കഴിഞ്ഞ രണ്ട് ദിവസം മുൻപ് കിടപ്പറയിൽ വൈശാഖിന് തന്നോടെന്ത്‌ സ്നേഹമായിരുന്നു.

നിറമല്ല, പിന്നെ?
(രചന: Muhammad Ali Mankadavu)

ബൈക്ക് സ്റ്റാർട്ട് ചെയ്തു വൈശാഖ് ഓഫീസിലേക്ക് പുറപ്പെട്ടയുടൻ മഞ്ജു തന്റെ ഫോണെടുത്തു.

സ്ക്കൂളിൽ പത്താം തരം വരെ ഒരുമിച്ചു പഠിച്ചത് മാത്രമല്ല, ഷബ്‌ന മഞ്ജുവിന്റെ ആത്മാർത്ഥ സുഹൃത്ത് കൂടിയാണ്.

ഷബ്‌നയോട് എന്തും തുറന്നു സംസാരിക്കാം. മാത്രമല്ല, തന്നെക്കാൾ വിദ്യാഭ്യാസവും അനുഭവവുമുള്ള അവളുടെ ഉപദേശങ്ങൾ ജീവിതത്തിൽ പല ഘട്ടങ്ങളിലും തനിക്ക് ഉപകരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസം മുൻപ് കിടപ്പറയിൽ വൈശാഖിന് തന്നോടെന്ത്‌ സ്നേഹമായിരുന്നു.

ഇന്നിപ്പോൾ രാവിലെ തന്നെ , മൂന്ന് ദിവസമായി പനിക്കുന്ന മൂത്ത മകൾ ജിഷയെ ഡോക്ടറെ കാണിക്കാനുള്ള കാശ് ചോദിച്ചത് മുതൽ ഒന്നും രണ്ടും പറഞ്ഞു വഴക്കായി.

“നീ അവളെ സർക്കാർ ആശുപത്രീയിലെ ഡോക്ടറെ കാണിച്ചാ മതി. അതും രണ്ടു ദിവസം കൂടി ഇവിടെയുള്ള മരുന്ന് കൊടുത്തു നോക്ക് , എന്നിട്ടും മാറിയില്ലെങ്കിൽ കൊണ്ട് പോയി ഡോക്ടറെ കാണിക്ക്”.

പിന്നെയും ഓരോന്ന് പറഞ്ഞും വാക്‌പോര് കൊഴുത്തു…അങ്ങനെ പെരുത്ത് കയറവെയാണ് ഹൃദയത്തിൽ കൂരമ്പ് പോലെ തറച്ചു കയറാറുള്ള ആ വാക്കുകൾ എയ്തത്. കുറെ തവണ കേട്ട് തഴമ്പിച്ചതെങ്കിലും , ഇന്നത് തനിക്ക് താങ്ങാവുന്ന വേദനയായിരുന്നില്ല.

“നിനക്ക് നിറമില്ല, മുടിക്ക് നീളമില്ല, സംസാരിക്കാനറിയില്ല , നിന്റെ ആ നശിച്ച നാട്ടിലേക്ക് അന്ന് ആ ജോലിയിൽ ചേരാൻ ഞാൻ വന്നില്ലായിരുന്നില്ലെങ്കിൽ ,

നിനക്ക് പകരം വെളുത്തു സുന്ദരിയായ ഒരു പെണ്ണ് എന്റെ കൂടെ ഇപ്പൊ ഇവിടെ ഉണ്ടായേനെ” ,

മഞ്ജുവും ആദ്യമായി ഇന്ന് രണ്ട് വാക്ക് എതിർത്തു പറഞ്ഞു,”അങ്ങോട്ട് കേറി വന്നു, എന്റെ കഴുത്തു നിങ്ങളുടെ കൈകൾക്കിടയിൽ കുത്തിത്തിരുകി താലി കെട്ടിച്ചതല്ലല്ലോ ,

എന്നെ നിങ്ങൾ നിങ്ങളുടെ ബന്ധുക്കളോടൊപ്പം വന്നു കണ്ടു, ഇഷ്ടപ്പെട്ടെന്ന് പറഞ്ഞിട്ടല്ലേ എന്റെ അച്ഛനും അമ്മയും നിങ്ങളോടൊപ്പം എന്നെ പറഞ്ഞു വിട്ടത് ?

നിങ്ങളല്ലായിരുന്നെങ്കിൽ ഈ ത ഞ്ചാ വൂ രിൽ വന്ന് എനിക്കിങ്ങനെ തീ തിന്നേണ്ടി വരുമായിരുന്നോ ? നാട്ടിൽ തന്നെ ജോലിയുള്ള ചെറുക്കനെ എനിക്കും കിട്ടുമായിരുന്നു”.

ഇത്രയും പറഞ്ഞപ്പോളേക്കും മഞ്ജു തേങ്ങിപ്പോയി.. താൻ വൈശാഖിനോട് എന്താണ് പറഞ്ഞതെന്ന ബോധ്യമുണ്ടായതും പിന്നീടാണ്.

എന്നാലും , മക്കളുടെയോ തന്റെയോ അസുഖ കാര്യം പറയുമ്പോൾ യാതൊരു ഗൗരവവുമുണ്ടാവില്ല. പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് “വാ നമുക്ക് പോയി ഡോക്ടറെ കാണാം ” എന്ന് വൈശാഖ് പറഞ്ഞെങ്കിലെന്ന് , മഞ്ജു ചിന്തിച്ചു. ..

അതൊക്കെ താൻ തന്നെ മാനേജ് ചെയ്തോളണം എന്നാണ് വൈശാഖിന്റെ പരോക്ഷമായ നിലപാട്.. ചിന്ത മതിയാക്കി മഞ്ജു ഫോൺ ഡയൽ ചെയ്തു.

വാടാനപ്പള്ളിയിലുള്ള ഷബ്‌നയുടെ ഫോണിലേക്ക് മഞ്ജുവിന്റെ വിളിയെത്തി.സംസാരത്തിൽ മഞ്ജുവിന്റെ ഗൗരവ സ്വരം തിരിച്ചറിഞ്ഞ ഷബ്‌ന ചോദിച്ചു..

“മഞ്ജു, എന്താടീ , ഇന്നും വഴക്കായോ? ഇന്നെന്താ പുതിയ പ്രശ്‌നം ? “പ്രശ്നം പുതിയതൊന്നുമല്ല, പുതിയ ദിവസം പഴയ പ്രശ്നം തന്നെ” മഞ്ജു പറഞ്ഞു.

“ഓഹ് , ഈ വെപ്രാളത്തിനിടയിലും അവളുടെ ഒരു വാക്സാമർത്ഥ്യം, കാര്യം പറയെടീ”മഞ്ജു തന്റെ മനസ്സിലുള്ളത് ഷബ്‌നയോട് തുറന്നു പറഞ്ഞു..

“ഷബ്‌ന, എന്റെ വിവാഹ ജീവിതത്തിലെ കുറെ കാര്യങ്ങൾ നിനക്കറിയാവുന്നതല്ലേ.കുടുംബ കാര്യങ്ങളിൽ വൈശാഖിന്റെ ഉത്തരവാദിത്തമില്ലായ്മയും, കുത്തുവാക്കുകളോടെയുള്ള സംസാരവും , ഞാൻ പല തവണ നിന്നോട് പറഞ്ഞിട്ടുള്ളതാ.

അതിൽ കൂടുതലൊന്നും പറയാനില്ലെങ്കിലും എനിക്ക് മടുത്തു , വൈശാഖിനോടൊപ്പം ജീവിക്കാൻ എനിക്കിനി വയ്യ, എന്റെ വീട്ടുകാർ കരുതുന്നത് ഞാനിവിടെ സ്വർഗ്ഗതുല്യമായ ജീവിതം നയിക്കുകയാണെന്നാ….

പ്രായമായ അച്ഛനെയും അമ്മയെയും , ഇപ്പൊ പ്രസവിച്ചു കിടക്കുന്ന രശ്മിയെയും വിഷമിപ്പിക്കരുതെന്ന് കരുതി ഒന്നും അറിയിക്കേണ്ടെന്നു കരുതിയാ .. എനിക്കിനിയും സഹിക്കാൻ പറ്റുന്നില്ലെടോ, ഈ അപമാനം..

“നിറമില്ല, മുടിയില്ല.. പെരുമാറാനറിയില്ല, ഞാനെന്താ ഇനി ചെയ്യേണ്ടത് നീ പറ ..
മറുഭാഗത്ത് നിന്നും ഷബ്‌നയുടെ മൂളൽ മാത്രം മറുപടിയായി കേട്ടു.. “ഊം”.

മഞ്ജു തുടർന്നു ,“നീ കേൾക്ക് , കഴിഞ്ഞ മൂന്നു ദിവസമായി ജിഷമോൾക്ക് പനിയാ , ഇവിടുള്ള മരുന്ന് കൊടുത്ത് നോക്കി, പനി കുറയുന്നില്ല, രണ്ട് ദിവസമായി അവൾ സ്‌കൂളിൽ പോയിട്ട്..

ക്ഷീണം കൊണ്ട് വാടിയ അവളെ കാണുമ്പോൾ എന്റെ ചങ്ക് പൊള്ളുകയാ” .. അപ്പോളേക്കും മഞ്ജു കരച്ചിൽ ആരംഭിച്ചു.

“ഇവിടെ ഒരു ഡോക്ടറുടെ ഫീസ് മിനിമം 250 രൂപയാ, 250 പോയിട്ട് 25 രൂപ പോലും ഇപ്പൊ എന്റെ കയ്യിലില്ല.

എന്ത് പറയണമെന്നറിയാതെ ഷബ്‌ന കുഴങ്ങി… ഇതാദ്യമായാണ് , വൈശാഖിനൊപ്പമുള്ള ജീവിതം മടുത്തെന്ന് മഞ്ജു പറയുന്നത്.

“എന്റെ മക്കളെ നന്നായി വളർത്താനുള്ള ഒരു ജോലിയൊക്കെ എനിക്ക് ഉണ്ടെങ്കിൽ, വൈശാഖിനെ ഇങ്ങനെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും ആശ്രയിക്കാതെ,

ഞാനുണ്ടാക്കുന്ന കാശ് കൊണ്ട് എന്റെ മക്കളെ നല്ലോണം നോക്കാലോ ഷബ്‌ന…പത്തു വര്ഷങ്ങളായില്ലേ ഞാനീ അപമാനം സഹിച്ച് ജീവിക്കുന്നത്? “…..

മഞ്ജു വളരെ സീരിയസ് തന്നെയാണെന്ന് ശബ്നയ്ക്ക് മനസ്സിലായി…”മഞ്ജു, നീ സമാധാനിക്ക് , വൈശാഖ് ശരിയാകും, നീ സ്നേഹത്തോടെ പെരുമാറി അവനെ ശരിയാക്കിയെടുക്കാൻ നോക്ക്, വേറെ ദുഃശീലങ്ങളൊന്നും ഇല്ലാത്ത ആളല്ലേ..

“ഓ നിന്റെയൊരു ഉപദേശം, .. ഞാൻ എന്നും സ്നേഹത്തോടെയേ പെരുമാറാറുള്ളു.. എന്ത് പറഞ്ഞാലും അങ്ങേരു അത് ഗൗരവമായി എടുക്കില്ല,

മൊബൈലിൽ തോണ്ടിക്കൊണ്ട് അങ്ങനെ മൂളിക്കൊണ്ടിരിക്കും , എനിക്ക് നാട്ടിൽ പോകണമെന്ന് പറഞ്ഞാലും മൂളും, ഞാനെന്തെങ്കിലും നാട്ടിലെ വീട്ടിൽ കൊടുക്കണമെന്ന് പറഞ്ഞാൽ അപ്പൊ കലി തുള്ളും,

“നീ ഇങ്ങനെ അവിടെ ഓരോന്ന് വാങ്ങിക്കൊണ്ട് കൊടുത്തിട്ടാ ഈ ഗതിയിലാണെന്നൊരു കുത്തും” പിന്നെ എന്റെ വീട്ടുകാരെ കുറെ ചീത്തയും പറയും”.

“അങ്ങേർക്ക് ആരെയും വേണ്ട, അങ്ങേരുടെ വീട്ടുകാരെയും, എന്റെ വീട്ടുകാരെയും ആരെയും വേണ്ട”.

തൊലിവെളുത്തൊരു പെണ്ണിനെ കിട്ടിയാൽ എല്ലാമായി എന്നാ വിചാരം.. “രാത്രി പത്ത് മണിയോടെ വൈശാഖ് ജോലി കഴിഞ്ഞെത്തി. അപ്പോളും അയാളുടെ മുഖത്ത് നിസ്സംഗ ഭാവം..

രാവിലെ വഴക്ക് കൂടിയതിന്റെയൊ , മകൾക്ക് പനി ഉണ്ട് എന്നൊരു ആധിയോ ഒന്നും ആ മുഖത്തില്ല. എന്നാൽ വൈശാഖിന് എന്തോ ക്ഷീണമുള്ളതായി മഞ്ജുവിന് തോന്നി.

“നീ ഭക്ഷണമെടുത്ത് വെക്ക് മഞ്ജൂ ” അതും പറഞ്ഞു വൈശാഖ് ടോയ്‌ലെറ്റിൽ കയറി. തേങ്ങാ ചട്നിയും കൂട്ടി ഒരു ദോശ മാത്രം കഴിച്ചു എഴുന്നേൽക്കുന്നത് കണ്ട മഞ്ജു ചോദിച്ചു ,

“സാധാരണ, കുറഞ്ഞത് മൂന്നു ദോശ കഴിക്കുന്നയാൾ ഇന്ന് പുറത്ത് നിന്നും കഴിച്ചിട്ടാണോ വന്നത് ? , എന്തെ, ഒരെണ്ണം കഴിച്ച് നിർത്തിയെ ?” ..

മഞ്ജു ഒരു ദോശ കൂടി വൈശാഖിന്റെ പ്ളേറ്റിലേക്കിട്ടു കൊടുത്തുവെങ്കിലും അയാൾ അത് ഗൗനിക്കാതെ എഴുന്നേറ്റ് കൈ കഴുകാൻ പോയി.

പാത്രങ്ങളെല്ലാം കഴുകി വെച്ച്, മകൾക്ക് മരുന്നും നൽകി, കിടപ്പറയിലെത്തിയ മഞ്ജു കാണുന്നത് വേഷം പോലും മാറാതെ കിടന്നുറങ്ങുന്ന വൈശാഖിനെയാണ്.

പതിവുള്ള ‘ഫോൺ തോണ്ടൽ’ ഇന്നില്ല. മറുപടി “ഊം” എന്ന് മാത്രമാവുമെങ്കിലും തനിക്കെന്തെങ്കിലും വായ നിറയെ വർത്തമാനം പറയാൻ ഒരവസരവുമിന്നില്ലല്ലോ എന്ന് മഞ്ജു ചിന്തിച്ചു.

വൈശാഖിന് അഭിമുഖമായി കിടന്ന മഞ്ജുവിന് വൈശാഖിന്റെ മൂക്കിൽ നിന്നും ചൂടുള്ള നിശ്വാസം മുഖത്തടിച്ചപ്പോൾ എന്തോ പന്തികേട് തോന്നി.

വൈശാഖിന്റെ നെറ്റിയിലും, കഴുത്തിലും , നെഞ്ചിലും മഞ്ജു തന്റെ പുറംകൈ വെച്ചു കൊണ്ട് പരിശോധിച്ച് നോക്കി, പൊള്ളുന്ന പനി !!,

ഇതിന് മുൻപൊന്നും വൈശാഖിന് ഇങ്ങനെ ചുട്ടുപൊള്ളുന്ന പനി ബാധിചിച്ചതായി മഞ്ജുവിന് ഓർമ്മയില്ല.

മഞ്ജു വേഗം ചെന്ന് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളമെടുത്തു, അതിൽ കുറച്ച് ഐസ്‌ക്യൂബുകളും ഇട്ടു,

തുണിക്കഷ്ണം അതിൽ മുക്കിപ്പിഴിഞ്ഞു വൈശാഖിന്റെ നൈറ്റിയിൽ ഇട്ടു കൊടുത്തു കൊണ്ടിരുന്നു, താൻ രാവിലെ പറഞ്ഞ വാക്കുകളോർത്തു മഞ്ജുവിന് സങ്കടം വന്നു, കണ്ണുനീർ വൈശാഖിന്റെ മുഖത്ത് പതിച്ചു.

തണുത്ത തുണി നെറ്റിയിൽ പതിച്ചു കൊണ്ടിരിക്കെ ഉറക്കമുണർന്നു. തന്റെയരികിലിരുന്നു കൊണ്ട് തണുത്ത വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞു നെറ്റിയിലേക്ക് വീണ്ടും മെല്ലെ വെക്കുന്ന മഞ്ജുവിന്റെ കയ്യിൽ മൃദുവായി പിടിച്ചു.

മഞ്ജുവിന്റെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണീർതുള്ളികൾ തന്റെ മുഖത്തിറ്റു വീഴുന്നതയാൾ അറിഞ്ഞു.

“പൊള്ളുന്ന പനിയാണ് വൈശാഖ്, വാ നമുക്ക് ഇപ്പൊ തന്നെ ഡോക്ടറെ കാണാൻ പോകാം”, മഞ്ജു പറഞ്ഞു ,

“വേണ്ട, ഇപ്പൊ എനിക്ക് ഏറ്റവും നല്ല മരുന്ന് നിന്റെ കൈകൊണ്ട് ഈ തുണിക്കഷ്ണത്തിലൂടെ വരുന്ന തണുപ്പിന്റെ സുഖമാണ്, കുറച്ചു നേരം കൂടി നീ ഇങ്ങനെ തുണി വെക്കൂ,

പനി കുറയും, നാളെ രാവിലെ നമുക്ക് ഡോക്ടറെ കാണാൻ പോകാം ജിഷ മോളെയും കൂട്ടിക്കൊണ്ട്”…

കുറച്ചു നേരം കൂടി മഞ്ജുവിന്റെ കൈ വൈശാഖിന്റെ നെറ്റിയിൽ തന്നെ ഇടം പിടിച്ചു. പനിച്ചൂട് അൽപ്പമൊന്ന് ശമിച്ചപ്പോൾ വൈശാഖ് തളർന്ന സ്വരത്തിൽ മഞ്ജുവിനോട് ചോദിച്ചു,

“നിനക്കെന്നോട് ഒട്ടും വെറുപ്പ് തോന്നുന്നില്ലേ മഞ്ജു ? “”എന്തിന്” മഞ്ജു ചോദിച്ചു”ഇന്ന് രാവിലെ നിന്നെ, ഞാനെന്തൊക്കെയാ പറഞ്ഞെ അതിന്”..”അതിന് ഞാനും മറുപടി പറഞ്ഞുവല്ലോ അപ്പൊ തന്നെ” മഞ്ജുവിന്റെ പറഞ്ഞു.

“എന്നാലും അതല്ല, നിനക്ക് നിറമില്ല, മുടിയില്ല എന്നൊക്കെ”.. അത് പറയുമ്പോൾ വൈശാഖ് മഞ്ജുവിന്റെ മുടിയിൽ തലോടുകയായിരുന്നു ..

അയാൾ തുടർന്നു ..നിറമില്ലെന്ന് ഞാൻ പറഞ്ഞ ആ കൈ കൊണ്ടല്ലേ നീയെനിക്കിപ്പോൾ ആശ്വാസമേകിയത്?!..

തങ്കത്തിളക്കമാ നിന്റെ മനസ്സിന് .. ആയിരം നിറങ്ങളാ അതിന് …തന്റെ മുഖം വൈശാഖിന്റെ മുഖത്തോട് ചേർത്ത് വെക്കവേ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് മഞ്ജു അറിഞ്ഞു, മഞ്ജുവിന്റെ കണ്ണിൽ നിന്നും വീണ്ടും കണ്ണുനീർ അയാളുടെ മുഖത്തേക്ക്.. . രണ്ടുപേരും അങ്ങനെ ഉറങ്ങിപ്പോയി..

രാവിലെ, പനി സുഖപ്പെട്ടിട്ടില്ലാത്ത ജിഷ മോളെയും കൂട്ടി മഞ്ജുവും വൈശാഖും ഡോക്ടറെ കാണാൻ ഓട്ടോറിക്ഷയിൽ പുറപ്പെടാൻ തുടങ്ങുമ്പോൾ വൈശാഖ് പറഞ്ഞു,

“നമുക്ക് ജിഷ മോളെ ഡോക്ടറുടെ ക്ലിനിക്കിൽ പോയി കാണിക്കാം, ഞാൻ സർക്കാർ ആശുപത്രീയിൽ പോയി ഡോക്ടറെ കണ്ടു കൊള്ളാം.. “.

“അത് വേണ്ട, വൈശാഖ്, വൈശാഖും ജിഷമോളും രണ്ടുപേരും ഡോക്ടറുടെ ക്ലിനിക്കിൽ പോയി കണ്ടാൽ മതി.

ഇവിടുത്തെ സർക്കാർ ആശുപത്രീ ചികിത്സ തൽക്കാലം രണ്ടാൾക്കും വേണ്ട, നമ്മുടെ നാട്ടിലെ പോലെ ഗുണമുള്ള ചികിത്സയല്ലല്ലോ ഇവിടുത്തെ ആശുപത്രിയിൽ…

അവർ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലേക്ക് യാത്രയായി..വൈശാഖ് മനസ്സിൽ പറഞ്ഞു… “മഞ്ജുവാണ് തന്റെ എല്ലാ രോഗത്തിനുമുള്ള യഥാർത്ഥ ഡോക്ടർ.. ഡോക്ടർക്ക് വേണ്ടത് നിറമല്ല .. ഗുണമാണ്.. ഗുണമുള്ള, നന്മമനസ്സ്”..

“ഇനിയൊരിക്കലും വീട്ടിലെ ഈ ഡോക്ടറെ ഗൗനിക്കാതിരിക്കരുത്.. മാത്രമല്ല അർഹിക്കുന്ന ബഹുമാനം നല്കുകയും വേണം..”

“കാലാവധി തീർന്ന മരുന്ന് ഉപയോഗിക്കുന്നത് പോലെയല്ല, സ്നേഹത്തിന് കാലാവധിയില്ല , ഉണ്ടെങ്കിൽ തന്നെ അത് രണ്ടുപേരുടെയും മരണം വരെയാണ്, പരസ്പര സ്നേഹത്തിന്റെ കാലാവധി”… വൈശാഖ് ചിന്തിച്ചു..

ആ സമയം മഞ്ജുവിന്റെ ഫോൺ ചിലച്ചു.. മറുതലക്കൽ ഷബ്‌ന..സംസാരിക്കാൻ പറ്റിയ സമയമല്ലെന്ന് അറിയാവുന്ന മഞ്ജു ഷബ്‌നയോട് പറഞ്ഞു..

“ഞാനും വൈശാഖും ജിഷമോളും ഡോക്ടറെ കാണാൻ പോകുവാ.. രണ്ടാൾക്കും പനിയുണ്ട്.. തിരുച്ചെത്തിയിട്ട് ഞാൻ വിളിക്കാട്ടോ ഷബ്‌ന”..കാര്യം മനസ്സിലായ ഷബ്‌ന ഫോൺ കട്ട് ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *