നിന്റെ മോള് എല്ലാരെക്കൊണ്ടും പറയിപ്പിക്കാൻ നടക്കല്ലേ ശ്ശേ ഞാനൊന്നും പറയുന്നില്ല.തോന്നിവാസം കാണിക്കുന്നതിനും ഉണ്ട്‌ ഒരു പരിധി.”

ആവർത്തനം
(രചന: Akhilesh Reshja)

“അടിച്ചു കരണം പുകയ്ക്കാ വേണ്ടത് അവള്ടെ. ഡിവോഴ്സ് വേണത്രെ അവൾക്. ആളോളെക്കൊണ്ട് പറയിക്കാനായിട്ട്.””നിങ്ങളൊന്നു പതുക്കെ പറയ് മനുഷ്യ നാട്ടുകാർ കേൾക്കും. ”

“കേൾക്കാൻ ഇനി എന്തിരിക്കുന്നു. നിന്റെ മോള് എല്ലാരെക്കൊണ്ടും പറയിപ്പിക്കാൻ നടക്കല്ലേ ശ്ശേ ഞാനൊന്നും പറയുന്നില്ല.തോന്നിവാസം കാണിക്കുന്നതിനും ഉണ്ട്‌ ഒരു പരിധി.”

നാട്ടിലെ പ്രമാണിയായ അച്ഛന് അതെ പറയുവാൻ ഉണ്ടായിരുന്നുള്ളൂ.”മോളെ… ഇത്രേം സ്ത്രീധനം കൊടുത്ത് വിവാഹം കഴിപ്പിച്ചു വിട്ടിട്ട് ആറുമാസം തികയും മുൻപേ… മോള് തന്നെ സമാധാനം ആയിട്ട് ആലോചിച്ചു നോക്ക്…”

പാരമ്പര്യമായി കുലമഹിമ കാത്തുവന്ന തറവാട്ടിലെ സ്ത്രീ ജന്മം എന്ന നിലയിൽ അമ്മയുടെ ഉപദേശം.

“മോളെ… ഇങ്ങനത്തെ വഴക്കെല്ലാം പതിവല്ലേ… നീ കണ്ടിട്ടില്ലേ നിന്റെ ഏടത്തിയെ ഏട്ടൻ എത്ര തവണ അടിച്ചിട്ടുണ്ട്… ഭർത്താക്കന്മാർ ആയാൽ ചിലപ്പോൾ തല്ലിയെന്നൊക്കെ ഇരിക്കും.

ചിലപ്പോൾ വീട്ടുകാരെ പറഞ്ഞേന്നിരിക്കും അതിന് നീ ഇങ്ങനെ… ഞാൻ അവനോട് വിളിച്ചു സംസാരിക്കാം. അവനോടും വീട്ടുകാരോടും പറയാതെ ഇറങ്ങി വന്നതല്ലേ… അവർ കുറച്ചു ദേഷ്യം

കാണിക്കും… ക്ഷമിക്കാൻ സമയം എടുക്കും… ഞാൻ വിളിക്കട്ടെ അവനെ.” സ്നേഹമുള്ള ഉത്തമ പുരുഷനായ സഹോദരന്റെ കരുതൽ.

“നിർത്തൂ…മതി എല്ലാവരുടെയും ഉപദേശം. സമ്പത്തും കുടുംബമഹിമയും ഉയർന്ന ജോലിയും ഉള്ള ഒരാളെ നിങ്ങൾ എനിക്ക് വേണ്ടി കണ്ടു പിടിച്ചു… നിങ്ങളെ സംബന്ധിച്ച് അതോടെ നിങ്ങളുടെ കടമ തീർന്നു. ഇനി എന്ത് വന്നാലും ഞാൻ സഹിക്കണം.

ഞാൻ തീരുമാനിച്ചു കഴിഞ്ഞു. അയാളോടൊപ്പം ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്. പക്ഷേ മരിക്കാൻ തീരുമാനിക്കുന്നതിന്റെ ഒരംശം മതി ജീവിക്കാൻ.

ഞാൻ ഇറങ്ങുന്നു. അന്തസ്സിന്റെ ത്രാസും കൊണ്ട് ഒരൊറ്റ ആളും മേലാൽ എന്നെ സമീപിക്കരുത്.”

അന്നവൾ ഇറങ്ങി നടന്നത് ജീവിതത്തിലേക്കായിരുന്നു. പൊന്നും പണവും അളന്നു കൊടുത്ത് കടമ നിറവേറ്റിയ സ്വന്തക്കാരിൽ നിന്നും അളവ് കുറഞ്ഞതിന്റെ പേരിൽ കലഹിച്ച വ്യാപാരിക്കൂട്ടങ്ങളിൽ നിന്നും.

“ഹായ് അമ്മേ നല്ല കഥ… ആ ചേച്ചി ചെയ്തത് തന്നെയാ ശരി അല്ലേ…മണ്ടത്തരം ഒന്നും കാണിച്ചില്ലല്ലോ.അങ്ങനെ വേണം.””ആ അമ്മ പറഞ്ഞ കഥ ഇഷ്ട്ടായോ മോൾക്ക്‌…””പിന്നില്ലാതെ… ”

അഞ്ചാം ക്ലാസുകാരി ജാൻവി അമ്മ പറഞ്ഞ കഥ കേട്ടു ഇരിക്കുകയായിരുന്നു. മാർക്ക് കുറഞ്ഞതിനു ടീച്ചർന്മാരും കൂട്ടുകാരും അച്ഛനും അങ്ങനെ ഒരുപാട്

പേര് വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തിൽ മ,രി,ച്ചു കളയാൻ വരെ തോന്നിയെന്ന് അമ്മയോട് പരിഭവം പറഞ്ഞ ജാൻവിയെ ഒരു കഥയിലൂടെ കരുത്തു പകരുകയായിരുന്നു അമ്മ ശ്രീദേവി.

കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാവും പ്രത്യേകിച്ചു പെൺകുട്ടികൾക്ക്.തളരാതെ പോരാടാൻ മനസ്സുള്ളവർക്കേ വിജയിക്കാനാകൂ എന്ന് ശ്രീദേവി പറയാതെ പറഞ്ഞു വെച്ചു.

മകൾ എഴുന്നേറ്റു പോയെന്ന് ഉറപ്പായപ്പോൾ അവൾ അടർന്നു വീഴാൻ നിന്ന കണ്ണു നീർത്തുള്ളി ഒപ്പി എടുത്തു.

ഈ കഥപോലെ ശുഭപര്യവസാനി ആയിരുന്നുവെങ്കിൽ നിന്റെ ആന്റിയുടെ മുഖം വലിയ ചില്ലുകൂട്ടിനുള്ളിൽ അല്ലാതെ നേരിട്ട് കാണാമായിരുന്നു ജാൻവി മോളെ നിനക്കു.

കൂട്ടം കൂട്ടമായി കൊത്തിവലിക്കാൻ നിൽക്കുന്ന ഇര പിടിയന്മാർക്ക് മുൻപിൽ എത്രത്തോളം ഒരു ജീവിയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയും?

അവൾക്കതിനു കരുത്തുണ്ടായിരുന്നില്ല. എനിക്കും.
പക്ഷേ നീയെങ്കിലും വളരണം.

മഞ്ഞ ലോഹത്തിന്റെ തിളക്കത്തിനും കറൻസി നോട്ടിന്റെ മിനുസതയിലും കെട്ടിപ്പടുക്കേണ്ടത് അല്ല ജീവിതമെന്ന് എന്ന് തിരിച്ചറിയുന്നുവോ അതുവരെയും എല്ലാം ആവർത്തിച്ചു കൊണ്ടിരിക്കും.

മകളെ വിവാഹം ചെയ്യാൻ വരുന്നവന്റെ പോക്കറ്റ് അല്ല മകളുടെ മനസ്സാണ് നിറയേണ്ടതെന്ന് ഓരോ മാതാപിതാക്കളും മനസ്സിലാക്കുന്നിടത്തോളം കാലം…

 

Leave a Reply

Your email address will not be published. Required fields are marked *