(രചന : വരുണിക വരുണി)
“”നിന്നോട് ആയിരം തവണ ഞാൻ പറഞ്ഞതാണ് അമ്മു. ഇങ്ങനെ എന്റെ പുറകെ നടക്കേണ്ട കാര്യമില്ലെന്ന്. നീയും ഞാനും തമ്മിൽ കുറഞ്ഞത് എട്ടു വയസ്സിന്റെ വ്യത്യാസമുണ്ട്.
നിന്നെപ്പോലൊരു കുട്ടിയെയല്ല എന്റെ ഭാര്യയായി വരേണ്ടത്. കുറച്ചൊക്കെ maturity ഉള്ള കുട്ടിയെയാണ്. ഇതിപ്പോൾ വെറുതെ പുറകെ മഹിയേട്ടാ മഹിയേട്ടാ എന്ന് വിളിച്ചു ശല്യം ചെയ്തു നടക്കുമെന്നല്ലാതെ മറ്റെന്തെങ്കിലും ഗുണമുണ്ടോ??
മര്യാദക്ക് ആ സമയത്ത് എന്തെങ്കിലും പഠിക്കാൻ നോക്ക് മോളെ. ഭാവിയിലെക്കെങ്കിലും ഉപകാരമുണ്ടാകും. പിന്നെ അപ്പച്ചിടെ മോൻ ആണെന്നും പറഞ്ഞു എന്റെ പുറകെയുള്ള ഈ നടത്താനും നിർത്തിക്കോ. ഇല്ലെങ്കിൽ എന്റെ കൈയായിരിക്കും മറുപടി പറയുന്നത്…””
അമ്മുവിനോട് യാതൊരു ദയയുമില്ലാതെ മഹി പറഞ്ഞപ്പോൾ, അവൾക്കിതൊക്കെ ഞാൻ എത്ര കേട്ടതാണെന്ന ഭാവമായിരുന്നു. യാതൊരു കൂസലുമില്ലാതെ നിൽക്കുന്നവളെ കണ്ട് ചൊറിഞ്ഞു കയറിയെങ്കിലും, പ്രത്യേകിച്ച് ഒന്നും പറയാൻ നിന്നില്ല. ഇനി എന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ലെന്ന് അവനും തോന്നിയിരിക്കണം.
“”മഹിയേട്ടൻ ഈ കാണാതെ പഠിച്ച ഡയലോഗ് എത്ര പറഞ്ഞാലും ശെരി, നിങ്ങളെയല്ലാതെ മറ്റൊരു ചെക്കനെ ഞാൻ കേട്ടില്ല. ഏട്ടന് എന്നെ ഇഷ്ടമാണെന്നും എനിക്കറിയാം. വെറുതെ ഓരോ ചീപ്പ് ഈഗോ മനസിലുള്ളത് കൊണ്ടാണ് ഈ സുന്ദരിയായ മോളെ വേണ്ടെന്ന് പറയുന്നത്. നിങ്ങൾക്ക് വേണ്ടി ഞാൻ കാത്തിരിക്കും മനുഷ്യാ… എത്ര നാൾ വേണമെങ്കിലും…””
ഒരു പുഞ്ചിരിയോടെ പറഞ്ഞു പോകുന്നവളെ കണ്ട് നെടുവീർപ്പിട്ട് അകത്തേക്ക് കയറാൻ പോയപ്പോൾ കണ്ടു, അമ്മ വാതലിന്റെ മുന്നിൽ നിൽക്കുന്നത്. കൂടുതലൊന്നും പറയാൻ നിന്നില്ല. കാരണം, മറ്റാരേക്കാളും നന്നായി തന്നെ അറിയുന്നത് അമ്മയ്ക്കാണെല്ലോ…
“”നിനക്കവളെ ഇഷ്ടമല്ലെങ്കിൽ മറ്റൊരു കല്യാണം നോക്കാൻ സമ്മതിക്കണം മഹി. നീയിങ്ങനെ നിൽക്കുമ്പോൾ അവൾ മറ്റൊരാളെ വരാനായി കാണാൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?? അമ്മാവനോട് കടപ്പാടൊക്കെ ആകാം. പക്ഷെ അത് സ്വന്തം ജീവിതം കളഞ്ഞു വേണമെന്ന് ഞാൻ പറയില്ല.
നിന്റെ അച്ഛൻ മരിച്ചതിനു ശേഷം നമ്മുക്കൊരു താങ്ങായത് ഏട്ടനാണ്. പക്ഷെ നിന്നെ പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ചത് ഞാൻ ഒറ്റൊരാൾ ആണ്. അങ്ങനെയുള്ളപ്പോൾ എന്റെ മോന്റെ ഇഷ്ടമാണ് എനിക്ക് വലുത്. നമ്മുടെ അമ്മു മോൾ പാവമല്ലേ ടാ?? നിന്റെ എന്ത് ജീവനാണ്?? ഇനിയും അതിനെ ഇങ്ങനെ സങ്കടപ്പെടുത്തരുത്…””
അവസാനം പോലെ അമ്മ പറഞ്ഞതും, ദയനീയമായി അമ്മയുടെ മുഖത്തേക്ക് നോക്കി. എല്ലാം അറിഞ്ഞിട്ടും എന്തിനു ഇങ്ങനെയൊരു ചോദ്യമെന്നായിരുന്നു അവന്റെ മുഖത്ത്.
പക്ഷെ പിന്നീട് ആരും അതിനെ കുറിച്ച് ഒന്നും സംസാരിക്കാത്തത് അവനൊരു സമാധാനമായിരുന്നു. എപ്പോഴും ഓരോ കാര്യമില്ലാത്ത കാര്യം പറഞ്ഞു പുറകെ വരുന്ന അമ്മുവിനെ രണ്ട് ദിവസമായി കാണാത്തത് എന്താണെന്ന് അമ്മയോട് ചോദിക്കണമെന്നുണ്ടായിരുനെങ്കിലും, മനസിലെ ഈഗോ അതിനു സമ്മതിച്ചില്ല.
അകന്നു പോകുന്നെങ്കിൽ അകന്നു പോകട്ടെയെന്ന് തന്നെ കരുതി. പക്ഷെ പിന്നീടുള്ള ദിവസങ്ങളിലും അവളെ കാണാത്തിരുന്നപ്പോൾ ഉള്ളിലിരുന്ന് ആരോ ചോദിക്കുന്നത് പോലെ. ഇനി അവൾക്ക് എന്തെങ്കിലും സുഖമില്ലേ???
അവസാനം അമ്മയോട് തന്നെ ചോദിക്കാൻ അധികം സമയം വേണ്ടി വന്നില്ല. എന്തൊക്കെ പറഞ്ഞാലും അവൾ തന്റെ അമ്മുവാണ്. അവളുടെ സ്ഥാനം മറ്റൊരാൾക്ക് കൊടുക്കാൻ പറ്റുമോ????
അമ്മയെ തിരക്കി അടുക്കളയിൽ ചെന്നപ്പോൾ അവിടെയെന്തോ കാര്യമായ പാചകം. ചോദിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും അവസാനം ചോദിക്കാൻ തന്നെ തീരുമാനിച്ചു.
“”അമ്മേ….””അത്ര മാത്രം അടക്കവും ഒതുക്കത്തോടെയും വിളിച്ചപ്പോൾ അമ്മയ്ക്കും അത്ഭുതം.
“”എന്താണ്??? പതിവില്ലാത്തൊരു വിളിയും പരുങ്ങാലുമൊക്കെ?? എന്തെങ്കിലും ചോദിക്കാണോ അല്ലെങ്കിൽ കാര്യം നടത്താനോ ഉണ്ടോ??? അപ്പോഴാണെല്ലോ എന്റെ മോന് ഇങ്ങനെ ഒരു നിഷ്കളങ്ക ഭാവം???””
അമ്മ ചോദിച്ചതും, അതിനു അമ്മയെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു. അല്ലാതെ അതിൽ കൂടുതൽ താൻ പ്രത്യേകിച്ച് എന്ത് ചെയ്യാൻ?? എന്തെങ്കിലും പറഞ്ഞാലും അമ്മ അത് മറ്റൊരു രീതിയിൽ എടുക്കും.”‘അമ്മു എവിടെ അമ്മ??? കണ്ടിട്ട് കുറെ ദിവസമായെല്ലോ…””
അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അമ്മയോട് ചോദിച്ചതും, അവിടെ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല. ഈ ചോദ്യം നേരുത്തേ പ്രതീക്ഷിച്ചതായിരുന്നു എന്ന് പോലും കാണുന്നവർക്ക് തോന്നും. പിന്നെ ഈ കാര്യത്തിൽ അമ്മയെയും കുറ്റം പറയാൻ പറ്റില്ലല്ലോ. താനും അമ്മുവിന്റെ കാര്യത്തിൽ അങ്ങനെയൊക്കെ തന്നെയാണ്.
“”എന്താണ്?? എന്റെ മോന് പെട്ടെന്നൊരു അമ്മു സ്നേഹം?? അവളോട് നിന്റെ മുന്നിൽ പോലും വരരുതെന്നല്ലേ നീ കുറച്ചു ദിവസം മുൻപ് പറഞ്ഞത്?? മഹിയേട്ടാ എന്ന് പറഞ്ഞു ബാങ്കിൽ വന്നപ്പോൾ മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് പോലും കരുതാതെ നീ എന്തൊക്കെയോ അവളെ പറഞ്ഞില്ലേ??
അപ്പോൾ പിന്നെ ഇപ്പോ എന്തിനാ ഇങ്ങനെ അമ്മു സ്നേഹം??? മോൻ പോയി മോന്റെ കാര്യം മാത്രം നോക്കിയാൽ മതി. എന്റെ കുഞ്ഞിന് എന്ത് പറ്റിയെന്നു ചിന്തിക്കേണ്ട കാര്യമില്ല.””
എടുത്തടിച്ച പോലെ അമ്മ പറഞ്ഞതും, mahiyude മുഖം ദയനീയമായി. അമ്മ പറയുന്നതൊക്കെ ശെരിയാണ്. പക്ഷെ അതിനർത്ഥം തനിക്കാവളോട് സ്നേഹമില്ലെന്നാണോ???
“”അമ്മ ഇങ്ങനെ മനുഷ്യനെ ടെൻഷൻ ആകാത്ത കാര്യം പറ. അമ്മു എവിടെ??? സാധാരണ ഞാൻ റിപ്ലൈ ഒന്നും ചെയ്തില്ലെങ്കിലും ഒരായിരം മെസ്സേജ് അയക്കുന്നതാണ്.
മഹിയേട്ടൻ കുടിച്ചോ, കഴിച്ചോ, ഓഫീസിൽ പോയോ… അങ്ങനെ. പക്ഷെ കുറച്ചു ദിവസമായി അവളുടെ ഒരനക്കവുമില്ല. വിളിക്കാമെന്ന് കരുതിയാൾ അത് ഞാൻ അവൾക്ക് പ്രതീക്ഷ കൊടുക്കുന്നത് പോലെ ആകില്ലേ???””
മടിച്ചു മടിച്ചു മഹി പറഞ്ഞതും, അവന്റെ സംസാരത്തിൽ അമ്മയ്ക്ക് ദേഷ്യമാണ് വന്നത്.
“”പ്രതീക്ഷ കൊടുക്കാൻ താല്പര്യമില്ലാത്തവർ അതിനെ വിളിക്കുകയും വേണ്ടെടാ. നിന്റെ ഡയലോഗ് എല്ലാം കേട്ടു സങ്കടപ്പെട്ട് എന്തൊക്കെ ചിന്തിച്ചു റോഡിൽ കൂടി നടന്നതാ എന്റെ കുഞ്ഞ്. ഒരു കാർ ഇടിച്ചു.
ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഒരുപാട് കുഴ്പ്പങ്ങളില്ല. വലത്തേ കൈ ഒടിഞ്ഞിട്ടുണ്ട്. പിന്നെ കാലിനുമുണ്ട് ചതവ്. തലയടിച്ചു വീണത് കൊണ്ട് ഇപ്പോൾ ഇടയ്ക്കൊക്കെ നല്ല തലവേദനയാണ്. രണ്ട് ദിവസം ഹോസ്പിറ്റലിൽ കിടന്നു. ഇപ്പോൾ പിന്നെ വീട്ടിലുണ്ട്.
അവളോട് ഒരു സ്നേഹവുമില്ലാതെ, സഹതാപത്തിന്റെ പുറത്തു നീ അവിടെക്ക് പോകണമെന്നില്ല മോനെ. കാരണം, അത് വീണ്ടും ആ പാവത്തിന് സഹിക്കാൻ പറ്റിയെന്നു വരില്ല. നിന്നെ അത്ര മാത്രം സ്നേഹമാണ് അവൾക്ക്.
ഹോസ്പിറ്റലിൽ കിടന്നപ്പോഴും ഓരോ ആളും വന്നപ്പോൾ അവൾ തിരഞ്ഞത് നിന്നെയാണ്. അവസാനം ആരും നിന്നൊഡ് ഒന്നും പറഞ്ഞടില്ലെന്ന് പറഞ്ഞപ്പോഴാണ് ആ കാത്തിരുപ്പ് ഒന്ന് അവസാനിച്ചത്. എന്നിട്ടൊരു ഡയലോഗ്.
“”എനിക്ക് എന്തെങ്കിലും പറ്റിയെന്നു പറഞ്ഞാൽ മഹിയേട്ടൻ ഓടി വരും അപ്പച്ചി. എത്രയൊക്കെ ഇഷ്ടമല്ലെന്ന് പറഞ്ഞാലും എനിക്കറിയാം ആ മനസ്. അതിൽ ഈ അമ്മു മാത്രമേയുള്ളെന്നും…””
ഒരു ചിരിയോടെ പറഞ്ഞവളെ ഞങ്ങളൊക്കെ അത്ഭുതത്തോടെയാണ് നോക്കിയതും. “”
ബാക്കി പറയുന്നതേ എന്താണെന്ന് പോലും നോക്കാതെ മാമന്റെ വീട്ടിലേക്ക് ഓടുന്നവനെ കണ്ട് അവർക്ക് ചിരിയായിരുന്നു. എത്രയൊക്കെ സ്നേഹമില്ലെന്ന് പറഞ്ഞാലും, പ്രിയപ്പെട്ടവർക്കും എന്തെങ്കിലും പറ്റുമ്പോഴാണെല്ലോ അതൊക്കെ പുറത്തേക്ക് വരുന്നത്…