സാറും അവളുമായി വേറെ വല്ല കൊടുക്കൽ വാങ്ങലുമാണോ സംസാരിച്ചത്… “” ദേവുവിന്റെ ഭർത്താവ്

മുറപ്പെണ്ണ് കല്യാണം
(രചന: അരുൺ നായർ)

“” ദേവു, നിനക്കു എന്റെ കൂടെ ജീവിക്കണമെങ്കിൽ ഇപ്പോൾ എന്റെ കൂടെ വരണം… കുടുംബത്തിലുള്ളവർക്കു തരം പോലെ മാറ്റി പറയുവാനുള്ളതല്ല നമ്മുടെ ജീവിതം …

അവരുടെ വഴക്കുകൾക്ക് അനുസരിച്ചു നമ്മുടെ ഉള്ളിലെ ഇഷ്ടം മാറ്റാൻ കഴിയില്ല ….. നീ വരുമെങ്കിൽ ഞാൻ നിന്നെ കൊണ്ടുപോകുകയും നമ്മൾ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യും… ഇത് നിന്റെ കിച്ചുവേട്ടന്റെ വാക്കാണ്…. “”

അവളുടെ വീടിന്റെ മുൻപിൽ എല്ലാവരും കേൾക്കെ തന്നെ നിന്നായിരുന്നു ഞാൻ പറഞ്ഞത്….

എന്നിലുള്ള വിശ്വാസവും ഇഷ്ടവും കൊണ്ടു തന്നെ എന്റെ ദേവു ബാക്കി ഉള്ളവർ നോക്കി നിൽക്കെ എന്റെ അടുത്തേക്ക് ഇറങ്ങി വന്നു, ഞങ്ങൾ പോകാൻ തുടങ്ങിയ സമയത്താണ് അമ്മാവൻ പുറകിൽ നിന്നും അലറിയത്……

“” നിനക്ക് വേണമെങ്കിൽ ഇവന്റെ കൂടെ പോകാം പക്ഷെ നിന്റെ കഴുത്തിൽ ഇവന്റെ താലി വീഴും മുൻപ് തന്നെ ഞാൻ നിന്റെ അമ്മയെയും അനുജത്തിയേയും വെട്ടി കൊന്നിട്ട് ആ ത്മ ഹത്യ ചെയ്തിരിക്കും….

താലിയും കെട്ടി നിനക്കു നേരെ ഞങ്ങളുടെ ശരീരം ഏറ്റു വാങ്ങാൻ മോർച്ചറിയിലേക്ക് വരാം…

ഇവനെ പോലെ ജോലിയും കൂലിയും ഇല്ലാത്തവന്റെ കൂടെ നീ ജീവിക്കുന്നത് കാണുന്നതിലും നല്ലത് ഞങ്ങൾ മ,രി,ക്കുന്നതാണ്…..””

തിരിഞ്ഞു നോക്കിയപ്പോൾ ഞാനും ദേവുവും ഞെട്ടി പോയി…. അമ്മാവൻ, അമ്മായിയുടെയും ദേവൂന്റെ കുഞ്ഞ് അനുജത്തിയുടെയും കഴുത്തിൽ കത്തി വെച്ചുകൊണ്ട് ആണ് സംസാരിക്കുന്നത്…

എന്റെ കൂടെ നടന്നു തുടങ്ങിയിരുന്ന ദേവുവിന്റെ പാദങ്ങൾ നിശ്ചലമായി… മുൻപോട്ടു നീങ്ങിയിരുന്ന അവളുടെ പാദങ്ങൾ എന്റെ കൈകളിൽ നിന്നുള്ള പിടി വീടിച്ചു പിൻപോട്ടു പോകുന്നത് ഞാൻ വേദനയോടെ കണ്ടു…..

“” ദേവു ഒന്നും ഉണ്ടാവില്ല നീ കൂടെ വാ”” എന്നുള്ള എന്റെ വാക്കുകൾക്കു ഒരു കരച്ചിൽ മാത്രമായിരുന്നു എനിക്ക് മറുപടി ആയി ലഭിച്ചത്….

അവൾ ഓടി ചെന്നു അമ്മാവന്റെ കാല് പിടിച്ചു കൊണ്ട് ഞാൻ എങ്ങോട്ടും പോകുന്നില്ല പറയുന്നതും കൂടെ കേട്ടപ്പോൾ അതുവരെ വിജയിച്ചു തോന്നിയിരുന്ന എന്റെ മനസ്സിലേക്ക് തോൽവി ഓടിയെത്തി…..

അവളെ അവസാനമായി ഒന്നുകൂടെ നോക്കിയിട്ട് ഞാൻ ആ വീടിന്റെ പടിയിറങ്ങി…..

തിരിച്ചു വീട്ടിലേക്കു പോകും വഴി ഞാനോർത്തു, എത്ര സുന്ദരമായിരുന്നു എന്റെയും ദേവുവിന്റെയും കുട്ടികാലം… കിച്ചുവേട്ടൻ എന്ന് പറഞ്ഞാൽ ദേവുവിന് ജീവനായിരുന്നു…

വീട്ടുകാർക്കും ഞങ്ങൾ ഒരുമിക്കുന്നത് ഇഷ്ടം ആയിരുന്നത്കൊണ്ട് കുഞ്ഞിലേ തൊട്ടുള്ള ഇഷ്ടം വലുതായപ്പോൾ വളർന്നു പന്തലിച്ചു ഒരിക്കലും പിരിയാൻ കഴിയാത്ത രീതിയിൽ ആയി…

അന്നേരമാണ് ഭൂമിയുടെ പേരിൽ അച്ഛനും അമ്മാവനും തമ്മിൽ വഴക്ക് ആകുന്നതും അച്ഛൻ അമ്മാവന് എതിരെ കേസ് കൊടുക്കുന്നതും… പിന്നെ എനിക്കും ദേവുവിനും പരസ്പരം ഒന്ന് കാണാൻ പോലും കഴിഞ്ഞിരുന്നില്ല…

അമ്മാവൻ ആണെങ്കിൽ എന്റെ വീട്ടുകാരോടുള്ള ദേഷ്യത്തിന് ദേവുവിനെ വേറെ കെട്ടിച്ചു വിടാനും തീരുമാനിച്ചു അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കാര്യം സംഭവിച്ചു പോയത്…

ഉറപ്പ് ആയിരുന്നു എന്നോടുള്ള സ്നേഹത്തിൽ അവൾ കൂടെ വരുമെന്ന് പക്ഷെ വിധി എതിരായി…

എല്ലാം നഷ്ടപ്പെട്ടു മനസിലായ ഞാൻ കുറെ വിഷമിച്ചു… വീട്ടിൽ വന്ന് അച്ഛനോട് അമ്മാവന് എതിരെയുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടു എങ്കിലും അഭിമാനി ആയ അച്ഛനും എന്റെ വാക്കുകൾ ചെവികൊണ്ടില്ല…

ഇതിനിടയിൽ അമ്മാവൻ ദേവുവിന് നല്ലൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ കാര്യം കൊണ്ടു വരികയും കല്യാണം ഉറപ്പിക്കുകയും ചെയ്തു…

എന്റെ വിഷമങ്ങൾ എല്ലാം ഉള്ളിലൊതുക്കി ഞാൻ ദേവുവിന് നല്ലൊരു ജീവിതം ഉണ്ടാവാൻ പ്രാർത്ഥിച്ചു…

ഞങ്ങൾ ഒരുപാട് ഒരുമിച്ചു പ്രാർത്ഥിച്ചിട്ടുള്ള ഭഗവതിയുടെ മുൻപിൽ നിന്നു തന്നെ ഞാൻ ഒറ്റയ്ക്ക് ഇന്നു എന്റെ ദേവുവിന് വേണ്ടി മാത്രം പ്രാർത്ഥിച്ചു….

എന്റെ ദേവുവിന്റെ കല്യാണം ഒരന്യനെ പോലെ മാറി നിന്നു കണ്ടുകൊണ്ട് അവൾ ഒരിക്കലും ഇനി എന്റേത് അല്ലെന്നു ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു……

വിഷമങ്ങൾ മാത്രം നിറഞ്ഞ ജീവിതവുമായി കൂരിരുട്ടിൽ സഞ്ചരിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് ഒരു ചെറുവെളിച്ചംപോലെ പണ്ടെങ്ങോ എഴുതിയ പോലീസ് ടെസ്റ്റിന്റെ റിസൾട്ട്‌ വന്നത്…..

ഒരുപാട് പരീക്ഷിച്ചത് കൊണ്ടുള്ള ഭഗവതിയുടെ കാരുണ്യമാകാം ഈ സെലെക്ഷൻ… പിന്നീട് ഫിസിക്കൽ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു…

ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്ക് സെലെക്ഷൻ കിട്ടി, ട്രെയിനിങ്ങും പൂർത്തിയാക്കി ഞാൻ ജോലിക്ക് കയറി ഇതിനിടയിൽ ഞാൻ അറിഞ്ഞിരുന്നു ദേവു ഗർഭിണി ആയിരുന്നു എന്നും ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നും…

എന്നെ റോഡിൽ വെച്ച് കണ്ടാലുള്ള അമ്മാവന്റെ പുച്ഛം ഇരട്ടി ആയി തുടങ്ങിയിരുന്നു… പക്ഷെ എന്തൊക്കെ സംഭവിച്ചിട്ടും എനിക്ക് ദേവുവിനോടുള്ള ഇഷ്ടത്തിന് മാത്രം ഒരു കുറവും ഉണ്ടായില്ല…

ജോലിയൊക്കെ ആയപ്പോൾ അച്ഛനും അമ്മയും ഒരുപാട് തവണ കല്യാണം കഴിപ്പിക്കാൻ ശ്രമിച്ചു എങ്കിലും എന്റെ മനസ്സ് ഉറച്ച തീരുമാനം എടുത്തിരുന്നു, എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല…

എന്തായാലും അച്ഛനും അമ്മാവനും തമ്മിലുള്ള ഭൂമി കേസ് അച്ഛൻ ജയിച്ചത് അമ്മാവന് സാമ്പത്തികമായി വലിയ ക്ഷീണം ചെയ്യുകയും ചെയ്തു….

നാട്ടിൽ അധികം നിൽക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഞാൻ വരുന്ന ട്രാൻസ്ഫറുകൾ എല്ലാം സന്തോഷത്തോടെ സ്വീകരിച്ചു… അതാകുമ്പോൾ ഒരു സ്ഥലവും അവിടുത്തെ ആൾക്കാരുമായി അധികം ബന്ധം ഉണ്ടാവില്ലല്ലോ…

അവസരം കിട്ടുമ്പോൾ എല്ലാം പുതിയ സ്ഥലവും ആൾക്കാരെയും പരിചയപ്പെടുകയും ചെയ്യാം… അങ്ങനെ നാട് മുഴുവൻ ചുറ്റി തിരിഞ്ഞു ജോലി ചെയ്തു കൊണ്ട് ഇരിക്കുന്നതിനിടയിൽ വളരെ യാഥർച്ഛികമായി ഞാൻ ദേവുവിനെ കണ്ടു…

രാത്രിയിൽ മറ്റു പോലീസുകാരുടെ ഒപ്പം വണ്ടികൾ പരിശോധിച്ചുകൊണ്ട് റോഡിൽ നിൽക്കുമ്പോൾ അത്ര പന്തി അല്ലാതെ ഒരു ഓട്ടോ ഞങ്ങളുടെ അടുത്തേക്ക് വന്നു…

ഞാൻ അവിടെ പുതിയ ആൾ ആയതുകൊണ്ട് തന്നെ എനിക്ക് ഒന്നും മനസിലായില്ല പക്ഷെ കൂടെ ഉണ്ടായിരുന്ന പോലീസുകാർ പറഞ്ഞു

“”സാറേ ദേ നമ്മുടെ സ്ഥിരം കുറ്റി വരുന്നുണ്ട് ആ പെണ്ണ് എത്ര സുന്ദരി ആണ് ഇതുപോലെ ഒരു കോന്തനെ ആയി പോയല്ലോ കല്യാണം കഴിച്ചത്…. “”

ഞങ്ങളുടെ അടുത്തേക്ക് വണ്ടി എത്തിയപ്പോൾ ഞാൻ കണ്ടു, ദേവുവും രണ്ട് കുട്ടികളും പിൻസീറ്റിൽ ഭർത്താവ് ആണെന്ന് തോന്നുന്നു വണ്ടി ഓടിക്കുന്നത്…

അയാൾ ആണെങ്കിൽ നല്ലത് പോലെ മ ദ്യപിച്ചിട്ടും ഉണ്ട്… മ ദ്യപിച്ചിട്ടു അയാൾ ബാക്കി ഉള്ള പോലീസുകാരോട് ന്യായം പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ഞാൻ ദേവുവിന്റെ അടുത്തേക്ക് ചെന്നു…

“” ദേവു ഇതെന്താ സംഭവം, ഇയാളൊരു ഗവണ്മെന്റ് ജോലിക്കാരൻ അല്ലേ, നിനക്കു ഇത് എന്താ സംഭവിച്ചത്… “”

എന്റെ ശബ്ദം ദേവുവിന്റെ ഉള്ളിൽ ഒരു മിന്നൽപിണർ പോലെ കയറുന്നത് ഞാൻ കണ്ടു പക്ഷെ അവൾ എന്നോട് മറുപടി പറയും മുൻപ് അവളുടെ ഭർത്താവ് എന്നോട് പറഞ്ഞു…

“” സാറേ മ ,ദ്യപിച്ചത് ഞാനാണ്, വേണമെങ്കിൽ എന്നെ ചോദ്യം ചെയ്യൂ അല്ലാതെ അവളോട് അല്ല… അതോ ഇനി സാറും അവളുമായി വേറെ വല്ല കൊടുക്കൽ വാങ്ങലുമാണോ സംസാരിച്ചത്… “”

ദേവുവിന്റെ ഭർത്താവ് എന്നവന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും ഞാൻ ഇട്ടേക്കുന്നെ യൂണിഫോമിനെ ബഹുമാനിച്ച്‌ അയാളെ നോക്കാതെ ബാക്കി ഉള്ള പോലീസുകാരുടെ അടുത്തേക്ക് പോയി….

അവർ അയാളോട് വണ്ടിയും എടുത്തോണ്ട് പൊക്കോ ജീവനോടെ വീട്ടിൽ എത്തിയേക്കണം പറഞ്ഞു വിട്ടയച്ചത് കണ്ടു ഞാൻ അമ്പരന്നു പോയി… എന്റെ നിൽപ്പ് കണ്ടു ബാക്കിയുള്ള പോലുസുകാർ എന്നോട് പറഞ്ഞു…

“” എന്റെ പൊന്നു സാറേ, ഞങ്ങൾ ഒന്നും ചെയ്യാത്തത് ആണ് ആ പെണ്ണിനെ ഓർത്ത്… നല്ല ഗവണ്മെന്റ് ജോലി ഉണ്ടായിരുന്നവൻ ആണ് അതു കുടിച്ചു കുടിച്ചു നശിപ്പിച്ചു ഉണ്ടായിരുന്ന വീടും നശിപ്പിച്ചു…ഇപ്പോൾ ആ വളവിന്റെ അപ്പുറത്തു വാടകക്ക് താമസിക്കുകയാണ്…

ഇവൻ ഇപ്പോൾ ഓട്ടോ ഓടിക്കും കിട്ടുന്ന കാശിനു കുടിക്കും ആ കൊച്ചിന് ടൗണിൽ ഒരു പെട്ടിക്കട ഉണ്ട് അതിൽ നിന്നും ഇവൻ കാണാതെ മാറ്റി വെക്കുന്നത് വെച്ചാണ് അതുങ്ങൾ ജീവിച്ചു പോകുന്നത്…

നമ്മളായിട്ട് എന്തിനാ വെറുതെ അതിന്റെ കയ്യിൽ ഉള്ളത് കൂടി മേടിക്കുന്നത് അതാ വെറുതെ വിടുന്നത്… “”

എനിക്ക് ദേവുവിന്റെ അവസ്ഥ ഓർത്തപ്പോൾ കരച്ചിൽ വന്നു പോയി… ഞാൻ ഒരുവിധത്തിൽ കണ്ട്രോൾ ചെയ്തു പിടിച്ചു നിന്നു…

അടുത്ത ദിവസം ഒരു പോലീസുകാരനോട് അവളുടെ കട ഇരിക്കുന്ന സ്ഥലം ചോദിച്ചു മനസിലാക്കി ഞാൻ അവിടെ ചെന്നു….

അവൾ എന്നോട് അധികം സംസാരിക്കാൻ കൂട്ടാക്കിയില്ല സാധാരണ കസ്റ്റമേഴ്സിനോട് ഇടപെടും പോലെ മാത്രം ഇടപെട്ടു എന്നെ ഒഴിവാക്കി… പിന്നെ ജോലി കഴിഞ്ഞു ഉള്ള സമയങ്ങളിൽ ഞാൻ അവളെ കാണാൻ പോകാൻ തുടങ്ങി…

ഒരു ദിവസം ചെന്നപ്പോൾ കട തുറക്കാതെ ഇട്ടേക്കുന്നത് കണ്ടു ഞാൻ അവിടെ ഉള്ളവരോട് തിരക്കിയപ്പോൾ അറിഞ്ഞു കുടിച്ചു കുടിച്ചു അവനു എന്തൊക്കെയോ അസുഖം ഉണ്ടെന്നും

അവനെയും കൊണ്ട് അവളും കുഞ്ഞുങ്ങളും ഗവണ്മെന്റ് ആശുപത്രിയിൽ കഴിയുക ആണെന്നും…

ഞാൻ പെട്ടന്ന് തന്നെ ഗവണ്മെന്റ് ആശുപത്രിയിലേക്ക് ചെന്നു, അവിടെ അവരെ അന്വേഷിച്ചു കണ്ടുപിടിച്ചപ്പോൾ എന്റെ ദേവുവിനെയും പിള്ളേരെയും കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി…

അയാൾക്ക്‌ എങ്ങനെ ഉണ്ടെന്ന് ഡോക്ടർസിനോട് തിരക്കിയപ്പോൾ തിരിച്ചു കിട്ടിയിട്ടും കാര്യമില്ല ഇതൊക്കെ പോകുന്നത് തന്നെയാണ് നല്ലതെന്ന് ഡോക്ടർസ് പോലും പറഞ്ഞപ്പോൾ അയാൾ എത്രമാത്രം കുടിക്കുമായിരുന്നു വെന്ന് എനിക്ക് മനസിലായി…

ദേവുവിന് സഹായമായി ഞാൻ എന്നും അവിടെ നിന്നുവെങ്കിലും എന്റെ ദേവുവിന്റെ താലി അറത്തു മാറ്റപ്പെട്ടു എന്നുള്ള വാർത്തയാണ് അവസാനം ഞങ്ങൾക്ക് ലഭിച്ചത് ..

അയാളുടെ ശരീരം ഏറ്റുവാങ്ങി അവർ താമസിക്കുന്നിടത്തു ചെന്നപ്പോൾ ആ വീട് കണ്ടു ഞെട്ടി പോയി…

ഒറ്റ മുറിയുള്ള ഒരു കുഞ്ഞ് വീട്…. അയാളുടെ കർമങ്ങളും ചടങ്ങുകളും എല്ലാം കഴിഞ്ഞു എല്ലാവരും പോയപ്പോൾ ഞാൻ അമ്മാവന്റെ അടുത്ത് ചെന്നു ആശ്വസിപ്പിച്ചു…

“”തെറ്റുപറ്റി പോയെടാ പൊന്നു മോനെയെന്നു “” എന്റെ നെഞ്ചോട് ചേർന്നു പൊട്ടി കരയാൻ മാത്രമേ പ്രായം തളർത്തിയ ആ മനുഷ്യനു സാധിച്ചുള്ളൂ…

അമ്മാവാ അവളെയും കൊണ്ടു വീട്ടിലേക്കു പൊക്കൂടെ എന്നുള്ള ചോദ്യത്തിനും ഉത്തരം കരച്ചിൽ മാത്രം ആയിരുന്നു…. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നിന്നിരുന്ന എന്നോട് അമ്മായി കരഞ്ഞു പറഞ്ഞു….

“” മോനെ അവിടെ ഇപ്പോൾ ഇളയ മോളുടെ ഭർത്താവിന്റെ ഭരണം ആണ്, അവർ ഇവിടെ ഉണ്ടായിരുന്നു ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ അടുത്ത് വന്നു യാത്ര ചോദിച്ചു പോയി..

പോകും മുൻപ് ഇത്ര മാത്രം പറഞ്ഞു ഇനി ഈ പ്രാരാബ്ദം കൂടി ഞങ്ങളുടെ തലയിൽ കൊണ്ടേ വെക്കരുതെന്നു… “”

പാവം അമ്മായിയുടെയും അമ്മാവന്റെയും സങ്കടകരമായ വാക്കുകൾക്കു എനിക്ക് മറുപടി ഇല്ലായിരുന്നു…

ദേവുവിനെ ഒന്ന് കാണാൻ തോന്നിയെങ്കിലും എല്ലാം നശിച്ചിരിക്കുന്ന അവളുടെ മുഖം കാണാനുള്ള ധൈര്യം ഉണ്ടായില്ല…

എന്റെ നമ്പർ അമ്മായിയുടെ കയ്യിൽ കൊടുത്തിട്ടു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ദേവുവിനോട് വിളിക്കാൻ പറയാൻ അറിയിച്ചു കൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി…

ദിവസങ്ങൾ കടന്നു പോയി, ദേവുവിന്റെ വീട്ടിലേക്കു ചെന്നാൽ അവൾക്കു ഉണ്ടായേക്കാവുന്ന മാനക്കേട് ഓർത്ത് ഞാൻ അങ്ങോട്ടു പോയില്ല… കടയിൽ വരുമല്ലോ അപ്പോൾ സംസാരിക്കാമല്ലോ…

ആദ്യമൊക്കെ ദേവുവിന്റെ കട വേറെ ഒരാൾ തുറന്നപ്പോൾ പകരം ആരേ എങ്കിലും ഏൽപ്പിച്ചു എന്നാണ് കരുതിയത് പിന്നെ അന്വേഷിച്ചപ്പോൾ മനസിലായി

ഭർത്താവ് ആശുപത്രിയിൽ കിടന്നപ്പോൾ ചികിൽസിക്കാൻ ഉള്ള പൈസക്കായി അവൾ കട വിറ്റിരുന്നു എന്ന്… അതു മാത്രമല്ല അതു കൂടാതെ ഒരുപാട് ആൾക്കാരോട് കടവും മേടിച്ചിട്ടുണ്ടത്രെ…

ഞാൻ ഒട്ടും സമയം പാഴാക്കാതെ ദേവു താമസിക്കുന്ന വീട്ടിലേക്കു ചെന്നു… എന്ത് വന്നാലും എന്റെ ദേവു ഒറ്റയ്ക്ക് ആയി കൂടാ…

ഒരു ജീവിതം മുഴുവൻ തരാനുള്ള സ്നേഹം അവൾ എനിക്ക് സ്നേഹിച്ചപ്പോൾ തന്നിട്ടുണ്ട്… ഇനിയും അവൾ വിഷമിക്കുന്നത് കണ്ടു നിന്നാൽ ദൈവം പോലും എന്നോട് പൊറുക്കില്ല…

ഓരോരോ ചിന്തകളുമായി എന്റെ ബൈക്ക് ദേവുവിന്റെ വീട്ടിലേക്കു പാഞ്ഞു കൊണ്ടിരുന്നു…

അവിടെ എത്തിയപ്പോൾ രാത്രി എട്ടു മണി ആയിരുന്നു, അവളുടെ വീടിന്റെ മുൻപിൽ കുറച്ചു ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഞാൻ കുറച്ചു ദൂരത്തു നിന്നേ കണ്ടു…

ദൈവമേ ദുഃഖങ്ങൾ സഹിക്കാൻ കഴിയാതെ എന്റെ ദേവു എന്തെങ്കിലും കടുംകൈ ചെയ്തു കാണുമോ… ഞാൻ പെട്ടന്ന് വണ്ടി കൊണ്ടേ വീടിന്റെ മുൻപിൽ നിർത്തി…

വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ചോദിച്ചു””എന്താ പ്രശ്നം, ദേവുവും കുട്ടികളും എവിടെ… “”കൂട്ടത്തിൽ ഒരുത്തൻ മറുപടി പറഞ്ഞു…

“” ആ ശീലാവതി കുഞ്ഞുങ്ങളെയും കെട്ടി പിടിച്ചു അകത്തു തന്നെ ഇരുപ്പാണ്…. കയ്യിൽ നിന്നും മേടിച്ച കാശ് ചോദിക്കുമ്പോൾ മറുപടി ഇല്ല…

അല്ല, പൈസ ആയിട്ട് തന്നെ വേണമെന്ന് ഞങ്ങൾക്ക് ആർക്കും നിർബന്ധം ഇല്ല സാറേ… ഓരോ ദിവസം ഓരോരുത്തർക്കും തന്നാൽ തീരാവുന്നതേയുള്ളു കടമൊക്കെ… സാറിന് എത്ര തരാൻ ഉണ്ട്…

മുഖമടച്ചു ഒരടി ആയിരുന്നു എന്റെ മറുപടി… അയാൾ ഒറ്റ അടിക്കു താഴെ വീണു… എന്നിട്ട് ഞാൻ അലറി…

“” നിനക്കൊക്കെ എത്ര രൂപ തരാൻ ഉണ്ടെടാ, ഞാൻ തരാം, മേലാൽ ഇവിടെ വന്നു ഷോ കാണിച്ചാൽ തൂക്കി എടുത്തു എല്ലാത്തിനെയും അകത്തു ഇടും പറഞ്ഞില്ലെന്നു വേണ്ട… “”

ഞാനൊരു പോലീസുകാരൻ ആണെന്നുള്ള കാര്യവും പിന്നെ അവർക്കു തിരിച്ചു കിട്ടാനുള്ള പൈസ കിട്ടുമെന്നും ആയപ്പോൾ അവർ അവിടെ നിന്നു പിരിഞ്ഞു പോയി…

അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ ചെന്നു ദേവുവിനെ വിളിച്ച് കതക് തുറക്കാൻ പറഞ്ഞു…. മനസ്സില്ല മനസ്സോടെ എങ്കിലും അവൾ കതക് തുറന്നു… തുറന്നപ്പോൾ തന്നെ ഞാൻ ചോദിച്ചു…

“” ദേവു ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും നീ എന്താണ് എന്നെ വിളിക്കാഞ്ഞത്… ഞാൻ അമ്മായിയുടെ കയ്യിൽ നമ്പർ കൊടുത്തിട്ടു അല്ലേ പോയത്…. “”നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു…

“”അമ്മ തന്നിരുന്നു, എന്തോ എനിക്ക് വിളിക്കാൻ തോന്നിയില്ല കിച്ചുവേട്ടാ, പിന്നെ ആദ്യം ആയിട്ട് വന്നിട്ട് ചായ തരണം ഉണ്ട് പക്ഷെ പഞ്ചാര ഒട്ടുമില്ല… എന്നോട് ഒന്നും തോന്നല്ലേ കിച്ചുവേട്ട… “”

“” എനിക്ക് ഒന്നും വേണ്ട ദേവു, നിന്റെ ഈ അവസ്ഥ കാണാൻ പറ്റുന്നില്ല… നിന്നോട് ഇപ്പോൾ ചോദിക്കുന്നത് തെറ്റാണെന്നു അറിയാം എങ്കിലും ഞാൻ ഒരു കാര്യം ചോദിക്കട്ടെ ദേവു…. “”

മൗനത്തിൽ നിന്ന അവളോട് ഞാൻ ചോദിച്ചു…..””നീ എന്റെ കൂടെ പോരുന്നോ, നമ്മുടെ പഴയ സ്വപ്‌നങ്ങൾക്ക് നമുക്ക് നിറം പകരാം…. “”

“” എന്നെ ഒഴിഞ്ഞു വേറെ എന്തും എന്റെ കിച്ചുവേട്ടൻ ചോദിച്ചോ… എന്റെ ഭർത്താവ് മരിച്ചു മുകളിൽ നിൽക്കുന്നത് എനിക്ക് കാണാം കിച്ചുവേട്ട… എന്നെ അദ്ദേഹം സ്നേഹിച്ചിട്ടില്ല പക്ഷെ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ മുതൽ അദ്ദേഹം എന്റെ ദൈവമാണ്…

ഇപ്പോൾ എന്റെ കുഞ്ഞുങ്ങൾ മാത്രമാണ് എന്റെ ജീവിതം, എങ്ങനെയും അവരെ പഠിപ്പിക്കണം അതിനു പറ്റുന്നില്ല എങ്കിൽ ഞങ്ങൾ ഈ ഭൂമിയിൽ ഇല്ലാതെ ആയിക്കോളാം… ആർക്കും ഭാരം ആവില്ല… “””” ദേവു, ഞാൻ നിന്നേ മാത്രം ഓർത്ത് ഇത്രയും കാലം ജീവിച്ചതല്ലേ “”

പറഞ്ഞു എന്നിലേക്ക്‌ അവളെ അടുപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവളുടെ വാക്കുകൾ പോലെ തന്നെ അവളുടെ മനസ്സും ഉറച്ചത് ആണെന്ന് എനിക്ക് ബോധ്യമായി…. കുതറി മാറിയ ദേവു എന്നോട് പറഞ്ഞു…

“”കിച്ചുവേട്ട ഇങ്ങനെ ഒന്നും ചെയ്യരുത്… ഇങ്ങനെ ചെയ്താൽ കിച്ചുവേട്ടനും ഇപ്പോൾ ഇവിടെ വന്നു എന്റെ ശരീരം കൊതിച്ചു നിന്നവരും തമ്മിൽ എന്ത് വ്യത്യാസം…. എന്റെ കിച്ചുവേട്ടൻ ഇത്രയും തരം താഴരുത്… “”

എനിക്ക് എന്റെ ദേവുവിനെ ഓർത്ത് അഭിമാനം തോന്നി… പതിയെ ഞാൻ അവളെ വിളിച്ചു…

“” ദേവു, നമുക്ക് നിന്നെയും കുഞ്ഞുങ്ങളെയും കൂട്ടി എന്റെ വീട്ടിലേക്കു പോകാം… എനിക്ക് സഹോദരങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടും ഞാൻ കല്യാണം കഴിക്കാത്തത് കൊണ്ടും ആ വീട് ഒച്ചയും അനക്കവുമില്ലാതെ ശോകമൂകമാണ്…

ഒരുപക്ഷെ നിന്റെയും കുട്ടികളുടെയും കരച്ചിലും ചിരിയും അവിടെ സന്തോഷങ്ങൾ കൊണ്ടു വരും…

എതിർത്തു പറയരുത് എന്റെ ഭാര്യയായി നീ വരണ്ട ഞാൻ നിന്നേ അതിനു നിർബന്ധിക്കുകയും ഇല്ല പക്ഷെ നിന്റെ ആഗ്രഹം പോലെ നിന്റെ കുഞ്ഞുങ്ങളും നീയും അവിടെ സുരക്ഷിത ആയിരിക്കും..

“”അതൊക്കെ നാട്ടുകാർ പല രീതിയിൽ പറഞ്ഞു ഉണ്ടാക്കും കിച്ചുവേട്ട… “””” നാട്ടുകാർ അല്ല ഞാനാണ് നിന്നെ സംരക്ഷിക്കും പറയുന്നത്… നിന്റെ മനസ്സിന് എന്നെങ്കിലും മാറ്റം ഉണ്ടാകും വരെ ഒരു പെങ്ങളോട് പെരുമാറും പോലെ മാത്രമേ ഞാൻ ഇടപെടുകയുള്ളു…

ഒരിക്കലും മാറി ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല, നീയും കുഞ്ഞുങ്ങളും സന്തോഷത്തോടെ ജീവിച്ചാൽ മാത്രം മതി… “”

ഒട്ടും താല്പര്യം ഇല്ലായിരുന്നു എങ്കിലും ഇവിടെ തുടർന്നും ജീവിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ദേവു എന്റെ വാക്കുകൾ അനുസരിച്ചു…

എന്റെ അച്ഛനും അവളുടെ അച്ഛനും കൂടി കേസ് പറഞ്ഞു ഞങ്ങളെ അകറ്റിയ അതേ പറമ്പിൽ ഇന്നു അവളുടെ കുഞ്ഞുങ്ങൾ കളിക്കുന്നു, ഞാനും ദേവുവും ജീവിതത്തിൽ പരാജയപെട്ടു എങ്കിലും…

Leave a Reply

Your email address will not be published. Required fields are marked *