വിഷം അടിച്ചതാ.. മരിച്ചു പോയി. ഇരുപത്തൊന്ന് വയസ്സേ ഉള്ളു കൊച്ചിന് … ഏതോ ഒരു ചെറുക്കനുമായി പ്രേമത്തിലായിരു

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഇവിടെ കൊണ്ട് വന്നപ്പോഴേക്കും ജീവൻ പോയിരുന്നു ”

ഡോക്ടറുടെ വാക്കുകൾ കേൾക്കെ അനിതയുടെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. വല്ലാത്ത നടുക്കത്തിൽ അവൾ പിന്നിലേക്ക് വേച്ചു പോയി.” എന്റെ മോള്.. എന്റെ പൊന്ന് മോള്.. ”

പിറുപിറുത്തു കൊണ്ടവൾ ചുവരിലേക്ക് ചാരവേ പതിയെ അറ്റെന്റർ ആ സ്‌ട്രെച്ചർ വെളിയിലെക്കെടുത്തു.” എന്റെ പൊന്ന് മോളെ.. ഒന്ന് കണ്ണ് തുറക്ക് നീ… അമ്മയെ ഒന്ന് നോക്ക് ”

അനിതയുടെ നിലവിളി ആ ആശുപത്രി വരാന്തയിൽ പ്രതിധ്വനിച്ചു. ചേതനയറ്റ പൊന്നുമോളുടെ ശരീരം കാണുവാനുള്ള ത്രാണിയില്ലായിരുന്നു അവൾക്ക്.

“എന്താ സംഭവം … “ബഹളം കേട്ടിട്ട് ചുറ്റും കൂടിയവരിൽ ഒരാൾ ആശുപത്രി അറ്റന്ററോട് പതിയെ തിരക്കി.

” വിഷം അടിച്ചതാ.. മരിച്ചു പോയി. ഇരുപത്തൊന്ന് വയസ്സേ ഉള്ളു കൊച്ചിന് … ഏതോ ഒരു ചെറുക്കനുമായി പ്രേമത്തിലായിരുന്നു. തന്ത അതറിഞ്ഞിട്ട് വീട്ടിൽ പ്രശ്‌നം ഉണ്ടാക്കി. അതിന്റെ വാശിക്ക് പെൺകൊച്ചു ചെയ്തു കളഞ്ഞതാ.. ”

മറുപടി പറഞ്ഞത് അടുത്ത് നിന്നൊരു ബന്ധുവാണ്. അത് കേട്ടവർ മൂക്കത്ത് വിരൽ വച്ചു പോയി.

” കൊള്ളാം കൊള്ളാം… വീട്ടുകാരുടെ ദുഖത്തെ പറ്റി ഇവളുമാരൊന്നും ചിന്തിക്കത്തില്ലല്ലോ…. പഠിക്കാൻ വിട്ടാൽ പഠിക്കാൻ നില്കാതെ പ്രേമിച്ചു നടക്കും .. എന്നിട്ട് ഒടുക്കം ഇത് പോലെ ഓരോന്ന് കാട്ടി പോറ്റി വളർത്തിയവർക്ക് സങ്കടം വരുത്തി വയ്ക്കും ”

” കാലം പോയ പോക്കേ.. “അഭിപ്രായങ്ങൾ പലതുയർന്നു. നിർത്താതെ നിലവിളിക്കുന്ന അനിതയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് അടുത്ത ഒന്ന് രണ്ട് ബന്ധുക്കളും ഉണ്ടായിരുന്നു. അറ്റെന്റർ വീണ്ടും സ്ട്രച്ചർ തിരികെ ഉള്ളിലേക്ക് ഉന്തിക്കൊണ്ട് കയറി.

” ദേ ആ തളർന്നിരിക്കുന്ന ആളിനെ കണ്ടോ അതാ ഈ മരിച്ച കൊച്ചിന്റെ തന്ത. അങ്ങേരുടെ ആ ഇരുപ്പ് കണ്ടോ.. നോക്കി നിൽക്കാൻ പറ്റില്ല ചങ്ക് തകരും ”

ആരോ ഒരാൾ അകലേക്ക്‌ മാറി ഇരിക്കുന്ന അനന്തനെ ചൂണ്ടി കാണിച്ചു.അയാൾ പറഞ്ഞത് ശെരിയാണെന്ന് കണ്ട് നിന്നവർക്കും തോന്നി അത്രത്തോളം തകർന്ന് അവശനായിരുന്നു അനന്തൻ

” അത് പിന്നെ വേദന കാണില്ലേ.. പൊന്ന് പോലെ നോക്കി വളർത്തിയതാ ഈ കൊച്ചിനെ.. ”

ബന്ധുക്കളിൽ ആരോ അഭിപ്രായപ്പെടുമ്പോൾ എല്ലാവരും അനന്തന്റെ ആ ദയനീയമായ ഇരുപ്പ് നോക്കി നിന്നു.

” അത് അനന്തൻ അല്ലെ.. അയാളുടെ മോളാണോ ഇത്. ദൈവമേ ഇത്രേം കാശുള്ള വീട്ടിലെ കൊച്ചാണോ ഇങ്ങനെ ഓരോ കുടുക്കിൽ ചെന്ന് പെട്ട് ജീവൻ കളഞ്ഞേ.. ”

ചുറ്റും കൂടിയവരിൽ ആരോ അനന്തനെ തിരിച്ചറിഞ്ഞു.” തനിക്ക് അറിയോ അയാളെ.. ”

” പിന്നറിയാതെ വല്യ തറവാട്ടുകാരാ നല്ല കാശ് ടീംസ് ആണ്.. വല്ലാത്ത കഷ്ടമായി പോയി ഇത് ”

അയാൾ പറയുന്നത് കേട്ട് എല്ലാവരും അനന്തന്റെ ആ ഇരുപ്പ് നോക്കി നിന്നു.” സൂയിസൈഡ് അല്ലെ സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്.. അവരു വരും എന്നിട്ട് ബോഡി കൊണ്ട് പോകാം ”

ഡോക്ടർ വന്നു പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു അനിത..

ആ പറഞ്ഞത് കേട്ടിട്ട് അകലെ മാറിയിരുന്ന അനന്തൻ പതിയെ എഴുന്നേറ്റു വന്നു

” എന്തിനാ പോലീസൊക്കെ കഴിഞ്ഞത് കഴിഞ്ഞില്ലേ.. ഇനീപ്പോ ആര് വന്നിട്ടെന്താ.. നിങ്ങള് എന്റെ കൊച്ചിനെ ഇങ്ങ് വിട്ട് താ.. ”

അയാളുടെ തൊണ്ടയിടറവേ ഡോക്ടർ നിസഹായനായിരുന്നു.” അത് പറ്റില്ല. സൂയിസൈഡ് ആകുമ്പോ പോലീസിനെ അറിയിക്കണം.. അതൊരു പ്രൊസീജിയർ ആണ് നിങ്ങൾ ദയവായി സഹകരിക്കണം

“എന്നാത്തിനാ സാറേ വെറുതെ ഓരോ നൂലാമാലകള്.. ആ കൊച്ചിനെ അങ്ങ് വിട്ട് കൊടുത്തൂടെ ”

കൂടി നിന്നവരിൽ ആരൊക്കെയോ ഡോക്ടർ നോട്‌ ചോദിക്കുന്നുണ്ടായിരുന്നു അതോടെ പ്രതീക്ഷയോടെ ഡോക്ടറെ നോക്കി അനന്തൻ .

” ഒന്ന് സമ്മതിക്ക് സാറേ.. എന്റെ പൊന്ന് മോളെ ഇങ്ങനെ കിടത്താതെ ഞാൻ കൊണ്ട് പൊയ്ക്കോട്ടേ ”

വളരെ ദയനീയമായി ഡോക്ടറിന് നേരെ കൈ കൂപ്പി അപേക്ഷിച്ചു അയാൾ.” വേണ്ട.. പോലീസ് വരട്ടെ.. നിയമത്തിന്റെ വഴിക്ക് മതി കാര്യങ്ങൾ ”

നിലത്തിരുന്നു കരഞ്ഞിരുന്ന അനിതയുടെ പെട്ടെന്നുള്ള മറുപടി എല്ലാവരെയും അതിശയിപ്പിച്ചു. എന്നാൽ അനന്തന്റെ മുഖം കുറുകി അത് കേട്ടിട്ട്.

” എന്തിനാ അനിതേ .. നിനക്കെന്താ വട്ടായോ.. എന്തിനാ നമ്മുടെ മോളെ ഇങ്ങനെ കിടത്തിയേക്കുന്നെ പാവമല്ലേ അവൾ.. അവള് പോയില്ലേ ഇനി ആർക്ക് വേണ്ടി കാക്കാനാ… ”

വേദനയോടുള്ള അവന്റെ വാക്കുകൾ കേട്ടിട്ട് കുറച്ചു നേരം ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അനിത.

” എന്തിനാ ഏട്ടാ ധൃതി… എന്തായാലും അവള് പോയില്ലേ.. ഇനീപ്പോ ഇച്ചിരി വൈകിയാലും സാരമില്ല. എന്റെ പൊന്ന് മോളു അത് സഹിച്ചോളും പോലീസ് വരട്ടെ

അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. അതോടെ ആകെ ആസ്വസ്തനായി അനന്തൻ .

” മോളു പോയതോടെ നിനക്ക് ഭ്രാന്ത് കേറിയോ.. പോലീസ് വന്നാൽ എന്തോരം നൂലാമാലകൾ ആണെന്നറിയോ… സംഭവിച്ചതൊക്കെ നാട്ടിൽ പാട്ടാവും

നമ്മുടെ മോളെ എല്ലാവരും കുറ്റക്കാരിയാക്കും.. നാട്ടുകാർക്ക് മുന്നിൽ നാണം കെടും നമ്മൾ ഞാൻ അത് സമ്മതിക്കില്ല.. ഒന്നും വേണ്ട. നമുക്ക് പോകാം മോളെയും കൊണ്ട് ”

പതിയെ അവളുടെ അരികിലേക്കിരുന്നു അനന്തൻ. എന്നാൽ അനിത വഴങ്ങിയില്ല. അതോടെ ആകെ കുഴഞ്ഞു അവൻ.

“ഈ പെണ്ണിന് വട്ടായോ. ചുമ്മാ ആ കൊച്ചിന്റെ ബോഡി വച്ചോണ്ട് കിടക്കുന്നു.. ”

” അല്ലെന്നേ.. അങ്ങിനെ ഓരോ നൂലാമാലകൾ ഉണ്ട്. ആത്മഹത്യ അല്ലെ.. അയാള് എന്തിനാ ഇത്രക്ക് വെപ്രാളം കാട്ടുന്നെ പോലീസ് വന്നിട്ട് പോയാൽ പോരെ.. ”

ആരൊക്കെയോ പിറുപിറുത്തു കൊണ്ട് നടന്നകന്നു. അനിത അപ്പോഴും മൗനമായിരുന്നു വിങ്ങി പൊട്ടി.

“ദേ ആ ചെറുക്കൻ വന്നു ബഹളം വയ്ക്കുന്നുണ്ട് മോളെ കാണണം ന്ന് പറഞ്ഞിട്ട്.. ”

ബന്ധുക്കളിൽ ആരോ ഓടി വന്നു പറയവേ സംശയത്തോടെ നോക്കി അനന്തൻ.

” അവൻ.. ആ ചെറുക്കൻ തന്നെ മോളുടെ കാമുകൻ “ആ നോട്ടം കണ്ടിട്ട് കൂടുതൽ വ്യക്തമാക്കി അയാൾ. അത് കേട്ടത്തോടെ അനന്തന്റെ മിഴികൾ ചുവന്നു. അവന്റെ മുഖത്തേക്ക് രോഷം ഇരച്ചു കയറി.

” ആ നാറി എന്തിനാ വന്നേ. എന്റെ കൊച്ചിന്റെ ശവം തിന്നാൻ ആണോ. “പല്ലിറുമ്മി കൊണ്ട് ചാടിയെഴുന്നേറ്റു അവൻ.

“അവനെ എന്റെ മോളെ കാണിക്കില്ല ഞാൻ കൊല്ലും ആ പന്നിയെ “മുന്നോട്ട് കുതിച്ച അനന്തനെ ബന്ധുക്കളും മറ്റു ചിലരും ചേർന്ന് പിടിച്ചു നിർത്തി. ഒക്കെയും കണ്ട് മൗനമായിരുന്നു അനിത .

അപ്പോഴേക്കും പോലീസ് എത്തിയിരുന്നു. അതോടെ അല്പം ശാന്തനായി അനന്തൻ . ഡോക്ടറെ കണ്ട് കാര്യങ്ങൾ തിരക്കിയ ശേഷം ആ പോലീസുകാർ പുറത്തേക്കിറങ്ങി. ചുവരിൽ ചാരി തല കുമ്പിട്ടു നിൽക്കുകയായിരുന്ന അനന്തനരികിൽ ആണ് അവർ ആദ്യം ചെന്നത്.

” നെൽ കൃഷി ഉണ്ടായിരുന്നോ നിങ്ങൾക്ക് “ആ ചോദ്യത്തിന് മൗനമായി ‘അതെ’ എന്ന അർത്ഥത്തിൽ തലയാട്ടി അവൻ.” ഉണ്ട് സാറേ… നെല്ലിനടിക്കാൻ വച്ചിരുന്ന കീടനാശിനിയാ മോളെടുത്തു കുടിച്ചേ ”

ബന്ധുവിൽ ഒരാൾ വാക്കാൽ മറുപടി പറഞ്ഞു.” അതറിയാം… നിങ്ങളു മോളെ തല്ലിയാരുന്നു അല്ലെ.. “പോലീസുകാരുടെ അടുത്ത ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി അനന്തൻ.

” കൊച്ചിന്റെ പുറത്ത് അടികൊണ്ട പാടുകൾ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്തിനാണ് ഇത്രയും ഉപദ്രവിച്ചത്. ഒരു പ്രണയം ഉണ്ട് എന്നത് ഇക്കാലത്തു ഇത്രയ്ക്കും വലിയ കുറ്റം ആണോ.. ”

ആ ചോദ്യത്തിന് മുന്നിൽ അവൻ മൗനമാകവേ നിലത്തു നിന്നും പതിയെ എഴുന്നേറ്റു അനിത .

” ആണ് സാറേ… കുറ്റമാണ്.. ജാതിയും അഭിമാന ഭയവും തലയിൽ കൊണ്ട് നടക്കുന്നവർക്ക് അതൊക്കെ വലിയ കുറ്റം തന്നെയാണ്. ”

മറുപടിയായി അനിത ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ അനന്തൻ ഒന്ന് നടുങ്ങി. പോലീസുകാരും അതോടെ അവൾക്ക് നേരെ തിരിഞ്ഞു. അത് കണ്ട് തുടർന്നു അവൾ.

” ഞാൻ പറഞ്ഞത് സത്യമാണ് സാറേ… ജാതിയും ദുരഭിമാനവും തലക്ക് പിടിച്ച അത്തരക്കാർക്ക് സ്വന്തം മോള് കീഴ്ജാതിക്കാരിൽ ഒരാളെ പ്രണയിച്ചു എന്നറിഞ്ഞാൽ പിന്നെ സമനില തെറ്റും അന്നേരം തല്ലും.തല്ലി തല്ലി ഒടുക്കം കൊല്ലും. ദേ ഇയാൾ എന്റെ മോളെ കൊന്നത് പോലെ.. ”

അത്രയും പറഞ്ഞു അലറി വിളിച്ചു കൊണ്ട് അനിത തനിക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ വിളറി പോയി അനന്തൻ. ഒരു നിമിഷം പോലീസുകാരുൾപ്പെടെ കേട്ട് നിന്നവർ എല്ലാം നടുങ്ങി.

” ഇയാള് കൊന്നെന്നോ.. ഇയാളല്ലേ ഈ കൊച്ചിന്റെ അച്ഛൻ.. “സംശയത്തോടെ ഒരു പോലീസുകാരൻ നോക്കുമ്പോൾ അനിതയുടെ മിഴികളിൽ അഗ്നി ജ്വലിച്ചു.

” അച്ഛൻ… ത്ഫൂ… “അനന്തന് നേരെ നോക്കി കാറി തുപ്പി അവൾ.ശേഷം പോലീസുകാർക്ക് നേരെ തിരിഞ്ഞു

“ഇത്രയും നേരം നിങ്ങൾക്ക് വേണ്ടിയാണ് സാർ ഞാൻ കാത്തിരുന്നത്… ഹോസ്പിറ്റലിലേക്ക് കൊണ്ട് വരവേ എന്റെ കൊച്ച് മരണവെപ്രാളത്തിൽ പറഞ്ഞു സാറേ.. അവളെ അടിച്ചവശയാക്കി വായിൽ ഇയാൾ വിഷം ബലമായി ഒഴിച്ച് കൊടുത്തതാണെന്ന്.. ദേ എന്റെ ഫോണിൽ ഞാനത് റെക്കോർഡ് ചെയ്തിട്ടുണ്ട്.. ”

പറഞ്ഞവസാനിപ്പിക്കുമ്പോൾ പൊട്ടിക്കരഞ്ഞു പോയി അവൾ. അനന്തനാകട്ടെ ചലനമറ്റ് നിന്നു പോയി.

” സത്യമാണോ നിങ്ങൾ ഈ പറയുന്നത് “ഒക്കെയും കേട്ട് പോലീസുകാർക്ക് അതിശയമായിരുന്നു.

” അതെ സാറേ.. ഇയാള് എന്റെ കൊച്ചിനെ കൊന്നതാ.. അവള് താഴ്ന്ന ജാതിയിലെ ഒരു ചെക്കനെ പ്രേമിച്ചു എന്ന പേരിൽ നാണക്കേട് ഒഴിവാക്കാനായിട്ട് … ഞാനവിടെ ഇല്ലാതായി പോയി.. എനിക്കൊന്നും ചെയ്യാനും പറ്റിയില്ല ”

പൊട്ടിക്കരഞ്ഞു കൊണ്ട് ചുവരിലേക്ക് ചാരി അനിത. ഒക്കെയും കേട്ട് ആകെ നടുങ്ങി തരിച്ചു നിന്നു ചുറ്റും കൂടി നിന്നവർ

” ചുമ്മാതാ.. ചുമ്മാതാ സാറെ ഇവൾക്ക് ഭ്രാന്ത് കേറിയതാ ഞാൻ അങ്ങിനൊന്നും… ചെ .. ചെ.. “വാക്കുകൾ മുഴുവപ്പിക്കുവാൻ കഴിയാതെ വിങ്ങി പൊട്ടിപ്പോയി അനന്തൻ

കണ്മുന്നിൽ നടക്കുന്നതും കാതുകളിൽ കേൾക്കുന്നതും ഏറെ ഞെട്ടൽ ആയിരുന്നു കൂടി നിന്നവർക്ക്.

” അച്ഛൻ മകളെ കൊന്നെന്നോ.. ഇതെന്തോന്ന് വെള്ളരിക്കാ പട്ടണമോ “ആരൊ ഒരാൾ അതിശയത്തോടെ അനിതയെ നോക്കി.

” കൊല്ലും ഇയാളെ പോലുള്ളവർ കൊല്ലും ഇയാൾക്ക് ജാതിയും അഭിമാനവും ആണ് വലുത്. കൊച്ചിന് അങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞത് മുതൽ ഇഞ്ച ചതയ്ക്കുന്നത് പോലെ ചതച്ചു തുടങ്ങിയതാ ഇയാൾ അവളെ.. പലവട്ടം

തടുക്കാൻ നോക്കിയ എനിക്കും അടി കിട്ടീട്ടുണ്ട്.. സ്വന്തം മോളെക്കാൾ അയാൾക്ക് വലുത് അഭിമാനം ആയിരുന്നു. എന്നിട്ടൊടുക്കം… അവള് വഴങ്ങില്ല എന്നായപ്പോ കൊന്ന് കളഞ്ഞില്ലേടോ കാലാ.”

അത് പറഞ്ഞു കൊണ്ട് അലറി വിളിച്ചു അനന്തന് നേരെ ഓടി അവൾ പോലീസുകാരു തടുക്കുമ്പോഴേക്കും അവന്റെ ഷട്ടിൽ പിടുത്തമിട്ട് വലിച്ചു കീറിയിരുന്നു അനിത.

അവളുടെ പെട്ടെന്നുള്ള ആ പ്രതികരണത്തിൽ ആകെ ഉലഞ്ഞു പോയി അനന്തൻ. ഉള്ളിലെവിടെയോ തങ്ങി നിന്നിരുന്ന കുറ്റബോധത്തിന്റെ കണികകൾ അവനെ അസ്വസ്ഥനാക്കി തുടങ്ങിയിരുന്നു.

” സത്യമാണോ ഈ പറയുന്നത്. നിങ്ങളാണോ ഈ കുട്ടിയെ കൊന്നത് “പോലീസുകാരന്റെ ആ ചോദ്യത്തിന് മുന്നിൽ നിന്നും വിയർത്തു തുടങ്ങി അനന്തൻ . അവന്റെ മൗനം കണ്ട് ഏറെക്കുറെ എല്ലാവർക്കും കാര്യങ്ങൾ മനസിലായി തുടങ്ങി

” കള്ളപ്പന്നി അപ്പോ നീയാണോ ഇത് ചെയ്തത്. ഇത്രേം ക്രൂരത ചെയ്തിട്ട് ആണോ നീ ഇവിടെ വന്നിരുന്ന് സങ്കടം അഭിനയിച്ചത് ”

ചുറ്റും കൂടി നിന്നവർ രോഷാകുലരായി തുടങ്ങി. അപ്പോഴേക്കും തെളിവായുള്ള അവരുടെ മോളുടെ മരണ മൊഴി പോലീസുകാർക്ക് കൈമാറി അനിത. താൻ കുടുങ്ങി എന്ന് ഉറപ്പിച്ചു അനന്തൻ.

” കള്ള നായെ.. സ്വന്തം മോളെ കൊന്നോടാ നീ”അടങ്ങാത്ത കലിയിൽ ചുറ്റും കൂടിയവരിൽ ആരോ ഒരാൾ അവന്റെ ചെകിടിൽ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ പിന്നിലേക്ക് വേച്ചു പോയ അനന്തൻ കൈവരിയിൽ പിടിച്ചു നിന്നു.

മനസ്സിൽ ഒരു കോണിൽ കുറ്റബോധവും മറുകോണിൽ അഭിമാന ഭാരവും എല്ലാം കൂടി ആകവേ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി അവൻ .

” അതേ.. ഞാനാ കൊന്നേ.. ഞാനാ കൊന്നത് അവളെ.. പിന്നെന്ത് ചെയ്യണം.. അന്തസുള്ള തറവാട്ടുകാരാ ഞങ്ങൾ. ആ ഞങ്ങടെ വീട്ടിൽ പണിക്ക് വന്നവന്റെ മോനുമായി അവൾടൊരു പ്രണയം… അത് അംഗീകരിച്ചു കൊടുക്കുന്നതുനേക്കാൾ നല്ലത് ചാകുന്നതാ.. പറഞ്ഞു നോക്കി

കുറെ.. അപ്പോ അവള് പറയുവാ കെട്ടിച്ചു കൊടുത്തില്ലേൽ ചത്തു കളയുമെന്ന്. അപ്പോ പിന്നെ ചാകട്ടെ ന്ന് വച്ചു ഞാൻ. ആ തെണ്ടി കൂട്ടങ്ങളെ കുടുംബത്തു കയറ്റുന്നതിനേക്കാൾ നല്ലത് അവളെ കൊല്ലുന്നത് തന്നെയാ ന്ന് തോന്നി എനിക്ക് ”

വല്ലാത്തൊരു ഭ്രാന്തമായ അവസ്ഥയിൽ അലറി വിളിക്കുകയായിരുന്നു അനന്തൻ. ഒരു നിമിഷം എല്ലാവരും പകച്ചു പോയി. ആ സമയം അനിതയുടെ മിഴികളിൽ രോഷം ഇരച്ചു കയറി.

” സ്വന്തം മോളെ കൊന്ന നിന്നോടൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് നിന്നെ കൊന്നിട്ട് ജയിലിൽ പോകുന്നതാ ടാ നാറി..

അലറി വിളിച്ചു കൊണ്ട് അവൾ മുന്നിലേക്ക് പായുന്നത് മാത്രം കണ്ടു എല്ലാവരും തടുക്കുവാൻ കഴിഞ്ഞില്ല. അനിത പിന്നിലേക്ക് ആഞ്ഞു തള്ളുമ്പോൾ എങ്ങും പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല അനന്തന്. കൈവരിയിൽ നിന്നും ബാലൻസ് തെറ്റി അയാൾ താഴേക്ക് വീണു മൂന്നാം നിലയിൽ നിന്നും.” അയ്യോ… ”

കണ്ട് നിന്നവർ തലയിൽ കൈവച്ചു പോയി. താഴേക്ക് വീണ അനന്തൻ ചുറ്റുമതിലിൽ തലയിടിച്ചു ചോര ചിതറുന്നത് വല്ലാത്തൊരു ഉന്മാദത്തോടെ നോക്കി നിന്നു അനിത. തൽക്ഷണം മരണം സംഭവിച്ചു.

” ചത്തു.. ചത്തു തുലഞ്ഞു നാറി.. “ഓടി കൂടിയ പോലീസുകാരോട് അത് പറയുമ്പോൾ വല്ലാത്ത സംതൃപ്തിയായിരുന്നു അനിതയ്ക്ക്.

അന്ധാളിപ്പോടെ നോക്കി നിന്നവരുടെ മുന്നിലൂടെ ചെന്ന് നിലത്തേക്കിരുന്നു അവൾ. തന്റെ മകളുടെ ആത്മാവിനു ശാന്തി കിട്ടി എന്ന സംതൃപ്തിയിൽ.

Leave a Reply

Your email address will not be published. Required fields are marked *