ആഴ്ച്ചേല് പത്തുതവണ ബന്ധപ്പെട്ടാൽ, ഒരാഴ്ച്ച ആയിരം കലോറി കുറയും. ഇന്ന്, ഒരു വനിതാ മാഗസിനിൽ വായിച്ചതാ”

ഡയറ്റ്
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

രതീഷ്, ഓഫീസിൽ നിന്നും എത്തിയപ്പോൾ, അന്നും ഏഴുമണി കഴിഞ്ഞിരുന്നു.
അകത്തളത്തിനപ്പുറത്തേ പഠനമുറിയിൽ, മക്കൾ രണ്ടുപേരും കൊണ്ടുപിടിച്ച പഠനത്തിലാണ്.

ഒരാൾ എട്ടിലും, മറ്റെയാൾ പത്തിലും പഠിയ്ക്കുന്നു.
പഠനം, എട്ടര വരേ തുടരും.
രതീഷ്, കിടപ്പുമുറിയിലേക്കു കയറി.
സബിതയപ്പോൾ, മുറിയിലെ നിലക്കണ്ണാടിയിലേക്കു ചാഞ്ഞും ചരിഞ്ഞും നോക്കി നിൽപ്പുണ്ടായിരുന്നു.

“എന്തേ ശ്രീമതീ, ഇത്ര നോക്കാൻ?
നീ സുന്ദരിയല്ലേ,
ഭംഗീം, തുടുപ്പും കൂടി വരണേയുള്ളൂ.
ചന്തം നോക്കീത് മതി,
നീയിത്തിരി കാപ്പിയെടുത്തേ,
നല്ല മധുരത്തില്”

സബിത, ഭർത്താവിന്നരികിലേക്കു തിരിഞ്ഞു നിന്നു.
അരക്കെട്ടിലെ മേദസ്സ് ഉയർത്തിത്താഴ്ത്തിക്കാണിച്ചു.
എന്നിട്ട്, രതീഷിനോടു പറഞ്ഞു.

“രതീഷേട്ടാ, നോക്ക്യേ;
ഞാൻ ഭയങ്കരായിട്ടു വണ്ണം വച്ചു.
വയറൊക്കെ ചാടിത്തുടങ്ങി.
മുന്നും, പിന്നും എല്ലാം കൂടി.
ഡ്രസ് ഇടുമ്പോൾ, ഇപ്പോളൊരു വീർപ്പുമുട്ടലാണ്.
ആദ്യം, ഏതു ഡ്രസ്സും എനിക്കു മാച്ചായിരുന്നു.

വെറുതേയിരുന്നു തടി കൂടി.
ചേട്ടനും, കൂടീട്ടുണ്ട് ട്ടാ,
ഷർട്ട് ഊരിയാൽ, ഇപ്പോളൊരു കുട്ടിഗണപതിയായിട്ടുണ്ട്.
നമുക്ക്, നടക്കാൻ പോണം.
ഡയറ്റ് ചെയ്യണം.
പഴയ പ്രതാപം വീണ്ടെടുക്കണം.”

ഓഫീസ് വേഷ്ടികൾ മാറ്റി, മുണ്ടും ബനിയനും എടുത്തു ധരിക്കുമ്പോൾ,
രതീഷ് ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു.

“ആഴ്ച്ചേല് പത്തുതവണ ബന്ധപ്പെട്ടാൽ, ഒരാഴ്ച്ച ആയിരം കലോറി കുറയും.
ഇന്ന്, ഒരു വനിതാ മാഗസിനിൽ വായിച്ചതാ”

“ഉം, അതിന്റെ കുറവില്ലാഞ്ഞിട്ടാണ്;
അങ്ങനെയാണെങ്കിൽ, നമ്മളു രണ്ടും നൂലുപോലെ ആയേനേ.
നിങ്ങള് വായോ,
നമുക്ക് നാളെ മുതൽ, രാവിലെ നടക്കാൻ പോകാം.

ഫുഡ്, കണ്ട്രോൾ ചെയ്യാം.
നിങ്ങടെ ഒന്നരാടം വീതമുള്ള ചിക്കൻ തീറ്റയും, അത്താഴത്തിനു മുന്നത്തേ രണ്ടു പെഗും കട്ടു ചെയ്യാം.
വൈകീട്ട്, നമുക്ക് ഓട്സ്, കഞ്ഞി വച്ചു കഴിക്കാം.

സന്ധ്യയ്ക്ക്, അപ്പുറത്തേ ഗീതയും സൗമ്യയും എന്റെ കൂടെ റെയിൽവേ ഫ്ലാറ്റുഫോമിൽ നടക്കാൻ വരാന്നു പറഞ്ഞിട്ടുണ്ട്.
നിങ്ങള് ജോലി കഴിഞ്ഞു വന്ന്, കുളിച്ചു ഫ്രഷ് ആകുമ്പോഴേക്കും ഞങ്ങള് നടന്നെത്താം.
രണ്ടുനേരം നടത്തവും, ഡയറ്റും.
അതു മതി;

എനിക്കു പഴയ പ്രതാപത്തിലെത്താൻ.
നിങ്ങളുടെ ഭാഗ്യം;
നിങ്ങൾക്കു രാവിലെ മാത്രം നടന്നാൽ മതീലോ;
ഒരു കാര്യം കൂടി.
ഇന്നു മുതൽ, നിങ്ങളുടെ മധുരക്കാപ്പി ഒഴിവാക്കിയിരിക്കുന്നു.
നമ്മളു പൊരുതാൻ പോവ്വാണ്”

സബിത അടുക്കളയിലേക്കു പോയി.
രതീഷ്, കുളിക്കാനും.
പഠനമുറിയിൽ നിന്നും , കുട്ടികളുടെ വായനാ ശബ്ദം, ഇപ്പോൾ കൂടുതൽ വ്യക്തമാവുന്നു.
രതീഷ്, കുളി കഴിഞ്ഞു വന്ന്,
ടി വി ഓൺ ചെയ്തു.
വാർത്തകളുടെ ശബ്ദം താഴ്ന്നു പടർന്നു.

രണ്ടുമാസം പിന്നിട്ടു.
അന്ന് രതീഷ്, പതിവു നേരത്തേ തന്നെ ഓഫീസിൽ നിന്നും തിരിച്ചെത്തി.
പതിവിനു വിപരീതമായി, സബിത നടക്കാൻ പോയിട്ടുണ്ടായിരുന്നില്ല.

“എന്തു പറ്റീ, ഇന്ന് കൂട്ടുകാരികൾക്കൊപ്പം നടക്കാൻ പോയില്ലേ?
മുടക്കാത്തതാണല്ലോ, നടത്തം.
നീ, തടി കുറഞ്ഞിട്ട്ണ്ട് ട്ടാ”ബിത, പുഞ്ചിരിച്ചാണ് മറുപടി പറഞ്ഞത്.

“ആ ഗീതയ്ക്ക്, വയറുവേദന.
സൗമ്യ, അവളുടെ വീട്ടിൽ പോയി.
തനിച്ചു പോകാൻ എനിക്കു പേടിയാണ്.
അതോണ്ടു പോയില്ല.
ഞാനിന്നു, വെയ്റ്റ് ചെക്ക് ചെയ്തൂട്ടാ;

മോനേ, നാലു കിലോ കുറഞ്ഞിട്ടുണ്ട്.
രതീഷേട്ടനു, ഒരു മാറ്റോം ഇല്ലല്ലോ?
നാളെ നമുക്ക്, നിങ്ങടെ വെയ്റ്റ് ഒന്നു ചെക്കുചെയ്യാം.
രണ്ടു കിലോയെങ്കിലും കുറഞ്ഞിട്ടുണ്ടെങ്കിൽ, ജീവിതം ജിങ്കലാലാ.”

അതും പറഞ്ഞ്, അവൾ ഭർത്താവിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
അയാൾ, അവളെ അകത്തി മാറ്റി.”വിടൂ, അപ്പടി വിയർപ്പാണ്”

അവൾ, രതീഷിന്റെ കണ്ണുകളിലേക്കു ശ്രദ്ധിച്ചു നോക്കി.
രതീഷിന്റെ ശിരസ്സു താണു.

“എന്താ, നിങ്ങളെയൊരു തട്ടുകട മണം?
ഭയങ്കരാ,
ഡയറ്റ് എന്നും പറഞ്ഞ്, വെടിപ്പിനു ഫാസ്റ്റു ഫുഡ് അടിച്ചാണല്ലേ വരവ്?
എന്നിട്ട് , ഞാൻ നടന്നു വരണേനു മുൻപ് കുളിച്ചു പല്ലുതേച്ചു കുട്ടപ്പനായുള്ള ഇരിപ്പും.

പിന്നാലെ, ഓട്സ് കഞ്ഞിയും.
നാളെ, വെയ്റ്റ് ചെക്കു ചെയ്യട്ടേ;
വിടില്ല ഞാൻ, നിങ്ങളെ.”സബിത, കലിതുള്ളി അടുക്കളയിലേക്കു നടന്നു.

രതീഷ്, പുറകിൽ നിന്നും വിളിച്ചു പറഞ്ഞു.”എനിക്ക്, ആഴ്ച്ചേല് ആയിരം കലോറി കുറഞ്ഞാൽ മതി.”സബിത, തിരിഞ്ഞു നിന്നു.

“അതും പറഞ്ഞ്, പാതിരായ്ക്ക് നിങ്ങളിങ്ങു വാ;
ഞാൻ, ശരിയാക്കിത്തരാം.
വർഗ്ഗവഞ്ചകാ….”

രതീഷ്, കുളിമുറിയിലേക്കു നടന്നു.
അപ്പോൾ, അയാൾ പാടിയ പാട്ട്,
സന്ദർഭോചിതമായിരുന്നു.

“കാത്തു സൂക്ഷിച്ചൊരു
കസ്തൂരി മാമ്പഴം,
കാക്കച്ചി കൊത്തിപ്പോയി….”സന്ധ്യയപ്പോൾ, രാത്രിക്കു വഴിമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *