ഉപ്പാക്ക് വേറെ ബീവീയും മക്കളുമൊക്ക ഉണ്ടാവും ഉപ്പാ എല്ലാവർഷവും നാട്ടിൽ വന്ന് അവർക്കൊപ്പം ആകുമെന്ന്…””എടി

മരുഭൂമിയിലെ കാവൽക്കാർ
രചന: Jolly Shaji

മൊബൈൽ ബെല്ലടിക്കുന്നത് കേട്ട നൂറ ഇറയത്തുന്നു ഓടി വന്നപ്പോളേക്കും ഉമ്മ ഫോൺ എടുത്തിരുന്നു…”ഇക്കാ എത്ര ദിവസായി ഒന്നു വിളിച്ചിട്ട്… ഇങ്ങള് എന്നേം മക്കളേം മറന്നേക്കുന്നു…”

ഉമ്മയുടെ പരാതിയുടെ സങ്കടപെരുമഴ കേട്ടപ്പോൾ തന്നെ അവൾക്ക് ആളെ മനസ്സിലായി… “ഉപ്പ”… അവളുടെ മുഖത്ത് എന്തെന്ന് തിരിച്ചറിയാൻ പറ്റാത്തൊരു

വികാരം ഉടലെടുത്തു… അവൾ കയ്യിലിരുന്ന പുസ്തകം അവിടെ കിടന്ന കട്ടിലിലേക്ക് അലസമായി എറിഞ്ഞിട്ടു…. കട്ടിലിന്റെ ഓരത്തായി അവളും ഇരുന്നു…

അവളുടെ മനസ്സിലേക്ക് വർഷങ്ങൾക്കു മുന്നേ തന്നെ കെട്ടിപിടിച്ച് നെറ്റിയിൽ മുത്തം നൽകി ഇരുളിലേക്ക് നടന്നു നീങ്ങിയ ബാപ്പയുടെ മുഖമാണ് കടന്നു വന്നത്…. ആറോ എഴോ വർഷം

കഴിഞ്ഞേക്കുന്നു ബാപ്പ ഗൾഫിലേക്ക് അവസാനമായി പോയിട്ട്… അന്നത്തെ മൂന്നാം ക്ലാസ് കാരിക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു ബാപ്പയെകുറിച്ചോർക്കുമ്പോൾ….

അന്ന് റംസി പൊടിക്കുട്ടി ആണ്… ബാപ്പ എന്നാൽ അവൾക്ക് ഉമ്മ സൂക്ഷിച്ചു വെച്ചിരിക്കുന്ന നിറം മങ്ങിയ പൊടിമീശക്കാരന്റെ ഫോട്ടോ മാത്രമാണ്…

അവൾ ഉമ്മയെ നോക്കി…”ഇക്കാ എല്ലാർക്കും അവരുടെ കാര്യങ്ങൾക്കു മാത്രേ ശ്രദ്ധ ഉള്ളു… മ്മക്കും ഇല്ലേ രണ്ടു പെൺകുട്ടികൾ… അയറ്റോളെ പഠിപ്പിക്കണ്ടേ,, മൂത്തത്തിന് പ്രായം ആയി വരാണ് കെട്ടിക്കേണ്ടേ…”

നൂറയുടെ കണ്ണുകൾ അവിടെ ഭിത്തിയിൽ തൂക്കിയിരിക്കുന്ന മുഷിഞ്ഞ കണ്ണാടിയിലേക്ക് പാളി പോയി… പ്ലസ് വണ്ണിൽ പഠിക്കുന്ന അവൾക്ക് ചുണ്ടിൽ ഒരു ചിരി വിടർന്ന്…. തനിക്ക് പ്രായപൂർത്തി ആവാൻ ഇനി ഒത്തിരി ഒന്നും കാത്തിരിക്കേണ്ട….

“ഇക്കാ ഇങ്ങ് പോരീൻ ഇവിടെ തൊയിലുറപ്പു ചെയ്തു മ്മക്ക് കുട്ട്യോടെ കാര്യം നോക്കാം…. മടുത്തു ഇക്കാ ഒറ്റയ്ക്ക്… ഞാനും ഒരു പെണ്ണല്ലേ ഇക്കാ…”

കല്യാണം കഴിഞ്ഞ് ഉപ്പാ കൂടുതൽ ഒന്നും നാട്ടിൽ നിന്നിട്ടേ ഇല്ലന്ന് നൂറക്ക് അറിയാം… പാവം ഉമ്മാ… ഓർക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ….

“ആളോള് ഓരോന്നൊക്കെ ചോയ്ക്കുന്നു ഇക്കാ… മടുത്തു ഞാൻ മറുപടി കൊടുത്ത്…”

പിന്നേ ഉമ്മാ ഒറ്റ കരച്ചിൽ ആരുന്നു…നൂറ വേഗം ഉമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി….

“ഉപ്പാ…. ഞാനാ നൂറ..””മോളെ ഉപ്പാന്റെ ഹൂറിക്ക് സുഖല്ലേ…””സുഖം ഉപ്പാ… ഉപ്പാക്കോ…”

“ഉപ്പാക്ക് സുഖാണോ… മറുപടി എന്താ മോളെ പറയേണ്ടത്…””എന്താ ഉപ്പാ…. സത്യത്തിൽ ഉപ്പാ എവിടെയാ ഇപ്പോൾ… ഗൾഫിൽ തന്നെയോ…”

പെട്ടന്ന് ഫോണിലൂടെ ഒരു നിശ്വാസം നൂറ തിരിച്ചറിഞ്ഞു…”മോളെ… നീ എന്താ ചോദിച്ചത്…”

“അറിയാഞ്ഞിട്ടു ചോയിക്കുവാ ഉപ്പാ… എന്റെ ഫ്രണ്ട്‌സ് മാരുടെ ഉപ്പമാരൊക്കെ ഗൾഫിൽ പോയിട്ട് ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ നാട്ടിൽ വരുന്നു അവർക്കൊക്കെ എന്തൊക്കെയോ കൊണ്ടുവന്ന് കൊടുക്കുന്നു… എന്റുപ്പ മാത്രം…”

“മോളെ ഉപ്പാന്റെ ജോലി എന്തെന്ന് അറിയോ മോൾക്ക്‌… വലിയൊരു ഈന്തപ്പന തോട്ടത്തിൽ ആണ്… ദേ ഇപ്പോൾ ഇവിടെ പനയൊക്കെ കായ്ച്ചു തുടങ്ങിയേക്കുന്നു… ഇവിടുത്തെ ചൂട് സഹിക്കാൻ പറ്റാത്തത് ആണ്….”

“ഒക്കെ സമ്മതിച്ചു ഇടക്കൊക്കെ ഒന്നു വിളിച്ചൂടെ ഉപ്പാക്ക്… ഉപ്പാന്റെ മുഖം കണ്ടിട്ട് എത്ര കാലായി ഞങ്ങ…”നൂറ ഓരോ വാക്കുകൾ പറയുമ്പോളും അവളുടെ നെഞ്ച് വിങ്ങുകയായിരുന്നു…

“ഈ മരുഭൂമിയിൽ നിന്നും ഒന്നു പുറത്ത് കടക്കണം മോളെ ഫോൺ ചാർജ് ചെയ്യാൻ… ഫോൺ കയ്യിന്നു വീണ് പൊട്ടിയിട്ടു ഡിസ്പ്ലേ മുഴുവൻ

പോയേക്കുന്നു… ഇപ്പോ ദാ ടൗണിൽ നിന്നും ഒരു മലയാളി ലോഡ് എടുക്കാൻ വണ്ടിയായി വന്നപ്പോൾ ഓർമ്മയിൽ നിന്നും ഉമ്മാടെ നമ്പർ എടുത്തു വിളിച്ചതാണ്…”

ഉപ്പാടെ വാക്കുകളിലും ഇടർച്ച അനുഭവപ്പെടുന്നതായി നൂറക്ക് തോന്നി….”ഉപ്പാ… ഒക്കെ സത്യായിരിക്കും ഉപ്പാക്ക് മാത്രം അറിയുന്നത്… ഇവിടെ ഞങ്ങൾ അനുഭവിക്കുന്ന വിഷമം ഉപ്പാക്ക് അറിയേണ്ടല്ലോ…”

“മോളെ ഉപ്പാനെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ… എന്റെ കുട്ട്യോളെ രാജകുമാരിമാർ ആക്കാനാണ് ഉപ്പാ ഇങ്ങനെ കഷ്ടപ്പെടുന്നത്….”

“എന്റെ കൂട്ടുകാരും നാട്ടുകാരും പറയുന്നത് എന്തെന്ന് ഉപ്പാക്ക് അറിയോ….””എന്താ മോളെ…”

“ഉപ്പാക്ക് വേറെ ബീവീയും മക്കളുമൊക്ക ഉണ്ടാവും ഉപ്പാ എല്ലാവർഷവും നാട്ടിൽ വന്ന് അവർക്കൊപ്പം ആകുമെന്ന്…””എടി…”

പെട്ടന്ന് നൂറയുടെ കവിളത്ത് ആമിനയുടെ കരങ്ങൾ പതിഞ്ഞു… നൂറയുടെ കയ്യിൽ നിന്നും ആമിന ഫോൺ പിടിച്ച് വാങ്ങി…

“അസത്തെ ഒറ്റ അക്ഷരം മിണ്ടരുത് നീയിനി… പൊയ്ക്കോ എന്റെ കണ്മുന്നിൽ നിന്നും….”

നൂറ മുഖം പൊത്തി അടുത്ത മുറിയിലേക്ക് ഓടി…”ഇക്കാ പൊറുക്കണേ മോളോട്… ഓള് എന്തൊക്കെയോ…”

“ആമി നീയെന്തിനാ ഓളെ തച്ചത്… ഓള് ചോദിച്ചതിൽ തെറ്റൊന്നും ഇല്ല… ഈ പാപിയായ ഉപ്പയ്ക്ക് എന്റെ മക്കൾ തരുന്ന ശിക്ഷ ആവും… നിന്നേം മക്കളേം ഞാൻ വേദനിപ്പിക്കുവല്ലേ ആമി…”

“സാരല്ല്യ ഇക്കാ… ഇങ്ങള് വിഷമിക്കേണ്ട… എത്രേം പെട്ടന്ന് ഇയ്യ്‌ എംബസിയിൽ എത്താൻ നോക്കു… ഓരോട് ഒന്നു രക്ഷിക്കാൻ പറയ്… ഞാൻ എന്നും പടച്ചോനോട് പ്രാർത്ഥിക്കും…. ”

“പടച്ചോൻ അന്റെ ദുവാ കൈക്കൊള്ളട്ടെ ആമി… നീ കൂടി ഈ പാപിയെ ശപിക്കല്ലേ…””ഇല്ലിക്കാ…. എനക്ക് മനസ്സിലാവും ഇങ്ങളെ… പടച്ചോൻ കൈവിടില്ല ഇക്കാ…”

ഫോൺ തിരികെ കൊടുത്തു ബഷീർ എന്ന ഈന്തപ്പനയുടെ കാവൽക്കാരൻ നടന്നു നീങ്ങി തന്റെ കൊച്ച് കൂടാരത്തിലേക്കു…

 

Leave a Reply

Your email address will not be published. Required fields are marked *