എന്റെ ഭർത്താവ്… ആള് ഒരു സ്‌ട്രോക് വന്നു തളർന്നു കിടപ്പാണ് … “അപ്പോൾ മക്കൾ “.. അത് ചോദിച്ചപ്പോൾ അവരുടെ കണ്ണുകൾ

കാഴ്ചകൾക്കുമപ്പുറം
രചന: Jolly Shaji

ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ
ഏറ്റവും സുന്ദരമായ കാലം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം അവളുടെ യൗവ്വനകാലം എന്ന്.. പുള്ളിപ്പാവാടയിട്ടു ഇരുവശത്തേക്കും

മുടിപിന്നിയിട്ടു, മുല്ലപ്പൂവും ചൂടി പറന്നു നടക്കുന്ന പ്രായം… മീശ മുളക്കാത്ത കാമുകന്മാർ പ്രണയഭ്യർത്ഥന ആയി പിറകെ നടക്കുന്ന പ്രായം… എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു കാലം…

മാതാപിതാക്കൾ കുറച്ച് സ്ട്രിക്ട് ആയതിനാൽ പലപ്പോഴും അവരുടെ കണ്ണുവെട്ടിച്ചായിരുന്നു അണിഞ്ഞൊരുങ്ങൽ.. നെഞ്ചോടു അടക്കിപ്പിടിച്ച പുസ്തകവുമായി

സ്കൂളിലേക്ക് പോകുമ്പോൾ പലരും കമന്റ്‌ പറയും.. അല്പം തന്റേടി ആയിരുന്ന താൻ ഒന്നും മൈൻഡ് ചെയ്യില്ലായിരുന്നു… പലരും പ്രൊപോസൽ ആയി വന്നിട്ടുണ്ട്… പക്ഷേ എല്ലാവരെയും താൻ അകറ്റി നിർത്തിയെ ഉള്ളൂ…

പക്ഷേ ഉള്ളിന്റെ ഉള്ളിൽ ആരും അറിയാതേ ഒരു പ്രണയം കടന്നുകൂടി… സ്കൂളിലേക്ക് പോകുന്ന വഴിക്കാണ് ആളുടെ വീട്… എന്നേക്കാൾ എട്ടോ പത്തോ വയസ്സിനു മൂപ്പുള്ള ആള്…
ഈ അടുത്ത് പുതുതായി താമസത്തിനു

വന്നവർ ആയിരുന്നു അവർ… രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ ആ വീടിന്റെ മുറ്റത്തേക്ക് അറിയാതെ കണ്ണുകൾ പായും…. ചിലപ്പോൾ ആള് മുറ്റത്തു എക്സർസൈസ് ചെയ്യുന്നുണ്ടാവും, ചിലപ്പോൾ കാണില്ല, ചിലപ്പോൾ തിണ്ണയിൽ പത്രം വായിച്ചു

ഇരിക്കുന്നുണ്ടാവും, ചിലപ്പോൾ ബൈക്കിൽ ഓവർടേക്ക് ചെയ്തു പോകുന്നതു കാണാം… നല്ല ഉരവും മസ്സിലും ഒക്കെ ഉള്ള ഇരുനിറക്കാരൻ…

പതിവായി ഞാൻ വായിൽ നോക്കിയിട്ടും ഒരിക്കൽ പോലും അയാൾ നോക്കിയിട്ടേ ഇല്ല…. എന്നും കാണുന്ന ആളാണ് പക്ഷെ ഒരു ചിരി ആ മുഖത്ത് കണ്ടില്ല… എങ്കിലും ഞാൻ നോട്ടം കുറച്ചില്ല..

അങ്ങനെ വായിൽനോട്ടവുമായി ഏതാണ്ട് ഒരുമാസത്തിലേറെ കടന്നുപോയി.. സ്കൂൾ അവസാന പരീക്ഷ ആരംഭിക്കാൻ പോവുന്നു.. പഠിത്തത്തിൽ ശ്രദ്ധ എങ്കിലും സ്കൂൾ യാത്രകളിൽ എന്നും ആ മരങ്ങോടനെ നോക്കൽ നടത്താറുണ്ട്….

ഇപ്പോൾ കുറച്ചുദിവസം ആയി അദ്ദേഹത്തെ കണ്ടിട്ട്… എവിടെ പോയിരിക്കും ആൾ.. ആരോട് ചോദിക്കും… ചോദിച്ചാൽ മറ്റുള്ളവർ എന്ത് വിചാരിക്കും ആകെ കൺഫ്യൂഷൻ ആയി..

ഒരുദിവസം സ്കൂൾ വിട്ടു വരുമ്പോൾ ആ വീടിനു മുറ്റത്തു ഒരു സ്ത്രീ ചെടി നനച്ചു നിൽക്കുന്നു.. അയാളുടെ അമ്മ ആകും… ഒന്ന് ചോദിച്ചാലോ. അല്ലേൽ വേണ്ട.. അവർ എന്ത് വിചാരിക്കും… മുന്നോട്ട് നടന്നു… പക്ഷേ കാലുകൾ സഞ്ചരിച്ചത് ആ വീട്ടുമുറ്റത്തേക്കാണ്..

എന്നേ കണ്ടതും കൂട്ടിൽ കിടന്ന പട്ടികുരച്ചു… അങ്ങനെ ആ സ്ത്രീ എന്നേ കണ്ടു.. “കൈസർ മിണ്ടാതിരുന്നേ “.. അവർ പട്ടിയെ ശാസിച്ചിട്ടു എന്റെ അടുക്കലേക്ക് വന്നു ചോദിച്ചു.. “മോള് ആരാണ്, എന്തിനു വന്നു “.. എനിക്ക്

വിറച്ചിട്ട് മിണ്ടാൻ പറ്റാതായി… “ഞാൻ, ഞാൻ വെറുതെ, ഇത്തിരി വെള്ളം തരുമോ “.. “അതിനെന്താ മോള് നില്ക്കു ഞാൻ വെള്ളം തരാം “.. അവർ വേഗം അകത്തേക്ക് പോയി… ആവു ആശ്വാസം ആയി.. അവർ വെള്ളവുമായി വന്നു.. വെള്ളം എന്റെ കയ്യിലേക്ക് തന്നു…

സത്യത്തിൽ ദാഹിക്കുന്നില്ല പക്ഷേ വെള്ളം കുടിച്ചേ പറ്റു… പതുക്കെ വെള്ളം കുടിച്ചുകൊണ്ട് അവരോടു ചോദിച്ചു, “ഇവിടെ വേറാരും ഇല്ലേ “… ഉണ്ട് എന്റെ ഭർത്താവ്… ആള് ഒരു സ്‌ട്രോക് വന്നു തളർന്നു കിടപ്പാണ് … “അപ്പോൾ മക്കൾ “..

അത് ചോദിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു . “അയ്യോ അമ്മ എന്താ കരയുന്നെ “… എനിക്ക് ആകെ വിഷമം ആയി.. “പെട്ടന്ന് എന്റെ മോനെ ഓർത്തു പോയി “… “മോൻ എവിടെ “..

“ഞങ്ങൾക്ക് ദൈവം ഒരു മോനെ മാത്രമേ തന്നിരുന്നുള്ളു.. അവന്റെ അച്ഛൻ പട്ടാളത്തിൽ ആയിരുന്നു… ചെറുതിലെ അച്ഛന്റെ പാത പിന്തുടരാൻ ആയിരുന്നു എന്റെ മോനിഷ്ടം.. അദ്ദേഹത്തിന്റെ

ബുദ്ധിമുട്ട് കണ്ടിട്ടുള്ള ഞാൻ മോനെ വിലക്കി.. പക്ഷേ അവൻ സമ്മതിച്ചില്ല..അവന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ ആവട്ടെ എന്ന് അവന്റെ അച്ഛൻ പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു… അങ്ങനെ അവൻ പട്ടാളത്തിൽ പോയി..

“ഓഹ് അതാണല്ലേ ഇപ്പോൾ ആളെ കാണാത്തതു… ലീവ് കഴിഞ്ഞു പോയി അല്ലെ… ” “അതിനു മോളെന്റെ മോനെ കണ്ടിട്ടില്ലല്ലോ “… “ഉവ്വമ്മേ ഞാൻ കണ്ടിട്ടുണ്ട് അമ്മയുടെ മോനെ “…

“നീയെന്തു വട്ടാണ് മോളെ പറയുന്നത് എവിടെയാണ് നീയെന്റെ കണ്ണനെ കണ്ടത് “…”ഒരാഴ്ച്ച മുൻപ് വരെ മിക്കവാറും ഈ മുറ്റത്തു അമ്മേടെ മോൻ നടക്കുന്നതും, വ്യായാമം ചെയ്യുന്നതും, ചെടികൾ നനക്കുന്നതുമൊക്ക ഞാൻ

കാണാറുണ്ടായിരുന്നു “.. “മോൾക്ക് ആളു മാറിപോയതാവും.. അത് മറ്റാരെങ്കിലും ആവും.. “..”അതെനിക്ക് അറിയില്ല.. ദേ ആയിരിക്കുന്നബൈക്കിൽ ഇടയ്ക്കു അദ്ദേഹം പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്‌

“..അവൾ പോർച്ചിൽ ഇരിക്കുന്ന ബൈക്കിലേക്ക് വിരൽ ചൂണ്ടി… ഇക്കുറി ഞെട്ടിയത് ആ അമ്മയായിരുന്നു…

തങ്ങൾ ഇവിടെ വന്നതിനു ശേഷം ആരും ആ ബൈക്ക് സ്റ്റാർട്ട് പോലും ചെയ്തിട്ടില്ല… പിന്നെയീ കുട്ടി പറയുന്നത്… “ഒക്കെ മോൾടെ തോന്നൽ ആവും… അത് എന്റെ മോനും അല്ല… മറ്റാരും ഈ

ബൈക്ക് ഉപയോഹിക്കാറും ഇല്ല “…”അമ്മയുടെ മോൻ എന്നാണ് മടങ്ങിപോയത് “..
“എന്റെ മോൻ പോയിട്ട് രണ്ട് വർഷം കഴിഞ്ഞു… അവൻ പോയപ്പോൾ തളർന്നു വീണതാണ് അദ്ദേഹം “..”അയ്യോ അതെന്താ പട്ടാളത്തിൽ ലീവ് കിട്ടില്ലേ…

രണ്ടുവർഷം ആയിട്ടും മടങ്ങി വരാതെ “… “ഒരു മടങ്ങിവരവ് ഉള്ള ലോകത്തേക്ക് അല്ല അവൻ പോയത് രണ്ടുവർഷങ്ങൾക്ക് മുൻപുള്ള അതിർത്തിയിലെ വെടിവെപ്പിൽ ഞങ്ങൾക്ക് ഞങ്ങടെ മോനും നഷ്ടമായി.. അന്ന് അദ്ദേഹം വീണു… അവന്റെ

ഓർമ്മകളുമായി ഇനിയുമാ വീട്ടിൽ താമസിക്കാൻ പറ്റാത്തത് കൊണ്ടു ഞങ്ങൾ അവിടം വിട്ടു പോന്നത് “…അവൾ ആകെ തരിച്ചു നിന്നുപോയി..

“ഇന്ന് ഞങ്ങൾക്ക് കൂട്ട് അവന്റെ ഓർമ്മകൾ ആണ്.. ഈ വീടിന്റെ കാവലും എന്റെ മോന്റെ ആത്മാവ് ആണ്… “അവർ സിറ്റ്ഔട്ടിലെ മാലയിട്ട ഫോട്ടോയിലേക്ക് മിഴികൾ പായിച്ചു… അവളുടെ കണ്ണുകളും അങ്ങോടു പാഞ്ഞു…

പട്ടാള യുണിഫോം ധരിച്ച താൻ ഏറെ സ്നേഹിച്ച, താൻ ഒരുപാട് ഇഷ്ടപെട്ട അയാൾ ആയിരുന്നു അത്… ഉത്തരംകിട്ടാത്ത ഒരു ചോദ്യവുമായി അവൾ ഇറങ്ങി നടന്നു..അദ്ദേഹം ആരാണ്….

 

Leave a Reply

Your email address will not be published. Required fields are marked *