നിന്നെ പോലൊരു പെണ്ണിനെ എനിക്ക് ഇഷ്ടമല്ലെന്ന്. പിന്നെ എന്ത് കാര്യത്തിന് ആണെടി പുല്ലേ നീ ഇങ്ങനെ എന്റെ

(രചന: വാമിക)

“”ഇഷ്ടമുള്ളത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ പുറകിൽ നടക്കുന്നത്. ഒരിക്കലെങ്കിലും ഒന്ന് തിരിച്ചു പറഞ്ഞൂടെ?

എന്തിനാ ഒരു പാവം പെണ്ണിനെ ഇങ്ങനെ വട്ടു കളിപ്പിക്കുന്നത്?? ഇതിനെല്ലാം കൂടി ദൈവം ചോദിക്കും ട്ടോ…””

വീട്ടിലേക്ക് കയറുന്നതിന് മുൻപേ പുറകിൽ വന്നു പാറു വിളിച്ചു പറഞ്ഞതും വിഷ്ണു അവളെ ദേഷ്യത്തോടെ നോക്കി.

“”നിന്നോട് ഒരായിരം തവണ ഞാൻ പറഞ്ഞിട്ടുണ്ട് നിന്നെ പോലൊരു പെണ്ണിനെ എനിക്ക് ഇഷ്ടമല്ലെന്ന്.

പിന്നെ എന്ത് കാര്യത്തിന് ആണെടി പുല്ലേ നീ ഇങ്ങനെ എന്റെ പുറകിൽ നടക്കുന്നത്? കുറച്ചെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ഒന്ന് പോയി താ… വെറുതെ മനുഷ്യനെ ശല്യം ചെയ്യാനായിട്ട്….””

ദേഷ്യത്തോടെ വിഷ്ണു പറഞ്ഞതും ഇതെല്ലാം താൻ എത്ര കേട്ടതാണെന്ന പോലെ പാറു അവനെ നോക്കി ചിരിച്ചു കാണിച്ചു.

“”ഇതൊക്കെ വിച്ചേട്ടൻ കുറെ പറഞ്ഞതല്ലേ. എനിക്ക് ഈ ഡയലോഗ് എല്ലാം കാണാതെ അറിയാം.

എന്താണ് എന്നെ ഇങ്ങനെ അവഗണിക്കാനുള്ള കാരണമെന്ന് പറ. അത് കേട്ടിട്ട് വിശ്വാസം വന്നാൽ നമുക്ക് ബാക്കി ആലോചിക്കാം..””

“”നിന്നെ പോലൊരു പെണ്ണിനെ എനിക്ക് എന്റെ ഭാര്യയായി വേണ്ട. അത് തന്നെ കാര്യം. ഏത് നേരവും പാടത്തും പറമ്പിലും, നാട്ടിലെ സകല ആളുകളോട് കാര്യം പറഞ്ഞും ഇങ്ങനെ ചാടി ചാടി നടക്കും.

ഇങ്ങനൊക്കെയോ കോളേജിൽ പോകുന്നു. ഭാവിയെ കുറിച്ച് ഒരു ചിന്തയുമില്ല. എന്നെ കല്യാണം കഴിക്കണമെന്ന് മാത്രം പറയാൻ നല്ല മിടുക്കാണ്.

എന്റെ അപ്പച്ചിടെ മോൾ എന്ന് കരുതി കൂടുതൽ അധികാരം സ്ഥാപിക്കാൻ വന്നാൽ പൊന്ന് മോളെ നീ എന്റെ കൈയുടെ ചൂടറിയും. പോയി എന്തെങ്കിലും പഠിക്കാൻ നോക്കെടി.

അല്ലെങ്കിലും എനിക്ക് അറിയാം. നിനക്ക് എന്നെ കല്യാണം കഴിച്ചാൽ പിന്നെ സുഖജീവിതമല്ലേ. എന്റെ ചിലവിനു ജീവിക്കാമെല്ലോ.

ഇങ്ങനെ ഏത് നേരവും എന്റെ പുറകിൽ നടക്കാതെ ശല്യം ഒന്ന് പോയി തരാമോ??? പോയി പഠിച്ചു ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ നോക്ക്.””

വിഷ്ണുവിന്റെ ഓരോ വാക്കുകളും അവളുടെ മനസിനെ വല്ലാതെ നോവിക്കാൻ കഴിയുന്നതായിരുന്നു…. എങ്കിലും പാറു തന്റെ പുഞ്ചിരി കൈവിട്ടില്ല.

“”ഒരു കാര്യം ഞാൻ ചോദിക്കട്ടെ വിച്ചേട്ടാ??? ഞാൻ എപ്പോഴെങ്കിലും മരിച്ചാൽ വിച്ചേട്ടന് സങ്കടം തോന്നുമോ? അതോ അപ്പോഴും പറയുമോ ശല്യം പോയി കിട്ടിയെന്ന്????””

ചിരിച്ചു കൊണ്ടാണ് ചോദിച്ചതെങ്കിലും അവസാനമായപ്പോൾ അവളുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു.

“”അത് പ്രത്യേകിച്ച് ചോദിക്കാൻ എന്താ?? ഞാൻ പടക്കം പൊട്ടിച്ചു ആഘോഷിക്കും.””

വിഷ്ണുവിന്റെ വാക്കുകൾ കേട്ടതും പിന്നീട് ഒന്നും ചോദിക്കാൻ നിൽക്കാതെ പാറു തന്റെ വീട്ടിലേക്ക് നടന്നു…

വീട്ടിലേക്ക് നടക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ വാശിയോടെ തുടച്ചു അവനെ ചീത്ത വിളിക്കുന്നുണ്ടാരുന്നു അവൾ.

“”ഇഷ്ടല്ല പോലും. ദുഷ്ടൻ. പണ്ട് പാറുട്ടി പാറുട്ടി എന്ന് പറഞ്ഞു പുറകിൽ നടന്നവനാണ്. ഇപ്പോ പോയി പഠിക്കാൻ പറയുന്നത്.

എല്ലാരോടും സംസാരിക്കുന്നത് ഒരു തെറ്റാണോ? അവർക്കൊക്കെ എന്നോട് സ്നേഹം ഉള്ളത് കൊണ്ടല്ലേ. അതെങ്ങനെ? അതൊന്നും ആ കാലമാടനു മാനസികാകില്ലല്ലോ.

ചെന്നൈ പോയി പഠിച്ചു അങ്ങേരുടെ കിളി പോയെന്നാണ് തോന്നുന്നത്. ഇതെല്ലാം മാറ്റി പറയുന്ന ഒരു ദിവസം വരും. നോക്കിക്കോ…””

കുറച്ചു ദിവസങ്ങൾക്കു ശേഷം….വൈകിട്ട് വിഷ്ണുവിന്റെ വീട്ടിൽ അവന്റെ അമ്മയോട് കാര്യം പറഞ്ഞു ഇരിക്കുമ്പോഴാണ് ആരൊക്കെയോ വീട്ടിലേക്ക് നടന്നു വരുന്നത് അവൾ കണ്ടത്. വിഷ്ണുവിന്റെ കൂടെ രണ്ട് ആൺകുട്ടിയും ഒരു പെൺകുട്ടിയും.

തന്റെ കൂട്ടുകാരെന്നു പറഞ്ഞു അവൻ അവരെ പരിചയപെടുത്തുമ്പോൾ പാറുവിന്റ നോട്ടം മുഴുവൻ വന്ന പെണ്ണിലായിരുന്നു.

“”ഇത് ഗ്രീഷ്മ. എന്റെ കൂടെ ചെന്നൈയിൽ പഠിച്ചതാണ്. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. ഇവർ ഒരാഴ്ച ഇവിടെ കാണും.””

അതിന് തെളിച്ചമില്ലാത്ത ഒരു മൂളൽ മറുപടിയായി നൽകുമ്പോൾ എന്തിനോ വേണ്ടി ആ പെണ്ണിന്റെ ഉള്ളം വേദനിച്ചിരുന്നു.

അടുത്ത ദിവസം ഫുഡ്‌ കഴിക്കാൻ വിഷ്ണുവിനെ പോയി വിളിച്ചു കൊണ്ട് വാ എന്ന് പറഞ്ഞത് അനുസരിച്ചു അവന്റെ റൂമിലേക്ക് ചെല്ലുമ്പോൾ കാണുന്നത് വിഷ്ണുവിന്റെ നെഞ്ചിൽ ചാരി നിൽക്കുന്ന ഗ്രീഷ്മയെയാണ്.

അവന്റെ കൈകൾ അവളെ തലോടുന്നുണ്ട്.കാണാൻ പാടില്ലാത്തത് എന്തോ കണ്ടത് പോലെ പാറു പെട്ടെന്ന് ഗ്രീഷ്മയെ തള്ളി താഴെയിട്ടു.

അവിടെ എന്താ നടക്കുന്നതെന്ന് മനസിലായില്ലെങ്കിലും പെട്ടെന്ന് ബോധം വന്ന വിഷ്ണു താഴെ വീണ ഗ്രീഷ്മയെ പിടിച്ചു എണീപ്പിച്ചപ്പോൾ കാണുന്നത് അവളുടെ നെറ്റി പൊട്ടി ചോര വരുന്നതാണ്.

“”നീ എന്തിനാ എന്റെ വിച്ചുവേട്ടനെ ചേർന്നു നിന്നത്?? എനിക്ക് ഇഷ്ടല്ല. എന്റെയാ… എന്റെ മാത്രം.””

ഇതും പറഞ്ഞു ഒരു കുഞ്ഞിനെ പോലെ തന്റെ നെഞ്ചിലേക്ക് ചേരാൻ വരുന്നവളെ കണ്ട് അവന് തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.

അടുത്തേക്ക് വന്നവളെ ബലമായി പിടിച്ചു മാറ്റി മുഖത്തേക്ക് ആഞ്ഞടിക്കുമ്പോൾ എന്തിനോ വേണ്ടി അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

“”സ്നേഹിക്കുന്നവനെ വിശ്വാസം വേണമെടി പുല്ലേ. അല്ലാതെ ആരെങ്കിലും അടുത്ത് നിന്നെന്നു കരുതി വെറുതെ ഉപദ്രവിക്കുകയല്ല വേണ്ടത്. അതെങ്ങനെ മനസിലാകും.

ബോധമെന്ന കാര്യം ഇല്ലെല്ലോ. ഇതു നേരവും എന്തെങ്കിലും പറഞ്ഞു ആളുകളെ ശല്യം ചെയ്യാൻ മാത്രമറിയാം. ഒന്ന് എന്റെ മുന്നിൽ നിന്ന് ഇറങ്ങി പോകുമോ??””

വിഷ്ണു അലറിയതും പാറു കരഞ്ഞു കൊണ്ട് അവന്റ റൂമിൽ നിന്ന് ഓടി പോയി.””നീ എന്തിനാ വിഷ്ണു ആ പാവം പെണ്ണിനെ തല്ലിയത്? നിനക്ക് അവളെ ഇഷ്ടമല്ലേ. എത്രയോ തവണ നീ കോളേജിൽ വെച്ചു പറഞ്ഞിരിക്കുന്നു നിന്റെ ദാവണിക്കാരി മുറപ്പെണിനെ കുറിച്ച്.

പുറകിൽ നടന്ന പെൺകുട്ടികളോടെല്ലാം നീ പറഞ്ഞത് നിന്നെ കാത്തു ഒരാൾ നാട്ടിലുണ്ട്. അവളെ ചതിക്കാൻ പറ്റില്ലെന്നായിരുന്നെല്ലോ.

ഇനി നല്ല ജോലിയൊക്കെ കിട്ടി ലൈഫ് സെറ്റ് ആയപ്പോൾ നിനക്കും തോന്നിയോ ആ പാവം പെണ്ണ് ഒരു ബാധ്യതയാണെന്ന്? നീ അവളോട് ഇഷ്ടം പറഞ്ഞിട്ടില്ലെന്ന് അറിയാം.

പക്ഷെ ഇനിയും അതിനെ വേദനിപ്പിച്ചാൽ ദൈവം പോലും ക്ഷമിക്കില്ല. താൻ സ്നേഹിക്കുന്ന ചെക്കന്റെ നെഞ്ചിൽ മറ്റൊരാൾ ചേർന്നു നിൽക്കുന്നത് കാണുന്ന ഒരു പെണ്ണിനും സഹിക്കില്ല.

അവളുടെ സ്ഥാനത്തു ഞാൻ ആണെങ്കിലും ഇത് തന്നെ ചെയ്യുമായിരുന്നു. പോയി സോറി പറ വിഷ്ണു. പാവം ഒരുപാട് സങ്കടായി.””

ഗ്രീഷ്മ അങ്ങനെ പറഞ്ഞെങ്കിലും സോറി പറയാൻ എന്തോ അവന്റെ മനസ് അനുവദിച്ചില്ല.

രാത്രി ബാൽക്കണിയിൽ ഇരുന്നു ഫോണിൽ നോക്കുമ്പോഴാണ് അടുത്ത് ആരോ വന്നു നിൽക്കുന്നത് പോലെ അവന് തോന്നിയത്.

പാറുവെന്ന് കണ്ടതും അവന് സന്തോഷമായെങ്കിലും കവിളിൽ തന്റെ കൈ വിരലുകളുടെ പാട് പതിഞ്ഞു കിടക്കുന്നത് കണ്ടതും അവന് വല്ലാതെ സങ്കടായി. അവിടം നീര് വന്നു വീർത്തിട്ടുമുണ്ട്.

“”മ്മ്. എന്താ???””””വിച്ചേട്ടന് ശെരിക്കും എന്നെ ഇഷ്ടല്ലേ? ഞാൻ അത്ര മോശപ്പെട്ട പെണ്ണാണോ? ഏട്ടന്റെ കൂടെ എന്നെ കൊണ്ട് നടക്കാൻ കൊള്ളില്ലേ??””

“”ഇങ്ങനെ എന്നോട് ചോദിച്ചു കഷ്ടപ്പെടാതെ ഇതിനെല്ലാം സ്വയം ഉത്തരം കണ്ടെത്താൻ അങ്ങോട്ട് ശ്രമിക്കണം.

അപ്പോൾ അറിയാമെല്ലോ. നിന്നെ പോലെ ഒരേണത്തിനെ ഞാൻ ഈ ലോകത്തു കണ്ടിട്ടില്ല.””

ചിരി കടിച്ചമർത്തിയാണ് വിഷ്ണു പറഞ്ഞതെങ്കിലും അത് ആ പെണ്ണിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

തിരിഞ്ഞോടാൻ പോയ പാറുവിനെ പെട്ടെന്നാണ് അവൻ ചേർത്തു നിർത്തിയത്.

“”എല്ലാരോടും തർക്കുത്തരം പറയുന്നവൾ ഞാൻ എന്തെങ്കിലും പറയുമ്പോൾ എന്തിനാ ഇങ്ങനെ കണ്ണും നിറച്ചു പോകുന്നത്? നിനക്ക് ഒന്നും പറയാനില്ലേ?””

“”വിച്ചേട്ടന് എന്നെ ഇഷ്ടല്ലല്ലോ… ഞാൻ…. ഞാൻ…..””ബാക്കി പറയാതെ എങ്ങലടിച്ചു കരയുന്നവളെ നെഞ്ചോട് ചേർക്കുമ്പോൾ അവനും കരഞ്ഞിരുന്നു.

“”നിന്നോട് ഞാൻ ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടോ വാവേ? എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്?.. ഇപ്പോൾ നീ പഠിക്കുന്ന പ്രായമല്ലേ.

നന്നായി പഠിക്കാൻ വേണ്ടിയല്ലേ ഓരോന്ന് പറഞ്ഞു ഞാൻ ദേഷ്യം പിടിപ്പിച്ചിരുന്നത്? പക്ഷെ ഇന്ന് ഗ്രീഷ്മയെ തള്ളി ഇട്ടപ്പോൾ എന്റെ കണ്ട്രോൾ പോയി.

അവളുടെ വീട്ടിലെ വിഷമങ്ങൾ പറഞ്ഞു കരഞ്ഞപ്പോൾ ഞാൻ ഒന്ന് സമാധാനിപ്പിച്ചതാ. അല്ലാതെ അവൾ നമ്മുടെ ഇടയിലെ വില്ലാതിയൊന്നുമല്ല.

ഈ നാട്ടിലെ കൊച്ച് കുട്ടിക്ക് വരെ അറിയാം വിഷ്ണുവിന്റെയാണ് പാർവതിയെന്ന്. ഞാൻ രാവിലെ അടിച്ചത് നിനക്ക് വേദനിച്ചോടി??””

പാറുവിനെ കവിളിൽ കൈ ചേർത്ത് വിഷ്ണു ചോദിച്ചതും അവൾ ഒന്ന് കൂടി അവനിലേക്ക് ചേർന്നു നിന്നു. തന്റെ മാത്രമാണെന്ന് പറയാതെ പറഞ്ഞു കൊണ്ട്….

Leave a Reply

Your email address will not be published. Required fields are marked *