ഇതുപോലെ കള്ളത്തരം കാണിക്കാൻ തോന്നുമ്പോ ഓർക്കണം അച്ഛനും അമ്മേം എത്ര കഷ്ടപ്പെട്ട് ആണ് നിങ്ങളെ വളർത്തുന്നത് എന്ന്.

(രചന: പുഷ്യാ. V. S)

വീട്ടിലേക്ക് നടക്കുന്ന വഴിയിലത്രയും സോനുവിന്റെ ടെൻഷൻ കൂടി വന്നു. ഇത്രനാളും ക്ലാസ്സിൽ ടോപ് ആയിരുന്ന താൻ ഇന്ന് ആദ്യമായി ഒരു വിഷയത്തിന് തോറ്റു. പേപ്പർ അമ്മയെക്കൊണ്ട് ഒപ്പിട്ട് നാളെ സ്കൂളിൽ തിരികെ നൽകണം.

അത് ആലോചിക്കുമ്പോഴേ അവന് ഭയമായിരുന്നു. തന്റെ അശ്രദ്ധ കാരണം കുറച്ചു മാർക്ക്‌ എങ്ങാനും കുറഞ്ഞാൽ തന്നെ അമ്മ വഴക്ക് പറയും. ഇത്തവണ തോറ്റുപോയി. എങ്ങനെ അമ്മയുടെ മുന്നിൽ പോയി നിൽക്കും എന്ന് അറിയില്ല. ഓരോന്ന് ആലോചിച്ചു സോനു വീടെത്തി.

“” ആഹ് വന്നോ. പോയി മേല് കഴുകീട്ടു വാ. നീ രണ്ട് മൂന്ന് ദിവസായില്ലേ ബ്രെഡ് റോസ്റ്റ് വേണം എന്ന് പറയാൻ തുടങ്ങീട്ട്. ഇപ്പൊ റെഡി ആക്കി തരാട്ടോ ” സോനുവിന്റ അമ്മ പറഞ്ഞു.

അവൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി. ബാഗിൽ നിന്നും മാത്‍സ് ടെക്സ് എടുത്തു അതിനുള്ളിൽ മടക്കി വച്ചിരുന്ന തന്റെ അൻസർ ഷീറ്റിലെ മാർക്കിലേക്ക് തന്നെ നോക്കി നിന്നു. പിന്നെ അത് തിരികെ മടക്കി വച്ച ശേഷം മേല് കഴുകാനായി ബാത്‌റൂമിലേക്ക് പോയി.

“” എന്താ ഡാ ആലോചിച്ചു ഇരിക്കുന്നെ. ചായ തണുത്തുപോകുന്നെന്നു മുൻപ് എടുത്തു കുടിക്ക് “” അമ്മയുടെ ശബ്ദം കേട്ട് സോനു ഒന്ന് ഞെട്ടി. അവൻ ചായ എടുത്തു കുടിച്ചു.

“” എന്ത് പറ്റി മോനേ. സ്കൂളിൽ എന്തേലും പ്രശ്‌നം ഉണ്ടോ “” അമ്മ ചോദിച്ചു

“”ഏയ്‌ ഒന്നും ഇല്ലമ്മാ “” അവൻ മെല്ലെ പറഞ്ഞുകൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു”” ഹാ അത് മുഴുവൻ കഴിച്ചിട്ട് പോടാ. എന്തേ കൊള്ളത്തില്ലേ “” അമ്മ ചോദിച്ചു

“” എനിക്ക് വിശപ്പില്ലമ്മാ. പിന്നെ കഴിച്ചോളാം ” അതും പറഞ്ഞു അവൻ അകത്തേക്ക് പോയി.

സോനു അമ്മയുടെ ഫോണും എടുത്താണ് അകത്തേക്ക് പോയത്. അവൻ മുറിയിൽ ചെന്ന ശേഷം അവന്റെ ഫ്രണ്ട് ആയ നീരജിനെ വിളിച്ചു.

“” ഹലോ…പറയെടാ.എന്താ വിളിച്ചേ നീ “” മറുവശത്തു നീരജിന്റെ ചോദ്യം”” എടാ ഞാനാകെ ടെൻഷനിലാ ഇവിടെ. നീ ഒരു വഴി പറ “” സോനു പറഞ്ഞു

“” എടാ ടെൻഷൻ എന്താണ് എന്ന് പറഞ്ഞാൽ അല്ലേ വഴി പറയാൻ പറ്റൂ. നീ കാര്യം എന്താണ് എന്ന് പറ ആദ്യം “” നീരജ് പറഞ്ഞു

“” ടാ നാളെ മാത്‍സ് പേപ്പർ ഒപ്പിട്ട് കൊണ്ട് വരണ്ടേ. ഞാൻ എങ്ങനാ ഈ പേപ്പർ അമ്മേ കാണിക്കുന്നേ. കുറച്ചു മാർക്ക്‌ കുറഞ്ഞാൽ തന്നെ അമ്മ സീൻ ആണ്. അപ്പൊ തോറ്റു എന്നൊക്കെ പറഞ്ഞാൽ എന്നെ ബാക്കി വച്ചേക്കൂല. എന്താ ഇപ്പൊ ചെയ്യാ “” സോനു ചോദിച്ചു.

“” എടാ ഇതിനൊക്കെ ഇത്രക്ക് ടെൻഷൻ അടിക്കണോ. നീ ഒരു കാര്യം ചെയ്യ്. പേപ്പർ അമ്മേ കാണിക്കണ്ട. നീ തന്നെ ഒപ്പിട്ട് കൊണ്ട് വാ. ആര് കണ്ട് പിടിക്കാനാ “” നീരജ് പറഞ്ഞു

“” അയ്യോ ഞാനോ. എനിക്ക് അറിയില്ലെടാ അമ്മേടെ ഒപ്പിടാൻ. ഇനി ഇതെങ്ങാനും അമ്മ അറിഞ്ഞാൽ ഇരട്ടി പണി ആവും. എനിക്ക് വയ്യ. നീ വേറെന്തെലും വഴി പറ “” സോനു പറഞ്ഞു

“” അത് ശെരി. കുറച്ചു റിസ്ക് എടുക്കാൻ വയ്യെങ്കിൽ നീ പേപ്പർ നിന്റെ അമ്മേടെ കയ്യിൽ കൊണ്ട് കൊടുക്ക്. എന്നിട്ട് കിട്ടണത് മേടിച്ചോ. അല്ല പിന്നെ “” നീരജ് അതും പറഞ്ഞു ഫോൺ കട്ട്‌ ആക്കി.

സോനു കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് ഷെൽഫിൽ നിന്ന് പഴയൊരു ബുക്ക്‌ എടുത്തു മറിച്ചു. അതിൽ അവന്റെ അമ്മയുടെ ഒപ്പ് ഉണ്ടായിരുന്നു. അവൻ ഒരു പേപ്പർ എടുത്തു ആ ഒപ്പ് ഒന്ന്

പകർത്താൻ ശ്രമിച്ചു. ആദ്യം ഒന്നും ശെരിയായില്ലെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അവൻ ആ ഒപ്പ് കൃത്യമായി പഠിച്ചെടുത്തു.

അവൻ ആ അൻസർ പേപ്പർ എടുത്തു. അതിൽ ഒപ്പിടാൻ തുടങ്ങുമ്പോഴാണ് ഹാളിൽ അമ്മയുടെ ശബ്ദം കേട്ടത്. അച്ഛനും ആയി ഫോണിൽ സംസാരിക്കുകയാണ്

“” നിങ്ങൾക്ക് എന്താ കാര്യം പറഞ്ഞാൽ മനസിലാവാത്തത്. എത്ര നാളായി പറയുന്നു നാട്ടിൽ വരാൻ. ഇവിടെ എന്തേലും ചെറിയ ജോലി ആണേലും കുഴപ്പം ഇല്ല.

ഇനി അന്യ നാട്ടിൽ കിടന്നു കഷ്ടപ്പെടേണ്ട. എനിക്ക് വയ്യ ഇവിടെ ഒറ്റയ്ക്കു എല്ലാം മാനേജ് ചെയ്യാൻ. പോരാത്തതിന് മോള് ഹോസ്റ്റലിൽ ആയപ്പോൾ മുതൽ ഞാനും മോനും മാത്രമാ ഇവിടെ.

അവള് ഉണ്ടായിരുന്നപ്പോൾ പിന്നേം കുഴപ്പം ഇല്ല. ഇപ്പോൾ ശെരിക്കും ഒറ്റയ്ക്ക് ആയ പോലെയാണ്.

ഇപ്പോൾ അമ്മയുടെ ശബ്ദം കേൾക്കുന്നില്ല.മറുവശത്തു നിന്ന് അച്ഛൻ എന്തേലും പറയുന്നുണ്ടാവും. സോനു മനസ്സിൽ ഓർത്തു.

“” എനിക്കറിയാം. നമ്മുടെ മക്കൾക്ക് വേണ്ടി അല്ലേ ഈ കഷ്ടപ്പെടുന്നത്. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം. നമ്മുടെ കടങ്ങൾ ഒക്കെ തീർന്ന് വരുന്നത് അല്ലേ ഉള്ളു. ഇപ്പോൾ തന്നെ സോനുന്റെ ട്യൂഷൻ ഫീസ് പെന്റിങ് ആണ്.

ഏട്ടൻ അടുത്ത് അയക്കുമ്പോ വേണം കഴിഞ്ഞ മാസത്തെ കൂടി ചേർത്തു കൊടുത്തു തീർക്കാൻ. ഞാൻ പറഞ്ഞെന്നെ ഉള്ളു. ഇവിടുത്തെ കാര്യം ഓർത്തു ഏട്ടൻ വിഷമിക്കണ്ട.

ഞാൻ നോക്കിക്കോളാം. രണ്ടാളും നന്നായിട്ട് പഠിക്കുന്നുണ്ട്. നമുക്ക് അത് പോരെ സമാധാനിക്കാൻ “” സോനുവിന്റ അമ്മ പറഞ്ഞു

സോനു ഇതൊക്കെ കേട്ട് വല്ലാതെയായി. അവൻ ആ അൻസർ പേപ്പർ ഒപ്പിടാതെ മടക്കി വച്ചു. ആ കള്ളയൊപ്പിട്ടു പഠിച്ച പേപ്പർ ചുരുട്ടി എറിയുകയും ചെയ്തു.

അവൻ അങ്ങനെ ടേബിളിൽ തല വച്ചു കിടക്കുമ്പോൾ ഒരു കൈ മുടിയിലൂടെ തഴുകുന്നത് അറിഞ്ഞു അവൻ കണ്ണ് തുറന്നു.

“” കൊള്ളാലോ. പഠിച്ചു പഠിച്ചു ഉറങ്ങിയോ. വാ എന്തേലും കഴിച്ചിട്ട് കിടക്കാം. വന്നിട്ട് ഒന്നും നേരെ കഴിച്ചില്ലല്ലോ നീ “” അമ്മ അവനോട് പറഞ്ഞു.

സോനു ഒന്ന് മൂളുക മാത്രം ചെയ്തിട്ട് താഴേക്ക് പോയി. ആഹാരം ഒക്കെ കഴിച്ചു തിരികെ വന്നപ്പോൾ കട്ടിലിൽ അവന്റെ അൻസർ ഷീറ്റ് മടക്കി വച്ചിട്ടുണ്ട്.

ഇതാരാ ഇവിടെ കൊണ്ട് വച്ചത് എന്ന് ഓർത്തുകൊണ്ട് അവൻ അത് തുറന്നു. അതിലെ അവന്റെ അമ്മയുടെ ഒപ്പ് കണ്ട് അവൻ ഒരു നിമിഷം പകച്ചു പോയി.

അവന് കാര്യം മനസിലായി. അമ്മയോട് കള്ളം കാണിക്കാൻ മനസ് വരാത്തതിനാൽ ആണ് താൻ ആ പേപ്പറിൽ ഒപ്പിടാതെ മടക്കി വച്ചത്. എന്നാൽ സത്യം അമ്മയോട് പറയാൻ പേടിയും ഉണ്ടായിരുന്നു.

പക്ഷേ അമ്മ ഈ മാർക്ക്‌ കണ്ടിട്ടും തന്നെ വഴക്ക് പറയാതെ ഒപ്പിട്ട് വച്ചിരിക്കുന്നു. അവന് നല്ല സങ്കടം തോന്നി. അവൻ ആ പേപ്പറും എടുത്തു അമ്മയുടെ അടുത്തേക്ക് ഓടി. കരഞ്ഞുകൊണ്ട് അവൻ അമ്മയെ ചുറ്റിപ്പിടിച്ചു.

“”അമ്മാ… സോറി. ഞാൻ അടുത്ത എക്സമിനു നല്ലോണം പഠിച്ചോളാം “” അവൻ പറഞ്ഞു.

“” അയ്യേ. അതിന് ഇങ്ങനെ കരയണോ. നിന്നെ ഞാൻ വഴക്കൊന്നും പറഞ്ഞില്ലല്ലോ. ഒപ്പിട്ട് തന്നില്ലേ. പക്ഷേ ഞാൻ വഴക്ക് പറഞ്ഞേനെ. ദേ ഈ പരിപാടി കാണിച്ചതിന് “” അമ്മ തന്റെ കയ്യിലിരുന്ന കടലാസ് നിവർത്തി കാണിച്ചു. സോനു കള്ളയൊപ്പിട്ട് പഠിച്ച പേപ്പർ.

“” അമ്മ അത് ഞാൻ ആദ്യം അങ്ങനെ വിചാരിച്ചെങ്കിലും എന്തോ അമ്മയെ പറ്റിക്കാൻ തോന്നീല്ല. സത്യമായിട്ടും ഞാൻ പേപ്പറിൽ ഒപ്പ് ഇടില്ലായിരുന്നു “” അവൻ പറഞ്ഞു.

“” അത് എനിക്ക് മനസിലായി. നിന്നെ കഴിക്കാൻ വിളിക്കാൻ വന്നപ്പോ തന്നെ ഞാൻ ശ്രദ്ധിച്ചു മുഖം ഒക്കെ വാടി ഇരിക്കണേ. പിന്നെ നിന്റെ ടേബിളിന്റെ താഴെ ഇത് ചുരുട്ടിക്കൂട്ടി എറിഞ്ഞേക്കണത് കണ്ടപ്പോ കാര്യം മനസിലായി.

പിന്നെ മാർക്ക്‌ കുറഞ്ഞെങ്കിലും നീ എന്നോട് കള്ളം കാണിച്ചില്ലല്ലോ. ചെയ്യാൻ ശ്രമിച്ചെങ്കിലും സ്വയം തിരുത്തിയില്ലേ. അതാ ഞാൻ ഒപ്പിട്ട് തരാം എന്ന് കരുതിയത്. പിന്നെ ഇത് എപ്പോഴും

ഉണ്ടാവും എന്ന് മോൻ കരുതണ്ട. അടുത്ത എക്സമിനു നേരെ പഠിച്ചില്ലേൽ എന്റെ കയ്യിൽ നിന്ന് കിട്ടും നിനക്ക്.”” അമ്മ പറഞ്ഞു.””ഇല്ലന്നെ ഞാൻ അടുത്ത തവണ നല്ല മാർക്ക്‌ മേടിക്കും.

“” ശെരി പോയി കിടന്നോ. പിന്നെ ഇതുപോലെ കള്ളത്തരം കാണിക്കാൻ തോന്നുമ്പോ ഓർക്കണം അച്ഛനും അമ്മേം എത്ര കഷ്ടപ്പെട്ട് ആണ് നിങ്ങളെ വളർത്തുന്നത് എന്ന്.

ഒരു കള്ളം ചെയുമ്പോൾ തത്കാലം രക്ഷപെട്ടു എന്ന് തോന്നിയാലും പിന്നീട് അതൊരു ഭാരം ആയിട്ട് തോന്നും. അതുകൊണ്ട് മോൻ ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ.

സോനുവിന് അമ്മ പറഞ്ഞത് പോലെ അത് വരെയുണ്ടായിരുന്ന ഒരു ഭാരം ഇറങ്ങിയത് അനുഭവിച്ചു അറിയാൻ പറ്റുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *