ഭർത്താവ്
(രചന: P Sudhi)
അത്താഴത്തിനിടെ പാത്രത്തിൽ വീണു കിടന്ന അവളുടെ മുടി എഴുത്തുകളഞ്ഞ് ഞാൻ വീണ്ടും ഭക്ഷണം കഴിക്കുന്നത് കണ്ട് അവളെന്നോടു ചോദിച്ചു
“ഇതെന്തുപറ്റി… കഴിക്കുന്ന പാത്രത്തിലോ മറ്റോ അറിയാതെ എന്റെ ഒരു മുടിനാരെങ്ങാനും കണ്ടാൽ കഴിക്കാതെ വലിയ ഒച്ചപ്പാടുണ്ടാക്കി എഴുന്നേറ്റു പോകുന്ന ആളായിരുന്നല്ലോ…. ”
അവളുടെ ചോദ്യം കേട്ട് അവളെ നോക്കി ഒന്നു പുഞ്ചിരിച്ച് വീണ്ടും കഴിക്കുന്ന എന്നോട് അവൾ വീണ്ടും ചോദിച്ചു.
“എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞതു കൊണ്ടാണോ ഏട്ടാ എന്നെ വഴക്കു പറയാഞ്ഞത്…”
ഇടറിയ സ്വരത്തോടുള്ള അവളുടെ ആ ചോദ്യം എന്റെ ചങ്കിനു തന്നെ കൊണ്ടു…വിഷമിക്കരുതെന്നും ചികിത്സ തുടങ്ങുമ്പോൾ മുടി ഇനിയും കൂടുതലായി കൊഴിയുമെന്നും ഡോക്ടർ പറഞ്ഞത് കേട്ട് കണ്ണുനിറഞ്ഞ അവളുടെ മുഖം ഇന്നും എന്റെ കണ്ണിൽ നിന്നു മാഞ്ഞിരുന്നില്ല.
എന്താണെന്നറിയില്ല ചികിത്സ തുടങ്ങുംമുൻപ് തന്നെ അവളുടെ മുടി കുറച്ചുകുറച്ചായി കൊഴിയാൻ തുടങ്ങിയിരുന്നു.
കഴിക്കുന്ന പാത്രത്തിലും കട്ടിലിലും പലയിടത്തും അവളുടെ മുടി കണ്ടതിന് അവൾക്ക് വൃത്തിയില്ല, ശ്രദ്ധയില്ല എന്നൊക്കെ പറഞ്ഞ് ഞാനവളെ ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു.
അവളറിയാതെ അവളെ കാർന്നു തിന്നാൻ തുടങ്ങിയ രോഗം അവൾക്കു നല്കിയ സമ്മാനമായിരിക്കണം ആ മുടി കൊഴിച്ചിൽ.
ഇന്നിപ്പൊ നീണ്ട ഇടതൂർന്ന അവളുടെ മുടി പാതിയും കൊഴിഞ്ഞിരുന്നു.മുടി മാത്രമല്ല ചുവന്നു തുടുത്ത അവളുടെ കവിളുകൾ ഒട്ടിത്തുടങ്ങി.തിളക്കമുണ്ടായിരുന്ന കണ്ണുകളുടെ പ്രകാശം മങ്ങിയിരുന്നു. അവൾ വല്ലാതെ മാറിപ്പോയിരുന്നു.
ഇടയ്ക്ക് കണ്ണാടിയിൽ അവളുടെ ഇപ്പോളത്തെ രൂപം നോക്കി കണ്ണു നിറക്കുന്ന അവളെ ചേർത്തു പിടിച്ചു “സാരമില്ലടീ… നിന്നെ ഞാൻ പഴയതുപോലെ ആക്കിയെടുത്തോളാം..” എന്നു പറയുമ്പോഴുള്ള അവളുടെ മുഖത്തെ ആശ്വാസം ഞാൻ കണാറുള്ളതാണ്.
“ഏട്ടനെന്നെ ഡിവോർസ് ചെയ്ത് വേറൊരു വിവാഹം കഴിക്കണം, എനിക്കായി ജീവിതം കളയരുത്… എനിക്കു വിഷമമൊന്നുമില്ല… ചിലപ്പൊ ഏട്ടനൊരു കുഞ്ഞിനെ തരാൻ പോലും ഇനിയെനിക്കാവില്ല” – ഒരിക്കലവൾ എന്നോട് പറഞ്ഞു.
പതിയെപ്പതിയെ വീട്ടുജോലികൾ അവളെക്കൊണ്ടു ചെയ്യിക്കാതെ എല്ലാം ഓരോന്നായി ഞാനവളിൽ നിന്നുമേറ്റെടുക്കുവാൻ തുടങ്ങി…അവൾക്കു വിശ്രമം നല്കി വീട്ടുജോലികൾ ചെയ്യുന്ന എന്നെ നിറഞ്ഞ കണ്ണുകളുമായെന്നെ നോക്കി നിന്നു അവൾ.
ആ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടാൻ ശ്രമിച്ച അവളെ ഞാൻ അതിനനുവദിച്ചില്ല.അവളെ പുറത്തൊക്കെ കൊണ്ടു പോകുമ്പോളും മറ്റുള്ളവർക്കു മുന്നിൽ അഭിമാനത്തോടെ ഭാര്യയെന്നു പരിചയപ്പെടുത്തുമ്പോഴും അവൾക്കുണ്ടായ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
അവർക്കായി ഓരോന്നു വാങ്ങി നല്കുമ്പോഴും അവളെ കൂടുതൽ കൂടുതൽ സ്നേഹിക്കുമ്പോഴും അവൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന ഒരു തോന്നൽ അവളിൽ ഉണ്ടാക്കിയെടുത്തിരുന്നു.
ചികിത്സയൊക്കെ ചിട്ടയായി നടക്കുന്നു…അസുഖത്തെപ്പറ്റിയൊക്കെ അവൾ ഒരുപരിധിവരെ മറന്നിരിക്കുന്നു. മനസ്സുകൊണ്ടിപ്പൊ അവൾ പഴയതുപോലായി..
ഇന്നെന്റെ നെഞ്ചിലെ ചൂടുപറ്റി എന്നോടൊപ്പം ഉറങ്ങാൻ കിടക്കവെ അവളെന്നോട് പറഞ്ഞു…
” ഞാൻ കരുതിയത് രോഗം കൂടി എന്റെ മുടിയൊക്കെപ്പോയി ഞാൻ എല്ലിച്ച ഒരു കോലമായി മാറുമ്പോൾ ഏട്ടനെന്നെ വെറുക്കും ന്നാണ്.. ഏട്ടന് ഒരു ഭാരമാകുമോന്നാരുന്നു എന്റെ പേടി.. എട്ടനെന്നെ വെറുക്കുന്നതിലും നല്ലത് ഞാനങ്ങു മരിച്ചുപോകുന്നതാന്നു വരെ ഓർത്തു… ”
” പാതി വഴിക്കുപേക്ഷിക്കാനല്ല ഞാൻ നിന്നെ കൂടെ കൂട്ടത്…എനിക്കാണീ അസുഖം വന്നിരുന്നതെങ്കിൽ നീ എന്നെ ഉപേക്ഷിക്കുമായിരുന്നോ??…”:-
മുടികൊഴിഞ്ഞു തീരാറായ അവളുടെ തലയിൽ തലോടിക്കൊണ്ട് ഞാനവളോട് ചോദിച്ചു.
ഒരു മൗനമായിരുന്നു അവളുടെ മറുപടിയെങ്കിലും എനിക്കുറപ്പായിരുന്നു എനിക്കാണീ അസുഖം വന്നിരുന്നതെങ്കിൽ ഇതിനേക്കാൾ നന്നായി അവളെന്നെ നോക്കുമെന്ന്.