അവളുടെ ബാഗ്രൗണ്ട് അത്ര നല്ലതല്ല വെറുതെ നീ പോയി തല ഇടരുത് എന്ന് പക്ഷേ അവളോടുള്ള പ്രണയം മാത്രമായിരുന്നു

(രചന: J. K)

“”” ഡാ അവളെ ഇന്ന് ഒന്നാം ക്ലാസിൽ കൊണ്ടുപോയി ചേർക്കുകയല്ലേ നീ ലീവെടുത്ത് അവളുടെ കൂടെ ഒന്ന് പോ… “”

രാവിലെ ഓഫീസിലേക്ക് പോകാനായി റെഡിയായി വന്നപ്പോഴാണ് അമ്മ ഇത് പറഞ്ഞത് അത് കേട്ടതും ദേഷ്യത്തോടെ പറഞ്ഞു അമ്മ പോകുന്നില്ലേ അതുമതി എന്ന്…

അതേ ഉത്തരം തന്നെ പ്രതീക്ഷിച്ചതു കൊണ്ടാവണം അമ്മ പിന്നെ വല്ലാതെ ഒന്നും നിർബന്ധിക്കാൻ വന്നില്ല ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പേടിച്ചരണ്ട് ഒരു മൂലയിൽ നിൽക്കുന്നുണ്ട്..

അവളുടെ മുഖം കണ്ടതും എന്നിൽ എന്തൊക്കെയോ അസ്വസ്ഥതകൾ പടരാൻ തുടങ്ങി അതുകൊണ്ട് തന്നെ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി..

ഓഫീസിലേക്ക് പോയി അറിയാം അവൾക്ക് എല്ലാ കുട്ടികളുടെയും പോലെ അച്ഛൻ കൂടെ കാണണം എന്ന മോഹം ഉണ്ടാവും എന്ന് ഞാൻ ഒരുപാട് ശ്രമിച്ചു നോക്കിയതാണ് അവൾക്ക് ഒരു നല്ല അച്ഛനാവാൻ പക്ഷേ എന്നെക്കൊണ്ട് കഴിയും എന്ന് തോന്നുന്നില്ല….

അവളെ കാണുമ്പോഴൊക്കെ എനിക്ക് ഓർമ്മ വരുന്നത് അവളെയാണ് എന്റെ ഭാര്യയെ എന്നെ വലിയൊരു കുഴിയിലേക്ക് തള്ളിയിട്ട് സ്വന്തം സുഖം നോക്കി പോയവളെ…

പ്രണയ വിവാഹമായിരുന്നു കുറേക്കാലം പുറകെ നടന്നു ഇഷ്ടപ്പെട്ടാണ് കല്യാണം കഴിച്ചത് വീട്ടിൽ എതിർപ്പായിരുന്നു പക്ഷേ എനിക്ക് അവൾ തന്നെ മതി എന്ന് ഒറ്റക്കാലിൽ നിന്ന…

അപ്പോൾ പലരും പറഞ്ഞതാണ് അവളുടെ ബാഗ്രൗണ്ട് അത്ര നല്ലതല്ല വെറുതെ നീ പോയി തല ഇടരുത് എന്ന് പക്ഷേ അവളോടുള്ള പ്രണയം മാത്രമായിരുന്നു എനിക്ക് വലുത് എങ്ങനെയെങ്കിലും അവളെ വിവാഹം കഴിച്ചു എന്റെ വീട്ടിലേക്ക് എന്റെ പെണ്ണായി കൂട്ടുക എന്നതിലപ്പുറം ഞാൻ മറ്റൊന്നും ചിന്തിച്ചില്ല…

വീട്ടുകാരുടെ ഇഷ്ടമില്ലാതെയും ഞാൻ അവളെ വിളിച്ചു കൊണ്ടുവരും എന്ന് ബോധ്യമായപ്പോഴാണ് ഇഷ്ടക്കേട് മറന്ന് അവർ എനിക്ക് വേണ്ടി പെണ്ണാലോചിക്കാൻ തയ്യാറായത്. അവർ പോയി കണ്ടു അവളുടെ വീടും ചുറ്റുപാടും..

എല്ലാം കണ്ട് ആർക്കും ഒട്ടും തൃപ്തി വന്നിരുന്നില്ല പക്ഷേ എനിക്ക് വേണ്ടി എല്ലാവരും അത് മറന്നു അങ്ങോട്ട് എന്നേ അല്ലല്ലോ വിടുന്നത് അവളെ ഇങ്ങോട്ട് കൊണ്ടുവരികയല്ലേ എന്നതിൽ ആശ്വാസം കണ്ടെത്തി…

അവളുടെ അച്ഛൻ അവളെ ചെറുപ്പത്തിലെ ഉപേക്ഷിച്ച് പോയതാണ് അവളെയും അവളുടെ അമ്മയെയും.. അവളുടെ അമ്മ ഇപ്പോൾ മറ്റൊരാളുടെ കൂടെയാണ് ജീവിക്കുന്നത് അത് പക്ഷേ വിവാഹം ഒന്നും കഴിച്ചിട്ടല്ല അയാൾക്ക് വേറെ ഭാര്യയും മക്കളും ഒക്കെ ഉണ്ട്..

അതിന് അവൾ എന്ത് പിഴച്ചു എന്നതായിരുന്നു എന്നെ ന്യായം വീട്ടുകാര് പിന്നെ ഒന്നും ആലോചിച്ചില്ല എന്റെ ഇഷ്ടത്തിന് കൂട്ടുനിന്നു വീട്ടിലെ ഒരെ ഒരു ആൺതരി സ്വന്തം ഇഷ്ടപ്രകാരം സ്നേഹിച്ച പെണ്ണിനെയും വിളിച്ച് ഇറങ്ങിപ്പോയി എന്ന് കേൾപ്പിക്കാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല..

വിവാഹം കഴിഞ്ഞതും എനിക്ക് അവളുടെ പെരുമാറ്റം അത്ര തൃപ്തികരമായിരുന്നില്ല… അവളുടെ ഫോണിലേക്ക് അനാവശ്യമായി കുറെ പേർ വിളിച്ചിരുന്നു.

ഞാൻ അവളോട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു ഇതെല്ലാം ഇനി നിർത്തണമെന്ന് അവൾ ഇനി ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞു പക്ഷേ അവൾ ഞാൻ കാണാതെ പലരോടും സംസാരിക്കുന്നത് തുടർന്നു…

സുഹൃദ്ബന്ധങ്ങൾ പോലും അസഹിഷ്ണുതയോടെ നോക്കുന്ന ഒരു പഴഞ്ചൻ ഭർത്താവ് ഒന്നുമല്ലായിരുന്നു ഞാൻ അവളുടെ വർത്തമാനത്തിലും ആരും കാണാതെ അടക്കിപ്പിടിച്ചുള്ള സംസാരത്തിലും എന്തോ പന്തികേട് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ പ്രതികരിച്ചത്…

അവൾ ഗർഭിണിയാണ് എന്നറിഞ്ഞതും ഞാൻ പിന്നെ കൂടുതൽ അവളെ വിഷമിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു..

അത് അവൾ മുതലാക്കി ഞാൻ ഒന്ന് അങ്ങോട്ട് മാറിയാൽ അപ്പോൾ ഫോണിൽ മെസ്സേജ് മറ്റും വരുന്നത് കാണാം ഞാനെടുത്തു നോക്കിയാൽ അപ്പോഴേക്കും അവൾ അത് ഡിലീറ്റ് ചെയ്തു കളയും..

പലരീതിയിൽ ഞാൻ അവളോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു ഒടുവിൽ ഞാൻ അവളുടെ ഫോൺ തന്നെ വാങ്ങിവച്ചു…

അവളുടെ പ്രസവം വരെ എങ്ങനെയൊക്കെയോ തട്ടിമുട്ടി പോയി പ്രസവം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞതും അവൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി..

ഞാൻ പോലീസിൽ പരാതിപ്പെടുകയാണ് ചെയ്തത് അവളെ കണ്ടുകിട്ടി എന്ന് പറഞ്ഞ് സ്ഥലത്തെ എസ്ഐ എന്നെ വിളിച്ചിരുന്നു. ഞാൻ അമ്മയെയും അച്ഛനെയും കൂട്ടി അങ്ങോട്ടേക്ക് ചെന്നു..

അവിടെ ഏതോ ഒരു ചെറുക്കന്റെ കൂടെ അവളെ അവിടെ കൊണ്ടുവന്ന് ഇരുത്തിയിട്ടുണ്ട് ഞാൻ അവളോട് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞത് അവൾ വരുന്നില്ല എന്നാണ് അവളുടെ കൂടെയുള്ള ചെറുപ്പക്കാരന്റെ കൂടെ പോകാനാണ് അവൾക്ക് താൽപര്യം

ഞങ്ങളുടെ കുഞ്ഞ് അപ്പോഴും അമ്മയുടെ കയ്യിലിരുന്ന് കരയുന്നുണ്ടായിരുന്നു പാലിനായി അവൾ കുഞ്ഞിനെ ഒന്ന് നോക്കിയത് പോലുമില്ല അയാളുടെ കൂടെയാണ് പോകുന്നത് എന്ന് പറഞ്ഞു പക്ഷേ പോലീസുകാർ അവളെ നിർബന്ധിച്ചു എന്റെ കൂടെ പറഞ്ഞയച്ചു ഒരു കുഞ്ഞു ഉള്ളതല്ലേ അതിന്റെ കാര്യം നോക്കണ്ടേ എന്നൊക്കെ പറഞ്ഞ്…

വീടെത്തിയത് ആ ചെറുക്കൻ അവിടെ വന്ന് നിന്നിരുന്നു അവൾ അയാളുടെ ബൈക്കിൽ കയറി പോവുകയാണ് ഉണ്ടായത്… കുഞ്ഞിനെ പോലും അവൾക്ക് വേണ്ട…

നാട്ടുകാർ മുഴുവൻ എന്നെ കുറ്റപ്പെടുത്തി കളിയാക്കി കഴിവില്ലാത്തതുകൊണ്ടാണ് ഭാര്യ മറ്റൊരാളുടെ കൂടെ പോയത് എന്ന് പറഞ്ഞു…

ബാക്കിയെല്ലാവരും എന്നോട് പറഞ്ഞത് അന്നേ പറഞ്ഞിരുന്നില്ലേ അവൾ നല്ല കുടുംബത്തിൽപ്പെട്ട കുട്ടിയല്ല എന്ന് എന്നിട്ടും നീ നിന്റെ വാശി നടത്തുകയല്ലേ ഉണ്ടായത് ഞങ്ങൾ പറഞ്ഞത് കേൾക്കാമായിരുന്നില്ലേ എന്നെല്ലാം പറഞ്ഞു…

എല്ലാം ശരിയാണ് ഇത് ഇങ്ങനെയൊക്കെ ആവും എന്ന് ഞാൻ ഒട്ടും കരുതിയില്ല അവളുടെ മായയിൽ മയങ്ങിപ്പോയി ഇനി എന്ത് ചെയ്യണം എന്ന് പോലും എനിക്കറിയില്ലായിരുന്നു പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല

പക്ഷേ വീട്ടിൽ എത്ര നാൾ അടച്ചിരിക്കും ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങി അവിടെയും അടക്കിപ്പിടിച്ചുള്ള സംസാരങ്ങൾ കേൾക്കാം ചിരികൾ കേൾക്കാം ഒന്നും എന്നെ അല്ല എന്ന മട്ടിൽ ഞാൻ പെരുമാറി…

കാണാൻ അവളുടെ അതേപോലെ ആയിരുന്നു കുഞ്ഞ് അവളോടുള്ള വെറുപ്പ് ഞാൻ പിന്നെ കാണിച്ചത് കുഞ്ഞിനോട് ആണ് അതിനെ ഒന്നു നോക്കുക പോലും ചെയ്തില്ല എന്റെ മുറി അടച്ചിരുന്നു…

അച്ഛാ എന്ന് പറഞ്ഞ് കൊഞ്ചി അവൾ എന്റെ അരികിൽ വരും അവളെ കൊഞ്ചിക്കാൻ തോന്നും പക്ഷേ അപ്പോഴൊക്കെ അവളുടെ അമ്മയുടെ മുഖം

എന്റെ മനസ്സിലേക്ക് കടന്നുവരും അത്രയും ആളുകളുടെ മുന്നിൽ എന്നെ ഒരു വീഡ്ഢിയാക്കി ഏതോ ഒരുത്തന്റെ കൂടെ പോയ അവളുടെ മുഖം കാണാൻ എനിക്ക് എന്റെ കുഞ്ഞിനോട് ദേഷ്യം തോന്നും..

ഇന്നിപ്പോൾ അവളെ സ്കൂളിൽ ചേർത്തിട്ടുള്ള ആദ്യത്തെ ദിവസമാണ് അതുകൊണ്ടാണ് അമ്മ അവളുടെ കൂടെ പോകാൻ പറഞ്ഞത് പക്ഷേ എനിക്ക് കഴിയുന്നില്ല…

അതിന്റെ വിഷമം എന്നിൽ ഉണ്ടായിരുന്നു അതോർത്ത് പോകുമ്പോൾ മുന്നിൽ വന്ന ലോറി ഞാൻ കണ്ടില്ല ബൈക്ക് പെട്ടെന്ന് വെട്ടിച്ചു മാറ്റിയതുകൊണ്ട് ഒരു ചെറിയ കുഴിയിലേക്ക് വീണു. തല എവിടെയോ പോയി ഇടിച്ചു എന്തൊക്കെയോ എനിക്ക് സംഭവിക്കുന്നുണ്ടായിരുന്നു എന്റെ കാലിന് ചെറിയ പൊട്ടലുണ്ട് കൈക്കും..

എവിടേക്ക് ഉരഞ്ഞ് തോലും പോയിട്ടുണ്ട് എവിടെ നിന്നൊക്കെയോ ബ്ലീഡിങ് ഉണ്ട്.. എനിക്ക് ഭയമായി എനിക്ക് കാര്യമായി എന്തെങ്കിലും പറ്റുമോ എന്ന് അപ്പോഴൊക്കെ മനസ്സിൽ വന്നത് എന്റെ കുഞ്ഞിന്റെ മുഖമായിരുന്നു..

ഇതുവരെ ഒന്ന് എടുത്തിട്ട് പോലുമില്ല ഞാൻ നേരാംവണ്ണം ഒന്ന് ചുംബിച്ചിട്ട് പോലുമില്ല… ഇങ്ങനെ ഈ ജീവൻ നിലച്ചാൽ എന്റെ ആത്മാവിന് പോലും ഗതികെട്ടില്ല എന്ന് ഞാൻ ഓർത്തു..

എന്റെ കുഞ്ഞിനെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നി ഒരല്പം കൂടി എന്റെ ആയുസ്സ് നീട്ടിത്തരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു..

പതുക്കെ ബോധം മറയുമ്പോഴും എന്റെ കുഞ്ഞു മാത്രമായിരുന്നു എന്റെ മുന്നിൽ..
പിന്നെ കണ്ണ് തുറക്കുമ്പോൾ മെഷീനുകളുടെ ശബ്ദം മാത്രമായിരുന്നു കേൾക്കാൻ ഉണ്ടായിരുന്നത് പതിയെ കണ്ണുകൾ വലിച്ചു തുറന്നു എവിടെയൊക്കെയോ വേദനയുണ്ട്…

സിസ്റ്ററോട് പറഞ്ഞു എന്റെ മോള് എന്ന്.. അത് കേട്ടിട്ടാവണം പുറത്തുപോയി അമ്മയെയും എന്റെ മോളെയും അവർ വിളിച്ചുകൊണ്ടുവന്നത് അവർ രണ്ടുപേരും എന്റെ അരികിൽ വന്നു അമ്മ എന്നെ നോക്കി ശബ്ദം ഇല്ലാതെ കരയുന്നുണ്ടായിരുന്നു. ഞാൻ എന്റെ മോൾക്ക് നേരെ കൈ നീട്ടി..

അവൾ എന്റെ അരികിൽ ൽ വരാൻ ഭയപ്പെട്ട് ഇരുന്നു കാരണം ഇത്രനാളും ഞാൻ അവളെ ഒന്ന് ചേർത്ത് പിടിച്ചിട്ട് പോലുമില്ല അവളെ സംബന്ധിച്ചിടത്തോളം ഞാൻ തീർത്തും അന്യനാണ്…

പക്ഷേ അമ്മ അവളോട് എന്തോ പറഞ്ഞ് എന്റെ അരികിലെത്തിച്ചു അവളെ ഞാനൊരു കൈകൊണ്ട് നെഞ്ചോട് ചേർത്ത് അവളുടെ കുഞ്ഞു മുഖം നിറച്ച് ഉമ്മകൾ കൊണ്ട് മൂടി അത് കണ്ട് മിഴി നിറച്ച് അമ്മയും അവിടെ നിൽക്കുന്നുണ്ടായിരുന്നു…

പിന്നെ ഡിസ്ചാർജ് ആയി എന്റെ വീട്ടിലെത്തും വരെ അവൾ എന്റെ കൂടെയുണ്ടായിരുന്നു എന്റെ കയ്യിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ ഒതുങ്ങി..

ഇന്നീ ലോകത്തെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആയിരിക്കും…
അതിനെല്ലാം കാരണം എന്റെ ഈ പൊന്നു മോളാണ് അവളുടെ ഈ സ്നേഹം ഞാൻ മനസ്സിലാക്കാൻ അല്പം വൈകി…

വൈകിയതല്ല പലതും എന്നെ പിന്നിലേക്ക് വലിച്ചു ഒരു ആക്സിഡന്റ് വരേണ്ടിവന്നു അവളെ മനസ്സിലാക്കാൻ എനിക്കുള്ള ജീവിതം എത്ര ചുരുങ്ങിയതാണ് അതിനുള്ളിൽ തന്നെ ചെയ്തുതീർക്കാൻ ഉള്ളതെല്ലാം ചെയ്തുതീർക്കണം എന്ന് മനസ്സിലാക്കാൻ…

ഇനി എന്റെ പൊന്നുമോളെ സ്വന്തം മോളെ പോലെ സ്നേഹിക്കാൻ പറ്റുന്ന ഒരാളെ കൂടി കണ്ടെത്തണം അവളെ കൂടി എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരണം പിന്നെ ഞങ്ങളുടെ സ്വർഗ്ഗം..

അല്ലാതെ പോയവർക്ക് വേണ്ടി എന്റെ ജീവിതം വെറുതെ കളഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടും ഒരു വിഡ്ഢിയാകും ഞാൻ.. ഇനി അതിന് നിന്നു കൊടുക്കില്ല…

Leave a Reply

Your email address will not be published. Required fields are marked *