എന്നേക്കാൾ നല്ലതിനെ കണ്ടപ്പോൾ എന്നെ തേച്ചു. അങ്ങോട്ടു ചാടി.. ഇതൊന്നും നിങ്ങൾക്ക് വിഷയമല്ലെങ്കിൽ നിറത്തിന്റെ കാര്യം പറഞ്ഞു ഇതിൽ നിന്നും പിന്മാറരുത്….

ബ്ലാക്ക് & വൈറ്റ് ഫാമിലി
(രചന: ഡേവിഡ് ജോൺ)

പെണ്ണുകാണാൻ വന്നവരെ കാണാൻ ഉമ്മറത്തു പോയി തിരിച്ചെത്തിയ അമ്മയുടെ മുഖത്തു പോകുമ്പോഴുണ്ടായിരുന്ന പ്രസന്നതയുണ്ടായിരുന്നില്ല.. ഇന്നലെ ജാതകം ഒത്തെന്ന് ബ്രോക്കർ വിളിച്ചു പറഞ്ഞപ്പോൾ തൊട്ടു ‘അമ്മ ഉത്സാഹത്തിലായിരുന്നു..

“ഇതു ശരിയാവില്ല ചേച്ചി..ചെറുക്കൻ കൂട്ടർ ബ്ലാക്ക്‌ ഫാമിലിയാ, ചേച്ചിയേയും ആ ചേട്ടനെയും കണ്ടാൽ ബ്ലാക്ക് ആൻഡ് വൈറ്റ് പടം പോലിരിക്കും ” പിന്നാലെ വന്ന അനിയൻ അച്ചുവാണ്..

” ഡാ, പതുക്കെ..അവര് കേൾക്കണ്ട..വന്നവരു കുറച്ച് നിറം കുറവാ…എന്തായാലും അവരെ മുഷിപ്പിക്കേണ്ട..നീ ഇതു കൊണ്ടു പോയി കൊടുക്ക്..” ‘അമ്മ ചായ ട്രേ കൈയ്യിൽ തന്നുകൊണ്ട് പറഞ്ഞു..

ചായയും കൊണ്ടു വന്ന എന്നെ കണ്ടതും ചെറുക്കന്റെ മുഖം മങ്ങി.. അച്ഛനുമമ്മയോടും എന്തോ പിറുപിറുക്കുന്നത് കണ്ടു…. ഇരുനിറമെങ്കിലും ഐശ്വര്യമാർന്ന മുഖം..അച്ഛനുമമ്മയും അതുപോലെ തന്നെ….ചായ കൊടുത്ത് ചോദ്യോത്തരവേളക്കു തയ്യാറായെങ്കിലും ഒരു ചോദ്യവുമുണ്ടായില്ല..

“എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിച്ചോളൂ..” അച്ഛനാണ്..” എന്താ മോൾടെ പേര് ?” ആർക്കോ വേണ്ടി ചോദിക്കുന്നതെന്നപോലെ ചെറുക്കന്റെ അമ്മയുടെ ചോദ്യം വന്നു.

“കാവ്യ” ഞാൻ മുഖമുയർത്തി ചെറുക്കനെയൊന്നു നോക്കി ….ആൾ പുറത്തേക്കു നോക്കിയിരിപ്പുണ്ട്.

” ചെറുക്കനും പെണ്ണും തനിച്ചു സംസാരിക്കട്ടെ, അല്ലേ ..” ബ്രോക്കറാണ്..” ഏയ്.. അതൊന്നും വേണ്ട…”

ബ്രോക്കർടെ ചോദ്യം അവസാനിക്കുന്നതിന് മുൻപ് തന്നെ ചെറുക്കന്റെ മറുപടി വന്നു.

” അച്ഛാ..എനിക്ക് സംസാരിക്കണം..” ഞാൻ അച്ഛനെ നോക്കി പതിയെ പറഞ്ഞു..അച്ഛനുമമ്മയും അമ്പരപ്പോടെ എന്നെ നോക്കി…

ചെറുക്കൻ എണീറ്റു എന്റെ പിന്നാലെ മുറ്റത്തേക്ക് നടക്കുമ്പോൾ ആൾടെ അച്ചനുമമ്മയെയും തുറുപ്പിച്ച്‌ നോക്കുന്നുണ്ടായിരുന്നു..

” ഞാൻ അറിഞ്ഞിട്ടല്ല..കുറച്ചു നിറം കുറഞ്ഞ പെണ്ണിനെ നോക്കാനാണ് ആ ബ്രോക്കറോട് പറഞ്ഞിരുന്നത്..”
മുറ്റത്തെത്തിയതും ആൾ ഗൗരവത്തോടെ പറഞ്ഞു.

“എനിക്ക് നിങ്ങളെ ഇഷ്ടായി…ചേട്ടന് എന്നെ ഇഷ്ടായില്ലെന്നു തോന്നുന്നു.. അതു നിറത്തിന്റെ കാര്യം കൊണ്ടാണോ.? തുറന്നു പറയാലോ… നിറവും സൗന്ദര്യവും നോക്കി ഒരുത്തനെ കുറച്ച് നാൾ പേമിച്ചു നടന്നതാ…

എന്നേക്കാൾ നല്ലതിനെ കണ്ടപ്പോൾ എന്നെ തേച്ചു. അങ്ങോട്ടു ചാടി.. ഇതൊന്നും നിങ്ങൾക്ക് വിഷയമല്ലെങ്കിൽ നിറത്തിന്റെ കാര്യം പറഞ്ഞു ഇതിൽ നിന്നും പിന്മാറരുത്….” അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറി..
ആൾ ഷോക്കേറ്റ പോലെ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു

അച്ഛനുമമ്മയും ആദ്യം ഈ ബന്ധം എതിർത്തെങ്കിലും ഞാൻ മുറുകെ പിടിച്ചു.. ബാക്കി കാര്യങ്ങളൊക്കെ അന്വേഷിച്ചപ്പോൾ അവർക്കും ഇതു നല്ലതാണെന്നു തോന്നി. ചെറുക്കൻ എം ടെക് കഴിഞ്ഞതാ..നല്ല ജോലി..

അച്ഛനുമമ്മയും റവന്യൂ ഡിപ്പാർട്ട്‌മെന്റിലായിരുന്നു.ഇപ്പോൾ റിട്ടയർഡ് ആയി, വീട്ടിൽ കൃഷിയും കാര്യങ്ങളുമായി കഴിയുന്നു..ഏക മകൻ.. പിന്നെ ഏറ്റവും സന്തോഷം വീട്ടിൽ നിന്നും 8 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ..എപ്പോ വേണമെങ്കിലും മോളെ വന്നു കാണാം..

നിശ്ചയം കഴിഞ്ഞു രണ്ടുമാസത്തിനുള്ളിൽ കല്യാണം തീരുമാനമായി.. നിശ്ചത്തിനു ചെറുക്കനെ കണ്ടു ബന്ധുക്കളിൽ ചിലർ മുറുമുറുത്തെങ്കിലും ഞാൻ ഹാപ്പിയായിരുന്നു.. ഇവരുടെ പറച്ചിൽ കേട്ടാണോ എന്തോ ആൾടെ മുഖത്തും വലിയ തെളിച്ചം കണ്ടില്ല..

നിശ്ചയം കഴിഞ്ഞു ഒരു വിളി പ്രതീക്ഷിച്ചെങ്കിലും ആൾടെ ഭാഗത്തു നിന്നും അങ്ങനെ ഒന്നുണ്ടായില്ല..അവസാനം ഞാൻ തന്നെ അങ്ങോട്ടു വിളിച്ചു. പ്രത്യകിച്ചു ഗുണമൊന്നുമുണ്ടായില്ല..

സുഖവിവരങ്ങളും പഠന കാര്യങ്ങളും അതും ഒന്നോ രണ്ടോ ചോദ്യം… എന്റെ അങ്ങോട്ടുള്ള ചോദ്യത്തിനു ഒറ്റവാക്കിലുത്തരം….കഴിഞ്ഞു..

ആ വിഷമങ്ങളൊക്കെ അവിടുത്തെ അച്ഛനുമമ്മയും തീർത്തു തന്നു. അവർ ദിവസവും വിളിച്ചിരുന്നു.. മിക്കപ്പോഴും കാണാനും എത്തും.. വരുമ്പോൾ ചുരിദാർ കമ്മൽ, വള ,പൊട്ട് ,അനിയന് ടി ഷർട്ട് ….

അങ്ങനെ എന്തെങ്കിലുമൊക്കെ കാണും.. പിന്നെ ഞങ്ങളുടെ ഫേവറിറ്റ് ബിരിയാണി ഫ്രൈഡ് റൈസ് കട്ലെറ്റ് …..ഇതിലെന്തെങ്കിലും ഒക്കെ ആയാണ് വരവ്.. .പറയാതിരിക്കാൻ വയ്യ, അവിട സൂപ്പർ ടേസ്റ്റ്.. ആയിരുന്നു..അതോടെ കുറച്ചു നീരസമുണ്ടായിരുന്ന അനിയൻ അച്ചുവും ഫ്ലാറ്റായി..

ഇടക്കിടെയുള്ള വരവ് കൊണ്ട് അച്ഛനമ്മമാരും നല്ല കൂട്ടായി.. എല്ലാം തുറന്നു പറയുന്ന ഒരു പാവം കൂട്ടർ.. കല്യാണം അടുത്തു.. ആഘോഷമായി രണ്ടു വീട്ടുകാരും ചേർന്നാണ് ഡ്രെസ്സും

ആഭരങ്ങളും വാങ്ങാൻ പോയത്. ചേട്ടൻ അപ്പോഴും ഒഫീഷ്യൽ ടോക് തന്നെ..വര്ണവിവേചനം എന്നു പറയുന്നത് ഇതിനെയാണോ എന്നു തോന്നി..

വിവാഹത്തിന്റെ അന്നാണ് ചേട്ടന്റെ ചിരിച്ച മുഖം ഞാൻ ആദ്യമായി കാണുന്നത്…ചേട്ടന്റെ വീട്ടിലേക്കു സന്തോഷവതിയായി വലതു കാൽ വച്ചു കയറി..അച്ഛനുമമ്മയുമായി നല്ല അടുപ്പമുണ്ടെങ്കിലും ചേട്ടന്റെ അകൽച്ച അല്പം ടെൻഷൻ ഉണ്ടാക്കിയിരുന്നു.. ..

വിറച്ചുകൊണ്ടാണ് ആദ്യരാത്രി റൂമിലേക്ക്‌ കയറിയത്.. ചേട്ടന്റെ മുഖത്തെ ചിരി അല്പം ആശ്വാസം നൽകി….
ഇരുട്ടിൽ നിറങ്ങൾക്ക് വേര്തിരിവില്ലാത്തത് കൊണ്ടാണാവോ ലൈറ്റ് ഓഫ് ചെയ്തപ്പോൾ ഒരു വിവേചനവുമുണ്ടായില്ല…

ഇതുവരെയുണ്ടായിരുന്ന ഗൗരവത്തിൽ മൂടുപടം അതോടുകൂടി അഴിഞ്ഞു വീണു.. ..കാരണം കേട്ടപ്പോൾ ചിരിച്ചുപോയി.. കല്യാണത്തിന്റെ അന്ന് വരെ ഞാൻ പറ്റിക്കുകയാണോ എന്ന പേടിയായിരുന്നത്രെ ചേട്ടന്..

പിറ്റേന്ന്‌ എണീറ്റു കുളിച്ചു അടുക്കളയിൽ വന്നപ്പോൾ കണ്ണു തള്ളി, അച്ഛനുമമ്മയും റേഡിയോയിൽ പാട്ടൊക്കെ കേട്ടു ജോളിയായി പാചകം ചെയ്യുന്നു. അവിടുത്തെ ആദ്യ ചായ കൈയ്യിലേക്കു തന്നത് അച്ഛനായിരുന്നു.

വീട്ടിൽ കിച്ചനു പുറത്തു നിന്നു ചായ ..ചോറ്..എന്നു വിളിച്ചു പറയുന്ന അച്ഛനെ ഓർമ്മ വന്നു.. അപ്പോഴേക്കും ചേട്ടനും കുളിച്ചു വന്നിരുന്നു. പിന്നെ എല്ലാരും കൂടി ആയി പാചകം…

അവിടെ എല്ലാ ജോലികളും അവർ ഒരുമിച്ച് കളിചിരികളോടെ ആസ്വദിച്ചു ചെയ്യുന്നത് എനിക്കാദ്യം അത്ഭുതമായിരുന്നു…

എന്റെ വീട്.. ചേട്ടന്റെ വീട് ..എന്ന വേർതിരിവ് തന്നെ ആദ്യം മാറ്റി. എന്റെ വീട് ചിറ്റാട്ടും ചേട്ടന്റെ വീട്‌ നന്ദനവും.. ആ പേരു പറഞ്ഞാണ് കാര്യങ്ങൾ പറയാറ്….

അച്ചുന് ഇവിടെനിന്നും സ്കൂളിലേക്ക് വലിയ ദൂരമില്ലാത്തതുകൊണ്ടു അവനും താമസം മിക്കതും നന്ദനത്തിലായി..രണ്ടുപേരെയും ഒരുമിച്ചു കെട്ടിച്ചുവിട്ടത് പോലായി എന്നായിരുന്നു അച്ഛനുമമ്മക്കും വിഷമം..

ആദ്യമൊക്കെ അച്ഛനുമമ്മക്കും ഇവിടെ താമസിക്കാൻ പറഞ്ഞാൽ മടിയായിരുന്നു.. ഞങ്ങൾ ചിറ്റാട്ടേക്കു എല്ലാരും കൂടിയാണ് പോകുന്നതും വരുന്നതും..അങ്ങനെ അച്ഛനുമമ്മയും നന്ദനത്തും ഇടക്ക് വന്നു താമസിച്ചു.

ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ഒരുമിച്ചാഘോഷിച്ചു.. ഒഴിവുവേളകൾ ലുഡുവും ഉനോയും കളിച്ചു.. പിക്നിക്കും സിനിമയും ഒത്തൊരുമിച്ചായി..

അതിനിടയിൽ ചിറ്റാട്ടെ ‘അമ്മ ബാത്റൂമിലൊന്നു തെന്നി വീണു ..കാലിലെ എല്ലു പൊട്ടി.. ഹോസ്പിറ്റലിൽ അമ്മക്കു ഞാനും നന്ദനത്തെ അമ്മയും കൂട്ടിരുന്നു.. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്‌ ചെയ്യുന്നതുവരെ ചേട്ടനും ലീവെടുത്തു ഹോസ്പിറ്റൽ കാര്യങ്ങൾക്കായി ഓടി നടന്നു….

വീട്ടുഭരണം അച്ഛന്മാർ ഏറ്റെടുത്തു.. അപ്പോഴേക്കും നന്ദനത്തെ അച്ഛന്റെ കൂടെക്കൂടി ചിറ്റാട്ടെ അച്ഛനും അടുക്കളയിൽ കയറിത്തുടങ്ങിയിരുന്നു ..

അമ്മയെ ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നത് നന്ദനത്തേക്കായിരുന്നു… .ഒരുമാസം അമ്മയെ ഇടവും വലവും തിരിയാൻ സമ്മതിക്കാതെ എല്ലാവരും ഒപ്പം നിന്നു..

ഇന്ന് ഞാനൊരു ഉണ്ണിക്കണ്ണന്റെ അമ്മയാണ്..മോനു ഇത്തിരി നിറം കുറവാണെന്നു പറഞ്ഞു നാൽപാമരാദി എണ്ണ തേപ്പിച്ചു കുളിപ്പിക്കാൻ പോയ അമ്മയെ ഞാൻ തടഞ്ഞു..അവൻ ഇത്തിരി നിറംകുറഞ്ഞിരിക്കട്ടെ ,അവന്റെ മനസ്സിൽ മതി വെളുപ്പ് ..ഇവിടത്തെ പോലെ….

വിവാഹമെന്നാൽ രണ്ടു വ്യക്തികളുടെ മാത്രമല്ല. രണ്ടു കുടുംബങ്ങളുടെ കെട്ടുറപ്പാണെന്ന് തീരിച്ചറിയുന്നു…..പണ്ട് തേച്ചു പോയവനെ ഇപ്പോൾ കണ്ടാൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കും….ഈ സ്വർഗം എനിക്ക് തന്നതിന്..

Leave a Reply

Your email address will not be published. Required fields are marked *