ഇങ്ങനെ ശവം പോലെ കിടക്കാനാണോടീ ഞാൻ നിന്നെ കെട്ടിക്കൊണ്ട് വന്നത് “”..? രഘു നിരാശയോടെ രേണുകയുടെ

കൊതി തീരും മുമ്പേ

രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

 

“”ഇങ്ങനെ ശവം പോലെ കിടക്കാനാണോടീ ഞാൻ നിന്നെ കെട്ടിക്കൊണ്ട് വന്നത് “”..? രഘു നിരാശയോടെ രേണുകയുടെ ശരീരത്തിൽ നിന്നെഴുന്നേറ്റ് മുണ്ട് വാരി ചുറ്റി കൊണ്ട് പറഞ്ഞു.

“”എനിക്ക് വയ്യാത്തോണ്ടല്ലേ രഘുവേട്ടാ. ഞാൻ പല തവണ പറഞ്ഞില്ലേ. എന്നെ നല്ലൊരു ഡോക്ടറെ കൊണ്ട് പോയി കാണിക്കാൻ””

രേണുക മോഹഭംഗത്തോടെ പറഞ്ഞു. അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

“”ഒരു അസുഖക്കാരിയെ എന്റെ തലയിൽ കെട്ടി വെച്ചിട്ട്””… രഘു കട്ടിലിൽ ഇരുന്നു തല ചൊറിഞ്ഞു കൊണ്ട് പിറുപിറുത്തു.

വല്ലാത്ത നിരാശ അയാളെ ബാധിച്ചിരുന്നു.പ്രതീക്ഷകൾ നശിച്ച ഒരു മുഖഭാവം രഘുവിൽ രേണുക കണ്ടു. അത് അവളെ ഭയപ്പെടുത്തി.

“”ഏട്ടാ.. ദയവ് ചെയ്തു ഇങ്ങനെയൊന്നും പറയരുത്. ഞാൻ എത്ര തവണ പറഞ്ഞു രഘുവേട്ടാ. എനിക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ല. ഇവിടെ വന്നതിന് ശേഷമാണ് എനിക്കീ വലിവ് തുടങ്ങിയത്””.രേണുക ശ്വാസം വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു.

രഘു അവളെയൊന്നു തുറുപ്പിച്ചു നോക്കിയിട്ട് എഴുന്നേറ്റ് പോയി. അവൾ കയറി കിടന്ന വസ്ത്രം താഴ്ത്തിയിട്ട് എണീറ്റിരുന്നു. കാൽ മുട്ടിന്മേൽ തലവെച്ചിരുന്നു കരഞ്ഞു. അവളുടെ നശിച്ച വലിവിനെ ശപിച്ചു. ഈ നശിച്ച വലിവ് കാരണം രഘു തന്നിൽ നിന്നകലുമോ എന്ന് രേണുക വല്ലാതെ ഭയന്നു.

അവൾ എഴുന്നേറ്റു മുറിയിൽ നിന്ന് പുറത്തിറങ്ങി നോക്കി. രഘു കസേരയിൽ മേശയിലേക്ക് കാല് കയറ്റി വെച്ച് ഇരിക്കുന്നത് അവൾ കണ്ടു. രേണുക പുറകിലൂടെ ചെന്നു അയാളെ ചുറ്റി പിടിച്ചു. കഴുത്തിൽ കവിൾ ചേർത്തു.

“”രേണൂ… എന്നിലെ പുരുഷനെ വീണ്ടും ഉണർത്താതെ പോ.. പോയി കിടന്നുറങ്ങ്””.രഘു ചെറിയൊരു നീരസത്തോടെ പറഞ്ഞു.

അവൾ കുറച്ചു നേരം ഒന്നും മിണ്ടാതെ അകന്ന് മാറി നിന്നു.””രഘുവേട്ടാ…അമ്മാവൻ ഒന്നും മറച്ചു വെച്ചിട്ടില്ല എന്നെ കുറിച്ച് “”. രേണുക അയാളുടെ പുറകിൽ നിന്നു പതുക്കെ പറഞ്ഞു.

രഘു തിരിഞ്ഞു നോക്കി. രേണുക നിന്നു വിതുമ്പുകയാണ്. ശ്വാസം മുട്ടലിനൊപ്പം തേങ്ങലും കൂടി ആയപ്പോൾ രേണുകയിൽ നിന്നു ദയനീയമായൊരു ശബ്ദം പുറത്ത് വന്നു. രഘു എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ രണ്ടു തോളിലും കൈവെച്ചു.

“”രേണുകേ.. എന്റെ അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ… എന്റെ വികാരം ശമിപ്പിക്കാൻ പറ്റാത്തതിന്റെ നിരാശയിൽ ഞാൻ പറഞ്ഞു പോയി””. രഘു അവളെ മാറോടണച്ചു.

“”രഘുവേട്ടാ.. എനിക്ക്.. എന്നോട് ക്ഷമിക്കണം””. രേണുക അയാളുടെ മാറിൽ മുഖം പൂഴ്ത്തി കരഞ്ഞു.

“”രേണൂ… കുറച്ചു പൈസ കിട്ടാനുണ്ട് എനിക്ക്. അത് കിട്ടിയാൽ നല്ലൊരു ആസ്പത്രിയിൽ കൊണ്ട് പോയി കാണിക്കാം നമുക്ക്..കല്യാണം കഴിഞ്ഞിട്ട് ഒരു മാസമല്ലേ ആയിട്ടുള്ളൂ. ഞാൻ ഇനി നിന്റെ അസുഖം മാറിയിട്ടേ ഇനി നിന്നെ തൊടൂ. ഇത് നീ ക്ഷമിക്കില്ലേ.. എന്തൊക്കെ പറഞ്ഞാലും ഞാനും ഒരാണല്ലേ ടീ. എനിക്കും ഉണ്ടാകില്ലേ കുറച്ചൊക്കെ കാമ ഭ്രാന്ത് “”.രഘു അവളുടെ മുതുകിൽ തലോടി കൊണ്ട് പറഞ്ഞു.

അവൾ ചിരിച്ചു.. നാണിച്ചു തല താഴ്ത്തി..   “”മതി.. മതി… മനസ്സിലായി”” അവൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.    രേണുക അതീവ സുന്ദരിയാണ്. കല്യാണം കഴിയുന്നത് വരെ അവൾക്ക് വലിവോ ശ്വാസം മുട്ടലോ ഒന്നും ഉണ്ടായിട്ടില്ല. കുറച്ചു ദിവസങ്ങളായി ഇങ്ങനെയാണ്.

ഒരു ജോലിയും ചെയ്യാൻ വയ്യ. അടുത്തുള്ള കുറേ ഹോസ്പിറ്റലുകളിൽ കൊണ്ടുപോയി നോക്കി.ഒരു ഭേദവുമില്ല.

രഘുവിന്റെ അമ്മ യശോധയും അച്ഛൻ കാർത്തികേയനും രേണുകയേ വളർത്തി വലുതാക്കിയ അമ്മാവൻ അവളുടെ അസുഖം മറച്ചു വെച്ചു തങ്ങളുടെ മകനെ ചതിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു.

നേരം വെളുത്തു. മുറ്റമടിക്കുന്നതിനിടയിൽ രേണുകയുടെ വലിവ് കൂടി. അവൾ ചൂല് താഴേയിട്ട് അരയിൽ കൈകുത്തി നിന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ടിരുന്നു. “ഹ്ഹ്ഹ്ഹ്ഹ്.. ഹ്ഹ്ഹ്ഹ്ഹഹ്” എന്നൊരു ശബ്ദം അവളിൽ നിന്ന് പുറത്തു വന്നു. ഇത് കണ്ടുകൊണ്ട് വന്ന അമ്മായിയമ്മ യശോധ വെറുപ്പോടെ അവളെ നോക്കി.

“”നിന്ന് ചക്രശ്വാസം വലിക്കാതെ മുറ്റമടിക്കെടി..അവളുടെ ഒരു അഭിനയം””. അവർ ഒച്ചയിട്ടു. രേണുകയേ തറപ്പിച്ചു നോക്കി.

രഘുവിന്റെ അനിയത്തി ശാലിനി ഇത് കേട്ട് കൊണ്ട് വന്നു. അവൾ അമ്മയേ രൂക്ഷമായൊന്നു നോക്കി. പിന്നെ ദയാവായ്‌പ്പോടെ രേണുകയെ നോക്കി പറഞ്ഞു.

“”ഏട്ടത്തിയമ്മ വയ്യെങ്കിൽ പോയി കിടന്നോളൂ. ഞാൻ മുറ്റമടിച്ചോളാം.””  രേണുകയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പതുക്കെ നടന്നു പോയി.

“സുഖക്കേട് മറച്ചു വെച്ചു എന്റെ കുട്ടിയെ പൊട്ടനാക്കിയതാ “”. യശോധ പിറുപിറുത്തുക്കൊണ്ട് അകത്തേക്ക് കയറി..

“”നീ എന്തിനാടി അതിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്..?. ഏതായാലും നമ്മുടെ മോനെ അവർ ചതിച്ചു. ഇനി അതിങ്ങനെ പറഞ്ഞോണ്ടിരിക്കാതെ അതിനെ നല്ല വല്ല ഡോക്ടറെയും കാണിക്കാൻ പറ രഘൂനോട്‌. രഘുവിന്റെ അച്ഛൻ കാർത്തികേയൻ യശോധയോട് പറഞ്ഞു.

“”ഓ.. പിന്നേ. .. അവന്റെ കയ്യിലിങ്ങനെ കാശ് നിറഞ്ഞിരിക്കുവല്ലേ. നിങ്ങൾ പറയുന്നിടത്ത് കൊണ്ട് പോയി ചികിൽസിക്കാൻ. വൈകുന്നേരം വരെ വിയർത്താൽ എന്റെ കുട്ടിക്ക് അഞ്ഞൂറ് രൂപ കിട്ടും. അത് ചിലവിന് തന്നെ തികയുന്നില്ല. പിന്നാ””…. യശോധ ഉറക്കെ പറഞ്ഞു.

കാർത്തികേയൻ തലകുനിച്ചു കസേരയിൽ ഇരുന്നു. പിന്നെ ഒന്നും പറഞ്ഞില്ല.    “”നിങ്ങളെ പറഞ്ഞാൽ മതിയല്ലോ മനുഷ്യാ.. നിങ്ങടെ മരിച്ചു പോയ കൂട്ടുകാരന്റെ മോളാണ്. അമ്മയും അച്ഛനും ഇല്ലാത്ത കുട്ടിയാണ്. അങ്ങനെയാണ്. ഇങ്ങനെയാണ്.

അവനും കണക്കാ. അവളെ കെട്ടിയേ ഒക്കൂ.. എന്നിട്ടിപ്പോ എന്തായി. ഒരു ശവത്തിനെ നിങ്ങടെ മകന്റെ തലയിൽ കെട്ടി വെച്ചില്ലേ””. യശോധ വീണ്ടും ഒച്ചയിട്ടു.

കാർത്തികേയൻ ഒന്നും മിണ്ടിയില്ല. രേണുക അടുക്കള ഭിത്തിയിൽ ചാരി നിന്നു എല്ലാം കേട്ടു നിശബ്ദം നിന്നു. അവൾ കൺതടങ്ങളിൽ പടർന്ന കണ്ണുനീർ തുടച്ചു. അടുപ്പിലെ പുക അവളുടെ നാസാരന്ദ്രങ്ങളിലൂടെ തുളച്ചു കയറിയപ്പോൾ അവൾ ചുമച്ചു..

കിതച്ചും ചുമച്ചും രേണുക ശ്വാസം വലിച്ചു വിട്ടു. അവൾ കുഴലെടുത്തു അടുപ്പിൽ ഊതി… ഹ്ഹ്ഹ്… ഹ്ഹ്ഹ്.. രേണുക വീണ്ടും നിന്നു കിതച്ചു. ശ്വാസം വലിച്ചു വിട്ടു.

“”ഏട്ടത്തിയമ്മേ.. എന്താ ഇത്..ഇങ്ങോട്ട് മാറ്.”” ശാലിനി വന്നു കുഴൽ വാങ്ങി അടുപ്പിൽ ഊതി തീ കത്തിച്ചു.  രേണുക ഭിത്തിയിൽ ചാരി നിന്നു. ശാലിനി അവളുടെ അടുത്തേക്ക് ചെന്നു.

“”ഏട്ടത്തിയമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ. അടുപ്പിൽ ഊതല്ലേ എന്ന്.. വലിവ് കൂടുകയല്ലേയുള്ളൂ. പോയി കിടന്നോളൂ. ഞാൻ ചെയ്തോളാം”” ശാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു.

നിസ്സഹായാവസ്ഥ മുറ്റി നിന്ന രേണുക ദയനീയമായി ശാലിനിയെ നോക്കി ചിരിച്ചു. “ഇവൾ ഇല്ലായിരുന്നെങ്കിൽ ഞാൻ”.രേണുക അകമേ പറഞ്ഞു.

“”ശാലിനി… നിന്നെ എത്രയാന്ന് വെച്ചാ ബുദ്ധിമുട്ടിക്കുക..അതാണ് ഞാൻ.”” രേണുക കിതപ്പണക്കാൻ നന്നേ ബുദ്ധിമുട്ടിക്കൊണ്ട് പറഞ്ഞു.

ശാലിനി ചിരിച്ചു.    “”എന്നെ ഏതെങ്കിലും ഒരു കോന്തൻ കെട്ടിക്കൊട്ട് പോകും വരെ ഞാൻ ഉണ്ടാകും ഏട്ടത്തിയമ്മേ കൂട്ടായിട്ട്. അത്രയ്ക്ക് പാവാ നിങ്ങൾ. അമ്മ അങ്ങനൊരു മൂർഖത്തിയാ. കാര്യമാക്കേണ്ട ട്ടോ””.

ശാലിനി പറഞ്ഞു.  പിറ്റേന്ന് രാത്രി രഘുവിന്റെ രോമാവൃതമായ മാറിൽ രേണുക തലവെച്ചു കിടന്നു. കൈകൾ കൊണ്ട് അയാളുടെ മാറിൽ അവൾ ചിത്രം വരച്ചു. രഘു അവളുടെ മുടിയിഴകളിൽ തലോടി..

“”രഘുവേട്ടാ..കാശ് കിട്ടിയോ””..? രേണുക പതുക്കെ ചോദിച്ചു.  “”ഇല്ല.. രണ്ട് ദിവസം കൂടി കഴിയും.”” രഘു അലക്ഷ്യമായി പറഞ്ഞു. അവൾ നിരാശയോടെ പതുക്കെ ഒന്ന് മൂളി.

“”ഏട്ടാ.. ഏട്ടന് എന്നോട് വെറുപ്പുണ്ടോ. എനിക്ക് മനസ്സിലാകുന്നുണ്ട് രഘുവേട്ടാ നിങ്ങളുടെ മനസ്സ്…പക്ഷെ.. ശരീരം ഒന്നങ്ങിയാൽ അപ്പൊ തുടങ്ങും ഈ നശൂലം പിടിച്ച വലിവ്.”” രേണുക സങ്കടത്തോടെ പറഞ്ഞു.

രഘു ഒന്നും പറഞ്ഞില്ല…. “രേണുകക്ക് എന്താ ഒരു കുറവ്. സുന്ദരിയാണ്‌..നല്ല സ്വഭാവമാണ്. എല്ലാം കൊണ്ടും അവളെ ഇഷ്ടപ്പെട്ടിട്ടാണ് ഞാൻ കല്യാണം കഴിച്ചത്. അച്ഛന്റെ സുഹൃത്തിന്റെ മകളും കൂടിയാണ്.. പക്ഷെ.. ഇവിടെ വന്നതിന്റെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തുടങ്ങി വലിവും കിതപ്പും ചുമയും.

അവർ എന്നെ ചതിച്ചതാണോ?. മാരകമായ അസുഖം എന്നിൽ നിന്ന് അവളുടെ അമ്മാവൻ മറച്ചു വെച്ചുവോ.?. രഘുവിന്റെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പാറി കളിച്ചു..

“”എന്താ രഘുവേട്ടാ മിണ്ടാത്തെ… ഏട്ടാ.. എന്റെ വലിവും അസുഖവുമൊന്നും ഏട്ടൻ ഇനി നോക്കേണ്ട.. ഏട്ടൻ എന്താന്ന് വെച്ചാ ചെയ്തോ””. രേണുക മലർന്നു കിടന്നു കൊണ്ട് പറഞ്ഞു.

ഇത് കേട്ടപ്പോൾ രഘുവിന് നെഞ്ച് പൊടിയും പോലെ തോന്നി.   “”എന്താ പെണ്ണെ… ഞാൻ അത്രക്ക് കണ്ണീ ചോരയില്ലാത്തവൻ ഒന്നുമല്ല…കെട്ടോ””.രഘു അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

“”രേണൂ….നിന്റെ അസുഖത്തിന് ഒരു ഡോക്ടറെയും നിന്റെ അമ്മാവനും അമ്മായിയും കാണിച്ചില്ലേ?””. രഘു അല്പം പേടിയോടെ ചോദിച്ചു.

“”ഏട്ടാ…ഏട്ടൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ടല്ലേ എന്റെ അസുഖം അവർ മറച്ചു വെച്ചതാണെന്ന്..”” രേണുക വിതുമ്പി കൊണ്ട് പറഞ്ഞു.

“”അല്ല രേണൂ.. ഞാൻ ചോദിച്ചു എന്നേ ഉളളൂ.. കരയല്ലേ… നമുക്ക് നല്ലൊരു ഡോക്ടറെ കാണിക്കാം.ചികിൽസിച്ചു മാറ്റാൻ പറ്റുന്നതാണെങ്കിൽ മാറ്റാം””. രഘു രേണുകയുടെ ആർദ്രമായ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞ് രഘു രേണുകയേയും കൂട്ടി ഡോക്ടറെ കാണാൻ പോയി. നെഞ്ചിന്റെ സ്കാനിംഗ് എടുത്തു അവർ വീണ്ടും ഡോക്ടറെ കണ്ടു.

“”സ്കാനിങ്ങിൽ ശ്വാസകോശത്തിൽ എന്തോ ഒരു വളർച്ച കാണുന്നുണ്ട്. എത്ര കാലമായി ഈ വലിവും ചുമയും തുടങ്ങിയിട്ട്””? ഡോക്ടർ ചോദിച്ചു.

“”സാർ ഒരു മാസമായി. കല്യാണം കഴിഞ്ഞതിന്റെ ഒരാഴ്ച്ച കഴിഞ്ഞപ്പൊ തുടങ്ങിയതാ .മുമ്പ് ഒരു കുഴപ്പവും ഇല്ലായിരുന്നു.”” രേണുക മറുപടി പറഞ്ഞു.

“”പക്ഷെ.. ഈ വളർച്ച കുറച്ചു പഴയതാണ്. അത് എത്രത്തോളം ഉണ്ട് എന്നറിയണമെങ്കിൽ നമുക്കൊരു ബയോപ്സി എടുത്ത് നോക്കേണ്ടി വരും. എന്ത് പറയുന്നു””?. ഡോക്ടർ ചോദ്യഭാവത്തിൽ രേണുകയേയും രഘുവിനേയും മാറി മാറി നോക്കി.

“ബയോപ്സി”..ഇരുവരുടേയും മുഖത്ത് ഭയം നിഴലിച്ചു. അവർ ഭയപ്പാടോടെ പരസ്പരം നോക്കി.

“”നോക്ക് രേണുകാ…ബയോപ്സി എടുക്കുക എന്ന് പറഞ്ഞാൽ അതിനർത്ഥം ക്യാൻസർ ഉണ്ട് എന്നല്ല.. ഈ വളർച്ച ക്യാൻസറിന്റേത് അല്ല എന്നുറപ്പ് വരുത്താനാണ്””.ഡോക്ടർ പറഞ്ഞു.

അന്നു രാത്രി കിടന്നിട്ട് രേണുകക്ക് ഉറക്കം വന്നില്ല. “ബയോപ്സി ഫലം എന്താകും.. ഈശ്വരാ.. പോസിറ്റീവ് ആണെങ്കിൽ.. എന്റെ രഘുവേട്ടൻ.” രേണുകയുടെ നെഞ്ചിൽ ഭയത്തിന്റെ നിഴൽ വീണു. ഉറക്കം വരാതെ അവൾ അസ്വസ്ഥത പെട്ടു. ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വിളി വന്നു. രഘുവും രേണുകയും പുറപ്പെട്ടു. ബസിൽ ഇരിക്കുമ്പോഴും ഇരുവരും ഒന്നും മിണ്ടിയില്ല. രണ്ട് പേരുടേയും മുഖം മ്ലാനമായിരുന്നു. മൂടികെട്ടിയ കാർമേഘം കണക്കേ മുഖങ്ങൾ ഇരുണ്ടു കൂടി.

“ക്യാൻസർ ആയിരിക്കരുതേ”.എന്നുള്ള പ്രാർത്ഥനയോടെ രേണുകയും രഘുവും ഡോക്ടറുടെ മുറിയിൽ പ്രവേശിച്ചു. ഡോക്ടർ സുസ്മേരവദനനായി അവരെ സ്വീകരിച്ചിരുത്തി. ഡോക്ടർ റിപ്പോർട്ട് നോക്കി.

“”രേണുകാ… പേടിക്കരുത്. ക്യാൻസർ എന്ന് പറഞ്ഞാൽ അത് ഇന്നത്തെ കാലത്ത് വലിയൊരു സംഭവം ഒന്നുമല്ല. ഫലപ്രദമായ കുറേ ചികിത്സാ രീതികൾ ഇന്നുണ്ട്””.ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു.

രേണുകക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി. തനിക്ക് ക്യാൻസറാണ്. അവളുടെ മുഖം വിളറി വെളുത്തു. ഭയം നിഴലിക്കുന്ന കണ്ണുകളോടെ അവൾ രഘുവിനെ നോക്കി.. രഘു നിർവികാരനായി തല താഴ്ത്തിയിരുന്നു.

“”പേടിക്കാൻ ഒന്നുമില്ല രേണുകാ.. ചെറിയൊരു മുഴ.. അത്രേ ഉളളൂ.. നമുക്ക് ഒരു സ്കാനിംഗ് കൂടി ചെയ്യേണ്ടതുണ്ട്. എന്നാലേ അതിന്റെ തീവ്രത അറിയാൻ പറ്റൂ. ഏത് തരത്തിലുള്ള ചികിത്സ വേണമെന്ന് എന്നിട്ട് തീരുമാനിക്കാം.”” ഡോക്ടർ പറഞ്ഞു.

സ്കാനിംഗ് ചെയ്യാനുള്ള കുറിപ്പ് വാങ്ങുമ്പോൾ രഘുവിന്റെ കൈകൾ വിറച്ചു. കണ്ണുകൾ നിറഞ്ഞു തുളുമ്പി. അയാൾ രേണുകയുടെ തോളിൽ കൈയിട്ട് ചേർത്തു പിടിച്ചുകൊണ്ടു സ്കാനിംഗ് റൂമിലേക്ക് നടന്നു.

സ്കാനിംഗ് റിപ്പോർട്ടുമായി അവർ വീണ്ടും ഡോക്ടറുടെ മുമ്പിലെത്തി. ഡോക്ടർ റിപ്പോർട്ട് പരിശോധിച്ചു. അയാളുടെ മുഖത്ത് വല്ലാത്തൊരു ഭാവമാറ്റം രഘു കണ്ടു.

“”രേണുക കുറച്ചു നേരം വെളിയിൽ ഇരിക്കുമോ””?. ഡോക്ടർ രേണുകയോട് പറഞ്ഞു.

രേണുകക്ക് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി. അവൾ ദയനീയമായി രഘുവിനെ നോക്കി.രഘു ചിരിച്ചുകൊണ്ട് അവളോട് പുറത്തേക്ക് പോകാൻ ആംഗ്യം കാട്ടി. രേണുക മനസ്സില്ലാ മനസ്സോടെ പതുക്കെ പുറത്തേക്ക് പോയി.

“”രഘൂ.. രേണുകയുടെ അവസ്ഥ വളരെ മോശമാണ്. ശ്വാസകോശം മുഴുവൻ ക്യാൻസർ കോശങ്ങൾ പടർന്നു പിടിച്ചിരിക്കുന്നു. ഒരു സർജറിയോ റേഡിയേഷനോ ഇനി ചെയ്യാൻ പറ്റില്ല.

ഇനി അവരുടെ വേദനയും ബുദ്ധിമുട്ടും കുറക്കാൻ കീമോതെറാപ്പി ചെയ്യാം എന്നേ ഉളളൂ. അത് വഴി അവരുടെ ആയുസ്സ് നമുക്ക് പരമാവധി നീട്ടാൻ നോക്കാം””.ഡോക്ടർ പറഞ്ഞു. അയാളുടെ മുഖത്തും സങ്കടം നിഴലിച്ചിരുന്നു.

“”ഡോക്ടർ.. അവൾക്ക് വെറും ഇരുപത്തിയഞ്ചു വയസ്സേ ആയിട്ടുള്ളൂ””.രഘു ഡോക്ടറോട് പറഞ്ഞു. അയാളുടെ കണ്ഠം ഇടറിയിരുന്നു. മിഴികളിൽ കാണുന്നീർ തുളുമ്പി നിന്നു.

“”രഘൂ…എല്ലാം ശരിയാണ്.. പക്ഷെ..യാഥാർത്യം അംഗീകരിച്ചല്ലേ പറ്റൂ.. കേൾക്ക് രഘൂ.. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ പോലും ക്യാൻസറിന്റെ നീരാളി പിടുത്തത്തിൽ നിന്ന് മോചിതരല്ല.രഘു തളർന്നാൽ രേണുകയും തളരും.

എത്രത്തോളം മനസ്സിന് ധൈര്യം അവർക്ക് കിട്ടുന്നുവോ അത്രത്തോളം അവരുടെ ആയുസ്സും കൂടും.. ഒരു പക്ഷെ.. അത്ഭുതങ്ങൾ തന്നെ സംഭവിച്ചേക്കാം””. ഡോക്ടർ പറഞ്ഞു.

രഘു കണ്ണുകൾ തുടച്ചു.. പതുക്കെ തലയാട്ടി കൊണ്ട് ഒന്ന് മൂളി.  ”’രഘൂ. നമ്മൾ കണ്ടുപിടിക്കാൻ വളരെ വൈകി. സ്റ്റേജ് മൂന്നിൽ എത്തിയിരിക്കുന്നു. ഇത് ആരുടേയും കുറ്റമല്ല. എല്ലാ ക്യാൻസറുകളും നമുക്ക് തുടക്കത്തിൽ കണ്ട് പിടിക്കാൻ കഴിയില്ല.

ശരീരം എന്തെങ്കിലും ലക്ഷണം കാണിച്ചു തരുമ്പോഴേക്കും കൈവിട്ടു പോയിട്ടുണ്ടാവും.”” ഡോക്ടർ വീണ്ടും പറഞ്ഞു.

ഡോക്ടർ ഒരാഴ്ച്ചത്തേക്കുള്ള മരുന്ന് കുറിച്ചു കൊടുത്തു. അടുത്ത ആഴ്ച്ച കീമോ ചെയ്യാനുള്ള ഡേറ്റും കുറിച്ചു കൊടുത്തു. രഘു പുറത്തേക്കിറങ്ങി. രേണുക പുറത്തു നിറഞ്ഞ കണ്ണുകളോടെ പ്രതീക്ഷ നഷ്ടപ്പെട്ടവളെ പോലെ നിർവികാരയായി കസേരയിൽ ചാരി ഇരിക്കുന്നുണ്ട്.

അത് കണ്ടപ്പോൾ രഘുവിന്റെ ചങ്ക് പിടച്ചെങ്കിലും അയാൾ അത് പുറമേ കാണിച്ചില്ല. “”രേണൂ…പോകാം””. രഘു ശബ്ദം ഇടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു.

രേണുക പെട്ടെന്ന് തലവെട്ടിച്ചു രഘുവിനെ നോക്കി. രഘു നിറഞ്ഞൊരു ചിരി ചിരിച്ചു. കരച്ചിൽ വരാതിരിക്കാൻ അയാൾ നന്നേ പാടുപെട്ടു.

“”ആഹ്”” എന്നൊരു ശബ്ദത്തോടെ രേണുക എഴുന്നേറ്റു. അവൾ ശക്തിയായി ചുമച്ചു. ശ്വാസം വലിച്ചു വിട്ടു. രഘു അവളുടെ കയ്യും പിടിച്ചു നടന്നു..

ബസിൽ അടുത്തിരിക്കുമ്പോഴും ഡോക്ടർ എന്താണ് പറഞ്ഞതെന്ന് രേണുക രഘുവിനോട് ചോദിച്ചില്ല. അത് അയാളെ വല്ലാതെ അത്ഭുതപെടുത്തി.”ഇനി അവൾക്കു വല്ല ഉൾവിളിയും വന്നിട്ടുണ്ടാകുമോ മരിക്കാൻ പോവുകയാണെന്ന്.””രഘു ചിന്തിച്ചു.

അയാൾ രേണുകയേ നോക്കി. അവൾ വഴിയോര കാഴ്‌ച്ചകളിൽ കണ്ണും നട്ട് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അങ്ങനെ ഇരിക്കുകയാണ്. അത് കണ്ടപ്പോൾ രഘുവിന് തെല്ലൊരാശ്വാസം തോന്നി.

“”ഏട്ടാ…രഘുവേട്ടാ..എനിക്കിനി കൂടുതൽ ആയുസ്സില്ല എന്നെനിക്ക് മനസ്സിലായി.. എന്നാലും പറയുമോ. ഞാൻ എത്രകാലം ജീവിച്ചിരിക്കുമെന്നാ ഡോക്ടർ പറഞ്ഞത്””.രേണുകയുടെ ഈ ചോദ്യം കേട്ട രഘു വിളറി. അയാൾക്ക് ശ്വാസം തൊണ്ടയിൽ കുരുങ്ങി. വാക്കുകൾക്കായി പരതി.

അയാൾ കട്ടിലിൽ എണീറ്റിരുന്നു. ഒപ്പം രേണുകയും എണീറ്റു.  “”അങ്ങനെയൊന്നും ഡോക്ടർ പറഞ്ഞില്ല എന്ന് കള്ളം പറയേണ്ട. എന്നെ പുറത്താക്കി ഡോക്ടർ രഘുവേട്ടനോട് എന്താണ് പറഞ്ഞിട്ടുണ്ടാവുക എന്ന് എനിക്ക് ഊഹിക്കാമല്ലോ..അങ്ങനെ ചോദിച്ചതാണ്””.രേണുക പറഞ്ഞു.

””അങ്ങനെ ഒന്നുമില്ല രേണൂ. നമുക്ക് നോക്കാം.. ചികിത്സയുണ്ടല്ലോ എന്താണെങ്കിലും വേറെ ഒന്നും ഇപ്പൊ ചിന്തിക്കേണ്ട. കിടന്നുറങ്ങ്””. രഘു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

രഘു അവളെ മാറോടു ചേർത്തു കിടന്നു. ചുണ്ടിലൊരു ചുടു ചുമ്പനം ചാർത്തിയപ്പോൾ അവളാകെ പൂത്തുലഞ്ഞു.

“”അമ്മയോടും അച്ഛനോടും പറയണോ രേണൂ””.? രഘു ചോദിച്ചു.   “”പറയാതെ പിന്നെ….. പറയാതിരുന്നാൽ പോകെ പോകെ അവർ എല്ലാം അറിയും..ഇതും മറച്ചു വെച്ചൂന്ന് പറയും അമ്മ. അതിലും നല്ലതല്ലേ അവർ ഇപ്പൊ തന്നെ എല്ലാം അറിയുന്നത്””.രേണുക പറഞ്ഞു.

നേരം പുലർന്നു. ശക്തിയായി കിതച്ചു കൊണ്ടും ചുമച്ചു കൊണ്ടും രേണുക എഴുന്നേറ്റു. നെഞ്ചിൽ നിന്നും തികട്ടി വന്ന കഫം വായിലെത്തിയപ്പോൾ എന്തോ രുചി വ്യത്യാസം രേണുകക്ക് തോന്നി. അവൾ ബേസിനിൽ പോയി തുപ്പി..

ചോരയിൽ കലർന്ന കൊഴുത്ത കഫം..”ഈശ്വരാ”..അവൾ അറിയാതെ വിളിച്ചു. നെഞ്ചിനുള്ളിൽ മുറിയുന്ന പോലെ വേദന.. രേണുക നെഞ്ചിൽ അമർത്തി പിടിച്ചു അവിടേ ഇരുന്നു.

“”പോയി അടുപ്പിൽ തീ കൂട്ടെടി..കൊച്ചുവെളുപ്പാൻ കാലത്ത് സുഖിച്ചിരിക്കുന്നോ”” ഇത് കണ്ട് വന്ന യശോധ ഉറക്കെ കാറി.

ശബ്ദം കേട്ട് രഘു എഴുന്നേറ്റ് വന്നു. രേണുക ഒന്നും മിണ്ടാതെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

“”അമ്മേ..ഇനിയെങ്കിലും അവളോട് ഇത്തിരി കരുണ കാണിച്ചൂടെ.. അവൾക്ക്.. അവൾക്ക്…ക്യാൻസറാണമ്മേ””.രഘുവിന്റെ തൊണ്ട ഇടറി. അയാൾ വിറക്കുന്ന ചുണ്ടുകളോടെ അമ്മയേ നോക്കി..

യശോധ ഒന്നു ഞെട്ടി..അവർ രൂക്ഷമായി രഘുവിനെ നോക്കി.. പിന്നെ നടന്നു പോകുന്ന രേണുകയെ വെറുപ്പോടെ നോക്കി..

“”ചതിച്ചല്ലോടാ രഘൂ… ഈ അർബുദം പിടിച്ച സാധനത്തിനെ ഇനി നിനക്കെന്തിനാടാ…കൊണ്ട് പോയാക്കെടാ ആ പണ്ടാരകുരിപ്പിനെ അവളുടെ വീട്ടിൽ. എന്നിട്ട് ആ അമ്മാവൻ തന്തയോട് രണ്ട് വർത്താനം പറഞ്ഞിങ്ങ് വാ””.യശോധ ആക്രോഷിച്ചു.

“”അമ്മേ…. ഇത്രക്ക് കണ്ണീചോരയില്ലാതെ””… രഘുവിനെ പറഞ്ഞു മുഴുമിപ്പിക്കാൻ യശോധ സമ്മതിച്ചില്ല  “”മിണ്ടരുത് നീ.. ചികിൽസിക്കാൻ കാശ് ഉണ്ടോടാ നിന്റെ കയ്യിൽ.. കിട്ടുന്ന അഞ്ഞൂറ് കുണുവാ കൊണ്ട് നീ എന്ത് ചെയ്യും…

കാശെത്ര വേണമെന്നാ.. ഇനി ചെലവാക്കിയാൽ തന്നെ അത് ജീവിച്ചിരിക്കുമോ…സംഗതി അർബുദമാ.”” അവർ അലറി വിളിച്ചു.

രേണുകയുടെ മുമ്പിൽ ലോകം നിന്നു കറങ്ങുന്ന പോലെ തോന്നി. തേങ്ങി വന്ന കരച്ചിൽ അവൾ ചുണ്ട് കൂട്ടി കടിച്ചമർത്തി. എങ്കിലും കണ്ണുകൾ നിറഞ്ഞു തുളുമ്പി. അടുപ്പിൽ തീ കത്തിക്കാനുള്ള ഓലക്കൊടിയിലേക്ക് കണ്ണുനീർ ഇറ്റി വീണു.

“”അമ്മേ.. എന്നെ കൊണ്ട് കഴിയുന്ന പോലെ ഞാൻ അവളെ നോക്കും. നമ്മളല്ലാതെ ആരുമില്ല അവൾക്ക്. ഇങ്ങനെ ഒരവസ്ഥയിൽ അവളെ വീട്ടിൽ കൊണ്ടാക്കാൻ എനിക്ക് പറ്റില്ല…ദയവ് ചെയ്തു അവളെ കുത്തുവാക്കുകൾ പറഞ്ഞു വേദനിപ്പിക്കാതിരിക്കുമോ.ഈ അവസ്ഥയിലെങ്കിലും””?.രഘു ദയനീയത മുറ്റി നിന്ന ശബ്ദത്തിൽ പറഞ്ഞു.

യശോധ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവിടെ നിന്ന് പോയി.

ദിവസങ്ങൾ പാഴില കൊഴിയും പോലെ കൊഴിഞ്ഞു കൊണ്ടിരുന്നു. രഘു കടവും കള്ളിയുമൊക്കെയായി രേണുകയേ ചികിൽസിച്ചു. കീമോതെറാപ്പി മരുന്നുകൾ അവളെ ഒരു ഭീകരരൂപിയാക്കി മാറ്റി… മുടി കൊഴിഞ്ഞു..കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടു.. കവിളുകളിലെ ശോണിമ മാഞ്ഞു ഒട്ടി തുടങ്ങി.. മൊട്ടത്തലയിൽ നീലപാടുകൾ വീണു തുടങ്ങി.. മെലിഞ്ഞുണങ്ങി.. അങ്ങനെ ഒരു രൂപം.

കൊടിയ വേദനക്ക് കീമോതെറാപ്പി ആദ്യമൊക്കെ ഒരു ആശ്വാസം ആയെങ്കിലും ക്യാൻസർ കോശങ്ങളുടെ നീരാളി കൈകൾ ശരീരം മുഴുവൻ പടർന്നു കയറിയപ്പോൾ അതിലും പ്രതീക്ഷയില്ലാതായി.

“”രഘൂ… രേണുകക്ക് ഇനി കീമോതെറാപ്പി കൊണ്ട് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. ഇനി ചെയ്യാനുള്ള ആരോഗ്യവും ഇല്ല.വീട്ടിൽ സാന്ത്വന ചികിത്സയും മറ്റുമായി കഴിയാം. വേദനക്കുള്ള മരുന്ന് ഞാൻ എഴുതി തരാം””.അവസാന കീമോയും കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു.

രേണുക ഒന്നു ചിരിച്ചു.. അവൾ ചിരിക്കാൻ പഠിച്ചിരിക്കുന്നു. ജീവിതം അവളെ അങ്ങനെ ആക്കി തീർത്തു. ഇതിലും വലുത് ഇനി വരാനില്ല എന്ന തോന്നൽ അവളിൽ പടർത്തിയത് ചിരിയാണ്. ആ ചിരിയുടെ ബലമാണ് രഘുവിന്റെ ധൈര്യം..

“”രഘുവേട്ടാ..നമുക്ക് പോണ്ടേ… ഡോക്ടർ പറഞ്ഞത് കേട്ടില്ലേ..ഇനി വരണ്ടാന്ന്.. അല്ലെങ്കിലും ഈ മരുന്നിന്റെ മണമുള്ള കീമോ മുറിയിലേക്ക് വരാൻ ആർക്കും ഇഷ്ടം കാണില്ല.ഓർക്കുമ്പൊ തന്നെ ഓക്കാനം വരും “”. രേണുക ചിരിച്ചു കൊണ്ട് പറഞ്ഞു. രഘുവും ചെറുതായി ഒന്നു ചിരിച്ചെന്ന് വരുത്തി.

“”രഘുവേട്ടാ.. ഈ നെഞ്ചിൽ ഇനി ഞാൻ എത്രകാലം കിടക്കുമെന്ന് അറിയില്ല..അല്ലേ”” ഒരിക്കൽ രാത്രി രഘുവിന്റെ നെഞ്ചിൽ തലവെച്ചു കൊണ്ട് രേണുക പറഞ്ഞു.   രഘു ഒന്നും മിണ്ടിയില്ല.

“”ഏട്ടാ…ഒരു സ്ത്രീയിൽ നിന്നു കിട്ടുന്ന സുഖമോ സന്തോഷമോ എന്റെ ഏട്ടന് തരാൻ എനിക്ക് പറ്റിയിട്ടില്ല. ആ കാര്യത്തിൽ മാത്രമേയുള്ളൂ എനിക്ക് സങ്കടം. മരിക്കാൻ ഞാൻ എന്തിന് പേടിക്കണം.കുഞ്ഞുകുട്ടി പരാധീനങ്ങൾ ഒന്നുമില്ലാത്ത ഞാൻ മരിക്കുന്നത് തന്നെയാ നല്ലത്””. രേണുക പറഞ്ഞു.

ഒരു ഞെട്ടലോ തേങ്ങലോ ഒന്നും അവളിൽ നിന്നുണ്ടായില്ല. അത്രക്കും ദൃഡമായിരുന്നു ആ സ്വരം..

രഘുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അയാൾ തേങ്ങി കരഞ്ഞു. രേണുക അയാളുടെ നെഞ്ചിലേക്ക് ഒന്നു കൂടി ചാഞ്ഞു. നെഞ്ചിൽ കവിൾ ചേർത്തു കിടന്നു. രഘു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. രേണുക അയാളെ നോക്കി ചിരിച്ചു.

യശോധ രേണുകയെ കണ്ടതായി പോലും ഭാവിച്ചില്ല. അച്ഛൻ കാർത്തികേയൻ നിസ്സഹായനായി. എല്ലാം തന്റെ തെറ്റാണ് എന്ന കുറ്റബോധം കൊണ്ടാവും. അയാൾ ദയാവായ്പ്പോടെ മാത്രം രേണുകയെ നോക്കി കണ്ടു.

ശാലിനിയും രഘുവും രേണുകയെ പരിചരിച്ചു. രേണുക അവശയായി തുടങ്ങി. എഴുന്നേറ്റ് നേരെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അവളെത്തി. ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടി.ചുമച്ചും കിതച്ചും വലിച്ചും അവൾ ദിനങ്ങൾ എണ്ണി തള്ളി നീക്കി. വേദന രൂക്ഷമായി തുടങ്ങി.

ഏറ്റവും വീര്യം കൂടിയ വേദനാ സംഹാരികൾക്ക് പോലും അത് ശമിപ്പിക്കാൻ ആയില്ല. ഉറക്കമില്ലാത്ത രാവുകൾ അവൾക്ക് കൂട്ടായി. ഉറക്കഗുളികകൾ അവളുടെ കളി തോഴികളായി.

“”യശോധേ..നമ്മുടെ ശാലിനിക്ക് നല്ലൊരു ആലോചന വന്നതാ.. പെണ്ണിന്റെ ഏട്ടത്തിയമ്മക്ക് ക്യാൻസർ ആണെന്ന് വഴിയിൽ ആരോ പറഞ്ഞു കൊടുത്തു. അവർ വന്ന വഴി മടങ്ങീ ത്രേ'”.അച്ഛൻ കാർത്തികേയൻ ഒരു ദിവസം യശോധയോട് പറഞ്ഞു.

ഇത് രേണുക മുറിയിൽ കിടന്നു കേട്ടു. അവൾ കാതോർത്തു.   “”ആ അർബുദം പിടിച്ചത് ചത്തു പോവാതെ എന്റെ മോൾക്കൊരു ജീവിതം ഉണ്ടാവില്ല.. ചോരയും നീരുമുള്ള നമ്മുടെ രഘു വേറെ പെണ്ണ് കെട്ടിയിരുന്നെങ്കിൽ പെണ്ണിനിപ്പോ വയറ്റിലായേനെ. കണ്ടില്ലേ.. ആ ശവത്തിന് അവൻ

കൂട്ടിരിക്കുന്നത്…കാലന് പോലും വേണ്ടാ അതിനെ.. ഒന്നു ചുമച്ചാൽ പിന്നെ ചെവിതല കേൾക്കില്ല.. ശവം “”.ഇത് പറയുമ്പോൾ യശോധയുടെ മുഖത്ത് ക്രൂരമായൊരു ഭാവം നിറഞ്ഞു.

രേണുക നിർവികാരയായി കേട്ടുകൊണ്ട് കിടന്നു. മരണത്തിന്റെ മാലാഖയെ കാത്തിരിക്കുന്ന അവൾക്ക് കരച്ചിൽ വന്നില്ല. അവളറിയാതെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു. എന്നെയാണോ വെല്ലുവിളിക്കുന്നത് എന്ന അർത്ഥത്തിലുള്ള ഒരു പുച്ഛചിരിയായി അത് മാറി.

“”നിങ്ങളെ പറഞ്ഞാൽ മതിയല്ലോ.. പെണ്ണ് കാണാൻ പോവുമ്പോ””…യശോധ എന്തോ പറയാൻ വന്നൂ..

“”നിർത്തെടീ..”” യശോധയേ മുഴുമിപ്പിക്കാൻ കാർത്തികേയൻ അനുവദിച്ചില്ല.

“”നീയും പോയി കണ്ടിട്ട് ഉറപ്പിച്ചതല്ലേ.. എന്തേ നീ കണ്ടുപിടിച്ചില്ല… നോക്കി ഉള്ളിലെ അസുഖം കണ്ടു പിടിക്കാൻ ഞാൻ ബ്രഹ്മാവൊന്നുമല്ല.”” അയാളിൽ അടക്കി വെച്ച ദുഃഖം ദേഷ്യമായി പുറത്തു വന്നു.

“എന്നെ ചൊല്ലി തർക്കിക്കേണ്ട അച്ഛാ.. ഞാൻ പോവാണ്”..രേണുകയുടെ അകതാരിൽ ഇങ്ങനെ മുഴങ്ങി.

“എന്റെ ശാലിനി.. എനിക്ക് താങ്ങും തണലുമായി നിന്ന അവളുടെ വിവാഹം ഞാൻ കാരണമല്ലേ മുടങ്ങുന്നത്. എന്റെ രഘുവേട്ടൻ…. കൂടെ ജീവിക്കാൻ തുടങ്ങീട്ട് ആറ് മാസമേ ആയിട്ടുള്ളൂ എങ്കിലും ഒരായുസ്സ് മുഴുവൻ എന്നെ സ്നേഹിച്ച പോലെ.. ഒരു പുരുഷന്റെ വികാരവിചാരങ്ങൾ എനിക്ക് വേണ്ടി അടക്കിപിടിച്ചു ജീവിക്കുന്നില്ലേ അദ്ദേഹം.

എന്റെ ജീവിത പുണ്യമല്ലേ അദ്ദേഹം.. പാടില്ല…ഇനി അദ്ദേഹത്തിന് ഒരു മോചനം വേണം.. പോവണം ഈ ലോകം വിട്ട്.. എറിപോയാൽ ഒരു മാസം കൂടി ഞാൻ ജീവിച്ചിരിക്കാം. അതിലെന്താ നേട്ടം..

ഒന്നുമില്ല.. എല്ലാർക്കും ഈ തടവറയിൽ നിന്നൊരു മോചനം ആവട്ടെ.. എന്റെ വേദനകളിൽ നിന്നും എനിക്കും വേണം ഒരു മോചനം.” രേണുക മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചു.

രാത്രി ഒരു പിടി വേദനാ സംഹാരി ഗുളികകളും ഉറക്ക് ഗുളികളും രഘു അറിയാതെ രേണുക വിഴുങ്ങി. സാധാരണ ഗുളിക രഘുവാണ് എടുത്തു കൊടുക്കാറുള്ളത്. രഘു മുറിയിൽ വന്നു ഗുളിക എടുക്കാൻ അലമാര തുറന്നു.

“”ഏട്ടാ ഗുളികകൾ ഞാൻ കഴിച്ചു ഇപ്പൊ..ഇനി എടുക്കേണ്ടാട്ടോ. ഏട്ടൻ വന്നു കിടന്നേ””.രേണുക കിതച്ചുകൊണ്ട് രഘുവിനോട് പറഞ്ഞു .

“”അതെന്താ…നേരത്തെ കഴിച്ചേ..വേദന കൂടിയോ””? രഘു കിടക്കുന്നതിനിടയിൽ ചോദിച്ചു.

“മ്മ്..മ്മ്”.അവൾ മൂളി..അവൾ രഘുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. കവിൾ നെഞ്ചിൽ ചേർത്തു.. “ടും ടും ടും” രഘുവിന്റെ നെഞ്ചിടിപ്പിന്റെ താളം രേണുക കേട്ടു.” ഈ മിടിപ്പ് ഇനി ഞാൻ കേൾക്കുമോ”.? അവളുടെ ഉള്ളം മന്ത്രിച്ചു.

“”രഘുവേട്ടാ…ഞാൻ മരിച്ചാൽ ഏട്ടൻ വേറെ പെണ്ണ് കെട്ടുമോ””? അവൾ അല്പം കൊഞ്ചിക്കൊണ്ട് ചോദിച്ചു.

“”അതിന് ആര് മരിക്കുന്നു. മിണ്ടാതെ കിടക്ക് പെണ്ണെ””.രഘു നീരസത്തോടെ പറഞ്ഞു.

“”അതല്ല.. ഏട്ടാ.. ഏട്ടൻ വേറെ പെണ്ണ് കെട്ടണം. എന്നിട്ട് എനിക്ക് തരാൻ പറ്റാത്തതൊക്കെ ഏട്ടൻ അവളിൽ നിന്നു വാങ്ങണം.. അതാണ് എന്റെ സന്തോഷം.. ചെയ്യുമോ.. കെട്ടുമോ ഏട്ടാ വേറെ പെണ്ണിനെ..?.അവൾ വീണ്ടും ചോദിച്ചു. മയക്കം അവളെ തലോടാൻ തുടങ്ങിയിരിക്കുന്നു.

“മ്മ്. മ്മ്”..രഘു അവളെ സമാധാനിപ്പിക്കാൻ എന്ന പോലെ പതുക്കെ മൂളി.

“”പിന്നെ ശാലിനിയെ നല്ല ഒരുത്തന്റെ കൂടെ പറഞ്ഞു വിടണം.. അവൾക്ക് പഠിക്കാൻ ഇഷ്ടമാണ്. അങ്ങനെയുള്ള ഒരുത്തന്റെ കൂടെയേ അവളെ പറഞ്ഞു വിടാവൂ””.രേണുക വീണ്ടും പറഞ്ഞു.

അവളുടെ നാക്ക് കുഴഞ്ഞു തുടങ്ങി. രഘുവിന്റെ ഹൃദയതാളം അവളുടെ കാതിൽ അടിക്കുന്നത് നേർത്ത ശബ്ദത്തിൽ അവൾ കേട്ടു.

“”ഇത് രണ്ടും ഉളളൂ രഘുവേട്ടാ എന്റെ ആഗ്രഹങ്ങൾ.. പിന്നെ””..രേണുകയുടെ നാവ് പൊങ്ങുന്നില്ല.. പൂർണ്ണമയക്കത്തിലേക്ക് അവൾ വീഴാൻ തുടങ്ങി. “ഇനി ഒരു ഉണർവ്വ് ഈ ലോകത്തില്ല. ഏറ്റവും സുരക്ഷിതമായ ഈ നെഞ്ചിൽ ഇനി ഞാൻ തല വെക്കില്ല. പ്രാണനാഥനെ വിട്ട് ഞാൻ പോവുകയാണ്..

പ്രണയിച്ചു കൊതി തീർന്നിട്ടില്ല…പുരുഷന്റെ ചൂടും മണവും കിതപ്പും വിയർപ്പും അറിഞ്ഞിട്ടില്ല. രതിയെന്താണെന്ന് അറിഞ്ഞിട്ടില്ല.. രതിമൂർച്ച അനുഭവിച്ചിട്ടില്ല. ഗർഭം ധരിച്ചിട്ടില്ല. കുട്ടികളെ താലോലിച്ചിട്ടില്ല.

മുലയൂട്ടിയിട്ടില്ല.. ഒരു കാര്യത്തിലും എന്റെ സ്ത്രീത്വം പൂർണ്ണത നേടിയിട്ടില്ല.. എങ്കിലും എനിക്കിനി സമയമില്ല””… അവളുടെ അബോധ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു

രേണുക വീണ്ടും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ. .. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.

“”രേണൂ.. രേണൂ””..രഘു അവളുടെ കവിളിൽ തട്ടി വിളിച്ചു. അവൾ ഒന്ന് ഞരങ്ങി. അവന്റെ നെഞ്ചിലേക്കവൾ ഒന്നുകൂടി ചാഞ്ഞു.

“”ഉറങ്ങിയോ.. ഇത്ര വേഗം.. എന്നെ ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചിട്ട്..””.രഘു രണ്ട് കൈകൊണ്ടും അവളെ പതുക്കെ വരിഞ്ഞു. അവരങ്ങനെ കിടന്നു.

ഇരുട്ട് നിറഞ്ഞ ഒരു ആകാശത്തിലൂടെ രേണുക പറന്നു പോവുകയാണ്. അവൾക്ക് വർണ്ണ ചിറകുകൾ മുളച്ചിരിക്കുന്നു. നക്ഷത്രങ്ങൾ എന്തോ അന്ന് കണ്ണടച്ചു. കൂരാകൂരിരുട്ടിലൂടെ അവൾ നേർ രേഖയിൽ പറക്കുന്നു…

അതാ… ദൂരെ ദൂരെ ഒരു വെള്ളി വെളിച്ചം.. അവൾ ആ വെളിച്ചം ലക്ഷ്യമാക്കി പറന്നു നീങ്ങി…കാണേ കാണേ ആ വെളിച്ചം ഒരായിരം വർണ്ണരാജികളായി അവളുടെ മുന്നിൽ മിന്നി തിളങ്ങി.. അവൾ ആ വർണ്ണരാജികളുടെ അനന്തവിഹായസിലേക്ക് ഊളിയിട്ടു..

… ശുഭം… നന്ദി..

Leave a Reply

Your email address will not be published. Required fields are marked *