(രചന: അംബിക ശിവശങ്കരൻ)
എന്നത്തേക്കാളും തിരക്കുള്ള ദിവസമായിരുന്നു ഇന്ന്. കഷ്ടപ്പെട്ട് പഠിച്ച് പേര് കേട്ട നല്ലൊരു മനഃശാസ്ത്രജ്ഞൻ ആകുമ്പോൾ തന്നെ മനസിലുറപ്പിച്ചതാണ്,
ജീവിതയാത്രയിലെപ്പോഴോ മനസിന്റെ കടിഞ്ഞാൺ നഷ്ടപെട്ട മനുഷ്യ ജന്മങ്ങൾക്ക് ജീവിതത്തിലേക്കൊരു തിരിച്ചു പോക്കിന് കരണമാകണമെന്ന്.
കഷ്ടപ്പാടിന്റെ ഫലമോ…. അപ്പനമ്മമാരുടെ പ്രാർത്ഥനയോ… ദൈവത്തിന്റെ അനുഗ്രഹമോ… എന്തിന്റെ ഫലമായിരുന്നാലും ശരി തന്റെ മുന്നിലേക്ക് വന്ന ഒരു പേഷ്യന്റിനെയും കൈവിടേണ്ടി വന്നിട്ടില്ല ഇന്ന് വരെ..
അവസാനത്തെ പേഷ്യന്റിനോടും സംസാരിച്ചു കഴിഞ്ഞതിനുശേഷം ഒരു ദീർഘ നിശ്വാസമെടുത്തുകൊണ്ട് ഞാൻ കസേരയിലേക്ക് തല ചായ്ച്ചിരുന്നു.
എന്തോ മനസിനൊരാശ്വാസം തോന്നുന്നുണ്ട്. ജീവിതത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ പലവിധപ്രശ്നങ്ങളുമായി തന്റെ മുന്നിലേക്ക് കടന്നുവരാറുണ്ട്.
ചിലർ ഒരുപാട് കരയും, ചിലർ ചിരിക്കും, ചിലർ ഒന്നും തന്നെ സംസാരിക്കാറില്ല. പക്ഷേ മുന്നിലിരിക്കുന്ന വ്യക്തിയുടെ കണ്ണുകളിൽ നിന്ന് തന്നെ വായിച്ചറിയാം അവർക്കെന്താണ് തന്നോട് പറയാനുള്ളതെന്ന് .
ദിശതെറ്റി അലയുന്ന മനസ്സുകളോട് സംസാരിക്കുമ്പോൾ ചിലപ്പോ എനിക്കും ഭ്രാന്താണോ എന്ന് തോന്നിപ്പോകാറുണ്ട്. ചിലപ്പോൾ കരുതും ഇത്ര ചെറിയ പ്രശ്നങ്ങൾക്കാണോ ഇവർ ഇങ്ങനെ വേവലാതിപ്പെടുന്നതെന്ന്.
എങ്കിലും പുഞ്ചിരിയോടെ അവരുടെ മുന്നിൽ മികച്ച ഒരു കേൾവിക്കാരനായി ഇരിക്കുനത് തന്നെ പലരുടെയും പിരിമുറുക്കത്തെ ശമിപ്പിക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
സർ ഒരു പേഷ്യന്റിനെ കൂടി കൊണ്ടുവന്നിട്ടുണ്ട്.സിസ്റ്റർ മരിയ വന്നു വിളിച്ചപ്പോൾ ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു.
ഓ..യെസ് അവരോട് അകത്തേക്ക് വരാൻ പറയൂ…മുന്നിലേക്ക് വരുന്ന പേഷ്യന്റിനെ സ്വീകരിക്കാൻ റെഡിയായി കൊണ്ട് ഞാൻ ഞാൻ ഇരുന്നു
അതല്ല സർ ഒരു പ്രശ്നമുണ്ട്.! അവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ അതൊരു സാധാരണ കേസ് അല്ല എന്ന് എനിക്ക് വ്യക്തമായി.എങ്കിലും എന്താണെന്ന് ചോദ്യഭാവത്തിൽ ഞാൻ അവരെ നോക്കി.
സർ അതൊരു പത്ത് വയസ്സുള്ള പെൺകുട്ടിയാണ്. കയ്യും കാലുമൊക്കെ കെട്ടിയിട്ടാ കൊണ്ടുവന്നിരിക്കുന്നത്. കുറച്ച് അലേർട്ട് ആയി ഇരിക്കേണ്ടിവരും. ഇടയ്ക്കിടയ്ക്ക് വയലന്റ് ആകാറുണ്ടെന്ന ആ കുട്ടിയുടെ പേരന്റ്സ് പറഞ്ഞത്.
ഓ ഗോഡ്… പത്താമത്തെ വയസ്സിൽ മാനസികനില തെറ്റാൻ മാത്രം എന്താണ് ആ കുഞ്ഞ് അനുഭവിക്കുന്നത്???
സിസ്റ്റർ അവരോട് വേഗം അകത്തേക്ക് വരാൻ പറയൂ, എന്റെ ആവശ്യപ്രകാരം അവർ തലയാട്ടിക്കൊണ്ട് പുറത്തേക്ക് നടന്നു
അല്പം നിമിഷത്തിനകം തന്നെ വരിഞ്ഞുമുറുക്കി ബന്ധിക്കപ്പെട്ട കൈകാലുകളുടെ ഉടമയായ ഒരു പെൺകുട്ടിയെ ബലമായി പൊക്കി എടുത്തു കൊണ്ട് അവളുടെ അച്ഛനും തൊട്ടരികെയായി അമ്മയും എന്റെ അരികിലേക്ക് നടന്നു വന്നു.
അലക്ഷ്യമായി അഴിഞ്ഞു കിടന്നിരുന്ന മുടിയിഴകളാൽ ആ കുഞ്ഞിന്റെ മുഖം വ്യക്തമായിരുന്നില്ല.
മുന്നിലുള്ള കസേരയിൽ അവളെക്കൊണ്ട് ഇരുത്തിയപ്പോഴും കൈകാലുകളിൽ മുറുകി കിടക്കുന്ന ബന്ധത്തെ പൊട്ടിച്ചെറിയാൻ അവൾ ഒരു വിഫല ശ്രമം നടത്തി.കുഞ്ഞാണെങ്കിലും ആ കണ്ണുകളിൽ അഗ്നി ആളുന്നത് മുടിയിഴകളുടെ ഇടയിലൂടെ ഞാൻ കണ്ടിരുന്നു.
ആ കുട്ടിയെ അഴിച്ചു വിടൂ…ഡോക്ടറെ അവൾ ഉപദ്രവിക്കും എന്നെ കുറെ മാന്തി പറിക്കാൻ നോക്കിയതാ…കെട്ടഴിക്കാൻ ഞാൻ ആവശ്യപ്പെട്ടതും അവളുടെ അച്ഛൻ എന്നെ തടഞ്ഞു.
നിങ്ങൾ ഞാൻ പറയുന്നത് അനുസരിക്കു… ചെറിയ കുട്ടിയല്ലേ, അവൾ എന്ത് ചെയ്യാനാണ്?? നിങ്ങൾക്ക് ഭയം ആണെങ്കിൽ ഞാൻ അഴിക്കാം..
മനസ്സില്ലാമനസ്സോടെ ശരീരത്തിൽ പൂണ്ടു കിടക്കുന്ന കയർ അഴിച്ചു മാറ്റുമ്പോൾ തന്നെ മനസ്സിലായിരുന്നു എത്രമാത്രം വേദന ആ കുഞ്ഞ് സഹിച്ചു കാണും എന്ന്.
ബന്ധനത്തിൽ നിന്ന് മുക്തമായ അവൾ അയാളുടെ നേരെ പാഞ്ഞടുത്തതും ഞാൻ അവളെ തടഞ്ഞു നിർത്തി.
അപ്പോഴേക്കും പുറത്ത് നിന്നിരുന്ന അറ്റൻഡർ രവിയേട്ടനും മരിയ സിസ്റ്ററും ഓടി വന്നു. ഞാൻ വേഗം ആ കുട്ടിയുടെ അച്ഛനോടും അമ്മയോടും പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു.
രവിയേട്ടനും ഞാനും അവളെ നിയന്ത്രിക്കാൻ നന്നേ കഷ്ടപ്പെട്ടിരുന്നു.ആ കുഞ്ഞു ശരീരത്തിൽ ഇത്രയും ശക്തി ഉണ്ടോ എന്ന് പോലും ഞാനത്ഭുതപ്പെട്ടു. അല്ല… നിയന്ത്രണംവിട്ട മനസ്സിന്റെ ശക്തി ശരീരത്തിലേക്ക് ആവാഹിക്കുപെട്ടതാണത്.
കസേരയിൽ ഇരുന്നുകൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവൾ എല്ലാവരെയും മാറി മാറി നോക്കി. കൈ കൊണ്ട് സ്വയം തലയിൽ ആഞ്ഞടിക്കാൻ തുടങ്ങിയതും ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.
രവിയേട്ടനും മരിയ സിസ്റ്ററും ഒന്ന് പുറത്തേക്ക് നിന്നോളൂ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം.
സൂക്ഷിക്കണേ സാറേ…….. ഇറങ്ങും മുൻപുള്ള രവിയേട്ടന്റെ താക്കീതിന് ഒന്നുമില്ലെന്ന് ഞാൻ കണ്ണടച്ചു കാണിച്ചു.
അവർ പുറത്തേക്കിറങ്ങിയതും ഞാൻ കതകു കുറ്റിയിട്ടു. കർട്ടണുകളെല്ലാം വലിച്ചിട്ട ശേഷം ലൈറ്റ് അണച്ച് അവളുടെ മുന്നിൽ വന്നിരുന്നതും കോപത്താൽ ജ്വലിച്ചിരുന്ന കണ്ണുകളിൽ ഭയം നിറഞ്ഞാടുന്നത് അരണ്ട വെളിച്ചത്തിലും എനിക്ക് കാണാൻ കഴിഞ്ഞു.
ഭാവമാറ്റം ഒന്നും ഇല്ലാതെ അവളുടെ കണ്ണുകളിൽ അൽപനേരം നോക്കിയിരുന്നതും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ ശ്രദ്ധിച്ചു.
ഇനി പറ എന്തിനായിരുന്നു മോളെ ഈ അഭിനയം???ലൈറ്റുകൾ എല്ലാം ഓണാക്കി വീണ്ടും അവളുടെ അഭിമുഖമായി ഇരുന്നു കൊണ്ട് ഞാൻ ചോദിച്ചു.
മറുപടി അവളിൽ നിന്നും ഒരു വാക്കുപോലും എനിക്ക് ലഭിച്ചില്ല. പകരം അടക്കിപ്പിടിച്ച ദുഃഖമെല്ലാം ഒരു കടലായി ആർത്തിരമ്പാൻ തുടങ്ങി. പൊട്ടിക്കരയുന്ന ആ കുഞ്ഞു മനസ്സിനെ ശമിപ്പിക്കാൻ അവളുടെ കയ്യിൽ ഞാൻ മുറുകെ പിടിച്ചു.
എന്താ മോൾടെ സങ്കടം ഡോക്ടറങ്കിളിനോട് പറ. നല്ല കുട്ടിയായി അച്ഛന്റേം അമ്മേടേം കൂടെ തിരിച്ചു പോണ്ടേ?? പഠിച്ചു വലിയൊരാൾ ആവണ്ടേ?? ആശ്വസിപ്പിക്കാൻ പറഞ്ഞ വാക്കുകൾ കേട്ടതും അവളുടെ കരച്ചിലിന്റെ തീവ്രത വർദ്ധിച്ചു.
തേങ്ങിക്കരയുമ്പോഴും വേണ്ടെന്ന് അവൾ തലയാട്ടികൊണ്ടിരുന്നു.എന്തിനാണ് മോളെ നീ ഇങ്ങനെ കരയുന്നത്?? എന്താണെങ്കിലും അങ്കിളിനോട് പറ. മോളാരെയെങ്കിലും പേടിക്കുന്നുണ്ടോ??
ചോദ്യങ്ങൾക്കെല്ലാം തികഞ്ഞ മൗനം പാലിച്ചെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി ഒടുക്കം അവൾ ശബ്ദിച്ചു തുടങ്ങി.
എനിക്ക് അവരുടെ കൂടെ പോണ്ട ഡോക്ടറേ… എന്റെ അച്ഛൻ ചീത്തയാ… അമ്മ ഇല്ലാത്ത നേരം എന്നെ ഉപദ്രവിക്കും.
എന്റെ മേലാകെ പിടിച്ചമർത്തും. ഉമ്മ വെക്കും. പക്ഷെ ആ ഉമ്മ നിക്കിഷ്ടമല്ല. ഞാൻ കരഞ്ഞാലും എന്നെ വിടില്ല. അമ്മയോട് പറഞ്ഞാ കൊന്നുകളയുമെന്ന് പറഞ്ഞു.
അമ്മേടെ വയറ്റിൽ കുഞ്ഞു വാവ ഉണ്ട്. അതോണ്ട് അമ്മയ്ക്കിപ്പോ എന്നെ വേണ്ടാ.. എന്റെ കാര്യങ്ങൾ ഒന്നും അമ്മ കേൾക്കാറില്ല. എന്നെ അവരുടെ കൂടെ വിടല്ലേ ഡോക്ടറെ… എനിക്ക് പേടിയാ…
കൈകൾ രണ്ടും തൊഴുതു പിടിച്ച് തന്റെ മുൻപിലിരുന്ന് കരയുന്ന കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ സ്വന്തം കുഞ്ഞിനെ ആണ് ഓർമ്മ വന്നത്.
ദൈവമേ എങ്ങോട്ടേക്ക് ആണ് ഈ ലോകം പോകുന്നത്?? സ്വന്തം പിതാവിന്റെ കൈകളിൽ പോലും കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വം ഇല്ലേ??
അല്ല മോളോടാരാ പറഞ്ഞത് ഇങ്ങനെയൊക്കെ അഭിനയിക്കാൻ?? മോളിത് വേറെ ആരോടെങ്കിലും പറഞ്ഞിരുന്നോ???എന്റെ സംശയം വീണ്ടും ബാക്കിയായി.
ഇല്ല ഡോക്ടറെ ഞാൻ ടിവിയിൽ കണ്ടിട്ടുണ്ട് ഇങ്ങനെയൊക്കെ… അതുപോലെ ചെയ്തപ്പോളാ അച്ഛൻ എന്നെ വെറുതെ വിട്ടത്.
എനിക്ക് ശരിക്കും പ്രാന്ത് ഉണ്ടെന്ന അവർ കരുതിയിരിക്കുന്നത്. മാറ്റി പറയല്ലേ ഡോക്ടറെ അച്ഛൻ വീണ്ടും എന്നെ ഉപദ്രവിക്കും പ്ലീസ്….
ഒരു പത്തു വയസ്സുകാരി സ്വന്തം അച്ഛനിൽ നിന്ന് തന്റെ മാനം രക്ഷിക്കാൻ കേണപേക്ഷിക്കുന്ന കാഴ്ചയാണ് ഈ ലോകത്തിലെ ഏറ്റവും വേദനാജനകം എന്ന് ആ നിമിഷം എനിക്ക് തോന്നി പോയി.
അപ്പോൾ മോൾക്ക് വീട്ടിൽ പോണ്ടന്നാണോ??എനിക്ക് പോണ്ട ഡോക്ടറേ…. എന്നെ വിടല്ലേ പ്ലീസ്… ഞാൻ ഇവിടെ എന്ത് ജോലി വേണമെങ്കിലും ചെയ്തോളാം…അല്ലേൽ എന്നെ ഷോക്കടിപ്പിച്ചു ഇവിടെ എവിടേലും ഇട്ടോ.. എന്നാലും പറഞ്ഞയക്കല്ലേ ഡോക്ടറെ പ്ലീസ്….
കരച്ചിലിന്റെ തീവ്രത വർദ്ധിച്ചപ്പോൾ ഞാൻ അവളുടെ നെറുകയിൽ മെല്ലെ തലോടി. ഒരു കുഞ്ഞു മനസ് ഇങ്ങനെയൊക്കെ ചിന്തിക്കണമെങ്കിൽ അയാൾ അവളെ എത്രത്തോളം…….ഓർക്കും തോറും എന്റെ ഉള്ളിൽ അമർഷം അല തല്ലി.
മോള് വിഷമിക്കണ്ട. മോളെ തൽക്കാലം അവരോടൊപ്പം വിടുന്നില്ല. അയാള് മോളെ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല.
അതിനുള്ള പണി ഡോക്ടർക്ക് അറിയാം. ഇപ്പോൾ അയാൾ സന്തോഷത്തോടെ തിരികെപോട്ടെ… ഇനിയൊരു കുഞ്ഞിന്റെ നേർക്കും ആളുടെ കൈ ഉയരില്ല. പക്ഷേ ഒരുകാര്യം ഡോക്ടറങ്കിൾ പറഞ്ഞുതരാം.
സ്വന്തം അച്ഛൻ ആയാൽ പോലും മോളുടെ ശരീരത്തിൽ വേണ്ടാത്ത രീതിയിൽ തൊട്ടാൽ ഭയപ്പെടുകയല്ല വേണ്ടത്. മോളെ കൊണ്ടാകും വിധം പ്രതികരിക്കണം. കേട്ടോ…
നിറഞ്ഞുതുളുമ്പിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ സമ്മതരൂപേണ തലയാട്ടി.
എന്റെ ആവശ്യപ്രകാരം അവർ വീണ്ടും അകത്തേക്ക് പ്രവേശിച്ചതും അവളുടെ മുഖത്തെ ഭാവം ക്ഷണ വേഗത്തിൽ മാറിമറഞ്ഞു.
കുട്ടിക്ക് അൽപം സീരിയസാണ്. ഭേദമാകാൻ കുറച്ചു സമയമെടുക്കും. ഇവിടെ അഡ്മിറ്റ് ആകേണ്ടി വരും. അല്ലെങ്കിൽ അവൾ മറ്റുള്ളവരെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്.
എന്റെ വാക്കുകൾ കേട്ടതും മുന്നിലിരുന്ന് സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു എങ്കിലും അയാളുടെ കണ്ണുകളിൽ കാമം അല്ലാതെ മറ്റൊരു വികാരവും ഉണ്ടായിരുന്നില്ല.
അല്ല ഡോക്ടറെ അപ്പൊ ഇവിടെ ആരെങ്കിലും നിൽക്കണ്ടേ???? ഇവൾ അഞ്ചുമാസം ഗർഭിണിയാണെ… .ഇവളെ ഇവളുടെ വീട്ടിൽ ആക്കിയിട്ട് വേണേൽ ഞാൻ നിന്നോളം മോൾക്ക് കൂട്ടിയിട്ട്.
അയാളുടെ വാക്കുകൾ ഞെട്ടലോടെയാണ് അവൾ കേട്ടിരുന്നത് അവളുടെ നോട്ടത്തിൽ അപേക്ഷയുടെ ഭാവം വം എനിക്ക് മാത്രം ദൃശ്യമാകുന്ന തരത്തിൽ പ്രകടമായിരുന്നു.
എത്ര ഭംഗിയായാണ് അയാൾ മാന്യന്റെ മുഖംമൂടിയണിയുന്നത്.എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പാവത്തെ പോലെ എത്ര മനോഹരമായാണ് അയാൾ അഭിനയിക്കുന്നത്.
ഏയ് ഇവിടെ ആരും നിൽക്കേണ്ടതില്ല പരമാവധി കുറച്ചുനാൾ വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നു നിന്നൊരു അന്തരീക്ഷമാണ് അവൾക്കിപ്പോൾ ആവശ്യം. നിങ്ങൾ പൊയ്ക്കോളൂ…
അവർ മുറിവിട്ട് ഇറങ്ങിയതും തലകുനിച്ചിരുന്ന അവളെ ഞാൻ ചേർത്തുപിടിച്ചു. ഒരു പിതാവിനെ സുരക്ഷിതത്വം ആദ്യമായറിയുന്ന മട്ടിൽ അവൾ എന്നെ മുറുകെ പിടിച്ചു പൊട്ടിക്കരഞ്ഞു.