ഒരു സ്ത്രീ ജോലിക്ക് പോകാൻ തുടങ്ങിയാൽ പിന്നെ അവളുടെ ഭർത്താവിനെ വില വയ്ക്കില്ല..

(രചന: J. K)

ബിഎഡ് കഴിഞ്ഞ് പിജിക്ക് ചേർന്നപ്പോഴായിരുന്നു വിനയും ആയി ഉള്ള മായയുടെ വിവാഹം..

ആള് ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു.. നല്ല കുടുംബം പറയത്തക്ക ബാധ്യതകൾ ഒന്നുമില്ല പേരുകേട്ട് തറവാട്ടുകാരും പിന്നെ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല വിവാഹം ഉറപ്പിച്ചു..

പെണ്ണുകാണാൻ വന്നപ്പോൾ തന്നെ മായ അയാളോട് പറഞ്ഞിരുന്നു ഒരു ടീച്ചർ ആകുന്നതാണ് തന്റെ ഏറ്റവും വലിയ മോഹം എന്ന്..

പഠനം കഴിഞ്ഞ് ഏതെങ്കിലും ഒരു സ്കൂളിൽ ചേർന്നാൽ മതിയല്ലോ എന്ന് അതിന് അയാൾ മറുപടിയും പറഞ്ഞിരുന്നു..

അങ്ങനെ എത്രയും പെട്ടെന്ന് അവർ തമ്മിലുള്ള വിവാഹം കഴിഞ്ഞു.. റെഗുലർ ക്ലാസിന് പോണ്ട ഇനി എക്സാം സമയത്ത് പോയി എക്സാം എഴുതിയാൽ മതി എന്ന് ആദ്യം പറഞ്ഞിരുന്നു…

അവളുടെ വീട്ടിൽ നിന്ന് പോകുന്നതിനേക്കാൾ ദൂരമുണ്ടായിരുന്നു അയാളുടെ വീട്ടിൽനിന്ന് കോളേജിലേക്ക് അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ

പിന്നെ അവൾ എതിരൊന്നും പറയാൻ നിന്നില്ല അയാളുടെ ആഗ്രഹം പോലെ തന്നെ എക്സാം സമയത്ത് മാത്രം പോയി എക്സാം എഴുതി…

എന്നിട്ടും അവൾക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു പിജി നല്ല മാർക്കിൽ തന്നെ അവൾ പാസായി…

വിനയുടെ വീടിന് തൊട്ടരികിൽ തന്നെയുള്ള സ്കൂളിൽ ഒരു സീറ്റ് ഒഴിവുണ്ട് എന്നറിഞ്ഞപ്പോൾ അവൾ ആ വിനയോട് പറഞ്ഞിരുന്നു ഒന്ന് അന്വേഷിക്കാൻ..

മറ്റൊരാൾ വന്ന് ആ സീറ്റ് ഫിൽ ആയി എന്ന് പറഞ്ഞപ്പോൾ അവൾക്കാകെ നിരാശയായിരുന്നു എവിടെയെങ്കിലും ഒരു സ്ഥലത്ത് എത്രയും പെട്ടെന്ന് ചേരണം എന്നത് അവളുടെ വലിയ മോഹമായിരുന്നു.

അത് തന്റെ ഭർത്താവിനോടും അവൾ പറഞ്ഞു അപ്പോൾ അയാൾ പറഞ്ഞത് പറ്റിയ ഒരു സ്ഥലം നോക്കി നമുക്ക് കയറാം എന്നതാണ്..

പക്ഷേ അയാൾ അന്ന് അങ്ങനെ പറഞ്ഞതല്ലാതെ പിന്നീട് അതിനെപ്പറ്റി യാതൊരുവിധ ചർച്ചയും ആ വീട്ടിൽ നടന്നില്ല…

ഓരോ ദിവസവും എന്നത്തേയും പോലെ ഇങ്ങനെ കഴിഞ്ഞുപോയി അവൾ ഇടയ്ക്ക് സൂചിപ്പിക്കും വിനയോട് അപ്പോൾ പറയും ഞാൻ അന്വേഷിക്കുന്നുണ്ട് എന്ന്.

അവൾക്ക് മനസ്സിലായി ഇത് ഇനി യാതൊരു നടപടിയും ഉണ്ടാകാൻ പോകുന്നില്ല എന്ന് അതുകൊണ്ടാണ് അവൾ അവളുടെ തന്നെ ഒരു കസിൻ ബ്രദറിനോട് അന്വേഷിക്കാൻ പറഞ്ഞത്..

അയാൾ പറഞ്ഞത് കേട്ട് അവൾ ഞെട്ടി അവളുടെ വിഷയം കെമിസ്ട്രി ആയിരുന്നു അതേ വിഷയത്തിന് അവളുടെ തൊട്ടരികിലുള്ള സ്കൂളിൽ ഏറെ നാൾ ആളില്ലാതെ കിടന്നത്രേ. എന്നിട്ട് അവർ എവിടുന്നോ തേടി പിടിച്ചു കണ്ടുപിടിച്ചിട്ടാണ് അവിടെ ഒരാൾ കിട്ടിയത് എന്ന്..

ആ ഒഴിവിലേക്കാണ് വിനയോട് അന്വേഷിക്കാൻ പറഞ്ഞത് അയാൾ ഫിൽ ആയി എന്ന് പറഞ്ഞ് തന്നെ പറ്റിച്ചത്..

എല്ലാം കൂടെ കേട്ട് അവൾക്ക് ഭ്രാന്ത് ആകുന്നുണ്ടായിരുന്നു അന്ന് വിനയ് ജോലി കഴിഞ്ഞു വന്നതും അവൾ പൊട്ടിത്തെറിച്ചു …

അയാൾ ഏറെ സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ച് അവളോട് പറഞ്ഞു അയാൾക്ക് ഭയമാണ് എന്ന് ജോലി കിട്ടി അവൾ പോയാൽ അയാളുടെ കാര്യങ്ങൾ ഒന്നും നോക്കാൻ വയ്യാതെ അയാളിൽ നിന്ന് അവൾ അകലും അത് അയാൾക്ക് സങ്കൽപ്പിക്കാൻ കൂടി വയ്യ എന്ന്..

അയാളുടെ ന്യായം കേട്ട് അവൾ ഞെട്ടിപ്പോയി..
വിദ്യാഭ്യാസമുള്ള അത്യാവശ്യം നല്ല ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാൾ പറഞ്ഞ വാക്കുകളാണ് ഇത് സ്വന്തം ഭാര്യ ജോലിക്ക് പോയിട്ടുണ്ടെങ്കിൽ അയാളോടുള്ള സ്നേഹം കുറയും എന്ന്…

“” വിനയ് എന്തൊക്കെയാണ് ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന് അവൾ പറഞ്ഞു.. “”അയാൾ വീണ്ടും അവളെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു..

“” നോക്കു മായ..എന്റെ അമ്മ ജോലിക്ക് പോയിട്ടല്ല ഞങ്ങളെ വളർത്തിയത് അച്ഛനായിരുന്നു ജോലിക്ക് പോയിരുന്നത് അമ്മ സന്തോഷത്തോടെ ഞങ്ങളെ എല്ലാവരെയും വളർത്തി വലുതാക്കുകയാണ് ചെയ്തത്..

അതമ്മ എജുക്കേറ്റഡ് അല്ലാത്തതുകൊണ്ടല്ല!! അമ്മ ഒരു സ്കൂളിലെ ടീച്ചറായിരുന്നു ആ ജോലി പോലും വേണ്ട എന്ന് വച്ചത് ഞങ്ങളുടെ കുടുംബത്തിലെ നല്ല അന്തരീക്ഷത്തിന് വേണ്ടിയാണ്..

അതുകൊണ്ടായിരുന്നു ആ കുടുംബത്തിൽ ഇത്രയും മനസ്സമാധാനം.. നീ ഒന്ന് ചിന്തിച്ചു നോക്ക്, ജോലിയെല്ലാം കഴിഞ്ഞ് തളർന്നു വരുന്ന ഭർത്താവിന് സാന്ത്വനം ആകേണ്ടവളല്ലേ ഭാര്യ അല്ലാതെ….

തളർന്നുവരുന്ന ഭർത്താവിന്റെ മുന്നിൽ അതിനേക്കാൾ തളർന്ന് അപ്പുറത്ത് മാറി കിടക്കുന്ന ഒരു ഭാര്യ ഒന്നാലോചിച്ചു നോക്കൂ ആ കുടുംബത്തിലെ അന്തരീക്ഷം എത്ര അസ്വസ്ഥമാകും എന്ന്…”””

ജീവിതത്തെ കുറിച്ചുള്ള അയാളുടെ കോൺസെപ്റ്റ് കേട്ട് ആകെ തല ചുറ്റുന്നത് പോലെ തോന്നി മായക്ക്..

“”” വിനയ് ധരിച്ചു വെച്ചിട്ടുള്ളതെല്ലാം തെറ്റാണ് വിനയ്.. ഒരു സ്ത്രീ എന്നാൽ കുടുംബം നോക്കി വീട്ടിൽ തന്നെ കിടക്കേണ്ടുന്ന ഒരാൾ എന്നാണോ ധരിപ്പിച്ചിരിക്കുന്നത് അതാണോ ഒരു കുടുംബത്തിലെ നല്ല അന്തരീക്ഷം എന്നു പറയുന്നത്… എല്ലാകാര്യത്തിലും പങ്കാളിത്തം ഉണ്ടാവണം വിനയ്..

ഒരു സ്ത്രീക്ക് അവളുടെ ജോലിയും വീട്ടുകാര്യങ്ങളും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയും. അത് അവൾക്ക് ദൈവം കൊടുത്തിട്ടുള്ള ഒരു അനുഗ്രഹമാണ്.. ഒപ്പം തന്റെ ഒരു സപ്പോർട്ട് മാത്രം മതി…””

പക്ഷേ എന്തൊക്കെ പറഞ്ഞ് കൺവിൻസ് ചെയ്യാൻ ശ്രമിച്ചിട്ടും വിനയ്ക്ക് മായയെ ഒട്ടും മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

“” ഒരു സ്ത്രീ ജോലിക്ക് പോകാൻ തുടങ്ങിയാൽ പിന്നെ അവളുടെ ഭർത്താവിനെ വില വയ്ക്കില്ല.. തന്നിഷ്ടം കാണിച്ച് പോകും എന്നൊക്കെയായിരുന്നു അയാളുടെ അഭിപ്രായം… “”

“” ഫിനാൻഷ്യൽ കാര്യമാണെങ്കിലും മറ്റെന്താണെങ്കിലും രണ്ടുപേരും, ഭാര്യയും ഭർത്താവും ഒരുപോലെ നിൽക്കുന്നതായിരുന്നു മായയുടെ ജീവിതത്തെ പറ്റിയുള്ള കൺസെപ്റ്റ്…

അതിനിടയിൽ വിനയുടെ ഇത്തരം ചിന്താരീതികൾ അവളെ വലിയ ആശയക്കുഴപ്പത്തിൽ ആക്കി കുറെ അയാളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു..

ഒന്നും നടക്കില്ല അത് അയാളുടെ മനസ്സിൽ ആഴത്തിൽ നീ ചിന്താഗതികൾ ആണ് എന്ന് മനസ്സിലാക്കിയ മായ ആ പടിയിറങ്ങാൻ തന്നെ തീരുമാനിച്ചു..

വിനയിനെ സംബന്ധിച്ച് അത് അവളുടെ വാശിയായിരുന്നു.. ഇത്തിരി വിദ്യാഭ്യാസം കിട്ടിപ്പോയ തന്നിഷ്ട്ടക്കാരിയുടെ പിടിവാശി…

പക്ഷേ അവളെ സംബന്ധിച്ചിടത്തോളം അത് അവളുടെ അവകാശമായിരുന്നു.. ജോലി ചെയ്യാനും സ്വന്തം കാലിൽ നിൽക്കാനും ഉള്ള ഒരു പെണ്ണിന്റെ അവകാശം..എല്ലാം അവൾ സ്വന്തം വീട്ടിലെത്തി അവരോട് തുറന്നു പറഞ്ഞു..

മകളെ പഠിപ്പിക്കാനും അവൾക്കൊരു നല്ല ജോലി കിട്ടിക്കാണാനും ഏറെ താൽപര്യമുള്ള മാതാപിതാക്കൾക്ക് അവൾ പറഞ്ഞതിന്റെ പൊരുൾ കൃത്യമായി മനസ്സിലാക്കാൻ പറ്റി…

അതുകൊണ്ടുതന്നെ അധികം ആർക്കും കിട്ടാത്ത ഭാഗ്യം അവൾക്ക് കിട്ടി എല്ലാം അഡ്ജസ്റ്റ് ചെയ്ത് അയാളുടെ കൂടെ പോയി നിൽക്ക് എന്ന് ഉപദേശിക്കാതെ അവളുടെ മാതാപിതാക്കൾ അവളുടെ കൂടെ നിന്നു..

അവളെ സംബന്ധിച്ചിടത്തോളം അത് മതിയായിരുന്നു.. ഏറെ പ്രയത്നിച്ചതിനുശേഷം ഗവൺമെന്റ് സ്കൂളിൽ തന്നെ അവൾ ജോലി നേടിയെടുത്തു..

തനിക്ക് വേണ്ട പരിഗണന നൽകുന്ന ഒരാളെ വിവാഹം കഴിക്കാനും അവൾക്ക് മടിയൊന്നുമില്ലായിരുന്നു…

ഇതിനിടയിൽ വിനയുടെ വിവാഹം കഴിഞ്ഞു എന്ന് അവൾ അറിഞ്ഞു അവൾക്ക് ആ കുട്ടിയോട് വെറും സഹതാപം മാത്രമേ തോന്നിയുള്ളൂ…

അയാളുടെ എത്രയോ പഴഞ്ചൻ കൺസെപ്റ്റ് അനുസരിച്ച് ആ കുട്ടി ജീവിക്കേണ്ടി വരും..
തന്റേടം ഉള്ളവളാണെങ്കിൽ പ്രതികരിക്കും..

അതൊന്നും തന്നെ സംബന്ധിക്കുന്ന കാര്യമല്ല എന്ന് മനസ്സിലാക്കി അവൾ അവളുടെ ജീവിതത്തിലേക്ക് മാത്രം ശ്രദ്ധിച്ച് ജീവിക്കാൻ തുടങ്ങി…..

Leave a Reply

Your email address will not be published. Required fields are marked *