പകൽ വെളിച്ചത്തിൽ പത്താളുടെ മുന്നിൽ കൂടി നിന്നെ കൂട്ടി കൊണ്ടുപോവാനറിയാഞ്ഞിട്ടല്ല

(രചന: രജിത ജയൻ)

” വീണ്ടുമൊരിക്കൽ കൂടി നിനക്കു വേണ്ടി, നീ വരുന്നതും നോക്കി ഞാൻ ആ ഇടവഴിയിൽ ഉണ്ടാവും നേരം പുലരുന്നതുവരെ..

“പകൽ വെളിച്ചത്തിൽ പത്താളുടെ മുന്നിൽ കൂടി നിന്നെ കൂട്ടി കൊണ്ടുപോവാനറിയാഞ്ഞിട്ടല്ല , പക്ഷെ ഇനിയൊരിക്കൽ കൂടി നിന്റെ നെഞ്ചു പൊട്ടിയുള്ള നിലവിളി കേൾക്കാനെനിക്ക് വയ്യ,ജീവിക്കണം നീയുമൊത്തെനിക്ക് നമ്മളാഗ്രഹിച്ച ജീവിതം വരണം നീ എനിക്കൊപ്പം …

” ഒരിക്കലെന്നെ നിരാശനാക്കി നീ മടക്കി അയച്ചതു പോലെ ഈ പ്രാവശ്യവും സംഭവിച്ചാൽ വീണ്ടുമൊരിക്കൽ കൂടി നിനക്കായ് കാത്തുനിൽക്കാനോ ദുരിതങ്ങൾ നിറഞ്ഞ നിന്റെ ജീവിതം കണ്ടു നിൽക്കാനോ ഗോപനീ ഭൂമിയിൽ പോലും ബാക്കിയുണ്ടാവില്ല …

” അവസാനിപ്പിക്കും ഞാനീ ജീവിതം .. നഷ്ട്ടങ്ങൾ സഹിച്ചു സഹിച്ചു തോറ്റൊരുത്തനായ് പിന്നീടെനിക്ക് ജീവിക്കണ്ട മീരാ ..

മൂർച്ചയേറിയ ഉറച്ച ശബ്ദത്തിൽ മീരയുടെ മുഖത്തു നോക്കിയതു പറയുമ്പോൾ ഗോപന്റെ വാക്കുകളുടെ തീക്ഷ്ണതയിൽ മീര തന്റെ കണ്ണുകൾ ഇറുക്കി അടച്ചു

നിറഞ്ഞൊഴുകിയ കണ്ണുനീരവളുടെ കവിളിലൂടെ തലയിണയിൽ വീണു ചിതറുമ്പോൾ ഗോപന്റെ കണ്ണുകൾ പതിച്ചതവളുടെ കവിളിലെ അടി കൊണ്ടു തിണർത്ത വിരൽപാടുകളിലായിരുന്നു.

തന്റെഹൃദയം മുറിഞ്ഞു ചോരയൊഴുകുന്നതവൻ അറിഞ്ഞു ,അവന്റെ പല്ലുകൾ ദേഷ്യത്താൽ ഞെരിഞ്ഞമർന്നു, വിരലുകൾ കൈപ്പത്തിക്കുള്ളിൽ മുറുകി കൊണ്ടിരുന്നു..

“മീരാ.. കണ്ടു നിൽക്കാൻ വയ്യെടീ നിന്റെ ഈ കണ്ണുനീർ ,എന്റെ പ്രാണനിൽ പൊതിഞ്ഞു ഞാൻ കൊണ്ടു നടന്നതല്ലേ ടീ നിന്നെ..?

”ഒന്നു നുള്ളി പോലും നോവിച്ചിട്ടില്ല നിന്നെ ഞാൻ ,ആ നീയിങ്ങനെ മനസ്സും ശരീരവും തകർന്നെന്റെ മുന്നിൽ …. വയ്യെടീ.. വയ്യ.. ഇതു കണ്ടു നിൽക്കാൻ എനിക്കു വയ്യ..

“പോവാം നമുക്ക് നമ്മൾ ആഗ്രഹിച്ച, സ്വപ്നം കണ്ട നമ്മുടെ ജീവിതത്തിലേക്ക് ,ഈ ആശുപത്രിയിൽ നിന്ന് നീയിറങ്ങി വരേണ്ടതെന്റെ കൂടെയാണ് നമ്മുടെ ജീവിതത്തിലേക്കാണ് .. കേട്ടല്ലോ നീ..?

“ഞാൻ വരില്ല ഗോപേട്ടാ….ഗോപൻ പറഞ്ഞു നിർത്തിയതും മീര പറഞ്ഞുആ നേരമവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും ശബ്ദം ഉറച്ചതായിരുന്നു മറുപടി വ്യക്തവും..

“മീരേ.. നീ…ഗോപനെന്തോ പറഞ്ഞു തുടങ്ങിയതും മീര കയ്യുയർത്തി അവനെ തടഞ്ഞു

“വേണ്ട ഗോപേട്ടാ…എന്റെ തീരുമാനം ഉറച്ചതാണ്. നമ്മൾ സ്നേഹിച്ചിരുന്നു വർഷങ്ങളോളം ..
ഒന്നിച്ചു ജീവിക്കണമെന്നും ആഗ്രഹിച്ചിരുന്നു, പക്ഷെ അതെല്ലാം വെറും സ്വപ്നങ്ങളും ആഗ്രഹങ്ങളും മാത്രമാണ് അവയൊന്നും ഇനി ഒരിക്കലും യാഥാർത്ഥ്യമാവില്ല ..

“ഞാനിന്നൊരാളുടെ ഭാര്യയാണ് , ഒരു ജീവനെ വയറ്റിൽ ചുമന്നവളാണ് …”എന്നിട്ട് നീ വയറ്റിൽ ചുമന്ന ആ ജീവനെവിടെ മീരേ ..?മീരയുടെ വാക്കുകൾ കേട്ട് ഒന്നും മിണ്ടാതെ അത്രയും നേരംനിന്നിരുന്ന ഗോപൻ പെട്ടന്നവളോട് ചോദിച്ചതും അവളുടെ കൈകൾ മെല്ലെ സ്വന്തം അടിവയറിലേക്കരിച്ചിറങ്ങി

കഴിഞ്ഞ മൂന്നു മാസത്തോളം താൻ വയറ്റിൽ ചുമന്ന ആ കുരുന്നു ജീവനിപ്പോൾ തന്നിലില്ല എന്നതോർമ്മയിൽ വന്നതും അവളുടെ ഉള്ളിൽ നിന്നൊരു തേങ്ങൽ പുറത്തേക്ക് തെറിച്ചു ,ശരീരം വേദനയാൽ മുങ്ങി വിറച്ചു

“മോളെ.. മീരേ…,, ഗോപനവളെ തന്നോടു ചേർത്തു പിടിക്കാനായ് കൈകൾ നീട്ടി”മീരേ.. എന്തു പറ്റിയെ ടീ ..?

പെട്ടന്നൊരു സ്ത്രീശബ്ദം തനിക്ക് പുറകിൽ നിന്നു കേട്ടതും നീട്ടിയ കൈകൾ ഗോപൻ പിൻവലിച്ചു

തന്നെയും മീരയേയും സൂക്ഷിച്ചു നോക്കുന്ന ആ സ്ത്രീയുടെ മുഖത്തേക്ക് തന്നെ ഗോപൻ സൂക്ഷിച്ചു നോക്കി

അവന്റെ എരിയുന്ന കണ്ണുകളെ നേരിടാനാവാതെ ആ സ്ത്രീ തന്റെ മിഴികളെ അവനിൽ നിന്ന് പിൻവലിച്ച് മീരയെ നോക്കി

ശൂന്യമായ അടിവയറിൽ കൈകൾ കൊണ്ടു പരതുന്ന മീരയെ കണ്ടതും അവരുടെ തല ഭൂമിയോളം താഴ്ന്നുപോയ്

” സമാധാനമായല്ലോ അല്ലേ..?
എന്റെ അടുത്ത് നിന്ന് ബലമായ് പറിച്ചെടുത്ത് സ്വന്തം മകനു മുമ്പിലിട്ട് കൊടുത്തമ്പോൾ തൃപ്തിയായില്ലേ നിങ്ങൾക്ക് …?

“ഒരു പുഴുവിനെ പോലെ കണ്ടവനിവളെ കാൽക്കീഴിലിട്ട് ചവിട്ടി അരയ്ക്കുന്നതു കണ്ടപ്പോൾ സമാധാനം ആയിട്ടുണ്ടാവും നിങ്ങൾക്കും നിങ്ങളുടെ സഹോദരനും അല്ലേ..?

ഗോപന്റെ ഓരോ വാക്കുകൾക്കു മുമ്പിലും ഉത്തരമില്ലാതെ കുനിഞ്ഞ ശിരസ്സോടെ അവർ നിന്നു

“പരസ്പരം പ്രാണനെ പോലെ സ്നേഹിച്ചവരാണ് ഞങ്ങൾ, ഒരു നോട്ടം കൊണ്ടു പോലും ഞാനിവളെ കളങ്കപ്പെടുത്തിയിട്ടില്ല ,എനിക്കൊപ്പം ജീവിക്കാനായ് ഇറങ്ങി വന്നവളെ എന്റെ

പ്രാണനെടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളുടെ മകൻതിരികെ പിടിച്ചു കൊണ്ടു പോയപ്പോൾ ഞാൻ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു..

“നിങ്ങളുടെ മകനും ഇവളുടെ അച്ഛനും ജീവശവമാക്കി എന്നെ മാറ്റി, വീണ്ടുമൊരിക്കൽ കൂടി എനിക്കൊപ്പം ഇവൾ വരാതിരിക്കാനാവശ്യമായതെല്ലാം നിങ്ങൾ ചെയ്തു..

“ഒടുവിൽ നിങ്ങളുടെ മകനിവളെ താലികെട്ടി ഭാര്യയാക്കി, എന്നിട്ടോ ..?”കഴിഞ്ഞ കുറച്ചു മാസം കൊണ്ട് അവനിവളെ വേദനിപ്പിക്കാത്ത, പ്രാണൻ പറിച്ചെടുക്കാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ ..?

ഇവളുടെ കരച്ചിലുയരാത്ത ഒരു ദിനമെങ്കിലും നിങ്ങളുടെ വീട്ടിലുണ്ടായിട്ടുണ്ടോ ..?

“അവന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നവളല്ലേ ഇവൾ..?
എന്നിട്ടാ ജീവനെയും ചവിട്ടി കലക്കിയില്ലേ നിങ്ങളുടെ മകൻ, ഇന്നീ ആശുപത്രി കിടക്കയിൽ ഇവളെ എത്തിക്കുന്നതു വരെ ഇവളെ ദ്രോഹിച്ചില്ലേ നിങ്ങളെല്ലാം ..?

”ഇനിയെങ്കിലും വിട്ടു തന്നൂടെ എനിക്കിവളെ..?” ദൂരെ, ദൂരെയെവിടെയെങ്കിലും പോയ് ഞങ്ങൾ ജീവിച്ചോളാം.. ഇവളുടെ സ്വത്തല്ലേ നിങ്ങൾക്കും നിങ്ങളുടെ മകനും വേണ്ടിയിരുന്നത് അതെല്ലാം കിട്ടിയില്ലേ നിങ്ങൾക്ക് ഇനിയെങ്കിലും ഇവളെ എനിക്ക് താ …

പറഞ്ഞു പറഞ്ഞവസാനമൊരു പൊട്ടി കരച്ചിലോടെ ഗോപനാ സ്ത്രീയുടെ കാലുകളിൽ പിടിച്ചതും അവന്റെ കൈകളെ തന്നിൽ നിന്ന് വേർപ്പെടുത്തിയവർ പുറത്തേക്ക് നടന്നു

ഇടറുന്ന കാലടികളെ പതറാതെ വെച്ചു കൊണ്ട് വീട്ടിലെ തങ്ങളുടെ മുറിക്കുള്ളിലേക്ക് നടക്കുമ്പോൾ മീരയുടെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു

അവളുടെ ശരീരത്തിന്റെ വിറയൽ അവളെ പിടിച്ച കൈകളിലൂടെ തന്റെ ശരീരത്തിലറിഞ്ഞതും ആ സ്ത്രീ മുഖമുയർത്തി മീരയെ ഒന്നു നോക്കി

“ആഹാ കെട്ടിലമ്മ ആശുപത്രിവാസം കഴിഞ്ഞെത്തിയോ ..?പരിഹാസം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു കൊണ്ട് വിനോദ് മുറിക്കുള്ളിൽ നിന്നിറങ്ങി വന്നതും മീരയുടെ ശരീരം ഐസുപോലെ തണുത്തുറഞ്ഞു

“ഒരാഴ്ചത്തെ ആശുപത്രിവാസം കൊണ്ട് നീയൊന്ന് നന്നായോടീ..? മുഖത്തിനെല്ലാമൊരു തുടുപ്പ് വന്നല്ലോ ..?

വികാരം തുടിക്കുന്ന ശബ്ദത്തിൽ പറഞ്ഞു കൊണ്ടുവിനോദവളുടെ ശരീരത്തിലാകെയൊന്ന് കണ്ണോടിച്ച് നാവു നീട്ടി കീഴ് ചുണ്ടൊന്ന് കടിച്ചു വിട്ടതും മീര ഭയം കൊണ്ടു വിറച്ചു ..

രക്തം പടർന്നൊഴുകിയ ഒരു രാത്രി അവളുടെ കൺമുന്നിൽ തെളിഞ്ഞു വന്നു .. അവളാ സ്ത്രീയെ മുറുകെ പിടിച്ചു

“വിനോദേ നീ മുറിയിൽ നിന്നിറങ്ങി പോ .. ആ പെണ്ണ് കുറച്ചു നേരം കിടന്നോട്ടെ ..അവർ അവനു നേരെ ശബ്ദമുയർത്തി ..

“ഏ … എന്തോ… അതു വേണ്ട, അതു വേണ്ട .. എന്നെ ഭരിക്കാനും ചീത്ത പറയാനുമൊന്നും നിങ്ങൾ ആയിട്ടില്ല ,നിങ്ങളുൾപ്പെടെ ഒരു സ്ത്രീയുടെയും ശബ്ദം ഈ വീട്ടിൽ ഉയരാൻ പാടില്ല അറിയാലോ …

അവന്റെ ശബ്ദമുയർന്നതും ആ സ്ത്രീ നിശബ്ദയായ് …”പിന്നെ ഇവളെ ഞാനൊന്ന് നോക്കീന്നും തൊട്ടൊന്നും വെച്ച് ഒന്നും സംഭവിക്കില്ല ..

“ഒന്നും സംഭവിക്കാഞ്ഞിട്ടാണോടാ ഇവളൊരാഴ്ച ആശുപത്രിയിൽ കിടന്നത് ..?ഒന്നൂല്ലെങ്കിലും നിന്റെ കുഞ്ഞല്ലായിരുന്നില്ലേടാ അവളുടെ വയറ്റിലുണ്ടായിരുന്നത് ..?

അതിനെ പോലും ചവിട്ടി കൊന്നല്ലോടാ ദുഷ്ട്ടാ നീ ..അവർ വീണ്ടും അവനെതിരെ ശബ്ദമുയർത്തിയതും അവന്റെ കണ്ണുകൾ പകയാൽ എരിഞ്ഞു

“അതെ എന്റെ കുഞ്ഞു തന്നെയാണ് ,എനിക്ക് വേണ്ട അതിനെ .. ഞാനിവളെ കെട്ടിയത് ഇവളുടെ ഈ മനോഹരമായ ശരീരം കണ്ടിട്ടുതന്നെയാണ്, അതെനിക്ക് വേണമെന്ന് തോന്നുമ്പോഴെല്ലാം ഞാൻ ഉപയോഗിക്കും അതിനു തടസ്സമായ് വരുന്നതിനെയെല്ലാം ഞാൻ ഇല്ലാതാക്കും .. അതിപ്പോ കുഞ്ഞാണെങ്കിലും ..

“ഇപ്പോ ഇതാ എനിക്കിവളോട് വീണ്ടുമൊരു കൊതി തോന്നുന്നു ,അതുകൊണ്ട് നിങ്ങൾ വേഗമൊന്ന് ഇവിടുന്നിറങ്ങിയേ ..ഉം…

പകയോടവൻ പറഞ്ഞതു കേട്ടതും മീരയുടെ ശരീരത്തിലൂടെയൊരു മിന്നൽ പാഞ്ഞു ,അവളാസ്ത്രീയുടെ കയ്യിൽ മുറുകെ പിടിച്ചു ..

“വിനോദേ വേണ്ട, മഹാപാപം ചെയ്യരുത്, പച്ച ഇറച്ചിയാണ് … ഉപദ്രവിക്കരുത് നീ ഇവളെ.. നിന്നെ പേടിച്ച് നിന്റെ എല്ലാ തോന്ന്യാസത്തിനും കൂട്ടുനിന്നവളാ ഞാൻ പക്ഷെ ഇപ്പോ നീയീ ചെയ്യുന്നത് …

“ഇപ്പഴും എപ്പഴും ഞാൻ ചെയ്യുന്നത് മാത്രമാണ് ശരി, കൂടുതൽ പറയാതെ പോവാൻ നോക്ക് ..

പറഞ്ഞതും അവൻ മീരയെ അവരിൽ നിന്നടർത്തിമാറ്റി കിടക്കയിലേക്കിട്ടതും അവളുടെ കരച്ചിലാ മുറിയിൽ നിറഞ്ഞു ..

പെട്ടന്ന് തലയിലൊരടി കിട്ടിയതും വിനോദൊന്ന് ഞെട്ടി, പിന്നെ ബോധം മറഞ്ഞ് നിലത്തേകൂർന്ന് വീണു

ബോധം വരുമ്പോൾ കണ്ട കാഴ്ചയിൽ വിനോദ് ഞെട്ടി”എടീ….. അലറി വിളിച്ചവനെണീക്കാൻ നോക്കിയതും നിലത്തേക്ക് തന്നെ മടങ്ങി വീണു

തന്റെ കൈകാലുകൾ ബന്ധിച്ചിരിക്കുന്നതു കണ്ടവനൊന്നു ഞെട്ടി..

അവൻ പകയോടെ തനിക്ക് മുമ്പിൽ മീരയെ നെഞ്ചോടു ചേർത്തു പിടിച്ച് നിൽക്കുന്ന ഗോപനെ നോക്കി

“ജീവൻ വേണോങ്കിൽ എന്നെ അഴിച്ചുവിട്ട് അവളെ വിട്ടിറങ്ങി പോടാ..വിനോദലറി..”അങ്ങനെ അഴിച്ചുവിടാനല്ലല്ലോടാ ഞാൻ നിന്നെ അടിച്ചുവീഴ്ത്തി കെട്ടിയിട്ടതും ഗോപനെ വിളിച്ചു വരുത്തിയതും ..

അവിടേക്ക് വന്നു വിനോദിന്റെ അമ്മ പറഞ്ഞതും അവനാ സ്ത്രീയെ പകച്ചു നോക്കി

“മോളെ ഇവനു നിന്നെ ഒരു പാടിഷ്ട്ടമാണെന്ന് പറഞ്ഞപ്പോ നിന്നെ കിട്ടിയാൽ എല്ലാ ചീത്ത സ്വഭാവങ്ങളും ഉപേക്ഷിച്ചിവൻ നന്നായിക്കോളാം എന്നു കൂടി പറഞ്ഞപ്പോ ഞാനൊരു സ്വാർത്ഥ മതിയായ അമ്മയായ് മാറി.

” കഴിഞ്ഞു പോയ മാസങ്ങളിൽ ഇവിടെ കിടന്ന് നീ അനുഭവിച്ച വേദനകൾക്കെല്ലാം ഇവനെ പോലെ ഞാനും പങ്കാളിയാണ് അതുകൊണ്ട് ഇവനും എനിക്കുമുള്ള ശിക്ഷ ഞാൻ തന്നെ തീരുമാനിച്ചനുഭവിച്ചോളാം .

“മോൾ ഈ അമ്മയോട് പൊറുക്കണം ,എന്നിട്ടിനിയുള്ള കാലം ഗോപന്റെ ഒപ്പം സന്തോഷത്തോടെജീവിക്കണം, നിനക്ക് വേണ്ടി മാത്രം ജീവിക്കുന്നവനാണ് വേദനിപ്പിക്കരുത് ..

“നിങ്ങൾക്കൊരു ശല്യമായിട്ടിനിയൊരിക്കലും എന്റെ മകൻ വരില്ല അതവന്റെ അമ്മ എന്ന നിലയിൽ എന്റെ ഉറപ്പ് ,പോവാൻ നോക്കൂ..

ഗോപന്റെ നെഞ്ചോടു ചേർന്നാ വീടിന്റെ പടി മീര ഇറങ്ങുമ്പോൾ അവൾക്ക് പിന്നിലാ വീടിന്റെ വാതിലടഞ്ഞു ,അതിനുള്ളിൽ ശിക്ഷ കാത്തൊരു മകനും ശിക്ഷ വിധിക്കാനൊരു അമ്മയും മാത്രം അവസാനിച്ചു .. അവരുടെ വിധി അവർ നിർണ്ണയിക്കട്ടെ …

Leave a Reply

Your email address will not be published. Required fields are marked *