നിന്റെ മറ്റവനോട് എല്ലാം തുറന്നു പറഞ്ഞിട്ടും അവൻ വിശ്വസിച്ചില്ലല്ലോ.. അതെന്തുകൊണ്ടാണെന്ന് അറിയാമോ..

വിശ്വാസം
(രചന: ആമി)

” നിങ്ങൾക്ക് എന്നെ ഒരിത്തിരി പോലും വിശ്വാസമില്ലേ പ്രമോദേട്ടാ..? ” ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചപ്പോൾ അവൻ ദേഷ്യത്തോടെ അവളെ തുറിച്ചു നോക്കി.

” എനിക്ക് നിന്നെ വിശ്വാസമായിരുന്നു. കുറച്ചു മുൻപ് വരെയും അത് എനിക്ക് ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ.. ” അത്രയും പറഞ്ഞു അവൻ നിർത്തി.

“നീ എന്തിനാണ് പ്രിയ ആവശ്യമില്ലാതെ എന്റെ സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത്..? അവരുടെ സ്വഭാവം എങ്ങനെയാണെന്ന് എനിക്ക് വ്യക്തമായി അറിയാം.

ഇതുപോലെ കുറച്ചു നാളായി നീ നിന്റെ ഇതുപോലുള്ള പ്രവർത്തികൾ തുടരുന്നു. ഇനി അത് ഈ വീട്ടിൽ നടക്കില്ല..”

ദേഷ്യത്തോടെ തന്നെ സംസാരിക്കുകയായിരുന്നു പ്രമോദ്.അവനെ ഇനി ഒന്നു പറഞ്ഞാലും വിശ്വസിപ്പിക്കാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടതോടെ അവൾ മൗനം പാലിച്ചു.

“സ്വന്തമായിട്ട് ഒരു വീടു ഉണ്ടല്ലോ.. അവിടെയെങ്ങാനും നിന്നാൽ പോരെ..? ബാക്കിയുള്ളവരെ ശല്യം ചെയ്യാൻ വേണ്ടി ഇങ്ങോട്ടേക്ക് വന്നു കയറേണ്ട എന്തെങ്കിലും ആവശ്യമുണ്ടോ..? ”

ദേഷ്യത്തോടെ പ്രമോദ് പറയുന്ന ഓരോ വാക്കുകളും പ്രിയയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.

” ഇല്ല..ഇനി ഞാൻ ഇങ്ങോട്ട് വരില്ല. ഒരിക്കലും പ്രമോദ് ഏട്ടനെ ശല്യം ചെയ്യുകയും ഇല്ല. എപ്പോഴാണെങ്കിലും പ്രമോദ് ഏട്ടൻ എന്റെ ആണ് എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു.

അത് ഇപ്പോൾ ഇവിടെ വച്ച് ഞാൻ അവസാനിപ്പിക്കുകയാണ്. എന്നെ ഒരു തരിമ്പ് പോലും വിശ്വാസമില്ലാത്ത ഒരാളിനോടൊപ്പം ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ”

അത്രയും പറഞ്ഞ് ഒഴുകി വന്ന കണ്ണീർ കണങ്ങൾ തുടച്ചു കൊണ്ട് അവൾ ഇറങ്ങിപ്പോയി. ഒരു നിമിഷം അത് നോക്കിയതിനു ശേഷം അവൻ തിരികെ തന്റെ മുറിയിലേക്ക് കയറി.

അവിടെ അവന്റെ സുഹൃത്തുക്കൾ ഒക്കെ കൂടി ഒരു വെള്ളമടി സെറ്റപ്പിൽ ആയിരുന്നു. സുഹൃത്തുക്കൾ അവനോടൊപ്പം ചെന്നൈയിൽ പഠിച്ചവരാണ്. എൻജിനീയറിങ് ക്ലാസ്സിൽ എല്ലാവരും ഒരുമിച്ചായിരുന്നു.

ക്ലാസ്സ് കഴിഞ്ഞതോടെ ജോലി ആവശ്യങ്ങൾക്കായി പലരും പല വഴിക്ക് പോയെങ്കിലും, ഇടയ്ക്കൊക്കെ ഇങ്ങനെയൊരു ഒത്തുചേരൽ അവർക്കിടയിൽ പതിവാണ്.

അങ്ങനെ ഇത്തവണ അവരെല്ലാരും കൂടി ചേർന്നത്, പ്രമോദിന്റെ വീട്ടിലായിരുന്നു.ഇതിനു മുൻപ് ഒരിക്കൽ അവർ വന്നപ്പോൾ, അവരോടൊപ്പം അവരുടെ ചില പെൺ സുഹൃത്തുക്കളും

ഉണ്ടായിരുന്നു. അതിൽ ഒരു പ്രമോദിനെ തമാശയായി പ്രൊപ്പോസ് ചെയ്തപ്പോൾ, പ്രിയ ആകെ വയലന്റ് ആയിട്ടാണ് അവളോട് റിയാക്ട് ചെയ്തത്.

പ്രിയയെ സംബന്ധിച്ച് അവളുടെ ശ്വാസം പോലും പ്രമോദ് ആണ്. അവനെ മറ്റൊരാൾ നോക്കുന്നതോ തമാശയ്ക്ക് പോലും അവനിൽ അവകാശം സ്ഥാപിക്കുന്നതും അവൾക്ക് സഹിക്കില്ല.

അന്ന് പ്രമോദ് ഉൾപ്പെടെ എല്ലാവരും അത് കളിയായി തള്ളിക്കളഞ്ഞു എങ്കിലും പ്രിയക്ക് അത് അങ്ങനെ ആയിരുന്നില്ല.

ഇതിപ്പോൾ ആറു മാസങ്ങൾക്ക് ശേഷമാണ് സുഹൃത്തുക്കൾ എല്ലാവരും ഒന്നിച്ചു ചേർന്നിരിക്കുന്നത്. ആ കൂട്ടത്തിലുള്ള കിഷോർ പ്രിയയോട് അപമര്യാദയായി പെരുമാറുന്നു എന്ന് അവൾക്കൊരു തോന്നൽ..!

അത് വെറുമൊരു തോന്നലായി തള്ളിക്കളയാൻ വയ്യ. അനാവശ്യമായ നോട്ടങ്ങളും ഒന്നുമറിയാത്ത പോലുള്ള തൊടലും പിടിക്കലും ഒക്കെക്കൂടി അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടായിരുന്നു.

അതുകൊണ്ടാണ് അവൾ ആ വിവരം പ്രമോദിനോട് തുറന്നു പറഞ്ഞത്. പക്ഷേ അവൾ ഉദ്ദേശിച്ചത് പോലെ ആയിരുന്നില്ല അവന്റെ പ്രതികരണം.

അവൾ ഇങ്ങനെ ഒരു കാര്യം പറയുമ്പോൾ അവൻ അവളെ ആശ്വസിപ്പിക്കും എന്നും ചേർത്തു നിർത്തും എന്നുമൊക്കെ അവൾ കരുതി. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രതികരണം ആയിരുന്നു അവന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

അത് അവളെ മൊത്തത്തിൽ തളർത്തിക്കളഞ്ഞു എന്ന് പറയുന്നതിൽ തെറ്റില്ല.

സഹോദരങ്ങളുടെ മക്കളാണ് പ്രിയയും പ്രമോദും..പ്രിയയുടെ അപ്പച്ചിയുടെ മകനാണ് പ്രമോദ്. രണ്ടു കുടുംബങ്ങളും അടുത്തടുത്ത് വീടു വച്ചാണ് താമസം.

പ്രിയയ്ക്ക് പ്രമോദിനോടുള്ള ഇഷ്ടം രണ്ട് വീടുകളിലും അറിയാവുന്നതാണ്. ഇരുവരുടെയും ജാതകം നോക്കിയപ്പോൾ ചേരുന്ന ബന്ധം തന്നെ ആയതുകൊണ്ട് അവർക്ക് ആർക്കും അതിൽ എതിർപ്പുമില്ല.

ചുരുക്കിപ്പറഞ്ഞാൽ വീട്ടുകാരുടെ മൗന അനുവാദത്തോടെയാണ് അവരുടെ പ്രണയം മുന്നോട്ടു പോകുന്നത് എന്നർത്ഥം.

ഇപ്പോൾ കുറച്ചു നാളുകളായി പ്രമോദ് തന്നെ അവഗണിക്കുന്നു എന്നൊരു തോന്നൽ പ്രിയയിൽ ശക്തിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും അവന്റെ ശ്രദ്ധ ആകർഷിക്കാനായി അവൾ ശ്രമിച്ചിട്ടും ഉണ്ട്.

അവിടെ നിന്ന് മറ്റാരെയും ശ്രദ്ധിക്കാതെ പ്രിയ നേരെ തന്റെ വീട്ടിലേക്കാണ് വന്നത്. അവൾക്ക് അവനിൽ നിന്നും നേരിടേണ്ടി വന്ന ദൂരനുഭവം വല്ലാതെ തളർത്തി കളഞ്ഞിരുന്നു.

അന്ന് രാത്രി മുഴുവൻ അവൾ കരഞ്ഞു തീര്‍ത്തു. പിറ്റേന്ന് രാവിലെ മൂഡ് ഒന്ന് ശരിയാകാൻ വേണ്ടി അവൾ തറവാട്ട് കുളത്തിലാണ് കുളിക്കാൻ പോയത്.

അവൾ കുളികഴിഞ്ഞ് തിരികെ കയറി വരുമ്പോഴാണ് കൽപ്പടവുകളിൽ ഇരിക്കുന്ന കിഷോറിനെ അവൾ കണ്ടത്.

“നീ ഇന്നലെ നിന്റെ മറ്റവനോട് എല്ലാം തുറന്നു പറഞ്ഞിട്ടും അവൻ വിശ്വസിച്ചില്ലല്ലോ.. അതെന്തുകൊണ്ടാണെന്ന് അറിയാമോ.. നിന്നെക്കാൾ നന്നായി അവൻ ഞങ്ങളെ വിശ്വസിക്കുന്നു..

കുറേക്കാലമായല്ലോ ആത്മാർത്ഥ പ്രണയം എന്ന് പറഞ്ഞ് അവന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.. ഇത്രയും കാലമായിട്ടും അവന്റെ വിശ്വാസം പോലും നേടിയെടുക്കാൻ പറ്റാത്ത നീയാണോ അവന്റെ പ്രണയം..?”

പരിഹാസത്തോടെ കിഷോർ ചോദിക്കുന്ന ഓരോ വാക്കുകളും പ്രിയയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.

” ഇനി ഞാൻ നിന്നെ ഉപദ്രവിച്ചു എന്ന് നീ എത്രയൊക്കെ അവനോട് പറഞ്ഞാലും അവൻ അതൊന്നും വിശ്വസിക്കാൻ പോകുന്നില്ല. അത് ഇന്നലത്തെ ഒരു

അനുഭവം കൊണ്ടു തന്നെ നിനക്ക് മനസ്സിലായി കാണുമല്ലോ.. ഇനി ആരും നിന്നെ രക്ഷിക്കാൻ ഇവിടേക്ക് വരാൻ പോകുന്നില്ല…. ”

അത്രയും പറഞ്ഞു ക്രൂരമായ ചിരിയോടെ അവൻ അവളിലേക്ക് നടന്നടുത്തു. പേടിച്ച് അവൾ പിറകിലേക്ക് നീങ്ങി.

” നീ എങ്ങോട്ട് ഓടി ഒളിച്ചാലും ഇന്ന് നീ എനിക്കുള്ളതാണ്. ഇവിടെ എത്രയൊക്കെ ആർത്തു കരഞ്ഞാലും നിന്നെ രക്ഷിക്കാൻ ആരും വരാനും പോകുന്നില്ല.അതുകൊണ്ട് എനിക്ക് വഴങ്ങി തരുന്നതാണ് നിനക്ക് നല്ലത്.. ”

ഭീഷണി പോലെ അവൻ പറയുമ്പോൾ അവൾ കണ്ണുകൾ ഇറുകെ അടച്ചു.ഇല്ല.. ഇവന്റെ ഭീഷണിക്ക് മുന്നിൽ തോറ്റു കൊടുക്കുന്നതിനേക്കാൾ നല്ലത് മരണത്തിന് കീഴടങ്ങുന്നതാണ്..!

മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൾ പിന്നിലേക്ക് ചുവടുകൾ വച്ചു.പ്രിയയ്ക്ക് നീന്തൽ വലിയ വശമില്ല. തറവാട്ടു കുളത്തിന്റെ വശത്തു നിന്ന് കുളിക്കും എന്നല്ലാതെ അതിൽ നീന്താൻ ഒന്നും അവൾ ഇതുവരെയും ശ്രമിച്ചിട്ടില്ല.

മരണം എന്നൊരു തോന്നൽ മനസ്സിൽ ശക്തിപ്പെട്ടപ്പോൾ അവൾ തറവാട്ടുകുളം തന്നെയാണ് മനസ്സിൽ കണ്ടത്.

കിഷോറിന്റെ കൈയിൽ പെടാതെ പിന്നിലേക്ക് നീങ്ങി അവൾ കുളത്തിലേക്ക് എടുത്ത് ചാടി. അവൾ അതിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോകുന്നത് കിഷോർ ഭയത്തോടെയാണ് നോക്കി നിന്നത്.

ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അവന് അറിയില്ലായിരുന്നു.സ്വബോധത്തിലേക്ക് അവൻ വരുമ്പോഴേക്കും ആരുടെയോ ചവിട്ടേറ്റ് അവൻ നിലത്തേക്ക് വീണിരുന്നു.

കുളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോയപ്പോൾ തന്റെ ജീവൻ തന്നെ അവസാനിച്ചു എന്നാണ് പ്രിയ കരുതിയത്. എന്നാൽ അവൾ കണ്ണ് തുറക്കുമ്പോൾ അവൾക്ക് ചുറ്റും അവളുടെ ബന്ധുക്കൾ ഒക്കെ ഉണ്ടായിരുന്നു.

നിർവികാരതയോടെ അവൾ ഓരോ മുഖങ്ങളിലേക്കും നോക്കി.സങ്കടത്തോടെ നിൽക്കുന്ന അച്ഛനെയും അമ്മയെയും കണ്ടപ്പോൾ അവൾക്ക് കുറ്റബോധം തോന്നി.”എന്തിനാ മോളെ നീ കുളത്തിലേക്ക് എടുത്ത് ചാടിയത്…?”

വേദനയോടെ അച്ഛൻ അന്വേഷിച്ചപ്പോൾ അവൾ ഒരു നിമിഷം ഒന്നും മിണ്ടിയില്ല. പിന്നെ ഇടറുന്ന ശബ്ദത്തോടെ സംസാരിച്ചു തുടങ്ങി.

” മാനം കളഞ്ഞു ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അച്ഛാ മരിക്കുന്നത്..”അവളുടെ ആ ഒരു വാക്കിൽ നിന്ന് തന്നെ എത്രത്തോളം ദുഃഖം അവൾ അനുഭവിച്ചു എന്ന് ചുറ്റും നിന്നവർക്കൊക്കെ മനസ്സിലായി.

കുറ്റബോധം കൊണ്ട് അവളുടെ മുന്നിലേക്ക് പോലും വരാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രമോദ്. പലവട്ടം അവൾ പറഞ്ഞിട്ടും അവളെ വിശ്വസിക്കാതിരുന്നതിന് തനിക്ക് കിട്ടിയ ശിക്ഷയാണ് അതെന്ന് അവൻ വിശ്വസിച്ചു.

“പ്രിയ.. നീ പറഞ്ഞിട്ടും വിശ്വസിക്കാതിരുന്നത് ഞാൻ ചെയ്ത തെറ്റാണ്. എന്നോട് ക്ഷമിക്കണം..”

യാചന സ്വരത്തിലാണ് പ്രമോദ് പ്രിയയോട് പറഞ്ഞത്. അവൾ നിർവികാരതയോടെ അവനെ നോക്കി.

“നിങ്ങളുടെ കൂട്ടുകാരൻ പറഞ്ഞത് എത്രയോ ശരിയാണ്. ആത്മാർത്ഥ പ്രണയം എന്നു പറഞ്ഞ് ഞാൻ നിങ്ങളുടെ പിന്നാലെ നടക്കാൻ

തുടങ്ങിയിട്ട് വർഷം കുറെ ആയില്ലേ.. അതല്ല എങ്കിൽ പോലും നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് എത്ര വർഷമായിട്ടുണ്ടാകും..

എന്നിട്ടും നിങ്ങൾക്ക് എന്നെ വിശ്വാസമില്ലെങ്കിൽ അത്.. നമ്മുടെ ബന്ധത്തിന് പ്രത്യേകിച്ച് ഒരായുസ്സും ഇല്ലാത്തതു കൊണ്ടല്ലേ.. എന്നെക്കാൾ കൂടുതൽ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ വിശ്വസിക്കുന്നു..

ഇപ്പോൾ ഇങ്ങനെ ഒരു അനുഭവം എനിക്കുണ്ടായതു കൊണ്ടാണല്ലോ നിങ്ങൾ ഇങ്ങനെ വന്നു നിൽക്കുന്നത്..ഞാനങ്ങ് മരിച്ചു പോയിരുന്നെങ്കിൽ നിങ്ങളതൊക്കെ ആരോട് പോയി പറയുമായിരുന്നു..?”

പുച്ഛത്തോടെയും പരിഹാസത്തോടെയും അവൾ ചോദിച്ചപ്പോൾ കണ്ണുനീരോടെ അവളെ നോക്കാനെ അവനു കഴിഞ്ഞുള്ളൂ.” അങ്ങനെ നിന്നെ വേണ്ടെന്ന് വെക്കാൻ അല്ലല്ലോ നിന്നെ ഞാൻ രക്ഷിച്ചത്.. ”

അവൻ അത് പറയുമ്പോൾ അവൾക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ബോധം ഇല്ലായിരുന്നെങ്കിലും ഇടയ്ക്ക് എപ്പോഴോ അവന്റെ സാന്നിധ്യം അവൾ അറിഞ്ഞിരുന്നു.

” എന്നോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ നീ ക്ഷമിക്ക്.. നീയല്ലാതെ എന്റെ ജീവിതത്തിൽ മറ്റാരും ഉണ്ടാകില്ല.. ആ വാക്കിന് ഞാൻ മരിക്കുവോളം ഒരു മാറ്റവുമില്ല.. ”

അത്രയും പറഞ്ഞു അവൻ മുറിവിട്ട് പോകുമ്പോൾ, ഇനിയെന്തു വേണമെന്ന് ചിന്തിക്കുകയായിരുന്നു പ്രിയ…

Leave a Reply

Your email address will not be published. Required fields are marked *