ഞങ്ങളെ ഒന്നും മറന്നിട്ടില്ല ചേച്ചീ…” കുറച്ച് കടുപ്പിച്ച് തന്നെയാണ് സുമ പറഞ്ഞത്. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് കമലയ്ക്ക് മനസിലായി.

(രചന: ജ്യോതി കൃഷ്ണകുമാര്‍)

“ആളോളെ കണ്ടാൽ തിരിച്ചറിയണുണ്ടോ സുമേ? അല്ല കണ്ടിട്ട് മനസിലായ മട്ടില്ല. അൽഷിമേഴ്സ് വന്നാൽ അങ്ങനെയാണല്ലോ സിനിമയിൽ കണ്ടില്ലേ?”

“ഞങ്ങളെ ഒന്നും മറന്നിട്ടില്ല ചേച്ചീ…”
കുറച്ച് കടുപ്പിച്ച് തന്നെയാണ് സുമ പറഞ്ഞത്. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് കമലയ്ക്ക് മനസിലായി.

“ന്നാ ഞാൻ ഇറങ്ങട്ടെ സുമേ? എന്തെലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോളൂട്ടോ…””ഉം…””നന്ദേട്ടാ…”

“വന്നത്…അവര്? സുമേ അത്?”
സുമ ക്ക് സങ്കടം ചങ്കിൽ വന്ന് മൂടി.”കമലേച്ചിയാ നന്ദേട്ടാ…””ഹാ…കമലേച്ചി, കമലേച്ചി പോയോ?””ഉം, പോയി…”

എത്ര വേഗമാണ് ജീവിതം കൈവിട്ട് പോണത്. നിസ്സഹായയായി നോക്കി നിൽക്കാൻ മാത്രമേ നമുക്കാവൂ.
മറവിരോഗം അച്ഛനെ കാർന്ന് തിന്നുന്നത് നന്ദുട്ടി എങ്കിലും അറിയാതിരിക്കട്ടെ.

ആന കളിപ്പിച്ചിരുന്ന, ഇക്കിളിയാക്കി ഉറക്കത്തിൽ നിന്ന് പോലും പൊട്ടിച്ചിരിപ്പിച്ച് എണീപ്പിച്ചിരുന്ന,

മിഠായിപ്പൊതി ബാഗിൽ ഒളിപ്പിച്ച് വച്ച് അയ്യോ! മറന്നൂലോ നന്ദുട്ട്യേ എന്ന് പറഞ്ഞ് അവൾ പിണങ്ങി പോവുമ്പോൾ കൈയ്യിൽ മിഠായി പൊതി കൊടുത്ത് വായും പൊളിച്ച് ചിരിക്കണ,

അവളുടെ കവിളിൽ മുത്തുന്ന അച്ഛൻ ഇപ്പഴില്ല വെറും ചിന്ത മാത്രം ആയി.മിണ്ടാൻ കൂടി വരാത്ത അച്ഛനെ കാര്യം അറിയാതെ അവൾ വെറുക്കാൻ തുടങ്ങിയപ്പോഴാണ് അമ്മൂമ്മയുടെ അടുത്ത് കൊണ്ടാക്കിയത്.

അച്ഛനെ ഇങ്ങനെ ഒന്നും അവൾ കാണണ്ട. വല്ലാണ്ട് കളി ചിരി കൂടിയതാണോ ഇപ്പോൾ സങ്കടം മാത്രാവാൻ കാരണം? ദിവസങ്ങൾ ചിറകു വച്ച് പറന്ന് കൊണ്ടേ ഇരുന്നു.

“സുമേ…””എന്താ നന്ദേട്ടാ? ദാ വരുന്നു.” സുമ കണ്ണുകൾ തുടച്ച് അകത്തേക്കോടി.”ദേ…മോഹനേട്ടൻ…”

ചിലപ്പോൾ അങ്ങിനെയാണ് ഒരു കുഴപ്പവും ഇല്ലാത്തത് പോല എല്ലാരെയും തിരിച്ചറിയും. ഉടൻ തന്നെ ഒന്നും അറിയാത്ത പോലെ ഇരിക്കും. ഈ മുറി വിട്ട് പുറത്തിറങ്ങിയിട്ട് മാസം ഒന്നായി.

“ഹാ മോഹനേട്ടനോ? വന്നിട്ട്?””ദാ ഇപ്പൊ വന്നേ ഉള്ളൂ. എന്റെ സുമേ, ഈ നന്ദൻ ചോദിക്കണത് കേട്ടോ? എന്നാ വന്നേന്ന്, ഞാൻ ദുബായിലെന്ന്യാ ന്നാ ഇവന്റെ വിചാരം. ഞാൻ പോന്നിട്ട് വർഷം പതിനഞ്ച് കഴിഞ്ഞ.”

വല്ലാത്ത തമാശ കേട്ട പോലെ അയാൾ പൊട്ടി ചിരിക്കുകയാണ്.വല്ലാതെ അപരിചിതമായതെന്തോ കണ്ട പോലെ നന്ദേട്ടൻ അയാളെ തന്നെ നോക്കുന്നുണ്ട്. സങ്കടവും ദേഷ്യം കടല് പോലെ ഇരമ്പി വന്നെങ്കിലും,

“ഞാൻ ചായ എടുക്കാം…” എന്ന് പറഞ്ഞ് സുമ അവിടന്ന് പോയി. അവിടെ ഇനിയും നിന്നാൽ സർവ്വ നിയന്ത്രണങ്ങളും വിടും എന്നവൾക്കറിയാമായിരുന്നു. ചായക്ക് വെള്ളം വക്കാണ് സുമ.

“സുമേ…” മോഹനേട്ടനാണ്. ആ വഷളൻ ചിരി മായാതെ മുഖത്ത് ഉണ്ട്.”നീ പേടിക്കൊന്നും വേണ്ട ട്ടോ… ഞങ്ങളൊക്കെ ഇവിടില്ലേ? അവനെ കൊണ്ട് ഇനി ഒന്നിനും പറ്റില്ല. ന്ന് വച്ച് നീ വെഷമിക്കണ്ട ട്ടോ, എന്താ വേണ്ടെച്ചാൽ മോഹനേട്ടനോട് പറഞ്ഞോളൂ.”

“നിങ്ങളായിട്ട് ഇറങ്ങുന്നോ അതോ ഞാൻ?” എന്തൊക്കെയോ പിറുപിറുത്ത് അയാൾ ഇറങ്ങി.

സുമ ഓടി ചെന്ന് നന്ദന്റെ നെഞ്ചിൽ
ചാഞ്ഞ് ഉറക്കെ കരഞ്ഞു. നിർവികാരതയോടെ ഇരുന്നതല്ലാതെ ഒരു തലോടൽ പോലും നന്ദന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

സുമയ്ക്കത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു അത്. തന്റെ കണ്ണ് നനയാൻ ഇത് വരെ ഇടവരുത്തിട്ടിയില്ല ഇപ്പോ…ഈ ഇരുത്തം…

“നന്ദേട്ടാ, നന്ദേട്ടാ…” സുമ ചങ്ക് പൊട്ടി വിളിച്ചു. ഏതോ ദിക്കിലേക്ക് കണ്ണും നട്ട് ഇരിക്കാരുന്നു നന്ദൻ.

“സുമേ…” കമലേച്ചിയാണ്.”ഒരു എഴുത്തുണ്ട്. ഞാനറിയാണ്ട് പൊട്ടിച്ചു ട്ടോ. ബാങ്കിൽ നിന്ന് ലോണടക്കാൻ ഉള്ളതാ ന്നാ തോന്നണേ…”

“തോന്നുന്നതല്ല കമലേച്ചി അത് തന്നെയാ…” ഗതികെട്ടവരെ കളിയാക്കുവാനും പരിഹസിക്കാനും ആളുകളോ? അവരുടെ മുന്നിൽ പതറാതെ നിന്നെങ്കിലും തകർന്നു പോയിരുന്നു സുമ.

അവൾ നന്ദന്റെ അടുത്തേക്കോടി. ഇണക്കവും പിണക്കവും പരാതികളും ഒക്കെ ഇറക്കി വക്കുന്നത് അവിടെയാണ്.”വല്ലതും അറിയണുണ്ടോ നന്ദേട്ടാ? ചവിട്ടുന്ന മണ്ണ് പോലും ഒലിച്ചുപോവാ”

സുമ കുറേ നേരം ഇരുന്ന് കരഞ്ഞു. ഉള്ളിലെ കാർമേഘം പെയ്തൊഴിയാൻ മാത്രം. പക്ഷെ ഉള്ളില് ചോരയിപ്പഴും പൊടിയണുണ്ട്. പ്രാണൻ പോവുന്ന വേദനയോടെ…

വീട് ഉണ്ടാക്കാൻ എടുത്ത കടമാ… ഇപ്പോൾ അടയ്ക്കാറ് കൂടിയില്ല. കയ്യിലുണ്ടായിരുന്ന നുറുങ്ങും പൊടിയും ചേർത്ത് വാങ്ങിയ എഴ് സെന്റിൽ സ്വപ്നം പോലെ ഒരു വീട്.

അവിടെ സ്വർഗത്തിലെന്ന പോലെ ഒരു ജീവിതം. പണി മുഴുവൻ തീർന്നില്ലെങ്കിലും വീട് പണിതു. പക്ഷെ…

എല്ലാം കൈവിട്ട് പോയത് നിമിഷ നേരം കൊണ്ടാണ്. ഉണർന്ന് എണീക്കുമ്പോൾ മാത്രം തിരിച്ചറിയുന്ന ഒരു ദു:സ്വപ്നമായിരുന്നു ഇതെങ്കിൽ…

വെറുതേ ആശിച്ചു. ദിവസങ്ങൾ ചെല്ലും തോറും നില കൂടുതൽ വഷളാവും എന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്.
രാവിലെ അഞ്ച് മണി…നന്ദേട്ടനെയും കെട്ടി പിടിച്ചാണ് കിടക്കുന്നത്.

നന്ദേട്ടന്റെ കയ്യ് ദേഹത്ത് നിന്ന് മാറ്റി, അപ്പോ നന്ദേട്ടൻ തിരിഞ്ഞ് കിടന്നു.“നന്ദേട്ടാ ഞാൻ കഷായം കൊണ്ട് വരാം ട്ടോ…”

അവസാന ശ്രമം എന്ന നിലയിലാണ് ആയുർവേദം. പ്രകടമായ മാറ്റം ഒന്നും ഇല്ല. സാവധാനം വരും എന്നാണ് അതിന്റെ ഡോക്ടർ പറഞ്ഞത്. അമ്മ നന്ദുട്ടിയേയും കൂട്ടി ഇന്ന് വരാം എന്ന് പറഞ്ഞിട്ടുണ്ട്.

ജീവിതോപാധിയായി ആകെ ഉണ്ടായിരുന്ന രണ്ട് പശുക്കളെ കിട്ടിയ വിലക്ക് കൊടുത്തു. ആ പണം കൊണ്ട്, നന്ദുട്ടിയെ സ്കൂളിൽ വിട്ട ശേഷം മിനിഞ്ഞാന്ന് വന്നിരുന്നു.

അവിടത്തെ കാര്യങ്ങൾ ആരെയെങ്കിലും ഏൽപ്പിച്ച് ഇന്ന് വരും.അമ്മ കൂടി വന്നാ ഒരു സമാധാനമാണ്.

കാരണം നന്ദേട്ടന്റെ കമ്പനിയിൽ തനിക്ക് ഒരു ജോലി തരപ്പെട്ടിരിക്കുന്നു.
തരക്കേടില്ലാത്ത ശമ്പളവും.

ഈ അനിശ്ചിതത്വത്തിന്റെ കടലിൽ ദിക്കറിയാതെ ഉഴലുമ്പോൾ ഇത് പോലത്തെ കച്ചിത്തുരുമ്പ് പോലും പിടിവള്ളിയാണ്.

കാൽ ഗ്ലാസ് കഷായത്തിൽ മൂന്നിരട്ടി വെള്ളം ചേർത്ത് പകുതിയായി വറ്റിക്കണം അത് വെറും വയറ്റിൽ കുടിപ്പിക്കണം. എത്ര നേരമെടുത്തും കഷായം ഉണ്ടാക്കി എടുക്കാം, പക്ഷെ കുടിപ്പിക്കണ്ട കാര്യമാ…

കുട്ട്യോളെക്കാൾ കഷ്ടാ ഇപ്പോ നന്ദേട്ടൻ!
സാഹചര്യത്തോട് സുമ പൊരുത്തപ്പെട്ടിരിക്കുന്നു. എല്ലാം നന്നായി ചെയ്യാൻ ശ്രമിക്കുന്നു.
കാരണം അവൾക്കറിയാം.
ഓർമ്മകൾ നഷ്ടപ്പെട്ടത് നന്ദേട്ടന് മാത്രമാണ്.

മറ്റുള്ളവർ ബോധപൂർവ്വം പരിചരിക്കണം എന്ന് മാത്രം. നന്ദുട്ടിയും യഥാർത്ഥ്യം തിരിച്ചറിയട്ടെ. എല്ലാത്തിൽ നിന്നും ഓടിയൊളിക്കുന്നത് നിർത്തി.

ഇനി ഒഴുക്കിനൊപ്പം നീന്തണം.
പ്രതിസന്ധികളിൽ കരഞ്ഞ് വിളിച്ചോടാതെ… സഹിഷ്ണുതയോടെ അതിനെ നേരിടുന്നതല്ലേ ധീരത, സുമയെപ്പോലെ!

Leave a Reply

Your email address will not be published. Required fields are marked *