എന്റെ സ്റ്റാറ്റസ് ന് ചേരാത്ത ആ കോഴിക്കൂട് പോലുള്ള നിന്റെ വീട്ടീന്ന് നിന്നെ കെട്ടി കൊണ്ടന്നത് എന്നേം എന്റെ വീട്ടുകാരേം നോക്കാനാ…

അവൾ
(രചന: Akhilesh Reshja)

“നാളെ നിന്റെ വീട്ടുകാരോട് വരാൻ പറയണം. എന്റെ വീട്ടുകാർ രാവിലെ തന്നെ ഇവിടെയെത്തും ” മൂക്കിന് മുകളിൽ കണ്ണട ചൂണ്ടു വിരൽ കൊണ്ടു ഒന്നു കൂടി അമർത്തി സഗൗരവം അമൽ പറഞ്ഞു

“എന്തിന്? ” അലസമായ ചോദ്യം ആതിരയിൽ നിന്നും.”ബന്ധം പിരിയാൻ…””എനിക്ക് വീട്ടുകാരായിട്ട് എന്റെ അമ്മ മാത്രല്ലേ ഉള്ളൂ.അമ്മ പക്ഷെ വയ്യാതിരിക്കുവല്ലേ ”

“ആ…അമ്മ മതി. “”എന്നിട്ട്?””ബന്ധം പിരിയുന്നതിനെക്കുറിച്ച് സംസാരിക്കാൻ “”അതിനു നിങ്ങളും എന്റെ അമ്മയും തമ്മിൽ എന്താ ബന്ധം?” ഭാവവ്യത്യാസങ്ങളില്ലാതെ അവൾ വീണ്ടും ചോദിച്ചു.

“ദേ ആതിരേ എനിക്ക് ദേഷ്യം വരുന്നുണ്ട്. നീ പൊട്ടൻ കളിക്കല്ലേ. ഞാനും നീയും തമ്മിലുള്ള ബന്ധം പിരിയുന്ന കാര്യമാ പറഞ്ഞത്.” ഏറിയ കോപത്തോടെ അമൽ പറഞ്ഞു.

“അതാണല്ലേ…””ആ അത് തന്നെ “”അല്ല… എന്താ കാരണം…””എന്താ കാരണം എന്നോ. നിനക്കറിയില്ലെടി കാരണം? എത്ര തവണ വഴക്കിട്ടു ഇതിന്റെ പേരിൽ. ഇന്നലെ ഒന്ന് നിന്റെ കവിളിൽ കിട്ടിയതിന്റെ പാട് മാഞ്ഞതു പോലും ഇല്ലല്ലോ “”അറിയാം. നിങ്ങളുടെ നാവിൽ നിന്ന് തന്നെ കേൾക്കാൻ…”

“ഹാ… ന്നാ കേട്ടോ… എന്റെ സ്റ്റാറ്റസ് ന് ചേരാത്ത ആ കോഴിക്കൂട് പോലുള്ള നിന്റെ വീട്ടീന്ന് നിന്നെ കെട്ടി കൊണ്ടന്നത് എന്നേം എന്റെ വീട്ടുകാരേം നോക്കാനാ… അല്ലാതെ

തോന്നുമ്പോ തോന്നുമ്പോ നിന്റെ വീട്ടിൽ പോയി നിന്റെ അമ്മയെ കാണാനല്ല.ഇനിയും നമ്മൾ തമ്മിൽ സംസാരിച്ചിട്ട് കാര്യം ഇല്ലാ. ഞങ്ങൾ

തീരുമാനിച്ചു കഴിഞ്ഞു. എന്റെ മനസ്സ് മാറ്റാം എന്ന് നീ കരുതണ്ട. നാളെ നിന്റെ അമ്മ വന്നു കാലിൽ വീണാലും എന്റെ തീരുമാനം മാറില്ല.”

“ഞാൻ ഇവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു തന്നെയല്ലേ രണ്ടു ദിവസം കൂടുമ്പോൾ അവിടെക്കു പോയി വരുന്നത്.””എന്റെ പൈസേം കൊണ്ടു നിന്റെ അമ്മയെ നോക്കാൻ…”

“ഹും മതി. നിർത്തു. ഇത്രയും മതി.എന്റെ കയ്യിലും പണം ഉണ്ടാകുമായിരുന്നല്ലോ. എനിക്ക് വന്ന ജോബ് പ്രൊപോസൽ നിങ്ങൾ തന്നെയല്ലേ വേണ്ടാന്ന് പറഞ്ഞത്.”

“നീ പഠിച്ചു വലിയ സിഎ ഒക്കെ ആയിരിക്കും. പക്ഷേ എന്റെ ഭാര്യക്ക് വല്ലിടത്തും പോയി ജോലി ചെയ്യേണ്ട ആവശ്യം ഇല്ല.

കാണാൻ അല്പം സൗന്ദര്യവും ആൾക്കാർ ചോദിക്കുമ്പോൾ പറയാൻ നല്ല വിദ്യാഭ്യാസ യോഗ്യതയും ഉള്ള ഒരു പെണ്ണിനെയായിരുന്നു ഈ കുടുംബത്തിൽ ആവശ്യം. പക്ഷേ നിനക്കിപ്പോഴും കൂറ് നിന്റെ അമ്മയോടും ”

“നിങ്ങളീ പറയുന്ന സൗന്ദര്യവും പഠിപ്പും ഉണ്ടാക്കി തന്ന സ്ത്രീയാണ് എന്റെ അമ്മ. അമ്മയ്ക്ക് വയ്യായ്ക വന്നാൽ കാണാൻ പോകാനും പരിചരിക്കാനും പാടില്ലെന്ന് പറയാൻ നിങ്ങൾക്കെന്താ അവകാശം?”

“നിന്റെ അമ്മയെ നോക്കാൻ ഹോം നേഴ്സ് നെ നിർത്താമെന്ന് ഞാൻ പറഞ്ഞതല്ലേ. കെട്ടിച്ചു വിട്ട പെണ്ണിന്റെ സേവനങ്ങൾ അവളുടെ വീടിനു വേണ്ടിയല്ല ഭർത്താവിന്റെ വീടിനു വേണ്ടിയാവണം.”

“ഓഹ്… പണക്കാരനായ മരുമകന്റെ ഔദാര്യം അല്ല എന്റെ അമ്മയ്ക്ക് വേണ്ടത്. അവസാന കാലത്ത് സ്നേഹത്തോടെയുള്ള പരിചരണം ആണ്. അതെനിക്ക് കൊടുക്കണം.

അച്ഛൻ മരിച്ച ശേഷം ജീവിതത്തിൽ ഞാൻ എന്ന ഒറ്റ സന്തോഷമേ എന്റെ അമ്മയ്ക്കുണ്ടായിട്ടുള്ളു.
ഭർത്താവിന്റെ അഹങ്കാരത്തിന് മുൻപിൽ അടിയറവു വെയ്ക്കാൻ ഉള്ളതല്ല എന്റെ അമ്മയോട് എനിക്കുള്ള കടമ.””ഓരോ വിഡ്ഢികൾ. നീ നിന്റെ നല്ല ഭാവിയാണ് നശിപ്പിച്ചു കളയുന്നത്.”

“അതെ. ഒത്തിരി വലുതാണെങ്കിലും സൗകര്യങ്ങൾ ഏറെ ഉണ്ടെങ്കിലും ഭക്ഷണം പാചകം ചെയ്യുന്ന ആ മുറിയ്ക്കു അടുക്കള എന്ന് തന്നെയല്ലേ പേര്?

ഇവിടെയാണ്‌ എന്റെ ഭാവി അല്ലെ? നാളെ എനിക്ക് എന്തെങ്കിലും വയ്യായ്ക വന്നാലും പണം കൊണ്ടുള്ള പരിചരണം മാത്രമേ നിങ്ങളിൽ നിന്നുണ്ടാകൂ… ചിലപ്പോ അതും കാണില്ല. “”മതി. നാളെയും ഇതുപോലെ മാസ്സ് ഡയലോഗ്സ് പറയണം കേട്ടോ ”

“നാളെയോ… എന്തിനാ നാളെ? നാളെ ഞാൻ ഇവിടെ നിൽക്കേണ്ട കാര്യം എന്താ. മറ്റന്നാൾ എനിക്കൊരു ജോബ് ഇന്റർവ്യൂ ഉണ്ട്‌. കിട്ടും എന്ന് നല്ല ഉറപ്പുണ്ട് ഇനി ഇല്ലെങ്കിലും സാരമില്ല.

ഇവിടെ വലിയ വീട്ടിൽ വേറെയും ജോലിക്കാർ ഉണ്ടെങ്കിലും എനിക്കും അതെ സ്ഥാനം ആയിരുന്നു. ഞാൻ ഇന്നു തന്നെ ഇവിടെ നിന്നും പോവാ ”

“ഹഹഹ… പോകുന്നത് കൊള്ളാം . ഒരു ഡിവോഴ്സ് നോട്ടീസ് അങ്ങോട്ട് എത്തും ഉടനെ… സൈൻ ചെയ്തേക്കണേയ് ” പുച്ഛം വാരി വിതറിക്കൊണ്ട് അയാൾ നിന്ന് പുഞ്ചിരിച്ചു.എന്തോ ഓർത്തു നിന്ന പോലെ ഒരു നിമിഷം ആതിരയുടെ മുഖം മാറി.

താൻ ബന്ധം വേർപ്പെടുത്തുമെന്നത് കാര്യമായി തന്നെ പറഞ്ഞതാണെന്ന് ഭാര്യയ്‌ക്ക് ബോധ്യം വന്നതിന്റെ വിഷമത്തിൽ നിൽക്കുകയാണ് എന്ന് അമൽ ഉറപ്പിച്ചു. അവന്റെ മുഖം ഒന്നുകൂടി തെളിഞ്ഞു.

“ഒരു കാര്യം കൂടി “”എന്താണാവോ? “”ഡിവോഴ്സ് പെറ്റിഷൻ കൊടുക്കാൻ തന്നെ തീരുമാനിച്ചു അല്ലേ “”അതേടി… അതിൽ ഇനി മാറ്റമില്ല ”

“അയ്യോ മാറ്റരുത്. വേഗം വേണം എന്ന പറയാൻ വന്നത്. കൗൺസിലിംഗ് എന്നൊക്ക പറഞ്ഞു കാലം കുറേ നടത്തിക്കുന്ന പരിപാടി വേണ്ടാന്ന്. അതിനെന്താ ചെയ്യാൻ പറ്റാന്ന് വെച്ച

ചെയ്താൽ വലിയ ഉപകാരം ആയിരിക്കും.അഞ്ചു വർഷം ഞാനീ വീട്ടിൽ അടിമ പോലെ നിന്നതിന്റെ പേരിൽ എനിക്ക് ജീവനാംശം ഒന്നും വേണ്ട.
എന്നാൽ ശരി. ഞാൻ ബാഗിൽ ഡ്രസ്സ്‌ എല്ലാം ഒന്നു പാക് ചെയ്യട്ടെ ”

ആതിര കരഞ്ഞു ബഹളം ഉണ്ടാക്കും എന്ന് കരുതിയ അമലിന് തെറ്റി എന്ന് മാത്രമല്ല ഇങ്ങനെയൊരു തണുപ്പൻ പ്രതികരണം അയാളിൽ പൊള്ളൽ ഏല്പിച്ചു എന്ന് പറയുന്നതാകും ഉചിതം.

കണ്ണട മുഖത്തു നിന്നും മാറ്റി ആകെ പതറി നിൽക്കുന്ന അമലിനെ കണ്ട് ഇത്തവണ ആതിരയിൽ ആണ് പുച്ഛം നിഴലിച്ചത്.

“നിങ്ങൾക്ക് ഇന്ന് എന്നെ വേണ്ടായെങ്കിൽ എനിക്ക് ഇന്നലെയെ വേണ്ട “മുഖത്തു നോക്കാതെ ആതിര പറഞ്ഞു.”നീ ഇന്നെവിടെ നിന്ന് പോകണ്ട … നാളെ നമുക്ക് ഒന്നുടെ ആലോചിച്ചു…”

“ഏയ്യ് വേണ്ട… ഞാൻ എന്തായാലും ഇന്ന് പോകും. മറ്റന്നാൾ ഇന്റർവ്യൂ നും പോകും. ഡിവോഴ്സ് ന് കോർട്ടിൽ പോകണമോ എന്ന് വേണമെങ്കിൽ, …ഒന്നു കൂടി ചിന്തിക്കാം…. എനിക്കല്ല… നിങ്ങൾക്ക്…”അവളുടെ സ്വരം ദൃഢമായിരുന്നു.

അവൻ അവളെ മനസ്സിലാക്കി നല്ലൊരു ഭർത്താവായി കൂടെ നിൽക്കുമോ അതോ പണത്തിന്റെ അഹങ്കാരത്തിൽ അവളെ വലിച്ചെറിയുമോ, എന്തു തന്നെയായാലും ഇനിയൊരിക്കലും ആത്മാഭിമാനം പണയം വെച്ചുകൊണ്ട് അവൾ അമലിന് ഒപ്പം ഉണ്ടാകില്ല.

പെണ്ണെന്നാൽ ദേവിയാണ്, ത്യാഗിയാണ്, എന്നല്ല. പെണ്ണ് പെണ്ണ് തന്നെയാണെന്ന് അവൻ തിരിച്ചറിയുന്ന അന്ന് അവൾ അവനെ സ്വീകരിക്കട്ടെ.

(രൂപത്തിൽ ലക്ഷ്മിയും കർമ്മത്തിൽ ദാസിയും കാര്യത്തിൽ മന്ത്രിയും ഭാര്യ…. ഒരു ചലചിത്രഗാനം.പെണ്ണിന് മാത്രം എന്തിനാണിത്ര പരിവേഷങ്ങൾ! പെണ്ണിന് പെണ്ണെന്ന വാക്കു തന്നെയല്ലേ അലങ്കാരം? അതിൽ തന്നെ അവൾക്ക് പൂർണ്ണതയില്ലേ.)

 

Leave a Reply

Your email address will not be published. Required fields are marked *