ജന്മം തന്ന അച്ഛൻ ഒരിക്കൽ പോലും എന്റെ മുഖത്തേക്ക് ഒന്ന് നോക്കികൂടി ചെയ്തിട്ടില്ല… അമ്മയുടെ വീട്ടുകാർ ആകട്ടെ

നല്ല പാതി
(രചന: Jolly Shaji)

“ഇച്ഛ, ഇച്ഛ, ഇച്ഛ ” നന്ദുട്ടിയുടെ വിളികേട്ടാണ് ദേവിക മുറിയിലേക്ക് വന്നത്… അയ്യോ എന്താ മോളെ നീ കാട്ടുന്നത്.. വയ്യാത്ത അച്ഛനെ തല്ലാമോ മോളെ…

ശ്രീയുടെ വയറിനുമുകളിൽ ഇരുന്നിരുന്ന നന്ദുമോളെ എടുത്തു താഴെ നിർത്തിയിട്ടു അവൾ ശ്രീയുടെ അടുത്തിരുന്നു…

“ശ്രീയേട്ടാ” വേദനിച്ചോ… സാരമില്ലട്ടോ പോട്ടെ നമ്മുടെ മോളല്ലേ അവൾക്കറിയില്ലല്ലോ അവൾ കുഞ്ഞല്ലേ… എന്താ ഏട്ടൻ ഇങ്ങനെ നോക്കുന്നത് എന്തേലും ഒന്ന് പറഞ്ഞൂടെ എന്നോട് ”

അവൾ ശ്രീയുടെ കൈകൾ പതുക്കെ ഉയർത്തി ആ കൈകൾ നിശ്ചലം ആയിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ പതിയെശ്രീയുടെനെഞ്ചിലേക്ക് ചാഞ്ഞു കിടന്നു…

മെല്ലെ അവന്റെ കാതിൽ ചോദിച്ചു”ഏട്ടാ ഏട്ടൻ ഓർക്കുന്നോ ആരോരും ഇല്ലാത്തൊരു പാവം പെണ്ണിനെ കുറിച്ചു ‘

എന്റെ ജനനത്തോടെ എന്റെ അമ്മമരിച്ചു…. അമ്മയെ കൊ ന്ന വൾ എന്നപേരിൽ പിന്നെ എല്ലാവരും എന്നെ പഴിച്ചു ജന്മം തന്ന അച്ഛൻ ഒരിക്കൽ പോലും എന്റെ മുഖത്തേക്ക് ഒന്ന് നോക്കികൂടി ചെയ്തിട്ടില്ല…

അമ്മയുടെ വീട്ടുകാർ ആകട്ടെ എന്നെ ഒരു അപശകുനം ആയിട്ടായിരുന്നു കണ്ടിരുന്നത്…

അല്പം കരുണകാട്ടികൊന്നുകളയാതെ എന്നെവളർത്തിയത് എന്റെ അച്ഛമ്മ ആയിരുന്നു..

എനിക്ക് രണ്ടു വയസ് ആയപ്പൊളേക്കും അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു…ചെറിയമ്മക്ക് ഒരുമകൾ ഉണ്ട് എന്നേക്കാൾ രണ്ടുവയസ്സിനു മൂത്ത കല്യാണി…

ചെറിയമ്മ വന്നതിൽ പിന്നെ അച്ഛമ്മക്കും എനിക്കും അടുക്കളമൂലയിൽ ആയി സ്ഥാനം.. പാവം എന്റെ അച്ഛമ്മയെ കൊണ്ടു അവർ ജോലികൾ എല്ലാം ചെയ്യിപ്പിക്കുമായിരുന്നു…

ഞാൻ അറിവായിത്തുടങ്ങിയപ്പോൾ മുതൽ ജോലികൾ എല്ലാം ഞാനായി..ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അച്ഛമ്മ മരിക്കുന്നതു… പിന്നെ എനിക്ക് കഷ്ടപ്പാട് തന്നെ ആയിരുന്നു..

വീട്ടുപണികൾ മിക്കതും ഞാൻ തന്നെ ആയി.. പാടത്തു പണിക്കാർക്ക് ആഹാരം ഉണ്ടാക്കികൊടുക്കണം പശുവിനെ നോട്ടം അങ്ങിനെ എപ്പോളും പണികൾ …

അങ്ങിനെ ഒക്കെ ആണെങ്കിലും പത്താംക്‌ളാസ്സിൽ ഞാൻ നല്ല മാർക്കു വാങ്ങി ജയിച്ചു… തുടർപഠനത്തിന്‌ പോകാൻ ചെറിയമ്മ സമ്മതിച്ചില്ല…

അപ്പോൾ ആണ് എന്റെ അമ്മയുടെ സഹോദരൻ പട്ടാളത്തിൽ നിന്നും അവധിക്കു വരുന്നത്… ഒരുദിവസം അമ്മാവൻ എന്നെ കാണാൻ വന്നു…

നല്ല മാർക്ക് വാങ്ങിജയിച്ച എന്നെ തുടർപഠനത്തിന്‌ വിടണം എന്ന് പറഞ്ഞപ്പോൾ മനസ്സില്ല മനസ്സോടെ ചെറിയമ്മ സമ്മതിച്ചു..

അച്ഛൻ ഒന്നിനുമില്ല.. എന്നോട് സംസാരിക്കുക പോലും ഇല്ല…പ്ലസ്‌ടുവിനും നല്ല മാർക്ക് വാങ്ങി ഞാൻ വിജയിച്ചു… അതോടെ പഠിത്തം നിർത്തിച്ചു ചെറിയമ്മ… പ്ലസ്ടു രണ്ടാം വട്ടം എഴുതി പാസ്സായ കല്യാണിയെ ചെറിയമ്മ കോളേജിൽ വിട്ടു…

ഞാൻ അടുക്കളയും പാടവും ഒക്കെ ആയി പൊയ്ക്കൊണ്ടിരുന്നു…എന്നും അമ്പലത്തിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കും എനിക്കും ഒരു നല്ല ജീവിതം ഉണ്ടാകണേ എന്ന്..

മിക്കവാറും തൊഴുതു ഇറങ്ങുമ്പോൾ ആൽത്തറയിൽ കൂട്ടം കൂടിയിരിക്കുന്നവരുടെ കമെന്റ് കേൾക്കാറുണ്ട്… പക്ഷേ ഞാൻ ശ്രദ്ധിക്കില്ല…

ചെറിയമ്മയെ പേടിച്ചിട്ടു… എങ്ങാനും ചെറിയമ്മ അറിഞ്ഞാൽ അമ്പലത്തിൽ പോക്കും നിർത്തും…

ഒരുദിവസം തൊഴുതു ഇറങ്ങി പാടവരമ്പിൽകൂടി വീട്ടിലെത്താൻ വേഗം നടക്കുമ്പോൾ ആണ് മുന്നിൽ ഒരാൾ… ചെറിയ ഇരുട്ട് വീണു തുടങ്ങിട്ടുണ്ട് പെട്ടന്ന് ഞാൻ പേടിച്ചുപോയി….

മുന്നിൽ നിൽക്കുന്ന ആൾ പറഞ്ഞു
“ഞാൻ ശ്രീകുമാർ “…കുട്ടിയുടെ പേരെന്താ..എനിക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല… ഞാൻ ഒറ്റ ഓട്ടം ആയിരുന്നു തിരിഞ്ഞു നോക്കാതെ..

പിറ്റേന്നും അയാളെ കണ്ടു ഇന്ന് അയാൾ എന്നെ തടഞ്ഞു നിർത്തി ചോദിച്ചു..”കുട്ടിയുടെ പേര് ദേവിക എന്നല്ലേ ഇയാളെക്കുറിച്ചു എല്ലാം എനിക്കറിയാം.. നിങ്ങടെ പാടത്തു പണിക്കു വരുന്ന ജാനകിയുടെ മകൻ ആണ് ഞാൻ… അമ്മ കുട്ടിയെക്കുറിച്ചു പറഞ്ഞു അപ്പോൾ എന്തോ ഒരിഷ്ടം തോന്നി എനിക്ക്…

താൻ ഒന്ന് മിണ്ടെടോ ശ്വാസം വിട്ടിട്ടു.. അവൾ വേഗം പോകാൻ ശ്രമിച്ചു…”ദേവൂട്ടി ” അവൻ വിളിച്ചു…പെട്ടന്നവൾ തിരിഞ്ഞു നോക്കിഅവളുടെ കണ്ണുകൾ നിറഞ്ഞു ഒന്നും മിണ്ടാതെ അവൾ ഓടിപോയി…

പിന്നീട് അവൾ സന്ധ്യ ആകാൻ നോക്കിയിരിക്കും അമ്പലത്തിൽ പോകാൻ അവൾക്കും അവനെ ഇഷ്ട്ടം ആയി..

അവരുടെ ഇഷ്ട്ടം എങ്ങനെയോ ചെറിയമ്മയുടെ കാതിൽ എത്തി… അതോടെ ദേവികയുടെ അമ്പലത്തിൽ പോക്ക് മുടങ്ങി…

കുറെ ദിവസം അവളെ കാണാതിരുന്നപ്പോൾ ശ്രീക്കും വിഷമം ആയി… അവൻ അവളെ തിരക്കി അവളുടെ വീട്ടിൽ എത്തി… ചെറിയമ്മ അവനെ ആട്ടിയിറക്കി…

കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവൻ അറിഞ്ഞു ദേവികക്ക് കല്യാണം ആയെന്നും വരൻ ചെറിയമ്മയുടെ സഹോദരൻ 35കാരൻ ആണെന്നും….

മ ദ്യ പാ നി ആയ സഹോദരനെ നന്നാക്കാൻ വേണ്ടി പാവം ദേവികയെ അയാൾക്ക്‌ വിവാഹം ചെയ്തുകൊടുക്കാൻ ചെറിയമ്മ തയ്യാറെടുക്കുന്നു…

ഈ വിവരം അറിഞ്ഞ ശ്രീ തന്റെ സുഹൃത്തുക്കളെ കൂട്ടി അവളുടെ വീട്ടിൽപോയി അവളെ വിളിച്ചിറക്കി കൊണ്ടു പോന്നു…

പിറ്റേന്ന് രാവിലെ അമ്പലത്തിൽ വെച്ച് ശ്രീയുടെ വീട്ടുകാരുടെയും കൂട്ടുകാരുടെയും സാന്നിധ്യത്തിൽ അവർ വിവാഹിതരായി…

ദേവിക അന്നാണ് ആദ്യമായി ഹൃദയം തുറന്ന് ചിരിച്ചത്… അവളുടെ വീട്ടിൽ നിന്നും ആരും അവളെ തിരക്കി എത്തിയില്ല…

വിവാഹം കഴിഞ്ഞ് ഉടനെ ശ്രീ അവളെ റ്റി റ്റി സി പഠിക്കാൻ വിട്ടു..രണ്ടാം വർഷം പഠനം അവസാനിക്കാറായപ്പോൾ ആണ് ആ സന്തോഷം അറിയുന്നത്…

“ദേവിക ഗർഭിണി ആണെന്നത് “എങ്കിലും അവൾ പഠനം പൂർത്തിയാക്കി നല്ല മാർക്കോടെ പാസ്സ് ആയി….അപ്പോളേക്കും ഇരട്ടി സന്തോഷം ആയി നന്ദൂട്ടിയുടെ ജനനം…

ദേവിക പ്രസവിച്ച വിവരം ശ്രീ അവളുടെ അച്ഛനെയും അറിയിച്ചു.. അയാൾ ആശുപത്രിയിൽ വന്ന് കുഞ്ഞിനെ ഒന്ന് നോക്കി ദേവിക അച്ഛനെ നോക്കിയെങ്കിലും അയാൾ അവളോട് മിണ്ടാതെ ഇറങ്ങിപ്പോയി…..

കുഞ്ഞിന്റെ ഇരുപത്തിയെട്ടു കെട്ടിനു ശ്രീ അവളുടെ വീട്ടിൽ അറിയിച്ചു…ചടങ്ങ് തുടങ്ങാൻ സമയത്തു അയാൾ വന്നു ദേവികയുടെ അച്ഛൻ…

കൈയിൽ ചുരുട്ടിപിടിച്ച കടലാസ്സിൽ നിന്നും ഒരു ചെയിൻ എടുത്തു കുഞ്ഞിന്റെ കഴുത്തിൽ ഇട്ടുകൊടുത്തിട്ടു കുഞ്ഞിന്റെ ചെവിയിൽ നന്ദൂട്ടി എന്ന് വിളിച്ചു…

ദേവികക്ക് ഒരുപാട് സന്തോഷം ആയി…
അയാൾ അന്ന് ആദ്യമായി അവളെ മോളെ എന്ന് വിളിച്ചു..

ചടങ്ങുകൾ കഴിഞ്ഞപ്പോൾ പോകാൻ ഇറങ്ങിയ അച്ഛനെ ശ്രീ തടഞ്ഞു നിർത്തി പറഞ്ഞു “ഞാൻ കൊണ്ടാക്കാം ” അയാൾ എതിർത്തെങ്കിലും അവൻ വേഗം തന്റെ ബൈക്ക് എടുത്തു അച്ഛനെ കൊണ്ടാക്കാൻ പോയി…..

പുറത്തു ആരുടെയോ സംസാരവും അടക്കി ഉള്ള കരച്ചിലും കേട്ടാണ് ദേവിക പുറത്തേക്കു വന്നത്…

“ശ്രീക്കു ഒരു ആക്‌സിഡന്റ് ” അതുമത്രെ അവൾ കേട്ടൊള്ളു… ബോധം വരുമ്പോൾ ചുറ്റിലും ആരൊക്കെയോ ഉണ്ട് നന്ദുട്ടിയേം കൊണ്ടു ശ്രീയേട്ടന്റെ അമ്മ കസേരയിൽ ഇരുന്നു അടക്കിപ്പിടിച്ചു കരയുന്നു…

“അച്ഛാ എവിടെ എന്റെ ശ്രീയേട്ടൻ എനിക്ക് കാണണം ” അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി ആരൊക്കെയോ മുറിയിലേക്ക് വന്നു പറഞ്ഞു…

“ശ്രീയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ് അവസ്ഥ വളരെ മോശം ആണ് ”

ആ പോക്ക് മൂന്ന് മാസങ്ങൾക്കു ശേഷം ആണ് വീട്ടിലേക്കു തിരിച്ചുവരുന്നത്… ഉള്ളിൽ ജീവൻ മാത്രം അവശേഷിക്കുന്ന ഒരു രൂപം മാത്രം ആയി…അന്നുമുതൽ തുടരുന്ന ചികിത്സ ആണ് ചെറിയ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി…

ആദ്യമൊക്കെ ബന്ധുക്കളും അച്ഛനും ശ്രീയേട്ടന്റെ സുഹൃത്തുക്കളും സഹായിക്കുമായിരുന്നു മരുന്നിനു തന്നെ കുറെ കാശ് ആവശ്യം ആയി വന്നുതുടങ്ങി…

അപ്പോൾ ആണ് അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേവികക്ക് പഠിപ്പിക്കാൻ ജോലി കിട്ടിയത്..

രാവിലെ എണീറ്റു ശ്രീയെ കുളിപ്പിക്കും.. ജ്യൂസ്‌ പോലുള്ള ആഹാരം മാത്രം കഴിക്കാൻ പറ്റുകയുള്ളു അതുകൊടുക്കും.. നന്ദൂട്ടിയെ കുളിപ്പിച്ചു അമ്മയെ ഏൽപ്പിക്കും … പിന്നെയാണ് അവൾ ജോലിക്ക് പോകുന്നത്…

ഇപ്പോൾ ഒന്നര വർഷം ആയി ശ്രീ വീണിട്ടു.. പറയുന്നത് മനസ്സിലാകും പക്ഷേ പ്രതികരണശേഷി വന്നിട്ടില്ല…മാറ്റം ഉണ്ടാകും എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്….

“ശ്രീയേട്ടാ ഞാൻ പറഞ്ഞത് വല്ലതും മനസ്സിലായോ ” “ഈ ദേവൂട്ടിക്ക് ശ്രീയേട്ടൻ മാത്രേ ഉള്ളു ” ദേവൂട്ടി ചിരിച്ചു തുടങ്ങിത് ശ്രീയേട്ടന്റെ പെണ്ണായതിൽ പിന്നെ ആണ്….

അവൾക്കു സങ്കടം സഹിക്കാൻ പറ്റിയില്ല അവൾ അവന്റെ മുഖത്തേക്ക് കൈകൾ ചേർത്ത്മുഖം അവന്റെ നെഞ്ചിൽ ചേർത്ത് കരഞ്ഞു….

പെട്ടന്ന് അവൾ കണ്ണുകൾ ഉയർത്തി തന്റെ കൈകളിലേക്ക് നോക്കി തന്റെ കൈകളിൽ നനവ് അവൾതിരിച്ചറിഞ്ഞു…

അവൾ വേഗം ശ്രീയുടെ മുഖത്തേക്ക് നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു അവൾക്കു സന്തോഷം കൊണ്ടു വീർപ്പുമുട്ടി…

“അമ്മേ അമ്മേ “..അവളുടെ ഒച്ചത്തിലുള്ള വിളികേട്ടു നന്ദൂട്ടിയേം കൊണ്ടു അമ്മ ഓടി വന്നു..

“അമ്മേ ശ്രീയേട്ടൻ കരഞ്ഞു.. മോളെ ദേ അച്ചേനെ വിളിച്ചേ ” അവൾ നന്ദൂട്ടിയെ വാങ്ങി ശ്രീയുടെ അടുത്തിരുത്തി അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ..

ഒരുതലോടൽ പോലെ തോന്നിയ ദേവിക ഞെട്ടി…ശ്രീ തന്റെ കൈകൾ പതുക്കെ ഉയർത്തി നന്ദൂട്ടിയെ തൊട്ടു…. ദേവിക സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാതെ മറ്റേതോ ലോകത്തായിരുന്നു അപ്പോൾ…എന്റെ കൃഷ്ണ നീയെന്റെ വിളി കേട്ടു.. സന്തോഷം കൊണ്ടവൾ പൊട്ടിക്കരഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *