ഒരു ദുർവിധി പോലെ കൂടെ ക്യാൻസർ കൂടി വന്നു… മൂന്നാല് മാസം കഷ്ടപ്പെട്ടു പാവം… പിന്നെ അങ്ങ് പോയി…”

ജന്മപാപ ബന്ധങ്ങൾ
രചന: Jolly Shaji

കൊച്ചി നഗരത്തിലെ തിരക്കിലൂടെ പൊള്ളുന്ന വെയിലിനെ അല്പം കുറക്കാൻ സാരിതുമ്പുകൊണ്ട്തല മൂടി റോഡ് ക്രോസ് ചെയ്യാൻ അവസരം കാത്തു നിൽക്കുമ്പോളാണ് പിന്നിൽ നിന്നും

“വൈഗ” എന്ന വിളി അവൾ കേൾക്കുന്നത്… തിരിഞ്ഞു നോക്കിയ അവൾക്ക് കാണാൻ കഴിഞ്ഞത് മുടിയും താടിയുമൊക്കെ നീട്ടി വളർത്തി കണ്ണട ധരിച്ച ഒരാളെയാണ്… അവൾ മനസ്സിലാകാതെ അയാളെ തന്നേ നോക്കിനിന്നു…

“ഹലോ വൈഗ അല്ലേ ഇത്… തനിക്കെന്നെ മനസ്സിലായോ….”അയാൾ ചിരിയോടെ അവളുടെ മുഖത്ത് നോക്കി ചോദിച്ചു…. അത്ര മനസ്സിലാകാത്തത് പോലെ അവളയാളെ സൂക്ഷിച്ചു നോക്കി…

“എടോ ഞാൻ ശ്യംസുന്ദർ ആണ്… കുറച്ചുനാൾ മുൻപ് ഹോസ്പിറ്റലിൽ വെച്ചു പരിചയപെട്ടത് ഓർക്കുന്നോ…”

“ഓ ആ ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് അല്ലേ… താനാകെ മാറി പോയിരിക്കുന്നു…”

“അല്ല വൈഗ എന്താ ഇവിടെ.. തൃശൂർ അല്ലേ വീട്…. ഇങ്ങോടാണോ കല്യാണം കഴിച്ചേക്കുന്നത്…”

“ഞാൻ ഒരു ജോലി ആയി ഇപ്പോൾ ഇവിടാണ്.. ശ്യം വാ നമുക്ക് ഈ തിരക്കിൽ നിന്നും മാറിനിൽക്കാം വിശേഷങ്ങൾ ഇനി അവിടെ നിന്നാകാം വെയിൽ സഹിക്കാൻ പറ്റുന്നില്ല…”

വൈഗ ശ്യാമിനെയും കൂട്ടി അടുത്തുള്ള കൂൾബാറിലേക്ക് കയറി..”വൈഗ അച്ഛൻ എന്തുപറയുന്നു… ഇപ്പോൾ എങ്ങനെ ആള് നടന്നു തുടങ്ങിയോ…”

“അച്ഛൻ മരിച്ചു ശ്യം… അഞ്ച് വർഷമായി… അവിടുന്ന് പോന്ന് ഒന്ന് രണ്ടു വർഷം വല്യ കുഴപ്പം ഇല്ലായിരുന്നു… ഒരു ദുർവിധി പോലെ കൂടെ ക്യാൻസർ കൂടി വന്നു… മൂന്നാല് മാസം കഷ്ടപ്പെട്ടു പാവം… പിന്നെ അങ്ങ് പോയി…”

വൈഗയുടെ കണ്ണുകൾ നിറയുന്നത് ശ്യം അറിഞ്ഞു…”വിധിയേ തോൽപ്പിക്കാൻ ആവില്ലല്ലോ വൈഗ… താൻ എവിടെയാ താമസം ഇപ്പോൾ… എന്താണ് ജോബ്..”

“ഞാൻ ഈ ടൗണിൽനിന്നും കുറച്ചു മാറി ആണ്..””ഹസ്ബന്റ് എവിടെ ജോലി, കുട്ടികൾ എത്ര..ജീവിതം സന്തോഷമായി പോകുന്നോ…”

അവൾ ചിരിച്ചു..” അതെ ശ്യം… ജീവിതം സന്തോഷമായി പോകുന്നു…ശ്യാമിന്റെ അന്നത്തെ പ്രണയിനിയെ തന്നെ അല്ലേ കല്യാണം കഴിച്ചത്.. കുട്ടികളൊക്കെ ആയോ.. അല്ല താൻ എന്താ ഈ താടിയും മുടിയുമൊക്ക നീട്ടി… ഒരു മാതിരി വല്യ സാഹിത്യകാരന്മാരെ പോലെ…”

“ഇപ്പൊ ഇങ്ങനെ ആണ് വൈഗ… ചെറിയ എഴുത്തുകൾ ഒക്കെ ആയി നടക്കുന്നു… ഇവിടെ ടൗൺ ഹാളിൽ ഒരു പുസ്തക മേള ഉണ്ടാരുന്നു അവിടെ എന്റെ പുസ്തകവും പ്രദർശനത്തിന് ഉണ്ടാരുന്നു… അവിടെ വന്നതാണ് ഞാൻ..”

“ആഹാ… കൺഗ്രാറ്റ്സ് ശ്യം… ഒരു പുസ്തകം എനിക്കും തന്നോളൂ..”ശ്യം തന്റെ തോൾ ബാഗിൽ നിന്നും ഒരു പുസ്തകം എടുത്തു വൈഗക്ക് കൊടുത്തു.. അവൾ അതിന്റെ പുറം ചട്ട

സൂക്ഷിച്ചു നോക്കി… നേർത്ത വെളിച്ചത്തിൽ അസ്‌തമിക്കാൻ പോകുന്ന ചെംപട്ട് അണിഞ്ഞ സൂര്യനെ നോക്കിയിരിക്കുന്ന പെൺകുട്ടി…

“അസ്തമയ ചോപ്പണിഞ്ഞ മഴചാറ്റലുകൾ..” അവൾ പുസ്തകത്തിന്റെ പേര് ഒന്ന് രണ്ടു വട്ടം ഉരുവിട്ടു..

“കൊള്ളാല്ലോ പേര്… അസ്തമയ ചോപ്പണിഞ്ഞ മഴചാറ്റൽ ശ്യം കണ്ടിട്ടുണ്ടോ…”ശ്യം ചിരിച്ചു…

“നേർ കാഴ്ചകൾ ആണ് വൈഗ അത്… നാമൊക്കെ ആസ്തമയത്തിന്റെ ഭംഗി മാത്രമേ ആസ്വദിക്കുന്നുള്ളു… നേർത്ത മഴയിൽ മുങ്ങി സൂര്യൻ കടലിനേ വേൾക്കുമ്പോൾ എന്തൊരു ഭംഗിയാണെന്നോ…”

“കേൾക്കൊനൊക്കെ കൊള്ളാം പക്ഷേ എനിക്കീ സാഹിത്യം വഴങ്ങില്ല..””അതെനിക്ക്‌ മുന്നേ മനസ്സിലായതല്ലേ…””അതെങ്ങനെ… എപ്പോ..”

“നമ്മൾ ആ ആശുപത്രി വരാന്തയിലൂടെ കാന്റീൻ ലക്ഷ്യമാക്കി നടന്നപ്പോളൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് തന്നെ… ”

“എന്നിട്ട് എന്ത് മനസ്സിലായി…””സ്വപ്‌നങ്ങൾ ഒന്നുമില്ലാത്ത ഒരു പാവം പെണ്ണാണ് താൻ എന്ന്..”

വൈഗ തല കുമ്പിട്ട് ദീർഘമായി നിശ്വസിച്ചു..”സ്വപ്‌നങ്ങൾ കാണാൻ പറ്റിയൊരു ജീവിതം ആയിരുന്നില്ല ശ്യം എന്റേത്… എങ്ങനെയും ജീവിച്ചു തീർക്കുക അതായിരുന്നു എന്റെ ലക്ഷ്യം അന്നൊക്കെ…”

“ഏട്ടൻ എങ്ങനെ ഇപ്പൊ.. താനുമായി ചങ്ങാത്തമുണ്ടോ…””ഇല്ല… ഏട്ടന്റെ കണ്ണിൽ ഞാനെന്നും ഒരു കരടായിരുന്നില്ലേ… ഏട്ടന്റെ സ്ഥാനങ്ങൾ തട്ടിയെടുക്കാൻ പിറന്നവൾ, അമ്മയെ കൊല്ലാൻ ജനിച്ചവൾ, ഇതൊക്കെ ആ മനസ്സിൽനിന്നും ഒരിക്കലും മാറില്ല ശ്യം…”

വൈഗയുടെ കണ്ണുകൾ നിറയുന്നത് ശ്യം കണ്ടു..”എന്താടോ ഇത് കരയുന്നോ…. താൻ നല്ല തന്റെടമുള്ള പെണ്ണല്ലേ… പലപ്പോഴും എനിക്കതു ഫീൽ ചെയ്തിട്ടുണ്ട്…”

“ചിലപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും ശ്യാം… ഒന്നോർത്താൽ ഞാൻ എത്ര നിർഭാഗ്യവതിയാണ്… ജനിച്ച് വീണപ്പോളേ അമ്മ മരിച്ചു… അച്ഛനെപ്പോലെ സ്നേഹിക്കേണ്ട ഏട്ടൻ എന്നെയൊരു ശത്രുവായി കാണുന്നു…

അമ്മയുടെ ബന്ധുക്കൾക്കും ഞാൻ അവരുടെ സഹോദരിയെ കൊന്നവളായിട്ടേ എന്നെ കാണാൻ പറ്റുന്നുള്ളു… പിന്നെ ആകെ എന്നെ സ്നേഹിച്ചത് എന്റെ അച്ഛൻ മാത്രമാണ്…

അതും എന്നെ തനിച്ചാക്കി പോയില്ലേ… ഇന്നീ ലോകത്തിൽ ഞാൻ ഏകയല്ലേ ശ്യം… പിന്നെങ്ങനെ കണ്ണുനിറയാതെയിരിക്കും….”

“എടോ അപ്പോൾ താൻ കല്യാണം കഴിച്ചില്ലേ..”ശ്യം അതിയായതോടെ അവളോട്‌ ചോദിച്ചു… അവൾ മെല്ലെ പുഞ്ചിരിച്ചു..

“കല്യാണമോ… ആരോരും ഇല്ലാത്ത പെണ്ണിനെ കെട്ടാൻ ആരേലും വരണ്ടേടോ… ആലോചന വന്നതൊക്കെ മാറി പൊയ്ക്കൊണ്ടേ ഇരുന്നു… ഒടുക്കം മനസ്സിലായി അതിനൊക്കെ പിന്നിൽ എന്റെ സ്വന്തം ഏട്ടൻ ആണെന്ന്..”

“ഏട്ടനോ… ഇയാളെ കെട്ടിച്ചു വിട്ടാൽ ആൾടെ ഉത്തരവാദിത്തം തീരുകയല്ലേ ഉള്ളു… പിന്നെന്തിനു കല്യാണം മുടക്കുന്നു… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..”

“ആരും വിശ്വസിക്കില്ല ശ്യം… എന്നേക്കാൾ പതിനേഴു വയസ്സിനു മൂത്ത ചേട്ടൻ എനിക്കെന്റെ അച്ഛന്റെ സ്ഥാനത്തു തന്നെയാണ്… ആളുകളും അങ്ങനെയേ ഓർക്കു… പക്ഷെ ആൾക്ക് ഞാൻ ശത്രുവാണ്… അച്ഛന്റെ പേരിലുള്ള

മുതലുകൾ എല്ലാം എന്റെയും കൂടി അവകാശത്തിൽ ഉള്ളതല്ലേ… കല്യാണം കഴിപ്പിച്ചു വിട്ടാൽ ആ മുതലുകൾക്ക് അവകാശി വേറെയും ഉണ്ടാവുമല്ലോ… അങ്ങനെയൊക്കെ ചിന്തിച്ച ചേട്ടൻ എനിക്ക് വരുന്ന ആലോചനകൾ ഒന്നൊന്നായി മുടക്കി… എങ്ങനെയും

അച്ഛന്റെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് ആക്കുവാൻ ഏട്ടൻ ഒരുപാട് പാടുപെട്ടു… പക്ഷെ എല്ലാം മനസ്സിലാക്കിയ ഞാൻ ആ വീട്ടിൽ നിന്നും പടിയിറങ്ങി… പിന്നെ കേസ് ആയി… സ്വത്തുക്കൾ രണ്ടായി വീതം വെച്ചു… എന്റെ വീതം വിറ്റ ഞാൻ ഇവിടേയ്ക്ക് പോന്നു…”

“ജീവിതത്തിലേക്ക് ഒരാളെ കൂട്ടിക്കൂടായിരുന്നോ തനിക്ക്…””ഒരാളെയല്ല ശ്യം കുറേ പേരെ ഞാൻ എനിക്കൊപ്പം കൂട്ടി…”

“താൻ പറഞ്ഞു വരുന്നത്…”ശ്യം ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി…”ശ്യാമിന് തിരക്കില്ലെങ്കിൽ വാ നമുക്ക് അങ്ങൊട് പോകാം..”

വൈഗ എഴുന്നേറ്റു ബിൽ അടച്ചു പുറത്തേക്കിറങ്ങി പിന്നാലെ ശ്യാമും നടന്നു.. കുറച്ചുമാറി പാർക്കു ചെയ്തിരുന്ന കാറിനടുത്തേക്ക് ചെന്ന വൈഗ ഡോർ തുറന്നു..

“ശ്യം കയറു എന്റെ കാറാണ് ഇത്…”ശ്യം കയറിയപ്പോൾ വൈഗ സ്റ്റാർട്ട്‌ ചെയ്തു… കൊച്ചി നഗരത്തിലെ തിരക്കിലൂടെ അവൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നത് ശ്യം നോക്കിയിരുന്നു… കാർ ടൗണിൽ നിന്നും വിട്ട് ഇടപ്പള്ളിയിലേക്ക് തിരിഞ്ഞു..

മെയിൻ റോഡിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് കയറിയ കാർ ചെന്നു നിന്നത് നിറയെ തെങ്ങുകളും മാവും പ്ലാവും പേരയുമൊക്കെയുള്ള വിശാലമായ മുറ്റമുള്ള ഒരു വലിയ വീടിന് മുന്നിലാണ്..

കാറിന്റെ ശബ്‍ദം കേട്ടാവണം പിന്നിൽ നിന്നും അല്പം പ്രായമുള്ള ഒരാൾ വേഗം നടന്നു വന്നു..

“പാപ്പിച്ചായാ… എല്ലാരും എവിടെ.. “”അകത്തുണ്ട് കുഞ്ഞേ.. മോള് പാപ്പിച്ചായൻ പറഞ്ഞത് വാങ്ങിയോ…”

“പിന്നെ വാങ്ങാതെ എന്റെ പാപ്പിച്ചായൻ പറഞ്ഞാൽ ഈ മോള് മറക്കുമോ..”വൈഗ കാറിന്റെ ഡിക്കി തുറന്ന് അതിൽ നിന്നും ഒരു കൊച്ച് പൊതിയെടുത്തു പാപ്പിച്ചായന് കൊടുത്തു… കിട്ടിയതേ ആള് സന്തോഷത്തോടെ പിന്നിലേക്ക് ഓടി..

“പാവമാ… ജീരകമിഠായിയുടെ ആളാണ്… രണ്ടീസം കൊണ്ട് തീർക്കും എന്നിട്ട് വീണ്ടും വരും പരാതിയുമായി…”

“ആരാണ് ഇയാൾ… ഇവിടെ എന്താ താൻ..”ശ്യാമിന്റെ സംസാരം കേട്ട് ചിരിച്ചുകൊണ്ട് വൈഗ മുന്നിലെ ഡോറിന് അടുത്തേക്ക് നടന്നു..ഡോർ തള്ളിതുറന്ന് അകത്തേക്ക് കടന്നപ്പോൾ വാതിൽക്കൽ അവിടെയുമിടെയും ഒരോ തലകൾ എത്തിനോക്കുന്നുണ്ട്…

“എന്താ എല്ലാരും ഒളിഞ്ഞു നോക്കുന്നത്… ഇങ്ങ് വാ ഇന്ന് നമുക്കൊരു ഗസ്റ്റ്‌ ഉണ്ട്‌..”മൂന്നാല് അമ്മച്ചിമാരും രണ്ട് പെൺകുട്ടികളും പതുക്കെ ഹാളിലേക്ക് കടന്നു വന്നു…

“ശ്യം ഇത് അമ്മിണിയമ്മ, കല്ലുവേച്ചി, ലളിതാമ്മ, മേരിയമ്മ… ഇത് ജാനകി ഇത് രവീണ…””വൈഗ ഇവരൊക്കെ തന്റെ ആരാണ്… ഈ വീട് ആരുടെ…”

“ഏട്ടൻ എന്നെ പുറത്താക്കിയപ്പോൾ എന്റെ പ്രോപ്പർട്ടി വിറ്റു വാങ്ങിയതാണ് ഈ വീട്.. ഈ വീടിന് പിന്നിൽ ഒരു വീട് കൂടി ഉണ്ട്‌ അവിടെ മൂന്നാല് അപ്പച്ചൻമാരും ഉണ്ട്‌… ഇവരൊക്കെയാണ് ഇന്നെന്റെ ബന്ധുക്കൾ.. ആരോരും ഇല്ലാത്ത ഞങ്ങൾക്ക് ഇപ്പൊ ഞങ്ങൾ പരസ്പരം ആരൊക്കെയോ ആണ്..”

“എടോ താൻ കൊള്ളാമല്ലോ… അപ്പൊ ഇവർക്ക് ചിലവിനൊക്കെ..””അതിനല്ലേ ഞങ്ങൾ എറണാകുളം ടൗണിൽ ഹോൾസൈൽ ഷോപ് നടത്തുന്നത്…”

“ഷോപ്പോ.. നിങ്ങളോ..”ശ്യം ആശ്ചര്യത്തോടെ ചോദിച്ചു…”അതെ ഞാനും എന്റെ കൂടെ ദേ ഇവരും കൂടി എല്ലാം മാനേജ് ചെയ്യുന്നു… കഴിഞ്ഞ നാല് വർഷമായി ഞങ്ങളുടെ സ്ഥാപനം നന്നായി പോകുന്നു…”

വൈഗ ജാനകിയെയും രവീണയെയും ചേർത്തു പിടിച്ചു പറഞ്ഞു…”വീട്ടിലെ കാര്യങ്ങൾ ഇവിടുത്തെ അമ്മച്ചിമാരും നോക്കും.. ജാനി ശ്യാമിന് കുടിക്കാൻ എടുക്കു.. ”

“മോളെ ഉണ്ണാൻ സമയമായില്ലേ ഇനി ഊണ് എടുത്താൽ പോരെ..”മേരിയമ്മയാണ്…

“ഉവ്വോ എങ്കിൽ ദേ ഇപ്പൊ വരാം ഞങ്ങൾ.. ശ്യം വാ മുകളിൽ എന്റെ മുറി..”വൈഗ ശ്യാമിനെയും കൂട്ടി മുകളിലേക്കു ചെന്നു..

“വൈഗ എനിക്കെന്തോ സിനിമ കാണും പോലെ തോന്നുകയാണ്… ഒറ്റപ്പെടലിൽ തളർന്നു പോയേക്കാവുന്ന പലർക്കും താനൊരു റോൾമോഡൽ ആകുമല്ലോ…”

“ഒറ്റപ്പെടൽ മാത്രമല്ലല്ലോ ശ്യം.. മാതാപിതാക്കൾക്ക് വൈകിയുണ്ടായ കുഞ്ഞായിരുന്ന എന്റെ ജനനം അമ്മയുടെ മരണത്തിനു കാരണമായെന്നു ചൊല്ലി കൂടെപ്പിറപ്പു പോലും പഴിച്ചു… ഞാൻ സത്യത്തിൽ എന്ത് തെറ്റാ ചെയ്തത്… എന്റെ ജനനം എന്റെ തെറ്റാണോ…”

“എടോ ഞാൻ എഴുതട്ടെ തന്റെ കഥകൾ ഈ ലോകം മുഴുവനും അറിയാൻ വേണ്ടി… ഒരുപാട് കുട്ടികൾ ഉണ്ടാകും ഈ മാനസിക അവസ്ഥ അനുഭവിക്കുന്നവർ…”

“ആഹാ എഴുത്തുകാരന് ഒരു തീം കിട്ടി അല്ലേ… അങ്ങനെ ഒരാൾക്കെങ്കിലും എന്നെക്കൊണ്ട് ഗുണം ഉണ്ടായല്ലോ..”

“മറ്റൊന്ന് കൂടി ചോദിച്ചോട്ടെ ഞാൻ… അവിവേകം ആണെങ്കിൽ താൻ പൊറുക്കണം…”

“എന്താ ശ്യം പറയു…””എന്നേയും കൂട്ടുമോ ഈ സ്നേഹക്കൂട്ടിൽ ഒരന്തേ വാസി ആയി…””ശ്യം അപ്പോൾ തന്റെ പഴയ കാമുകി… അവരൊക്കെ ഇല്ലേ തനിക്ക്…”

“ഇല്ലെടോ എല്ലാരും പോയി എന്നെ തനിച്ചാക്കി….””എവിടെ… താൻ തുറന്ന് പറയു..”

“രോഗികളായ അച്ഛനെയും അമ്മയെയും എന്റെ തലയിലേക്ക് കെട്ടിവെച്ചാണ് ഏട്ടൻ കുടുംബതോടൊപ്പം ഗൾഫിലേക്ക് പറന്നത്.. ഒരിക്കൽ പോലും അവർക്ക് എങ്ങനെ ഉണ്ടെന്ന് പോലും തിരക്കിയില്ല ഏട്ടൻ… അമ്മയെയും അച്ഛനെയും മാറി

മാറി ഹോസ്പിറ്റൽ തോറും കൊണ്ടുനടക്കുന്ന ഒരു ചെക്കനെ കെട്ടാൻ ഏതെങ്കിലും പെണ്ണ് തയ്യാറാകുമോ… ഒരുപക്ഷെ അവൾ സമ്മതിച്ചാൽ പോലും അവളുടെ മാതാപിതാക്കൾ സമ്മതിക്കുമോ… അങ്ങനെ “ശ്യാമിന് നല്ലൊരു കുട്ടിയെ കിട്ടും ” എന്ന പതിവ്

ചൊല്ലും നൽകി അവളും ജീവിതത്തിൽ നിന്നും പോയി… കിടപ്പാടം പോലും വിറ്റു ചികിൽസിച്ചിട്ടും ദൈവം എന്റെ അച്ഛനെയും അമ്മയെയും അടുത്തടുത്ത വർഷങ്ങളിൽ അങ്ങ് വിളിച്ചു… പിന്നെ ഞാൻ ഒറ്റപ്പെടലിൽ ആയി… ചിത്രരചന,

എഴുത്ത് ഒക്കെയായി ഒരു വാടക വീട്ടിൽ ഒറ്റയ്ക്ക്… ഒരുപാട് കൂട്ടുകാർ കൂടെ വന്നു പക്ഷെ മദ്യപിക്കാത്ത എന്നോട് കൂട്ടുകൂടാൻ അവർക്കും താത്പര്യം ഇല്ലത്രെ… അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് ഞാൻ… ”

“ശ്യം… ഇതൊക്കെ സത്യമാണോ…””എന്തിന് ഞാൻ നുണ പറയുന്നു… അതും ദൈവത്തെ പോലെ എന്റെ മുന്നിൽ അവതരിച്ചു നിന്റെ മുന്നിൽ…”

“ഒരുപക്ഷെ ദൈവം ആവും തന്നെ എന്റെ മുന്നിൽ കൊണ്ടുവന്നത്… ശ്യം സത്യത്തിൽ അന്ന് ആ ഹോസ്പിറ്റലിൽ വെച്ച് കണ്ടപ്പോൾ തന്നോട് എനിക്കെന്തോ ഒരിഷ്ടം ഉണ്ടായിരുന്നു.. താൻ തന്റെ കാമുകിയെക്കുറിച്ച് പറഞ്ഞപ്പോൾ അവളോട്‌ ചെറിയ കുശുമ്പും തോന്നിയിരുന്നു..”

വൈഗ ചിരിയോടെ മുഖം കുനിച്ചു..”ദൈവം വിധിച്ചദേ നടക്കു എന്ന് പറയുന്നത് സത്യമാവും അല്ലേ വൈഗ…””ആവും.. അപ്പോൾ ആരുമില്ലാത്ത താൻ ആരോരും ഇല്ലാത്ത ഞങ്ങൾക്കൊപ്പം ചേരുവല്ലേ…”

“ആരോരുമില്ലാത്ത എന്നെ ആരൊക്കെയോ ആയി നിങ്ങൾ കൂടെ കൂട്ടുമെങ്കിൽ ഞാൻ ദേ റെഡി..”

വൈഗ കൈകൾ ശ്യാമിന് നേരെ നീട്ടി ശ്യം അവളുടെ കൈകൾ തന്റെ രണ്ടു കൈകൾ കൊണ്ടും ചേർത്തു പിടിച്ച് അവളേ തന്നിലേക്ക് ചേർത്തു നിർത്തി നെറുകയിൽ മൃദുവായി ചുംബിച്ചു….

 

Leave a Reply

Your email address will not be published. Required fields are marked *