ഞാനെന്താ ഇക്കാ ഒറ്റക്ക് പുറത്ത് പോയാല്…? ഞാനെന്താ ചെറിയ കുട്ടിയാണോ…?”ഭാര്യയുടെ ചോദ്യം കേട്ടപ്പോൾ ഫൈസിക്ക് ദേഷ്യം ഇരച്ച് കയറി

(രചന: ഞാൻ ഗന്ധർവ്വൻ)

“ഞാനെന്താ ഇക്കാ ഒറ്റക്ക് പുറത്ത് പോയാല്…? ഞാനെന്താ ചെറിയ കുട്ടിയാണോ…?”ഭാര്യയുടെ ചോദ്യം കേട്ടപ്പോൾ ഫൈസിക്ക് ദേഷ്യം ഇരച്ച് കയറി

“ഞാൻ പറയുന്നത് നീയങ്ങ് കേട്ടാമതി. ന്റെ പെങ്ങളെ മോനെയോ അല്ലേൽ ന്റെ അനിയനെയോ ഒപ്പം കൂട്ടിയിട്ട് നീ കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമത്തിന് പോയാൽ മതി”

ഷംനക്ക് ശരിക്കും സങ്കടം വന്നു”ന്റെ ഫൈസിക്കാ, ഞാൻ പഠിച്ച കോളേജിലേക്കല്ലേ ഞാൻ പോകുന്നത്, എന്റെ കൂടെ പഠിച്ച കൂട്ടുകാരേയും അധ്യാപകരേയും കാണാനല്ലേ…? അതിനെന്തിനാ എനിക്കൊരു കൂട്ട്…?”

ഒന്ന് നിറുത്തിയിട്ട് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുടച്ചുമാറ്റി ഷംന ഫോൺ മറ്റേ കയ്യിലേക്ക് മാറ്റി

“ഇങ്ങക്ക് എന്തൊരു സംശയാ ഇക്കാ, ഞാൻ ആരുടേയും കൂടെ പോകും എന്ന് പേടിച്ചിട്ടാണോ ഇങ്ങള് ഇങ്ങനൊക്കെ പറയുന്നേ…?”

ഇത് കേട്ടപ്പോൾ ഫൈസിക്കും ശരിക്കും ദേഷ്യം വന്നു”നീ കൂടുതൽ ചിലക്കേണ്ട, അങ്ങനെ എന്നെയിപ്പോ നീ സൈക്കോ ഭർത്താവ് ആക്കേണ്ട. അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ ഞാൻ നിനക്ക് തരുന്നുണ്ട് തത്കാലം അതുമതി. ഓവറായി കെട്ട്യോളെ അഴിച്ച് വിടാൻ എനിക്ക് താല്പര്യം ഇല്ല”

“വീട്ടിൽ നിന്നും രണ്ട് മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള കോളേജിലേക്ക് ഒറ്റക്ക് പോകുന്നത് അഴിച്ച് വിടലാണോ…? നിങ്ങളൊക്കെ ഏത് കാലത്താണ് ഇക്കാ ജീവിക്കുന്നത്…?”

ഇത് കേട്ടപ്പോൾ ഫൈസിയുടെ കാലിന്റെ പെരുവിരലിൽ നിന്നും ദേഷ്യം അരിച്ച് തലയിലേക്ക് കയറി

“ഈ കാലത്തെ കുറിച്ചൊന്നും നീ എന്നെ പഠിപ്പിക്കേണ്ട, ഭർത്താക്കന്മാരെ ചതിക്കുന്ന ഭാര്യമാരുടെ ആയിരക്കണക്കിന് വാർത്തകളാ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വരുന്നത്. അതോണ്ട് ഞാൻ പറയുന്നത് അങ്ങ് കേട്ടാ മതി”

ഷംനക്ക് നന്നായി ദേഷ്യം വന്നു”എന്നെ കല്യാണം കഴിക്കുമ്പോൾ ഇങ്ങള് ഇങ്ങനൊന്നും അല്ലായിരുന്നല്ലോ പറഞ്ഞിരുന്നത്…? എനിക്ക് തുടർന്ന് പഠിക്കണം എന്ന് പറഞ്ഞപ്പോൾ നിന്റെ എല്ലാ ആഗ്രഹത്തിനും കട്ട സപ്പോർട്ട് എന്ന് പറഞ്ഞല്ലേ നിങ്ങള് എന്നെ കെട്ടിയെ. എന്നിട്ട് നിങ്ങളെന്നെ പഠിക്കാൻ വിട്ടോ…?”

ഒന്ന് നുറുത്തിയിട്ട് പുച്ഛത്തോടെ ഷംന തുടർന്നു”ഓഹ് അത് ഇങ്ങക്ക് നാട്ടിലൊന്നും പെണ്ണ് കിട്ടാഞ്ഞപ്പോൾ കള്ളം പറഞ്ഞ് എന്നേയും വീട്ടുകാരേയും പറ്റിച്ചതാവും ല്ലേ…?”

ഫൈസി ദേഷ്യം കൊണ്ട് വിറച്ചു. അവൻ ഫോൺ കട്ട്‌ ചെയ്ത് ഒരു ഗ്ലാസ് വെള്ളം കുടിച്ച് തന്റെ ബെഡിൽ പോയി കിടന്നു. എന്നിട്ട് ഫോൺ കയ്യിലെടുത്ത് തന്റെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പ്‌ ഓപ്പൺ ചെയ്ത്.

അതിൽ ചറപറാ മെസ്സേജ് വന്നോണ്ടിരിക്കാണ്. വർഷങ്ങൾക്ക് ശേഷം എല്ലാവരും ഒത്തുകൂടുന്നതിനെ കുറിച്ചായിരുന്നു ചർച്ച. ഫൈസി ഒരു വോയ്‌സ് ഗ്രൂപ്പിലേക്ക് റെക്കോർഡ് ചെയ്ത് തുടങ്ങി

“ഹായ്‌ മുത്തുമണികളേ, മീറ്റപ്പ് എന്ന് വെച്ചാലും ശരി, പക്ഷേ ഞാൻ നാട്ടിൽ ഉള്ളപ്പോൾ ആവണം എന്നുമാത്രം. നമുക്ക് പൊളിക്കണം.

ടീ സുമീ നീയും ഉണ്ടാവില്ലേ പിന്നെ എന്റെ പഴേ കാമുകിമാരായ മഞ്ജുവും തസ്നിയും കമറുവും എന്തായാലും ഉണ്ടാവണം എല്ലാവർക്കും ഞാൻ ഇവിടുന്ന് ഗിഫ്റ്റ് മേടിക്കുന്നുണ്ട് ”

ആ വോയ്‌സ് അയച്ച ഉടൻ ഫൈസി നേരെ പോയത് സുമിക്ക് പേഴ്‌സണൽ മെസ്സേജ് അയക്കാനായിരുന്നു

“ടീ നീയെന്താ ഗ്രൂപ്പിൽ ഒന്നും പറയാത്തെ…? നീ വരില്ലേ…?””ഇല്ലടാ, ഹസിന് താല്പര്യം ഇല്ല. അതോണ്ട് ഞാനില്ല”ഫൈസിക്കങ്ങ് ദേഷ്യം വന്നു

“ഞാൻ വരുന്നതന്നെ നിന്നെ കാണാനാ, എന്ത് ഭർത്താവാടോ തന്റെ. ഇപ്പോഴും നേരം വെളുത്തിട്ടില്ലേ അയാൾക്ക്…? ച്ചേ!!! ഇയാളൊക്ക ഏത് കാലഘട്ടത്തിലാണാവോ ജീവിക്കുന്നേ. പൊട്ടക്കിണറ്റിലെ തവള”

Leave a Reply

Your email address will not be published. Required fields are marked *