തന്മയ
രചന: Rivin Lal
ആൺകുട്ടികൾ കരയാൻ പാടില്ല എന്നാണ് എപ്പോളും എന്റെ അമ്മ പറയാറുള്ളത്. അമ്മയെന്തു കൊണ്ടാണ് എപ്പോളുമങ്ങിനെ പറയുന്നതെന്ന് ഞാൻ പല തവണ ചിന്തിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഉത്തരം കാലക്രമേണ എനിക്ക് കിട്ടിയത് എന്റെ സ്വന്തം ഏട്ടനിൽ നിന്നാണ്.
ഏട്ടന് എന്നെക്കാൾ നാലു വയസ്സ് കൂടുതലുണ്ട്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോളാണ് ഏട്ടൻ ആദ്യമായി കരയുന്നത് ഞാൻ കണ്ടത്. അത് വേറൊന്നിനുമായിരുന്നില്ല, ഏട്ടനൊരു പുതിയ സൈക്കിൾ അച്ഛൻ വാങ്ങി കൊടുത്തില്ല എന്ന കാരണത്താൽ ആയിരുന്നത്.
പക്ഷേ ഏട്ടൻ തോൽക്കാൻ തയ്യാറായിരുന്നില്ല. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഏട്ടൻ കൂലി പണിക്കു പോകുമായിരുന്നു. ഇന്ന ജോലി എന്നൊന്നും ഇല്ലാ.. സ്കൂൾ വിട്ടു വന്ന സമയങ്ങളിൽ ഹോട്ടലിൽ വെയിറ്ററായും ശനി, ഞായർ ദിവസങ്ങളിൽ പെയിന്റ്
പണിക്കാരനായും കല്ല് ചെത്തൽ പണിക്കാരനായും ഏട്ടൻ ജോലിക്ക് ചെയ്തു. ആ അധ്വാനത്തിന്റെ ഫലമാവണം പത്താം ക്ലാസ്സ് കഴിയുന്ന മുൻപേ ഏട്ടനൊരു പുതിയ സൈക്കിൾ സ്വന്തമായി വാങ്ങി. എന്നെയും പിന്നിലിരുത്തി പാടത്തെ വരമ്പിലൂടെ
വൈകിട്ട് ആ സൈക്കിൾ ഓടിച്ചു പോകുമ്പോൾ ഏട്ടൻ പറയുമായിരുന്നു “എന്റെ കണ്ണനേയും കൂട്ടി ഞാനിതു പോലെ ഒരു ദിവസം എന്റെ കാറിൽ പോകും..!” അത് കേൾക്കുമ്പോൾ ഞാൻ ആശ്ചര്യത്തോടെ ചോദിക്കും, “സത്യമാണോ ഏട്ടാ.. ഏട്ടൻ പുതിയ കാർ വാങ്ങുമോ..??”
“അതേടാ.. ഏട്ടൻ വാങ്ങും.. എന്നിട്ടു നമ്മൾ ഇതേ വഴിയിലൂടെ കാറോടിക്കും.. നീ വേണേൽ നോക്കിക്കോ..!”
ഏട്ടന്റെ ആ വാക്കുകൾ കേൾക്കുമ്പോൾ എന്റെ മുഖത്തു സന്തോഷത്തിന്റെ ഒരു പുഞ്ചിരി താനേ വരുമായിരുന്നു.
പത്താം ക്ലാസ് ഡിസ്റ്റിംഗ്ഷനോടെ പാസ്സായ വിവരം സന്തോഷത്തോടെ വീട്ടിൽ പറയാൻ വന്ന ഏട്ടൻ കണ്ടത് മുറ്റത്തു ആംബുലൻസും നിറയെ ആൾ കൂട്ടത്തെയുമാണ്..
പെട്ടെന്ന് അപ്രതീക്ഷിതമായ ഒരു അറ്റാക്ക്. അതായിരുന്നു അച്ഛനന്ന് സംഭവിച്ചത്. ആചാര പ്രകാരം മൂത്ത മകനാണ് അച്ഛന്റെ ചിതയ്ക്ക് തീ വെയ്ക്കേണ്ടത്. അന്നാ ചിതയ്ക്ക് തീവെക്കുമ്പോളാണ് ഏട്ടൻ രണ്ടാമതായി കരഞ്ഞത് ഞാൻ കണ്ടത്.
ഏട്ടന്റെ ആ കണ്ണീരിന് കത്തിയെരിയുന്ന ചിതയിലെ തീയേക്കാൾ ശക്തിയുണ്ടെന്നു എനിക്കപ്പോൾ തോന്നിയിരുന്നു. അച്ഛന്റെ ശരീരം ഭസ്മമായി കഴിഞ്ഞപ്പോൾ ഏട്ടൻ എന്റെ അടുത്ത് വന്നു എന്നെ നെഞ്ചോടു
ചേർത്തു പിടിച്ചു നിറകണ്ണീരോടെ പറഞ്ഞു, “നമ്മുടെ അച്ഛൻ പോയാലും എന്റെ കണ്ണന് ഈ ഏട്ടനുണ്ടാവും.. എന്നും..!!” ഏട്ടന്റെ ആ ഒരൊറ്റ വാക്ക് മതിയായിരുന്നു ആ പന്ത്രണ്ടു വയസുകാരൻ അനിയന് ജീവിതത്തിൽ മുന്നോട്ടു പോവാൻ.
ഏട്ടന് നന്നായി പഠിക്കണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്ലസ്ടുവും ഡിഗ്രിയും പ്രൈവറ്റായാണ് ഏട്ടൻ പഠിച്ചത്. അതും പാർട്ട് ടൈം ജോലികൾ ചെയ്താണ് അതെല്ലാം കഷ്ടപ്പെട്ട് പഠിച്ചത്.
ഇത്രയൊക്കെ ചെയ്യുമ്പോളും എനിക്കും അമ്മയ്ക്കും വീട്ടു ചെലവിനുള്ളതുമൊക്കെ ഏട്ടൻ എങ്ങിനെ കൈ കാര്യം ചെയ്യുന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു.
ഏട്ടൻ ഡിഗ്രി അവസാന വർഷത്തിന് പഠിക്കുമ്പോളാണ് അപ്പുറത്തെ വീട്ടിലെ തന്മയ ചേച്ചിക്ക് ഏട്ടനോടുള്ള ഇഷ്ടം ഞാൻ ശ്രദ്ധിക്കുന്നത്. എന്നെ കാണുമ്പോളൊക്കെ ഏട്ടൻ വീട്ടിലുണ്ടോ സുഖമായിരിക്കുന്നോ എന്നൊക്കെ
അന്വേഷിക്കുമായിരുന്നു. പിന്നെ ഞാനും ഏട്ടനും ഒരുമിച്ചു ഇടവഴിയിലൂടെ നടന്നു പോകുമ്പോളും അവർ ഏട്ടനോട് ചിരിക്കുമായിരുന്നു. ഏട്ടനാണേൽ തിരിച്ചു ഒരു പുഞ്ചിരി പോലും കൊടുക്കാൻ പോലും മടിയായിരുന്നു. അവരെ ക്രോസ്സ്
ചെയ്തു പോയി കഴിഞ്ഞിട്ടു ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഏട്ടൻ നോക്കുന്നുണ്ടോ എന്ന് നോക്കാൻ അവർ തിരിഞ്ഞു നോക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.
ഡിഗ്രി കഴിഞ്ഞയുടനെ ഏട്ടൻ പല സ്ഥലത്തും ട്യൂഷൻ എടുക്കാൻ പോകുമായിരുന്നു, കൂടെ പി.ജിയ്ക്കും ഡിസ്റ്റൻസ് ആയി ചേർന്നു. എം.ബി.എ കഴിഞ്ഞു ഇരുപത്തി നാലാം വയസിൽ
ഏട്ടന് ദുബായിൽ ഉയർന്ന ശമ്പളമുള്ള ജോലി കിട്ടി പോകുമ്പോളാണ് എയർപോർട്ടിൽ വെച്ച് അമ്മയെ ചേർത്തു പിടിച്ചു ഏട്ടൻ മൂന്നാമതായി കരഞ്ഞത് ഞാൻ കണ്ടത്.
പിന്നീടുള്ള ഞങ്ങളുടെ വളർച്ച പെട്ടെന്നായിരുന്നു. ബാങ്കിലെ ചെറിയ കടങ്ങളെല്ലാം വീട്ടിയതും പുതിയ വീട് വെച്ചതും കാർ വാങ്ങിയതുമെല്ലാം ഏട്ടന്റെ ഗൾഫിലെ പണം കൊണ്ടായിരുന്നു. രണ്ടു കൊല്ലം കഴിഞ്ഞു ആദ്യത്തെ ലീവിനു ഏട്ടൻ നാട്ടിൽ വന്നപ്പോൾ അമ്മ ആദ്യം എടുത്തിട്ടത് ഏട്ടന്റെ കല്യാണ കാര്യമായിരുന്നു.
കുറേ പെൺകുട്ടികളുടെ ഫോട്ടോ ഏട്ടന്റെ കയ്യിൽ കൊടുത്തിട്ടു അമ്മ പറഞ്ഞു “ഈ ഫോട്ടോയെല്ലാം നീയോന്ന് നോക്ക്, എന്നിട്ടു ഇഷ്ടമായതു ഏതാണെന്നു വെച്ചാൽ പറയ്, നമുക്കതിനെ പോയി നോക്കാം..”
ആ ഫോട്ടോകൾ ഒന്ന് പോലും നോക്കാതെ ഏട്ടനത് ടേബിളിൽ വെച്ചു. എന്നിട്ടു പറഞ്ഞു “അമ്മേ.. എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്. അമ്മയ്ക്ക് ആളെ അറിയാം. വേറെ ആരുമല്ല, തന്മയ… എനിക്കവളെ കെട്ടിയാൽ മതി..”
“തന്മയയോ..? ഏത്..? നമ്മുടെ അപ്പുറത്തെ വീട്ടിലെ ഗംഗൻ മാഷിന്റെ മോളോ..?” അമ്മ ആശ്ചര്യത്തോടെ ചോദിച്ചു..
“അതെ. അവൾ തന്നെ..!” ഏട്ടനത് പറഞ്ഞിട്ട് എന്നെ കൂടി ഒന്ന് നോക്കി. അത് കണ്ടപ്പോൾ അമ്മ ഏട്ടന്റെയും എന്റെയും മുഖത്തേക്ക് മാറി മാറി നോക്കി, “ഓഹോ.. അപ്പോൾ രണ്ടു പേരും കൂടി അറിഞ്ഞോണ്ടുള്ള കളിയാണല്ലേ” എന്ന മട്ടിൽ.
ഞാൻ മെല്ലെ അമ്മയുടെ മുഖത്തു നിന്നും ശ്രദ്ധ മാറ്റി. കുറച്ചു നേരം എന്തോ ആലോചിച്ചിട്ട് അമ്മ പറഞ്ഞു, തന്മയ നല്ല കുട്ടിയൊക്കെ തന്നെയാണ്. ഇവിടെ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലിയും ഉണ്ട്. നിനക്കതാണ് ഇഷ്ടമെങ്കിൽ അമ്മയ്ക്ക് എതിർപ്പൊന്നുമില്ല, പക്ഷേ
അവളുടെ അച്ഛൻ സമ്മതിക്കുമോ എന്ന് എനിക്ക് സംശയമാണ്. കാര്യം അവർ നമ്മുടെ അയൽക്കാരൊക്കെയാണെകിലും അവളെ സ്വന്തം ജാതിയിലെ ഒരു സർക്കാർ ജോലിക്കാരനേ കെട്ടിച്ചു കൊടുക്കു എന്നവർ എപ്പോളും നാട് മുഴുവൻ പാടി
നടക്കാറുണ്ട്. എന്തായാലും നമുക്കൊന്നു ചോദിച്ചു നോക്കാം. അതൊക്കെയവിടെയിരിക്കട്ടെ, അവൾക്കു നിന്നെ തിരിച്ചും ഇഷ്ടമാണോ..??””ഞാൻ ചോദിച്ചിട്ടില്ല…!”.
ഒരു ചെറിയ മൗനത്തിനു ശേഷമുള്ള ഏട്ടന്റെയാ മറുപടിയിലെ ഭാവമാറ്റം ഞാനും അമ്മയും ശ്രദ്ധിച്ചു.
“എന്നാൽ നമുക്ക് നാളെ തന്നെ ചോദിക്കാം. വൈകണ്ട.” അമ്മയുടെയാ മറുപടി ഏട്ടന്റെ മുഖത്തു താനെയൊരു പുഞ്ചിരി വരുത്തി. അത് കണ്ടു എനിക്കും സന്തോഷമടക്കാൻ കഴിഞ്ഞില്ല.
അടുത്ത ദിവസം രാവിലെ ഏട്ടനും അമ്മയും ഞാനും കൂടി മാഷിന്റെ വീട്ടിലേക്കു പോയി. രണ്ടാം ശനിയായതു കൊണ്ട് തന്മയ ചേച്ചിയും ആ വീട്ടിലുണ്ടായിരുന്നു.
ഞങ്ങൾ കയറി ചെല്ലുമ്പോൾ ഉമ്മറത്ത് പേപ്പറും വായിചിരിക്കായിരുന്നു മാഷ്. തന്മയ ചേച്ചി കറക്റ്റ് സമയത്ത് ഒരു കട്ടൻ കാപ്പിയുമായി അവരുടെ അടുത്തേക്ക് വന്നു. കാപ്പി കൊടുക്കുമ്പോൾ ഏട്ടനെ കണ്ടതും അവരുടെ മുഖത്തു ഒരായിരം സൂര്യൻ ഒരുമിച്ചു നിന്നാൽ പ്രകാശിക്കുന്ന പോലെ സന്തോഷം വന്നതായി എനിക്ക് തോന്നി.
ഗേറ്റ് തുറന്ന ശബ്ദം കേട്ടിട്ടാവണം മാഷിന്റെ ഭാര്യ ഹേമേടത്തിയും ഉമ്മറത്തേക്ക് വന്നു. അമ്മയെ കണ്ടപ്പോൾ അവർ പറഞ്ഞു “ആഹ്.. നിങ്ങളായിരുന്നോ.. വാ.. വാ.. കേറി ഇരിക്കു..!!ഞങ്ങൾ വീട്ടിലേക്കു കയറി കസേരയിൽ ഇരുന്നു.
“ഞാനേ, പണികളൊക്കെ വേഗം തീർത്തു വെക്കുകയായിരുന്നു. ഇന്ന് മോളെ പെണ്ണ് കാണാൻ ഒരു കൂട്ടർ ദൂരേന്ന് വരുന്നുണ്ട്ന്നേ. പയ്യൻ റെയിൽവേയിൽ എഞ്ചിനീയറാ. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ കരുതി അവരെങ്ങാനും ഇനി ഇത്ര നേരത്തെ വന്നോ എന്ന്. നിങ്ങളാ എന്നറിഞ്ഞപ്പോളാ സമാധാനമായത്”.
എന്തോ നടക്കാൻ പോകുന്ന പ്രതീക്ഷയോടെയുള്ള അവരുടെ സംസാരം കേട്ടപ്പോൾ ഏട്ടൻ ഒരു ഞെട്ടലോടെ തന്മയ ചേച്ചിയെയൊന്ന് നോക്കി. മറുപടിയായി അവർ തല താഴ്ത്തി നിന്നു.
പിന്നെ അധികം വളച്ചു കെട്ടൽ ഇല്ലാതെ അമ്മ കാര്യം അവതരിപ്പിച്ചു. “മാഷേ .. എന്റെ മോനു ഞങ്ങൾ പെണ്ണ് നോക്കി തുടങ്ങീട്ടുണ്ട്. അപ്പോളാണ് അവന് ഇവിടുത്തെ കുട്ടിയെ ഇഷ്ടമാണെന്ന വിവരം എന്നോട് പറയുന്നത്.
അവന്റെ സന്തോഷമാണ് ഞങ്ങൾക്കു വലുത്. നിങ്ങൾക്കു ആർക്കും എതിർപ്പില്ലെങ്കിൽ മോളോട് കൂടി ഒന്ന് ചോദിച്ചിട്ട് ഒരു മറുപടി തന്നാൽ നന്നായിരുന്നു”
“അതിപ്പോൾ പെട്ടെന്നൊക്കെ ഇങ്ങിനെയൊക്കെ വന്നു പറഞ്ഞാൽ.. നിങ്ങളുടെ മോൻ നല്ല പയ്യനാണ്. അതിലൊരു തർക്കവുമില്ല. പക്ഷേ നിങ്ങൾക്കും എല്ലാം അറിയാലോ.. ഞാനൊരു റിട്ടയർ സ്കൂൾ മാഷാണ്.
അവൾ ഞങ്ങളുടെ ആകെയുള്ള മോളുമാണ്. പിന്നെ ഇന്നത്തെ കൂട്ടർ വന്നാൽ അതുറപ്പിക്കാനായിരുന്നു ഞങ്ങളുടെ ആഗ്രഹം. വേറെ ഒന്ന് രണ്ടു ഗവണ്മെന്റ് ജോലിക്കാരുടെ ആലോചനകൾ കൂടി അവൾക്കു ലിസ്റ്റിൽ ഉണ്ട്. പിന്നയീ ഗൾഫ് ജോലിയൊക്കെ എത്ര കാലം എന്ന് വെച്ചാ..?
കൊടും ചൂടിൽ ജീവിച്ചു അസുഖങ്ങളും വന്നു ജീവിതം തീരും. ഇവിടെ ജോലിയാവുമ്പോൾ വീടും കുടുംബവുമൊക്കെയായി അവളെ എപ്പോളും ഞങ്ങൾക്കും ഒന്ന് കണ്ടു സുഖമായി സന്തോഷത്തോടെ കഴിയാം.
അത് കൊണ്ട് തൽകാലം ഈ വിഷയം നമുക്കിവിടെ നിർത്താം. പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, എനിക്കിതിൽ ഒട്ടും താല്പര്യമില്ല..!”അവരുടെ മറുപടി കേട്ടതും മുഖത്തടി കിട്ടിയ പോലെയായി ഞങ്ങൾക്ക്.
കണ്ണുകൾ നിറച്ചു കൊണ്ട് ഏട്ടൻ തന്മയെ ചേച്ചിയെ നോക്കി കൊണ്ട് ചോദിച്ചു “തൻമയക്കു എന്താ ഇതിനെ കുറിച്ച് പറയാൻ ഉള്ളത്..??”
മാഷിനെയൊന്നു നോക്കി, കരഞ്ഞു കൊണ്ട് അവർ അകത്തേക്ക് ഓടി പോയി. അത് കണ്ടപ്പോൾ ഗംഗേട്ടൻ പറഞ്ഞു “അവളെന്റെ മോളാണ്. ഞാൻ പറയുന്നതിനപ്പുറത്തേക്ക് അവളൊന്നും ചെയ്യില്ല. എല്ലാം അവളുടെ നന്മയ്ക്കാണ് എന്ന് അവൾക്കറിയാം. അത് കൊണ്ട്
നിങ്ങളിനി അവളെ പ്രതീക്ഷിക്കണ്ട” അല്പം അഹങ്കാരത്തോടെയുള്ള ആ മറുപടി കേട്ടപ്പോൾ അമ്മയും ഏട്ടനും ഹെമേടത്തിയെ നോക്കി. എനിക്കിവിടെ ഒരു വിലയുമില്ല എന്ന മട്ടിലുള്ള നിസ്സഹായവസ്ഥയുടെ ഭാവം അവരുടെ മുഖത്തു കണ്ടപ്പോൾ ഏട്ടൻ പറഞ്ഞു, “അമ്മേ.. നമുക്കിറങ്ങാം.”
“എന്നാൽ ശരി..” ഞങ്ങൾ മൂന്ന് പേരും ചെരുപ്പിട്ടു ഇറങ്ങി. ഗേറ്റിന് അടുത്തെത്തിയപ്പോൾ പിന്നിലൊരു ബഹളം കേട്ടു.
തിരിഞ്ഞു നോക്കിയപ്പോൾ ട്രാവലർ ബാഗുമായി ബഹളം വെക്കുന്ന തന്മയ ചേച്ചി.!
“ഞാൻ പോകും.. ഞാൻ പോകും” എന്നും പറഞ്ഞു തന്മയ ചേച്ചി ബഹളം വെക്കുകയാണ്. മാഷാണെങ്കിൽ അവരെ കൈ പിടിച്ചു വെക്കുകയും ചെയുന്നുണ്ട്.
ഏട്ടൻ തിരിച്ചു ആ വീട്ടിലേക്കു കയറി ചെന്നു പറഞ്ഞു “മാഷേ .. ഒറ്റ മോളുടെ കല്യാണം നാലാളുകളുടെ മുന്നിൽ വെച്ച് കെങ്കേമമായി നടത്തണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടാവും. ആ ആഗ്രഹം നടക്കണം എന്നുണ്ടെങ്കിൽ അങ്ങിനെ തന്നെ നടത്തി തരിക. അതല്ല ബാഗുമായ
ഇറങ്ങി വന്ന അവളെ എന്നിൽ നിന്നും അകറ്റാനാണ് നീക്കമെങ്കിൽ അവളെ ഞാനിപ്പോൾ ഇറക്കി കൊണ്ട് പോകും. നാട് മുഴുവൻ മാഷ് നാണം കെടും, പിന്നെ എന്തൊക്കെ സംഭവിച്ചാലും അവളുടെ കഴുത്തിൽ ഞാനേ താലി കെട്ടൂ. അതിനി
രജിസ്റ്റർ മാരേജ് ആണെങ്കിൽ അങ്ങിനെ. ഇതൊരു ഭീഷണിയല്ല, അവൾക്കെന്നോട് തിരിച്ചുമുള്ള സ്നേഹം മനസിലാക്കിയത് കൊണ്ട് പറഞ്ഞതാണ്. അത് നഷ്ടപ്പെടുത്താൽ ഞാനൊരിക്കലും ഒരുക്കമല്ല..”.
സ്വന്തം മോളിൽ നിന്നും അങ്ങിനെയൊരു നീക്കം അപ്രതീക്ഷിതമായി വന്നത് കൊണ്ടാവണം മാഷ് തന്മയ ചേച്ചിയുടെ കൈ വിട്ടു. എന്നിട്ടു പറഞ്ഞു “ആര് തോൽപ്പിച്ചാലും അച്ഛൻ പതറില്ലായിരുന്നു.
പക്ഷേ എന്റെ മോൾ കൂടി എനിക്കെതിരായി നിന്നപ്പോൾ.. ആഹ്.. ഇനി നിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ.. അടുത്ത മുഹൂർത്തത്തിൽ തന്നെ അച്ഛനിതു നടത്തി തരാം”.
അത് കേട്ടപ്പോൾ തന്മയ ചേച്ചിയും ഹേമേടത്തിയും സന്തോഷം കൊണ്ട് ഏട്ടനെ നോക്കി കരയുന്നത് ഞാൻ കണ്ടു. പെൺമക്കളുടെ മനസ്സ് ഏറ്റവുമധികം ആദ്യം അറിയുക അവരുടെ അമ്മമാരാണല്ലോ, ആ സത്യം അവരും മനസിലാക്കി കാണണം.
അടുത്ത ഒരു മാസത്തിനുള്ളിൽ തന്നെ ജാതിയും, ജാതകവും, ഗവണ്മെന്റ് ജോലിയുമൊക്കെ കാറ്റിൽ പറത്തി കൊണ്ട് ഏട്ടന്റെയും തന്മയ ചേച്ചിയുടെയും കല്യാണം മംഗളകരമായി ആ വീട്ടു മുറ്റത്തു വെച്ച് തന്നെ നടന്നു.
പണ്ടേപ്പോളോ ഞാൻ മാത്രം സാക്ഷിയായ ആ നിശബ്ദ പ്രണയം സഫലമായപ്പോളാണ് നാലാമതായി ഏട്ടൻ കണ്ണ് തുടയ്ക്കുന്നത് ഞാൻ കണ്ടത്.
പിന്നെയും ഏട്ടൻ കരഞ്ഞിരുന്നു…
നീണ്ട അഞ്ചു വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ശേഷം ആദ്യമായി ഒരു കുഞ്ഞു ജനിച്ചു ആശുപത്രിയിൽ വെച്ച് കൈയിലേറ്റു വാങ്ങി തന്മയ ചേച്ചിയുടെ നെറ്റിയിൽ ചുംബിച്ചപ്പോൾ….
എനിക്ക് ഗവണ്മെന്റ് ജോലി കിട്ടി
അപ്പോയ്ന്റ്മെന്റ് ലെറ്റർ കയ്യിൽ കൊടുത്തപ്പോൾ…
നക്ഷത്രയുമായുള്ള എന്റെ കല്യാണത്തിന് പന്തലിൽ വെച്ച് അച്ഛന്റെ സ്ഥാനത്തു നിന്നു അനുഗ്രഹം തന്നപ്പോൾ… അങ്ങിനെയങ്ങിനെ…
എന്റെ കല്യാണം കഴിഞ്ഞു ബന്ധു വീട്ടിൽ പോകുമ്പോൾ ഏട്ടനായിരുന്നു ഞങ്ങളുടെ കാർ ഓടിച്ചിരുന്നത്. പാടത്തെ വരമ്പിനു പകരം ഇന്ന് ടാറിട്ട റോഡാണ്. ആ റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ ഏട്ടൻ പണ്ട് പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തു “എന്റെ കണ്ണനേയും കൂട്ടി ഞാനിതു പോലെ ഒരു ദിവസം എന്റെ
കാറിൽ പോകും..!” അതോർത്തപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. അപ്പോൾ പിന്നിലെ സീറ്റിൽ എന്റെയടുത്തിരുന്ന നക്ഷത്ര ചോദിച്ചു, “എന്തേ ഏട്ടാ പെട്ടെന്ന് കണ്ണ് നിറഞ്ഞിരിക്കുന്നെ..??”
ഞാനൊരു ചെറിയ പുഞ്ചിരി മുഖത്തു വെച്ച് കൊണ്ട് അവളോട് പറഞ്ഞു, “ആൺകുട്ടികൾ കരയാറില്ല…!!!”
അത് കേട്ടപ്പോൾ റിയർ വ്യൂ കണ്ണാടിയിലൂടെ എന്നെയൊന്നു ഇടം കണ്ണിട്ടു നോക്കി, ഒരു ചെറു പുഞ്ചിരിയോടെ ഒന്നും കണ്ടില്ല എന്ന മട്ടിൽ ഏട്ടൻ മുന്നോട്ടു നോക്കി കാർ ഓടിച്ചു കൊണ്ടേയിരുന്നു….!!!