ആരുമറിയാതെ അബോർട്ട് ചെയ്യാം എന്നൊക്കെ സ്വന്തക്കാരുടെ എത്രയെത്ര പ്രോലോഭനങ്ങൾ.. പരിഹാസങ്ങൾ.. കുത്തുവാക്കുകൾ.

(രചന: ശാലിനി)

“എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ.. എന്തൊരു നാണക്കേട് ആണ് ഇത് ”

കോളേജിൽ നിന്ന് വന്ന മകൻ ബാഗ് വലിച്ചെറിഞ്ഞു. അവന്റെ ഇരുണ്ട മുഖം കണ്ടപ്പോൾ അടുത്തേക്ക് ചെല്ലാൻ ഒന്ന് മടിച്ചു..

അല്ലെങ്കിലും ഈ അമ്മ കുറച്ചു നാളായി അവനൊരു നാണക്കേട് ആയിരിക്കുന്നു..
അവൾക്ക് നെഞ്ചിൽ വല്ലാത്തൊരു ഭാരം കയറ്റി വെച്ചത് പോലെ തോന്നി.. ഇപ്പോൾ കുറച്ചു നാളായിട്ട് മകൻ തന്റെ മുഖത്ത് പോലും നോക്കുന്നില്ല..

അമ്മേ എന്നൊന്ന് വിളിച്ചിട്ട് എത്ര നാളുകളായി. അവൾ മുഖം സാരിത്തുമ്പിൽ അമർത്തി തുടച്ചു. അടുക്കളയിൽ ചെന്ന് ചൂട് ചായ കപ്പിലേക്ക് പകർന്നൊഴിച്ചു.

കഴിക്കാൻ കാസറോളിൽ അടച്ചു വെച്ചിരുന്ന രാവിലത്തെ ഇഡ്ഡലിയും സാമ്പാറും ചട്ട്ണിയും ഡൈനിങ്ങ് ടേബിളിലേക്ക് എടുത്ത് വെച്ച് മാറിനിന്നു..

വൈകുന്നേരം വലിയ വിശപ്പോടെയാണ് അവൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽക്കേ ഓടിവരുന്നത്..

മകന്റെ നിഴലനക്കം കേട്ട പാടെ അവൾ മുറിയിലേക്ക് മാറിക്കളഞ്ഞു. തൊട്ടിലിൽ അപ്പോഴും ഒന്നുമറിയാതെ കിടന്നിരുന്ന കുഞ്ഞ് മെല്ലെ ഒന്ന് ചിണുങ്ങി.. അവൾ തൊട്ടിലിൽ കിടന്ന കുഞ്ഞിനെ നോക്കി വിഷാദത്തോടെ ഒന്ന് ചിരിച്ചു..

ഭാഗ്യമില്ലാത്ത കുട്ടി !!അങ്ങനെ ആണ് അവൾക്ക് തോന്നിയത്.. അതേ നീ വയറ്റിൽ ഉരുവായ നിമിഷം മുതൽ എത്ര പേരുടെ കറുത്ത മുഖവും ദുഷിച്ച വാക്കുകളും കേൾക്കുന്നു.. ഈ പ്രായത്തിൽ ഇതൊക്കെ നാണക്കേട് ആണ്..

ഇത് വേണ്ട. ആരുമറിയാതെ അബോർട്ട് ചെയ്യാം എന്നൊക്കെ സ്വന്തക്കാരുടെ എത്രയെത്ര പ്രോലോഭനങ്ങൾ.. പരിഹാസങ്ങൾ.. കുത്തുവാക്കുകൾ.. പക്ഷേ പതറി പോയത് ഒരിടത്തു മാത്രമായിരുന്നു..

തന്റെ മകന്റെ മുന്നിൽ മാത്രം !
അവന്റെ കത്തുന്ന കണ്ണുകളെ നേരിടാനാവാതെ മുറിക്കുള്ളിൽ അഭയം പ്രാപിച്ചു.. എല്ലാത്തിനും ഉത്തരവാദിത്വപ്പെട്ടയാൾ ലീവ് കഴിഞ്ഞു വിദേശത്ത് എത്തിയിരുന്നു..
ഫോണിലൂടെ കരഞ്ഞു വിളിക്കുമ്പോൾ ഒരാശ്വാസം പോലെ ചോദിക്കും..

“നീ ഇങ്ങനെ വിഷമിക്കുന്നത് എന്തിനാണ്..
ഞാനല്ലേ അതിന്റെ ഉത്തരവാദി .. കുട്ടനോട് ഞാൻ സംസാരിക്കാം.. ”

അത്‌ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. പക്ഷേ പ്രശ്നം അതല്ലല്ലോ.. മകൻ കോളേജിൽ ആയിരിക്കുന്നു..

മോന് പതിനെട്ടു വയസ്സായപ്പോഴാണോ അമ്മയ്ക്ക് പെറാൻ മുട്ടിയത് എന്നൊക്കെ അവൻ കേൾക്കെ ആളുകൾ ചോദിച്ചു തുടങ്ങിയപ്പോൾ സ്വാഭാവികമായും അവനും തന്നെ വെറുത്തു തുടങ്ങി..

ഒരു കണക്കിന് അത്‌ സത്യമല്ലേ.. മകൻ ഉണ്ടായിക്കഴിഞ്ഞും രാജേട്ടൻ അവധിക്ക് വരുമ്പോളൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ഒരു പെൺകുഞ്ഞു കൂടി ആയിരുന്നെങ്കിൽ എന്ന്..

ഒന്ന് രണ്ട് തവണ ഉണ്ടായത് അബോർഷൻ ആയിപ്പോവുകയും ചെയ്തു.. എങ്കിലും വലിയ ആഗ്രഹമായിരുന്നു എന്റെ കുട്ടനൊരു കൂടപ്പിറപ്പ് വേണമെന്ന്. അവൻ ഒറ്റക്കിരുന്നു കളിച്ച് മടുക്കുമ്പോൾ സാരിത്തുമ്പിൽ വലിച്ചു ചോദിച്ചിട്ടുണ്ട്..

“അമ്മേ എനിച്ചു മാത്രമെന്താ ഒരു വാവയില്ലാത്തെ. അപ്പുറത്തെ ഉണ്ണിക്കുട്ടന് ഒരു കുഞ്ഞനിയത്തി ഉണ്ടല്ലോ.. എനിച്ചും വേണം വാവയെ… ”

അന്ന് അവന്റെ ആഗ്രഹം ഫോൺ വരുമ്പോഴൊക്കെ രാജേട്ടനോട് പറഞ്ഞു പറഞ്ഞു ചിരിക്കും.. വർഷങ്ങൾ കടന്നു പോകുമ്പോഴേക്കും കുട്ടനും വളർന്നു തുടങ്ങി..

അവന് കൂടെ കളിക്കാൻ
പുറത്ത് ഒരുപാട് പേരായിക്കഴിഞ്ഞിരുന്നു..
ഒരെണ്ണത്തിന്റെ കൂടെ ഒന്നുകൂടി വേണമെന്നുള്ള തന്റെ മോഹവും അസ്തമിച്ചു തുടങ്ങിയിരുന്നു..

ഏറ്റവും ഒടുവിൽ രാജേട്ടൻ അവധി കഴിഞ്ഞു പോകുമ്പോൾ പതിവ് പോലെ യാത്ര അയക്കാൻ താനും മോനും അനിയത്തിയും

ഭർത്താവുമൊക്കെ കൂടെ പോയിരുന്നു.. പക്ഷെ പതിവില്ലാതെ തിരിച്ചു വന്നപ്പോൾ മുതൽ ശരീരത്തിന് വല്ലാത്തൊരു ക്ഷീണവും തളർച്ചയും ഒക്കെ ആയി കട്ടിലിൽ നിന്ന് എഴുന്നേൽക്കാനേ തോന്നിയില്ല..

പിന്നെയും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ തുണി കഴുകികൊണ്ടിരുന്നപ്പോഴായിരുന്നു ഓർക്കാപ്പുറത്ത് തല ചുറ്റി വീണത്..
ആരൊക്കെയോ താങ്ങിയെടുത്ത് വരാന്തയിൽ ഇരുത്തി.

മുഖത്ത് വെള്ളം കുടഞ്ഞും വീശിയും അന്വേഷണങ്ങളുമായി നിന്ന അയല്പക്കത്തെ താമസക്കാർ ആശുപത്രിയിൽ പോകാനും നിർബന്ധിച്ചു കൊണ്ടിരുന്നു..
ക്ഷീണം അത്രയ്ക്കധികമായിരുന്നത് കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു..

മോൻ കോളേജിൽ ആയിരുന്നത് കൊണ്ട് വീടും പൂട്ടി കൂടെ വരാൻ തയ്യാറായ അടുത്ത വീട്ടിലെ അമ്മച്ചിയോടൊപ്പം ഒരു ഓട്ടോയിൽ കയറി അടുത്തുള്ള ഹോസ്പിറ്റലിൽ പോയതും

അവരുടെ വിശദമായ പരിശോധനയ്‌ക്കൊടുവിൽ ഡോക്ടർ പറഞ്ഞ വാർത്ത കേട്ട് നെഞ്ചത്ത് കൈ വെച്ച് പോയതും കൂടെ വന്ന അമ്മച്ചിയുടെ മുഖത്തേക്ക് നോക്കാൻ പാടുപെട്ടതും അവളെങ്ങനെ മറക്കാനാണ്.

തിരികെയുള്ള മൗനം കനത്തു നിന്ന നിമിഷങ്ങൾക്കൊടുവിൽ ഇതൊക്കെ കുറച്ചു നേരത്തെ ആയിക്കൂടായിരുന്നോ എന്ന് ചോദിച്ചപ്പോൾ മറുപടി ശബ്ദമില്ലാത്ത ഒരു കരച്ചിൽ മാത്രമായിരുന്നു..

കുട്ടനോട് ഇനിയെന്ത് പറയും എന്നൊരു അങ്കലാപ്പായിരുന്നു.. ഒരാഴ്ചയോളം ഒന്നും മിണ്ടിയില്ല.. രാജേട്ടനെ വിളിച്ചു കരഞ്ഞു..

നീ ആരോടും ഒന്നും പറയണ്ട വീട്ടിലേക്ക് വിളിച്ച് താൻ പറഞ്ഞോളാം എന്ന് സമാധാനിപ്പിച്ചു.. എങ്കിലും കൂടെ നിൽക്കാൻ ആളില്ലല്ലോ എന്നതായിരുന്നു ഏറ്റവും വലിയ വിഷമം..
പതിയെ പതിയെ എങ്ങനെയൊക്കെയോ മോനും വീട്ടുകാരും ഒക്കെ അറിഞ്ഞ് തുടങ്ങി..

അനിയത്തി ഫോൺ വിളിച്ചു കാര്യങ്ങൾ ഒക്കെ തിരക്കി.. അവളോട്‌ മനസ്സിലെ ആശങ്കകളും പേടിയും പറഞ്ഞപ്പോൾ

“ചേച്ചി എന്തിനാ ഇങ്ങനെ ഭയക്കുന്നെ
ഇത് ഇത്തിരി ലേറ്റ് ആയി പോയി എന്നല്ലേയുള്ളൂ.. കുട്ടനോട് ഞങ്ങൾ സംസാരിക്കാം രാജേട്ടൻ ഇങ്ങോട്ട് വിളിച്ചിരുന്നു.. അവനോട് ചേട്ടൻ പറഞ്ഞോളും കാര്യങ്ങൾ..
അവന് ചിലപ്പോൾ
സന്തോഷമായിരിക്കും.. ”

പക്ഷേ അവളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അമ്മയുടെ ഗർഭ വിശേഷം അവനിൽ ഒരു പൊട്ടിത്തെറി ആയിരുന്നു ഉണ്ടാക്കിയത്..

“ഞാനിനി എന്റെ ഫ്രണ്ട്സിന്റെ മുഖത്ത് എങ്ങനെ നോക്കും.. എനിക്ക് വയ്യ ഇനി കോളേജിൽ പോകാൻ.. ”

അവന്റെ ഉറക്കെയുള്ള സംസാരം കേട്ട് മുറിക്കുള്ളിൽ ഉരുകിയൊലിച്ചു നിന്നു.. നിരാശയോടെ മുറിയിലേക്ക് വന്ന അനിയത്തിയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടാണ് ചോദിച്ചത്..

“വേണ്ട മോളേ.. ഇത് വേണ്ട. എന്റെ കുഞ്ഞിന് നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യത്തിനും ഞാനില്ല. എനിക്ക് ഇനി അവൻ മാത്രം മതി.. “അവൾ ശബ്ദം അടക്കിയാണ് പറഞ്ഞത്..

“ഇനിയിപ്പോൾ സംഭവിച്ചത് സംഭവിച്ചു… ഇത് അവിഹിത ഗർഭമൊന്നുമല്ലല്ലോ ചേച്ചി ഇത്ര നാണക്കേട് തോന്നാൻ.. കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും.. നോക്കിക്കോ.. കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഓരോരുത്തർ കൊതിക്കുന്നു.. ”

ആ വാക്കുകൾ വല്ലാത്തൊരു ആത്മവിശ്വാസം ആണ് തന്നിലുണ്ടാക്കിയത്..
അതേ ഇത് എന്റെ കുട്ടന്റെ ചോര തന്നെയല്ലേ..
ഒരനിയത്തി ക്കുട്ടി ഉണ്ടാകുമ്പോൾ പഴയ ആ സന്തോഷം അവന് തിരിച്ചു

കൊടുക്കണം..
പക്ഷേ അവൻ ഒരു പ്രതിഷേധം പോലെ ബുക്കും ഡ്രെസ്സുമെല്ലാം എടുത്ത് ഏതോ ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് താമസം മാറി..

അവന് സമാധാനത്തോടെ പഠിക്കാനാണത്രെ !!
തനിക്ക് കൂട്ടായി അമ്മയും പിന്നെ രാജേട്ടന്റെ ഫോൺ കാളുകളും മാത്രമായി.. ഇടയ്ക്ക് കുട്ടൻ എന്തൊക്കെയോ

എടുക്കാൻ വരുന്നത് അറിയുന്നുണ്ടായിരുന്നു. എങ്കിലും അവന്റെ മുന്നിൽ കഴിയുന്നതും ചെന്ന് പെടാതിരിക്കാൻ ശ്രദ്ധിച്ചു..

പ്രസവം കഴിഞ്ഞതും ഒരു അനിയത്തി വാവ ഉണ്ടായതും എല്ലാം അറിഞ്ഞിട്ടും ഒന്ന് കാണാൻ അവൻ വന്നില്ല.. അനിയത്തി കുഞ്ഞിന്റെ ഫോട്ടോ എടുത്ത് രാജേട്ടനും കുട്ടന്റെ ഫോണിലേക്കും അയച്ചു കൊടുക്കുന്നത് നോക്കിയിരുന്നു..”കുട്ടന്റെ അതേ നെറ്റിയും മൂക്കും”

അമ്മയും സന്തോഷത്തോടെയാണ്
പറഞ്ഞത്.. മാസങ്ങൾ കഴിഞ്ഞ് ഒരു ദിവസം ക്ഷീണിച്ചു കയ്യിൽ വലിയൊരു ബാഗുമൊക്കെയായി അവൻ കയറി വന്നു.. തന്റെ കുട്ടന്റെ മുഖത്തെ ക്ഷീണം അവളെ വല്ലാതെ നൊമ്പരപ്പെടുത്തി..

അടുത്ത് ചെന്ന് പഴയ ആ സ്വാതന്ത്യത്തോടെ അവന്റെ മുടിയിഴകൾ മാടിയൊതുക്കി ആ നെറ്റിയിൽ ഒരു ഉമ്മ കൊടുക്കാൻ തന്നിലെ അമ്മ മനസ്സ് വല്ലാതെ കൊതിച്ചിട്ടും അവൾ അടക്കിപ്പിടിച്ചു.

അന്ന് അവനിഷ്ടപ്പെട്ട ചോറും കറികളും പലഹാരങ്ങളും ഒക്കെ ഉത്സാഹത്തോടെ ഉണ്ടാക്കി മേശപ്പുറത്തു നിരത്തി വെച്ചു.. വഴക്കും പിണക്കവും മറന്ന് അവന്റെ മുറിയിലേക്ക് ചെന്ന് കഴിക്കാൻ വിളിച്ചു..

പക്ഷേ മുഖത്തേക്ക് പോലും നോക്കാതെ അവൻ ബുക്കിന്റെ താളുകൾ മറിച്ചു കൊണ്ടിരുന്നു..
പിന്നെ എപ്പോഴോ അവൻ ആഹാരം കഴിക്കാൻ വരുന്നതും പോകുന്നതുമെല്ലാം അവൾ മറഞ്ഞു
നിന്ന് കണ്ടു..

ചിലപ്പോൾ ഹാളിലെ ടൈൽസ് തറയിൽ ഒരു പായയിൽ കുഞ്ഞിനെ കിടത്തി കളിപ്പിക്കുമ്പോഴാവും കുട്ടൻ കയറി വരുന്നത്..
അവളപ്പോൾ അവനെ നോക്കി അവ്യക്തമായ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ട് കയ്യും കാലും ഇളക്കി ചിരിക്കും..

നിസ്സംഗതയോടെ അവൻ ഒരപരിചിതനെ പോലെ കയറി പോകുമ്പോൾ നെഞ്ചു പൊടിയുന്ന വേദനയാണ്.

കുഞ്ഞിന്റെ ചിലപ്പോഴുള്ള കരച്ചിൽ ഉറക്കെയാവുമ്പോൾ അവൻ ദേഷ്യപ്പെടുമോയെന്നു പേടിച്ച് കരച്ചിൽ അടക്കാൻ പാടുപെടും..ഒരിക്കൽ അനിയത്തി കാണാൻ വന്നപ്പോഴാണ് പറഞ്ഞത് –

“ചേച്ചി ഇങ്ങനെ പേടിച്ചാലെങ്ങനെ ആണ് അവൻ കാണുകയും കേൾക്കുകയും ചെയ്യട്ടെ അവന്റെ കുഞ്ഞനിയത്തിയെ.. എന്തായാലും ഇത്രയും മുതിർന്നതല്ലേ..അവൻ അവളെ ഒന്നും ചെയ്യാൻ പോണില്ല.. ”

രാജേട്ടൻ ഫോൺ വിളിച്ചപ്പോഴും പറഞ്ഞത് അതൊക്കെ തന്നെയായിരുന്നു..
നീ പതുക്കെ പതുക്കെ കുഞ്ഞിനെ അവനിലേക്ക് അടുപ്പിക്കണമെന്ന്..
അന്നൊരു ഞായറാഴ്ച ആയിരുന്നു..

കുഞ്ഞിനെ കുളിപ്പിച്ച് ഉറക്കിയിട്ടാണ് അവൾ കുളിക്കാൻ പോയത്.. നനയും കുളിയും ഒക്കെ കഴിഞ്ഞ് ഇറങ്ങുമ്പോൾ ലേശം വൈകിയിരുന്നു..

കുഞ്ഞിന്റെ ചിണുക്കം ഇടയ്ക്ക് കേട്ടെങ്കിലും കുട്ടൻ മുറിയിലുണ്ടല്ലോ എന്നൊരു ആശ്വാസത്തിലായിരുന്നു.. നോക്കില്ല, എന്നറിയാം.. പക്ഷേ എല്ലാരും പറയുന്നത് പോലെ അവനുമൊന്നു

ശ്രദ്ധിക്കട്ടെ അവന്റെ കുഞ്ഞനിയത്തിയെ. താനൊന്ന് മാറിനിന്നാൽ അവന്റെ ഉള്ളിലെ മാറ്റം മനസ്സിലാക്കാമല്ലോ എന്നോർത്ത് മെല്ലെയാണ് ജോലി തീർത്തത്..

മുൻപ് കേട്ട കരച്ചിലാകട്ടെ ഇപ്പോൾ തീരെ കേൾക്കാനില്ല.. ഒച്ച കേൾപ്പിക്കാതെ മെല്ലെ മുറിയിലേക്ക് ഒന്നെത്തി നോക്കി.. കട്ടിലിൽ കുഞ്ഞിനെ കണ്ടില്ല.. പക്ഷേ, എവിടെയോ അവളുണ്ടെന്ന് മനസ്സ് മന്ത്രിച്ചു. ഹാളിലും ആരുമുണ്ടായിരുന്നില്ല.. ഒന്ന് ശങ്കിച്ചാണ് കുട്ടന്റെ മുറിയുടെ മുന്നിൽ നിന്നത്..

അനക്കം ഒന്നുമില്ല.. എങ്കിലും വാതിൽ പാളി ഒച്ച കേൾപ്പിക്കാതെ മെല്ലെയാണ് തുറന്നത്..കട്ടിലിൽ ഭിത്തിക്ക് നേരേ ചരിഞ്ഞുകിടക്കുന്ന കുട്ടനെയാണ് ആദ്യം

കണ്ടത്..വീണ്ടും ഒന്നുകൂടി എത്തി വലിഞ്ഞു നോക്കി..
അവന്റെ വലത്തെ കയ്യ് എന്തോ ഒന്നിൽ ചുറ്റി പിടിച്ചിരിക്കുന്നത് പോലെ തോന്നിച്ചു..

ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
ഒരു വലിയ സന്തോഷത്തോടെയാണ് തിരിച്ചറിഞ്ഞത് അതേ.. അതവന്റെ കുഞ്ഞനിയത്തി തന്നെയായിരുന്നു !
അവൾ ഒരു ചുവട് കൂടി മുന്നോട്ട് വെച്ചു..
ആങ്ങളയും പെങ്ങളും സുഖമായി ഉറങ്ങുന്നു !!

ഏതൊരമ്മയുടെയും ഹൃദയം നിറപ്പിക്കുന്നതായിരുന്നുവല്ലോ
ആ കാഴ്ച ! ഏട്ടന്റെ ചൂടേറ്റുറങ്ങുന്ന മോളുടെ മുഖത്തേക്ക് നോക്കിയ അവൾക്ക് കണ്ണുനീരടക്കാനായില്ല..

അതു പക്ഷേ ഒരിക്കലും സങ്കടക്കണ്ണീരായിരുന്നില്ല., ഒരു പുതിയ വസന്തത്തിലേക്കുള്ള തെളിഞ്ഞ യാത്രയ്ക്ക് മുൻപേയുള്ള പനിനീര് പെയ്യലുകൾ മാത്രമായിരുന്നു. അവൾ പെട്ടന്ന് മുറി വിട്ട് പുറത്തേക്കിറങ്ങി..

ഉറങ്ങട്ടെ രണ്ടാളും.. തന്റെയൊരു നേർത്ത തേങ്ങൽ പോലും അവർക്കിടയിലേക്ക് ചിതറി വീഴാതിരിക്കട്ടെ.. മുഖം അമർത്തി തുടച്ച് അടുക്കളയിലേയ്ക്ക്
നടക്കുമ്പോൾ അവളുടെ ചുണ്ടിൽ
ഒരു താരാട്ട് പാട്ടിന്റെ ഈരടികൾ ചുറ്റി തിരിഞ്ഞു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *