തിരിച്ചുപോക്ക്
(രചന: രാജീവ് രാധാകൃഷ്ണ പണിക്കർ)
ട്രെയിൻ രണ്ടുമണിക്കൂറോളം ലേറ്റാണെന്ന അനൗൺസ്‌മെന്റ് വീണയുടെ മനസ്സിൽ തീകോരിയിട്ടു.
ബാഗുമെടുത്ത് അവൾ സ്റ്റേഷന്റെ ഒഴിഞ്ഞ കോണിലേക്കു നടന്നു. ചെറിയസ്റ്റേഷനാണ്. യാത്രക്കാർ വളരെകുറവ്. അവരാരുംതന്നെ ഈ ഭാഗത്തേക്കു വരുമെന്ന് തോന്നുന്നില്ല.
പരിചയമുള്ളവർ ആരേയും കണ്ടുമുട്ടല്ലേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ.കുറച്ചുമാറി മരത്തണലിലായി ഒരു നാടോടികുടുംബം വിരിവച്ചിട്ടുണ്ട്. അവരുടെ കലപിലശബ്ദം പരിസരമാകെ മുഴങ്ങുന്നു.
ഒഴിഞ്ഞുകിടന്ന സിമന്റ്‌ബെഞ്ചിൽ ബാഗ് വച്ച് അവൾ ഇരുന്നു.സമയം നാലുമണിയായിരിക്കുന്നു. അനുമോൾ ടൂഷൻ കഴിഞ്ഞു വന്നുകാണും. തന്നെ കാണാതാകുമ്പോൾ കടയിലോ മറ്റോ പോയതാണെന്നേകരുതു.
താക്കോൽ സിറ്റൗട്ടിലെ തൂക്കുചട്ടിയിൽ വച്ചിട്ടുണ്ട്. താൻ പുറത്തുപോകുമ്പോൾ പതിവായി അവിടെയാണ് വക്കാറുള്ളത്. അതവൾ എടുത്തു വാതിൽ തുറന്നുകൊള്ളും.
ഡൈനിങ്ങ് ടേബിളിൽ ചായ ഫ്ലാസ്കിലാക്കി വച്ചിട്ടുണ്ട്. അവൾക്കിഷ്ടപ്പെട്ട പഴംപൊരി കാസ്സെറോളിൽഉണ്ട്. പെട്ടെന്നൊന്നും അവൾ തന്നെ അന്വേഷിക്കില്ല.
ദേവേട്ടൻ വരാൻവൈകും. വൈകിട്ട് എന്തോ മീറ്റിങ്ങുണ്ടെന്നുപറഞ്ഞിരുന്നു. ഡൽഹിയിൽ നിന്നും GM എത്തിയിട്ടുണ്ട്. ഇനി ഒരാഴ്ച തിരക്കായിരിരിക്കും.
സന്ധ്യയായിട്ടും തന്നെ കാണാതായാൽ അനുമോൾ പരിഭ്രമിക്കും. അവൾ വിളിക്കും. എന്താണ് മറുപടിപറയുക. പെട്ടെന്ന് മൊബൈൽറിങ് ചെയ്തു. ജിതന്റെ ചിരിക്കുന്ന മുഖം സ്ക്രീനിൽ തെളിഞ്ഞു.
” ട്രെയിൻ ലേറ്റാ. എനിക്കാകെ പേടിതോന്നുന്നു. ആരെങ്കിലും പരിചയക്കാർ കണ്ടാൽ” അവൾ പതർച്ചയോടെ പറഞ്ഞു.
“കൂൾഡൗൺ വീണാ. എന്തിനാ പേടിക്കുന്നത്. എൻട്രൻസിൽ നിന്നും ഒതുങ്ങിയിരുന്നാൽ മതി. ഞാൻ ഇവിടെ സ്റ്റേഷനിൽ കാത്തുനിൽക്കാം.”
അവൾ കോൾ കട്ടുചെയ്തു ഫോൺ ബാഗിലേക്കു വച്ചു. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ.പരിഭ്രമത്തോടെ ചുറ്റുംനോക്കി. നാടോടി കുടുംബം അവരുടെ ലോകത്താണ്.
മധ്യവയസ്കരായ രണ്ടു സ്ത്രീകളും ഒരു പുരുഷനും മൂന്നു കുട്ടികളും അടങ്ങുന്ന
സംഘം. സ്ത്രീകൾ പരസ്പരം എന്തെക്കൊയോ ശാപവാക്കുകൾ ഉരുവിടുന്നുണ്ട്.
പുരുഷനിതൊന്നും അറിയുന്നമട്ടില്ല. അയാൾ ലഹരിയിലാണെന്നു തോന്നുന്നു. പ്രത്യേകിച്ചു ഭാവവ്യത്യാസം ഒന്നുമില്ല.രണ്ടുസ്ത്രീകളും അയാളുടെ ഭാര്യമാരാണെന്നവൾക്കു തോന്നി.
അവൾ ഒരുനിമിഷം ദേവനെക്കുറിച്ചു ചിന്തിച്ചു. ദേവേട്ടനോടൊപ്പം വിവാഹം കഴിഞ്ഞു ഈ നഗരത്തിൽ എത്തിപ്പെട്ടിട്ടു പത്തുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
നാളിതുവരെ വാക്കുകൾ കൊണ്ട്പോലും നോവിച്ചിട്ടില്ല. നഗരത്തിനു പുറത്തുള്ള ഫാക്ടറിയിൽ പ്രൊഡക്ഷൻ മാനേജരാണു ദേവേട്ടൻ.
ഇരുപത്തിനാലുമണിക്കൂറും തിരക്കോട്തിരക്ക്. തന്നോടൊപ്പം ചിലവഴിക്കാൻ അല്പം പോലും സമയമില്ല.
ചിലപ്പോൾ പരാതിപ്പെടുമ്പോൾ ചിരിച്ചുകൊണ്ട് പറയും ഈയലച്ചിലൊക്കെ നിനക്കുംമോൾക്കും വേണ്ടിയല്ലേന്ന്.
അനുമോൾ വലുതായി സ്കൂളിലേക്ക് പോയിത്തുടങ്ങിയതോടെ ജീവിതം തനിച്ചായി.
ബോറടിമാറ്റാൻ താനും എവിടെയെങ്കിലും ജോലിക്കു ശ്രമിക്കാമെന്ന് ദേവേട്ടനോട് പലപ്രാവശ്യം പറഞ്ഞതാണ്.
താൻ എംകോം കഴിഞ്ഞതാണ് പക്ഷെ രണ്ടുപേരും ജോലിക്കു പോയാൽ മോളെ ശ്രദ്ധിക്കാൻ ആരും ഉണ്ടാവില്ല എന്നായിരുന്നു ഏട്ടന്റെ വാദം. ഒടുവിൽ താൻ വീടിനകത്തെ
ഏകാന്തതയിലേക്കു ഒതുങ്ങി.
പലപ്പോഴും രാത്രി വൈകിയാണ് ദേവേട്ടൻ ഫാക്ടറിയിൽനിന്നും വരാറുള്ളത്.കുളിരുള്ള രാത്രികളിൽ ആനെഞ്ചിൽ തലചാച്ചുറങ്ങാൻ ആ കൈകളിൽ കിടന്നു വരിഞ്ഞു മുറുകുവാൻ കൊതിച്ചിട്ടുണ്ട്.
പലപ്പോഴും നിരാശയായിരുന്നു ഫലം.വല്ലപ്പോഴുമുള്ള കടയിൽപോക്കും മാസങ്ങൾ കൂടുമ്പോഴുള്ള നാട്ടിൽ പോക്കുമൊഴിച്ചാൽ ജീവിതം വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി. കൂട്ടിനു ഫേസ്ബുക്കും വാട്‌സ്ആപ്പുമൊക്കെ മാത്രമായി.
ഫേസ്ബുക്കിലെ പല ഗ്രൂപ്പുകളിലും അംഗമായി.ചെറുപ്പത്തിൽ ചെറിയതോതിൽ കഥയും കവിതയുമൊക്കെ എഴുതുന്ന ശീലമുണ്ടായിരുന്നു. തനിച്ചായപ്പോൾ വീണ്ടും വാസനകൾ മുളപൊട്ടി. ഗ്രൂപ്പുകളിൽ കഥകൾ പോസ്റ്റ് ചെയ്തു .
നല്ല പ്രതികരണമാണ് ലഭിച്ചത്. ഒരു പാട് ലൈക്കുകളും കമന്റുകളുമൊക്കെ കിട്ടിത്തുടങ്ങിയതോടെ ഒരു ആത്മവിശ്വാസം കൈവന്നു.
ആയിടെയാണ് ജിതന്റെ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നത്. കോളേജിൽ പഠിക്കുന്നകാലത്തു തന്റെ സീനിയർ ആയിരുന്നു ജിതൻ.
കോളേജ് ചെയർമാനും നല്ലൊരു പ്രസംഗികനും എഴുത്തുകാരനുമൊക്കെയായിരുന്നു അയാൾ.
വിദ്യാർത്ഥിനികളുടെ സ്വപ്നകാമുകൻ. താനും പലപ്പോഴും ദിവാസ്വപ്നങ്ങളിൽ ജിതനെ നായകനാക്കിയിട്ടുണ്ട്.കോളേജ് കഴിഞ്ഞതിനു ശേഷം അയാളെ പറ്റി വിവരമൊന്നും ഉണ്ടായിരുന്നില്ല.
തങ്ങൾ തമ്മിൽ മെല്ലെ അടുക്കുകയായിരുന്നു. തന്റെ ഓരോകഥകളേകുറിച്ചും ജിതൻ വ്യക്തമായ നിരൂപണംനടത്തിയിരുന്നു.
ദേവേട്ടനാണെങ്കിൽ താൻ കഥകൾ എഴുതുമെന്നുപോലും അറിവുണ്ടോ എന്നറിയില്ല.
ജിതൻ ഇപ്പോഴും അവിവാഹിതനാണെന്ന അറിവ് അത്ഭുതപ്പെടുത്തുന്നതായിരുന്നുനാളുകൾ കഴിയവേ ജിതനുമായുള്ള ബന്ധം മുറുകികൊണ്ടിരുന്നു. മനസ്സിനിണങ്ങിയ പെണ്ണിനെ ഇത്രനാളായിട്ടും കണ്ടെത്തിയില്ലെന്നും
ഇപ്പോൾ ഒരു പെണ്ണിനോട് പ്രേമം തോന്നുന്നുവെന്നും അയാൾ പറഞ്ഞപ്പോൾ അതാരാണെന്നറിയാണുള്ള
ആകാംക്ഷയായിരുന്നു മനസ്സിൽ.
പക്ഷെ ആ പെണ്ണ് താനാണെന്നറിഞ്ഞപ്പോൾ ഒരുനിമിഷം തരിച്ചുപോയി.വിവേകം വികാരത്തിന് വഴിമാറി.
നിർവചിക്കാനാവാത്ത ഒരനുഭൂതിയുണ്ടായിരുന്നു അയാളുടെ വാക്കുകൾക്ക്. അതിൽ പ്രേമത്തിന്റെ ഗന്ധമുണ്ടായിരുന്നു. കരുതലിന്റെ തലോടലുണ്ടായിരുന്നു.
പ്രത്യാശയുടെ കിരണങ്ങളുണ്ടായിരുന്നു. കാ മത്തിന്റെ അനുഭൂതിയുണ്ടായിരുന്നു.ദേവേട്ടനെങ്ങാനും ഇതറിഞ്ഞാൽ. തനിക്കും മോൾക്കും വേണ്ടി കഷ്ടപെടുന്ന ആപാവം തകർന്നു പോകും.
പക്ഷെ താനില്ലാതെ ജീവിക്കുവാൻ വയ്യെന്ന് ജിതൻ പറഞ്ഞതോടെ മനസ്സു രണ്ടുതട്ടിലായി. ഒരുവശത്തു ജീവിക്കുവാൻ വേണ്ടി ജീവിതം കളയുന്ന ഭർത്താവും, അരുമമകളും.
മറുവശത്ത് താനില്ലെങ്കിൽ ജീവിതമേയില്ലെന്നു ശഠിക്കുന്ന കാമുകൻ.ഒടുവിൽ ജിതന്റെ സ്നേഹത്തിനുമുന്നിൽ ദേവേട്ടന്റെയും അനുമോളുടെയും സ്നേഹം ചെറുതായിത്തോന്നി.
അങ്ങിനെ വീട്ടിൽനിന്നിറങ്ങി. പുതിയൊരു തുടക്കത്തിനായി ഈ റെയിൽവേസ്റ്റേഷനിൽ കാത്തിരിക്കുന്നു.നഗരത്തിലെ സ്റ്റേഷന് പകരം ഈ ചെറിയ സ്റ്റേഷൻ തിരഞ്ഞെടുക്കാൻ ജിതനാണ് പറഞ്ഞത്.
ഫോൺ വീണ്ടും റിങ്ചെയ്തു. ജിതനായിരിക്കും. അവൾ
വെപ്രാളത്തോടെ ഫോണെടുത്തു.
പരിചയമില്ലാത്ത നമ്പർ ആണ്.”മിസ്റ്റർ ദേവദത്തന്റെ വൈഫ് അല്ലെ “”അതേ ‘”ദേവന് ഫാക്ടറിയിൽ വച്ചൊരാക്സിഡന്റു പറ്റി മെഡിക്കൽ കോളേജിലാണ്. നിങ്ങൾ ഒന്നുവരണം ”
ബാക്കിയൊന്നും കേൾക്കാനുള്ള മനസ്സവൾക്കുണ്ടായിരുന്നില്ല.ഒരു നിമിഷം അവൾക്കു തലപെരുക്കുന്നതുപോലെ തോന്നി.
തന്റെ മനസ്സു ദേവേട്ടനിൽ നിന്നും മാറിച്ചിന്തിച്ചപ്പോഴേക്കും തന്റെ പ്രിയപ്പെട്ടവന് ആപത്തു സംഭവിച്ചിരിക്കുന്നു.
താൻ എന്തൊരുദുഷ്ടയാണ്. ദൈവമേ എന്റെ ദേവേട്ടന് ആപത്തൊന്നും വരുത്തല്ലേ .അവൾ ഭ്രാന്തിയെപോലെ ആശുപത്രിയിലേക്കോടി.അപ്പോൾ അവളുടെ മനസ്സിൽ ജിതന് സ്ഥാനമുണ്ടായിരുന്നില്ല.