കല്യാണത്തിന്റെ അന്ന് രാത്രിയിൽ പറഞ്ഞത് ഓർമ്മയുണ്ടോ. അപ്പന്റെയും അമ്മയുടെയും നിർബന്ധം കൊണ്ടാണ് നീ കല്യാണത്തിന്

ലാലമ്മയാരാ മോള്
(രചന: Jolly Varghese)

എന്റെ തോമേട്ടാ.. ഇവിടാരു വന്നൂന്നാ ഈ പറയുന്നേ..? തോമേട്ടൻ ജോലിക്കും, പിള്ളേര് സ്കൂളിലും പോയാപ്പിന്നെ ഞാൻ മുൻവാതിൽ തുറക്കത്തുപോലുമില്ല അറിയാവോ.?

അതുശരി.. അപ്പോ പുറകുവശത്തെ വാതിലിൽ കൂടിയാണ് നിന്റെ എടവാടല്ലേ..? തോമേട്ടൻ ലാലമ്മയെ നോക്കി പല്ലുകടിച്ചു.

എന്റെ പോന്നു ദൈവമേ.. കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം പതിനെട്ടായി. അന്ന് തൊട്ട് തൊടങ്ങിയ സംശയമാ ഇങ്ങേർക്ക്..

അതേടീ.. നീ കല്യാണത്തിന്റെ അന്ന് രാത്രിയിൽ പറഞ്ഞത് ഓർമ്മയുണ്ടോ. അപ്പന്റെയും അമ്മയുടെയും നിർബന്ധം കൊണ്ടാണ് നീ കല്യാണത്തിന് സമ്മതിച്ചത് എന്നല്ലേ..?

ഉം… അതിനിപ്പോ എന്താ മനുഷ്യാ..കുഴപ്പം.?കുഴപ്പം ഞാൻ പറയാടീ.., അപ്പനും അമ്മയും നിർബന്ധിക്കാൻ എന്താണ് കാരണം, നിനക്ക് ഏതവനെയോ ഇഷ്‌ടമായിരുന്നു. നിനക്ക് അവന്റ ഭാര്യ ആവാനാരുന്നു ഇഷ്ടം.

പക്ഷേ നിന്റെ തന്തേം തള്ളേം കൂടി അവനെ ഒഴിവാക്കി നിന്നെ എന്റെ തലേൽ കെട്ടിവെച്ചു.

നിങ്ങളിതെന്തൊക്കെയാ പറയുന്നേ..? അവനോ..? ഏതവൻ..?
ഏതവനാണെന്നു നിനക്കല്ലേ അറിയൂ.? നിന്നെ കാണാൻ ചന്തം ഉണ്ടായിപ്പോയി അതിൽ ഞാൻ പെട്ടുപോയി.

അല്ല നിന്റെ തന്ത എന്നെ പെടുത്തി.?എന്റപ്പനെപറ്റി വേണ്ടാത്ത വർത്താനം പറയണ്ട. അപ്പൻ എങ്ങനെ പെടുത്തീന്നാ..?

എന്റെ സർക്കാറു ജോലി കണ്ടിട്ട് നിന്നെ എന്റെ തലേൽ കെട്ടിവെച്ചു.ഓഹോ.. ഇങ്ങള് കൂടുതല് പറയണ്ട.

എന്നെ കെട്ടാൻ പറ്റിയില്ലേൽ ജീവിതത്തിൽ നിങ്ങള് വേറൊരു പെണ്ണിനെ കല്യാണം കഴിക്കില്ലെന്ന് ആ ബ്രോക്കറ് വസൂനോട് നിങ്ങൾ പറഞ്ഞു വിട്ടില്ലേ..?

അതുപിന്നെ… തോമേട്ടൻ തലയിൽ ചൊറിഞ്ഞു. അതാ അപ്പൻ കല്യാണത്തിന് നിർബന്ധിച്ചേ.. ഒന്നുവല്ലേലും സ്നേഹം ഉള്ളവനാണല്ലോന്ന്.

ആ സ്നേഹം ആണ് ഞാൻ ഇപ്പോ അനുഭവിക്കുന്നെ. നിന്നാലും ഇരുന്നാലും കുറ്റം,.ആരോടും മിണ്ടാൻ പാടില്ല, ചിരിക്കാൻ പാടില്ല അപ്പോ സംശയം.

അത് നീ കൂടുതല് പറഞ്ഞു വിഷയം മാറ്റാതെ.. “ഇന്ന് ഏതവനാ ഇവിടെ വന്നേ..? ഇവിടെ നിറയെ സിഗറേറ്റിന്റെ മണമാ. പറയെടീ ഏതവനാ വന്നേ.?

എന്റെ പൊന്നു തോമേട്ടാ ഇവിടാരും വന്നില്ല. ഇന്നലെ ആണേൽ വന്നു..

കണ്ടോ.. തോമേട്ടൻ കലിപ്പോടെ ചാടിയെണീറ്റു അപ്പോ ഞാൻ പറഞ്ഞത് ശരിയായില്ലേ. വന്നെന്ന്..ഏതവനാഡി..????

ഓ.. കുന്തം.. നിങ്ങള് വിചാരിക്കുന്നപോലെയല്ല. കറന്റ് ബില്ല് തരാൻ വന്നയാളാ.ദാ ബില്ല്..

ബില്ലിലെ സംഖ്യകണ്ട് ഞെട്ടാനൊന്നും തോമേട്ടൻ നിന്നില്ല. കാരണം ഭാര്യയുടെ ചാരൻമ്മാരെ കണ്ടെത്തണമല്ലോ.
അപ്പോ ഇന്നലെ ബില്ല് തരാൻ വന്നവൻ..

എന്നാലിന്നോ.. അതാരാ..?
ഈ കലാപരിപാടി തോമേട്ടന്റെയും ലാലമ്മയുടെയും സ്ഥിരം പരിപാടിയാണ് ഇടയ്ക്കൊക്കെ ലാലമ്മയ്ക്ക് നല്ല ഇടിയും കിട്ടും .

ദിനം തോറും തോമേട്ടന് സംശയം കൂടിക്കൂടി വന്നു. ആണുങ്ങൾ എന്ന വാക്കിന്റെ ” ആ “എന്ന് പോലും കേൾക്കാൻ പാടില്ലാത്ത അവസ്ഥയായി.

അങ്ങനെ കരച്ചിലും പറച്ചിലും നിത്യ സംഭവമായപ്പോ. ലാലമ്മ ഒരു ഉപായം കണ്ടു പിടിച്ചു. ,

” തന്നെ തോമേട്ടൻ സംശയിക്കുന്ന പോലെ താൻ തിരിച്ചു തോമേട്ടനെയും സംശയിക്കുക. ”

ആ ഉപായം കണ്ട് പിടിച്ചതുമുതൽ പണി തുടങ്ങി. തോമേട്ടൻ ജോലികഴിഞ്ഞു വന്നാൽ ചുറ്റും മണപ്പിച്ചു നോക്കുക.

എന്നിട്ട് പെണ്ണുങ്ങളുടെ ഫർഫ്യൂ മണം ശരീരത്തിൽ ഉണ്ടെന്ന് പറയുക., തലമുടി ബാഗിൽ നിന്നും കിട്ടി, എന്നുതുടങ്ങി തോമേട്ടന് സ്വര്യം കൊടുക്കില്ല.

പോരാത്തതിന് ലേഡീസ് തൂവാല മേടിച്ചു തോമേട്ടന്റെ ബാഗിൽ ഒളിപ്പിച്ചു വയ്ക്കുക എന്നിട്ട് അവളതു കണ്ടുപിടിക്കുക..എന്നിട്ട് കരച്ചിലോടു കരച്ചിൽ.

“അല്ലേലും നിങ്ങക്ക് ഈയിടെയായി എന്നെ കണ്ടുകൂടാ, എന്നോട് താല്പര്യം ഇല്ലെന്നൊക്കെ ചുമ്മാ പദം പറഞ്ഞു കരയും.

അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സംശയരോഗം മൂത്തപ്പോ തോമേട്ടന്റെ മനസ്സമാധാനം പോയി. ഇപ്പോ വീട്ടിൽ ചെല്ലുമ്പോ അവൾ എന്താണാവോ കണ്ട് പിടിക്കുക.

ഇന്നുവരെ അവളെ അല്ലാതെ മറ്റൊരു പെണ്ണിനോട് ശരിക്കും ഒന്ന് മിണ്ടിയിട്ട് കൂടിയില്ല എന്നിട്ടും. തോമേട്ടൻ പുറകോട്ട് പലതും ആലോചിച്ചു.

അവളെ ഞാൻ ഒരുപാട് കഷ്‌ടപ്പെടുത്തി, ഉപദ്രവിച്ചു. എങ്കിലും അവള് തന്നെ സ്നേഹിച്ചു.

അങ്ങനെ ലാലമ്മയോടു തോമേട്ടൻ മാപ്പ് പറഞ്ഞു. ലാലമ്മയ്‌ക്ക്‌ സന്തോഷമായി.തന്റെ ഉപായം ഏറ്റല്ലോന്നോർത്തു മനസ്സിൽ ചിരിച്ചു. എങ്കിലും ലാലമ്മ ബുദ്ധിപൂർവ്വം ചുമ്മാ തോമേട്ടനെ സംശയിച്ചതാണെന്നൊന്നും പറയാൻ പോയില്ല.

എന്തിനാ വെറുതെ.. വീണ്ടും..
മാത്രമല്ല ഇടയ്ക്കിടെ ചുമ്മാ ബാഗ് നോക്കും, മണംപിടിക്കും.. എന്നിട്ട് വെറുതെ തോമേട്ടനെ പേടിപ്പിക്കും.

എന്താ ലാലമ്മേയിതു.. കൊല്ലം കൊറേയായില്ലേന്ന്..നമ്മളൊന്നായിട്ട്. !
ലാലമ്മ അപ്പോ മനസ്സിൽ ചിരിക്കും. അല്ലപിന്നെ.. “ലാലമ്മയോടാ കളി “

Leave a Reply

Your email address will not be published. Required fields are marked *