓപ്പറേഷൻ തീയേറ്ററിൽ കയറിയാൽ പിന്നെ ആംഗ്യങ്ങളെയുള്ളു.എല്ലാം അയാളുടെ കയ്യകലത്തിൽ എത്തിയ്ക്കണം.ഡോക്ടറുടെ നോട്ടത്തിന്റെ അർത്ഥങ്ങൾ ഒരാഴ്ച കൊണ്ട് സ്‌റ്റെഫാനി മനഃപാഠമാക്കി.അങ്ങനെ അവൾ ഡോക്ടറുടെ പ്രധാന കയ്യാളായി മാറി.

ഡോക്ടറുടെ മുറിയിൽ ഇപ്പോഴും ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് കേൾക്കാം .ആദ്യമൊക്കെ ഇഷ്ടക്കേട് തോന്നിയെങ്കിലും ആ സംഗീതം പിന്നീട് അവൾക്കും ഇഷ്ടമായി തോന്നി.ആരോടും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ഡോക്ടറിന്.കർണാട്ടിക് സംഗീതജ്ഞയായ

രമ്യ സുബ്രഹ്മണ്യൻ ആയിരുന്നു ഡോക്ടറുടെ ഭാര്യ.ഒരു വയസ്സുള്ള ഒരു മകൾ ഉണ്ട്,അവന്തിക.സംഗീതത്തോടുള്ള ഭ്രമം കൊണ്ടാണ് രമ്യയെ അദ്ദേഹം ജീവിതം സഖി ആക്കിയതെന്ന് സ്‌റ്റെഫാനിയോട് പറഞ്ഞിട്ടുണ്ട്.

ഡോക്ടറുടെ പിറന്നാളിന്,കാർഡിയോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫിന് ഡോക്ടറുടെ വീട്ടിൽ വച്ചൊരു പാർട്ടി നടത്തിയിരുന്നു.അന്ന് രമ്യയുടെ വക സംഗീത വിരുന്നും ഇന്ത്യൻ-യൂറോപ്യൻ ഭക്ഷണ വിരുന്നും ഉണ്ടായിരുന്നു.അന്നാദ്യമായി ഡോക്ടർ

താടിയും മീശയും ഇല്ലാതെ പ്രത്യക്ഷപ്പെട്ടു.എല്ലാവരും ഡോക്ടറുടെ പുതിയ ലുക്കിനെ പ്രകീർത്തിച്ചെങ്കിലും കുടിച്ച് ലക്കുകെട്ട സ്‌റ്റെഫാനി ഡോക്ടറോട് പഴയ ലുക്കാണ് നല്ലതെന്നും ഇപ്പോൾ കണ്ടാൽ ഒരു കൊമേഡിയനെ

പോലെയുണ്ടെന്നും തുറന്നടിച്ചു.പെട്ടെന്ന് മാറിയ ഡോക്ടറുടെ മുഖഭാവത്തിലൂടെ അയാൾക്ക്‌ അപ്രീതി ഉണ്ടായെന്ന് അവൾക്കു മനസിലായി.അയാളവളോട് മിണ്ടാതെയായി.

പിന്നെയും ആഴ്ചകൾ കഴിഞ്ഞു.ആശുപത്രിയിൽ നിന്നും മടങ്ങാനൊരുങ്ങിയ സ്‌റ്റെഫാനി ഡോക്ടറെ കാർപോർച്ചിൽ വച്ച് കണ്ടു മുട്ടി.അയാളവളെ കാത്തു നിൽക്കുകയായിരുന്നു.വീക്കെൻഡിൽ

എന്താ പരിപാടിയെന്നും,തന്റെ ഭാര്യയ്ക്ക് ഒരു സംഗീത പരിപാടി അവതരിപ്പിക്കാൻ സ്കോട്ട്ലൻഡ് വരെ പോകേണ്ടതുണ്ടെന്നും, അതിനാൽ ഈ വീക്കെൻഡിൽ തനിയ്ക്കൊരു ബേബി സിറ്ററിനെ ആവശ്യമുണ്ടെന്നും തന്റെ വീട്ടിൽ സ്‌റ്റെഫാനിയ്ക്ക് വരാമോയെന്നും വിശ്വം അന്വേഷിച്ചു.അവൾ വരാമെന്നു സമ്മതിക്കുകയായിരുന്നു.

ആ വീക്കെൻഡ് ഡോക്ടർ വിശ്വനാഥന്റെ വീട്ടിൽ അവൾ ചെന്നപ്പോൾ അയാൾ കുഞ്ഞു മകളെയും കൊണ്ട് മുറ്റത്തു ഉലാത്തുകയായിരുന്നു.അവൾ കൂടെ ഉണ്ടായിട്ടും അയാൾ തന്നെ കുട്ടിയെ ഭക്ഷണം കഴിപ്പിക്കുകയും ഉറക്കുകയും ചെയ്തു.

ഒന്നും ചെയ്യാനില്ലാതിരുന്നിട്ടും അവൾ വൈകുന്നേരം വരെ ആ വീട്ടിൽ കഴിച്ചു കൂട്ടി.ഇടയ്ക്കിടെ അയാളുടെ കണ്ണുകളുമായി തന്റെ കണ്ണുകൾ കൂട്ടി മുട്ടുമ്പോൾ അവൾ നാണം കൊണ്ട് തല

താഴ്ത്തി.നാലു പേരുടെ കൂടെ മുൻപ് കഴിഞ്ഞിട്ടുള്ള സ്‌റ്റെഫാനിയ്ക്കു ,ജീവിതത്തിൽ ആദ്യമായി തനിക്കു ഉണ്ടായ തരളിതമായ അനുഭവത്തിൽ അതിശയം തോന്നി.

“ഈ മനുഷ്യൻ ആരാണ്? ” അവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു.അയാൾ ആഹാരം പാചകം ചെയ്യുന്നത് കണ്ട് അവൾ നോക്കിയിരുന്നു.ആ മനുഷ്യനിലേക്ക് തന്നെ എന്തോ ഒന്ന് വലിച്ചടുപ്പിക്കുന്നതായി അവൾക്കു തോന്നി.വൈകുന്നേരം കുട്ടിയേയും കൊണ്ട് തടാക തീരത്തു പോയപ്പോൾ

മാത്രമാണ് അവൾക്കു കുട്ടിയെ എടുക്കാൻ ഭാഗ്യമുണ്ടായത്.അവൾ കുട്ടിയെ കൊഞ്ചിച്ചു കളിപ്പിച്ചു കൊണ്ട് നിന്നപ്പോൾ അയാൾ അവളുടെ തൊട്ടടുത്ത് വന്നു നിന്നു.

” നാളെയും വരില്ലേ? “”ഞാൻ വന്നിട്ട് എന്തിനാണ്,ഡോക്ടർ എനിക്ക് കുട്ടിയെ തന്നില്ലല്ലോ.ഇത്രയും സ്നേഹ സമ്പന്നനായ ഒരു അച്ഛനുള്ളപ്പോൾ ബേബി സിറ്ററുടെ ആവശ്യമെന്താണ്.? ”

“എനിക്ക് തന്നെ കണ്ടു കൊണ്ടിരിക്കാൻ.തന്നോട് മിണ്ടാതെയിരുന്ന ആ നാളുകൾ ,എനിക്ക് ഭ്രാന്ത് പിടിപ്പിച്ചിരുന്നു.”

അയാളുടെ മറുപടി അവളെ ദേഷ്യം പിടിപ്പിച്ചു .പിറ്റേന്ന് പോകണ്ട എന്ന് കരുതിയെങ്കിലും ഉണർന്നപ്പോൾ അവൾക്കയാളെ കാണാൻ കൊതി തോന്നി.അവളറിയാതെ അയാളിലേക്ക് അടുക്കുകയായിരുന്നു.

അവരുടെ അടുപ്പം മൂന്നാമതൊരാൾ അറിയാതെയിരിക്കാൻ അവർ പരിശ്രമിച്ചു.ആശുപത്രിയിൽ കർക്കശക്കാരനായ ഡോക്ടറായിരുന്നു അയാൾ.ഭാര്യയുടെ സംഗീത പരിപാടികൾ

അവർ ആഘോഷമാക്കി.ഒരിക്കൽ പോലും അവളെ കാണാൻ അവളുടെ വീട്ടിൽ അയാൾ എത്തിയില്ല ,അവളതു ആഗ്രഹിച്ചിരുന്നെങ്കിലും.അയാൾക്ക്‌ വേണ്ടുന്ന എല്ലാം അവൾ ആ വീട്ടിൽ ഒരുക്കിവച്ചിരുന്നു.

“എന്തൊരു വാശിയാണ് ഈ വിശ്വത്തിന്, ഞാൻ എല്ലാം നിങ്ങൾ പറയുന്നത് പോലെ ചെയ്യണം,അല്ലേ.”

“നിനക്ക് ചെയ്താലെന്താ ? നിങ്ങള് ബ്രിട്ടീഷുകാർ ഞങ്ങൾ ഇന്ത്യക്കാരെ കുറെ ഭരിച്ചതല്ലേ,ഇനി ഒരു ഇന്ത്യക്കാരൻ ഈ ബ്രിട്ടീഷുകാരിയെ ഒന്ന് ഭരിച്ചോട്ടെ.” അയാൾ പൊട്ടിച്ചിരിച്ചു.

അയാളുടെ ചില പെരുമാറ്റങ്ങൾ അവൾക്കു സ്വാർത്ഥമായി തോന്നിയെങ്കിലും അവൾക്കയാളെ വെറുക്കാൻ കഴിഞ്ഞില്ല.വിവാഹിതനായ ഒരു പുരുഷനുമായുള്ള ബന്ധത്തെ കൂട്ടുകാരികൾ

നിരുത്സാഹപ്പെടുത്തി.അയാൾക്ക്‌ ഭാര്യയും മകളുമുണ്ട്.അയാൾ അവരിലേക്ക്‌ തിരികെ പോകും,അപ്പോൾ താനോ? ഹൃദയം തകർന്നു പോകും,അത്രയ്ക്ക് ആഴത്തിലുള്ള സ്നേഹമാണ് അയാൾ

തരുന്നത്.വേരുകൾ ആഴത്തിലേയ്ക്ക് ആഴ്ന്നിറങ്ങി പോയി.ഒരുനാൾ അയാൾ പിഴുതെറിഞ്ഞു പോകുമ്പോൾ തകർന്നു പോകുന്നത് തന്റെ ഹൃദയമാണ്.അവൾ വേവലാതിപ്പെട്ടു.

കൂട്ടുകാരി മാർട്ടീനയുടെ ,ബോയ് ഫ്രണ്ടിന്റെ ബർത്ത് ഡേ പാർട്ടിയിൽ സ്‌റ്റെഫാനി പോയത് മനപൂർവ്വമാണ്,വിശ്വത്തെ ഒഴിവാക്കാൻ വേണ്ടി.സ്‌റ്റെഫാനിയോട് തന്റെ വീട് വരെ വരാൻ വിശ്വം വിളിച്ചതാണ്.അവൾ

ഫോൺ സ്വിച്ച് ഓഫാക്കി വച്ചു.പാർട്ടിയിൽ നല്ലതു പോലെ ഡാൻസ് ചെയ്തും, മദ്യപിച്ചും അവൾ ആഘോഷിച്ചു.അവസാനം കുടിച്ചു ബോധം പോയ മാർട്ടീനയെ ഒരു ക്യാബ് വിളിച്ചു വീട്ടിൽ കൊണ്ട് വന്നു.മാർട്ടീന പോയി കഴിഞ്ഞിട്ടും സ്‌റ്റെഫാനി കട്ടിലിൽ നിന്നും എഴുന്നേറ്റില്ല.

തല പെരുപ്പ് മാറാത്തത് കൊണ്ട് അവൾ ഒരു കോഫീ കുടിയ്ക്കാൻ തീരുമാനിച്ചു.അടിവസ്ത്രങ്ങൾക്കു മേലെ ഒരു ഷർട്ട് ഇട്ടു കൊണ്ട് അവൾ എഴുന്നേറ്റു.കാപ്പി കുടിച്ച് കൊണ്ടവൾ തന്റെ ഫോൺ ഓണാക്കി ,വിശ്വത്തിന്റെ പതിനേഴു മിസ്സ്ഡ് കാളുകൾ,കുറെയേറെ

മെസേജുകൾ .ഒന്നിനും റിപ്ലൈ അയച്ചില്ല.വല്ലാത്തൊരു മനോവേദന,ആകെ കൺഫ്യൂഷൻ വിശ്വത്തിനെ വിളിക്കണോ വേണ്ടയോ.

പത്തു മിനിറ്റു കഴിഞ്ഞപ്പോൾ വിശ്വത്തിന്റെ ഫോൺ കാൾ വന്നു.”സ്‌റ്റെഫീ,ഇന്ന് വൈകുന്നേരം മെലഡി ഹാളിൽ എത്തിച്ചേരുക.നിന്നെ കാത്തു ഞാൻ അവിടെ ഉണ്ടാകും.”

ഒന്നും ചോദിച്ചില്ല,പറഞ്ഞതുമില്ല,അയാൾ ഫോൺ കട്ട് ചെയ്തു.”എന്താണ് അയാൾ പറഞ്ഞതിൻ്റെ സാരം.പോകണോ വേണ്ടയോ.”

അവരൊന്നിച്ചുള്ള ചില ഫോട്ടോസ് അവൾ നോക്കിയിരുന്നു.തന്റെ കണ്ണിൽ നിന്നും ഒഴുകുന്ന നീർക്കണങ്ങളുടെ ഉപ്പു രുചി നാവിൽ പടർന്നു.പോകണം,സംസാരിക്കണം, എന്നന്നേക്കുമായി പിരിയണം,മറ്റൊരു ജോലി അന്വേഷിക്കണം.അയാളെ കണ്ടു

കൊണ്ട് തനിക്കവിടെ തുടരുക സാധ്യമല്ല.അവസാനമായി കാണുമ്പോൾ ഏറ്റവും സുന്ദരിയായി പോകാൻ തീരുമാനിച്ചു.പീച്ചു നിറത്തിലുള്ള സുതാര്യമായ ഒരു ഗൗൺ അവൾ

തെരെഞ്ഞെടുത്തു.തിരികെ വരുമ്പോൾ ഒരിക്കലും സന്തോഷവതിയായിരിക്കില്ല എന്നറിയാം.കാറോടിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാൽ അവൾ ക്യാബ് വിളിച്ചാണ് മെലഡി ഹാളിൽ എത്തിയത്.

നിറയെ ഇന്ത്യക്കാരാൽ ഹാൾ നിറഞ്ഞിരുന്നു . രമ്യയുടെ സംഗീത സദസ്സിന്റെ പോസ്റ്റർ അവിടെ പതിച്ചിരുന്നു.ഇതിനാണോ ഇവിടെ വരാൻ വിശ്വം പറഞ്ഞത്.ഒരു സാരിയുടുത്ത ഇന്ത്യക്കാരി അവളുടെ കൈകളിലേക്ക്

വിശ്വനാഥന്റെ മകളെ കൊണ്ട് കൊടുത്തു.കുട്ടിയാകട്ടെ അവളെ കണ്ട പാടെ അവളുടെ നെഞ്ചത്തേയ്ക്കു ചേർന്ന് കിടന്നു.വല്ലാത്തൊരു തരം സ്നേഹം കൊണ്ട് അവളുടെ ഹൃദയം

തുടിച്ചു.അവൾ കുഞ്ഞിനെ തന്നിലേക്ക് ചേർത്ത് പിടിച്ചും കൊണ്ട് ഹാളിലെ അവസാന നിരയിലെ ഒരു കസേരയിൽ ഇരുന്നു.വിശ്വനാഥനെ കാണാത്തതിൽ അവളാകെ പരിഭ്രാന്തയായി.

സംഗീത സദസ്സ് കഴിയുന്നത് വരെ അവൾ അവിടെ തന്നെയിരുന്നു.അവളുടെ മാറത്തെ ഇളം ചൂട് കൊണ്ട് കുട്ടി ഉറക്കം തുടങ്ങിയിരുന്നു.ഈ കുട്ടിയ്ക്ക് വേണ്ടി ,പ്രസവിയ്ക്കാതെ തന്നെ അവൾ പലതവണ അമ്മയായതാണ്.അവൾ കുഞ്ഞിനെ തന്നോട് ചേർത്ത് പിടിച്ചു.

സ്റ്റേജിൽ രമ്യ സംസാരിയ്ക്കാൻ തുടങ്ങി.അവളുടെ തോളിൽ കൈയിട്ട് സാരിയുടുത്ത മറ്റൊരു ഇന്ത്യക്കാരി നിൽക്കുന്നുണ്ടായിരുന്നു.അവർ ഇന്ന് മുതൽ ലിവിംഗ് പാർട്ട്ണേർസ് ആണെന്ന് ഹാളിലാരോ കളിയാക്കുന്നുണ്ടായിരുന്നു.

പ്രശസ്തനായ കാർഡിയോളോജിസ്റ്റ് വിശ്വനാഥന്റെ ഭാര്യയായതിനാൽ അഭിമാനമുണ്ടെന്നും,താൻ ഒരിക്കലും അയാൾക്ക്‌ ചേർന്ന ഭാര്യ ആയിരുന്നില്ലെന്നും, താൻ സ്നേഹിച്ചത് മനീഷയെ ആയിരുന്നുവെന്നും രണ്ടു പേരും ഒന്നിയ്ക്കാൻ തീരുമാനിച്ചതെന്നും

വിശ്വനാഥനുമായി പിരിയുന്നുവെന്നും അവൾ മൈക്കിലൂടെ തുറന്നു പറഞ്ഞു.കാണികൾ എല്ലാവരും പിരിയാൻ തുടങ്ങി ,രമ്യ അവളുടെ സുഹൃത്തിന്റെ കൂടെ പോകാൻ തുടങ്ങി.പോകാൻ നേരം

രഹസ്യമായി സ്‌റ്റെഫാനിയോട് താനൊരു ലെസ്ബിയൻ ആണെന്നും മാതാപിതാക്കളുടെ നിർബന്ധം മൂലമാണ് തനിക്കു വിശ്വനാഥനെ ചതിക്കണ്ടി വന്നതെന്നും പറഞ്ഞു.തന്റെ മകളെ പൊന്ന് പോലെ നോക്കണമെന്ന് അഭ്യർത്ഥിച്ചു.

എല്ലാവരും പിരിഞ്ഞു പോയി.അവളും കുഞ്ഞും ഹാളിൽ തനിച്ചായി.എന്ത് ചെയ്യണമെന്നറിയാതെ അവൾ കുഞ്ഞുമായി പുറത്തേയ്ക്കിറങ്ങി.ഹാളിന്റെ പ്രധാന ഗേറ്റിനു മുന്നിൽ കാറുമായി വിശ്വം നില്ക്കുന്നു.അവൾ അടുത്തേയ്ക്കു വന്നപ്പോൾ അയാൾ കാറിന്റെ ഡോർ തുറന്നു കൊടുത്തു.

ഡ്രൈവിംഗ് സീറ്റിൽ തല കുനിഞ്ഞിരുന്ന വിശ്വത്തിനോടവൾ വണ്ടി മുന്നോട്ടെടുക്കാൻ പറഞ്ഞു.ആദ്യമായി അയാൾ സ്‌റ്റെഫാനിയുടെ വീട്ടിന്റെ മുന്നിൽ വണ്ടി നിർത്തി.അവൾ അയാളെ കൈ പിടിച്ചു വീട്ടിലേയ്ക്കു നടത്തി.

അവളുടെ കട്ടിലിൽ കുട്ടിയുമായി ഇരുന്നപ്പോൾ അയാൾ അവളെ നോക്കി.”ഇങ്ങനെയൊക്കെ സംഭവിയ്ക്കുമെന്നെനിക്ക് അറിയാമായിരുന്നു.പക്ഷെ നീ കൂടെ എന്നെ വിട്ടു പോയാൽ.”

പോക്കറ്റിൽ നിന്നൊരു റിങ്ങ് എടുത്തു അവൾക്കു നേരെ നീട്ടി അയാൾ മുട്ടുകാലിൽ നിലത്തിരുന്നു.”വിൽ യു പ്ലീസ് മാരി മി.””ഒഫ് കോഴ്സ് ഐ ഡു ,മൈ ഡിയർ .”

മോതിരമണിഞ്ഞ കൈവിരലിലും അയാളുടെ മുഖത്തേക്കും കുഞ്ഞിന്റെ മുഖത്തേക്കും അവൾ മാറി മാറി നോക്കി.

അവളുടെ പിൻ കഴുത്തിൽ വാസനിച്ച് ചുംബിച്ചു കൊണ്ടയാൾ പറഞ്ഞു,”നിന്നെ ഇനി ഞാൻ പദ്മയെന്നേ വിളിയ്ക്കുള്ളൂ ,നിനക്ക് താമര പൂവിനെ ഭംഗിയും മണവുമാണ്.”

അവൾ സ്നേഹത്തോടെ അയാളെ ചുംബിച്ചു.”എന്റെ പദ്മേ……”അവൾ അയാളിൽ അലിഞ്ഞു ചേർന്നു എന്നന്നേക്കുമായി…….

Leave a Reply

Your email address will not be published. Required fields are marked *